കാലഹരണപ്പെട്ടതും ജീര്‍ണ്ണോന്മുഖവുമായ ഫ്യൂഡല്‍ മൂല്യങ്ങളില്‍ തളഞ്ഞുകിടക്കുകയായിരുന്ന കേരളത്തെ ഒരു പരിഷ്കൃതസമൂഹമായി വിഭാവനംചെയ്യുന്നതിലും പുതുക്കിപ്പണിയുന്നതിലും നിര്‍ണ്ണായക പങ്കുവഹിച്ച മലയാളത്തിലെ നവോത്ഥാനസാഹിത്യം മാറിയ സാമൂഹിക-രാഷ്ട്രീയഭൂമികയില്‍ അതിന്‍റെ തുടര്‍ച്ചയും പ്രസക്തിയും വീണ്ടെടുത്തത് കീഴാളസമൂഹങ്ങളില്‍നിന്നുതന്നെ ഉയര്‍ന്നുവന്ന എഴുത്തുകാരിലൂടെയാണ്. തകഴിയെയും ദേവിനെയും പൊന്‍കുന്നം വര്‍ക്കിയെയുംപോലുള്ള വലിയ എഴുത്തുകാര്‍ രചിച്ച, കീഴാളജീവിതം പ്രമേയമാക്കുന്ന കൃതികള്‍ ഉയര്‍ത്തിപ്പിടിച്ച സമത്വബോധവും മാനവികതയും പുതിയൊരു നൈതികതയിലേക്കു മുതിരുന്നത് ടി.കെ.സി വടുതലയെപ്പോലൊരു കീഴാളസാഹിത്യകാരന്‍റെ രചനകളിലൂടെയാണ്. നവകേരളമെന്ന സങ്കല്‍പ്പം സാക്ഷാത്കൃതമാകുവാന്‍ സമൂഹത്തിന്‍റെ പലതലങ്ങളില്‍ പടര്‍ന്നുകിടക്കുന്ന ജാതീയതയെക്കൂടി നേരിട്ടേ മതിയാവൂ എന്നും ഗോത്രസമുദായങ്ങള്‍ നേരിടുന്ന അവമതിയും ചൂഷണവും ഉച്ഛാടനംചെയ്യപ്പെട്ടില്ലെന്നുമുള്ള ബോദ്ധ്യമാണ് മലയാളത്തിലെന്നപോലെ മറാഠിയും ഒറിയയും ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ഭാഷകളിലെ ദലിത് സാഹിത്യത്തിന്‍റെ ആവിര്‍ഭാവത്തിന് പ്രചോദനമോ പ്രകോപനമോ ആയത്. ദലിതസാഹിത്യമെന്ന് വിളിക്കപ്പെട്ടുതുടങ്ങിയിരുന്നില്ലെങ്കിലും വടുതലയുടെ കഥകളാണ് ആ ജനുസ്സില്‍പ്പെട്ട മലയാളത്തിലെ ഏറ്റവും പ്രസക്തമായ സര്‍ഗ്ഗാത്മക രചനകള്‍. ഒരുപക്ഷെ, ടി.കെ.സി. വടുതലയില്‍ത്തുടങ്ങുന്ന ആധുനിക മലയാള ദലിതസാഹിത്യശാഖയിലെ ഏറ്റവും മുതിര്‍ന്ന ഒരെഴുത്തുകാരനെയാണ് നാരായന്‍റെ തിരോധാനത്തോടെ മലയാളത്തിന് നഷ്ടമായത്. ആദിവാസികളെപ്പറ്റി സഹാനുഭൂതിയോടെ എഴുതപ്പെട്ട കൃതികള്‍ മുമ്പും നമുക്ക് പരിചിതമാണെങ്കിലും മലയാളത്തില്‍ ആദ്യമായി കല്‍പ്പിതകഥകളിലൂടെ സ്വന്തം സമുദായത്തിന്‍റെ ജീവിതാവസ്ഥയെ അതിഭാവുകത്വലേശമില്ലാതെ ആവിഷ്കരിക്കുവാന്‍ തുനിഞ്ഞ ആദ്യത്തെ ആദിവാസി സാഹിത്യകാരനായിരുന്നു നാരായന്‍.
ഇടമലക്കുടിയിലെ അധ:സ്ഥിതരായി മുദ്രകുത്തപ്പെട്ട് അകറ്റിനിര്‍ത്തപ്പെട്ട മലയരയ സമുദായത്തിലെ സഹജീവികളുടെ ഭൗതികദുരിതങ്ങളും വൈയക്തികസങ്കടങ്ങളും സാമൂഹികമായ അവഗണനയും മേല്‍ജാതിക്കാരില്‍നിന്നുള്ള തിക്താനുഭവങ്ങളും ആവിഷ്കരിക്കുന്ന കൊച്ചരേത്തി എന്ന നോവലിലൂടെയാണ് നാരായൻ മലയാളത്തിലെ ഗോത്രസാഹിത്യത്തിന് അടിത്തറയിടുന്നത്. രണ്ടുവയസുള്ളപ്പോള്‍ മരിച്ചുപോയ അമ്മ സഹിച്ചിരിക്കാവുന്ന ദുരിതങ്ങളെ സ്വന്തം ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍ വിഭാവനംചെയ്യുകയായിരുന്നു ഈ കൃതിയിലെന്ന് നാരായന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ട് മുമ്പ്‌വരെയും പട്ടിണിമരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന കേരളത്തിലെ ആദിവാസിഗ്രാമങ്ങളുടെയാകെ നേര്‍ച്ചിത്രമാണ് ആ നോവല്‍ വായനക്കാര്‍ക്ക് നല്‍കുന്നത്. ആദിവാസിനിഷ്കളങ്കതയും ആദിവാസിഭാഷയുടെ ലാളിത്യവും അനുഭവപ്പെടുത്തുന്ന കൊച്ചേരത്തിയെ നമ്മുടെ അഭിജാതസാഹിത്യ നിരൂപകര്‍ തീണ്ടാപ്പാടകലെ നിര്‍ത്തിയെങ്കിലും സാഹിത്യ അക്കാദമി പോലൊരു ഔദ്യോഗികസ്ഥാപനം അതിനെ ആദരിച്ചുവെന്നതാണ് കൗതുകകരമായ സംഗതി. ആ അംഗീകാരമില്ലായിരുന്നുവെങ്കില്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും ഇംഗ്ലീഷിലേക്കും മലയാളത്തിലെ ആദ്യത്തെ ആദിവാസി സാഹിത്യകാരന്‍റെ കൃതികള്‍ വിവര്‍ത്തനംചെയ്യപ്പെടുമായിരുന്നില്ല. കേരളത്തിന് പുറത്ത് നാരായന്‍റെ കൃതികള്‍ വായിക്കപ്പെട്ടുവെങ്കിലും മലയാളത്തിലെ സാഹിത്യ നിരൂപകരും സാഹിത്യസദസ്സുകളും സാഹിത്യപ്രസിദ്ധീകരണങ്ങളും ഈ എഴുത്തുകാരനെ അറിഞ്ഞാദരിക്കുവാന്‍ സന്നദ്ധമായിരുന്നില്ല. ജാതിവിവേചനം കുറ്റകരമാക്കിയ നാട്ടിലും സാഹിത്യരംഗത്ത് അത് നിലനില്‍ക്കുന്നുവെന്ന് നാരായന്‍ ആവലാതിപ്പെടാറുമുണ്ടായിരുന്നു. താനെഴുതിയത് സത്യമായിരുന്നുവെന്നതിന്‍റെ സാക്ഷ്യമായിട്ടാണ് ആ അവഗണനയെ അദ്ദേഹം പരാമര്‍ശിച്ചിരുന്നത്.
ഒരെഴുത്തുകാരനു ലഭിക്കേണ്ട ആദരം നാരായന് നല്‍കിയ പത്രാധിപര്‍ മലയാളത്തിന്‍റെ എക്കാലത്തെയും മികച്ച ലിറ്റററി എഡിറ്റരായ എം.ടിയാണെന്നതും സാന്ദര്‍ഭികമായി ഓര്‍മ്മിക്കാം. ചെങ്ങാറും കൂട്ടാളും എന്ന നാരായന്‍റെ നോവല്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിക്കുവാന്‍ മാത്രമല്ല, മാതൃഭൂമിയിലൂടെതന്നെ അത് പുസ്തകമാക്കുവാനും എം.ടിയാണ് ഉത്സാഹിച്ചത്. ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരണം ആരംഭിക്കുന്നതിനുമുമ്പ് നോവലിലെ ഭൂപ്രദേശത്തെയും മനുഷ്യരെയും പരിചയിക്കുവാനായി രേഖാചിത്രകാരന്‍ ഇടമലക്കുടിയില്‍ പോകണമെന്ന് സഹപത്രാധിപരായ എ. സഹദേവനോട് നിര്‍ദ്ദേശിച്ചതും എം.ടി. യായിരുന്നു. ചിത്രകാരനായ പ്രദീപ് കുമാര്‍ വരച്ച രേഖാചിത്രങ്ങളോടെയാണ് ആഴ്ച്ചപ്പതിപ്പില്‍ ആ നോവല്‍ പ്രസിദ്ധീകരിച്ചത്. ജ്ഞാനപീഠജേതാവായപ്പോള്‍ മാതൃഭൂമിയില്‍ എം.ടിയെ ഇന്‍റര്‍വ്യൂചെയ്യാന്‍ ചെന്നപ്പോള്‍ എം.ടി. സംസാരിച്ചതേറെയും വിസ്മരിക്കപ്പെടുന്ന ഗോത്രഭാഷകളെക്കുറിച്ചും തിരോഭവിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ചെറുഭാഷകളെക്കുറിച്ചുമായിരുന്നു. എം.ടിയിലൂടെതന്നെയാണ് നാരായന്‍റെ ചെറുകഥകളും ആഴ്ച്ചപ്പതിപ്പില്‍ പ്രകാശിതമായത്. കോഴിക്കോട്ടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു സാഹിത്യ സെമിനാറില്‍ പങ്കെടുക്കുവാനെത്തിയപ്പോള്‍ നാരായന്‍തന്നെയാണ് ഇതെന്നോട് പറഞ്ഞത്. മാദ്ധ്യമങ്ങള്‍ ആദിവാസി ഭാഷകളെയും ആദിവാസി സാഹിത്യത്തെയും അവഗണിക്കുന്നുവെന്ന ആവലാതിക്കിടെയാണ് അദ്ദേഹമത് സൂചിപ്പിച്ചത്. സുകുമാരന്‍ ചാലിഗദ്ധയെപ്പോലെ ആദിവാസി ഭാഷയില്‍ത്തന്നെയെഴുതുന്ന കവികള്‍ അന്ന് മാതൃഭൂമിയില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരുന്നില്ല.
ആദിവാസികള്‍ക്കിടയില്‍നിന്ന് ഉയര്‍ന്നുവന്ന ആദ്യത്തെ സാഹിത്യകാരനെന്ന വിശേഷണത്തില്‍ നാരായന്‍ എന്ന എഴുത്തുകാരന്‍റെ പ്രാധാന്യത്തെ പരമിതപ്പെടുത്തുന്നത് ആദിവാസികളെ ഇന്നും ഒരു ഭിക്ഷാടകസമൂഹമാക്കി നിലനിര്‍ത്തുന്ന നമ്മുടെ ചൂഷകമനോഭാവത്തിന്‍റെ മറ്റൊരു പ്രകടനമാണ്. മറാഠി എഴുത്തുകാരനായ ശരണ്‍കുമാര്‍ ലിംബാളെയയും തമിഴിലെ പാമയെയും വായിക്കുന്ന മലയാളികള്‍ക്കുപോലും നാരായന്‍ പരിചിതനല്ലെന്നത് ലജ്ജാകരമാണ്. മലയരയ സമൂഹത്തിന്‍റെ ഭൂതകാലദുരിതങ്ങളെക്കുറിച്ചുമാത്രമല്ല, പുരോഗമനകേരളത്തിലെ മുഴുവന്‍ ഗോത്രവിഭാഗങ്ങളുടെയും ദുരിത വര്‍ത്തമാനത്തെയും ആവിഷ്കരിക്കുന്നവയാണ് നാരായന്‍റെ നോവലുകളും ചെറുകഥകളും. ഒരുപക്ഷെ, ആ യാഥാര്‍ത്ഥ്യത്തിനുനേര്‍ക്ക് കണ്ണയക്കാനുള്ള മടികൊണ്ടാവണം നമ്മുടെ ശുദ്ധസാഹിത്യാരാധകരായ നിരൂപകര്‍ നാരായന്‍ എന്ന എഴുത്തുകാരനെ കണ്ടതായി നടിക്കാതിരുന്നത്. എങ്കിലും അച്ചടിക്കപ്പെട്ട വിലാപസമാനമായ ആ വാക്കുകള്‍ ഭാവിയിലെ ആദിവാസി എഴുത്തുകാരിലൂടെ വലിയ മുഴക്കത്തോടെ കേരളത്തില്‍ ഉയരുമെന്ന് പ്രതീക്ഷിക്കുവാനാണ് സുകുമാരന്‍ ചാലിഗദ്ധയെപ്പോലുള്ളവര്‍ പ്രേരിപ്പിക്കുന്നത്.
ടി.കെ.സി വടുതലയില്‍ത്തുടങ്ങുന്ന കേരളത്തിലെ ദലിത് സാഹിത്യശാഖയെ ദലിതരിലെ ഏറ്റവും പാവപ്പെട്ടവരും നിന്ദിതരുമായ ആദിവാസികളുടെകൂടി ജീവിതത്തെ പ്രതിഫലിപ്പിക്കുവാന്‍ പ്രാപ്തമാക്കിയ നാരായന്‍ എഴുത്തുകാരനെന്ന നിലയില്‍ പ്രസിദ്ധനായപ്പോഴും അവഗണിക്കപ്പെട്ടുവെന്നോര്‍ക്കുക. മൂന്നോ നാലോ തവണമാത്രം അടുത്തിടപഴകാന്‍ കഴിഞ്ഞ എന്നോടുപോലും ആ വേദനയാണ് അദ്ദേഹം ആവര്‍ത്തിച്ചിരുന്നതെന്നോര്‍ക്കുമ്പോള്‍ സങ്കടത്തേക്കാള്‍ കുറ്റബോധമാണ് എന്നെ അലട്ടുന്നത്. എപ്പോഴും കൂടെയുണ്ടാകാറുള്ള അദ്ദേഹത്തിന്‍റെ മിതഭാഷിയായ സഹധര്‍മ്മിണിയും മൗനംകൊണ്ട് പങ്കിട്ടിരുന്നത് ആ വികാരമാണ്. നാലപ്പാട് നാരായണ മേനോന്‍റെ പരിഭാഷയിലൂടെ മലയാളവായനക്കാരെ ആകര്‍ഷിച്ച വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങളാണ് മലയാളത്തിലെ നോവല്‍ സാഹിത്യത്തെയും നവീകരിച്ചത്. ആ കൃതിയായിരുന്നു താനുള്‍പ്പെടുന്ന കേരളത്തിലെ പാവങ്ങളുടെ ജീവിതം ആവിഷ്കരിക്കുവാന്‍ നോവലെഴുത്ത് തിരഞ്ഞെടുത്ത നാരായന്‍റെയും പ്രചോദനം. ഇനിയും എഴുതപ്പെടാത്ത ആദിവാസി സമുദായങ്ങളിലെ പാവങ്ങളുടെ ഇതിഹാസം എഴുതവാന്‍ തന്‍റേതായ എളിയ നിലയില്‍ പ്രയത്നിച്ച മലയാളത്തിലെ ആദരണീയനായ ഒരു ജനകീയ സാഹിത്യകാരനായിരുന്നു നാരായന്‍. അദ്ദേഹത്തിന്‍റെ സംഭാവനകളെക്കുറിച്ചുള്ള വിലയിരുത്തലല്ല, ആ മരണവാര്‍ത്ത മനസിലുണര്‍ത്തിയ ചില അസ്വസ്ഥതകള്‍മാത്രമേ ഈ കുറിപ്പിലുള്ളൂ. എന്നേക്കാള്‍ മുതിര്‍ന്ന നാരായന്‍ എന്നോട് ക്ഷമിക്കട്ടെ.