A Unique Multilingual Media Platform

The AIDEM

Articles Business Society

മുംബൈയിലെ സ്വത്ത് തർക്കത്തിൽ റിലയൻസ് ഒരു ചെറിയ ട്രസ്റ്റിനോട് കീഴടങ്ങിയപ്പോൾ

  • November 12, 2024
  • 1 min read
മുംബൈയിലെ സ്വത്ത് തർക്കത്തിൽ റിലയൻസ് ഒരു ചെറിയ ട്രസ്റ്റിനോട് കീഴടങ്ങിയപ്പോൾ

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പ് കഴിഞ്ഞ നാലുവർഷമായി ദക്ഷിണ മധ്യ മുംബൈയിലെ ബ്രീച്കാൻഡി പ്രദേശത്തെ ഒരു പ്രധാന സ്ഥലം കൈവശപ്പെടുത്താൻ ശ്രമം നടത്തുകയാണ്. അതിന്‍റെ ഉടമസ്ഥത കൈവശമുള്ള കുടുംബട്രസ്റ്റിന്റെ മേൽ ആധിപത്യം സ്ഥാപിക്കാനുള്ള പരോക്ഷമായ ചില ശ്രമങ്ങൾ അവർ നടത്തിയതായി ചില വാർത്തകൾ സൂചിപ്പിക്കുന്നു.

എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയൻസിന് ഇക്കാര്യത്തിൽ മേൽകൈ ഉണ്ടായില്ലെന്ന് തന്നെ പറയേണ്ടിവരും. വുസോഞ്ചി കുടുംബത്തിന്റെ കീഴിലുള്ള സേത്ത് ദാമോദർ മാധവ്ജി ട്രസ്റ്റ്‌ (DMT) ഇവരുടെ നീക്കങ്ങളെ ശക്തമായി എതിർത്തു.

ഇവിടെ ഓഹരികൾ വളരെയധികം ഉയർന്നതാണെന്ന് വ്യക്തമാണ്.

 

മേൽപ്പറഞ്ഞ വസ്തു ഏകദേശം 16,000 ചതുരശ്ര അടി വലിപ്പമുള്ള, കടലിന് അഭിമുഖമായ ഒരു പ്രധാന പ്ലോട്ടാണ്. അഭിജാത സമൂഹത്തിൽ പെട്ടവരുടെ ഫാഷനബിൾ ആവാസ കേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രീച്ച് കാൻഡിയിൽ സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ ഇതിന് 85 കോടി മുതൽ 400 കോടി വരെ വിലവരാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 20 നില കെട്ടിടവും കൂടി അതിൽ നിർമ്മിക്കുന്നതിലൂടെ ഈ മൂല്യം 0 – 5 മടങ്ങ് വരെ വർദ്ധിക്കാവുന്നതുമാണ്.

മുംബൈ ബ്രീച്കാൻഡിയുടെ ആകാശ ദൃശ്യം

വുസോഞ്ചി കുടുംബത്തിന്റെ പൂർവിക ദേവതയ്ക്ക് സമർപ്പിച്ച ക്ഷേത്രം, മൂന്ന് വിവാഹ മണ്ഡപങ്ങൾ, ഒരു സാനിറ്റോറിയം, ഒരു ധർമ്മശാല തുടങ്ങിയവയാണ് ഇപ്പോൾ അവിടെ സ്ഥിതി ചെയ്യുന്നത്. മുംബൈയിലേക്ക് ചികിത്സ തേടിയെത്തുന്ന നിർധനരായ ജനങ്ങൾക്കും കാൻസർ രോഗികൾക്കുമായി കുറഞ്ഞ നിരക്കിൽ ഈ സൗകര്യങ്ങൾ ലഭ്യമാക്കുന്നതായാണ് ട്രസ്റ്റ് അവകാശപ്പെടുന്നത്.

ഇത്തരമൊരു വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിൽ, റിലയൻസ് ഗ്രൂപ്പ് തർക്കം കൈകാര്യം ചെയ്യുന്ന ബോംബെ ഹൈക്കോടതിയുടെ മുമ്പാകെ മേൽപ്പറയുന്ന ആസ്തി കയ്യടക്കാനുള്ള ആവശ്യം ഉപേക്ഷിക്കുമെന്ന സൂചനകളുമുണ്ട്.

 

ഇത്തരമൊരു പിൻമാറ്റത്തിന്റെ പിന്നിൽ എന്ത്? (പിന്മാറ്റമുണ്ടെങ്കിൽ)

ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള പ്ലോട്ടിൽനിന്ന് വളരെ അകലെയല്ലാത്ത അംബാനി കുടുംബത്തിന്റെ 7 നിലകളുള്ള വസതിയായ ആന്റിലിയ നിലകൊള്ളുന്ന ഭൂമിയുടെ ഉടമസ്ഥാവകാശ പ്രശ്നവുമായി ഈ പിന്മാറ്റത്തിന് എന്തെങ്കിലും ബന്ധം ഉണ്ടാകാനുള്ള സാധ്യതകൾ കാണുന്നു. ഈ ഭൂമിയുടെ യഥാർത്ഥ ഉടമസ്ഥനായ കുറിംബോയ് ഇബ്രാഹിം ഖോജ ഓർഫനേജ് ട്രസ്റ്റുമായി ഭൂമി വിൽക്കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ തർക്കം തുടങ്ങിയിട്ട് ഇപ്പോൾ രണ്ടു പതിറ്റാണ്ടിലേറെയായി. സുപ്രീംകോടതിയിൽ പരിഗണനയിലുള്ള ഈ വിഷയത്തിൽ ഉൾപ്പെട്ട കക്ഷികളിൽ ഒരാൾ റിലയൻസ് ഗ്രൂപ്പിന്റെ ഭാഗമായ ആന്റീലിയ കൊമേർഷ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്. ഇതിനെ കുറിച്ചുള്ള വിശദമായ ഒരു വാർത്ത സെപ്റ്റംബർ ഒന്നിന് ന്യൂസ് ക്ലിക്കിൽ പ്രസിദ്ധീകരിച്ചിരുന്നു. റിലയൻസ് ഒരു പ്രതിരോധവും പ്രതീക്ഷിച്ചില്ല എന്നതും ഒരു വസ്തുതയാണ്.

ബ്രീച് കാൻഡിയിലെ ഡി.എം.ടി ഭൂമിയുടെ കാര്യത്തിലേക്ക് തിരിച്ചു വരുകയാണെങ്കിൽ, ട്രസ്റ്റിനെ നിയന്ത്രിക്കുന്ന കുടുംബത്തിന്റെ പ്രതിനിധിയാണ് ജയ് വുസോഞ്ചി. 22 വയസ്സുള്ള അദ്ദേഹം ഒരു അന്താരാഷ്ട്ര കൺസൾട്ടൻസി സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. അദ്ദേഹത്തിന്റെ മുത്തച്ഛൻ പ്രാൺവിജൻ വുസോഞ്ചി ഒരു നൂറ്റാണ്ട് മുമ്പ് സ്ഥാപിതമായ ഡി എം ടി യുടെ സ്ഥാപക ട്രസ്റ്റിയായിരുന്നു. ഡി എം ടി തർക്കവുമായി ബന്ധപ്പെട്ട നിരവധി രേഖകൾ ചൂണ്ടിക്കാട്ടി ജയ് വാദിക്കുന്നത് എന്താണെന്ന് വെച്ചാൽ “ റിലയൻസ് ഗ്രൂപ്പ് ഈ പ്രധാന സ്വത്തിനെ ചുറ്റും നിന്ന് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്” എന്നാണ്. “ആന്റീലിയ സ്ഥിതി ചെയ്യുന്ന ഭൂമി ഏറ്റെടുക്കുന്നതിലെ ഗ്രൂപ്പിന്റെ കയ്പ്പേറിയ അനുഭവം കണക്കിലെടുക്കുമ്പോൾ, ഗ്രൂപ്പിന് ട്രസ്റ്റ്‌ സ്വത്ത് സ്വന്തമാക്കാനുള്ള ഏറ്റവും അനുയോജ്യമായ മാർഗ്ഗം ട്രസ്റ്റ് ഏറ്റെടുക്കുക എന്നതാണ്; അതായത്, സ്വന്തമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളെ ട്രസ്റ്റികളായി ചേർക്കുക.” എന്നും അദ്ദേഹം പറയുന്നു. ഈ ലക്ഷ്യത്തിലേക്ക് ആയി “ട്രസ്റ്റികളെ മാറ്റുന്നതിന്റെ മറവിൽ എന്റെ കുടുംബ ട്രസ്റ്റിന്റെ സ്വത്തുക്കൾ ഏറ്റെടുക്കാൻ ഒരു പിൻവാതിൽ ശ്രമം നടത്തിയതായി” അദ്ദേഹം ആരോപണം ഉന്നയിക്കുന്നു. “ആർ ഐ എൽ ഡയറക്ടർമാരും ജീവനക്കാരും സമർപ്പിച്ച ‘മാറ്റ റിപ്പോർട്ടുകളെ’ ഞാൻ ഉടൻ എതിർത്തു. ബഹുമാനപ്പെട്ട അസിസ്റ്റന്റ് ചാരിറ്റി കമ്മീഷണർ ആവശ്യമായ ഉത്തരവുകൾ പാസാക്കി റിലയൻസിൻ്റെ പ്രാരംഭ ഘട്ടത്തിലെ ശ്രമങ്ങൾ പരാജയപ്പെടുത്തി” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പിന്നീട് റിലയൻസ് ഗ്രൂപ്പിലെ മുതിർന്ന എക്സിക്യൂട്ടീവുകൾ ജയ് യുടെ അവകാശവാദങ്ങളെ നിഷേധിച്ചു.

ആദ്യം, കഴിഞ്ഞ കുറച്ചു വർഷകാലങ്ങളിലെ പ്രവർത്തനങ്ങളിലേക്ക് നമുക്കൊന്നു തിരിഞ്ഞുനോക്കാം.

 

ഒരു അട്ടിമറി നടക്കുന്നു

നവംബർ 9ന്, ഡി എം ടി ട്രസ്റ്റികളായിരുന്ന 5 വുസോഞ്ചി കുടുംബാംഗങ്ങളായ – കിഷോർ വുസോഞ്ചി, നിഖിൽ മോറാർജി, ബിപിൻ മോറാർജി, രവീന്ദ്ര വേദ്, ധവാൽ വുസോഞ്ചി എന്നിവർ പെട്ടെന്ന് രാജി വെച്ച്, ട്രസ്റ്റിന്റെ പരിസരത്തിന്റെ ഭൗതിക കൈവശാവകാശം ആർ ഐ എല്ലിലെ സീനിയർ വൈസ് പ്രസിഡന്റ് കൊളുമം രാജാ രാമചന്ദ്രൻ ( കെ രാജ എന്നും അറിയപ്പെടുന്നു) , ജിയോ പ്ലാറ്റ്ഫോം ഡയറക്ടർ ദിലീപ് ചോക്സി, റിലയൻസ് കണ്ടന്റ് ഡിസ്ട്രിബ്യൂഷൻ ലിമിറ്റഡ് ഡയറക്ടർ അതുൽ ദയാൽ എന്നിവർക്ക് കൈമാറി.

കേസിൽ നിൽക്കുന്ന കെട്ടിടത്തിന് മുന്നിൽ നിന്ന്

ഈ പ്രമേയവും ഇവിടെ പരാമർശിച്ചിരിക്കുന്ന മറ്റു രേഖകളും എഴുത്തുകാരൻ അവലോകനം ചെയ്തിട്ടുണ്ട്.

 

ഇത്തരമൊരു നീക്കത്തിന് കാരണമെന്തായിരുന്നു?

ഈ എഴുത്തുകാരൻ ഫോണിലൂടെ കിഷോർ വുസോഞ്ചിയുമായി സംസാരിച്ചിരുന്നു. മഹാരാഷ്ട്രയിലെ ചാരിറ്റി കമ്മീഷണറുടെ തർക്കം നിലനിൽക്കുന്നതിനാൽ ഇപ്പോൾ താൻ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ( 1950ലെ ബോംബെ പബ്ലിക് ട്രസ്റ്റ് ആക്ട് പ്രകാരം ഓഫീസിന് നൽകിയിട്ടുള്ള അധികാരങ്ങൾക്കനുസൃതമായി ചുമതലകളും പ്രവർത്തനങ്ങളും നിർവഹിക്കുവാൻ ചാരിറ്റി കമ്മീഷണർ ഉത്തരവാദിയാണ്.) ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ ബിബിൻ മൊറാർജി സംസാരിക്കാൻ താല്പര്യം കാണിക്കാത്തതുകൊണ്ടുതന്നെ ഈ ചോദ്യത്തിനുത്തരം നമുക്ക് അറിയില്ല എന്നുതന്നെ പറയാം.

എന്നാൽ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ, രാജ, ദയാൽ, ചോക്സി എന്നിവർ ആർ ഐ എല്ലിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ റിലയൻസ് പ്രോജക്ട് ആൻഡ് പ്രോപ്പർട്ടി മാനേജ്മെന്റ് ലിമിറ്റഡുമായി ട്രസ്റ്റിന്റെ ആസ്തികൾ വാടകയ്ക്ക് എടുക്കുന്നതിനായി ഒരു ‘ലീവ് ആൻഡ് ലൈസൻസ്’ കരാർ നടപ്പിലാക്കിയതായി മനസ്സിലാക്കാം. ഇത് റിലയൻസിന് സ്വത്തുക്കൾ കൈവശപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടു. അതേസമയം റിലയൻസ് ഗ്രൂപ്പിലെ മറ്റു മൂന്നു മുതിർന്ന എക്സിക്യൂട്ടീവുകൾ ആയ ഹിതേഷ് മൻഹർലാൽ വോറ, പ്രിയേൻ ജയന്തിലാൽ ഷാ, സഞ്ജീവ് എം ദാണ്ടേക്കർ എന്നിവർ ബാങ്ക് ഓഫ് ബറോഡയുടെ ദുലാഭായ് ദേശായി റോഡ് ശാഖയിലെ ഡി എം ടിയുടെ ബാങ്ക് അക്കൗണ്ടിൽ ഒപ്പിടുകയും ചെയ്തു. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ, മഹാരാഷ്ട്ര ഹോസ്സിങ് ആൻഡ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റി, ചാരിറ്റി കമ്മീഷണർ, മുംബൈ പോലീസ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലേയും നിയന്ത്രണ അധികാര ഇടങ്ങളിലേയും വിവിധ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി അവർ ട്രസ്റ്റിന്റെ അംഗീകൃത പ്രതിനിധികളായി പ്രവർത്തിക്കാൻ തുടങ്ങി. ഡി എം ടി ജീവനക്കാരുടെ ശമ്പളവും മറ്റു ചിലവുകളും റിലയൻസ് ഗ്രൂപ്പിന്റെ ഭാഗമായ നോവെക്സ് ട്രേഡിങ്ങിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് അടയ്ക്കാൻ തുടങ്ങി. ഇപ്പോൾ മൂന്ന് റിലയൻസ് എക്സിക്യൂട്ടീവുകളെ ട്രസ്റ്റികളായി സ്ഥിരീകരിക്കുന്നതിനായി ചാരിറ്റി കമ്മീഷണർ നിയമന പ്രമേയം പാസാക്കേണ്ടതുണ്ട്. ഇതിനായി അവർ മെയ് മാസത്തിൽ ചെയിൻ റിപ്പോർട്ട് എന്ന പേരിൽ പ്രമേയം ഫയൽ ചെയ്തിരുന്നു. അതാകട്ടെ, വ്യത്യസ്തമായ പല സംഭവങ്ങൾക്കും തുടക്കമിട്ടു.

 

അനായാസ വിജയം സാധ്യമല്ല

സ്ഥാപക കുടുംബത്തിലെ അംഗങ്ങൾ അല്ലാത്ത ഡി.എം.ടിയിലെ ട്രസ്റ്റികളുടെ എണ്ണം പരമാവധി രണ്ടായി പരിമിതപ്പെടുത്തണമെന്ന് 1952 മെയ് അഞ്ചിലെ സമ്മതപത്രം ഉദ്ധരിച്ച് ജയ്, സുരേഷ് തുളസീദാസ് വുസോഞ്ചി, ആശ സുരേഷ് വുസോഞ്ചി എന്നിവർ ഉൾപ്പെടെയുള്ള വുസോഞ്ചി കുടുംബത്തിലെ അംഗങ്ങൾ ചാരിറ്റി കമ്മീഷണർക്ക് മുമ്പാകെ ‘മാറ്റ റിപ്പോർട്ടി’നെ എതിർത്തുകൊണ്ട് പരാതി നൽകി. റിലയൻസ് ഗ്രൂപ്പ് കണക്കിലെടുക്കാത്ത ഒരു കാര്യമായിരുന്നു ഇത്. ജയ് ഈ എഴുത്തുകാരനോട് പറഞ്ഞതുപോലെ “സമ്മതപത്രം വുസോഞ്ചി ഇതര കുടുംബാംഗങ്ങളെ രണ്ടായി പരിമിതപ്പെടുത്തുമ്പോൾ, റിലയൻസ് മൂന്ന് വുസോഞ്ചി ഇതര കുടുംബാംഗങ്ങളെ ട്രസ്റ്റികളായി ലഭിക്കാൻ ശ്രമിക്കുന്നു”.

തുടർന്ന്, ഡിസംബറിൽ ഡി എം ടി യുടെ ട്രസ്റ്റികളുടെ മാറ്റത്തെ അറിയിച്ചുകൊണ്ട് വുസോഞ്ചി കുടുംബാംഗങ്ങൾ ചാരിറ്റി കമ്മീഷണർക്ക് അവരുടെ സ്വന്തം മാറ്റ റിപ്പോർട്ട് സമർപ്പിച്ചു.

ബ്രീച്കാൻഡിയിലെ റോഡുകൾ

ചാരിറ്റി കമ്മീഷണറുടെ മുമ്പാകെ ഇതും മറികടക്കാനുള്ള ശ്രമവുമായി റിലയൻസ് പിന്നാലെ തന്നെ ഉണ്ടായിരുന്നു. “റിലയൻസ് ഗ്രൂപ്പിന്റെ നോമിനികൾ ട്രസ്റ്റ് സ്വത്തിന്റെ നിയന്ത്രണം തങ്ങളുടെ കൈകളിൽ നിന്ന് തെന്നി പോകുമെന്ന് മനസ്സിലാക്കി, ജനുവരിയിൽ ഡി.എം.ടിയിൽ ട്രസ്റ്റികൾ ഇല്ലെന്ന് അവകാശപ്പെട്ടു” എന്നാണ് ജയ് അറിയിക്കുന്നത്. മൂന്ന് നോമിനികൾ രാജിവെച്ചതിനാൽ, ബോംബെ പബ്ലിക് ട്രസ്റ്റ് നിയമത്തിലെ സെക്ഷൻ 47 പ്രകാരം ചാരിറ്റി കമ്മീഷണർ പൊതുജനങ്ങളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കണമെന്നാണ് മേൽപ്പറഞ്ഞ അപേക്ഷയിൽ പറയുന്നത്. ചാരിറ്റി കമ്മീഷണർ ഉടനെ തന്നെ ട്രസ്റ്റിന്റെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു.

ഏപ്രിൽ മാസത്തിൽ ചാരിറ്റി കമ്മീഷണർ, ട്രസ്റ്റികളാവാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ച് ഒരു പൊതു അറിയിപ്പ് പുറപ്പെടുവിച്ചു. ട്രസ്റ്റും അതിന്റെ സ്വത്തുക്കളും ഏറ്റെടുക്കാനുള്ള പ്രാരംഭശ്രമം പരാജയപ്പെട്ടതിനാൽ, ഡി എം ടി യുടെ ട്രസ്റ്റികൾ ആവാൻ റിലയൻസ് ഗ്രൂപ്പിന്റെ പ്രതിനിധികൾക്കുള്ള അവസാന നീക്കമായിരിക്കാം ഇത്.

കെട്ടിടങ്ങൾ സുരക്ഷിതമല്ലെന്നും അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമാണെന്നും ബിഎംസി ട്രസ്റ്റിന് ഔദ്യോഗിക നോട്ടീസ് നൽകിയതോടെ ഡിഎംടിയിൽ സമ്മർദ്ദം വർദ്ധിച്ചുകൊണ്ടേയിരുന്നു. ഉദ്യോഗസ്ഥന്റെ നിയമനത്തോടെ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളും നിലച്ചു. “ഇതോടെ ക്യാൻസർ രോഗികളുടെ നൂറുകണക്കിന് കുടുംബങ്ങൾ ആശുപത്രിയിലേക്ക് വരുന്നത് അവസാനിപ്പിച്ചു” എന്നാണ് ജയ് പറയുന്നത്.

ഡിഎംടിയും റിലയൻസ് പ്രോജക്ടുകളും പ്രോപ്പർട്ടി മാനേജ്മെന്റും തമ്മിലുള്ള “ലീവ് ആൻഡ് ലൈസൻസ്” കരാർ ഓർക്കുന്നുണ്ടോ? ഇതിന് കീഴിൽ പ്രതിമാസം 4.5 ലക്ഷം രൂപ വരെ വാടകയായി നൽകി. “ഇതും ട്രസ്റ്റിന്റെ സ്വഭാവത്തെ മാറ്റിമറിക്കുകയും അതിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ നിർത്തലാക്കുന്നതിലേക്കും നയിച്ചു”, ജയ് കൂട്ടിച്ചേർത്തു.

ചാരിറ്റി കമ്മീഷണറുടെ നോട്ടീസും ബോംബെ പബ്ലിക് ട്രസ്റ്റ് നിയമത്തിലെ സെക്ഷൻ 47 നടപ്പാക്കാനുള്ള റിലയൻസിന്റെ ശ്രമങ്ങളും ചോദ്യം ചെയ്താണ് ജയ് യും കുടുംബവും ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഓഗസ്റ്റ് നാലിന് കോടതി എല്ലാ നിയമനടപടികൾക്കും സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. കേസ് ഇപ്പോൾ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. നിയമപരമായ തർക്കത്തെ കുറിച്ച് തനിക്ക് അഭിപ്രായമൊന്നും പറയാനില്ലെന്നാണ് ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ കെ രാജ പറഞ്ഞത്. റിലയൻസ് ഗ്രൂപ്പിന് തർക്കവുമായി യാതൊരു ബന്ധവും ഇപ്പോൾ ഇല്ലെന്നും എല്ലാം ഇപ്പോൾ ചാരിറ്റി കമ്മീഷണറെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നുമാണ് അദ്ദേഹത്തെ അടുത്തറിയാവുന്ന ഒരാൾ ഈ എഴുത്തുകാരനോട് പറഞ്ഞത്. കഴിഞ്ഞ ഒരു വർഷമായി തനിക്ക് മേൽപ്പറഞ്ഞ വസ്തുവുമായി യാതൊരു ബന്ധവുമില്ലെന്നാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ചീഫ് ഫൈനാൻഷ്യൽ കൺട്രോളറായ എൽ വി മർച്ചന്റ് പറഞ്ഞത്. എന്നാൽ എന്തുകൊണ്ടാണ് ജയ് വുസോഞ്ചി തനിക്കും സഹപ്രവർത്തകർക്കും ഇമെയിൽ ചെയ്യുന്നത് തുടർന്നതെന്ന് അറിയില്ലെന്നും “ ഈ തർക്കത്തിൽ ഞങ്ങളുടെ സമയം ഇനിയും പാഴാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ എഴുത്തുകാരൻ ഒന്നര വർഷത്തിലേറെയായി ഇടയ്ക്കിടെയായി ഈ സ്റ്റോറിക്ക് വേണ്ടി പ്രവർത്തിക്കുന്നു. റിലയൻസ് ഗ്രൂപ്പിന്റെ ഔദ്യോഗിക വക്താവിന് 2023 ജനുവരി 27 നും 2024 സെപ്റ്റംബർ 11 നും കഴിഞ്ഞ ശനിയാഴ്ചയുമായി അയച്ച മെയിലുകൾക്കൊന്നും ഇതുവരെയും പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. ലഭ്യമാകുമ്പോൾ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

 

റിലയൻസ് തോൽവി സമ്മതിചോ?

ആ രീതിയിൽ കാണപ്പെടുന്നുണ്ടെങ്കിലും ഉറപ്പിച്ചു നമുക്കൊന്നും പറയാൻ കഴിയില്ല. “ദൈവം പാണ്ഡവർക്കൊപ്പം ഉണ്ടായിരുന്നതുപോലെ ഈ പോരാട്ടത്തിൽ സർവ്വശക്തൻ എന്റെ കുടുംബത്തിനൊപ്പം നിൽക്കും എന്നാണ് “ കോടതി നൽകിയ ആശ്വാസത്തിൽ ധൈര്യം സംഭരിച്ച് ജയ് പറയുന്നത്. വിശ്വാസത്തിന് പർവതങ്ങളെ ചലിപ്പിക്കാൻ കഴിയും എന്ന് പറയപ്പെടുന്നു, എന്നാൽ ഈ സാഹചര്യത്തിൽ, ഗോലിയാത്ത് (റിലയൻസ്) ഡേവിഡുമായുള്ള (DMT) കടുത്ത പോരാട്ടത്തിന് ആഗ്രഹിക്കുന്നില്ലായിരിക്കാം.


ഈ ലേഖനം മോണിംഗ് പോസ്റ്റ് എന്ന ഇംഗ്ലീഷ് വെബ്സൈറ്റിലാണു് ആദ്യം പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷ് ലേഖനം ഇവിടെ വായിക്കാം.

About Author

പരഞ്ജോയ് ഗുഹാ ഥാക്കൂർത

രാഷ്ട്രീയ നിരീക്ഷകൻ, സാമ്പത്തിക വിദഗ്ധൻ, സാമൂഹിക പ്രവർത്തകൻ