A Unique Multilingual Media Platform

The AIDEM

Articles History Politics

ചെങ്കോൽ: നെഹ്രുവിനോടുള്ള അണ്ണാദുരെയുടെ അപേക്ഷ

  • June 1, 2023
  • 1 min read
ചെങ്കോൽ: നെഹ്രുവിനോടുള്ള അണ്ണാദുരെയുടെ അപേക്ഷ

ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിയുടെ 10 ദിവസം പിന്നിട്ടപ്പോൾ, സ്വർണ ചെങ്കോലിൽ ഉൾച്ചേർന്ന ജാതി, വർഗ്ഗ, മത താൽപ്പര്യങ്ങളുടെ സങ്കലനത്തെയും അതിന്റെ അപകടകരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങളെയും തുറന്നുകാട്ടുന്ന ഒരു ലേഖനം, ദ്രാവിഡനേതാവും സൈദ്ധാന്തികനുമായ അണ്ണാദുരൈ എഴുതി.

[സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രിയായി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ചുമതലയേൽക്കുന്നതിനു മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ്, തിരുവാടുതുറൈ ആധീനം എന്ന മയിലാടുതുറൈ ജില്ലയിലെ ശൈവ മഠത്തിന്റെ മേധാവിയായ അമ്പലവന ദേശികരുടെ പ്രതിനിധികൾ ഒരു സ്വർണ ചെങ്കോൽ ഡൽഹിയിൽ നടന്ന ഒരു ചെറിയ ചടങ്ങിൽ നെഹ്രുവിനു സമ്മാനിച്ചത്. ‘ശൈവ ആധീനങ്ങൾ’ എന്ന (ശൈവ സന്യാസിയും കവിയുമായ രാമലിംഗ അടിഗളുടെ ശിഷ്യനായ ഊരാൻ അടിഗൾ എഴുതിയ പുസ്തകം) പുസ്തകത്തിൽ ഈ സംഭവത്തെ ഇങ്ങനെ വിവരിക്കുന്നു, “ആധീനം പെരിയ കാറുബാരു കുമാരസ്വാമി തമ്പിരാൻ സ്വാമികളും, ആധീന ഒധുവർ മാണിക്ക ഒധുവരും, ആധീന നാദസ്വര വിദ്വാൻ തിരുവാടുതുറൈ ടി.എൻ. രാജാരത്തിനം പിള്ളയും ചേർന്ന് ചെങ്കോൽ ഡൽഹിയിൽ കൊണ്ടുപോയി നെഹ്രുവിനു സമ്മാനിച്ചു. രാജാരത്തിനം പിള്ള നാദസ്വരം വായിക്കുകയും, ഒധുവർ മൂർത്തികൾ “അരശാൾവാർ ആണൈ നമതേ” (രാജാവ് ഭരിക്കട്ടെ, ഇത് നമ്മുടെ ആജ്ഞയാണ്) എന്ന തിരുജ്ഞാന സംബന്ധർ എഴുതിയ പാസുരം ജപിക്കുകയും, ചെയ്തുകൊണ്ട് കാറുബാരു കുമാരസ്വാമി തമ്പിരാൻ നെഹ്രുവിനു ചെങ്കോൽ നൽകുകയും ചെയ്തു. ഒപ്പം കുമാരസ്വാമി തമ്പിരാൻ ഇങ്ങനെ ആശീർവദിക്കുകയും ചെയ്തു, “തങ്ക സെങ്കോൽ, താങ്കൾ സെങ്കോൽ , താങ്കൾ സെങ്കോൽ, എങ്കൾ ആച്ചി സിന്നം” (സ്വർണ ചെങ്കോൽ, നിങ്ങളാണാ സ്വർണ ചെങ്കോൽ, നിങ്ങളുടെ സ്വർണ ചെങ്കോൽ, ഞങ്ങളുടെ ഭരണത്തിന്റെ അടയാളം).

ഡൽഹിയിൽ അടുത്ത ദിവസം പുതിയ പാർലിമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമാനമായ ഒരു ചെങ്കോൽ സമ്മാനിക്കപ്പെട്ടു. സർക്കാർ പ്രത്യേക വിമാനത്തിൽ തമിഴ്‌നാട്ടിൽ നിന്ന് ഡൽഹിയിലേക്ക് കൊണ്ടുപോയ 19 ആധീനങ്ങളുടെ തലവന്മാർ ആ ചടങ്ങിൽ സന്നിഹിതരായി. അവർക്കിടയിലെ ആറു മഠാധിപതികളോട് – ധർമപുരം, മധുരൈ, തിരുവാടുതുറൈ, കുണ്ഡ്രക്കുടി, പേരൂർ, വേലകുറിച്ചി- ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറാൻ ആവശ്യപ്പെടുകയും, പ്രധാനമന്ത്രി പിന്നീടത് പുതിയ പാർലിമെന്റിലെ ലോകസഭാ സ്പീക്കറുടെ കസേരക്കടുത്തു വെക്കുകയും ചെയ്തു.

ഫ്യൂഡൽ കാലഘട്ടത്തിൽ തമിഴ്‌നാട്ടിൽ ചെങ്കോൽ എന്നത് രാജാധികാരത്തിന്റെ ചിഹ്നമായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ഒരു ആധുനിക ഭരണഘടനക്കനുസൃതമായി പ്രവർത്തിക്കുന്ന ഒരു റിപ്പബ്ലിക്കിൽ ചെങ്കോലിന്റെ അപ്രസക്തിയും അർത്ഥരാഹിത്യവും ശ്രദ്ധിക്കപ്പെടാതെ പോകാൻ കഴിയുന്ന കാര്യമല്ല. മതേതരത്വത്തിന്റെ തത്വങ്ങളിൽ അടിയുറച്ച ഒരു സംവിധാനത്തെ ഉദ്‌ഘാടനം ചെയ്യാൻ ശൈവ-വൈഷ്ണവ മത മേധാവികൾ അനുഷ്ഠാന ക്രിയകൾ ചെയ്യുന്നതിന്റെ കൂടി അപ്രസക്തിയും അർത്ഥരാഹിത്യവും ആ ചടങ്ങിൽ മുഴച്ചുനിന്നു.

ഒരു മതേതര സർക്കാരിനെ മതമേലധ്യക്ഷന്മാർ ആശീർവദിക്കുന്നതിന്റെ പിന്നിലെ ലക്‌ഷ്യം എന്താണ്? അവർക്കു സർക്കാരിനോടുള്ള സ്നേഹമോ, അനുഭാവമോ, അവരുടെ ദേശഭക്തിയോ ഒന്നുമല്ല അതിനാധാരം. നിഷ്കളങ്കരായ വിശ്വാസികളുടെ വഴിപാടുകൾ മുഖേനയും, മഠത്തിന്റെ വലിയ ഭൂവുടമസ്ഥതയിലൂടെയും, ആ ഭൂമിയിൽ നൂറുകണക്കായ വർഷം കൊണ്ട് കർഷകരും, കർഷകത്തൊഴിലാളികളും ചോരയും വിയർപ്പുമൊഴുക്കി സൃഷ്ടിച്ചെടുത്ത ഫലഭൂയിഷ്ടത കൊണ്ടും കുന്നുകൂട്ടിയ സ്വന്തം സ്വത്തു സംരക്ഷിക്കാനുള്ള മഠങ്ങളുടെ താല്പര്യങ്ങളിലാണ് അതിന്റെ വേരുകളുള്ളത്. ഇ.വി. രാമസ്വാമി പെരിയാറുടെ യുക്തിവാദിയായ പിൻഗാമിയായ, ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപകനേതാവും, അതിന്റെ ആദ്യത്തെ മുഖ്യമന്ത്രിയുമായിരുന്ന സി.എൻ. അണ്ണാദുരൈ അന്ന് നെഹ്‌റുവിനെ ഓർമ്മിപ്പിച്ചത്, ഫ്യൂഡൽ ഇന്ത്യയിൽ വർഗ്ഗ-ജാതി-മത-രാഷ്ട്രീയ കൂട്ടുകെട്ടുകൾ ഉണ്ടായി വരുന്നതിനെക്കുറിച്ചും, അത് സ്വീകരിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചുമാണ്. അണ്ണാദുരൈ സ്ഥാപിക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്തിരുന്ന ദ്രാവിഡ നാട് എന്ന പ്രസിദ്ധീകരണത്തിന്റെ 1947 ഓഗസ്റ്റ് 24 ലക്കത്തിലാണ് ഈ ലേഖനം അദ്ദേഹം എഴുതിയത്.

മഹാനായ പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന അണ്ണാദുരൈയുടെ സ്വതസിദ്ധമായ നർമ്മവും, പരിഹാസവും, ആക്ഷേപഹാസ്യവും തുളുമ്പുന്ന ഈ ലേഖനം സംഭാഷണ ശൈലിയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ദ്രാവിഡ മുന്നേറ്റത്തെ ദശകങ്ങളോളം നിലനിർത്തിയ, പരിപോഷിപ്പിച്ച, ഒരു ചിന്താധാരയുടെ- തമിഴ് ജനതയുടെ പൊതുബോധത്തിന്റെ ഭാഗമായിത്തീർന്ന രാഷ്ട്രീയ കാഴ്ചപ്പാടിന്റെ- വിത്തുകൾ ഈ ലേഖനത്തിലുണ്ട്.

(ദി ഐഡം ഗ്രൂപ്പ് എഡിറ്റർ ആർ. വിജയശങ്കർ ചെയ്ത ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ മലയാളം മൊഴിമാറ്റം ആണിത്.)


പുതിയ സർക്കാരിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റ പണ്ഡിറ്റ് നെഹ്‌റുവിന് തിരുവാടുതുറൈ ആധീനത്തിന്റെ തലവൻ ഒരു ചെങ്കോൽ കൊടുത്തയച്ചിട്ടുണ്ട്. അതിന് അഞ്ചടി നീളമുണ്ടെന്നു പറയുന്നു! പൂർണ്ണമായും സ്വർണം കൊണ്ടുണ്ടാക്കിയതാണെന്നു പറയുന്നു! കാണാൻ നല്ല അഴകുണ്ടെന്നും പറയപ്പെടുന്നു! എന്തിനാണ് നെഹ്‌റുവിന് ഇങ്ങനെ ഒരു ചെങ്കോൽ സമ്മാനിക്കപ്പെട്ടത്? സമ്മാനമായിട്ടാണോ? ഒരു കാണിയ്ക്കയായിട്ടാണോ? ഒരു പങ്ക് നൽകൽ ആയിട്ടാണോ? അല്ല, ഇതൊരു ലൈസൻസ് ഫീസാണോ? ഒന്നും വ്യക്തമല്ല.

വളരെ അപ്രതീക്ഷിതമായിരുന്നു അത്. മാത്രമല്ല. അത് അനാവശ്യവുമായിരുന്നു. ഇനിയിപ്പോൾ അത് ആവശ്യമായിരുന്നു എന്ന് തന്നെ ഇരിക്കട്ടെ, അല്പം ആഴത്തിൽ അതിന്റെ അർത്ഥം ആലോചിച്ചാൽ നമുക്ക് പതിയെ മനസ്സിലാവും, അത് അപകടകരമാണ് എന്ന്.

ചെങ്കോലിൽ നോക്കുമ്പോൾ പണ്ഡിറ്റിന് എന്ത് തോന്നി എന്ന് നമുക്കറിയില്ല. ചെങ്കോലിനൊപ്പം ആധീന കർത്താർ വല്ല സന്ദേശവും കൊടുത്തയച്ചോ എന്നും നമുക്കറിയില്ല.

1947 ൽ ദ്രാവിഡനാടിൽ പ്രസിദ്ധീകരിച്ച മൂലലേഖനത്തിന്റെ ഒരു പുറം

എന്നാൽ, പണ്ഡിറ്റ് നെഹ്രുവിനോട് നമുക്ക് ഒരു കാര്യം പറയാനുണ്ട്. ചെങ്കോൽ സ്വീകരിച്ചയാളോട് നമുക്ക് കുറച്ചു വാക്കുകൾ സംസാരിക്കാനുണ്ട്.

പല രാജ്യങ്ങളുടെയും ചരിത്രം താങ്കൾക്കറിയാം. കിരീടമണിയുന്ന എല്ലാ രാജാക്കന്മാർക്ക് ചുറ്റിലും, പാവപ്പെട്ടവരുടെ അധ്വാനം ചൂഷണം ചെയ്തു തടിച്ചു കൊഴുത്തവരും, മതത്തെ മൂലധനമായി ഉപയോഗിക്കുന്നവരും, രാജാവിന്റെ സ്വർണക്കൊട്ടാരത്തിൽ യഥേഷ്ടം വിഹരിക്കാൻ വേണ്ട സ്വാതന്ത്ര്യവും സൗകര്യവും ഉള്ളവരുമായ അനവധി പ്രഭുക്കന്മാർ ഉണ്ടാവുമെന്ന് താങ്കൾക്കറിയാം. ജനാധിപത്യം പൂവണിയാൻ ഇത്തരം ശക്തികളെ ഉന്മൂലനം ചെയ്യണമെന്ന ചരിത്രസത്യവും താങ്കൾക്കറിയാം. താങ്കൾക്കറിയാവുന്ന ഈ കാര്യങ്ങൾ താങ്കളുടെ ഭരണത്തിൽ നടപ്പാക്കുമെന്ന് ഭയക്കുന്ന ആധീനകർത്താർമാർ താങ്കൾക്ക് സ്വർണം കൊണ്ടല്ല, നവരത്നം പതിച്ച ചെങ്കോലും സമ്മാനിക്കാൻ തയ്യാറാവും. അത് അവരുടെ അതിജീവനത്തിനും സംരക്ഷണത്തിനും വേണ്ടിയാണ്. ശിവപ്രാർത്ഥനകളാൽ സ്വായത്തമാക്കിയ ദൈവിക സ്പർശത്താൽ നിർമ്മിക്കപ്പെട്ടതല്ല, താങ്കൾക്ക് നൽകിയ ആ ചെങ്കോൽ. ഒരു ശിവഭക്തൻ കുറുക്കനെ കുതിരയാക്കി മാറ്റി എന്ന കഥക്ക് സമാനമായി ഒരു ദിവ്യപ്രവർത്തി കൊണ്ട്, ഒരു നുള്ള് ദിവ്യഭസ്മം പുരട്ടി ഇരുമ്പുദണ്ഡിനെ സ്വർണമാക്കി മാറ്റുന്ന അദ്‌ഭുതപ്രവർത്തിയിലൂടെ നിർമ്മിച്ചതുമല്ല. മറ്റുള്ളവരുടെ അധ്വാനം കൊണ്ട് പണിതതാണ് ആ ചെങ്കോൽ. പക്ഷെ അയാൾ അത് അയാളുടേതാണ് എന്ന് പറയുന്നു. ചെങ്കോൽ!! ആ പേര് തന്നെ കൃത്യമാണോ? അതിന് വല്ല പ്രസക്തിയുമുണ്ടോ?

ആ ചെങ്കോൽ- അഞ്ചടി ഉയരം!

കരകൗശലവിദ്യയുടെ അനന്യമായ സൗന്ദര്യസംഗ്രഹം!

ശുദ്ധ സ്വർണത്താൽ തീർത്തത്!

താങ്കൾക്കത്‌ സമ്മാനിച്ചയാൾ സാധാരണക്കാരനല്ല. അയാൾ രാജകുടുംബാംഗമാണോ? അല്ല. അതിലും മുകളിൽ ഉള്ള ആളാണ്. പുരാതനമായ പാരമ്പര്യത്തിന്റെ പ്രതിനിധിയാണോ അയാൾ? അയാൾ പുരാതനമായ പാരമ്പര്യത്തിന്റെ ഭാഗമാണോ, അതോ സമീപകാലസൃഷ്ടിയാണോ എന്നത് പ്രധാനമല്ല. പ്രധാനപ്പെട്ട കാര്യം ഇതാണ്, ഇതൊരു ജുഗുപ്സാവഹമായ പാരമ്പര്യമാണ്. ഈ ഭൂമിയിൽ അധിവസിക്കുന്ന ജനങ്ങളുടെ പാരമ്പര്യമല്ല ഇത്. ശിവന്റെ വാസസ്ഥാനമായ ദിവ്യ കൈലാസത്തിന്റെ പാരമ്പര്യമാണ് ഇത്.

അനിയാ, നീ എന്നോട് ചോദിക്കുകയാണോ?, “ജ്യേഷ്ഠാ, എങ്ങനെയാണ് നമ്മുടെ ആധീനകർത്താർ ഇങ്ങനെ ദേശസ്നേഹം കൊണ്ട് പൊട്ടിത്തെറിക്കാൻ പാകത്തിൽ ആയിത്തീർന്നത്?”.

“അല്ല ജ്യേഷ്ഠാ, ആധീനകർത്താറിന് വൈകാരികമായ വഴിഞ്ഞൊഴുകൽ സംഭവിക്കുന്നത് ഇതാദ്യമല്ലല്ലോ? ആധീനകർത്താർ ഇങ്ങനെ പൊടുന്നനെ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ ദിവ്യദൃഷ്ടി പതിപ്പിക്കാൻ എന്താണ് കാരണം എന്ന് ഞാൻ താങ്കളോട് ചോദിക്കാൻ ആഗ്രഹിക്കുന്നു.”

“കാരണങ്ങൾ അവിടെ നിൽക്കട്ടെ അനിയാ. കാരണം കണ്ടെത്തുന്നതിൽ എനിക്കത്ര താൽപ്പര്യമില്ല. പക്ഷെ അതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി ചിന്തിക്കുമ്പോൾ മാത്രമാണ് എനിക്ക്..”

ജവഹർ ലാൽ നെഹ്‌റു തങ്ക ചെങ്കോൽ സ്വീകരിച്ചപ്പോൾ എടുത്ത ചിത്രം

“അതെന്താ? എന്തായിരിക്കും ആ പ്രത്യാഘാതം?”

“നമ്മൾ ശുദ്ധമായ സ്വർണത്തിൽ ചെങ്കോൽ നിർമ്മിക്കുന്നു. അതിന്റെ ശില്പവിദ്യയും ഉന്നതനിലവാരം പുലർത്തുന്നതായിരിക്കും. നമ്മൾ രാവും പകലും അധ്വാനിച്ചാണ് ഇത് നിർമ്മിക്കുന്നത്.”

“ഹാ കഷ്ടം! ഇതെല്ലാം ഓർത്തു താങ്കൾ വിഷമിക്കേണ്ട കാര്യമുണ്ടോ? ഇവിടെയുള്ള കാഴ്ചപ്പാടുകളും അവിടത്തെ കാഴ്ചപ്പാടുകളും വ്യത്യസ്തമല്ലേ?”

“അതങ്ങനെ ആയിരിക്കാം അനിയാ. പക്ഷെ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉണ്ടാവുന്നതിന്റെ ഒരേയൊരു കാരണം ആഗ്രഹങ്ങളല്ലേ?”

“അതെ.”

“എന്റെ ചോദ്യം ഇതാണ് – പുതിയ സർക്കാരിന് മുകളിൽ ആധീനകർത്താർ ദൃഷ്ടി പതിപ്പിച്ചിരിക്കുന്നത് നല്ലതാണോ? അപകടമാണോ? അതെന്റെ കൂടി ഭയമാണ്. അതൊരു ഒന്നാന്തരം ചെങ്കോൽ ആണ്. അതിന്റെ ആകൃതിവിശേഷം സൂക്ഷ്മമാണ്. പക്ഷെ, അത് പിടിച്ചുകൊണ്ടാണ് സർക്കാരിനെ നയിക്കാൻ പോകുന്നതെങ്കിൽ…”

“സ്വന്തം ദുരവസ്ഥ ഗൗനിക്കാതെ അധ്വാനിച്ച, രാവും പകലും പട്ടിണി കിടന്ന, മറ്റുള്ളവരുടെ പണം പറ്റിച്ചു കൈക്കലാക്കാതിരുന്ന, സ്വന്തം ഹൃദയം തകരും വരെ പണിയെടുത്ത ഒരാളുടെ കാണിയ്ക്കയല്ലേ, യഥാർത്ഥത്തിൽ ആ ചെങ്കോലിൽ ഉൾച്ചേർന്നിട്ടുള്ള സ്വർണം? …പക്ഷെ, കൂലി വെട്ടിക്കുറയ്ക്കുകയും, കർഷകരെ അവരുടെ ഉപജീവനത്തിൽ നിന്ന് നിഷ്കാസിതരാക്കുകയും, ആനുപാതികമല്ലാത്ത ലാഭം കൊയ്യുകയും, വായ്പ കൊടുത്തയാളിനെ നെറ്റിയിലെ നാമോല്ലേഖനം കൊണ്ട് (വൈഷ്ണവരുടെ അടയാളം) പറ്റിക്കുകയും, സ്വന്തം പാപങ്ങളെ മറയ്ക്കാനും, ദൈവത്തെ പോലും ചതിക്കുവാനും അതുപയോഗിക്കുകയും ചെയ്യുന്നവരല്ലേ ആ കാണിയ്ക്ക വെയ്ക്കുന്നത്? അത് കൂടിയല്ലേ ആ ചെങ്കോലിൽ ഉള്ളത്? അതുകൂടി ആണ്. മറ്റുള്ളവരുടെ തലച്ചോറിനെയും, ആത്യന്തികമായി ജീവിതങ്ങളേയും ചൂഷണം ചെയ്തു വളരുന്നവരിൽ നിന്ന് ഒരു ചെങ്കോൽ ഇപ്പോൾ ഭരണമേൽക്കുന്ന സർക്കാർ ഏറ്റുവാങ്ങിയാൽ അതിന്റെ ഭരണം ശരിയായിട്ടായിരിക്കുമോ?”

സി എൻ അണ്ണാദുരൈ

“നിങ്ങൾ നല്ല തമാശക്കാരനാണ് ജ്യേഷ്ഠാ..”

“വലിയ തമാശയൊന്നും ഇതിലില്ല അനിയാ. ഇത് കൂടുതലും വേദനയാണ്. ധാരാളം ചെങ്കോലുകൾ നിർമ്മിച്ചവരൊന്നും ഇങ്ങനെ സംസാരിച്ചിട്ടുണ്ടാവില്ല. പക്ഷെ അവരുടെ മനസ്സിലൂടെ ഈ ചിന്തകൾ കടന്നുപോയിട്ടുണ്ടാവും.”

ഇതുപോലൊരു സംഭാഷണം അധീനത്തിൽ നടന്നിട്ടുണ്ടാവും,

അയ്യർ (ബ്രാഹ്മണൻ): ആഹാ, ഇത് ശ്‌ളാഘനീയം തന്നെ! ഇതൊരു ആദ്യകാൽവെയ്പ്പാണ്. എല്ലാവരും ഇതിനെ പ്രശംസിക്കും.

ആധീനകർത്താർ: ചെങ്കോലിന്റെ ഉയരമാണോ?

അയ്യർ (ബ്രാഹ്മണൻ): അഞ്ചടിയാണ്..സ്വർണത്തിൽ തീർത്തത്. അവർ പറയുന്നത്…അങ്ങയുടെ യശസ്സ് അഞ്ചിരട്ടി വർധിക്കും എന്നാണ്.

ആധീനകർത്താർ: വർത്തമാനപത്രങ്ങൾ പോലും…

അയ്യർ (ബ്രാഹ്മണൻ): അവരെ വിടൂ… അവർ ഫോട്ടോകൾ കൊടുക്കും…അങ്ങയെ പുകഴ്ത്തി വാർത്ത കൊടുക്കും. പക്ഷെ, വലിയ വലിയ ആളുകൾ ഇനി വരും…വിദേശത്തുനിന്നു പോലും വരും..അമേരിക്ക, യൂറോപ്പ് പോലുള്ള രാജ്യങ്ങളിൽ നിന്ന്..ചെങ്കോൽ കണ്ട് അവർ സ്തംഭിച്ചുപോകും.

ആധീനകർത്താർ: ഭക്തന്മാർ ഇപ്പോൾ തന്നെ അത് മനോഹരമായിട്ടാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

അയ്യർ (ബ്രാഹ്മണൻ): നിർമ്മാണഭംഗിയൊക്കെ വിടൂ.. അത് നല്ലതു തന്നെ. പക്ഷെ സന്ദർശകർ അതൊന്നും ശ്രദ്ധിച്ചു എന്ന് തന്നെ വരില്ല. ബറോഡയിലെയോ, ജയ്‌പൂരിലെയോ, ഉദയ്പൂരിലെയോ, മൈസൂരിലെയോ വലിയ രാജാക്കന്മാർ പോലും ഇത്തരമൊന്ന് ചിന്തിച്ചതേയില്ല. ഈവിധമൊരു സ്നേഹവും, കരുതലും, ബഹുമാനവും കാണിച്ചതിന്റെ പേരിൽ എല്ലാവരും അനന്തമായി ആധീനത്തെ പ്രശംസിച്ചുകൊണ്ടേ ഇരിക്കില്ലേ? രണ്ടോ മൂന്നോ മിനിട്ടു നേരം അവർ ചെങ്കോലിനെപ്പറ്റി സംസാരിച്ചു എന്ന് വരാം. പക്ഷെ ദിവസം മുഴുവൻ അവർ അങ്ങയെപ്പറ്റി സംസാരിക്കില്ലേ?

ആധീനകർത്താർ: ഉവ്വ്, എന്റെ ബുദ്ധി എങ്ങനെയുണ്ട്?

അയ്യർ (ബ്രാഹ്മണൻ): മറ്റാർക്കാണ് ഇങ്ങനെ ചിന്തിക്കാൻ കഴിയുക? രാജാവ് കയ്യിൽ പിടിക്കുന്നതാണ് ചെങ്കോൽ. അത് അദ്ദേഹത്തിന് കൊടുത്തതോ? ആധീനം. ആധീനം അനുഗ്രഹിച്ചപ്പോൾ, അനുമതി നൽകിയപ്പോൾ, അംഗീകാരം നൽകിയപ്പോൾ മാത്രമാണ് പുതിയ സർക്കാർ പ്രവർത്തിക്കാൻ തുടങ്ങിയത് എന്ന് എല്ലാവരും പറയും. ഇപ്പോൾ മാത്രമല്ല, ഭാവിയിലും.

ദൈവത്തിന്റെ അനുഗ്രഹം ഉൾച്ചേർത്തു ശുദ്ധമായ സ്വർണത്തിൽ ഉണ്ടാക്കിയ ചെങ്കോൽ

നമ്മുടെ മഹാദേവതയായ ശിവനെ പ്രാർത്ഥിച്ചു തയ്യാർ ചെയ്തത്

ഈ സർക്കാരിനെ വിഘ്നങ്ങളിൽ നിന്ന് സംരക്ഷിക്കാൻ

ശിവന്റെ അനുഗ്രഹവർഷം നേടാൻ!

ആരാണത് ചെയ്തത്? ആധീനം!

ഒരു കവി ഇങ്ങനെ പാടിയേക്കാം. ഒരു ശൈവഭക്തനെ പക്ഷെ ഈ ഗീതം തൃപ്തനാക്കില്ല. തക്കതായ കാരണം കൊണ്ട് തന്നെ അയാൾ ക്ഷുഭിതനാവും.

    ചെങ്കോലും തലപ്പത്ത് കാളയും

ശൈവഭക്തൻ: കയ്യിൽ പനയോല എഴുത്തുകളുമായി നിങ്ങൾ പാടുന്നത് വൈഷ്ണവ പാസുരം ആണ്. ഒന്നോ രണ്ടോ കൊല്ലമായിട്ടല്ല നിങ്ങൾ ഇത് ചെയ്യുന്നത്. ആയിരക്കണക്കിന് കൊല്ലമായി നിങ്ങൾ ഇതുതന്നെ ചെയ്യുന്നു. ഇത്രയും കൊല്ലം കൊണ്ട് നിങ്ങളിൽ കവിത വളർന്നതേയില്ല, മൂത്തുപഴുത്ത മത്തങ്ങ പോലെ നിങ്ങളുടെ കുടവയർ മാത്രമാണ് വലുതായത്.

കവി: അതെന്താ കവിതയിൽ വല്ല പ്രശ്നവുമുണ്ടോ?

ശൈവഭക്തൻ: അതായിരുന്നുവെങ്കിൽ ഞാൻ സഹിക്കുമായിരുന്നു. ഇത് ഊഹാപോഹം ഒന്നുമല്ല. നിങ്ങൾ പാസുരം പാടുന്നതെന്തിനാണ്?

കവി: ആധീനത്തിന്റെ സവിശേഷത വിശദീകരിക്കാൻ.

ശൈവഭക്തൻ: ആധീനത്തിന്റെ സവിശേഷതയോ? ചെങ്കോൽ നിർമ്മിച്ചു സർക്കാരിന് അയക്കുന്നത് ആധീനത്തിന്റെ പുതിയൊരു കൂട്ടിച്ചേർക്കപ്പെട്ട സവിശേഷത അല്ലെ? അതിനുവേണ്ടിയല്ലേ ഈ കവിത?

കവി: അതെ.

ശൈവഭക്തൻ: അതങ്ങനെയാണെങ്കിൽ ഏതു വിധത്തിലാണ് നിങ്ങൾ അത് കവിതയിൽ വിശദീകരിച്ചിട്ടുള്ളത്? ചെങ്കോലിന്റെ ഉയരവും, ഭാരവും, ഭംഗിയും കവിതയിൽ എവിടെയാണ് പറഞ്ഞിട്ടുള്ളത്? അതൊന്നും പ്രധാനമല്ലേ? അതറിയുമ്പോഴാണല്ലോ ഈ സംഭവത്തിന്റെ മഹിമ എത്രയാണെന്ന് വ്യക്തമാവുക. ആദ്യം കവിത തിരുത്തൂ. എന്നിട്ട് നിങ്ങളുടെ മനസ്സും.

കവി: അഞ്ചടിയാണതിന്നുയരം. ശുദ്ധ സ്വർണമാണത്. അതിന്റെ നിർമ്മാണ മികവ് അതിഗംഭീരം. ലോകമീ ദിനത്തെ വാഴ്ത്തും. എന്നുമെന്നും.

“മോശമല്ല, ഇപ്പോൾ പൊയ്ക്കോളൂ” എന്ന് പറഞ്ഞു ശൈവഭക്തൻ കവിയെ പറഞ്ഞയച്ചിട്ടുണ്ടാവും, ആ കവിത ഭക്തർക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടാവും. സംഭവത്തിന്റെ മഹിമ രേഖപ്പെടുത്താൻ ഒരു വഴി ഇതാണ്.

ചെങ്കോൽ സമ്മാനിക്കാൻ എത്തിയവർക്കിടയിൽ കലാകാരന്റെ കണ്ണുകളും വെളുത്ത നിറവുമുള്ള, മനം മയക്കും വിധത്തിൽ നാദസ്വരം വായിക്കുന്ന ഒരാളിനെ നിങ്ങൾ ശ്രദ്ധിച്ചിരിക്കും. അയാളെ കണ്ടവർ എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക?

ഇതാരാണ്?

നാദസ്വര വിദ്വാൻ

ഓ, ഇയാൾ എന്തിനാണ് ഇവിടെ വന്നിരിക്കുന്നത്?

ചെങ്കോൽ സമ്മാനിക്കാൻ ആധീനകർത്താർ ഇയാളെ അയച്ചതാണ്.

ചെങ്കോൽ നൽകുന്ന ഈ ആധീനകർത്താർ കണ്ടാൽ എങ്ങനെ ഇരിക്കും?

ശുദ്ധ നീലമായ ഒരു ശൈവഭക്തനെപ്പോലെ.

എന്താണ് അദ്ദേഹത്തിന്റെ ജോലി?

ആധീനം നടത്തുക.

എങ്ങനെ?

ഞാനത് ഉറക്കെ പറയണോ? അതോ, പതുക്കെ പറയണോ?

അതെന്താ?

കാരണം, രണ്ടു ശബ്ദത്തിൽ രണ്ടു കാര്യങ്ങൾ പറയേണ്ടതുണ്ട്.

ചിരിച്ചുകൊണ്ട് അവർ ഇങ്ങനെ സംഭാഷണം നടത്തിയിരിക്കും.

അത് കാഴ്ചക്ക് മനോഹരമാണ്.

ഒന്നുകൂടി ശ്രദ്ധിച്ച് ആ ചെങ്കോലിനെ നോക്കൂ.

അതിനുമുകളിൽ കാണുന്നത് ഒരു കാള മാത്രമല്ല. കാളകളെ പോലെ പണിയെടുക്കുന്ന ദരിദ്രസഹസ്രങ്ങളെയും അതിനുമുകളിൽ കാണാം.

ഈ ചെങ്കോൽ എങ്ങനെയാണ് മിനുക്കിയെടുത്തത് എന്നത് മാത്രമല്ല അവിടെ അദൃശ്യമായി നിൽക്കുന്നത്. അധ്വാനശക്തിയപ്പാടെ ഊറ്റിയെടുക്കപ്പെടുന്ന തൊഴിലാളിയുടെ ശരീരത്തിലെ വിയർപ്പിന്റെ തിളക്കവും കാണാം. 1000 ഏക്കർ ഭൂമിയും അതിൽ കലപ്പ വലിച്ചും കഷ്ടപ്പെട്ട് പണിയെടുത്തും കണ്ണീരിന്റെ ജീവിതം നയിക്കുന്ന തൊഴിലാളിയുടെ ചിത്രവും അതിൽ കാണാം. അയാൾ ദുരിതജീവിതം നയിക്കുന്ന കുടിലും കാണാം. ചെങ്കോൽ അയാളിൽ അടിച്ചേൽപ്പിച്ച പട്ടിണിയും കാണാം. ഫ്യൂഡൽ ഭൂവുടമയെ കാണാം. അയാളുടെ കാറും ബംഗ്ളാവും കാണാം. ആ ബംഗ്ലാവിലെ സ്വർണത്തിൽ എഴുതിയ ഫലകവും അതിനു മുകളിലെ വെളുത്ത പൊടിയും കാണാം. കർഷകരുടെ തളർന്ന ശരീരവും പാട മൂടിയ കണ്ണുകളും കാണാം. അവരൊഴുക്കിയ വിയർപ്പും രക്തവും കാണാം. കടഞ്ഞ തൈര് പോലെ മനസ്സ് കലങ്ങിയ ഒരു മനുഷ്യന്റെ രൂപം കാണാം.

അവിടെ മഠവും ശൈവ പ്രതിമയും കാണാം. ആ പ്രതിമയിൽ അണിഞ്ഞ ആഭരണങ്ങളും അതിനുള്ളിലെ രോഗാതുരതയും കാണാം.

ആധീനകർത്താർ നീരാടുന്ന കുളവും പൂന്തോട്ടവും അവിടെ കാണാം. ആ കുളത്തിനു സംസാരിക്കാൻ കഴിയുമെങ്കിൽ അത് പറയുന്ന ചെറിയ ചെറിയ കഥകൾ കേൾക്കുകയും ചെയ്യാം.

ശൈവതേജസ്സും, അതിന്റെ ദിവ്യ മഹിമ ഉപയോഗപ്പെടുത്തി ജീവിതത്തിൽ ഉയർച്ച നേടിയ ആളുകളെയും കാണാം.

തിളങ്ങുന്ന മോതിരങ്ങൾ, ആടിക്കളിക്കുന്ന കർണാഭരണങ്ങൾ, സ്വർണത്തിന്റെ പാദുകങ്ങൾ, അവരെ ആരാധിക്കുന്ന ഭക്തർ – അത്തരം കാഴ്ചകളും അതിൽ കൂടുതലും കാണാം…വീണ്ടും വീണ്ടും ആ ചെങ്കോലിൽ നോക്കിയാൽ.

ആധീനത്തിലെ സന്ദർശകർ ഉപചാരപൂർവ്വം പറയുന്നത് കേൾക്കാം, “ആഹാ! ഗംഭീരം! അതിഗംഭീരം! ആധീനം സന്തുഷ്ടനായത് നമ്മുടെ ഭാഗ്യം!”. അകത്തു സന്തോഷം ഉണ്ടായില്ലെങ്കിലും ഭക്തരുടെ മുഖത്ത് പ്രകാശം നിറയ്ക്കാൻ ഇത് സഹായിക്കും. ചെങ്കോലിന്റെ ഉയരത്തിനും, ഭാരത്തിനും, മനോഹാരിതക്കുമപ്പുറം കണ്ണ് പായിക്കേണ്ടതുണ്ട്. ചെറിയ ചെറിയ രാജാക്കന്മാർക്കും പോലും ഭയം ഉണ്ടാകും, ജനങ്ങളുടെ രോഷം അവർക്കെതിരെ എപ്പോഴെങ്കിലും തിരിയുമോ എന്ന്. ഭയചകിതരായി ജനങ്ങൾ അവരുടെ കാൽക്കൽ വീഴുകയും, സർക്കാരുകൾ അവർക്കു സുരക്ഷാ ഒരുക്കുകയും, പണക്കാർ അവർക്ക് ആവശ്യമുള്ളതെല്ലാം കാണിക്കയായി നൽകുകയും ചെയ്യുന്ന ആധീനങ്ങൾ അവരുടെ സിംഹാസനങ്ങളിൽ തന്നെ തുടരുമെന്ന് ഈ ചെങ്കോൽ തെളിയിക്കുന്നു. അതുകൊണ്ട് ഈ ചെങ്കോൽ ഒരു കാണിക്കയല്ല. അതൊരു നിവേദനമാണ്. അത് സ്നേഹത്തിന്റെ പ്രതീകമല്ല. അത് ദേശഭക്തിയുടെയും പ്രതീകമല്ല. അതൊരു നിവേദനമാണ്.

ഇതേ സമയത്തു തന്നെയാണ്, ആളുകളെ തങ്ങൾക്കു മുന്നിൽ മുട്ടുകുത്തിച്ചുകൊണ്ട് സമാനതകളില്ലാത്ത സ്വത്തും പ്രശസ്തിയും നേടിയ ആധീനങ്ങൾ പിരിച്ചുവിടണം എന്ന്, ചില തൊക്കെ മനസ്സിലാക്കിയ ഒരു സംഘം ആവശ്യപ്പെടുന്നത്. മറുവശത്താകട്ടെ, ആധീനകർത്താർ പറയുന്നു, ഞങ്ങൾ വളരെ നിഷ്കളങ്കരാണ്, ഞങ്ങൾ നിങ്ങളെ അകമഴിഞ്ഞ് സ്നേഹിക്കുന്നു എന്ന്. നിങ്ങൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഈ ചെങ്കോലിലേക്കു ഒന്നുകൂടി നോക്കൂ.

അഞ്ചടി ഉയരം, എന്തൊരു നിർമ്മാണകൗശലം!

ഈ പുതിയ വാദക്കാർ ഞങ്ങളുടെ ആധീനത്തെ അക്രമിക്കാതെ ഞങ്ങളെ സംരക്ഷിക്കൂ. അമരത്വത്തിന്റെ വരം ഞങ്ങൾക്ക് നൽകൂ. എന്റെ ദൈവമേ, എന്റെ മഹാദൈവമായ നെഹ്രൂ..! എനിക്ക് അമരത്വം നൽകൂ. അടുത്ത 20 വർഷത്തേക്കെങ്കിലും എനിക്ക് അമരത്വം നൽകൂ. ആധീനകർത്താക്കളുടെ, ശിവാനുയായികളായ ശൈവരുടെ നിവേദനം ഇതാണ്.

അയാളും സർക്കാരും തമ്മിൽ സ്നേഹത്തിലാണെന്ന് ജനങ്ങളെ കണ്ണിൽ പൊടിയിട്ട് വിശ്വസിപ്പിക്കാൻ വേണ്ടിയാണ് അയാൾ ഈ ചെങ്കോൽ സമ്മാനിക്കുന്നത്. ആദ്യമേ തന്നെ ശിവന്റെ ഭക്തനായ ആധീനകർത്താർ ഇപ്പോൾ നെഹ്‌റു സർക്കാരിന്റെ ഭക്തനായി മാറിയിരിക്കുന്നു. ആധീനത്തിന്റെ മേൽക്കോയ്മക്കു മങ്ങലേൽക്കുകയില്ല എന്ന് അങ്ങനെ സാധാരണക്കാരനെ വിശ്വസിപ്പിക്കാൻ കഴിയുന്നു.

ഇത് മുഴുവൻ സ്വർണമാണ്! ലൗകിക സമ്പാദ്യങ്ങളെല്ലാം പൂർണമായി വെടിഞ്ഞ അസംഖ്യം സന്യാസിമാരുടെ അധിപനായ ആധീനകർത്താർ കയ്യടക്കി വെച്ചിട്ടുള്ള വമ്പിച്ച സമ്പാദ്യത്തിലെ വളരെ വളരെ ചെറിയ ഒരു കഷ്ണം മാത്രമാണ് ഇത്.

അലങ്കരിച്ച പാത്രങ്ങളിലാണ് ആധീനത്തിൽ നവരത്നങ്ങൾ സൂക്ഷിച്ചിട്ടുള്ളത്.

നവരത്നങ്ങളെക്കാൾ മികച്ചതായ, വളക്കൂറുള്ള, എത്രയോ വിശാലമായ നെൽപ്പാടങ്ങൾ ആധീനത്തിന്റെ അധികാരത്തിൻ കീഴിലുണ്ട്. മനുഷ്യകുലത്തിലെ യഥാർത്ഥ നവരത്നങ്ങളായ തൊഴിലാളികൾ അവിടെയാണ് മർദ്ദിക്കപ്പെടുന്നത്.

ഈ ആധീനകർത്താക്കളെ സിദ്ധ സന്യാസിമാരായി ചതിയന്മാർ പുകഴ്ത്തുമ്പോൾ, വ്യാമോഹങ്ങളിൽ ജീവിക്കുന്ന ആ ചതിയന്മാർക്കു പകരം നൽകപ്പെട്ട പണത്തിന്റെ വളരെ ചെറിയ ഒരു ഭാഗമാണ് ചെങ്കോലായി നിങ്ങളുടെ അടുത്തെത്തിയിട്ടുള്ളത്. കർണാഭരണങ്ങളും, കാൽത്തളകളുമായി രൂപം മാറിയത് അതിലുമെത്രയോ അധികമാണ്.

സ്വർണത്തിന്റെ ഒരു പർവതം നിങ്ങൾക്കവിടെ കാണാം- അമരത്വത്തിന്റെ വരം ആവശ്യപ്പെട്ടുകൊണ്ട് താങ്കൾക്ക് കാണിക്ക വെച്ച ചെങ്കോൽ നിർമ്മിച്ച വസ്തു ആ സ്വർണമാണ്. ഈ ആധീനങ്ങളുടെയും, മതസ്ഥാപനങ്ങളുടെയും സ്വർണം കണ്ടുകെട്ടിയാൽ നിങ്ങൾക്ക് സമ്മാനിക്കപ്പെട്ടതു പോലെ കൊത്തുപണി നിറഞ്ഞ ഒരു ചെങ്കോലല്ല, മറിച്ച് ഈ രാജ്യത്തെ ജനങ്ങളുടെ ജീവിതം സമൃദ്ധമാക്കാനും,മെച്ചപ്പെടുത്താനും ഉതകുന്ന ഒരു ചെങ്കോൽ കൂടി നിങ്ങൾക്കു പണി തീർക്കാം. അത്തരമൊരു ചെങ്കോലിനെ സൂക്ഷ്മമായി നോക്കിക്കാണാനും അത് നൽകുന്ന പാഠങ്ങൾ ഉൾക്കൊള്ളാനും ഞങ്ങൾ താങ്കളോട് അപേക്ഷിക്കുന്നു.

ദ്രാവിഡ നാട്, 24-08-1947


Read this article in Hindi, English

 

About Author

The AIDEM