A Unique Multilingual Media Platform

The AIDEM

Articles Memoir

ഏഴു സ്വരങ്ങളുക്കുൾ എത്തനൈ പാടൽ….

  • February 5, 2023
  • 1 min read
ഏഴു സ്വരങ്ങളുക്കുൾ എത്തനൈ പാടൽ….

ആലാപനത്തിലെ വൈവിധ്യ ഭരമായ സൗകുമാര്യങ്ങളാണ് വാണി ജയറാമിനെ വ്യത്യസ്തയാക്കിയത്. അവരുടെ പാട്ടുകളിലെ ലയബദ്ധതകൾ, ഋതു കാന്തികൾ, രാസ ലാസ്യ താളങ്ങൾ എന്നിവയ്ക്ക് കാലാതിവർത്തിയായ തിളക്കമേറുന്നു. അത്രയ്ക്കും രമണീയമായൊരു സംഗീത കാലമാണ് വാണി ജയറാം ആസ്വാദകർക്കായി തന്നത്. മനസ്സ് പോകുന്ന വഴിയാണ് വാണിയുടെ പാട്ടിന്. സൂക്ഷ്മവും ശ്രുതി ശുദ്ധവുമായ തുടർച്ചകളിലായിരുന്നു അവരുടെ സ്വര സൗന്ദര്യം തെളിഞ്ഞു നിന്നത്. ശബ്ദത്തിന്റെ ആഴം, വേരിയേഷനുകൾ, ഡൈനാമിക്സ്, വാക്കുകളിൽ പുലർത്തുന്ന ജാഗ്രത, ലിറിക്സിന്റെ അകങ്ങളിലേക്ക് നമ്മെ നയിക്കുന്ന ശ്രദ്ധ എന്നിവയെല്ലാം ആ ഗാനങ്ങളുടെ മുഖമുദ്രകൾ ആയിരുന്നു. കഥാപാത്രം, സന്ദർഭം എന്നിവയുടെ സൂക്ഷ്മമായ മനോഗതങ്ങൾ അറിഞ്ഞു പാടുകയായിരുന്നു വാണി ജയറാം. പാട്ടിൽ വാണി ജയറാമിന്റെ പ്രാർത്ഥനാ നിലയങ്ങൾ എന്ന് വിളിക്കുവാൻ എത്രയോ സംഗീത സംവിധായകർ അവരുടെ കൂടെയുണ്ടായിരുന്നു ‘. സ്വരസ്ഥാനങ്ങളെ ചുംബിച്ചുണർത്തുന്ന ഗായിക എന്ന നിലയിലാണ് അവർ പാട്ടുകളിലേക്ക് നമ്മെ ക്ഷണിക്കുന്നത്. ഏത് വാക്കിലാണ് പാട്ടിന്റെ ആത്മാവുള്ളത് എന്ന് നോക്കിയായിരുന്നു ആ ആലാപന വൈവിധ്യങ്ങൾ. ഭാഷയിലും ഭാവത്തിലും ഭാവനയിലും ഒരുപോലെ മികവ് പുലർത്തുന്നതായിരുന്നു ആ സുന്ദര ബാണി. വ്യത്യസ്ത സ്വര ഗുണവിശേഷങ്ങളുടെ സംഗമ ദീപ്തിയിൽ സമൃദ്ധമാണ് അവരുടെ സംഗീത ലോകം. പാട്ടിലെ ഭാവോന്മുഖതയാണതിൽ പ്രധാനം. ഗമകങ്ങളുടെ അനർഗളതകൾ ആലാപനത്തിലുടനീളം ദീക്ഷിക്കുന്നുണ്ടായിരുന്നു. പാട്ടിനെ ഭാവ നിമഗ്‌നമാക്കിയും വികാര ഭാവങ്ങളെ സൂക്ഷ്മതരമാക്കിയുമായിരുന്നു വാണി ജയറാം അവരുടെ ആലാപന സ്ഥായികളെ സൗന്ദര്യാഭിരാമമാക്കിത്തീർത്തത്. ഏത് ഗാനവും വാണിയുടെ നാദത്തിൽ വർണാഭമാകുകയായിരുന്നു. പ്രണയത്തിന്റെ വ്യാപ്തി അതിന്റെ പരമാവധിയാകുന്നത് വാണി ജയറാമിന്റെ പാട്ടുകളിലായിരുന്നു.

കനമുള്ള ഗമകങ്ങൾ/സംഗതികൾ ആയാലും അവരുടെ സ്വര കാന്തിയിൽ അവയെല്ലാം വിലോഭനീയങ്ങളായി മാറി. ശബ്ദത്തിൽ വികാരത്തിന് മുൻതൂക്കം നൽകുന്ന പാട്ടു ലോകം കൂടിയായിരുന്നു അത്. കർണാടക സംഗീതത്തിന്റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും പ്രൗഢ സ്ഥലികളിൽ ജനപ്രിയതയുടെ തുറസ്സിലേക്ക് ഗാനങ്ങളെ സംക്രമിപ്പിക്കുകയായിരുന്നു വാണി ജയറാം. ഗമക സമൃദ്ധവും മധുരോദാരവുമായിരുന്നു പലപ്പോഴും അവരുടെ ഗാനങ്ങൾ. ഗമകമോ, ബൃഗയോ എന്ന് നിർവചിക്കാനാകാത്ത സവിശേഷസ്വര സങ്കേതങ്ങൾ ആ നാദ പ്രവാഹത്തെ അനന്യമാക്കി. അവരുടെ പാട്ട് ഒരു ഭാഷയും ഒരു സംസ്കാരവുമായിത്തീരുന്നു. അത് സ്വയം നിർവചിക്കാൻ ശേഷിയുള്ള ഗാന രീതിയാകുന്നു. പ്രണയാനുരാഗത്തിന്റെ ഗായികയാണവർ. അതിന്റെ വൈവിധ്യം ക്ലാസിക്കൽ മുതൽ ഫോക്ക് റൊമാന്റിക് വരെയാകുന്നു. അപാരമായ വോക്കൽ റേഞ്ച്, പെട്ടെന്ന് പാട്ടുകൾ പഠിക്കാനുള്ള ആർജ്ജവം , കൃത്യമായ ഉച്ചാരണം, വിശദാംശങ്ങളിലുള്ള ശ്രദ്ധ എന്നിവ വാണി ജയറാമിന്റെ സംഗീത ജീവിതത്തിൽ പ്രധാനമായിരുന്നു.

 

പാട്ടിന്റെ പരിചിതാർത്ഥങ്ങളിൽ നിന്ന് മാറി സഞ്ചരിക്കുന്നുണ്ട് വാണി ജയറാം തന്റെ സംഗീത വഴികളിൽ. ആ ഗാനങ്ങൾ എല്ലാ വികാരങ്ങളുടെയും സത്ത ഉൾക്കൊള്ളുന്നവയാണ്. പാട്ടിന്റെ അനേകം സന്ദർഭങ്ങളിലേക്ക് നാം ചെന്നെത്തുന്നത് വാണിയൂടെ ഗാനാവിഷ്കാരങ്ങളിലായിരുന്നു. പതിഞ്ഞ പാട്ടിനേക്കാൾ അത് പതഞ്ഞൊഴുകുന്ന തീക്ഷ്ണ പ്രവാഹം. ഒരു പക്ഷേ, പ്രേമം എന്ന വികാരത്തിന്റെ ചടുലാലാപനസാധ്യതകൾ. ജീവിത വേളകളിൽ നാമനുഭവിക്കുന്ന ആഴത്തിലുള്ള ഒരാന്തരിക ലോകവും ആ ലോകവുമായുള്ള ലയവുമൊക്കെയാണ് അവരുടെ ശബ്ദം പകർന്നു തന്നത്. അങ്ങനെ അവർ ജനപ്രിയതയുടേതായ ഒരു സംഗീതപർവം സൃഷ്ടിച്ചു.

ഉത്സാഹപൂരിതവും ഉന്മത്തവുമായി ഒഴുകുന്ന ഒരു നദി പോലെയാണ് ആ ഗാനങ്ങൾ. പാട്ടിൽ പൂത്തിരി കത്തി നിൽക്കുന്ന ഒരനുഭവം ഒരു പക്ഷേ വാണി ജയറാം സൃഷ്ടിക്കുന്നുണ്ട്. ചടുലമായ പാട്ടിന്റെ ഒരു പ്രവാഹഗതി പാട്ടുകളിൽ സൂക്ഷിച്ചു വെക്കുന്നുണ്ട് വാണി. നാടൻ പാട്ടിലെ മൈന, കടക്കണ്ണിലൊരു കടൽ കണ്ടു, ആഴിത്തിരമാലകൾ, ധും ധന ധും ധന, കിന്നാരം തരിവളയുടെ, കണ്ണിൽ പൂവ്, നാദാപുരം പള്ളിയിലെ … അങ്ങനെ നിരവധി ഗാനങ്ങൾ. അതേസമയം വളരെ മന്ദഗതിയിലൊഴുകുന്ന തിരയും തീരവും എന്ന ഗാനവും വാണി ജയറാമിന്റേതാണ്. പാട്ടിലെ ചൈതന്യം നൈസർഗികവും സത്യസന്ധവും മൗലികവുമായ വിചാരങ്ങൾ, വികാരങ്ങൾ, അനുഭൂതി എന്നിവ ചേരുന്ന പാട്ടിന്റെ സാന്ദ്ര ലോകമാണിത്.

മലയാളത്തിൽ വാണി ജയറാമിനെ അവതരിപ്പിച്ചത് സലിൽ ചൗധരിയായിരുന്നു. സ്വപ്നമെന്ന സിനിമയിലെ സൗരയൂഥത്തിൽ എന്ന ഒ എൻ വി ഗാനം. വാണിയുടെ വോക്കൽ റേഞ്ച് സാധ്യതകൾ ആദ്യം തിരിച്ചറിഞ്ഞത് സലിൽ ദാ ആയിരുന്നു. ധും ധന എന്ന പാട്ടിലെ ചടുലതയും ലയാത്മകതയും മെലഡിയുമെല്ലാം വാണിയുടെ ശബ്ദസൗന്ദര്യത്തിന് മാറ്റ് കൂടി. മലയാളത്തിൽ വാണി ജയറാമിന് കൂടുതൽ അവസരങ്ങൾ നൽകിയത് അർജുനൻ മാഷായിരുന്നു. വാൽക്കണ്ണെഴുതി എന്ന പാട്ട് അതിൽ മുന്നിൽ നിൽക്കുന്നു. യേശുദാസായിരുന്നു വാണിയെ മാഷിന് പരിചയപ്പെടുത്തുന്നത്. സീമന്ത രേഖയിൽ, സപ്തസ്വരങ്ങളാടും, മാവിന്റെ കൊമ്പിലിരുന്ന്, ഞാറ്റുവേലപ്പൂക്കളെ , നിലവിളക്കിൻ തിരി, തിരുവോന്ന പുലരി തൻ സൗഗന്ധികങ്ങൾ വിടർന്നു അങ്ങനെ നീളുന്നു ആ നിര…

വാണി ജയറാമിന് വേണ്ടി ദക്ഷിണാമൂർത്തി നിർമിച്ച ഈണ വിസ്തൃതികൾ ശ്രദ്ധേയമായിരുന്നു. ഇളം മഞ്ഞിൻ തേരോട്ടം എന്ന ഗാനം സ്വാമിയുടെ മറ്റ് ഗാനങ്ങളിൽ നിന്ന് പ്രകൃതത്തിൽ വ്യത്യസ്തമായിരുന്നു. വിശുദ്ധമായൊരു പുലർകാലത്തെ പാട്ടിൽ വിടർത്തിവെക്കുകയായിരുന്നു ഗായിക. ഹിന്ദോള രാഗത്തിൽ, ആനന്ദനടനം, ഹംസ പഥങ്ങളിൽ, ചിരകാല കാമിത… അങ്ങനെ സ്വാമിയുടെ പാട്ടുകൾ വാണിയുടെ സ്വരത്തിൽ രാഗസാന്ദ്രമായി.

വാണി ജയറാം എം എസ് വി ,യേശുദാസ് എന്നിവ‍ർക്കൊപ്പം

എം എസ് വി യും വാണിയും ചേർന്നപ്പോൾ ഉണ്ടായി എത്രയോ ജനപ്രിയ ഗീതികൾ. തൃപ്പയാരപ്പാ, കാവാലം ചുണ്ടൻ വളളം, ഏത് പന്തൽ… അങ്ങനെ വൈവിധ്യത്തിന്റെ ലയശോഭകൾ. ദേവരാജ സംഗീതത്തിൽ അവർ പാടിയ ഗാനങ്ങൾ ആലാപനസൂക്ഷ്മതയിൽ മുന്തിയതായിരുന്നു. മംഗളാംബികേ, തിരുവൈക്കത്തപ്പാ എന്നിങ്ങനെ. സുഗന്ധ ശീതള എന്ന ബിച്ചു തിരുമല – ദേവരാജ സംഗമത്തിൽ പിറന്ന ഗാനം വാണിയുടെ ആലാപനത്തിൽ പുതുമ പുലർത്തി. ബാബു രാജിന്റെ യാഗാശ്വത്തിലെ കൃഷ്ണപ്രിയദളം എന്ന ഗാനം വാണിയുടെ ആരാധകർക്ക് പ്രിയം നിറഞ്ഞതായിരുന്നു.

പാട്ടിൽ വാണിജയറാം തീർക്കുന്ന സമഗ്രത തന്നെയായിരുന്നു പ്രധാനം. വിവിധ സ്ഥായികളിൽ ഗമകങ്ങളും തീവ്രതകളും ധ്വനിപ്പിക്കുന്ന ആലാപനത്തിന്റെ വൈകാരിക പ്രകാശനങ്ങൾ. സ്വരത്തിന്റെ തീവ്രതയും ആഴവും ഒഴുക്കുമുള്ള ഗാനങ്ങൾ, പ്രണയഗീതികൾ, ശോകഗാനങ്ങൾ, കാവ്യമെലഡികൾ, ദ്രുത ഗീതകങ്ങൾ/നാടോടി ശൈലിയിലുള്ള പാട്ടുകൾ, ഭക്തി/ ഭജനുകൾ , ഗസൽ എന്നിവയിൽ വാണി ജയറാം നിലനിർത്തിയ ഭാവ വൈവിധ്യങ്ങൾ തിരിച്ചറിയേണ്ടതാണ്. രാഘവൻ മാഷിന്റെ പഞ്ചവർണ്ണക്കിളിവാലൻ, വറുത്ത പച്ചരി, തിരുവുള്ളക്കാവിലിന്ന് , മങ്കമാരെ മയക്കുന്ന, നാദാപുരം പള്ളിയിലെ, അടി തൊഴുന്നേൻ… അങ്ങനെ എന്ത് നാദ വൈവിധ്യമാണിവിടെ.

തുറന്ന് പാടുന്ന രീതിയാണ് വാണിയുടെ ബാണി. പെനട്രേറ്റിംഗ് ആയ സ്വരം. യുഗ്മഗാനങ്ങളിൽ വാണി പങ്കിടുന്ന ശബ്ദമധുരിമകൾ വേറെത്തന്നെ. ക്ലാസിക്കൽ സംഗീതത്തിന്റെ സമസ്ത ധാരകളെയും സന്നിവേശിപ്പിച്ച് സാർത്ഥകമാക്കിയ എത്രയോ ഗാനങ്ങൾ ആ സംഗീത പ്രപഞ്ചത്തിലുണ്ട്. കെ.വി. മഹാദേവന്റെ പാട്ടുകൾ ഉദാഹരണമാണ്. ശങ്കരാഭരണം എന്ന സിനിമയിലെ കീർത്തനങ്ങൾ ഒരറ്റത്തു നിൽക്കുമ്പോൾ കെ.വി മഹാദേവന്റെ തന്നെ കടക്കണ്ണിലൊരു കടൽ കണ്ടു എന്ന പാട്ടിനെ വാണി മറ്റൊരറ്റത്തു കൊണ്ടുപോയിക്കെട്ടി. കുങ്കുമപ്പൊട്ടിലൂറും കവിതേ (ഏ.ടി. ഉമ്മർ ), ആവണിപ്പൊന്നൂഞ്ഞാലിൽ (എം.ബി.എസ് ),  നായക പാലക ( ശ്യാം ), നീല ഗഗനമേ, മഞ്ചാടിക്കുന്നിൽ (ജെറി അമൽദേവ് ), നന്ദ സുതാവര, ഏതോ ജന്മകൽപനയിൽ (ജോൺസൺ), പൂവേ പൂവിടും (രവിന്ദ്രൻ ), ആഷാഢമാസം (ആർ.കെ.ശേഖർ ) … അങ്ങനെ ഭാവത്തിലും വേഗത്തിലും സ്വര ക്രമീകരണത്തിലും ഗാന ഘടകങ്ങളെ വാണി ജയറാം കൃത്യമായി വിലയിപ്പിച്ചു. വാണി പാടുമ്പോൾ ജീവിതത്തിലെ സന്തോഷപ്രദമായ അവസരങ്ങളുടെ അനിവാര്യമായ അടരുകളെ അഭിസംബോധന ചെയ്തു. സംഘഗാനങ്ങളിൽ വാണിയുടെ നാദം സഹഗായകരേക്കാൾ ഉച്ചത്തിൽ പ്രകടമായിത്തീരുന്നു. സ്വർണ മീനിന്റെ, നീരാട്ട്, ഏഴാം മാളിക മേലേ എന്നിവ ശ്രദ്ധിച്ചാലിതറിയാം

ഭക്തിയും പ്രണയവും ശ്യംഗാരവും ഇടകലർന്ന് ശ്രീരാഗത്തിൽ തീർത്ത നന്ദ സുതാവര എന്ന ഗാനം , രതിയുടെ ഉന്മാദാവസ്ഥ പ്രതിഫലിപ്പിക്കുന്ന കുറുനിരയോ എന്ന ഗാനം , മൗനം പൊൻ മണിത്തംബുരു എന്ന പാട്ടിലെ അവസാന ഭാഗത്തുള്ള ല ലാ ല എന്ന സംഗതികൾ … അങ്ങനെ ബഹുസ്വരമായ ആലാപനച്ചേർച്ചകൾ … ശ്രുതിയുടെ ഒരു കമ്പി അതിന്റെ പാകത്തിന് വലിച്ചു കെട്ടിയ പോലെയാണ് വാണിയുടെ സ്വരം .അല്ലെങ്കിൽ ഒരു നദി അതിന്റെ തരംഗങ്ങളെ ഇണക്കിയൊഴുകുന്നതു പോലെ.

പട്യാല ഘരാനയുടെ പ്രയോക്താവായ ഉസ്താദ് അബ്ദുൾ റഹ് മാന്റെ കീഴിൽ ഹിന്ദുസ്ഥാനി പഠിച്ച വാണിയുടെ ബോലേ രേ പാപി ഹര ( മിയാൻ കി മൽഹാർ ) എന്ന ഗാനത്തിന് അപാരജന സമ്മതിയുണ്ടായി. നൗഷാദ്, മദൻ മോഹൻ ,ആർ ഡി. ബർമൻ , ഒ.പി. നയ്യാർ എന്നിവർക്ക് വേണ്ടി മികച്ച ഗാനങ്ങൾ പാടി അവർ. മീര എന്ന സിനിമയിൽ പണ്ഡിറ്റ് രവിശങ്കറിന് വേണ്ടി വാണി ജയറാം പാടിയ ഗാനങ്ങൾ അതിലെ ക്ലാസിക്കൽ ഗരിമയെ വാനത്തോളം ഉയർത്തി. വാണിയുടെ ഗാനങ്ങളിൽ നാം രാഗങ്ങളുടെ നിറപ്പകർച്ച അനുഭവിച്ചു. അവർ പാടുന്നതിന്റെ സൗഖ്യം, ശ്രുതി ശുദ്ധി, ഗമക പ്രഭ, ഭാവോന്മീലനം എന്നിവ വേറിട്ടു നിൽക്കുന്നു. നിതാന്ത വശ്യമായ ഒരു ശാരീരമായിരുന്നു അത്. വിവിധ രാഗതാള കാലങ്ങളിൽ നിർവൃതി കൊള്ളുന്ന പാട്ടുകൾ. മൂന്ന് ദേശീയ പുരസ്കാരങ്ങൾ (സ്വാതികിരണം, ശങ്കരാഭരണം, അപൂർവ്വരാഗങ്ങൾ), പത്മവിഭൂഷൺ തുടങ്ങി നിരവധി ബഹുമതികൾ നേടിയ വാണി പാട്ടിൽ സമന്വയിപ്പിച്ച സമാനതകൾ ഇല്ലാത്ത ആലാപന ശൈലികൾ വരുംതലമുറകളെ അതിശയപ്പെടുത്തി മുന്നേറുമെന്നുറപ്പാണ്. അത്രയ്ക്കും പ്രിയതരമാകുമൊരു നാദമായിരുന്നു അത്….


About Author

ഡോ. എം ഡി മനോജ്

സംഗീത സംബന്ധിയായ ലേഖനങ്ങൾ , പുസ്തകങ്ങൾ എന്നിവ എഴുതിയിട്ടുള്ള ഡോ.എം.ഡി. മനോജ് നിലവിൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനാണ്.

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Venu Edakkazhiyur
Venu Edakkazhiyur
1 year ago

എഡിറ്ററുടെ കണ്ണ് വെട്ടിച്ചു ലേഖനത്തിൽ കടന്നുകൂടിയ ആവർത്തനങ്ങൾ കല്ലുകടിയായെങ്കിലും ഈ കണ്ണോക്ക്‌ ഉചിതമായി. അങ്ങിങ്ങു കടന്നുകൂടിയ ഇംഗ്ലീഷ് വാക്കുകൾക്ക്‌ പകരമുള്ള മലയാളം വാക്കുകൾ ഉപയോഗിച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി. (യേശുദാസിനൊപ്പം എന്നൊരു ക്യാപ്ഷൻ കണ്ടെങ്കിലും വാണിയുടെ ചിത്രം മാത്രമേയുള്ളു എന്നത് കാര്യക്ഷമില്ലാത്ത എഡിറ്റിംഗ് ബോധ്യപ്പെടുത്തുന്നുണ്ട് എന്ന് പറയാൻ അനുവദിക്കുക!

Viswanath Babu
Viswanath Babu
1 year ago

വാണി അമ്മക്ക് ആദരാഞ്ജലികൾ.
🙏😢