നാടകത്തിന്റെ ശവമടക്കുകൾ…

പോണ്ടിച്ചേരിയിലെ റൊമാൻ റോളാണ്ട് സ്ട്രീറ്റിലായിരുന്നു ഇന്ത്യനോസ്റ്റ്രം തിയേറ്റർ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ആഗസ്റ്റ് 31ന് ഇന്ത്യനോസ്റ്റ്രത്തിന്റെ പ്രവർത്തനം സമാപിച്ചു. കാരണം മറ്റൊന്നുമല്ല. അവർ പ്രവർത്തിച്ചിരുന്ന പാത്തെ സിനി ഫമിലിയാൽ എന്ന തിയേറ്ററിൽ നിന്ന് അവരെ പുറത്താക്കി.
കൊളോണിയൽ കാലത്ത് നിർത്തിപ്പോയ ഒരു സിനിമാശാലയാണ് പാത്തെ സിനി ഫമിലിയാൽ. വെറുതെ കിടന്നിരുന്ന ഈ കെട്ടിടം ജീർണാവസ്ഥയിലായിരുന്നു. കുമരൻ വളവനെ എന്ന നാടകപ്രവർത്തകന്റെ നേതൃത്വത്തിലുള്ള ഇന്ത്യനോസ്റ്റ്രം തിയേറ്റർ ഇവിടെ 2012 ജനുവരി ഒന്നിനാണ് പ്രവർത്തനം ആരംഭിച്ചത്. നാടക പരിശീലനങ്ങളും അവതരണങ്ങളുമായി സജീവമായ ഒരു വ്യാഴവട്ടമാണിപ്പോൾ അവസാനിച്ചത്.

നാടകക്കുട്ടികൾക്ക് നടക്കുകയും ഓടുകയും ചാടുകയും ആടുകയും ചെയ്യാവുന്ന സ്റ്റേജമ്മയാണ് തിയേറ്റർ എന്നാണ് ഇന്ത്യനോസ്റ്റ്രത്തിന്റെ സങ്കല്പനം. സ്റ്റേജമ്മ സ്വന്തം നാടകക്കുട്ടികളെ ഏറ്റെടുക്കുകയും സംരക്ഷിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യും.
കൊളോണിയൽ കാലത്ത് പ്രവർത്തിച്ചിരുന്നതും പിന്നീട് നിർത്തിപ്പോയതുമായ സിനിമാശാലയിൽ അടുക്കളയും അരങ്ങും കെട്ടിയുണ്ടാക്കി നാടകം കളിക്കാനും പഠിക്കാനുമുള്ള വേദിയൊരുക്കുകയായിരുന്നു ഇന്ത്യനോസ്റ്റ്രം. നൂറുകണക്കിന് നടിമാർക്കും നടന്മാർക്കും ജന്മം നൽകിയ ഈ സ്റ്റേജമ്മയുടെ അകം, സംഗീതവും പാട്ടും കഥകളും കൊണ്ട് എന്നും മുഖരിതമായിരുന്നു. വ്യക്തിപരവും കൂട്ടായതുമായ സർഗാത്മകതകൾക്ക് തെളിച്ചമേകി.

ഇവിടന്ന് പുറത്താക്കപ്പെടാതിരിക്കാനുള്ള എല്ലാ തന്ത്രങ്ങളും ഇന്ത്യനോസ്റ്റ്രം പ്രവർത്തകർ പരീക്ഷിച്ചു. ഊഹാപോഹങ്ങൾ പരത്തുക, അധികാരികളുടെ ശ്രദ്ധ പിടിച്ചു പറ്റുക, ഇടനിലക്കാർ വഴി ശ്രമിക്കുക – എല്ലാം നോക്കി. പക്ഷെ എല്ലാം പാഴായി.
സ്ഥലം പള്ളിയുടേതാണെന്നത് വാസ്തവമാണ്. നാടകക്കാരുടെ കൂടാരങ്ങൾ അഴിച്ചുകൊണ്ടുപോകാനായിരുന്നു എല്ലാവരുടെയും ഉപദേശം. അതെ, കലാകാരർ എപ്പോഴും അലയുന്നവരാണല്ലോ. ഇനി എവിടെ ആണ് ഈ കൂടാരം ഉറപ്പിക്കാനാവുക എന്നറിയില്ല.
ഒരു വിദ്യാലയം, ഒരു സെമിത്തേരി, ഒരു പള്ളി, ഒരു ആശുപത്രി ഇവയാൽ ചുറ്റപ്പെട്ടാണ് പാത്തെ സിനി ഫമിലിയാൽ നിൽക്കുന്നത്. കുട്ടികൾ വിദ്യാഭ്യാസത്തിനു വേണ്ടിയും രോഗികൾ ചികിത്സയ്ക്കു വേണ്ടിയും വിശ്വാസികൾ ആത്മാക്കൾക്കു വേണ്ടിയും മരിച്ചവർ അവരുടെ അന്ത്യസമാധാനത്തിനു വേണ്ടിയും സംസാരിക്കും, അവകാശങ്ങൾ ഉന്നയിക്കും. ഇതിനിടയിൽ ആർക്കാണ് നാടകവും തിയേറ്ററും ആവശ്യം?

പ്രജ്ഞയും ശരീരവും ആത്മാവും അബോധവും എല്ലാം തരംഗങ്ങൾ സൃഷ്ടിക്കുകയും കഥകൾ മെനയുകയും ചെയ്യുന്ന ഒരു ഇടമായിരുന്നു ഇത്.സംഗീതവും പാടലുകളും നാടകങ്ങളുമില്ലാത്ത ജീവിതം സൂര്യനും കാറ്റും രാത്രിയും ഇല്ലാതായിത്തീരുന്ന ശൂന്യത പോലെയായിരിക്കും. എവിടെ ആണ് വെളിച്ചത്തിന്റെ കീറ്? ഒരു കഥ, ഒരു പഴങ്കഥ, ഒരു നാടോടിക്കഥ ഇവയെല്ലാം ചേർന്ന് മനുഷ്യരുടെ ആസക്തികളും വികാരങ്ങളും അർത്ഥങ്ങളും സൗന്ദര്യവും കണ്ടെടുക്കുകയും നിറയ്ക്കുകയും ചെയ്യുകയായിരുന്നു. ഈ തിയേറ്റർ അടച്ചു പൂട്ടിയതിനാൽ താൻ ഈ നഗരം തന്നെ വിട്ടുപോവുകയാണെന്ന് കുമരൻ വളവനെ വികാരനിർഭരമായ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. ഇരുട്ടിലും മൗനത്തിലുമായിരിക്കും തങ്ങളുടെ കരച്ചിലുകളും അനാഥമായ സ്വപ്നങ്ങളും ഇനി വിലയിക്കുക എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫ്രാങ്കോ-തമിഴ് വംശജനായ കുമരൻ വളവനെ പതിനാലാം വയസ്സിൽ പാരീസിലേയ്ക്കു പോയി. അവിടെ തിയററ്റിക്കൽ ഫിസിക്സ് ആണ് പഠിച്ചതെങ്കിലും സെന്റർ കൾത്തുറെൽ ദെ ലുമിനി എന്ന സാംസ്കാരിക സംഘടന രൂപീകരിച്ച് അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി. പിന്നീട് നാട്യ എന്ന നാടകക്കമ്പനിയും ഉണ്ടാക്കി. പ്രമുഖ സംവിധായകൻ ഏരിയൻ നൗച്ച്ക്കിനെയുടെ കീഴിൽ തിയേറ്റർ ദു സൊലൈലിലും പ്രവർത്തിച്ചു. 2006ൽ ഇന്ത്യയിലേയ്ക്ക് തിരിച്ചു പോന്നു. 2007ലാണ് ഇന്ത്യനോസ്റ്റ്രം തിയേറ്റർ രൂപീകരിക്കുന്നത്. തെരുക്കൂത്ത് മുതൽ കട്ട ബൊമ്മലാട്ടം വരെ, ജനപ്രീതിയുള്ളതും വിസ്മരിക്കപ്പെട്ടതുമായ പല അവതരണകലാരൂപങ്ങളും പരിശീലനങ്ങൾക്കായും പരീക്ഷണങ്ങൾക്കായും പ്രയോജനപ്പെടുത്തി.
നിരവധി നാടകങ്ങൾ ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. ഏതു നാടകസംഘത്തിനും സംവിധായകനും ചുരുങ്ങിയ ചിലവിൽ, ഒഴിവും സാധ്യതയും അനുസരിച്ച് ഇവിടെ നാടകം പരിശീലിച്ചവതരിപ്പിക്കാമായിരുന്നു. പോണ്ടിച്ചേരി സർവകലാശാല(പിയു)യിൽ പെർഫോമിംഗ് ആർട്സ് വിഭാഗം ഉള്ളതുകൊണ്ട് രാജ്യത്തിന്റെ പല ഭാഗത്തു നിന്നുമുള്ള നാടക/കലാ വിദ്യാർത്ഥികൾ ഇവിടെ എത്തുന്നുണ്ട്. അവർ പഠനത്തിനിടയിലെ പരിശീലനത്തിനും പഠനാനന്തര അവതരണങ്ങൾക്കും ഇന്ത്യനോസ്റ്റ്രത്തിലെത്തി. ഇന്ത്യനോസ്റ്റ്രമാകട്ടെ പി.യുവിലും പിന്നെ രാജ്യത്തിനകത്തും പുറത്തും നിരവധി നാടകങ്ങൾ പല വേദികളിൽ അവതരിപ്പിച്ചു. ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
അരുൺ കാർത്തിക് സംവിധാനം ചെയ്ത നസീർ (2020) എന്ന തമിഴ് സിനിമയിൽ മുഖ്യ കഥാപാത്രമായ നസീറായി അഭിനയിച്ചത് കുമരൻ വളവനെ ആയിരുന്നു. റോട്ടർദാം ഫെസ്റ്റിവലിൽ അവാർഡ് നേടിയ നസീർ ഫിപ്രസ്കി ഇന്ത്യ ഗ്രാന്റ് പ്രീ യും നേടി.

പാ രഞ്ജിത്തിന്റെ നക്ഷത്രം നഗർഗിറത് (2022) എന്ന പ്രസിദ്ധ സിനിമയിലൂടെയാണ് ഞാൻ ഈ തിയേറ്ററിനെക്കുറിച്ചറിഞ്ഞത്. ആ സിനിമയിലെ നാടക പരിശീലനം നടക്കുന്നത് ഇന്ത്യനോസ്റ്റ്രത്തിലാണ്. ആധുനിക തമിഴ് സിനിമയിലെയും നാടകം പ്രമേയമായ സിനിമകളിലെയും നാഴികക്കല്ലാണ് നക്ഷത്രം നഗർഗിറത്.

ഈ സിനിമയാലും സിനിമയുടെ ലൊക്കേഷനാലും ആകർഷിക്കപ്പെട്ട ഞാൻ പോണ്ടിച്ചേരിയിൽ അന്വേഷിച്ചു നടന്ന് ഇന്ത്യനോസ്റ്റ്രം തിയേറ്റർ കണ്ടെത്തുകയും അതിന്റെ അന്തരീക്ഷം കൃത്യമായി അനുഭവിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ പുറത്താക്കപ്പെട്ട നാടകസംഘത്തിനു മുന്നിൽ കൊട്ടിയടക്കപ്പെട്ട പാത്തെ സിനി ഫമിലിയാലിന്റെ വാതിലിൽ ഒരു നിമിഷം ചേർന്നു നിന്ന് ഇന്ത്യനോസ്റ്റ്രത്തിന്റെ വേദനകളിൽ പങ്കു ചേർന്നു.
(ഇന്ത്യനോസ്റ്റ്രം തിയേറ്ററിന്റെ വിടവാങ്ങൽ കുറിപ്പിലെ കുറെ ഭാഗങ്ങൾ ലേഖനത്തിലുപയോഗിച്ചിട്ടുണ്ട്. അവരുടെ എഫ്.ബി പേജിൽ നിന്നുള്ള ചിത്രങ്ങളും)