
അത്യാഡംബര അംബാനി കല്യാണത്തെ ബി.ബി.സി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ എങ്ങനെയാണ് വിശകലനം ചെയ്തതെന്ന് പ്രശസ്ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി സായ്നാഥ് സമൂഹ മാധ്യമമായ എക്‌സിൽ കുറിക്കുകയുണ്ടയായി. അംബാനി കല്യാണത്തെ എങ്ങനെയാണു മാധ്യമങ്ങൾ ‘ഭൂരിഭാഗം ഇന്ത്യക്കാരും രാജ്യത്തിന്റെ നേട്ടമായി’ കാണുന്ന നിലയിൽ ചിത്രീകരിക്കാൻ ശ്രമിച്ചത് എന്നും അദ്ദേഹം ചോദിച്ചു .”മനംപിരട്ടുന്ന രീതിയിൽ ആത്മരഥ്യയിൽ മുഴുകിയ ഒരു കൂട്ടം ആളുകൾക്ക് മാത്രം ഹൃദയാവർജ്ജകമാകുന്ന” ഒരു പരിപാടിയായിരുന്നു ഈ കല്യാണം എന്നും സായ്നാഥ് ചൂണ്ടിക്കാണിക്കുന്നു. സായ്നാഥിന്റെ കുറിപ്പുകളുടെ അടിസ്ഥാനത്തിലുള്ള ലേഖനം ഇവിടെ വായിക്കാം.
ബി.ബി.സി ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ വിവരണമനുസരിച്ച് അത്യാഡംബരമായി കൊണ്ടാടിയ അംബാനി കല്യാണം ‘ഭൂരിഭാഗം ഇന്ത്യക്കാരെയും സംബന്ധിച്ച് രാജ്യത്തിന്റെ നേട്ടമാണ്. അവരതിൽ മനോവിഷമം അനുഭവിക്കുന്നുമില്ല’. ബി.ബി.സിയോ മറ്റേതെങ്കിലും മാധ്യമങ്ങളോ ഇക്കാര്യത്തിൽ ഇന്ത്യക്കാരുടെ അഭിപ്രായം എന്താണ് എന്നറിയാൻ സർവ്വേ നടത്തിയിട്ടുണ്ടോ? ഇന്ത്യക്കാരെ സംബന്ധിച്ച് രാജ്യത്തിന്റെ നേട്ടമായി കാണുന്ന കാര്യങ്ങളെ അവർ എല്ലാകാലത്തും ആഘോഷമാക്കിയിട്ടുണ്ട്. അവർ തെരുവുകളിലിറങ്ങി നൃത്തം ചെയ്യും. ടി ട്വന്റി ലോകകപ്പ് നേടി രാജ്യത്തിന്റെ അഭിമാന താരങ്ങൾ തിരിച്ചെത്തിയപ്പോൾ ജനങ്ങൾ തെരുവുകൾ ആഘോഷമാക്കുന്നത് നമ്മൾ കണ്ടു. അംബാനി കല്യാണത്തെ ആഘോഷിക്കാൻ ആരെങ്കിലും തെരുവിലിറങ്ങി നൃത്തം ചെയ്യുന്നത് നിങ്ങൾ കണ്ടോ?

രാജ്യത്ത് ദശാബ്ദങ്ങളായി തുടർന്നുപോരുന്ന കാർഷിക പ്രതിസന്ധിയോടനുബന്ധിച്ച് ലക്ഷക്കണക്കിന് കർഷക കുടുംബങ്ങളിലെ കല്യാണങ്ങളാണ് മുടങ്ങിയത്. ഔദ്യോഗിക കണക്ക് പ്രകാരം മഹാരാഷ്ട്രയിലെ ആറ് ജില്ലകളിൽ മാത്രമായി ഒരു വർഷം മൂന്നുലക്ഷം കുടുംബങ്ങൾ പെൺകുട്ടികളുടെ വിവാഹ ചെലവ് താങ്ങാനാവാതെ ബുദ്ധിമുട്ടുന്നവരാണ്. പല കർഷക ആത്മഹത്യകളുടെയും പ്രധാന കാരണം ഇതാണ്. അച്ഛന്റെ മരണത്തിന് കാരണമായല്ലോ എന്ന മനോവിഷമത്തിൽ പിന്നീട് പെൺകുട്ടികളും ആത്മഹത്യ ചെയ്യുന്നു. രാജ്യത്തെ ജനങ്ങൾ അത്യാഡംബര അംബാനി വിവാഹത്തെ ഒരു നേട്ടമായി കാണുന്നുണ്ടോയെന്ന് എനിക്ക് സംശയമുണ്ട്.
മാധ്യമങ്ങളാണ് വിവാഹം ആഘോഷമാക്കുന്നത്. ഇന്ത്യയിലെ മാധ്യമശൃംഖലയാകെ നിയന്ത്രിക്കുന്നത് ആരാണെന്ന് പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ. മിക്കവാറും മാധ്യമ സ്ഥാപനങ്ങൾ എല്ലാം മുകേഷ് അംബാനിയുടെ കൈകളിലാണ്. അങ്ങനെയല്ലാത്ത മാധ്യമങ്ങളെ സംബന്ധിച്ച് അദ്ദേഹമാണ് ഏറ്റവും വലിയ പരസ്യദാതാവ്. ഇന്ന് മാധ്യമ സ്ഥാപനങ്ങളിലെ എഡിറ്റർ അല്ലെങ്കിൽ അവതാരകർ ഒരു ഇവന്റ് മാനേജരുടെ കർത്തവ്യമാണ് നിർവ്വഹിക്കുന്നത്. ചാനൽ മുറിയിൽ നൃത്തംവയ്ക്കുന്ന അവതാരകരുണ്ട്. ശ്വാസം പോലും വിടാതെ ജോലി ചെയ്യുന്നവരും ഉണ്ടാവാം. അംബാനി കല്യാണത്തിൽ വേറിട്ട് നിൽക്കുന്നത് എന്താണെന്നാൽ ലജ്ജയുടെ അഭാവമാണ്. ആതിഥേയർക്കും അവരുടെ പ്രശസ്തരായ അതിഥികൾക്കും ഈ ആഡംബരകൊഴുപ്പിൽ ലേശം പോലും നാണക്കേട് തോന്നിയില്ല. ആഡംബരത്തിന്റെ ഗർവ്വും നാണക്കേടിന്റെ അഭാവവും മുഴച്ചുനിന്നു. ആഭാസത്തിനു അതിനേക്കാൾ മോശമായ പേര് നൽകിയതു മാത്രമാണ് ഈ ആൾക്കൂട്ടത്തിന്റെ സംഭാവന. അതേസമയം സാമൂഹ്യമാധ്യമങ്ങളിൽ ചില ശക്തമായ ചോദ്യങ്ങൾ ഉയർന്നുവന്നു.

അത്യാഡംബര വിവാഹവും അതിന്റെ മുന്നൊരുക്കങ്ങളുമായി 132 ഓ 156 ഓ അല്ലെങ്കിൽ 320 മില്യൺ ഡോളറിനടുത്തോ (2673 കോടി രൂപ) ചിലവായി എന്നാണ് ഊഹാപോഹങ്ങൾ. കൃത്യമായ ചിലവ് തീർച്ചയായും അംബാനി കുടുംബം വെളിപ്പെടുത്താതെയിരിക്കില്ല. ലോകത്തിനു അറിയണം എന്ന് ആഗ്രഹം ഉള്ളതുകൊണ്ടല്ല. അംബാനി കുടുംബത്തിന് ലോകത്തെ അറിയിക്കണം എന്ന് നിർബന്ധം ഉള്ളതുകൊണ്ട്. രഹസ്യമായി വയ്ക്കാൻ ആണെങ്കിൽ അവർ ഇത്രയധികം ചിലവഴിക്കില്ലല്ലോ. അവർ നാളെ കല്യാണചെലവ് വിളിച്ചുപറഞ്ഞു അത് മറ്റൊരു ആഘോഷമാക്കും.
അംബാനിയുടെ ആകെ സമ്പത്ത് 118 ബില്യൺ ഡോളർ ആണ്. 320 മില്യൺ യുഎസ് ഡോളർ എന്ന് പറയുന്നത് അംബാനിയുടെ ആസ്തിയുടെ 0.27 ശതമാനം മാത്രമാണ്. 118 ബില്യൺ ഇന്ത്യയുടെ കാർഷിക ബജറ്റിന്റെ 7.5 മടങ്ങു വരും. കാർഷിക ബില്ലുകൾ നടപ്പിലാക്കിയിരുന്നെങ്കിൽ അതിൽ ഏറ്റവും ലാഭം കൊയ്യുക അംബാനി ആകുമായിരുന്നു. ഇന്ത്യയിൽ അംബാനിയും അദ്ദേഹത്തെപ്പോലെയുള്ള 199 ശതകോടീശ്വരന്മാരും ചേർന്ന് 974 ബില്യൺ ഡോളറിന്റെ സമ്പത്താണ് അനുഭവിക്കുന്നത്. ഇന്ത്യയുടെ സമ്പത്തിന്റെ അഞ്ചിലൊന്നാണ് ഇത് – കാർഷിക ബജറ്റിൻ്റെ 62 മടങ്ങ്! – എംഎൻആർഈജി പദ്ധതിയിൽ അവസാനം ചെലവഴിച്ചതിൻ്റെ 100 മടങ്ങ്! 2015 ൽ ഇന്ത്യയിൽ സ്വത്തുക്കളുടെ മേലുള്ള നികുതി പിരിക്കുന്നത് നിർത്തലാക്കി എന്നും നാം ഓർക്കണം.

സഹസ്രാബ്ദത്തിലെ കല്യാണത്തിന് ‘ഭൂരിഭാഗം ഇന്ത്യക്കാരുടെയും’ ആവേശകരമായ അംഗീകാരം ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഒന്നും നമുക്ക് കാണാൻ കഴിയില്ല. തീർച്ചയായും അത് ‘മനംപിരട്ടുന്ന രീതിയിൽ ആത്മരതിയിൽ മുഴുകിയ ഒരു കൂട്ടം ആളുകൾക്ക്’ മാത്രം ഹൃദയാവർജ്ജകമാകുന്നതാണ്. അവർ നീറോയുടെ അതിഥികൾ മാത്രമല്ല, ആതിഥേയർ തന്നെ ആണ്.