ഒരോണത്തിന്റെ അജീർണ്ണ സ്മരണ എന്ന പേരിൽ ഒരു വി കെ എൻ കഥയുണ്ട്. ഒഴിവിന് നാട്ടിലെത്തുന്ന പയ്യനെ നാടൻ അളിയൻ മുട്ടയപ്പം തീറ്റിച്ച് അജീർണ്ണം പിടിപ്പിക്കുന്നതും ഓണത്തിന്റന്ന് എല്ലാവരും ഉണ്ണാനിരിക്കുമ്പോൾ പയ്യന് ഒരു വശത്തിരുന്ന് ഇഞ്ചി ചവച്ചിറക്കേണ്ടിയും വരുന്ന ദുരന്ത കഥയാണത്.
ഡൽഹിയിൽ എനിക്കൊരു ഓണത്തിന്റെ അജീർണ്ണ സ്മരണയുണ്ട്; അത് ഉദരത്തിലല്ല മനസിലാണെന്നു മാത്രം.
അക്കാലത്ത് ഞാൻ മനോരമ ഡൽഹി എഡിഷനിൽ റിപ്പോർട്ടറാണ്. മലയാളം ഒരു വിധം അറിയാവുന്നത് കൊണ്ട് ഞാനെഴുതുന്ന ഡൽഹി ഫീച്ചറുകൾ എഡിഷന്റെ ആകർഷണമായിരുന്നു. ചെറിയ കാര്യം മതി ഞാനതിനെയങ്ങു വലുതാക്കും. കേരളാ ക്ലബ്ബിലെ സാഹിത്യ ചർച്ചകൾ മനോരമയിൽ നിന്ന് ജോണി എം എൽ-ഉം സിബി മാമ്പുഴക്കരിയും (ഫോട്ടോഗ്രാഫർ) വന്നിട്ടു തുടങ്ങാനായി കാത്തിരുന്ന നാളുകൾ. എത്രയോ ദുരന്തങ്ങളെ ഞാൻ പ്രഹസനമാകാതെ ഫീച്ചറുകളിലൂടെ രക്ഷിച്ചെടുത്തിട്ടുണ്ട്!
ആത്മപ്രശംസയാണെന്ന് തോന്നിയോ? ഉത്തരം ഡൽഹി മലയാളികളും അക്കാലത്തെ മനോരമ സ്റ്റാഫും പറയട്ടെ.
ശുഭാന്തമാകേണ്ട ഒരു ഫീച്ചർ ദൂരന്തമായ ഓണസ്മരണയാണിനി. ഓണത്തിന് ഡൽഹിയിലെ ഒരു മലയാളി ഗാനമേള സംഘം സജീവമാകും. ആ വർഷം പ്രഗതി മൈതാനിൽ നടന്ന ഓണപ്പരിപാടിയിൽ ഗാനമേള ഉണ്ടായി.
എനിയ്ക്ക് ഗാനമേള ഇഷ്ടമാണ്. എന്നു മാത്രമല്ല ഏത് ഉപകരണം എന്ത് ശബ്ദമാണ് പുറപ്പെടുവിക്കുന്നത് എന്ന നല്ല ധാരണയുമുണ്ട്. അങ്ങനെ ഗാനമേള റിപ്പോർട്ട് ചെയ്യാൻ ഞാനും സിബിയും എത്തി.
ഒരു സിന്തസൈസർ കീബോർഡ് (യമഹ), തബല, ഗിറ്റാർ, വയലിൻ, ഡ്രംസ് കിറ്റ്, റിഥം പാഡ് ഇത്രയുമാണ് ഉള്ളത്. വെള്ളപ്പാന്റ്, വെള്ള ഷർട്ട്, ചുക്കുവെള്ളം തുടങ്ങി വിതുര തങ്കച്ചന്റെ പ്രകടനം പോലും ക്ലാസിക് എന്ന് തോന്നിപ്പിക്കുന്ന സ്റ്റേജ് പ്രസൻസ് സൃഷ്ടിക്കുന്ന ഗായകർ.
രണ്ടു പാട്ടുകൾ കഴിഞ്ഞപ്പോൾ എനിക്കൊരു കാര്യം മനസിലായി: അടിക്കുന്നതല്ല കേൾക്കുന്നത്, പ്രത്യേകിച്ച് ഡ്രം കിറ്റിലേത്. ഒരു വയലിന് ഇത്ര ഗാഢമായ ആഴമോ സ്വരോന്നതിയോ വരുത്താനാവില്ല. തബലയാണ് ഒരു വിധം ഒപ്പിച്ചു പോരുന്നത്. റിഥം വായിക്കുന്ന ഗിറ്റാറിൽ നിന്ന് ബേസ് കേൾക്കുന്നു. നോക്കി നിൽക്കേ സിന്തസൈസറിലേയ്ക്ക് ഓരോ പാട്ടിന്റെയും ഇൻസ്ട്രമെന്റൽ ട്രാക്കുകളുള്ള ഫ്ലോപ്പി ഡിസ്ക് ഇടുന്നത് ഞാൻ ശ്രദ്ധിച്ചു.
അന്ന് കരോക്കെ വന്നിട്ടില്ല. പിൽക്കാലത്ത് എല്ലാ ഗാനമേളയ്ക്കും ഒറിജിനൽ ട്രാക്കിന്റെ ഫീഡ്, ബാക്ക് അപ്പ് ആയി ഉണ്ടാകും എന്നറിഞ്ഞു. ലാലിസത്തെക്കുറിച്ച് കേട്ടുകേൾവി പോലുമില്ല.
കണ്ട സംഗതികൾ വച്ച് ഞാനൊരു ഫീച്ചറങ്ങു കാച്ചി. പത്രമിറങ്ങിയ അന്ന് രാവിലെ മനോരമ ഓഫീസിലേയ്ക്ക് ഇന്നലെ ഞാൻ കണ്ട ഗാനമേള സംഘം ഇരച്ചു പാഞ്ഞു കയറിവന്നു. പറ്റുമെങ്കിൽ ഡ്രം വാദകന് എന്നെ തല്ലണമെന്നുണ്ട്. പരേതനായ ഡി.വിജയമോഹനാണ് അന്ന് ബ്യൂറോ ചീഫ്. അദ്ദേഹം സുസ്മേരവദനനായി ഈ സംഘത്തെ സമാശ്വസിപ്പിക്കുകയാണ്.
ഡ്രം വാദകൻ ഇടയ്ക്കിടെ പാടാനും വന്നിരുന്നത് ഞാൻ തലേന്ന് ശ്രദ്ധിച്ചിരുന്നു. എന്റെ കൊങ്ങായ്ക്ക് അവൻ പിടിയ്ക്കുമെന്നായപ്പോൾ ഞാൻ ചോദിച്ചു: ‘നിങ്ങൾ പാടുമ്പോൾ അതിലൊരു ഡ്രം ബിറ്റുണ്ടായിരുന്നു. അത് അടിച്ചതാര്?’
നിശബ്ദത. ഫ്ലോപ്പി ഡിസ്ക് ഉപയോഗിച്ച കാര്യം അവർ സമ്മതിച്ചു. മേലിൽ ഇത്തരം ഫീച്ചർ എഴുതിയാൽ എന്തു ചെയ്യണമെന്നറിയാം എന്ന് എന്നെ ഭീഷണിപ്പെടുത്തി അവർ ഇറങ്ങിപ്പോയി.
ആ ഓണത്തിന് പിന്നെ എന്നെക്കൊണ്ട് ഡി വി ഫീച്ചറെഴുതിച്ചില്ല.
(മനോരമയിലെ ജോലി പോയതും ഒരു ഫീച്ചർ മൂലമാണ്. അത് മറ്റൊരവസരത്തിൽ)
ചിരിയും കരച്ചിലും ഒന്നിച്ചു വന്നു. ചിരിയോട് ഇരിക്കാൻ പറഞ്ഞു, ഒരു ഗാനമേള നടത്തിയതിൻ്റെ ഓർമ്മയിൽ മാറിയിരുന്നു കരഞ്ഞു. അടുത്ത ജോണിക്കായി അക്ഷമയോടെ, ഒരു ശ്രോതാവ് / കാണി.