നിറം മാറുന്ന ആകാശം, നീറുന്ന ശ്വാസകോശം
ലോകത്തിൽ അന്തരീക്ഷമാലിന്യം ഏറ്റവും കൂടുതലുള്ള നഗരങ്ങളിൽ ലാഹോറിന് പിന്നിൽ മുംബൈ രണ്ടാമതെത്തിയതാണ് ഏറ്റവും ഒടുവിലത്തെ വാർത്ത. (ജനുവരി 29 നും ഫെബ്രുവരി 8 നും ഇടയിലുള്ള ഡാറ്റ പ്രകാരം സ്വിസ് എയർ ട്രാക്കിങ് ഇൻഡ്ക്സായ ഐക്യു എയർ ഫെബ്രുവരി 14 ന് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം). ഡൽഹിയായിരുന്നു കഴിഞ്ഞകാലം വരെ ശുദ്ധവായുവിന്റെ അളവ് കുറഞ്ഞ ഇന്ത്യൻ നഗരം. ഇത് ഡൽഹിയിൽ അല്ലേ, മുംബൈയിൽ അല്ലേ എന്ന് പറഞ്ഞ് ഇനി നമുക്ക് മാറിനിൽക്കാനാവില്ല. അന്തരീക്ഷ മലിനീകരണമെന്നത് നമ്മുടെ വീടിനുമുകളിലുമെത്തിക്കഴിഞ്ഞു.
കൊച്ചിയുടെ ആകാശം കഴിഞ്ഞകുറേ ദിവസങ്ങളായി മൂടികിടക്കുകയാണ്. മഞ്ഞോ മഴമേഘങ്ങളോ കൊണ്ടല്ല. മറിച്ച് വായു മലിനീകരണം മൂലമാണിത്. ഡൽഹിയിലെ മലിനീകരണത്തിനോളം ഇപ്പോൾ എത്തിയിട്ടില്ല. എങ്കിലും കൊച്ചിയുടെ ഇപ്പോഴത്തെ നില ആശങ്കാജനമാണെന്ന് കഴിഞ്ഞ കുറേ ദിവസങ്ങളിലെ അനുഭവം തെളിയിക്കുന്നു. വായുവിലെ രാസബാഷ്പ മാലിന്യത്തിന്റെ ( പാർട്ടിക്കുലേറ്റ് മാറ്റർ -പി എം 25) അളവ് കഴിഞ്ഞദിവസം ഏറ്റവും ഉയർന്ന തോതിലാണ് രേഖപ്പെടുത്തിയത്. കൊച്ചിയിൽ മാത്രമല്ല, പരിസര പ്രദേശങ്ങളിലും മലിനീകരണം രൂക്ഷമായികൊണ്ടിരിക്കുന്നു.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജനുവരിയിലെ ഡാറ്റ പ്രകാരം കൊച്ചിയിൽ വൈറ്റിലയിൽ ആണ് മലിനീകരണം രൂക്ഷമായിട്ടുള്ളത്. പിഎം 25 പലദിവസങ്ങളിലും വൈറ്റിലയിൽ 100 മൈക്രോഗ്രാമിന് അടുത്തായിരുന്നു. ചില ദിവസങ്ങളിൽ എയർ ക്വാളിറ്റി ഇൻഡക്സ് 198 ലെത്തിയെന്നും ഡാറ്റ വ്യക്തമാക്കുന്നു. ഒരു ക്യുബിക്ക് മീറ്റർ വായുവിൽ 12 മൈക്രോഗ്രാം ആണ് അഭികാമ്യമായ പി എം 25 ന്റെ അളവ്. 24 മണിക്കൂറിൽ ഇത് 35 മൈക്രോഗ്രാമായി ഉയരുകയാണെങ്കിൽ അവിടത്തെ ശുദ്ധവായു അപകടകരമാം വിധം മലിനമാണെന്നാണ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളത്.
പലകാരണങ്ങൾകൊണ്ടാണ് അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നത്. ഡൽഹിയിൽ വാഹനപുകയോടൊപ്പം തന്നെ സമീപ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ പാടങ്ങളിൽ കൊയ്ത്തിനുശേഷം തീയിടുന്നതും മലിനീകരണത്തിന് മുഖ്യകാരണമാണ്. കൊച്ചിയിൽ വാഹനങ്ങളും നിർമാണപ്രവർത്തനങ്ങളും ഫാക്ടറികളുമാണ് മലിനീകരണത്തിന്റെ സ്രോതസ്സുകൾ.
കൊച്ചിയിൽ ഏറ്റവും കൂടുതൽ ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന പ്രദേശമാണ് വൈറ്റില. വാഹനങ്ങൾ പുറംതള്ളുന്ന പുകയാണ് ഇവിടെ വില്ലനാകുന്നത്, പ്രത്യേകിച്ചും ഡീസൽ വാഹനങ്ങൾ. വൈറ്റിലയ്ക്ക് പിന്നിൽ രണ്ടാമത് മാത്രമാണ് വ്യാവസായിക സ്ഥാപനങ്ങൾ നിലകൊള്ളുന്ന ഏലൂരിലെ അന്തരീക്ഷമലിനീകരണത്തിന്റെ തോത്. ജനുവരിയിൽ ഏലൂരിൽ ശരാശരി 39.48 ആയിരുന്നു പിഎം 25 ന്റെ അളവ് എങ്കിൽ വൈറ്റിലയിൽ അത് 74.47 ആയിരുന്നു. വാഹനങ്ങൾ പുറം തള്ളുന്ന കാർബൺ മോണോക്സൈഡ്, നൈട്രജൻ ഡൈ ഓക്സൈഡ് എന്നിവയ്ക്കൊപ്പം സൾഫർ ഡൈ ഓക്സൈഡ് അടക്കമുള്ള രാസമാലിന്യങ്ങളുടെ അളവ് ഗുരുതരമായി കൂടുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ ചെറുതും വലുതുമായ ഫാക്ടറികളിൽ ഏറെയും പ്രവർത്തിക്കുന്ന കൊച്ചിയിൽ തന്നെയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാഹനങ്ങളുള്ളതും. നഗരവത്ക്കരണം കേരളത്തിൽ ഏറ്റവും വേഗത്തിൽ നടക്കുന്ന കൊച്ചിയിൽ, സ്വകാര്യവാഹനങ്ങളുടെ ഉപയോഗവും അതിനനുസരിച്ചുള്ള നിർമാണവും ഏറുന്നുണ്ട്. കൊച്ചിയുടെ വിവിധഭാഗങ്ങളിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങളും മലിനീകരണത്തിൽ പങ്കുവഹിക്കുന്നു.
ആകാശം മലിനമാക്കുന്നതിൽ ഏലൂരിലെ വ്യവസായകേന്ദ്രത്തിലെ ഫാക്ടറികൾക്കൊപ്പം തന്നെ കൊച്ചിൻ റിഫൈനറിസ്, ബി.പി.സി.എൽ, ബ്രഹ്മപുരം മാലിന്യകേന്ദ്രം എന്നിവയ്ക്കും നല്ലൊരു പങ്കുണ്ട്. കൊച്ചിൻ റിഫൈനറീസ് അടക്കമുള്ള സ്ഥാപനങ്ങൾ ആകാശത്തേക്ക് പുറം തള്ളുന്ന രാസപദാർത്ഥങ്ങൾ അടങ്ങിയ പുകയും കൊച്ചിയുടെ അന്തരീക്ഷത്തെ മലിനമാക്കുന്നു. മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിന് ശാസ്ത്രീയമായ മാർഗങ്ങൾ സ്വീകരിക്കുന്നതിലെ അപര്യാപ്തതയും കൊച്ചിയുടെ ശാപമാണ്. മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കുന്നതിന് പകരം തുറസ്സായ സ്ഥലത്ത് കൂട്ടിയിട്ട് കത്തിക്കുന്നതും പ്രശ്നമാണ്. രാത്രി 9 നും രാവിലെ 9 നും ഇടയിലാണ് കൊച്ചിയുടെ വായുവിൽ രാസബാഷ്പ മലിനീകരണത്തിന്റെ അളവ് വർദ്ധിക്കുന്നത് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
പെട്ടെന്ന് സംഭവിച്ചതല്ല കൊച്ചിയിലെ അന്തരീക്ഷ മലിനീകരണം. കഴിഞ്ഞ കുറേ വർഷങ്ങളായി കൊച്ചിയുടെ വായു മലിനമായിക്കൊണ്ടേയിരിക്കുകയാണ്
വായുമലിനീകരണവുമായി ബന്ധപ്പെട്ടുള്ള ഉപകരണങ്ങൾ ഇപ്പോഴാണ് സ്ഥാപിച്ചത്. ഇവിടത്തെ വായു മുമ്പേ മലിനമാണ്. ഇപ്പോഴത്തേത് പോലെ അന്തരീക്ഷം തുടർച്ചയായി മൂടിക്കെട്ടിയ അവസ്ഥ മുമ്പ് ഉണ്ടായിട്ടില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റെ മലിനീകരണ പരിശോധന പലപ്പോഴും കൃത്യമല്ല എന്നതാണ് വസ്തുത. 2006 ൽ ഞങ്ങൾ ഏലൂരിൽ പരിശോധന നടത്തിയപ്പോൾ ക്യാൻസറിന് കാരണമായേക്കാവുന്ന അഞ്ച് രാസവ്സതുക്കൾ വലിയ അളവിൽ വായുവിൽ കണ്ടെത്തിയിരുന്നു. മാലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനയിൽ ഇതൊന്നും കണ്ടെത്താറില്ല. അതാണ് പ്രശ്നം. – പുരുഷൻ ഏലൂർ, പരിസ്ഥിതി പ്രവർത്തകൻ
അന്തരീക്ഷമലിനീകരണം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ചില്ലറയല്ല. ആസ്തമയടക്കമുള്ള ശ്വാസകോശസംബന്ധമായ അസുഖങ്ങൾക്ക് ഇത് വഴിവെക്കും. രാസബാഷ്പങ്ങൾ അടങ്ങിയ വായു ശ്വസിക്കുന്നത് കുട്ടികൾക്കും ഗർഭിണികൾക്കും വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണെന്ന് ലോകാരോഗ്യസംഘടനയടക്കം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഒരുകാലത്ത് പച്ചപ്പ് നിറഞ്ഞ പാടങ്ങളും തണ്ണീർതടങ്ങളും കൊണ്ട് സമ്പന്നമായിരുന്നു കൊച്ചി. ശുദ്ധമായ വായുവും ജലവും സുലഭമായിരുന്നു. കൊച്ചി നഗരമായി വളർന്നതോടെ പച്ചപ്പ് അപ്രത്യക്ഷമായി. തണ്ണീർത്തടങ്ങൾ മലിനമാക്കപ്പെടുകയോ നികത്തപ്പെടുകയോ ചെയ്തു. വായുമലിനീകരണം നിയന്ത്രിക്കാൻ നഗരത്തിലെ പച്ചപ്പ് വർദ്ധിപ്പിക്കണം. ഇതിന് വികസനത്തിന്റെ പേരിൽ മുറിച്ചുമാറ്റിയ മരങ്ങൾക്കും ചെടികൾക്കും പകരം മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കണം. ഒപ്പം മലിനീകരണതോത് കൃത്യമായി നിരീക്ഷിച്ച് കുറയ്ക്കാനുള്ള കർശന നടപടികളും വേണം. അല്ലെങ്കിൽ ലാഹോറും മുംബൈയുമൊന്നും നമുക്ക് അതിവിദൂരത്തിലല്ലാതെ ആകും.
Subscribe to our channels on YouTube & WhatsApp
വളരെ നന്നായിട്ടുണ്ട്….. 😓🙏
വ്യക്തികളുടെ ശ്വാസകോശം സ്പോഞ്ജ് പോലെ ആണ് എന്ന് സിനിമക്ക് മുമ്പ് പറഞ്ഞാൽ മതിയോ…. സിഗരറ്റോ ബീഡിയോ വലിക്കാത്ത വലിയൊരു സമൂഹത്തിന് വേണ്ട …. ശ്വാസം വലിക്കാൻ ഉള്ള ശുദ്ധ വായു… എന്നത് വേണ്ടേ…. കുട്ടികളിൽ നിന്ന് തുടങ്ങേണ്ടേതല്ലേ ബോധവൽക്കരണം…..
നല്ല റിപ്പോർട്ട്…. 🙏👍👍👍👍