ചരിത്രത്തിൽ തോപ്പിൽ ഭാസി

മോഹനമ്മാവൻ (എൻ മോഹനൻ) തോപ്പിൽ ഭാസിയെക്കുറിച്ച് പറയുന്ന ഒരു സംഭവ കഥയുണ്ട്.
ഭാസി കടുത്ത പ്രമേഹത്തിന് ശേഷം ഒരു കാൽ മുറിച്ച് ആശുപത്രിയിൽ കിടക്കുകയാണ്.
ഭാസിയെ കാണാൻ അമ്മാവൻ ചെന്നു. വളരെ കാലത്തെ ചങ്ങാത്തമാണ്. വലിയ വേദനയോടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്.
തന്റെ നഷ്ടപ്പെട്ട കാല് നോക്കി തോപ്പിൽ ഭാസി അമ്മാവനോട് പറഞ്ഞു: “മോഹനാ, ഞാൻ ഈ കാല് ഇങ്ങനെ നോക്കി കിടക്കുകയാണ്..”
അമ്മാവൻ അപ്പോൾ ചോദിച്ചുവത്രെ: “ ഭാസി, സത്യം പറയണം. ഒരിക്കലെങ്കിലും ഈശ്വരാ എന്ന് വിളിച്ചിട്ടില്ലേ ?..”
ഭാസിക്ക് മറുപടി പറയാൻ ഒരു താമസവും ഉണ്ടായില്ല: “മോഹനാ, ഇല്ല.. ഒരിക്കലും ഈശ്വരാ എന്ന് വിളിക്കാൻ തോന്നിയിട്ടില്ല…”
ഈ സംഭവം എനിക്ക് ഓർമ്മ വന്നത് ബൈജു ചന്ദ്രന്റെ പുതിയ പുസ്തകം ‘തോപ്പിൽ ഭാസി: ചരിത്രത്തെ കൈപിടിച്ച് നടത്തിയ ഒരാൾ’ വായിച്ചപ്പോഴാണ്.

ഭാസിയുടെ ഈ വ്യക്തിത്വം ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയാണ്. ഒരു ഭാഗത്ത് കടുത്ത പട്ടിണിയിലും ദാരിദ്ര്യത്തിലും ഉഴലുന്ന ഒരു സമൂഹം. മറുഭാഗത്ത് സമൂഹത്തിലെ അനീതിക്കും അസമത്വത്തിനും എതിരേ പോരാടുന്ന കമ്മ്യൂണിസ്റ്റ് യുവത്വം. ഈ അനുഭവങ്ങളിൽ നിന്നാണ് തോപ്പിൽ ഭാസി എന്ന വ്യക്തി ഉണ്ടാവുന്നത്.
ഈ കാലഘട്ടത്തിന്റെയും അത് സൃഷ്ടിച്ച വ്യക്തികളുടെയും കഥയാണ് ബൈജുവിന്റെ പുസ്തകം. അൻപതുകളുടെ തുടക്കമാണ്. ഒരു സംഘം അടിയാന്മാരെ ഒരൊറ്റ കയറുകൊണ്ട് വരിഞ്ഞുകെട്ടി പൊതുനിരത്തിൽ കൂടി നടത്തുകയാണ്. പിറകിൽ നടക്കുന്ന പോലീസുകാർ അവരെ തോക്കിന്റെ പാത്തികൊണ്ട് അടിയ്ക്കുന്നുണ്ട്. ജന്മിയുടെ മനുഷ്യത്വഹീനമായ പ്രവൃത്തികളെ തലയുയർത്തിപ്പിടിച്ചു നിന്ന് ചോദ്യം ചെയ്യാൻ മുതിർന്നു എന്നതിന്റെ പേരിലാണ്, മദ്ധ്യതിരുവിതാംകൂറിലെ ഗ്രാമത്തിൽ തമ്പുരാൻ എന്ന ഫ്യൂഡൽ പ്രഭു തന്റെ അടിയാളരെ ഭരണകൂടത്തിന്റെ സഹായത്തോടെ ഇങ്ങനെ ശിക്ഷിച്ചത്.
ഈ ക്രൂരതയ്‌ക്കെതിരെ ആദ്യമായി തെരുവിലിറങ്ങിയത് ഈ തമ്പുരാന്റെ അടുത്ത ബന്ധുക്കൾ കൂടിയായ എണ്ണയ്ക്കാട്ട് കൊട്ടാരത്തിലെ ശങ്കരനാരായണൻ തമ്പിയും സുഭദ്രാമ്മയും മറ്റ് സഹോദരരുമാണ് എന്നതായിരുന്നു ചരിത്രത്തിന്റെ വൈരുധ്യം. ഇവരോട് ചേർന്നുകൊണ്ടാണ് അന്ന് ഏറെ ചെറുപ്പമായിരുന്ന തോപ്പിൽ ഭാസിയും മറ്റ് സഖാക്കളും വള്ളികുന്നത്തെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് ഉണ്ടാക്കുന്നത്. ശൂരനാട്ടെ പട്ടിണിപ്പാവങ്ങളായ ഗ്രാമീണവാസികൾ ഗ്രാമത്തിന്റെ പൊതുസ്വത്തായ ഉള്ളന്നൂർ കുളത്തിൽ നിന്നാണ് മീൻ പിടിച്ച് ആഹാരത്തിനുള്ള വഴി കണ്ടെത്തിയിരുന്നത്. എന്നാൽ അവിടുത്തെ ഏറ്റവും വലിയ ജന്മിയായിരുന്ന തെന്നല കുടുംബത്തിലെ കാരണവർ അയാളുടെ ഒരാശ്രിതനെ കൊണ്ട് കുളത്തിലെ മീൻ മുഴുവൻ ലേലത്തിൽ പിടിച്ചു. നാട്ടുകാർക്ക് മീൻ പിടിക്കാൻ കഴിയാതായി. എന്നാൽ നാട്ടിലെ ചെറുപ്പക്കാർ ഈ നിയമം തിരസ്കരിച്ച് വീണ്ടും മീൻപിടിച്ചു. ഇതേത്തുടർന്നുണ്ടായ സംഘർഷമാണ് ശൂരനാട് കലാപമായി അറിയപ്പെടുന്നത്.

ഈ കലാപത്തിൽ നിന്നുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തോപ്പിൽ ഭാസി ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം എഴുതുന്നത്. കെ പി എ സി സുലോചനയുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ ജീവിതനാടകം എന്ന പുസ്തകത്തിന് ശേഷം, കേരളത്തിലെ നാടക ചരിത്രത്തെ കൃത്യമായി രേഖപ്പെടുത്തുന്ന ചരിത്രകാരനായ ബൈജുചന്ദ്രൻ എഴുതിയ പുതിയ പുസ്തകത്തിലാണ് കേരളത്തിന്റെ ഇടത് രാഷ്ട്രീയ ചരിത്രത്തിലെ ഈ അപൂർവ നിമിഷങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും കേരളത്തിലെ സ്റ്റേജുകളിൽ ഏറ്റവുമധികം കളിക്കുന്ന നാടകങ്ങൾ തോപ്പിൽ ഭാസിയുടേതാണ് എന്ന് ബൈജു ചൂണ്ടിക്കാട്ടുന്നു. നാടകകാരൻ, തിരക്കഥാകൃത്ത്, സംവിധായകൻ രാഷ്ട്രീയ പ്രവർത്തകൻ എന്നിങ്ങനെ ബഹുമുഖമായ വ്യക്തിത്വമാണ് തോപ്പിൽ ഭാസിയുടേത്. അതെല്ലാം ഇത്തരത്തിൽ ഒരു ചെറിയ മോണോഗ്രാഫിൽ ഒതുക്കുക എളുപ്പമല്ല. എന്നാൽ വളരെ സമർത്ഥമായി 128 പേജിൽ ഈ പരിശ്രമം ബൈജു നിർവഹിച്ചിട്ടുണ്ട്.
എന്താണ് മലയാള നാടക വേദിയിൽ തോപ്പിൽ ഭാസിയുടെ സംഭാവന? നാടകത്തിന്റെ aesthetics നോക്കുന്നവർ, ഇതിൽ സ്റ്റേജിന് ചേരാത്ത മെലോഡ്രാമ ഉണ്ട് എന്ന് വാദിച്ചേക്കാം. എന്നാൽ ഈ വിമർശനം പുതിയതല്ല. ആദ്യകാല കെ പി എ സി നാടകങ്ങൾ കാണാനെത്തിയ പ്രശസ്ത നാടക/സിനിമ നടൻ ബൽരാജ് സാഹ്‌നി ‘മൂലധനം’ കണ്ടതിനുശേഷം ഇതേ വിമർശനം ഉന്നയിക്കുകയുണ്ടായി എന്ന് ബൈജു സൂചിപ്പിക്കുന്നു. ഇതിനോട് വളരെ ക്രിയാത്മകമായാണ് തോപ്പിൽ ഭാസി പ്രതികരിച്ചത്. തുടർന്നെഴുതിയ ‘പുതിയ ആകാശം പുതിയ ഭൂമി’ എന്ന നാടകത്തിൽ ഈ പരിമിതി മറികടക്കാൻ അദ്ദേഹം ശ്രമിക്കുകയും ചെയ്തു.

ആത്യന്തികമായി ഈ സൃഷ്ടികൾക്ക് പിറകിൽ മനുഷ്യോന്മുഖമായ ഒരു രാഷ്ട്രീയം ഉണ്ടായിരുന്നു. രൂപഭദ്രതയൊക്കെ അതിന് പിറകിൽ നിന്നതേയുള്ളൂ. എന്നാൽ ഈ നാടകങ്ങൾ സൃഷ്ഠിച്ചത് പുതിയൊരു സൗന്ദര്യശാസ്ത്രം മാത്രമല്ല പുതിയൊരു സമൂഹത്തെ കൂടെയാണ്. ഇന്ന് ദശകങ്ങൾക്ക് ശേഷം നോക്കുമ്പോൾ പുരോഗമന സാഹിത്യം എന്ന സങ്കല്പനം നിലനിൽക്കുകയും ‘രൂപഭദ്രത’ വാദം ഒരു ചരിത്ര രേഖയായി മാത്രം അവശേഷിക്കുകയും ചെയ്തു എന്നതും ചരിത്രത്തിന്റെ ഒരു തമാശയാകാം.
ഇടത് രാഷ്ട്രീയത്തിന്റെ ഭാഗമായി ചെയ്ത നാടകങ്ങൾക്കൊപ്പം പ്രധാനമാണ് സമൂഹത്തിലെ മറ്റ് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്ന നാടകങ്ങളും. അതിൽ ‘രോഗം ഒരു കുറ്റമാണോ?’ എന്ന ചോദ്യം, ഇതേചോദ്യം ലോക ആരോഗ്യ സംഘടന ചോദിക്കുന്നതിനും അഞ്ച് നൂറ്റാണ്ടുമുൻപാണ് ഭാസി ചോദിച്ചത് എന്ന് പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ കരിവെള്ളൂർ മുരളി സൂചിപ്പിക്കുകയുണ്ടായി.
ഈ ചോദ്യം ഉയർന്ന സാഹചര്യവും ബൈജു ഈ പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്. നൂറനാട് ലെപ്രസി സാനറ്റോറിയത്തിലെ ഡോ ശങ്കരനാരായണൻ ഉണ്ണിത്താന്റെ സുഹൃത്തായിരുന്നു ഭാസി. ഒരു ദിവസം ഡോ ഉണ്ണിത്താൻ ഭാസിയെ കാണണം എന്നാവശ്യപ്പെട്ടു. വളരെ ഗൗരവത്തോടെ അദ്ദഹം ഭാസിയോട് ചോദിച്ചു: “ഭാസി, രോഗം ഒരു കുറ്റമാണോ?
കുഷ്‌ഠ രോഗ നിർമാർജനത്തിന്റെ ഭാഗമായി കുഷ്‌ഠരോഗികളെ പൊതുനിരത്തിൽ വച്ച് കണ്ടാൽ അറസ്റ്റ് ചെയ്ത് ശിക്ഷിക്കാനുള്ള ഒരു ബിൽ ആരോഗ്യവകുപ്പ് മന്ത്രി ഡോ എ ആർ മേനോൻ തയ്യാറാക്കിയിരുന്നു. അതേക്കുറിച്ചായിരുന്നു ഡോ ഉണ്ണിത്താന്റെ ചോദ്യം.
ഈ പ്രശ്നത്തിന്റെ ഗൗരവാവസ്ഥ മനസ്സിലാക്കിയ ഭാസി ഈ പ്രശ്നം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയമസഭാ കക്ഷി യോഗത്തിൽ ചോദിച്ചു. സദുദ്ദേശപരമാണെങ്കിലും തന്റെ പ്രവൃത്തിയുടെ അപകടം മനസ്സിലാക്കിയ ഡോ മേനോൻ ബിൽ പിൻവലിച്ചു. ഇതിൽ നിന്നാണ് അശ്വമേധം എന്ന നാടകം പിറക്കുന്നത്.
തോപ്പിൽ ഭാസി എന്ന രാഷ്ട്രീയക്കാരന്റെ സവിശേഷ വ്യക്തിത്വം വെളിവാക്കുന്ന ഒരു സംഭവവും ബൈജു വിശദീകരിക്കുന്നുണ്ട്.

1957 ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് യാതൊരു അടിത്തറയുമില്ലാത്ത പത്തനംതിട്ടയിലാണ് ഭാസി മത്സരിക്കണം എന്ന് പാർട്ടി തീരുമാനിച്ചത്. അന്നും ഇന്നത്തെപ്പോലെ നായർ സമുദായ നേതാവിനെ ഓരോ സ്ഥാനാർത്ഥിയും ചെന്ന് കാണുന്ന പതിവുണ്ടായിരുന്നു. എന്നാൽ മന്നത്തെ പോയി കാണാൻ ഭാസി കൂട്ടാക്കിയില്ല.
ഇതറിഞ്ഞ മന്നം “ അവൻ തന്തയ്ക്ക് പിറന്ന നായരാണ്..അവനെ ജയിപ്പിക്കണം’ എന്ന് പറഞ്ഞത്രേ.
ഈ മോണോഗ്രാഫിന് ‘ചരിത്രത്തെ കൈപിടിച്ച് നടത്തിയ ആൾ’ എന്ന പേരിട്ടത് ഒരല്പം അതിശയോക്തിയില്ലേ എന്ന് ചിലർ സംശയം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ പുസ്തകത്തിന്റെ അവസാനത്തിൽ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിലൂടെ ചരിത്രത്തെ കൈപിടിച്ച് മുന്നോട്ട് നയിക്കുകയായിരുന്നു ഭാസി എന്നെഴുതി ബൈജു ഈ പേരിനെ സാധൂകരിക്കുന്നു.
ഈ കാലഘട്ടത്തെ കുറിച്ചുള്ള കൂടുതൽ പുസ്തകങ്ങൾ ബൈജുവിലൂടെ മലയാളി വായനക്കാരിൽ എത്തും എന്ന് എനിക്ക് ഉറപ്പാണ്.