നെല്ലിയാമ്പതിയുടെ സ്വന്തം ചില്ലികൊമ്പൻ
ഒറ്റയാൻമാർ വില്ലൻമാരാണ്. കൃഷിയെല്ലാം നശിപ്പിക്കും, ആളുകളെ ഉപദ്രവിക്കും, ചിലപ്പോൾ കൊല്ലുകയും ചെയ്യും. എന്നാൽ ഒറ്റയാൻമാരിലും നല്ലവൻമാരുണ്ട്. നല്ലവനായ ഒറ്റയാനോ.. ആശ്ചര്യപ്പെടേണ്ട, ആളുകളെ ഉപദ്രവിക്കാത്ത, ആളുകളുടെ സ്നേഹത്തിന് പാത്രമായ ഒറ്റയാൻമാരായ കാട്ടാനകൾ നമ്മുടെ നാട്ടിലുമുണ്ട്. മൂന്നാറിലെ പടയപ്പയും പുൽപ്പള്ളിയിലെ മണിയനും നെല്ലിയാമ്പതിയിലെ ചില്ലിക്കൊമ്പനുമെല്ലാം നാട്ടുകാരുടെ പ്രിയപ്പെട്ട ഒറ്റയാൻമാരാണ്.
നെല്ലിയാമ്പതിയുടെ സ്വത്താണ് ചില്ലിക്കൊമ്പൻ. നെല്ലിയാമ്പതിയിലെ നാട്ടുകാർക്ക് മാത്രമല്ല നെല്ലിയാമ്പതിയിലെത്തുന്ന വിനോദസഞ്ചാരികൾക്കും പ്രിയങ്കരൻ. സ്വന്തം കാര്യം നോക്കി പോകുന്ന അവനെകൊണ്ട് മറ്റാർക്കും ഒരു ശല്ല്യവുമില്ല.
“ഒരു മെയ്മാസത്തിൽ തൂത്തംപാറയിൽ ഫീൽഡ് വിസിറ്റ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് ചില്ലിക്കൊമ്പനെ കാണുന്നത്. റോഡിന് മുകളിലായിട്ട് ഒരു മരകൊമ്പ് ഒടിച്ച് തുമ്പിയാട്ടി നിൽക്കുകയായിരുന്നു ആന. ഞങ്ങളെയാരേയും കണ്ട ഭാവമേയില്ല. പത്ത് ഇരുപത് മീറ്റർ അകലത്തിലായി വണ്ടിയിൽ തന്നെ ഇരുന്ന് ക്യാമറയിൽ പടം എടുക്കാൻ തുടങ്ങി. അതോടെ അവൻ ഞങ്ങളുടെ നേരെ തിരിഞ്ഞുനിന്ന് പോസ് ചെയ്യാൻ തുടങ്ങി. പടം എടുക്കുന്നത് ചില്ലികൊമ്പന് വലിയ ക്രേസ് ആണത്രേ. ആര് പടം എടുക്കുകയാണെങ്കിലും നന്നായി പോസ് ചെയ്ത്കൊടുക്കും” , അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്ററായ രഞ്ജിത്ത് ഭാസ്ക്കരൻ ചില്ലിക്കൊമ്പനുമായുള്ള ആദ്യകൂടിക്കാഴ്ച്ച ഓർത്തെടുത്തു. 2014 മുതൽ നാല് വർഷം നെല്ലിയാമ്പതി റെയ്ഞ്ചറായിരുന്നു രഞ്ജിത്ത്.
അമ്പതിലേറെ പ്രായമുണ്ട് ചില്ലികൊമ്പന്. നല്ല ഉയരമുള്ള ശരീരം എപ്പോഴും മണ്ണ് പുതച്ചിരിക്കും. തുമ്പിക്കൈ ആട്ടി കോളനിയുടെ അടുത്തും വാഹനങ്ങൾക്ക് ഇടയിലൂടെയുമെല്ലാം ആരെയും ശ്രദ്ധിക്കാതെ ചില്ലികൊമ്പൻ നടന്ന് പോകുന്ന കാഴ്ച്ച നെല്ലിയാമ്പതിക്കാർക്ക് പരിചിതമാണ്. ഫോറസ്റ്റ് ഇൻസ്പെക്ഷൻ ബംഗ്ലാവിന്റെ സമീപത്തെ തടയണയിൽ സ്ത്രീകൾ വസ്ത്രം കഴുകുമ്പോൾ ഒരു പത്ത് പതിനഞ്ച് മീറ്റർ മാറി ഒരു കാവൽക്കാരനെ പോലെ ചില്ലികൊമ്പൻ വന്ന് നിൽക്കും. ഉപദ്രവിക്കാതെ വല്ല ഇലയോ കമ്പോ ഒക്കെ ഒടിച്ച് തിന്നുകൊണ്ട് തീർത്തു ശാന്തനായി.
ചില്ലിക്കൊമ്പന് അവന്റേതായ സ്ഥിരം വഴികളുണ്ട്. ആ വഴികളിലൂടെ ആരെയും ശല്യം ചെയ്യാതെ പോകുമെങ്കിലും ആ വഴിയിൽ വല്ല തടസവും ഉണ്ടെങ്കിൽ അതൊക്കെ തല്ലിപൊളിക്കുകയും ചെയ്യും. അക്കാര്യത്തിൽ ചില്ലികൊമ്പന് അവന്റേതായ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമുണ്ടെന്ന് രഞ്ജിത്ത് ഭാസ്ക്കരൻ പറയുന്നു.
“നെല്ലിയാമ്പതിയിലേക്കുള്ള വഴിയിൽ രാത്രിയിൽ ആളുകൾ അപകടത്തിൽ പെടാതിരിക്കാൻ വനംവകുപ്പ് കുറച്ച് റിഫ്ലക്റ്റിങ് സൈൻ ബോർഡുകൾ സ്ഥാപിച്ചിരുന്നു. ചിലതിലൊക്കെ ചില്ലികൊമ്പന്റെ തന്നെ പടങ്ങളായിരുന്നു. പക്ഷെ ബോർഡ് സ്ഥാപിച്ചത് സ്ഥിരമായി അവൻ നടന്നുപോകുന്ന വഴിയിലായിരുന്നു. അത് ആനക്ക് ഇഷടമായില്ല. ബോർഡുകളെല്ലാം ചവിട്ടി അവൻ കാട്ടിൽ കളഞ്ഞു.”
നെല്ലിയാമ്പതിയിലെ ലില്ലി എസ്റ്റേറ്റിലെ മാനേജരുടെ ബംഗ്ലാവിന് പുറകിലാണ് ചല്ലികൊമ്പൻ മിക്കതും വിശ്രമിക്കാറ്. ചില്ലിക്കൊമ്പന്റെ വഴി തടസപ്പെടുത്താതിരിക്കാനായി ബംഗ്ലാവിന്റെ ഗെയിറ്റ് പൂട്ടാറില്ല. പകലുമുഴുവനും ചില്ലികൊമ്പൻ കിടന്നുറങ്ങും. വൈകുന്നേരത്തോടെ ഉണർന്ന് കഴിഞ്ഞാൽ പിന്നെ നേരെയൊരുപോക്കാണ്. തന്റെ പ്രിയപ്പെട്ട ഭക്ഷണം തേടി. ചക്കയാണ് ചില്ലിക്കൊമ്പന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം. നെല്ലിയാമ്പതിയിൽ അത് എവിടെയെല്ലാം കിട്ടുമെന്ന് അവന് നന്നായറിയാം. ചില്ലിക്കൊമ്പൻ ചക്കപറിക്കുന്നത് കാണേണ്ട കാഴ്ച്ചയാണ്.
“ഒരിക്കൽ ലില്ലി ബംഗ്ലാവിന്റെ പിൻവശത്ത് ചക്ക പറിക്കാൻവന്നപ്പോൾ മാനേജര് വിളിച്ചു. അങ്ങനെ ക്യാമറയുമായി പോയി. തുമ്പികൈനീട്ടിയാൽ തൊടാവുന്ന അകലത്തിൽ ഞങ്ങളുണ്ടായിട്ടും ഒന്ന് മൈൻഡ് പോലും ചെയ്തില്ല. നേരെ പോയി പ്ലാവ് പിടിച്ച് കുലുക്കി. കുറേ തവണ കുലുക്കിയിട്ടും ചക്കവീണില്ല. പിന്നെ കണ്ടത് ഭയങ്കര രസകരമായ ഒരു കാഴ്ച്ചയായിരുന്നു. മുൻ കാല് രണ്ടും പ്ലാവിലേക്ക് കയറ്റിവെച്ച് തുമ്പിക്കൈകൊണ്ട് ചക്കയിലേക്ക് എത്തിയൊരു പിടുത്തം. ഒന്ന് രണ്ട് തവണ ശ്രമിച്ചു പരാജയപ്പെട്ടെങ്കിലും വിട്ടില്ല. പിന്നെയും പിന്നെയും ഏന്തിവലിഞ്ഞ് ചക്കയിൽ പിടുത്തമിട്ടു, പറിച്ച് താഴെയിട്ടു. ആദ്യമായിട്ടാണ് ഒരാന മരത്തിലേക്ക് കാലുകൾ കയറ്റിവെച്ച് ചക്കയിടുന്നത് കാണുന്നത്.”, രഞ്ജിത്ത് ഭാസ്ക്കരൻ അന്നത്തെ കാഴ്ച്ച വിശദീകരിക്കുന്നു.
പ്ലാവിൽ കയറി ചില്ലികൊമ്പൻ ചക്കയിടുന്ന ഒരു വീഡിയോ ഈയടുത്തകാലത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആദിവാസി കോളനിയിലെ വീടിനോട് ചേർന്നുള്ള പ്ലാവിൽ നിന്നായിരുന്നു വൈറലായ ആ ചക്കയിടൽ. പ്രോത്സാഹിപ്പിച്ച് കൂക്കിവിളിച്ച കോളനിക്കാരെയൊന്നും ഗൗനിക്കാതെയുള്ള ആ ചക്കയിടൽ ലക്ഷക്കണക്കിന് പേരാണ് സമൂഹമാധ്യമങ്ങളിലൂടെ കണ്ടത്.
മദപാടിളകുന്ന സമയമായാൽ ചെല്ലികൊമ്പൻ കൃത്യമായി നെല്ലിയാമ്പതി വിടും. നേരെ തമിഴ്നാട്ടിലേക്ക്. തമിഴ്നാട്ടിലേക്ക് പോകുന്ന ചെല്ലികൊമ്പൻ പക്ഷെ നെല്ലിയാമ്പതിയിൽ കാണുന്ന പ്രകൃതക്കാരനല്ല. ഒടുക്കത്തെ അക്രമകാരിയാണ്. ബലാത്സംഗവീരനും കൊലപാതകിയുമായാണ് ചെല്ലികൊമ്പനെ തമിഴ്നാട്ടുകാർ വിശേഷിപ്പിക്കുന്നത്. നാലോ അഞ്ചോ ആനകളെ കുത്തിക്കൊന്നിട്ടുണ്ട് എന്നാണ് കേൾവി.
“തമിഴ്നാട്ടിലേക്ക് പോകുമ്പോൾ അവൻ വയലന്റാകുമെന്ന് പലപ്പോഴും പറഞ്ഞ് കേട്ടപ്പോൾ വിശ്വസിച്ചിരുന്നില്ല. ഒരിക്കൽ മദപാട് മാറി തമിഴ്നാട്ടിൽ നിന്ന് മടങ്ങിവന്നപ്പോൾ ഒരു കൊമ്പ് ഒടിഞ്ഞിരുന്നു. കൊമ്പ് ഒടിഞ്ഞെന്നുമാത്രമല്ല, പുറത്ത് കുത്ത് കൊണ്ട് വലിയ തുളയും ഉണ്ടായിരുന്നു. ആക്രമണത്തിനിടെ സംഭവിച്ചതാണ്. അന്ന് അവൻ റോഡിൽ വാഹനങ്ങൾക്കെതിരെ ചാർജ് ചെയ്യുന്നതിന്റേയും മറ്റും വീഡിയോകൾ തമിഴ്നാട് ഫോറസ്റ്റുകാർ അയച്ചുതന്നപ്പോഴാണ് നെല്ലിയാമ്പതിക്ക്പുറത്ത് അവൻ മറ്റൊരാളാണെന്ന് വിശ്വസിച്ചത്. പക്ഷെ മദപാട് മാറി നെല്ലിയാമ്പതിയുടെ പരിധിയിൽ കേറുന്നതോടെ ചെല്ലികൊമ്പൻ ശാന്തനാവും.”, രഞ്ജിത്ത് അതിർത്തിക്കപ്പുറത്തെ ചില്ലിക്കൊമ്പന്റെ സ്വഭാവത്തിലെ വ്യത്യാസത്തെ കുറിച്ച് പറഞ്ഞു.
ആനകളും മനുഷ്യരും തമ്മിലുള്ള സംഘർഷം പതിവാകുമ്പോഴാണ് ചില്ലിക്കൊമ്പനെപോലുള്ള ഒറ്റയാൻമാർ പരസ്പരം അതിരുകൾ ലംഘിക്കാതെ മനുഷ്യനും മൃഗങ്ങൾക്കും ഈ ഭൂമിയിൽ ജിവിക്കാമെന്ന് കാട്ടിത്തരുന്നത്. ആരെയും ഉപദ്രവിക്കാതെ അവന്റെ വഴികൾ അവൻ തിരികെപിടിക്കുമ്പോൾ അത് ഉയർത്തുന്ന ചില ചിന്തകളുണ്ട്. അവരുടെ ആവാസവ്യവസ്ഥയിലേക്ക് നമ്മളാണോ ജനവാസകേന്ദ്രത്തിലേക്ക് അവരാണോ അതിക്രമിച്ച് കയറുന്നതെന്ന്….
Nice , Good to know about Chillikomban! Good Article comrade !
Beautiful story of man-animal friendship. Most of the times it will be stories of man-animal conflict, it is a relief to read these kind of stories once in a while. Thanks for sharing.
ചെക്കൻ കൊള്ളാലോ 🙄🙄🙄😌😌😌 ചില്ലി🙊
Nice story
Very nice story. Loved it