A Unique Multilingual Media Platform

The AIDEM

Literature Society

ശ്രീകൃഷ്ണൻ്റെ മണവാട്ടി

  • August 13, 2022
  • 1 min read
ശ്രീകൃഷ്ണൻ്റെ മണവാട്ടി

പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പ്രമോദ് രാമൻ്റെ ആദ്യ നോവൽ, ‘രക്തവിലാസ’ത്തിലെ ഒരധ്യായം, ‘ശ്രീകൃഷ്ണൻ്റെ മണവാട്ടി’ ദി ഐഡം പ്രസിദ്ധപ്പെടുത്തുന്നു.



അമ്പലത്തില്‍ പോകാന്‍ വിലക്കുവന്ന ദിവസമാണ് നബീസയ്ക്ക് തലചുറ്റിയത്.

ശാന്തയുടെ കൂടെയുള്ള അമ്പലത്തില്‍ പോക്കാണ് അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. ഒന്നാമത്, പള്ളിക്കൂടത്തില്‍ പോകുന്നപോലല്ല, അങ്ങോട്ടുള്ള വഴി കുറച്ച് കടകളും മറ്റും ഉള്ളതാണ്. കാലണകൊടുത്ത് പഞ്ചാരമിഠായി വാങ്ങുന്നത് അപ്പോഴാണ്. സൈക്കിളും കാളവണ്ടിയും ഉന്തുവണ്ടിയും കാണാം. ഒരുദിവസം മോട്ടോര്‍ സൈക്കിളും വേറൊരു ദിവസം കാറും കണ്ടു. രണ്ടാമത്, അമ്പലക്കുളത്തിൻ്റെ ഒതുക്കുകല്ലില്‍ വെള്ളത്തില്‍ കാലിട്ടിരിക്കാന്‍ നല്ല രസമാണ്. മൂന്നാമത്, അമ്പലത്തില്‍ നിന്ന് കിട്ടുന്ന ശര്‍ക്കരപ്പായസം നല്ല രുചിയാണ്.

ശാന്ത അകത്തുകയറി ഈശ്വരനെ കണ്ടുവരുന്ന സമയം മുഴുവന്‍ നബീസ അമ്പലക്കുളത്തില്‍ കാലുനീട്ടിയിരിക്കും. ചുറ്റും തെച്ചിക്കാടാണ്. അവയ്ക്കിടയില്‍ പാമ്പുണ്ടെന്ന് ആദ്യമായി അവിടെ കൂട്ടിക്കൊണ്ടുവന്നപ്പോള്‍ ചക്കര അവളോട് പറഞ്ഞിരുന്നു. പക്ഷേ നബീസയ്ക്ക് പേടിയില്ല. കുളത്തിൻ്റെ കിഴക്കുഭാഗത്ത് മധുരക്കിഴങ്ങ് കൃഷിയാണ്. ഏതോ നായര്‍ കുടുംബക്കാരുടെയാണ്. അതിനകത്തും പാമ്പുണ്ടാവുമെന്ന് ചക്കര പറഞ്ഞു. ഏഴുവയസ്സ് ഉള്ളപ്പോള്‍ തന്നെ പാമ്പുകള്‍ ഉപദ്രവിക്കാതെ കടിക്കില്ലെന്ന് നബീസയ്ക്ക് തോന്നിയിരുന്നു.

‘നീ പാത്തിമാടെ മോളാണല്ലാ. പാത്തിമയ്ക്ക് മനുഷ്യരെ മാത്രാണല്ലാ പേടീണ്ടാര്ന്നത്’, ചക്കര അവളോട് പറഞ്ഞു.

ഇഴജീവികളെ പേടിച്ചിരുന്നെങ്കില്‍ പാത്തിമയ്ക്ക് ജീവിക്കാന്‍ കഴിയില്ലായിരുന്നു. ഒറ്റത്തവണയേ പേടിച്ചുള്ളൂ. അന്നവള്‍ മരിച്ചു. നബീസയ്ക്ക് അതുകേട്ടാല്‍ ഒന്നും തോന്നാറില്ല.

ശാന്തയും നബീസയും പോയിരുന്നത് കൃഷ്ണക്ഷേത്രമായിരുന്നു. ശാന്തിക്കാരന്‍ തൃപ്പൂണിത്തുറയില്‍ നിന്നുള്ള ഒരാളായിരുന്നു. ശാന്തയേയും നബീസയേയും കണ്ടാലുടന്‍ ശാന്തിക്കാരന്‍ പറയും.

‘രാധയും മീരയും വരിണ്ടല്ലാ’.

അദ്ദേഹം അത്രയ്ക്ക് നല്ല മനുഷ്യനായിരുന്നു.

എന്നാല്‍ 1967ല്‍ അമ്പലം ഭരണക്കാര്‍ പുതിയ പൂജാരിയെ കണ്ടെത്തി നിയമിച്ചപ്പോള്‍ വന്നത് ഒരു ഇളിഭ്യന്‍ തിരുമേനിയാണ്. ഒരുദിവസം നബീസ അമ്പലക്കുളത്തിന്‍റെ ഒതുക്കിലിരുന്ന് കൂട്ടത്തോടെ പാറിനടക്കുന്ന തുമ്പികളെ നോക്കിയരിക്കുമ്പോഴാണ് പൂജാരി കുളത്തില്‍ കാല്‍ കഴുകാന്‍ വന്നത്.

‘ന്‍റെ കൃഷ്ണാ.. ഇതെന്താ ഈ കാണ്ണേ? ഒരു മാപ്പിളച്ചി കൊച്ച് അമ്പലക്കൊളത്തില് എറങ്ങേ?” അയാള്‍ ബോധംകെടുമ്പോലെയായി.

‘ഫോ മുക്കാലിച്ചി’, അയാള്‍ നബീസയെ ആട്ടിയോടിച്ചു.

ശാന്തയും നബീസയും അത് ആരോടും പറഞ്ഞില്ല. പറഞ്ഞാല്‍ നബീസയുടെ അമ്പലയാത്ര എന്നേക്കുമായി മുടങ്ങും എന്നുറപ്പാണ്. അക്കാര്യത്തില്‍ കാട്ടിയും ചക്കരയുമല്ല നായന്മാരും നമ്പ്യാന്മാരുമാണ് തീരുമാനമെടുക്കുക. പണ്ട് പൂജാരിമാരുടെ കുടുംബസ്വത്തായിരുന്ന ക്ഷേത്രം ഇപ്പോള്‍ ദേവസ്വത്തിന് കീഴിലാണ്. പൂജാരിമാരെ ഇടയ്ക്കിടെ മാറ്റും.

‘അയാള്‍ ഒരു കംസനാ’, ശാന്ത കലിപൂണ്ടു.

കംസന്‍ ശ്രീകൃഷ്ണൻ്റെ മാതുലനാണെന്നും അസുരന്‍ മനുഷ്യൻ്റെ രൂപത്തില്‍ വന്നതാണെന്നും നബീസ കേട്ടിട്ടുണ്ട്. ദേവകിയേയും വസുദേവനേയും തടവിലിട്ട് അവരുടെ മക്കളെ മുഴുവന്‍ കൊന്നുകളഞ്ഞ ദുഷ്ടന്‍. രക്ഷപ്പെട്ടുവന്നത് കൃഷ്ണന്‍ മാത്രം. കൃഷ്ണന്‍ കംസൻ്റെ അന്തകനാവുകയും ചെയ്തു.

കംസന്‍ തിരുമേനിയെ ഒരു പാഠംപഠിപ്പിക്കണമെന്ന് നബീസയും ശാന്തയും തീരുമാനിച്ചു.

അതിനുള്ള ഒരുവഴി തിരുമേനി മേക്കഴുകാന്‍ അമ്പലക്കുളത്തിലിറങ്ങുമ്പോള്‍ ഓരത്ത് തെച്ചിക്കാട്ടിലിരുന്ന് പേടിപ്പിക്കലാണ്. പക്ഷേ തെച്ചിക്കാട്ടില്‍
കയറാന്‍ ശാന്തയ്ക്ക് ധൈര്യംപോര. പിന്നൊരുവഴി വെളുപ്പിന് തിരുമേനി നടതുറക്കാന്‍ വരുമ്പോള്‍ വീഴാന്‍ പാകത്തില്‍ പൊട്ടന്‍കുഴി ഉണ്ടാക്കിവയ്ക്കലാണ്. അതിനുപക്ഷേ, രാത്രി നടയടച്ച ശേഷം വേണ്ടേ അതുചെയ്യാന്‍? നടക്കുന്ന കാര്യമല്ല.

‘ഞാന്‍ അമ്പലത്തിക്കേറാന്‍ പാടില്ലെന്നാണല്ലാ അയാള് പറേണേ?’

നബീസ കുറേ ആലോചിച്ചശേഷം ചോദിച്ചു.

‘അതേല്ലാ’, ശാന്ത പറഞ്ഞു.

‘എങ്കി ഞാന്‍ അമ്പലത്തിക്കേറാന്‍ പോവ്വാണ്. അതിൻ്റെ ദോഷം ആ തിരുമേനിക്ക് കിട്ടുവല്ലാ?’

നബീസ ശാന്തയുടെ മുഖത്തേക്ക് നോക്കി.

‘അതാ അയാക്ക് കൊടുക്കാന്‍ പറ്റിയ ഏറ്റവും നല്ല ശിക്ഷ’, നബീസ ഉറപ്പിച്ചു.

‘എങ്ങനെ കേറാനാണ്?’, ശാന്തയ്ക്ക് കുറച്ച് പേടിയുണ്ടായിരുന്നു.

‘ശാന്തേ നീ പേടിക്കണ്ടട്ടാ. വഴീണ്ട്’.

പള്ളിക്കൂടം ഇല്ലാതിരുന്ന ഒരു ദിവസം നബീസയും ശാന്തയും അമ്പലക്കുളത്തിനടുത്ത് മധുരക്കിഴങ്ങ് കൃഷിയുടെ പിന്നില്‍ കപ്പച്ചെടികള്‍ക്കിടയില്‍ ഒളിച്ചിരുന്നു. ഉഷ:പൂജ കഴിഞ്ഞ് തിരുമേനി പോകുന്നതും കാത്ത്. നല്ലതോതില്‍ വെയില്‍ പരന്നപ്പോള്‍ കംസന്‍ ചെമ്പുരുളി നിറയെ പൂവും പ്രസാദവും തോളത്തെടുത്തുവച്ച് സ്ഥലംവിടുന്നത് അവര്‍ കണ്ടു.

രണ്ടുപേരും ചെടികള്‍ക്കുള്ളില്‍ നിന്ന് പുറത്തുവന്നു.

‘കൊഴപ്പാവ്വോ?’, ശാന്തയ്ക്ക് പേടി വര്‍ധിക്കുന്നുണ്ടായിരുന്നു.

‘ശാന്തേ നീ വരണ്ടട്ടാ. ഇവിടെ നിന്നാ മതി. എനിക്ക് പേടിയൊന്നൂല്ല’.

നബീസ അമ്പലത്തിൻ്റെ ചുറ്റുമതിലിനടുത്തേക്ക് പന്തയം പിടിച്ചു.

ശ്രീകോവിലിനു നേരെ മുന്നിലുള്ള ഗോപുരനടവഴിയില്‍ ആടും പട്ടിയും കയറാതിരിക്കാന്‍ വിലങ്ങനെ മരത്തിൻ്റെ തണ്ടുകള്‍ കൊണ്ടൊരു വേലി പണിതിട്ടുണ്ട് എന്നല്ലാതെ വേറെ അടച്ചുറപ്പൊന്നും ക്ഷേത്രത്തിനില്ല. ചുറ്റുമതിലും വലിയ പൊക്കത്തിലല്ല. പലഭാഗവും ഇടിഞ്ഞുപൊളിഞ്ഞ നിലയിലുമാണ്. പിന്‍ഭാഗത്തുള്ള സര്‍പ്പക്കാവും വശങ്ങളിലുള്ള ഞാവല്‍ക്കാടുമാണ് അതിലും ശക്തമായ മതില്‍.

പക്ഷേ, ശ്രീകോവില്‍ നല്ല ബലമുള്ള താഴിട്ട് പൂട്ടിയിട്ടുണ്ട്.

നബീസ ഗോപുരനട പിന്നിട്ട് ചുറ്റമ്പലത്തിന് മധ്യത്തില്‍ തുളസിത്തറയില്‍ ചാരിനിന്നു. അവിടമാകെ നിശ്ശബ്ദമായിരുന്നു. പച്ചിലകളുടെ കൊലുസിട്ട കാറ്റും സ്വര്‍ണനാവ് നീട്ടി കരിങ്കല്‍ത്തറ നക്കുന്ന വെയിലും മാത്രം.

ശ്രീകോവിലിന്റെ ചുവരുകളില്‍ ഇടവിട്ടുള്ള ചെരാതുകള്‍ വല്ലപ്പോഴും മാത്രമേ തിരിയിട്ട് തെളിയിക്കാറുള്ളൂ. അവയില്‍ പുറ്റും പൊടിയും നിറഞ്ഞുകിടക്കുകയാണ്. പിന്‍ഭാഗത്തെ ചുമരില്‍ ഒന്നിനുകുറുകേ ഒന്നായി മൂന്ന് ചെരാതുകള്‍ ഉണ്ട്. അതിനുമുകളില്‍ മരപ്പാളി വച്ച് അടച്ചിട്ടുള്ള ഒരു ജനലും. നേരത്തേ തന്നെ ദ്രവിച്ചുപോയ ജനല്‍ തല്‍ക്കാലത്തേക്ക് മരപ്പാളി അടിച്ച് മൂടിവച്ചിരിക്കുകയാണ്.

ശാന്തയാണ് ശ്രീകോവിലിൻ്റെ പിന്നിലെ ഈ ജനലിനെക്കുറിച്ച് നബീസയ്ക്ക് പറഞ്ഞുകൊടുത്തത്.

‘അത് തൊറക്കാന്‍ പറ്റണാണാന്ന് അറിയാമ്പാടില്ല. തൊറന്നാ നേരേ കൃഷ്ണൻ്റെ മുമ്പിലെത്തും’, ശാന്ത പറഞ്ഞു.

‘ഞാന്‍ തൊറക്കും’. നബീസ വഴികണ്ടിരുന്നു.

കൊളുമ്പി ചക്കര വാളന്‍ പുളി പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന കൊക്ക അവള്‍ സൂത്രത്തില്‍ കൈക്കലാക്കി പാവാടയുടെ വലതുപോക്കറ്റില്‍ തിരുകിയിരുന്നു. അതിപ്പോള്‍ പ്രയോഗിക്കാന്‍ പോവുകയാണ്.

രണ്ടുകൈയും രണ്ടാമത്തെ ചെരാതില്‍ എത്തിപ്പിടിച്ച് വലതുകാല്‍ ആദ്യത്തെ ചെരാതില്‍ കയറ്റിവച്ചു. ഇടതുകാല്‍ തൂങ്ങിക്കിടന്നു. കാലുകള്‍ തമ്മിലുള്ള പന്തയം ആദ്യമായി വേണ്ടെന്നുവച്ച് അവള്‍ ഇടതുകാലെടുത്ത് വലതുകാലിൻ്റെയൊപ്പം തന്നെ ചെരാതിൻ്റെ ഇടതുഭാഗത്ത് ഉറപ്പിച്ചു. ഇടതുകൈ രണ്ടാമത്തെ ചെരാതില്‍ മുറുകെപ്പിടിച്ച് പിടിവിടാതെ വലതുകൈ കൊണ്ട് പാവാടയുടെ വലതുപോക്കറ്റില്‍ നിന്ന് കൊക്ക എടുത്തു. ജനലിൻ്റെ മരപ്പാളി കൊളുത്തിവച്ചിട്ടുള്ള ഭാഗത്ത് അതിൻ്റെ മുന തിരുകി ആഞ്ഞുവലിച്ചു.

നബീസ അദ്ഭുതപ്പെട്ടുപോയി. ഒറ്റവലിയില്‍ തന്നെ മരപ്പാളി പറിഞ്ഞ് താഴെവീണു. അതിൻ്റെ ഒച്ച മതിലിനപ്പുറത്തേക്കു പോകാതെ കൊലുസിട്ട കാറ്റ് രക്ഷിക്കുകയും ചെയ്തു. മരപ്പാളി ഘടിപ്പിച്ചിരുന്ന ഭാഗത്ത് ചിതലുകയറിയിരുന്നു.

പിന്നെ ഇടതുകാലിനെ നോവിക്കാതെ വലതുകാല്‍ കൊണ്ട് ഒരഭ്യാസം കാണിച്ച് നബീസ ശ്രീകോവിലിന് അകത്തേക്ക് നൂണു.

ആദ്യം അവള്‍ക്കൊന്നും മനസ്സിലായില്ല. ഒന്നും കാണുന്നുണ്ടായിരുന്നില്ല. നിലത്തും ചുവരിലും ഒന്നുരണ്ട് പല്ലികള്‍ പെരുമാറുന്നുണ്ടെന്ന് മനസ്സിലായി. അല്‍പസമയം കൊണ്ട് താന്‍ നില്‍ക്കുന്നത് കഷ്ടി രണ്ടുപേര്‍ക്ക് നില്‍ക്കാവുന്ന ഒരു കുടുസ്സ് മുറിയിലാണെന്ന് അവള്‍ക്ക് ബോധ്യപ്പെട്ടു. തല താഴ്ത്തിയേ അതില്‍ നില്‍ക്കാന്‍ കഴിയൂ. എന്നിട്ടും എട്ടുകാലിവലയില്‍ തലകുരുങ്ങി. ശാന്ത കൊണ്ടുവന്ന് തരാറുള്ള ശര്‍ക്കരപ്പായസത്തിന്റെയും ചന്ദനത്തിൻ്റെയും മണം അവള്‍ അറിഞ്ഞു. ചുവരുകളുടെ വിസ്തൃതി നോക്കാന്‍ കൈനീട്ടിയപ്പോള്‍ തൊട്ടത് ഒരു ലോഹവസ്തുവിലാണ്.

കൃഷ്ണന്‍!

ശാന്ത പറഞ്ഞിട്ടറിയാം. കട്ടിയുള്ള ലോഹത്തില്‍ അമ്മിക്കല്ലിൻ്റെ വലിപ്പത്തില്‍!

ശാന്തപോലും അതില്‍ തൊട്ടിട്ടില്ല!

കംസന്‍ തിരുമേനി തൊട്ടിട്ടുണ്ടാവുമോ!

ഉണ്ടാവും. തൊടാത്തവര്‍ക്കുവേണ്ടി ഇതാ, നബീസ തൊടുന്നു.

തൊടുകമാത്രമല്ല.

അവള്‍ പാവാടയുടെ ഇടതുപോക്കറ്റില്‍ നിന്ന് ഒരു താളിലയില്‍ പൊതിഞ്ഞുവച്ച തെച്ചിപ്പൂമാല പുറത്തെടുത്തു.

‘ന്‍റെ ബദരീങ്ങളേ’, അവള്‍ പ്രാര്‍ഥിച്ചു.

പിന്നെ ആ മാല കൃഷ്ണൻ്റെ കഴുത്തിലേക്കിട്ടു.

‘കൃഷ്ണാ.. ഞാന്‍ നെന്നെ നിക്കാഹ് കഴിക്ക്യാണ്. കോപമുണ്ടെങ്കി നീയത് കംസനുമേല്‍ തീര്‍ത്തോളൂ’, അവള്‍ സ്വരം താഴ്ത്തി കൃഷ്ണൻ്റെ ചെവിയില്‍ പറഞ്ഞു.



 

About Author

പ്രമോദ് രാമൻ

മീഡിയ വൺ എഡിറ്റർ ആയ പ്രമോദ് രാമൻ അറിയപ്പെടുന്ന കഥാകൃത്തും, മാധ്യമ പ്രവർത്തകനുമാണ്. മനോരമ ന്യൂസിന്റെ സീനിയർ കോഡിനേറ്റിങ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 1995 ൽ കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റിൻ്റെ ആദ്യ വാർത്താ ബുള്ളറ്റിൻ വായിച്ച വാർത്താ അവതാരകനാണ്.