A Unique Multilingual Media Platform

The AIDEM

Articles International Literature Long Read

ഏകാധിപതിയുടെ ജനാധിപത്യം

  • April 18, 2025
  • 3 min read
ഏകാധിപതിയുടെ ജനാധിപത്യം

വായന ഭാവന യാഥാര്‍ഥ്യം

 

‘Reading changed dreams into life and life into dreams and placed the universe of literature within reach of the boy I once was’  – Mario Vargas Llosa

എല്ലാ നിലയിലും ഒരു ഇതിഹാസ എഴുത്തുകാരന്‍ എന്ന് വിശേഷിപ്പിക്കാവുന്ന വലിയ പ്രതിഭയാണ്, തന്റെ എണ്‍പത്തിയൊമ്പതാം വയസ്സില്‍ കഴിഞ്ഞ ദിവസം (ഏപ്രില്‍ 13, 2025) അന്തരിച്ച, പ്രമുഖ സ്പാനിഷ്-പെറൂവിയന്‍ എഴുത്തുകാരന്‍ മാരിയോ വര്‍ഗാസ യോസ എന്ന് പ്രത്യേകം പറയേണ്ടതില്ല. ‘His departure will sadden his relatives, his friends and his readers around the world, but we hope that they will find comfort, as we do, in the fact that he enjoyed a long, adventurous and fruitful life, and leaves behind him a body of work that will outlive him’ എന്ന് അദ്ദേഹത്തിന്റെ മക്കള്‍ സംയുക്തമയി ഒപ്പിട്ട മരണപ്രഖ്യാപനക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത് ഏറെ അര്‍ഥവത്തായി തോന്നി.

മാരിയോ വര്‍ഗാസ് യോസ

‘മരണത്തെ മറികടക്കുന്ന അദ്ദേഹത്തിന്റെ രചനാലോകം’ എന്നത് മാത്രമല്ല, മാരിയോ വര്‍ഗാസ് യോസ എന്ന സങ്കീര്‍ണ്ണ വ്യക്തിത്വത്തിനുടമയായ എഴുത്തുകാരന്‍ പൂര്‍ത്തിയാക്കിയ ദീര്‍ഘവും സാഹസികവും ഫലപ്രദവുമായ ജീവിതത്തെക്കുറിച്ചുകൂടി പ്രസ്തുത കുറിപ്പ് എടുത്തു പറയുന്നു എന്നതിനാലാണ്, പൊതുവില്‍ ക്ലീഷെയില്‍ പതിക്കാവുന്ന ഒരു  കുറിപ്പ്, പെട്ടെന്ന് സമ്പൂര്‍ണ്ണാര്‍ഥം കൊണ്ട് പൂരിതമാകുന്ന ഒരു ഗംഭീര സാഹിത്യചരിത്ര വസ്തുതയായി പരിണമിച്ചത്..!

 

ഒരു പ്രതിഭയുടെ രൂപീകരണം

‘ലാറ്റിനിമേരിക്കന്‍ ബൂം’ എന്ന് പൊതുവില്‍ വിശേഷിപ്പിക്കപ്പെടുന്ന ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിന്റെ സജീവതയിലേക്ക്  വര്‍ഗാസ് യോസയും എത്തുകയായിരുന്നു. എഴുത്തിന്റെ ആദ്യ ഘട്ടത്തില്‍, 1960 കാലഘട്ടത്തില്‍, നായകന്റെ കാലം (Time of the Hero),   ഹരിത ഭവനം (The Green House) തുടങ്ങിയ നോവലുകളിലൂടെ സാഹിത്യലോകത്ത് ഏറെ ശ്രദ്ധ നേടിയ മാരിയോ വർഗാസ് യോസ, തുടര്‍ന്ന് കത്തീഡ്രലിലെ സംഭാഷണം (Conversation in the Cathedral), ലോകാവസാനത്തിന്റെ യുദ്ധം (War of the End of the World)  എന്നിങ്ങനെ വിവിധ നോവലുകളിലൂടെ ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്റെ അനിഷേധ്യമ ഭാഗമായി മാറുകയായിരുന്നു എന്നു പറയാം. പൊതുവില്‍, ‘ലാറ്റിന്‍ അമേരിക്കന്‍ ബൂം’ എന്നറിയപ്പെട്ട സാഹിത്യമുന്നേറ്റത്തിന്റെ പതാകവാഹകരായ ജൂലിയോ കോർട്ടസാർ, ഗബ്രിയേൽ ഗാർസിയ മാർക്കേസ് എന്നിവർക്കെല്ലാം ഒപ്പം, തുടര്‍ന്ന് തന്നെയും  പരിഗണിക്കുന്ന നിര്‍ബന്ധിത സാഹിത്യപശ്ചാത്തലമാണ്,  തന്റെ രചനകളിലൂടെ യോസ സൃഷ്ടിച്ചത് എന്നു പറയാം.

തന്റെ രചനാലോകത്തിന്റെ വൈവിധ്യം കൊണ്ടും വിചാരണാസ്വഭാവം കൊണ്ടും, ചരിത്രപരമായും രാഷ്ട്രീയമായും വൈയക്തികമായുമുളള ഭിന്നലോകങ്ങളെ എഴുത്തുകാരന്‍ അനായാസം-അനവരതം  സൃ‍ഷ്ടിച്ചുകൊണ്ടിരുന്നു. ബോര്‍ഹസിനോടും ഫോക്നറോടും എല്ലാം ഉളള തന്റെ കടപ്പാട് അത്രമേല്‍ ആത്മാര്‍ഥമായി ഈ പ്രതിഭ പല സന്ദര്‍ഭങ്ങളിലും സാക്ഷ്യപ്പെടുത്തിയിട്ടുളളത് വിസ്മരിക്കാനാകാത്തതാണ്. തന്റെ ആഖ്യാനത്തിന് ദിശയും ബോധവും നല്‍കിയവര്‍ എന്ന നിലയില്‍ തന്റെ മുന്‍ഗാമികളെ ഏറെ പ്രധാന്യത്തോടെ  അദ്ദേഹം എടുത്തുപറയുന്നത്, വലിയ ഒരു ആന്തരിക സംസ്കാരമായി തോന്നിയിട്ടുണ്ട്. 

സ്വീഡിഷ് രാജാവായ കാൾ പതിനാറാമൻ ഗുസ്താഫിൽ നിന്ന് (വലത്ത്) സാഹിത്യത്തിനുള്ള നോബൽ സമ്മാനം മാരിയോ വർഗാസ് ലോസ (ഇടത്) സ്വീകരിക്കുന്നു (2010)

2010ല്‍ നോബല്‍ പുരസ്കാര വാര്‍ത്ത അറിയിച്ചതിനു ശേഷം തുടര്‍ന്ന് ഒരു ഹ്രസ്വ ടെലിഫോണ്‍ അഭിമുഖത്തിനായി സ്വീഡിഷ് അക്കാദമിയുടെ വെബ്സൈറ്റിനുവേണ്ടി എഡിറ്റര്‍ ഇന്‍ ചീഫ് ആഡം സ്മിത്ത് വിളിക്കുമ്പോള്‍, പുരസ്കാര വാര്‍ത്ത പത്രത്തില്‍ വായിച്ചാലേ താന്‍ വിശ്വസിക്കൂ എന്ന് പറയുന്ന, രസകരമെന്നോ ബാലിശമെന്നോ തോന്നുന്ന ഒരു നിഷ്കളങ്കതയും യോസയില്‍ കാണാം. കാരണം അത്തരം പരിഗണനകളൊന്നും എഴുത്തുമായി ബന്ധപ്പെട്ട് അദ്ദേഹം പുലര്‍ത്തിയിരുന്നില്ലെന്ന കാര്യം കൂടിയാണ് അതില്‍ നിന്ന് വ്യക്തമാകുന്നത്. മാത്രമല്ല എഴുത്ത് തന്നെ, എഴുത്തിലെ ആനന്ദം എന്നത് തന്നെ സ്വമേധയാ തനിക്ക് വലിയ പാരിതോഷികമോ പ്രതിഫലമോ ആയിരിക്കുമ്പോള്‍, ആ പ്രതിഫലത്തിനു തന്നെ വീണ്ടും പ്രതിഫലമോ എന്നു കൂടി അദ്ദേഹം ആശ്ചര്യപ്പെടുന്നത് കാണാം..! (Writing has been such a fantastic pleasure for me all my life, that I cannot believe that I am honored and recompensed for something that has been a recompense in itself) അതേസമയം, മിഗില്‍ ആങ്ഹില്‍ അസ്തൂരിയാസ്, പാബ്ലൊ നെരൂദ, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്, ഒക്ടോവിയോ പാസ് എന്നിങ്ങനെ തനിക്കു മുമ്പ് ലാറ്റിനമേരിക്കയില്‍ നിന്ന് നോബല്‍ സമ്മാനം നേടിയ എഴുത്തുകാരെ ഏറെ ആദരവോടെ വായിക്കുകയോ സൗഹൃദം പുലര്‍ത്തുകയോ ഒക്കെ ചെയ്യുന്ന എഴുത്തുകാരന്‍ കൂടിയായിരുന്നു യോസ എന്നതും ശ്രദ്ധേയമാണ്.

വിക്ടർ യൂഗോ

എഴുത്തു മാത്രമല്ല, വായനയും അദ്ദേഹത്തിന് വലിയ ആനന്ദമായിരുന്നുവെന്ന് സാരം. വിക്ടര്‍ യൂഗോയുടെ ‘പാവങ്ങളെ’ക്കുറിച്ചും (The Temptation of the Impossible) മാര്‍ക്വേസിന്റെ ഏകാന്തതയുടെ നൂറുവര്‍ഷങ്ങളെക്കുറിച്ചും (García Márquez: Story of a Deicide)  യോസ, പ്രത്യേകം പഠനഗ്രന്ഥങ്ങള്‍‍ തന്നെ രചിച്ചിട്ടുണ്ട് എന്ന് ഓര്‍ക്കുമ്പോള്‍ അക്കാര്യം കൂടുതല്‍ വ്യക്തമാകും. മാര്‍കേസിനെക്കുറിച്ചുളള  പഠനത്തിനാണ് യോസ ഡോക്ടറേറ്റ് നേടിയത് എന്നതും ചേര്‍ത്തു വായിക്കാം. (പിന്നീട് മാര്‍ക്വേസുമായുളള അടുത്ത വ്യക്തിബന്ധത്തിന്, വലിയ വിളളല്‍ സംഭവിക്കുന്നുണ്ടെന്നത് മറ്റൊരു വിഷയമാണ്) മാത്രമല്ല ബോര്‍ഹസ് ഉള്‍പ്പെടെയുളള എഴുത്തുകാരെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുളള ലേഖനങ്ങളും പ്രത്യേകം പ്രസ്താവ്യമാണ്. സാഹിത്യത്തിന്റെ-ഫിക്ഷന്റെ- ഒരു നിത്യപഠിതാവുകൂടിയായിരുന്നു യോസ എന്ന് അദ്ദേഹത്തിന്റെ സൂക്ഷ്മവായനകളും എഴുത്തുകാരെക്കുറിച്ചുളള നിരീക്ഷണങ്ങളും പഠനങ്ങളും നമ്മളെ ബോധ്യപ്പടുത്തുന്നുമുണ്ട്.

ബോർഹസും യോസയും

വര്‍ഗാസ് യോസയുടെ രചനാലോകത്തിന്റെ വൈപുല്യവും പ്രമേയപരമായ വൈവിധ്യവും അമ്പരപ്പിക്കുന്നതാണ്. ഏകാധിപത്യം, ആക്ഷേപഹാസ്യം, രാഷ്ട്രീയം, ചരിത്രം, രതി എന്നിങ്ങനെ പലമേഖലകളാക്കി വിഭജിച്ചുകൊണ്ടാണ്, ഇന്ന് സാഹിത്യ  കുതുകികളും പഠിതാക്കളും അദ്ദേഹത്തിന്റെ രചനാ ലോകത്തെ സമീപിക്കുന്നത് എന്നതു തന്നെ അദ്ദേഹം  രചനയില്‍ പുലര്‍ത്തിയ നവീനതയുടെയും ക്രമരാഹിത്യത്തിന്റെയും ചരിത്ര-രാഷ്ട്രീയ വിശകലനങ്ങളുടെയും വലിയ സൂചനകളായി മനസ്സിലാക്കാം. ‘കുറഞ്ഞ വായനക്കാര്‍, ദരിദ്രരും നിരക്ഷരരുമായ നിരവധി ആളുകൾ, വലിയ തോതിലുളള അനീതി, കുറച്ചുപേരുടെ പ്രത്യേകാവകാശം പോലെയുളള സംസ്കാരം എന്നീ അവസ്ഥകള്‍ നിലനില്‍ക്കുന്ന എന്നെപ്പോലുള്ള ആളുകളുടെ രാജ്യങ്ങളിൽ എഴുത്ത് ഒരു ഏകാന്ത ആഡംബരമല്ലേ എന്ന് ചിലപ്പോൾ ഞാൻ ചിന്തിച്ചു. എന്നിരുന്നാലും, ഈ സംശയങ്ങൾ ഒരിക്കലും എന്റെ നിയോഗത്തെ/വാഞ്ഛയെ തടഞ്ഞില്ല, എന്റെ ഭൂരിഭാഗം സമയവും ഉപജീവനമാര്‍ഗത്തിനായി ചെലവഴിക്കുന്ന കാലഘട്ടങ്ങളിൽ പോലും, ഞാൻ എല്ലായ്പ്പോഴും എഴുതിക്കൊണ്ടിരുന്നു. ഞാൻ ശരിയായ കാര്യം ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്നു, കാരണം, സാഹിത്യം വളരുന്നതിന്, ഒരു സമൂഹത്തില്‍ ഉയർന്ന സംസ്കാരം, സ്വാതന്ത്ര്യം, സമൃദ്ധി, നീതി എന്നിവ ആദ്യം ഉണ്ടാകേണ്ടത് അനിവാര്യമായിരുന്നുവെങ്കില്‍, സാഹിത്യം ഒരിക്കലും നിലനിൽക്കില്ലായിരുന്നു’ എന്ന് യോസ, തന്റെ എഴുത്തു ജീവിത സംഘര്‍ഷത്തെക്കുറിച്ച്, നോബല്‍ ലെക്ചറില്‍ പറഞ്ഞിട്ടുണ്ട്. (In Praise of Reading and Fiction എന്ന പേരില്‍ അദ്ദേഹത്തിന്റെ നോബല്‍ പ്രസംഗം പുസ്തകരൂപത്തില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്) മാത്രമല്ല, ‘ഫിക്ഷന്‍ ഇല്ലാത്ത ലോകത്ത്, സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുളള അവബോധവും,  ഒരു സ്വേച്ഛാധിപതിയോ ഒരു പ്രത്യയശാസ്ത്രമോ അല്ലെങ്കിൽ ഒരു മതമോ വ്യക്തിസ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കുമ്പോൾ അത് എത്ര വലിയ നരകമായി മാറുമെന്നതിനെക്കുറിച്ചുമുളള അവബോധവും വളരെ കുറവായിരിക്കും. സാഹിത്യം സൌന്ദര്യത്തിന്റെയും സന്തോഷത്തിന്റെയും സ്വപ്നത്തിൽ  നമ്മെ മുക്കിക്കളയുക മാത്രമല്ല ചെയ്യുന്നത്, അത് എല്ലാത്തരം അടിച്ചമർത്തലുകളെയും കുറിച്ച് നമ്മെ ബോധവൽക്കരിക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ സംശയമുളളവര്ക്ക്‍, ജനനം മുതൽ മരണം വരെ പൗരന്മാരുടെ പെരുമാറ്റത്തെ നിയന്ത്രിക്കാൻ തീരുമാനിക്കുന്ന എല്ലാ ഭരണകൂടങ്ങളും അത് ഇത്രയധികം ഭയപ്പെടുന്നത് എന്തുകൊണ്ടാണ് എന്നും  അവരെ വരുതുയിലാക്കാന്‍  സെൻസർഷിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കുകയും സ്വതന്ത്ര എഴുത്തുകാരെ അത്യധികം ജാഗ്രതയോടെ നിരീക്ഷിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ് എന്നും ചോദിക്കാവുന്നതാണ്’ എന്നു കൂടി തന്റെ നോബല്‍ പ്രഭാഷണത്തില്‍ യോസ പറയുന്നുണ്ട്. 1936ല്‍ പെറുവിലാണ് യോസയുടെ ജനനം. യോസക്ക് അഞ്ചുമാസം പ്രായമുള്ളപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ സാഹചര്യമുണ്ടായി. അതിനുമുമ്പും, അച്ഛന്‍ കൃത്യതയില്ലാത്ത ഒരു സാന്നിധ്യമായിരുന്നുവെന്ന് യോസ എഴുതിയിട്ടുണ്ട്.

‘I was born on the second floor of the house on the Bulevar Parra, where my grandparents lived, early on the morning of March 28, 1936, after a long and painful labor. My grandfather sent a telegram to my father, by way of Panagra, giving him the news of my arrival in the world. He did not answer, and he also failed to answer a letter that my mother wrote telling him that I had been baptized with the name of Mario‘എന്ന് നമ്മള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ വായിക്കുന്നു.

പിന്നീട് അമ്മയോടൊപ്പം ബൊളീവിയയിലും പെറുവിലെ വിയൂറിയയിലും എല്ലാം യോസ ജീവിക്കുന്നുണ്ട്. പിന്നീട് 1946 ലാണു വീണ്ടും അഛനെ കാണുന്നത്. പിന്നെ അച്ഛനമ്മമാരോടൊത്ത് ലിമയില്‍. അച്ഛന്റെ അടിച്ചമര്‍ത്തലും യോസയുടെ ജീവിതത്തെ പല രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട് എന്ന് അദ്ദേഹം വെളിപ്പടുത്തിയിട്ടുണ്ട്. വളരെ നാടകീയമായി,  പത്തൊമ്പത് വയസ്സുള്ളപ്പോള്‍ തന്നേക്കാള്‍ പതിമൂന്ന് വയസ്സിനു മുതിര്‍ന്ന ഒരു കസിനെ യോസ വിവാഹം കഴിച്ചുവെങ്കിലും, അധിക നാള്‍ ആ ബന്ധം നിലനിന്നില്ല. ആ ബന്ധത്തെ ആധാരമാക്കി യോസ എഴുതിയ നോവലായിരുന്നു Aunt Julia and The script writer. ഇത് പിന്നീട് Tune in Tomorrow എന്ന പേരില്‍ സിനിമയും ആയിട്ടുണ്ട്.

 

ജലത്തില്‍ മത്സ്യം എന്നതുപോലെ

വാസ്തവത്തില്‍, ഫിക്ഷന്റെ ഉന്നത ദൗത്യത്തെക്കുറിച്ചുളള ഈ ചിന്ത സാര്‍ഥകമായി പ്രതിഫലിക്കുന്ന ഒരു എഴുത്തുലോകമായാണ്, വര്‍ഗാസ് യോസയുടെ രാഷ്ട്രീയ-ഏകാധിപത്യ പ്രമേയങ്ങള്‍ നിലകൊളളുന്നത് എന്ന് കാണാവുന്നതാണ്. മാത്രമല്ല, ഒരു രാഷ്ട്രീയ വ്യക്തിത്വം യോസയില്‍ സജീവമായിരുന്നു എന്നതും അദ്ദേഹത്തിന്റെ എഴുത്തുലോകത്തിന് സമാന്തരമായി കാണേണ്ട പ്രധാന വസ്തുതയാണ്. എഴുത്തുപോലെ ലാറ്റിനമേരിക്കൻ രാഷ്ട്രീയത്തിലും സജീവമായി ഇടപെട്ട ഒരാളാണ് യോസ എന്നു പറയാം. ആദ്യഘട്ടത്തില്‍, മാർകേസിനൊപ്പം ഇടതുപക്ഷ രാഷ്ട്രീയത്തില്‍ യോസയും ഉണ്ടായിരുന്നു. അതുപോലെ, ക്യൂബൻ പ്രധാനമന്ത്രിയായിരുന്ന (പിന്നീട് പ്രസിഡണ്ട്) ഫിഡല്‍ കാസ്ട്രോയുമായി യോസ അടുത്ത ബന്ധം പുലർത്തിയിരുന്നു. എന്നാൽ  അധികാരത്തിന് സ്വേച്ഛാധിപത്യത്തിലേക്കുളള വഴി കൂടുതല്‍ സുഗമമാണ് എന്ന വലിയ തിരിച്ചറിവിലേക്കാണ് തുടര്‍ന്ന് യോസ എത്തുന്നത്. പ്രത്യേകിച്ചും സോവിയറ്റ് യൂണിയന്റെ ചെക്കോസ്ലാവാക്യന്‍ അധിനിവേശത്തെ ക്യൂബ പിന്തുണച്ചതോടെയാണ്, യോസ ഇടതുപക്ഷത്തില്‍ നിന്നും കാസ്ട്രോയില്‍ നിന്നും അകലുന്നത്.  പിന്നീട് അദ്ദേഹം മറ്റ് രാഷ്ട്രീയാന്വേഷണങ്ങള്‍ക്ക് മുതിരുന്നതും അങ്ങനെ നമ്മള്‍ കാണുന്നു.

ആൽബർട്ടോ ഫ്യുജിമോറിയും വർഗാസ് യോസയും

ഒരു ലിബറൽ ജനാധിപത്യത്തിന് വേണ്ടിയാണ് പിന്നീടദ്ദേഹം നിലകൊണ്ടതെങ്കിലും കാലക്രമത്തില്‍ അദ്ദേഹം വലിയ തോതില്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ തടവില്‍ കുടുങ്ങിയോ എന്ന സന്ദേഹം ഉണ്ടാകുന്നുണ്ട്. പ്രത്യേകിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ക്കും യോസയ്ക്കും ഇടയില്‍ പരസ്പരമുണ്ടായ ഊഷ്മള ആരാധനയും ‘രാഷ്ട്രീയ പ്രണയവും’ യോസയെ 1990 ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് മത്സരത്തിലേക്ക് വരെ നയിക്കുകയുണ്ടായി. മാര്‍ഗരറ്റിന്റെ ‘കൺസര്‍വേറ്റീവ് ടിക്കറ്റ്’ കൂടിയായിരുന്നു ഒരര്‍ഥത്തില്‍ ആ സ്ഥാനാര്‍ഥിത്വം. പക്ഷേ, പിന്നീട് മറ്റൊരു ഏകാധിപതിയായി മാറിയ ആല്‍ബര്‍ട്ടോ ഫ്യുജിമോറിയോട് യോസ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു. അഴിമതിമുക്തവും നൈതികവുമായ ഒരു രാഷ്ട്രീയം എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന്, A Fish in The Water എന്ന (ആത്മകഥാത്മകമായ ഓര്‍മകള്‍) കൃതിയല്‍ അദ്ദേഹം പറയുന്നുണ്ട്. തോല്‍വിക്കു ശേഷം നിരാശതയോടെ സ്പെയിനിലേക്കു പോയ യോസ, തുടര്‍ന്ന് ഒരു ഉയിര്‍ത്തെഴുന്ന്ല്പ് പോലെ, ആത്മപരിഹാസത്തോടെക്കൂടി രചിച്ച കൃതിയായിരുന്നു A Fish in the Water.

സംഘര്‍ഷകാലത്തിനും കോലാഹലത്തിനും ശേഷം താന്‍ ആര്‍ജ്ജിച്ച സ്വാസ്ഥ്യത്തിന്റെ സൂചന കൂടിയാകണം, ഇംഗ്ലീഷ് പ്രയോഗത്തില്‍ നിന്നു  രൂപപ്പെട്ട പ്രസ്തുത ശീര്‍ഷകം. എങ്കിലും 2022ല്‍ ബ്രസീല്‍ ഇലക്ഷനില്‍ ബോള്‍സനാരൊയെ  പിന്തുണച്ച് വീണ്ടും അദ്ദേഹം ഒരു ആശയക്കുഴപ്പം സ‍ൃഷ്ടിച്ചു എന്നത് മറ്റൊരു കാര്യം. ബോള്‍സനാരൊയുടെ എല്ലാ വിഡ്ഢിത്തങ്ങളോടുംകൂടി തന്നെ അയാളെ പിന്തുണയ്ക്കുന്നു എന്ന യോസയുടെ പ്രഖ്യാപനം വാര്‍ത്തയായിരുന്നു.  അതേസമയം, എപ്പോഴും സ്വാതന്ത്ര്യത്തെ മുറുകെപ്പിടിച്ച, അത് ധ്വംസിക്കപ്പെടമ്പോഴെല്ലാം ശബ്ദിച്ച വലിയ ഒരു എഴുത്തുകാരന്‍ യോസയില്‍ മരണം വരെയും ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ സന്ദേഹമില്ല.

മാര്‍ഗരറ്റ് താച്ചര്‍

മാത്രമല്ല, ‘Along with religion, nationalism has been the cause of the worst slaughters in history, like those in the two world wars and the current bloodletting in the Middle East. Nothing has contributed as much as nationalism to Latin America’s having been Balkanized and stained with blood in senseless battles and disputes, squandering astronomical resources to purchase weapons instead of building schools, libraries, and hospitals’ എന്ന, നോബല്‍ പ്രഭാഷണത്തില്‍ പറയുന്ന അടിസ്ഥാന ബോധം, എപ്പോഴും യോസയില്‍ ഒരു ചാലകശക്തിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

 പെറുവിലെ, പ്രസിഡണ്ട് ഇലക്ഷനിലെ തോല്‍വിക്ക് ശേഷം, വീണ്ടും ഗൗരവമായി എഴുത്തു മേശയിലേക്ക് തിരിച്ചെത്തിയ യോസയിലെ പ്രതിഭ, പിന്നെ പ്രത്യക്ഷമാകുന്നത്  The Feast Of the Goat എന്ന അദ്ദേഹത്തിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‍ഡിക്ടേറ്റര്‍ നോവല്‍ അഥവാ ‘സ്വേച്ഛാധിപത്യ’ നോവലുമായിട്ടായിരുന്നു.  സ്വേച്ഛാധിപത്യത്തിനും ലിബറലിസത്തിനും ഇടയിലുള്ള സംഘർഷത്തെക്കുറിച്ചുള്ള ആഴത്തിലുളള അന്വേഷണമായാണ് ആടിന്റെ വിരുന്ന് എന്ന നോവല്‍ നിലകൊണ്ടത്.

അഥവാ സ്വേച്ഛാധിപതികളുടെ അധികാര ഇച്ഛയ്ക്കും ജനങ്ങളുടെ സ്വതന്ത്ര ഇച്ഛയ്ക്കും ഇടയിൽ, ജനാധിപത്യ പ്രയോഗത്തിന്റെയും വ്യക്തിഗത സ്വാതന്ത്ര്യത്തിന്റെയും കാര്യങ്ങള്‍ നോവല്‍ സൂക്ഷ്മമായി അപഗ്രഥിക്കുകയായിരുന്നു എന്നും പറയാം. ഏകാധിപത്യത്തില്‍, ‘ജനാധിപത്യം’ എന്ന വാക്കിന്റെ സ്വീകൃതാര്‍ഥം പാടേ മാറുകയും അത് ജനങ്ങള്‍ക്കുമേലുളള സര്‍വ്വാധിപത്യമായി  പരിണമിക്കുകയും ചെയ്യുന്ന വൈരുധ്യം ചരിത്രത്തില്‍ തുടരെ തുടരെ പ്രകടമാണല്ലോ..! മിഗുവൽ ഏഞ്ചൽ അസ്റ്റൂറിയാസിന്റെ ‘ദി പ്രസിഡന്റ്’ (1946), അഗസ്റ്റോ റോ ബാസ്റ്റോസിന്റെ ‘ഐ ദി സുപ്രീം’ (1974), അലെജോ കാർപെന്റിയറുടെ ‘റീസൺസ് ഓഫ് സ്റ്റേറ്റ്’ (1974), ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ ‘ഓട്ടം ഓഫ് ദി പാട്രിയാര്‍ക്ക്’ (1975), ടോമാസ് എലോയ് മാർട്ടിനെസിന്റെ ‘ദി പെറോൺ നോവൽ’ (1985) എന്നിവരെല്ലാം  ഉൾപ്പെടുന്ന ലാറ്റിനമേരിക്കന്‍ ഡിക്ടേറ്റര്‍ നോവലുകളുടെ പശ്ചാത്ഭൂമിക, അവിടുത്തെ രാഷ്ട്രീയ ഭൂമിക തന്നെയാണെന്നു കൂടി മനസ്സിലാക്കേണ്ടുതുണ്ട്. ജീവാപായം ഡെമോക്ലീസിന്റെ (Damocles) വാളുപോലെ എഴുത്തുകാരന്റെ തലയ്ക്കു മുകളില്‍ നില്‍ക്കുമ്പോള്‍, അലിഗറിയും മാജിക് റിയലിസവും എല്ലാം ആഖ്യാന സങ്കേതമാകുന്നതില്‍ അത്ഭുതമില്ല. അതേസമയം, യോസ അതില്‍ നിന്ന് അല്‍പം വിഭിന്നമായി തന്നെ കഥാപാത്രത്തെ -റാഫേല്‍ ട്രുഹില്ലോയെ- ഏറെക്കുറെ യഥാതഥമായിത്തന്നെ അവതരിപ്പിക്കുകയാണ്. അത് തനിക്ക് നിര്‍ബന്ധമായിരുന്നു എന്നും മുഖമില്ലാതെയോ ഭ്രമാത്മകമോ ആയി തന്റ കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും യോസ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ‘ക്യാപ്റ്റൻ പന്തോജയും സ്പെഷ്യൽ സർവീസും’ എന്ന യോസയുടെ കൃതിയെ ആസ്പദിച്ചുളള സിനിമയിലെ കാലഘട്ടം തന്നെയാണ് ഏറെക്കുറെ വർഗാസ് യോസയുടെ നോവല്‍ ആരംഭിക്കുന്ന കാലഘട്ടവും.

 

ആഖ്യാനത്തിന്റെ വിരുന്ന്

ആടിന്റെ വിരുന്ന് എന്ന നോവൽ പൊതുവില്‍ ലാറ്റിൻ അമേരിക്കൻ സ്വേച്ഛാധിപത്യങ്ങളെ മാത്രമല്ല, ഇരുപതാം നൂറ്റാണ്ടിലെ ‘കരിസ്മാറ്റിക്’ സ്വേച്ഛാധിപത്യ നേതാക്കളുടെ മുഴുവൻ ചരിത്രത്തെയും ഒരര്‍ഥത്തില്‍ പ്രതിധ്വനിപ്പിക്കുകയോ പ്രതിഫലിപ്പിക്കുകയോ ചെയ്യുന്നുണ്ട്. ഹിറ്റ്‌ലർ, മുസ്സോളിനി, ഫ്രാങ്കോ, സ്റ്റാലിൻ, മാവോ, ആഫ്രിക്കൻ സ്വേച്ഛാധിപതികൾ എന്നിങ്ങനെ അത് വലിയൊരു നിര  തന്നെയായിത്തീരുന്നു. ഹവാന്‍ പെരോണ്‍ (Juan Perón-Argentina), ഫുല്‍ഹെന്‍സിയോ ബാറ്റിസ്റ്റ (Fulgencio Batista-Cuba), ഫ്രന്‍സ്വോ ‍ഡുവലിയര്‍ (François Duvalier-Haiti), അനസ്തേസിയോ സൊമോസ (Anastasio Somoza-Nicaragua), ആല്‍ഫ്രഡൊ സ്ട്രസ്നര്‍ (Alfredo Stroessner-Paraguay) എന്നിങ്ങനെ ആടിന്റെ വിരുന്നിലെ പ്രതിനായകനായ ഏകാധിപധി റാഫയേല്‍ ട്രുഹില്ലോയുടെ (Rafael Trujillo) കാലത്തും തൊട്ട് മുന്നിലുമായി എത്ര എത്ര ഏകാധിപതികള്‍?! നാല്പതിനായിരവും അമ്പതിനായിരവും മുതല്‍ ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുന്ന അവരുടെ ‘ഭരണനൈപുണി’ രൂപം കൊള്ളുന്നത് എങ്ങനെയാണ്..?!! ആടിന്റെ വിരുന്ന് ഉന്നയിക്കുന്ന വലിയ ചോദ്യങ്ങളായിക്കൂടി ഇവയെക്കാണാം. കാരണം അടിസ്ഥാനപരമായി യോസയുടെ ലക്ഷ്യം ഈ തീരാദുരിധങ്ങളുടെ പ്രാഥമിക റിപ്പോര്‍ട്ടിംഗ് കൂടിയാണ്. തന്റെ ഗരിമയുളള ആഖ്യാനത്തിലൂടെ അദ്ദേഹം അത് സര്‍ഗാത്മകമായി നിര്‍വ്വഹിക്കുക കൂടിയാണ് നോവലില്‍.

റാഫയേല്‍ ട്രുഹില്ലോ

മിഗില്‍ ആങ്ഹില്‍ അസ്തൂരിയാസിന്റെ ‘ദി പ്രസിഡന്റ്’ (1946), അഗസ്റ്റോ റോ ബാസ്റ്റോസിന്റെ ‘ഐ ദി സുപ്രീം’ (1974), അലെജോ കാർപെന്റിയറുടെ ‘റിസൺസ് ഓഫ് സ്റ്റേറ്റ്’ (1974), ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ ‘ഓട്ടം ഓഫ് ദി പാട്രിയാര്‍ക്ക്’ (1975), ടോമാസ് എലോയ് മാർട്ടിനെസിന്റെ ‘ദി പെറോൺ നോവൽ’ (1985) എന്നിവ ഈ ശ്രേണിയില്‍ കാണാവുന്ന പ്രധാന രചനകളാണ്. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ യോസയുടെ കൃതിയെ ആസ്പദമാക്കി തയ്യാറാക്കിയ ‘ക്യാപ്റ്റൻ പന്തോജയും സ്പെഷ്യൽ സർവീസുകളും’ എന്ന സിനിമയുടെ പ്രമേയകാലഘട്ടം തന്നെയാണ്, വർഗാസ് ലോസയുടെ നോവൽ ആരംഭിക്കുന്ന കാലഘട്ടവും എന്ന് പറയാം.

നോവലില്‍,  ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ഏകാധിപതിയായിരുന്ന റാഫയേല്‍ ട്രുഹില്ലോയുടെ (Rafael Trujillo) കൊലപാതകമാണ് ആടിന്റെ വിരുന്ന് എന്ന നോവലിലെ പ്രധാന സംഭവം. ലൈംഗികവും അല്ലാത്തതുമായ കാര്യങ്ങളില്‍ അദ്ദേഹത്തിന് ആട് എന്ന ജീവിയോടുളള സാദൃശ്യങ്ങള്‍ കാരണം, ട്രൂഹില്ലോയും ‘ആട്’ എന്ന് വിളിക്കപ്പെട്ടിരുന്നു. നോവലിന്റെ ശീര്‍ഷകം, അദ്ദേഹത്തിന്റെ മരണദിവസത്തെ അനുസ്മരിക്കുന്ന ഒരു ജനപ്രിയഗാനമായ ‘They Killed Goat’ എന്ന മെരെംഗെയെ  (Merengue) എന്നത് നിക്കോ ലോറ എന്ന നാടോടി സംഗീതജ്ഞന്‍ രൂപകല്പന ചെയ്ത സംഗീത രീതിയാണ്.

ഇത് ട്രുഹില്ലോയും ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു) അടിസ്ഥാനമാക്കിയുള്ളതാണ്: അതേസമയം,  ഭരണാധികാരിയുടെ ഈ ഹത്യയിലേക്ക് നയിച്ച സംഭവങ്ങളും അതിന്റെ ഭയാനകമായ തുടര്‍ഫലങ്ങളും മൂന്ന് വ്യത്യസ്തമായ- മാറിമാറി വരുന്ന ആഖ്യാന വഴികളിലാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. മെയ് മുപ്പതിന് ആളുകൾ ആടിന്റെ വിരുന്നായി ആഘോഷിക്കുകയും  അവിടെ നിന്ന് നിഷ്ക്രമിക്കുകയും ചെയ്യുന്നു. രാജ്യത്തെ അരാജകത്വം അവസാനിപ്പിക്കാനുളള വാഗ്ദാനത്തോടെയും നിലവിലുള്ള അരക്ഷിതാവസ്ഥയോടുള്ള ജനങ്ങളുടെ വലിയ അസംതൃപ്തിയെ സമർത്ഥമായി ചൂഷണം ചെയ്തുമാണ് ചരിത്രത്തില്‍ മിക്കപ്പോഴും ഏകാധിപതികൾ ഉയര്‍ന്നു വരുന്നത്. എന്നാല്‍ വൈകാതെ അവര്‍ തന്നെ രാജ്യത്തിന്റെ വലിയ വിപത്തായി മാറുന്നു. സ്വാതന്ത്ര്യം, സംസ്കാരം, നന്മ, നീതി തുടങ്ങി എല്ലാം ഇരുട്ടിലേക്ക് പോകുന്നു. ആടിന്റ വിരുന്നിലും നമ്മള്‍ അതു തന്നെയാണ് കാണുന്നത്.

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്

1930-ൽ ജനറൽ ട്രൂഹില്ലോ ഭരണം ഏറ്റെടുക്കുമ്പോൾ അയാള്‍ ഒരു തികഞ്ഞ രക്ഷാലുവിന്റെ പരിവേഷത്തിലായിരുന്നു. സ്‌പെയിനും ഫ്രാൻസും ഹെയ്തിയുമൊക്കെ മാറിമാറി അധീശത്വം പുലർത്തിയ  ഡൊമിനിക്കൽ ജനതയെ മോചിപ്പിക്കുമ്പോള്‍, സ്വഭാവികമായും അവരുടെ  വിമോചക സ്ഥാനത്തേക്ക് ട്രുഹില്ലോ ഉയരുകയാണ്.  ആഭ്യന്തര യുദ്ധങ്ങള്‍ അവസാനിപ്പിക്കുമ്പോഴും ഹെയ്ത്തിയുടെ പുനരാക്രമണ നീക്കം ശിഥിലമാക്കുമ്പോഴും അമേരിക്കയോടുളള അന്തസ്സില്ലാത്ത ദാസ്യം  അവസാനിപ്പിക്കുമ്പോഴും ട്രുഹി ജനതയുടെ മനസ്സിന്റെ ഉയരങ്ങളില്‍ തന്നെ നിലകൊണ്ടു. അതിനെ കൃത്യമായി പ്രയോജനപ്പെടുത്തും വിധം ‘God in Heaven, Trujillo on Earth’എന്ന മുദ്രാവാക്യം ട്രുഹില്ലോ സൃഷ്ടിച്ചു. അയാള്‍ തനിക്കു ചുറ്റും സൃഷ്ടിച്ച രക്ഷക പരിവേഷത്തിന്റെ വലിയ സൂചന കൂടിയായിരുന്നു അത്. കടക്കെണിയിൽനിന്നും രാജ്യത്തെ കരകയറ്റുകയും ഭരണ മികവുളള ഉദ്യോഗസ്ഥരെ  ജോലികള്‍ ഏല്‍പ്പിക്കുകയും ചെയ്തു.  ജനങ്ങള്‍ ഏറെ സന്തുഷ്ടരും സംതൃപ്തരും ആയിരിക്കുമ്പോള്‍ തന്നെയാണ്, ഏകാധിപതി തന്റെ തനി സ്വരൂപത്തിലേക്ക് എത്തിച്ചേരുന്നത്. ആടിന്റെ വിരുന്നിലെ 24അദ്ധ്യായങ്ങളിലൂടെ ഏകാധിപത്യത്തിന്റെ വിശ്വരൂപം യോസ പ്രത്യക്ഷമാക്കുന്നു. ആട്ടിന്‍ തോലണിഞ്ഞ ചെന്നായയെ ഓര്‍മിപ്പിക്കും വിധം ഈ ഭാവമാറ്റം, ഒരു രാജ്യത്തിന്റെ ആധാരശിലയെത്തന്നെ ഇളക്കുന്നതെങ്ങനെ എന്ന് യോസയുടെ പ്രതിഭ അനായാസം, എന്നാല്‍ അമ്പരപ്പിക്കുന്ന വിധം ആവിഷ്കരിക്കുന്നു.

യോസയും മാർക്വേസും

ഭരണാധികാരിയുടെ ക്രൂരതയുടെയും ലൈംഗികതയുടെയും കേളീരംഗമായി രാജ്യകാരങ്ങള്‍ മാറുന്നത് നോവല്‍ നിര്‍ദ്ദാക്ഷിണ്യം വെളിപ്പെടുത്തുന്നു. ഒരേ സമയം മൂന്നു വ്യത്യസ്ഥ തലങ്ങളിലാണ് ആടിന്റെ വിരുന്ന് വികസിക്കുന്നത്. യോസയുടെ മാന്ത്രികാഖ്യാനത്തിന്റെ സവിശേഷതകള്‍- സൂക്ഷ്മതയും ഉപകഥകള്‍ സന്നിവേശിപ്പിക്കുന്ന പ്രാഗത്ഭ്യവും-  തീര്‍ച്ചയായും ഈ നോവലിലും  പ്രകടമാണ്. ഭൂതകാലത്തില്‍ നിന്നും ആഖ്യാനം പെട്ടെന്ന് വര്‍ത്തമാനകാലത്തിലേക്കും തിരിച്ചും നീങ്ങിക്കൊണ്ടിരിക്കുന്നത് ശ്രദ്ധേയമാണ്. ട്രുഹില്ലോയുടെ മന്ത്രിസഭയിലെ പ്രമുഖനായിരുന്ന സെനറ്റര്‍ ‍അഗസ്റ്റിന്‍ കബ്രാളിന്റെ മകള്‍ യുറാനിയ കബ്രാളുടെ അനുഭവങ്ങളിലൂന്നിയാണ്-അവള്‍ക്ക് തന്റെ പതിനാലാം വയസ്സില്‍  നാടു വിടേണ്ടി വരുന്ന സാഹചര്യത്തെയും, നീണ്ട മുപ്പത് കൊല്ലങ്ങള്‍ക്ക് ശേഷം  തിരിച്ച് നാട്ടിലെത്തുന്ന സാഹചര്യത്തെയും നോവല്‍ അഭിമുഖീകരിക്കുന്നു.  അതിനു  പിന്നിലെ കാരണങ്ങളെയും ലക്ഷ്യങ്ങളെയും അനാവരണം ചെയ്യുന്ന രീതിയിലാണ് ആഖ്യാനത്തിന്റെ ഒരു പാളി നിലകൊള്ളുന്നത് എന്ന പറയാം. അതേസമയം,  ജനറല്‍ ട്രുഹില്ലോയെ കൊല്ലാന്‍ തയ്യാറായി അവസരം കാത്തു നില്‍ക്കുന്നവരുടെ അവസ്ഥയും,  അപ്രകാരം ജനറലിനെ വധിക്കാനുള്ള ശ്രമത്തില്‍  അവര്‍ക്ക് പങ്കാളികളാകേണ്ടി വരുന്നതിന് കാരണമാകുന്ന സംഘര്‍ഷഭരിതമായ അനുഭവങ്ങളും പീഡനങ്ങളും-ഓരോരു‍ത്തര്‍ക്കുമുണ്ടായ ഏറെ കയ്പേറിയ  സാഹചര്യങ്ങളും- സമാന്തരമായി ആഖ്യാനം ചെയ്യപ്പെടുന്നു. മൂന്നാമത്തെ ആഖ്യാനതലമായി നാം വായിക്കുന്നത്, ജനറല്‍ ട്രുഹില്ലോയുടെ തന്നെ അവസാന ദിന സംഭവങ്ങളാണ്. ഭരണാധികാരിയുടെയും അയാളുടെ മന്ത്രിസഭയിലെ പ്രമുഖരുടെയും വാചകങ്ങളിലൂടെ നോവല്‍, ഈ സന്ദര്‍ഭത്തെ ശ്രദ്ധേയമാക്കുന്നു.

ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ സാന്‍റൊ ഡൊമിംഗോയിലേക്കുള്ള യുറാനിയ കാബ്രലിന്റെ തിരിച്ചുവരവ്, 35 വർഷം മുമ്പ് പതിനാലു വയസ്സുള്ള ഒരു സ്കൂൾ വിദ്യാർത്ഥിനിയായി അവിടെ നിന്ന് പോയതുപോലെ തിടുക്കത്തിലും ആസൂത്രണരഹിതമായും ആണെന്ന് നമുക്ക് തോന്നുന്നു. അവൾ ന്യൂയോർക്കിലെ ഒരു വിജയകരമായ അഭിഭാഷകയാണ്, മരിക്കുന്ന അച്ഛനെ കാണാൻ അവൾ തിരിച്ചെത്തുമ്പോള്‍ പക്ഷേ അവളുടെ സന്ദർശനത്തിന് പ്രചോദനം കാരുണ്യമോ കടമയോ അല്ല എന്ന് വഴിയെ മനസ്സിലാകുന്നുണ്ട്. കാരണം, അവളുടെ പ്രാരംഭ വേർപാടിന്റെയും നീണ്ട പ്രവാസത്തിന്റെയും നിശബ്ദതയുടെയും തിരിച്ചുവരവിന്റെയും കാരണങ്ങൾ നോവൽ പുരോഗമിക്കുമ്പോൾ ക്രമേണ വെളിപ്പെടുന്നുണ്ട്. ഒ.വി വിജയന്റെ ‘ധര്‍മ്മപുരാണ’ത്തിലെ പ്രജാപതിയെ ഓര്‍മിപ്പിക്കും വിധം, യോസയും അധികാരത്തെയും പൗരുഷത്തെയും ലൈംഗികതയെയും ആഖ്യാനത്തില്‍ ബന്ധപ്പിക്കുന്നുണ്ട്. കൗമാരക്കാരിയുമായുളള ശാരീരികബന്ധം വിജയകരമാകാന്‍ മാത്രമാണ് ട്രുഹില്ലോ പ്രാര്‍ഥിക്കുന്നത് എന്നത് പ്രത്യേകം ഓര്‍ക്കാം.

രതിയിലുളള പരാജയം അധികാരത്തിന്റെ പരാജയം പോലെ ഏകാധിപതിക്ക് അനുഭവപ്പടുന്നത് ഇത്തരം രചനകളില്‍ സ്വാഭാവികമായി കാണാം. പരാജയപ്പടുന്ന രതി അല്ലെങ്കില്‍ ദുര്‍ബലമായ തന്റെ ലൈംഗികത എന്നത് ഏതു സ്വേച്ഛാധിപതിയുടെയും പേടിസ്വപ്നം ആകുന്നത്, ആടിന്റെ വിരുന്നും കൃത്യമായി വെളിപ്പെടുത്തുന്നു.

 

ഹിംസയും ലിബറലിസവും

യുറാനിയയുടെ കഥ ആദ്യം പ്രമേയകേന്ദ്രവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നതായി തോന്നുമെങ്കിലും, ക്രമേണ അതിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമാകുന്ന വിധമാണ് യോസയുടെ ആഖ്യാനം പുരോഗമിക്കുന്നത്.  യുറാനിയയുമായി ബന്ധപ്പെട്ട എല്ലാ അധ്യായങ്ങളും നടക്കുന്നത് അവൾ അവരുടെ പഴയതും ഇപ്പോൾ തീർത്തും തകർന്നതുമായ വീട്ടിൽ, തന്റെ പിതാവിനെ സന്ദർശിക്കുമ്പോളാണ്. ഒപ്പം അവളുടെ കസിൻസായ ലൂസിൻഡയെയും മനോലിറ്റയെയും കണ്ടുമുട്ടുകയും, തുടർന്ന് അവരോടും അവളുടെ പിതാവിന്റെ സഹോദരിയായ അഡെലിനയോടുമൊപ്പം അത്താഴം കഴിക്കുകയും ചെയ്യുന്ന അതേ ദിവസത്തിലാണ്, മുന്‍സൂചിപ്പിച്ചതുപോലെ, യുറാനിയ അധ്യായങ്ങള്‍  കടന്നു വരുന്നത്. ‘Urania. Her parents had done her no favor; her name suggested a planet, a mineral, anything but the slender, fine-featured woman with burnished skin and large, dark, rather sad eyes who looked back at her from the mirror’ എന്ന് യുറാനിയയെക്കുറിച്ച് ആദ്യ അധ്യായത്തില്‍ യോസ എഴുതുമ്പോള്‍ ആരംഭിക്കുന്ന നോവല്‍ യുറാനിയയുടെ അധ്യായത്തില്‍ തന്നെ അവസാനിക്കുന്നു എന്ന സവിശേഷത നോവലിനുണ്ട്. 

In her room she begins to pack, but in a little while she goes to sit by the window and look at the twinkling stars and foaming waves. She knows she won’t sleep and has all the time in the world to finish packing her suitcase. “If Marianita writes to me, I’ll answer all her letters,” she decides.’ എന്നിങ്ങനെ തന്റെ നാട്ടിലേക്കുളള മടക്കത്തിനായി ഒരുങ്ങുന്ന യുറാനിയയിലാണല്ലോ നോവല്‍ സമാപിക്കുന്നത്. എന്നാല്‍ രേഖീയമല്ലാത്ത ആഖ്യാനത്തിലൂടെ സമയക്രീഡ നടത്തുന്ന യോസ, പക്ഷേ, അതിനകം തന്നെ, ‘യുറാനിയയുടെ വിചാരണകള്‍’ നോവലില്‍ പൂര്‍ത്തിയാകുന്നുണ്ട് എന്ന് പറയാം. എൺപത് വയസ്സിനു മുകളിൽ പ്രായമുളള  ‘ഒരു പുരുഷ കഷണം’ മാത്രമായ അവളുടെ അച്ഛന് ‍  കുറച്ചു കാലം മുമ്പ് സെറിബ്രൽ രക്തസ്രാവം കൂടി നേരിട്ടിരുന്നു. സംസാരിക്കാനോ മനസ്സിലാക്കാനോ പോലും കഴിയാത്ത അവസ്ഥയിലും,  യുറാനിയ, ട്രുഹില്ലോയുടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ആ പഴയ സെനറ്ററോട്,  ഭൂതകാലത്തെക്കുറിച്ച്, പ്രത്യേകിച്ച് ട്രുഹില്ലോ കാലഘട്ടത്തെക്കുറിച്ച് കയ്പോടെ ചോദ്യം ചെയ്യുന്നുണ്ട്.

ട്രുഹില്ലോയുടെ ഏറ്റവും അടുത്തതും വിലപ്പെട്ടതുമായ ഉപദേശകരിൽ ഒരാളായിരുന്ന അവളുടെ അച്ഛന്‍ ഉള്‍പ്പെടെയുളളവര്,‍ യുറാനിയ ചൂണ്ടിക്കാണിക്കുന്നതുപോലെ, എപ്പോഴും സ്വേച്ഛാധിപതിയുടെ ‘വൃത്തികെട്ട തുണിത്തരങ്ങള്‍’ മാത്രമായിരുന്നു. ട്രുഹില്ലോ കാലഘട്ടത്തിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിനെക്കുറിച്ചുള്ള സമഗ്രവും ഭ്രാന്തവുമായ ഗവേഷണത്തിലൂടെ, മുമ്പ്  പൂര്‍ണ്ണമായി തിരിച്ചറിയാന്‍ കഴിയാതെ പോയ കാര്യങ്ങള്‍ യുറാനിയ ശക്തമായി തിരിച്ചറിയുന്നതു കൂടിയാണ് നോവലിന്റെ കാതലായ ഘടകം. കൗതുകകരമായ കാര്യം,  മാരിയോ വർഗാസ് യോസ നോവലില്‍ ആര്‍ക്കൊപ്പം അല്ലെങ്കില്‍ എവിടെ നില്ക്കുന്നു എന്നത് – നോവൽ മൊത്തത്തിൽ കൊലപാതക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നുണ്ടോ എന്നത് വ്യക്തമല്ല എന്നതാണ്. ലാറ്റിൻ അമേരിക്കയിൽ മാത്രമല്ല, ലോകമെമ്പാടും  ലിബറലിസം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന്, രാഷ്ട്രീയ മാറ്റത്തിനായി അക്രമം അല്ലേങ്കില്‍ ഹിംസ  നടപ്പിലാക്കുന്നത്  ന്യായീകരിക്കാൻ കഴിയുമോ എന്നതാണ്. അപ്പോഴും, ഇവിടെ, ഏകാധിപതിയുടെ ഹത്യയ്ക്ക് ഒരു ബദലില്ലെന്ന് നോവൽ പറയാതെ പറയുക തന്നെയല്ലേ?!

About Author

രഘുനാഥന്‍ പറളി

നിരൂപകൻ, വിവർത്തകൻ, എഡിറ്റർ, ഗ്രന്ഥകർത്താവ്

Subscribe
Notify of
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Ponniam chandran
Ponniam chandran
19 hours ago

സമഗ്രമായ അവലോകം…
എഴുത്തിൻ്റെ രാഷ്ട്രീയവും
ജീവിതവും എങ്ങിനെ നോവൽ എന്ന താരതമ്യേന വിസ്തൃതമായ കാൻവാസിൽ
സമർപ്പിക്കാൻ സാധിക്കും എന്ന് അന്വേഷിച്ച യോസ്സ എന്ന എഴുത്തുകാരനെ വിലയിരുത്തിയിട്ടുണ്ട്..

രഘുനാഥൻ പറളി
രഘുനാഥൻ പറളി
16 hours ago

Thanks for your valuable feedback.. Thanks for your time..! 🙏😊🥰🌿

2
0
Would love your thoughts, please comment.x
()
x