A Unique Multilingual Media Platform

The AIDEM

Articles Gender Society

സ്‌ക്രീനിൽ നിന്ന് ജീവിതത്തിലേക്ക്: ലൈംഗിക അതിക്രമങ്ങളോട് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും പൗരസമൂഹം പ്രതികരിക്കുന്നത് ഒരുപോലെയാണോ?

  • June 2, 2023
  • 1 min read
സ്‌ക്രീനിൽ നിന്ന് ജീവിതത്തിലേക്ക്: ലൈംഗിക അതിക്രമങ്ങളോട് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും പൗരസമൂഹം പ്രതികരിക്കുന്നത് ഒരുപോലെയാണോ?

“നീ ഞങ്ങളെപ്പോലെ തന്നെയെന്ന് വ്യക്തമായി

അതുതന്നെ, നീ ഞങ്ങളെപ്പോലെയെന്നു വ്യക്തമായി  

ചങ്ങാതി, ഇക്കാലമത്രയും നീ എവിടെ ഒളിച്ചിരുന്നു?

ആ ഭോഷ്ക്കിലും, ആ വിവരക്കേടിലും

ഒരു നൂറ്റാണ്ടായി ഞങ്ങൾ കിടന്നുരുളുന്നു-

നോക്കൂ, അത് നിന്റെ വാതിൽക്കലും വന്നെത്തിയല്ലോ 

നിനക്കൊരായിരം അഭിനന്ദനങ്ങൾ!”

മൂന്നു ദശകങ്ങൾക്ക് മുൻപ്, ഇന്ത്യൻ വംശജയായ, പാകിസ്ഥാനി കവയിത്രിയും മനുഷ്യാവകാശ പ്രവർത്തകയുമായ ഫഹ്മിദ റിയാസ് ആണ് ഈ വരികൾ എഴുതിയത്; 1992 ഡിസംബർ 6 ന് രാഷ്ട്രീയ സ്വയം സേവക് സംഘ് നയിക്കുന്ന സംഘപരിവാറിന്റെ കർസേവകർ അയോധ്യയിലെ ബാബ്‌റി മസ്ജിദ് പൊളിച്ചതിനു തൊട്ടുപിന്നാലെ. അതിനു ശേഷം 30 കൊല്ലം പിന്നിടുമ്പോൾ, ഇന്ത്യൻ സമൂഹത്തിന്റെ അരികുകളിൽ വസിച്ചിരുന്ന ഹിന്ദുത്വ തീവ്രവാദികൾ സമൂഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും നടുത്തളത്തിലേക്ക് കടന്നെത്തുകയും, രണ്ടിലും നീരാളിപ്പിടുത്തം കരസ്ഥമാക്കുകയും ചെയ്തിരിക്കുന്നു. രൂപം കൊണ്ട കാലം മുതൽക്കുള്ള ദശകങ്ങളത്രയും മതമൗലികവാദം സമൂഹത്തിലും  രാഷ്ട്രീയത്തിലും അധീശത്വം പുലർത്തുന്ന പാക്കിസ്ഥാന്റെ ഒരു കണ്ണാടിപ്പകർപ്പു പോലെയാണ് ഇന്നത്തെ ഇന്ത്യ കാണപ്പെടുന്നത്. അതേസമയം പാക്കിസ്ഥാന്റെ പൗര സമൂഹത്തിൽ ഗണ്യമായ ഒരു കലക്കിമറിക്കൽ നടക്കുന്നുണ്ട്.

താഴെ കൊടുക്കുന്ന ഇഴപേർത്തുള്ള വിശകലനത്തിൽ രാഷ്ട്രീയ വിമർശകയായ രശ്മി പി ഭാസ്കരൻ, ഈ രണ്ട് അയൽരാജ്യങ്ങളിലും ലൈംഗിക അതിക്രമങ്ങളോടുള്ള പൊതുസമൂഹത്തിന്റെ പ്രതികരണങ്ങൾ സുപ്രധാനമായ രീതിയിൽ വ്യത്യസ്തമായിരുന്നു എന്ന് ചൂണ്ടിക്കാണിക്കുകയാണ്. തങ്ങൾ നേരിട്ട ലൈംഗിക അതിക്രമത്തിനെതിരെ വനിതാ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന്റെ കൂടി പ്രത്യേക പശ്ചാത്തലമാണ് ഈ വിശകലനം പരിശോധിക്കുന്നത്. പാകിസ്ഥാനിലെ പൊതുസമൂഹം ഈ വിഷയത്തിൽ ഗുണകരവും നീതിപൂർവ്വകവുമായ പ്രതികരണങ്ങളിലേക്കു നീങ്ങുന്നതായി കാണുമ്പോൾ, ഇന്ത്യൻ പൊതുസമൂഹം സമാനമായ വിഷയങ്ങളിൽ വിഭാഗീയമായ നിലപാടുകളിൽ മുങ്ങിപ്പോവുകയും, ആ നിലപാടുകൾ അവയുടെ പശ്ചാത്താപ രാഹിത്യം കൊണ്ടും, ഉന്നതധാർമ്മികതയുടെ അഭാവം കൊണ്ടും സവിശേഷമാവുന്നു എന്ന് രശ്മി വിലയിരുത്തുന്നു. 

തുടർന്ന് വായിക്കുക – എഡിറ്റർ, ദി ഐഡം  


 

സീൻ 1 : പാക്കിസ്ഥാൻ 

പ്രഗദ്ഭരായ അഭിനേതാക്കളായ യമ്‌ന സൈദി, വഹജ് അലി, ബുഷ്‌റ അൻസാരി എന്നിവർ താരങ്ങളായെത്തുന്ന, വളരെ പ്രശസ്തമായ ഒരു  പാക്കിസ്ഥാനി ടെലിവിഷൻ സീരീസാണ് ‘തേരെ ബിൻ”. ഓരോ എപ്പിസോഡിനും 30 മില്യനു മുകളിൽ വ്യൂ നേടുന്ന ഈ സീരീസ് അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ വിവാദമായത് വിവാഹത്തിനകത്തെ ബലാത്സംഗം ചിത്രീകരിക്കുന്ന ഒരു രംഗത്തിന്റെ പേരിലാണ്. 

ഒരു ഫ്യൂഡൽ കുടുംബത്തിനകത്ത്, നിർബന്ധപൂർവം കൂടപ്പിറപ്പുകളുടെ മക്കൾ തമ്മിൽ നടത്തിയ ഒരു വിവാഹത്തിലെ, ആണത്തം മുഖമുദ്രയായ ഭർതൃ കഥാപാത്രം, ഭാര്യയെ മനസ്സിലാക്കുന്ന ഒരു പങ്കാളിയായി മെല്ലെ പരിണമിക്കുന്നതിന്റെ കഥയാണ് ‘തേരെ ബിൻ’ പറയുന്നത്. കടലാസിൽ മാത്രം നിലനിൽക്കുന്ന ഒരു വിവാഹത്തിന്റെ കരാറിൽ ഭാര്യ വെച്ച നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഭർത്താവ് ഒപ്പുവെക്കുന്നു. കഥയിലുടനീളം ഇരുവരുടെയും പരസ്പരവിരുദ്ധമായ വ്യക്തിത്വങ്ങളും, ഒപ്പം പരസ്പരം ഉണ്ടായി വരുന്ന അടുപ്പവും തുടർച്ചയായ ഒരു സമരമായി മാറുന്നു. 

ടെലിവിഷൻ സീരീസ് ‘തേരെ ബിൻ” (2022)

വൈകാരികസമ്മർദ്ദം നിറഞ്ഞ ഒരു കഥാസന്ദർഭത്തിൽ, ഭാര്യയുമായി ബലപ്രയോഗത്തിലൂടെ ലൈംഗികബന്ധം പുലർത്താനുള്ള ഭർത്താവിന്റെ ഉദ്ദേശം വെളിവാക്കിക്കൊണ്ട് അയാൾ ദേഷ്യത്തോടെ വാതിൽ വലിച്ചടയ്ക്കുന്ന, തീക്ഷ്ണമായ ഒരു സംഘർഷരംഗമുണ്ട്. വിവാഹത്തിനകത്തു നടക്കുന്ന ഈ ബലാത്സംഗചിത്രീകരണം കഥയുടെ മുന്നോട്ടുള്ള ഗതിക്ക്‌ ആവശ്യമാണ് എന്ന, കഥ എഴുതിയ ആളിന്റെ വിശദീകരണം, വിവാഹത്തിനുള്ളിലെ ബലാത്സംഗത്തെപ്പറ്റി ഒരു ചൂടേറിയ വാഗ്‌വാദത്തിനു വഴിയൊരുക്കി. കാഴ്ചക്കാർ അക്രമത്തെ പാടെ തള്ളിക്കളയുകയും, ബലാത്സംഗം എവിടെ നടന്നാലും, അത് ഭർത്താവു ചെയ്താലും, അത് ബലാത്സംഗം തന്നെയാണെന്ന് ഉറച്ചു വാദിക്കുകയും ചെയ്തുകൊണ്ടാണ് ആ ചർച്ച അവസാനിച്ചത്. 

വിവാഹത്തിനകത്തെ ബലാത്സംഗത്തെ ഒരു സാധാരണ കാര്യം പോലെ അവതരിപ്പിച്ചതിനും, ബലാത്സംഗം ചെയ്തയാളും അതിനു ഇരയായ സ്ത്രീയും തമ്മിൽ കഥയുടെ അവസാനം സന്തോഷത്തോടെ ഒന്നിക്കുന്നതായി ചിത്രീകരിച്ചതിലെ സ്ത്രീവിരുദ്ധതയുടെ പേരിലും, കാഴ്ചക്കാർ, കഥ എഴുതിയ ആളിനെയും, സീരിയലിനു പിന്നിലെ മൊത്തം ടീമിനെയും, അഭിനേതാക്കളെ പോലും ശക്തമായി വിമർശിച്ചു. പാക്കിസ്ഥാനെ പോലെ പുരുഷാധിപത്യ മൂല്യങ്ങളിൽ അടിയുറച്ച ഒരു സമൂഹത്തിൽ വിവാഹത്തിനകത്തെ ബലാത്സംഗത്തെ നിയമവും, മതവും, അംഗീകരിക്കാതിരിക്കുമ്പോൾ തന്നെ, ഇത്തരം ചിത്രീകരണങ്ങൾ അത് ഒരു സാധാരണ കാര്യമാണ് എന്ന പൊതുബോധം സൃഷ്ടിക്കുമെന്ന് വിമർശകരും ചൂണ്ടിക്കാട്ടി. 

മാത്രമല്ല, കഥയിലെ മുഖ്യ പുരുഷ കഥാപാത്രം, ഭാര്യയുടെ അവകാശങ്ങൾ അംഗീകരിക്കുകയും അവളോട് സമ്മതം ചോദിക്കുകയും ചെയ്യുന്ന ഒരു മാതൃകാ പുരുഷനായി തുടക്കത്തിൽ പ്രത്യക്ഷപ്പെടുകയും, എന്നാൽ, സമൂഹത്തിലെ പല വിഷമയമായ പ്രവണതകളുടെയും നിഴലുകൾ അയാളിൽ ഉണ്ട് എന്ന് വിമർശിക്കപ്പെടുകയും ചെയ്തു. നിർബന്ധത്തിലൂടെ നടത്തുന്ന കല്യാണങ്ങളിൽ സ്ത്രീയുടെ സഹനവും, സമ്മതം വാങ്ങുന്നതിന്റെ പ്രാധാന്യവും ഈ ചർച്ചകളിലൂടെ വെളിപ്പെട്ടു. 

സ്ത്രീ കഥാപാത്രങ്ങളുടെ മാന്യതയെ ബലികൊടുക്കുന്ന ഇത്തരം കഥകളും കുറ്റകൃത്യങ്ങളും പറഞ്ഞുറപ്പിക്കുന്ന ഈ പതിവ് മാധ്യമങ്ങൾ പുനഃപരിശോധിക്കണം എന്നും ചർച്ച ഉയർന്നു. പാക്കിസ്ഥാനി പൊതുസമൂഹത്തിന്റെ ബോധത്തിൽ ഉണ്ടായിവരുന്ന ഗുണകരമായ മാറ്റത്തെ ഈ ചർച്ചകൾ പ്രതിനിധീകരിക്കുന്നു. വിവാഹത്തിനകത്തെ ബലാത്സംഗത്തെ കുറിച്ചും, ലൈംഗിക ബന്ധത്തിന് സമ്മതം വാങ്ങുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള സംഭാഷണങ്ങൾ ആ മാറ്റത്തിന്റെ സൃഷ്ടിയാണ്. ഒരു സാഹചര്യത്തിലും പൊറുക്കാൻ പറ്റാത്ത ഒരു കൊടും കുറ്റകൃത്യമാണ് ബലാത്സംഗം എന്ന ഓർമ്മപ്പെടുത്തൽ കൂടിയായി ഈ സംഭാഷണങ്ങൾ. 

വ്യത്യസ്തമായ ഒരു സാമൂഹിക വർഗ്ഗമോ, അധികാര ബന്ധങ്ങളോ ആണ് ഈ കഥയിൽ ഉണ്ടായിരുന്നതെങ്കിൽ പാക്കിസ്ഥാനിലെ പൊതുസമൂഹം ഇതുപോലെ തന്നെ പ്രതികരിക്കുമോ എന്നതും പരിഗണിക്കേണ്ടതുണ്ട്. പാക്കിസ്ഥാനിൽ വിവാഹത്തിനകത്തെ ബലാത്സംഗം ഒരു കുറ്റകൃത്യമായി അംഗീകരിച്ചിട്ടേ ഇല്ലാത്ത ഇന്നത്തെ സാഹചര്യത്തിൽ, ഈ ചർച്ചകൾ സ്ത്രീകൾക്ക് നിയമപരമോ, മതപരമോ ആയ പ്രതിവിധികൾ ലഭ്യമല്ല എന്നും ഓർമ്മിപ്പിച്ചു. എങ്കിൽപ്പോലും, ‘തേരെ ബിന്നി’ലെ വിവാഹത്തിനുള്ളിലെ ബലാത്സംഗത്തെ കുറിച്ചു തുടരുന്ന ചർച്ച, നിലനിൽക്കുന്ന സാമൂഹ്യക്രമത്തെ ചോദ്യം ചെയ്യുകയും ബോധവൽക്കരണത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്; ബലപ്രയോഗത്തെ അത് അപലപിക്കുന്നുണ്ട്, ലൈംഗിക ബന്ധങ്ങളിൽ ഉഭയസമ്മതത്തിനാവണം എപ്പോഴും മുൻഗണന എന്ന ആശയം ആവർത്തിച്ചുറപ്പിക്കുന്നുണ്ട്. 

 

സീൻ 2: ഇന്ത്യ 

ബിജെപി പാർലിമെന്റ് അംഗവും റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ അന്താരാഷ്ട്ര തലത്തിൽ മികവ് തെളിയിച്ച ആറു വനിതാ ഗുസ്തിതാരങ്ങൾ – അവരിൽ ഒരാൾ മൈനർ ആണ് – ഏഴു ലൈംഗിക അതിക്രമ സംഭവങ്ങളെപ്പറ്റിയാണ് പരാതി കൊടുത്തത്. നിയമപരമായി പോലീസിൽ പരാതി കൊടുത്തിട്ടും അധികൃതർ അത് അവഗണിച്ചു. ഡൽഹിയിലെ ജന്തർ മന്തറിൽ 2023 ഏപ്രിൽ 23 മുതൽ വനിതാ ഗുസ്തിതാരങ്ങൾ നീതിക്കായി സമരം നടത്തുകയാണ്. ഇരയായ ഒരു വ്യക്തിയെ പുറത്തുപറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി എന്നുവരെ ആരോപണമുള്ള ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ഗുരുതരമായ കുറ്റങ്ങളാണ്  ഉള്ളത്. അധികൃതർ കണ്ണടക്കുകയും, അക്കാലമത്രയും ഭയന്നും, അപമാനം സഹിച്ചും, മാനസിക സംഘർഷം അനുഭവിച്ചും ലോകപ്രശസ്തരായ ഗുസ്തിതാരങ്ങൾ കഴിയേണ്ടി വരികയും ചെയ്തിരുന്നു. 

ബ്രിജ് ഭൂഷൺ ശരൺ സിങ്

കുറ്റാരോപിതന്റെ അറസ്റ്റും നീതിയും ആവശ്യപ്പെട്ടു തെരുവിൽ ഇറങ്ങുകയല്ലാതെ ഒരു വഴിയും ഗുസ്തിതാരങ്ങൾക്കു മുന്നിൽ ഉണ്ടായിരുന്നില്ല. നിർഭാഗ്യവശാൽ അവരുടെ നീതിക്കായുള്ള പരിശ്രമങ്ങൾക്കെല്ലാം സർക്കാരിൽ നിന്ന് ലഭിച്ചത്, പ്രതികരണമില്ലായ്മയും, പേടിപ്പെടുത്തലുമായിരുന്നു. ഏപ്രിൽ 27 ന് സുപ്രീംകോടതി ഇടപെട്ടതുകൊണ്ടു മാത്രം ദൽഹി പോലീസ് ഒരു എഫ്‌ഐആർ ഇടാൻ നിർബന്ധിതരായി. എല്ലാ നിയമങ്ങളെയും, പ്രത്യേകിച്ച് പോക്സോ നിയമത്തെ പോലും അവഗണിച്ചുകൊണ്ട് ഇന്നോളം ഒരു ശരിയായ അന്വേഷണമോ, ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കലോ നടന്നിട്ടില്ല. പരാതിക്കാർ രാജ്യത്തിൻറെ അഭിമാനഭാജനങ്ങൾ ആയിരുന്നിട്ടുപോലും നിയമ-ക്രമ സമാധാന വ്യവസ്ഥയുടെ അവഗണന വളരെ പ്രകടമാണ്. അതിലുപരിയായി, കുറ്റാരോപിതൻ കൊലപാതകവും ബലാത്സംഗവും ഉൾപ്പെടെയുള്ള ഒരു ക്രിമിനൽ റെക്കോഡിന്റെ ഉടമ കൂടിയാണ്. 

പ്രതിപക്ഷ പാർട്ടികളുടെയും, മറ്റു ചില സംഘടനകളുടെയും പിന്തുണ ഗുസ്തിതാരങ്ങൾക്കു ലഭിച്ചുവെങ്കിലും പൊതുസമൂഹത്തിന്റെ ബോധത്തെ ഉണർത്താൻ അതൊന്നും പര്യാപ്തമായില്ല. 2012 ഇൽ നിർഭയ കേസിനു ലഭിച്ച ജനപിന്തുണയും, ഊർജ്ജിതമായ മാധ്യമ കവറേജും വെച്ചുനോക്കുമ്പോൾ 2023 ഇൽ മാധ്യമങ്ങളുടെ പങ്ക് നിശ്ശബ്ദമാക്കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ട് കുറ്റാരോപിതർ ഒരു കുഴപ്പവുമില്ലാതെ സ്വതന്ത്രനായി നടക്കുന്നു, എന്തുകൊണ്ട് ഭരണകക്ഷി ഗുസ്തിക്കാരുടെ പരാതി ചെവിക്കൊള്ളുന്നില്ല എന്നീ ചോദ്യങ്ങൾ മറുപടിയില്ലാതെ തുടരുന്നു. മാധ്യമങ്ങളിൽ ജനങ്ങളുടെ വിശ്വാസം പിന്നെയും ഇടിയാൻ ഇതിടയാക്കുന്നു. 

മാത്രമല്ല, പോക്സോ നിയമം, ലൈംഗിക പീഡന വിരുദ്ധ നിയമം എന്നിവ അനുശാസിക്കുന്നത്, കുറ്റാരോപിതൻ ബന്ധപ്പെട്ടവരെ സ്വാധീനിക്കുകയോ, അന്വേഷണത്തെ സ്വാധീനിക്കുകയോ ചെയ്യാതിരിക്കാൻ അധികാരസ്ഥാനങ്ങളിൽ നിന്ന് മാറ്റേണ്ടതുണ്ട് എന്നാണ്. ബ്രിജ് ഭൂഷണെ അധികാരസ്ഥാനങ്ങളിൽ നിന്ന് നീക്കാൻ എന്തുകൊണ്ടാണ് സർക്കാരോ, ബിജെപിയോ തയ്യാറാവാത്തത്? ഭരണകക്ഷിയിലെ അംഗങ്ങൾക്ക് നിയമവ്യവസ്ഥയെ മറികടക്കാം, സാധ്യതയുള്ള ശിക്ഷകളിൽ നിന്ന് രക്ഷപ്പെടാം എന്നാണ് നടപടി എടുക്കുന്നതിൽ ഉണ്ടായ ഈ പരാജയം കാണിക്കുന്നത്. സമാനമായ മറ്റു കേസുകളിലും അത് കുറ്റവാളികൾക്ക് സുരക്ഷ ഉറപ്പാക്കുന്നു, അധികാരമുള്ളവരെയാണ് നീതിന്യായ വ്യവസ്ഥ സഹായിക്കുക എന്ന വിശ്വാസം ബലപ്പെടുത്തുന്നു. ഈ വിഷയത്തിൽ ആവട്ടെ, പരാതിക്കാർ സാധാരണ വ്യക്തികൾ കൂടിയല്ല. അവർ സമൂഹത്തിൽ അംഗീകാരമുള്ള അറിയപ്പെടുന്നവരാണ്.

വനിതാ ഗുസ്തിതാരങ്ങളെ പോലീസ് ബൂട്ടിട്ട് ചവിട്ടുന്നു

2023 മെയ് 28 ന് ദൽഹി പോലീസ് സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും, അവരുടെ സമരപ്പന്തൽ പൊളിച്ചുനീക്കുകയും ചെയ്തു. എന്നിട്ടും, പൊതുസമൂഹത്തിൽ നിന്ന് ഇതിനെ അപലപിച്ചുകൊണ്ടുള്ള ശബ്ദങ്ങൾ അധികം കേൾക്കാനില്ല, ഈ അതിക്രമങ്ങൾക്കെതിരെ ചുരുക്കം ആളുകൾ മാത്രമാണ് പ്രതികരിച്ചിട്ടുള്ളത്. 2012 നും 2023 നും ഇടയിൽ ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള പൊതുസമൂഹത്തിന്റെ മനോഭാവത്തിൽ ഉണ്ടായിട്ടുള്ള മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഇവിടെ ഉയരുന്നത്. ചേരിവാസികൾ കുറ്റവാളികളായ നിർഭയ കേസുമായി താരതമ്യം ചെയ്യുമ്പോൾ, ലോകസഭയിൽ ഭരണ കക്ഷിയെ പ്രതിനിധാനം ചെയ്യുന്ന ഒരു സ്ഥിരം കുറ്റവാളിയാണ് കുറ്റാരോപിതനെങ്കിൽ, കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണാം എന്നാണോ? 

ഡൽഹിയിൽ വനിതാ ഗുസ്തിതാരങ്ങളുടെ സമരം (2023)

ഇന്ന്, നിയമവ്യവസ്ഥയും പരാതി നൽകാനുള്ള നടപടിക്രമങ്ങളും ഉണ്ടായിട്ടും നീതി കിട്ടാൻ ഗുസ്തിതാരങ്ങൾ സമരം ചെയ്യേണ്ടി വരുന്നു. ഇരകളുടെയും, കുറ്റം ചെയ്യുന്നവരുടെയും സാമൂഹ്യ-സാമ്പത്തിക, രാഷ്ട്രീയ പദവി അനുസരിച്ചാണ് സാമൂഹ്യവും, നിയമപരവുമായ നീതിബോധം പ്രവർത്തിക്കുന്നത് എന്നാണോ? ആര്, ആരുടെ മേൽ കുറ്റം നടത്തി എന്നതിലുള്ള അധികാരഘടനകളെ ആസ്പദമാക്കിയാണ്  ലൈംഗിക അതിക്രമങ്ങളോടുള്ള പൊതുസമൂഹത്തിന്റെ പ്രതികരണം സ്വാധീനിക്കപ്പെടുന്നത് എന്ന നിഗമനത്തിൽ നാം എത്തുമോ? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പൊതുസമൂഹത്തിന്റെ നീതിക്കു വേണ്ടിയുള്ള മുറവിളി കുറ്റകൃത്യത്തിന്റെ ഗൗരവത്തിനെ ആശ്രയിച്ചല്ല ഇരിക്കുന്നത്, മറിച്ച് ആരാണ് കുറ്റം ചെയ്തത് എന്നതിനെ ആശ്രയിച്ചാണ് എന്നായിരിക്കുന്നു. ഇത്തരം വിഷയങ്ങളിൽ പൊതുബോധത്തെ രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങളുടെ പങ്ക് എത്രത്തോളമാണെന്ന് വളരെ പ്രകടമാണ്. ഇത് അപകടകരമാം വിധം നയിക്കുന്നതാവട്ടെ, നിയമവാഴ്ച നിലവിലില്ലാത്ത ഒരു സാമൂഹ്യ സാഹചര്യത്തിലേക്കാണ്. 

 

വിവാഹത്തിനകത്തെ ബലാത്സംഗം തൊട്ട് തൊഴിൽസ്ഥലത്തെ ലൈംഗിക അക്രമം വരെ 

പാക്കിസ്ഥാനുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്ത്യ സാമൂഹ്യനീതിയുടെയും തുല്യതയുടെയും തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്ന ആധുനിക നിയമവ്യവസ്ഥക്കു പേര് കേട്ടതാണ്. ഇന്ത്യയിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന ലൈംഗിക അതിക്രമങ്ങളിലേക്കു വെളിച്ചം വീശുന്നതായിരുന്നു 2012ൽ പോക്സോ നിയമം നടപ്പാക്കിയതും, നിർഭയ കേസും. മൈനർമാർക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളുടെ കാര്യത്തിലും, തൊഴിൽ സ്ഥലത്തെ ലൈംഗിക അതിക്രമങ്ങൾ നേരിടുന്ന കാര്യത്തിലും ഇന്ത്യയുടെ നിയമവ്യവസ്ഥ വ്യക്തമായ നിർവ്വചനങ്ങൾ നൽകുന്നുണ്ട്. എന്നാൽ സുപ്രീം കോടതി വിവാഹത്തിനകത്തെ ബലാത്സംഗം നിയമപരമായ കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്നതും നിർവചിക്കുന്നതും സംബന്ധിച്ച്, ഇപ്പോഴും ചർച്ചകളും ആലോചനയും നടത്തുന്നതേ ഉള്ളൂ. പാക്കിസ്ഥാനിലെ ‘തേരെ ബിൻ’ നിമിഷത്തിനു സമാനമായ, വിവാഹത്തിനകത്തെ ബലാത്സംഗത്തെ കുറിച്ചുള്ള വിശാലമായ ഒരു ചർച്ച, ഇന്ത്യ ഇനിയും കണ്ടിട്ടില്ല.

പ്രതീകാത്‌മിക ചിത്രം

നിയമവ്യവസ്ഥയിൽ ലൈംഗിക അതിക്രമങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യത്തിൽ വ്യക്തത ഉണ്ടെങ്കിലും നീതിയുടെ നടത്തിപ്പ് പലപ്പോഴും നിഷേധിക്കപ്പെടുന്നു, അല്ലെങ്കിൽ വളരെ വൈകുന്നു. പ്രത്യേകിച്ചും കുറ്റവാളി അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്ന ആളാകുമ്പോൾ. അതേസമയം ഇരകളായവരെ വ്യവസ്ഥയും സമൂഹവും പൊതുവെ അപമാനിച്ചും കുറ്റപ്പെടുത്തിയും വീണ്ടും ഇരകളാക്കുന്നു. നിർഭയ സംഭവം (ഡൽഹിയിൽ 2012ൽ നടന്ന ഒരു പെൺകുട്ടിയുടെ കൂട്ടബലാത്സംഗം) ഒരു ഉണർത്തുകാഹളം ആയിരുന്നു; അത് ജനങ്ങളിൽ ഇത്തരം വിഷയങ്ങൾ സംബന്ധിച്ച അവബോധം വളർത്തി. എന്നാൽ കഴിഞ്ഞ ദശകത്തിൽ പല ലൈംഗിക അതിക്രമ കേസുകളിലും ജനങ്ങളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. പ്രത്യേകിച്ചും കുറ്റവാളി സമൂഹത്തിലെ ഉയർന്ന തട്ടിൽ നിൽക്കുന്ന ആളാണെങ്കിൽ; ഇരകൾ സമൂഹത്തിലെ താഴെ തട്ടിൽ നിന്നുള്ളവരോ, പാർശ്വവത്കൃത വിഭാഗങ്ങളിൽ നിന്നുള്ളവരോ ആണെങ്കിൽ. തുല്യതക്കും സാമൂഹ്യ നീതിക്കും വേണ്ടി പ്രവർത്തിക്കേണ്ട പൊതുസമൂഹം, കുറ്റകൃത്യത്തിൽ ഉൾപ്പെട്ട വ്യക്തികളുടെ സാമൂഹ്യ പദവി നോക്കി കുറ്റകൃത്യങ്ങളോട് നിലപാടെടുക്കുകയും, അതുവഴി അതിന്റെ അടിസ്ഥാന മൂല്യങ്ങളുടെ കാര്യത്തിൽ നീക്കുപോക്കുകൾക്കു തയ്യാറാവുകയും ചെയ്യുന്നു എന്നർത്ഥം. ജനങ്ങളുടെ സാമൂഹ്യവും ധാർമികവുമായ മൂല്യബോധത്തിലുണ്ടായ ഇടിവ്, നിയമ വ്യവസ്ഥ നടപ്പാക്കുന്നതിനെ വല്ലാതെ ദുർബ്ബലമാക്കിയിരിക്കുന്നു. 

“രാജ്യത്തിൻറെ പുത്രിമാരെ ഞങ്ങൾ ബഹുമാനിക്കുന്നു” എന്ന് ഉച്ചൈസ്തരം അവകാശപ്പെടുന്ന ഒരു സമൂഹവും രാഷ്ട്രീയ നേതൃത്വവും ഉള്ളിടത്താണ് നീതി തേടുന്ന വനിതാ ഗുസ്തിതാരങ്ങളുടെ ദുർഗതി വല്ലാതെ അസ്വസ്ഥപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്നത്. സമരം 40 ദിവസമായി തുടർന്നിട്ടും, അതിനോടുള്ള പൗരസമൂഹത്തിന്റെ പ്രതികരണം വലിയ ആശങ്കകൾ ഉയർത്തുന്നുണ്ട്‌. വ്യക്തികൾ ഓരോരുത്തരും അവരവരുടെ ലോകത്ത് ഒറ്റയ്ക്ക് നിൽക്കാൻ വിധിക്കപ്പെടുന്ന, പല തട്ടുകളിലായി വിഭജിക്കപ്പെട്ട ഒരു സമൂഹവും, ശിഥിലമായ ഒരു പൊതുബോധവുമാണ് ഇതിലൂടെ തെളിഞ്ഞുവരുന്നത്. ഏകാധിപത്യപ്രവണതക്കു എന്തുകൊണ്ടും പറ്റിയ ഒരന്തരീക്ഷമാണ് ഇതിലൂടെ ഒരുങ്ങുന്നത്. സമൂഹത്തിൽ പണവും സ്വാധീനവുമുള്ളവരുടെ ആനുകൂല്യങ്ങളെ പൂർവാധികം ഊട്ടിയുറപ്പിക്കുന്ന ഒരു സാമൂഹ്യ-രാഷ്ട്രീയ പരിസരവും. പരാജയപ്പെടുന്ന ഒരു ഭരണസംവിധാനത്തിന്റെയും, സ്വത്വം നഷ്ടപ്പെടുന്ന ഒരു സമൂഹത്തിന്റെയും ഒരപശകുനമായി ഈ സാമൂഹ്യഘടനാമാറ്റം നമുക്ക് മുന്നിൽ അവതീർണ്ണമാവുന്നു. 

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിൽ അയൽ രാജ്യങ്ങളുടെ പ്രതികരണങ്ങൾ അവരുടെ സാമൂഹ്യ വളർച്ചാഘട്ടത്തെ ആശ്രയിച്ചിരിക്കും.  ലൈംഗിക അതിക്രമങ്ങളുടെ സർവ്വത്രികതയും, അവയോടുള്ള പ്രതികരണരീതികളും ഉണ്ടാവുന്നത് സാംസ്‌കാരിക ഘടന, നിയമക്രമങ്ങൾ, സാമൂഹ്യ കാഴ്ചപ്പാടുകൾ തുടങ്ങിയ പല ഘടകങ്ങളെ ആശ്രയിച്ചായിരിക്കും. ലിംഗനീതിയുടെയും വികാസത്തിന്റെയും കാര്യത്തിൽ ഇന്ത്യയും പാക്കിസ്ഥാനും വ്യത്യസ്ത തട്ടുകളിലാണ്. എങ്കിലും അടുത്ത കാലത്തുണ്ടായ സംഭവികാസങ്ങൾ സൂചിപ്പിക്കുന്നത് ഇതാണ് –  ലിംഗപരമായ അതിക്രമങ്ങളോടുള്ള, വിവേചനത്തോടുള്ള, ഇന്ത്യൻ പൗരസമൂഹത്തിന്റെ പ്രതികരണങ്ങളും പൊതുബോധവും നിശ്ശബ്ദമാണ്‌. പാക്കിസ്ഥാനിലെ പൗരസമൂഹം സ്വയം ഉണർന്നെഴുന്നേൽക്കുന്നതിന്റെ ചില അടയാളങ്ങൾ കാണിക്കുന്നുണ്ട്. 

Read in Hindi, English

 

About Author

രശ്മി പി. ഭാസ്കരൻ

മണിപ്പാൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പോളിസി അനലിസ്റ്റ് ആണ് രശ്മി പി ഭാസ്കരൻ