സംഗീതനഭസ്സിലെ താരാനാഥൻ
മൈഹർ ഘരാനയുടെ ജീവാത്മാവായ ഉസ്താദ് അലാവുദീൻ ഖാന്റെ (ബാബാ) മകനും വിശ്വവിശ്രുത സരോദ് മാന്ത്രികനുമായ ഉസ്താദ് അലി അക്ബർ ഖാനോട് ശിഷ്യനായ രാജീവ് താരാനാഥ് ഒരിക്കൽ ചോദിച്ചു, “അങ്ങ് സരിഗമപധനി ഇങ്ങനെ ആയിരം തവണയെങ്കിലും വായിച്ചു പരിശീലിച്ചിട്ടുണ്ടാകും. യഥാർത്ഥത്തിൽ എന്താണ് തുകൊണ്ട് നേടുന്നത്?”. അലി അക്ബർ ഖാന്റെ മറുപടി ഇപ്രകാരമായിരുന്നു, “ഞാൻ പൂർണതയുള്ള നിഷാദത്തിൽ (നി എന്ന സ്വരം) നിന്ന് പൂർണതയുള്ള ഷഡ്ജത്തിലേക്ക് (സ എന്ന സ്വരം) നീങ്ങാനാണ് ശ്രമിക്കുന്നത്. ഇപ്പോഴും അത് പഠിച്ചുകൊണ്ടിരിക്കയാണ്. രണ്ടോ മൂന്നോ തവണ മാത്രമേ എനിക്കത് ശരിയായി കിട്ടിയിട്ടുള്ളൂ”.
മൈഹർ ഘരാന ഇന്ത്യൻ സംഗീതത്തിലെ സ്വപ്നമോ അതീന്ദ്രിയാനുഭവമോ സത്യമോ എന്ന് വേർതിരിക്കാൻ കഴിയില്ല. അത് കേവലമൊരു ഘരാനയേയല്ല. മൈഹർ എന്ന ഇന്നത്തെ ചെറുപട്ടണം ഇരുപതാം നൂറ്റാണ്ടിന്റെ പൂർവാർധത്തിൽ ഒരു
ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ഒരു നാട്ടുരാജ്യത്തിന്റെ ആസ്ഥാനമായിരുന്നു. മധ്യ ഇന്ത്യയിലെ (ഇന്നത്തെ മധ്യപ്രദേശ്) ഒരു നാട്ടിൻപുറം. ഏറെ അലഞ്ഞുതിരിഞ്ഞ, അതിക്ലേശകരമെങ്കിലും സമ്പന്നമായ ഒരു സംഗീതയാത്രക്ക് ശേഷം ബാബാ എത്തിച്ചേർന്നത് മൈഹറിൽ. അവിടെയും അനവധി നാളുകൾ കഷ്ടപ്പാടിൽ തന്നെയായിരുന്നു. മൈഹറിലെ അനാഥ കുട്ടികളെ കൂട്ടിച്ചേർത്ത് രൂപീകരിച്ച മൈഹർ ബാൻഡിലൂടെ പ്രശസ്തനായ ഉസ്താദ് അലാവുദീൻ ഖാൻ വലിയൊരു സംഗീതകാലത്തെ സൃഷ്ടിച്ച അത്ഭുതശേഷിയുള്ള ഗുരുനാഥനായി മാറി. അങ്ങനെ മൈഹർ നാട്ടുരാജാവിന്റെ ആസ്ഥാന സംഗീതജ്ഞനായി. മകനായ അലി അക്ബർ ഖാനും മകളായ അന്നപൂർണാദേവിക്കും ഒട്ടും കരുണയില്ലാതെ ‘ശിക്ഷ’ നൽകിയ ഗുരുവും പിതാവുമായി. പണ്ഡിറ്റ് ഉദയ് ശങ്കറിന്റെ നൃത്തസംഘത്തിൽ സംഗീതം കൈകാര്യം ചെയ്യാനായി ചേർന്ന് ലോകസഞ്ചാരം നടത്തി.
പിന്നീട് ഉദയ് ശങ്കർ അൽമോറയിൽ സ്ഥാപിച്ച ഇന്ത്യ കൾച്ചറൽ സെന്ററിൽ ചേർന്നു. ഒടുവിൽ വീണ്ടും മൈഹറിന്റെ വേനലിലേക്കും ശൈത്യത്തിലേക്കും തന്നെ മടങ്ങി. ഉദയശങ്കറിന്റെ അനുജൻ രവിശങ്കർ അക്കാലത്ത് ഒരു കൗമാരക്കാരനായിരുന്നു. ഉസ്താദിൽ നിന്ന് സംഗീതം പഠിക്കണമെന്ന ആഗ്രഹം രവി പറഞ്ഞപ്പോൾ, “ചഞ്ചല സ്വഭാവവും വികൃതിയുമൊക്കെ ഉപേക്ഷിച്ച ശേഷം മൈഹറിലേക്ക് എത്താ”നാണ് ഉപദേശിച്ചത്. അങ്ങനെ മൈഹറിലെത്തിയ രവിശങ്കറും ഉസ്താദിന്റെ ചൂടറിഞ്ഞു. ഒടുവിൽ പഠനം കഴിഞ്ഞ് ഉസ്താദിന്റെ മകൾ അന്നപൂർണയെ ജീവിതസഖിയാക്കി രവിയുടെ മടക്കം. ഒരു അത്യസാധാരണ പ്രതിഭയെ ഏതാനും വർഷം കൊണ്ട് കലാരംഗത്തു നിന്ന് നിഷ്‌കാസനം ചെയ്യാൻ കാരണക്കാരനുമായി ദാമ്പത്യത്തിൽ നിന്ന് രവി വേർപെട്ടു. പൊതുവേദിയിലേക്കിനിയില്ലെന്ന് പ്രഖ്യാപിച്ച് വീട്ടിനുള്ളിൽ ഒതുങ്ങിയ അന്നപൂർണാദേവി, ഹരിപ്രസാദ് ചൗരാസ്യ ഉൾപ്പെടെ നിരവധി മഹാ സംഗീതജ്ഞരെ വളർത്തിയെടുക്കുകയും ചെയ്തു.
അലി അക്ബർ ഖാൻ, പണ്ഡിറ്റ് രവിശങ്കർ, അന്നപൂർണാദേവി എന്നിവർക്ക് പുറമേ പുല്ലാങ്കുഴൽ മാന്ത്രികൻ പന്നാലാൽ ഘോഷ്, സിതാർ വിദഗ്ദ്ധൻ നിഖിൽ ബാനർജി, വയലിൻ വിസ്മയം വി ജി ജോഗ്, സരോദ് വിദുഷി ശരൺ റാണി തുടങ്ങി വിശ്രുതരായ നിരവധി പേർ ഉസ്താദ് അലാവുദീൻ ഖാന്റെ ശിഷ്യരായിരുന്നു. ബാബായുടെ സംഗീതം അതിന്റെ മുഴുവൻ ആഴത്തോടും ആത്മാവോടും സ്വാംശീകരിച്ച ഉസ്താദ് അലി അക്ബർ ഖാനിൽ നിന്നാണ് രാജീവ് താരാനാഥ് തന്റെ സംഗീതജീവിതത്തിന് ജീവൻ നൽകിയത്. ഘരാനകളെ നിരാകരിച്ച സംഗീതപ്രവാഹമാണ് യഥാർത്ഥത്തിൽ മൈഹർ. ഇന്ത്യൻ സംഗീതത്തെ ദീർഘകാലത്തേക്കും പല തലമുറകളിലേക്കും സ്വാധീനം ചെലുത്തിയ ഒരു ചിന്താധാര. ബാൻഡ് എന്നത് ഇന്ന് കേട്ടുപഴകിയ സങ്കൽപ്പമാണ്. ബാബാ “മൈഹർ ബാൻഡ്” ആരംഭിക്കുമ്പോൾ അതൊരു പുതിയ വാക്കും ചിന്തയും പ്രയോഗവുമായിരുന്നു. പിന്നീട് ആകാശവാണി വാദ്യവൃന്ദ സംഘമൊക്കെ അതിന്റെ പ്രചോദനത്തിൽ ഉണ്ടായതാണ്. സംഗീതത്തെ പുനർനിർണയിക്കാനും പുനഃസൃഷ്ടിക്കാനുമൊക്കെ തീപ്പൊരിയായ ഒരു ദേശവും കാലവുമാണ് മൈഹർ. ആ മഹാനദിയിൽ നിന്നാണ് രാജീവ് താരാനാഥിന്റെയും ജനനമെന്ന് വിലയിരുത്താം. പണ്ഡിറ്റ് രവിശങ്കറിന്റെ സിതാർ, അലി അക്ബർ ഖാന്റെ സരോദ്, അന്നപൂർണാദേവിയുടെ സുർബഹാർ, വി ജി ജോഗിന്റെ വയലിൻ, നിഖിൽ ബാനർജിയുടെ സിതാർ, ശരൺ റാണിയുടെ സരോദ്, പന്നാലാൽ ഘോഷ്, ഹരിപ്രസാദ് ചൗരാസ്യ എന്നിവരുടെ പുല്ലാങ്കുഴൽ എന്നിവക്കെല്ലാം പൊതുവായ ഒരു സംഗീത ഭാവമുണ്ട്: ഒപ്പം അവയെല്ലാം വ്യത്യസ്തവുമാണ്. രാജീവ് താരാനാഥിലും ഈ അന്തർധാരയുടെ സ്വരം കേൾക്കാനാവും. സംഗീതത്തിലെ കവിതയും കവിതയിലെ സംഗീതവും കോർത്തിണക്കാനും രാജീവ് താരാനാഥിന് കഴിഞ്ഞു.
ആംഗല കവിതയും ഹിന്ദുസ്ഥാനി സംഗീതവും തമ്മിലുള്ള അസാധാരണമായ ഒരു സംഗമമാണ് രാജീവ് താരാനാഥിന്റെ സംഗീതം. പണ്ഡിതരായ മാതാപിതാക്കളിൽ നിന്നാണ് കവിതയിലേക്കും സംഗീതത്തിലേക്കുമുള്ള യാത്ര ആരംഭിക്കുന്നത്. അച്ഛൻ താരാനാഥ് മികച്ച സംഗീതജ്ഞനും ചരിത്രകാരനുമായിരുന്നു. അമ്മ സുമതിഭായ് ഏറെ പുരോഗമനചിന്തയുള്ള സ്ത്രീയായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഫെമിനിസ്റ്റുകളിൽ ഒരാൾ. ബാലവിവാഹത്തിനും വിവാഹത്തിനുള്ളിലെ ബലാൽസംഗത്തിനുമെതിരെ ശക്തമായി പ്രതികരിക്കുകയും എഴുതുകയും ചെയ്തിരുന്നു.
അച്ഛൻ മകനുവേണ്ടി മികച്ച സംഗീതശേഖരം തന്നെ വീട്ടിൽ ഉണ്ടാക്കിയിരുന്നു.
ഒരു ഗ്രാമഫോണും നിരവധി ഡിസ്‌ക്കുകളും വാങ്ങി. ഉസ്താദ് അബ്ദുൽകരീം ഖാനെപ്പോലുള്ള മഹാ സംഗീതജ്ഞരുടെ സംഗീതം നാല് വയസ്സ് മുതൽ കേൾക്കാൻ രാജീവ് താരാനാഥിന് അങ്ങനെ അവസരം ലഭിച്ചു. വായ്പാട്ടിലായിരുന്നു ആദ്യ പഠനം. ആദ്യം അച്ഛൻ തന്നെ മകനെ പഠിപ്പിച്ചു. കർണാടകസംഗീതത്തിന്റെ നാടാണെങ്കിലും ഹിന്ദുസ്ഥാനി സംഗീതജ്ഞരുടെ കേന്ദ്രമാണ് കർണാടക സംസ്ഥാനം. അതിന്റെ കേന്ദ്രമായ ഉത്തര കർണാടകത്തിൽ നിന്നുള്ള നിരവധി വിദ്വാന്മാരെ താരാനാഥ് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി. ഇവരുമായുള്ള സമ്പർക്കവും രാജീവിലെ സംഗീതത്തെ വളർത്തി. ഒൻപതാം വയസ്സിൽ കന്നഡ സാഹിത്യ പരിഷത് ഹാളിൽ ആദ്യത്തെ സംഗീതപരിപാടി (വായ്പാട്ട്) നടത്തി. അദ്ദേഹം വായ്പ്പാട്ടിൽ തന്നെ ഉറച്ചുനിന്നിരുന്നെങ്കിൽ രാജ്യത്തെ ഒന്നാംകിട പാട്ടുകാരിൽ ഒരാളാകുമായിരുന്നുവെന്ന് കർണാടകയിലെ പ്രശസ്ത സംഗീത നിരൂപകൻ ചന്ദ്രശേഖർ ഒരിക്കൽ പറഞ്ഞു. പ്രശസ്ത കന്നഡ സാഹിത്യകാരനും കലാകാരനും ജ്ഞാനപീഠ ജേതാവുമായ ചന്ദ്രശേഖര കമ്പാർ ഹംപിയെക്കുറിച്ച് തയാറാക്കിയ ഡോക്യൂമെന്ററിയിൽ പുരന്ദരദാസന്റെ “ലോലലോട്ട” എന്ന ഗീതം രാജീവ് താരാനാഥിനെക്കൊണ്ടാണ് പാടിച്ചത്. “മഹത്തരം” എന്നാണ് കമ്പാർ ഈ ആലാപനത്തെ വിശേഷിപ്പിച്ചത്. പുരന്ദരദാസ കൃതി ഇത്രയും മനോഹരമായി മറ്റാരും ആലപിക്കുന്നത് കേട്ടിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
ക്ലാസ്സിക്കൽ സംഗീതജ്ഞനാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. കുന്ദൻലാൽ സൈഗാളിന്റെയും തലത് മെഹമൂദിന്റെയും പാട്ടുകൾ പാടാൻ ഏറെ ഇഷ്ടപ്പെട്ടു. അവരെപ്പോലെ ചലച്ചിത്ര പിന്നണിഗായകനാകണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. സൈഗാളിന്റെ പാട്ടുകൾ അതേ വികാരതീവ്രതയോടെ അദ്ദേഹം പാടുമായിരുന്നു.
അച്ഛന്റെ താത്പര്യപ്രകാരമാണ് ഹിന്ദുസ്ഥാനി സംഗീതത്തിലെ വായ്പ്പാട്ട് പഠിച്ചത്. ദീർഘകാലം അധ്യാപകനായി പ്രവർത്തിച്ചു. അലി അക്ബർ ഖാനിൽ നിന്ന് സരോദ് പഠിച്ച ശേഷവും അധ്യാപകനായി തുടർന്നു. ഹൈദരാബാദിലെ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫോറിൻ ലാങ്ഗ്വേജസിൽ അധ്യാപകനായി പ്രവർത്തിക്കുന്ന കാലത്ത് പണ്ഡിറ്റ് രവിശങ്കർ അവിടെ സംഗീത പരിപാടിക്കെത്തി. രാജീവ് താരാനാഥ് അദ്ദേഹത്തെ നമസ്കരിച്ചു. നന്നായി സരോദ് കൈകാര്യം ചെയ്യുന്നയാൾ എന്താണ് അധ്യാപകനായി ജോലി ചെയ്യുന്നതെന്ന് ചോദിച്ചു. പൂർണമായി സംഗീതത്തിനായി ജീവിക്കാൻ അദ്ദേഹമാണ് ഉപദേശിച്ചത്.
അക്കാദമിക് പഠനത്തിൽ മികച്ച റെക്കോർഡാണ് രാജീവ് താരാനാഥിനുള്ളത്. ബി.എ ഓണേഴ്‌സിനും എം.എക്കും റാങ്ക് നേടി. മൈസൂർ സർവകലാശാലയിൽ നിന്ന് “Image in Poetry of TS Elliot” എന്ന ഗവേഷണത്തിന് ഡോക്ടറേറ്റും നേടി. തുടർന്ന് നിരവധി സ്ഥലങ്ങളിൽ അധ്യാപകനായി സേവനം. ഏദൻ സർവകലാശാലയിലും കാലിഫോർണിയ സർവ്വകലാശാലയിലുമടക്കം അദ്ദേഹം ജോലി ചെയ്തു. അധ്യാപകനായി തിളങ്ങിനിൽക്കുമ്പോഴാണ് സരോദിലേക്ക് ശ്രദ്ധ തിരിയുന്നത്. സരോദിന്റെ ശബ്ദം പോലും ഒട്ടും ഇഷ്ടമില്ലായിരുന്ന അദ്ദേഹം ഉസ്താദ് അലി അക്ബർ ഖാന്റെ സരോദ് കേട്ട ശേഷമാണ് അത്ഭുതകരമായി അതിലേക്ക് ആകർഷിക്കപ്പെട്ടത്. അലി അക്ബർ ഖാനെ കാണാൻ കൊൽക്കത്തയിലേക്ക് പുറപ്പെട്ടു. സന്ദർശകനെ സ്വീകരിച്ച് സൽക്കരിച്ച് അലി അക്ബർ ഖാൻ കാര്യം അന്വേഷിച്ചപ്പോഴാണ് സരോദ് പഠിക്കാനാണ് വരവെന്നറിഞ്ഞത്. ഇപ്പോൾ ചെയ്യുന്ന ജോലി തന്നെയാണ് സുരക്ഷിതമെന്നും അത് തുടരണമെന്നും എന്ത് സംഭവിച്ചാലും സരോദ് പഠിക്കണമെന്നാണെങ്കിൽ മാത്രം മടങ്ങിവരാനും പറഞ്ഞാണ് തിരിച്ചയച്ചത്.
പോയതുപോലെ കുറച്ചുകഴിഞ്ഞ് തിരിച്ചെത്തിയ രാജീവ് താരാനാഥിനെ അലി അക്ബർ ഖാൻ ശിഷ്യനായി സ്വീകരിച്ചു. ഖാൻ സാഹിബിനെ കണ്ടത് തന്റെ ജീവിതത്തിലും ചിന്തയിലും ഒരു Radical Change ഉണ്ടാക്കിയെന്ന് അദ്ദേഹം പറയുന്നുണ്ട്.
അതുവരെയുള്ള സംഗീതചിന്തകൾ മാറിമറിഞ്ഞു. സ്വരങ്ങളിൽ നിന്ന് സ്വരങ്ങളിലേക്ക് അനന്തമായ യാത്ര ചെയ്യുന്ന ഗുരു, ശിഷ്യനിലും തീരാത്ത അന്വേഷണതൃഷ്ണ വളർത്തി. മരണത്തിൽ മാത്രം അവസാനിച്ച അന്വേഷണത്തിന്റെ തുടക്കം അതായിരുന്നു.
അലി അക്ബർ ഖാൻ സരോദിനെ ഇന്ത്യൻ സംഗീതത്തിന്റെ ബിംബമായി ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു. അഫ്‌ഗാനി റബാബിൽ നിന്ന് പരിണാമപ്പെട്ടുണ്ടായതാണ് സരോദ് എന്ന അഭിപ്രായമുണ്ട്. ഉസ്താദ് അലാവുദ്ദീൻ ഖാൻ സരോദിനെ ഇന്ത്യൻ സംഗീതത്തിന്റെ അവിഭാജ്യ ഭാഗമാക്കി. സരോദിന്റെ സൂക്ഷ്മസാധ്യതകളെയും അതിന്റെ നാദത്തിന്റെ ആത്മാവിനെയും വർഷങ്ങളുടെ മനനം കൊണ്ട് പുറത്തുകൊണ്ടുവന്നത് അലി അക്ബർ ഖാനാണെന്ന് നിസ്സംശയം പറയാം. അലി അക്ബർ ഖാന്റെ വാദനം കേട്ടാൽ നാദത്തിൽ നിന്ന് ശ്രുതിയിലേക്കും സ്വരങ്ങളിലേക്കും രാഗങ്ങളിലേക്കുമുള്ള സരോദിന്റെ ഉയർച്ചയെ തൊട്ടറിയാൻ കഴിയും.
സദസ്സിനൊത്ത് വായിക്കുകയല്ല, തന്റെ വാദനത്തിലൂടെ സദസ്സിനെ തന്നിലേക്ക് സ്വാംശീകരിക്കുകയാണ് അലി അക്ബർ ഖാൻ. അദ്ദേഹത്തിന്റെ വാദനത്തിന്റെ സാന്ദ്രത രാജീവ് താരാനാഥിന്റെ സരോദിലൂടെയും അനുഭവിക്കാൻ കഴിയും. കേവലം ഗുരുവിന്റെ ശൈലിയുടെ അനുകരണമല്ല അത്. അലി അക്ബർ ഖാൻ സരോദിൽ സ്പർശിക്കുന്നതറിയില്ല. സരോദിലെ മീട്ടുകൾ കൊണ്ട് രാഗത്തിന്റെ അനന്യമായ അനുഭൂതികൾ അദ്ദേഹം അനുഭവിപ്പിക്കുന്നു. എന്നാൽ രാജീവ് താരാനാഥ് ശക്തിയുടെയും മെലഡിയുടെയും സംയോജനം കൊണ്ട് മറ്റൊരു അനുഭൂതി തീർക്കുന്നു.
ഗുരുവെന്ന നിലയിലും ഏറെ പ്രശസ്തനാണ് രാജീവ് താരാനാഥ്. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ശിഷ്യർക്കുവേണ്ടി ഓൺലൈൻ ക്ലാസ്സുകളും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. എന്നാലും ഗുരുമുഖത്തുനിന്നാണ് ശരിയായ സംഗീതപഠനം സാധ്യമാവുകയെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു. സർഗധനനായ ചലച്ചിത്ര സംഗീതകാരനുമായിരുന്നു അദ്ദേഹം. മലയാളത്തിൽ കാഞ്ചനസീത, കടവ് , പോക്കുവെയിൽ തുടങ്ങി ഏതാനും ചിത്രങ്ങൾക്കുവേണ്ടി അദ്ദേഹം പശ്ചാത്തല സംഗീതമൊരുക്കി. രാമായണത്തിന്റെ ഗോത്രവ്യാഖ്യാനം ജി അരവിന്ദൻ ചലച്ചിത്രത്തിലൂടെ നടത്തിയപ്പോൾ അതിന്
വന്യസൗന്ദര്യമുള്ള സംഗീതമാണ് ഒരുക്കിയത്. യു.ആർ അനന്തമൂർത്തിയുടെ നോവൽ
‘സംസ്‌കാര’ ചലച്ചിത്രമാക്കിയപ്പോൾ സംഗീതമൊരുക്കാൻ രാജീവ് താരാനാഥിനെയാണ് നിശ്ചയിച്ചത്. പുണെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ ഒരു വർഷത്തോളം ചലച്ചിത്ര സംഗീത അധ്യാപകനായിരുന്നു.
സർഗാത്മകതയും ഉല്പതിഷ്ണുത്വവും ഒന്നുപോലെ സംഗമിച്ച കലാകാരനാണ് അദ്ദേഹം. സാധാരണഗതിയിൽ സംഗീതജ്ഞർ സംഗീതമൊഴികെയുള്ള ബൗദ്ധിക മേഖലകളിൽ സജീവമാകാറില്ല. സംഗീതത്തിൽ എപ്പോഴും ഉണർന്നിരിക്കുകയും ബൗദ്ധികമേഖലയിൽ സക്രിയമായി ഇടപെടുകയും അവസാനം വരെ സ്വയം നവീകരിക്കുകയും ചെയ്തു എന്നതാണ് രാജീവ് താരാനാഥിനെ വ്യത്യസ്തനാക്കുന്നത്.