ബഷീറിനാൽ തീർക്കപ്പെട്ട വിമത “ശബ്ദങ്ങൾ”
വ്യത്യസ്ത ശബ്ദ കോലാഹലങ്ങളുടെ ഇടയിലാണ് മനുഷ്യജീവിതം നിലനിൽക്കുന്നത്. ശബ്ദ ലോകത്തിന്റെ വിവക്ഷകൾ അനന്തമാണെന്ന് ഒരു തരത്തിൽ നമുക്ക് നിർവചിക്കുവാൻ സാധിക്കും. കേൾവിയെയും ശ്രവണത്തെയും വേർതിരിച്ചുകൊണ്ട് ആരുടെ കേൾവികൾക്കാണ് പരിഗണന ലഭിക്കുന്നതെന്നും, ആരുടേതാണ് അഭികാമ്യമായതെന്നും മനുഷ്യജീവിതം നിരന്തരം നിർണയിച്ചുകൊണ്ടിരിക്കുകയാണ്. നിശബ്ദതക്ക് വേണ്ടിയുള്ള സവിശേഷമായ സാമൂഹിക-രാഷ്ട്രീയ ശ്രേണിയിൽ ബഹളങ്ങൾക്ക് സ്പഷ്ടമായ അർത്ഥങ്ങളുണ്ട്.
തന്റെ മാന്ത്രിക തൂലികകൊണ്ട്, ശബ്ദങ്ങളുടെ ഒരു മഹാപ്രപഞ്ചം തന്നെ സൃഷ്ടിച്ച സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. ഒരു സാധാരണ പട്ടാളക്കാരന്റെ ഓർമ്മ ചിത്രങ്ങളിലൂടെ തത്വജ്ഞാനവും വേദാന്തവും നർമ്മവും വേദനയുമൊക്കെ സമർത്ഥമായി കൂട്ടിയിണക്കി ‘’ശബ്ദങ്ങൾ’ എന്ന നോവൽ നെയ്തെടുക്കുകയാണ് മലയാളസാഹിത്യത്തിന്റെ സുൽത്താൻ ചെയ്തത്. യുദ്ധ-യുദ്ധാനന്തര അനുഭവങ്ങൾ ഭാവാത്മകമായി ചിത്രീകരിക്കുന്ന ഇറ്റാലോ കാൽവിനോയുടെ “ഞണ്ടു നിറച്ച കപ്പൽ” എന്ന കഥ വായിക്കുന്ന സന്ദർഭത്തിലാണ് ബഷീറിൻറെ ‘ശബ്ദങ്ങളെ’ കുറിച്ചുള്ള ഓർമ്മകൾ എന്റെ മനസ്സിലേക്ക് അലയടിച്ചെത്തുന്നത്. തീർന്നെന്ന് വിചാരിക്കുമ്പോൾ വീണ്ടും ആരംഭിക്കുന്ന ഒന്നാണ് യുദ്ധം. പുറമേ നിന്ന് കാണുന്നവർക്ക് അതിനെ മനസ്സിലാക്കുന്നതിൽ പരിമിതികളുണ്ട്. അതിനകത്ത് അകപ്പെട്ടവർ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയും വികാരവിചാരങ്ങളും നമ്മുടെ ആലോചനകൾ കണക്കേ നിഗൂഢമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തിൽ നടന്ന രണ്ടാം ലോകയുദ്ധത്തിലെ ഒരു സൈനികന്റെ കഥ ബഷീർ ‘ശബ്ദങ്ങളി’ലൂടെ അവതരിപ്പിക്കുന്നത് 1947 ലാണ്, യുദ്ധം അവസാനിച്ചയുടനെ. എന്നാൽ, കഥയിൽ ഉള്ളടങ്ങിയിരിക്കുന്ന ഹോമോ സെക്ഷ്വാലിറ്റി പോലുള്ള ലൈംഗിക സന്ദർഭങ്ങൾ, കുറെ വായനക്കാർക്കിടയിൽ ഒരു അശ്ലീല കൃതിയായി അതിനെ രൂപാന്തരപ്പെടുത്തി. പിൽക്കാലത്ത്, ഫ്രഞ്ച്-സെനഗളീസ് എഴുത്തുകാരൻ ദിയോപിനെ പോലുള്ളവരുടെ യുദ്ധകഥകൾ രുചിച്ചവർ, യുദ്ധമാണ് മനുഷ്യൻ കണ്ടെത്തിയ ഏറ്റവും ഭീകരമായ അശ്ലീലം എന്ന നിഗമനത്തിലെത്തി.
മലയാളിക്ക് യുദ്ധാനുഭവങ്ങളില്ല, അതിനാൽ സാഹിത്യത്തിലും അതില്ല എന്നൊരു സാമാന്യബോധം പൊതുവിൽ നമുക്കിടയിൽ പല കാലങ്ങളായി ഉയർന്നു വന്നിട്ടുണ്ട്. അപ്പോൾ ‘ശബ്ദങ്ങളോ’? ആ കൃതി നൽകിയ യുദ്ധ അനുഭവത്തെ മലയാളിക്ക് അംഗീകരിക്കാൻ കഴിയാത്തത് ഒരുതരം മാനസിക സങ്കുചിതത്വം കൊണ്ടാണോ? ഈയൊരു സന്ദർഭത്തിൽ മലയാളസാഹിത്യത്തിൽ അത്യധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഈ ചോദ്യങ്ങൾ.
“എന്താ കാണാനുള്ളത് ഈ ലോകത്തിൽ. ഞാൻ എല്ലാം കേൾക്കുന്നുണ്ടല്ലോ.” തെരുവ് തെണ്ടിയായ ഒരന്ധൻ ചുറ്റുമുള്ളവർക്കാർക്കും പരസ്പരം കാണാനാവാത്തതിനാൽ, തന്റെ അന്ധതയെ അത്ര കണക്കിലെടുക്കേണ്ടതില്ലാത്ത ഒരു ഇരുണ്ട രാത്രിയിൽ പറയുന്ന കഥാസന്ദർഭമാണിത്. ആ രാത്രിയിൽ ലോകം എത്ര ഭയാനകമാണെന്നതിന്റെ ശബ്ദരേഖ, ഇരിക്കുകയും കിടക്കുകയും രമിക്കുകയും ചെയ്യുന്നവരിൽ നിന്ന് പച്ചയായി കേൾക്കുകയാണ് ഒരു യുവാവ്. മനുഷ്യജീവിതത്തിന്റെ നിസ്സാരതയെ അന്വർത്ഥമാക്കുന്ന വാക്കുകൾ. ഒരു സൈനികനും എഴുത്തുകാരനും തമ്മിൽ നടക്കുന്ന സംഭാഷണത്തിനിടയിൽ വന്നുപോകുന്ന യുദ്ധത്തിന്റെയും അനാഥത്വത്തിന്റെയും വിശപ്പിന്റെയും വ്യഭിചാരത്തിന്റെയുമൊക്കെ തീക്ഷ്ണത നിറഞ്ഞ സങ്കലനവേദിയാണ് ഈ കൃതി.
പിറന്നയുടനെ പെരുവഴിയിൽ ഉപേക്ഷിക്കപ്പെട്ട കഥാനായകന്റെ ജീവിതത്തിലുടനീളം കടന്നുപോകുന്ന വിചിത്രമായ അനുഭവങ്ങളാണ് പ്രധാന പ്രതിപാദ്യം. നാൽക്കവലയിൽ ആരോ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ ഒരു പൂജാരി ദത്തെടുക്കുന്നു. കുഞ്ഞു മുതിർന്നപ്പോൾ സൈന്യത്തിൽ ചേർന്ന് രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കുന്നു. സൈനിക ജീവിതത്തിൽ ആത്മാർത്ഥതയുടെയും, ധീരതയുടെയും ദേശസ്നേഹത്തിന്റെയുമൊക്കെ പ്രതീകമാകുമ്പോൾ തന്നെ, മദ്യലഹരിയിൽ ലൈംഗികതയിലുള്ള ജിജ്ഞാസയാൽ അതിന് അടിമപ്പെടുകയും, അക്കാരണത്താൽ രോഗിയായി തീരുകയും ചെയ്യുന്നു. യുദ്ധവേളയിൽ ഒരു സൈനികൻ അഭിമുഖീകരിക്കുന്ന വൈഷമ്യങ്ങളെക്കുറിച്ചും, യുദ്ധം എങ്ങനെയാണ് അവരുടെ കാഴ്ചപ്പാടുകളെ മാറ്റിമറിക്കുന്നതെന്നും എഴുത്തുകാരനോട് കഥയിലുടനീളം സൈനികൻ പങ്കുവെക്കുന്നുണ്ട്.
ഈ നൂറ്റാണ്ടിന്റെ ആദ്യത്തെ നാലഞ്ചു ദശകങ്ങളിൽ, കേരളത്തിലെ യുവാക്കൾ മൗലികമായ ചില ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. യുദ്ധത്തിനു തൊട്ടുമുമ്പും ശേഷവുമുള്ള കാലങ്ങളിൽ ഈ പ്രവണത അതിരൂക്ഷവുമായിരുന്നു. ദാരിദ്ര്യത്തെക്കുറിച്ചുള്ള ഉണർവാകണം ഇതിനു മുഖ്യകാരണം. ലോകത്തിൽ ഭക്ഷണവും സ്നേഹവും നീതിയും ആരോഗ്യവും തീരെ കുറഞ്ഞു വരുന്നതായി അവർ അനുഭവിക്കുന്നു. ചുറ്റും താലോലിക്കപ്പെടുന്ന ധർമ്മത്തിന് അധർമ്മത്തിന്റെ ചുവയുണ്ടെന്നും, ഉണ്ണികൾ കുടിച്ചു കൊണ്ടിരിക്കുന്നത് പൂതനയുടെ പാലാണെന്നും പലരും വിളിച്ചു പറഞ്ഞു. ലോകത്തെ നയിച്ചുക്കൊണ്ടിരിക്കുന്ന വ്യവസ്ഥകളുടെ പിതൃത്വത്തെയും മാത്യത്വത്തേയുമാണ് അവർ ചോദ്യം ചെയ്തിരുന്നത്. കുടുംബ നീതിയിൽ തുടങ്ങി രാഷ്ട്രീയപരവും മതപരവുമായ നീതിയെ സംബന്ധിച്ചുള്ള സംശയങ്ങൾ വരെ അത് നീണ്ടു. ഇതിൽ ദൈവത്തിന്റെ നീതിയും ഉൾപ്പെടും. നിയമങ്ങളായ നിയമങ്ങളെല്ലാം ചോദ്യം ചെയ്യപ്പെടുകയും അവയുടെ നിയന്താവ് പോലും സംശയപ്പെടുകയും ചെയ്തിരുന്ന കാലത്താണ് ബഷീറിന്റെ യൗവനം. ഇവ ഒത്തുചേരുന്ന സംഗമ വേദിയിൽ നിന്നുകൊണ്ട് ‘ശബ്ദങ്ങളി’ലെ നായകൻ കഥാകൃത്തിനോട് ചോദിക്കുകയാണ്, ” ഞാനൊന്നു ചോദിക്കട്ടെ?ഈശ്വരനുണ്ടോ?” “വേണമെങ്കിൽ ഉണ്ട്…. എന്റെ ഈ മുപ്പത്തിനാലാമത്തെ വയസ്സിൽ ഇങ്ങനെയാണ് തോന്നുന്നത്!.”
ഇരുപത്തൊമ്പതു വയസ്സ് തികഞ്ഞ സൈനികനാകട്ടെ, അങ്ങനെ തോന്നാൻ പ്രത്യേകിച്ച് കാരണമൊന്നുമുണ്ടായിരുന്നില്ല. തന്റെ അച്ഛനെയും അമ്മയെയും അയാൾ തിരിച്ചറിയുന്നത് തന്നെ ചോര കുഞ്ഞായിരിക്കെ ഉപേക്ഷിച്ചവരെന്നാണ്. അനന്തതയിൽ ഏകാകിയാക്കപ്പെട്ട ഈ മനുഷ്യനെയാണ് ബഷീറിന്റെ ‘ശബ്ദങ്ങളി’ലൂടെ നമുക്ക് വായിച്ചെടുക്കാൻ കഴിയുന്നത്. അധികാരവും ഭരണകൂടവും സമ്പത്തും വരുത്തുന്ന ഭീകരതയുടെ ശബ്ദകോശമാണ് ഈ നോവൽ. പട്ടാളക്കാരൻ യുദ്ധഭൂമിയിൽ വെച്ച് ഭക്ഷണം കഴിക്കുന്ന വേളയിൽ, പാത്രത്തിൽ ഒരു മനുഷ്യക്കണ്ണ് കിടക്കുന്നത് കാണുന്നുണ്ട്. ഇന്ന് നമ്മുടെ ചുറ്റുപാടും നടക്കുന്ന യുദ്ധ പരമ്പരകളിൽ നിന്ന് മടങ്ങുന്ന പട്ടാളക്കാർ ‘എത്ര കണ്ണുകൾ തിന്നിട്ടുണ്ടാകുമെന്ന്’ ഓർക്കണം.
രക്തം മുഖ്യ കഥാപാത്രങ്ങളിൽ ഒന്നായി ‘ശബ്ദങ്ങളി’ൽ മാറുന്നുണ്ട്. ചെറിയൊരു യുദ്ധം കഴിഞ്ഞ സ്ഥലത്ത് രാത്രി വസിക്കുന്നതിന്റെ അനുഭവം പട്ടാളക്കാർ വിശദീകരിക്കുന്നത് ഇവ്വിധമാണ്, “പത്തഞ്ഞൂറ് പട്ടാളക്കാർ വെള്ളം കുടിച്ചു. പുലർന്നു നോക്കുമ്പോൾ വെള്ളം കുടിച്ച പാത്രത്തിന്റെ അടിത്തട്ടിൽ കണ്ടത് ചോരയാണ്”. ചോര ചോരയോടേറ്റുമുട്ടുന്ന സ്ഥലം യുദ്ധമുന്നണിയാണ്. യുദ്ധമെന്ന അസംബന്ധം മനുഷ്യനെയെത്തിക്കുന്ന ഭീകരമായ അനുഭവമാണ്, വേദന സഹിക്ക വയ്യാതെ തന്നെ കൊല്ലുവാൻ യാചിക്കുന്ന സ്വന്തം മിത്രത്തിന്റെ നിസ്സഹായവസ്ഥയിലൂടെ കഥാകൃത്ത് പറഞ്ഞുവെക്കുന്നത്. യുദ്ധത്തെ മരണത്തിന്റെ പണിപ്പുരയായി ചിത്രീകരിക്കുന്ന ബഷീർ, മറ്റുള്ളവരെ അടക്കി ഭരിക്കുവാനുള്ള ഭരണാധികാരികളുടെ നിഷ്ഠൂരമായ ത്വരയെ ദൃഷ്ടിവിഷയമാക്കുന്നു.
ഏകാധിപതികളും വംശീയ വിദ്വേഷത്തിന്റെ പ്രത്യയ ശാസ്ത്രങ്ങളും നിർമ്മിച്ചു കൊണ്ടിരിക്കുന്ന അപ്രഖ്യാപിത യുദ്ധസംഹിതയെ സംബന്ധിച്ച് ബഷീർ ശബ്ദങ്ങളിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. അവിടെയാണ് ‘ശബ്ദങ്ങൾ’ എന്ന നിസ്തുല കൃതിയുടെ കാലിക പ്രസക്തി ജ്വലിച്ചു നിൽക്കുന്നത്. പൗരബോധത്തെ അടിച്ചമർത്തുന്ന ഭരണകൂടത്തിന്റെ അധീശത്വ ഭാവനയെയാണ് ബഷീറിന്റെ ഓരോ വരികളിലും വിമർശനവിധേയമാക്കുന്നത്. ബഷീറിന്റെ ‘ശബ്ദങ്ങളി’ൽ അവർ ഭൂമിയെന്ന സ്വർഗ്ഗത്തെ നരകമാക്കി മാറ്റിയവരാണ്. ഭരണകൂടത്തിന്റെ നിയന്ത്രണ ഉപാധികൾ ദിനേന വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സാമൂഹിക പ്രതിഭാസത്തിനാണ് നമ്മൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ശാരീരിക പീഡനങ്ങൾക്ക് പുറമേ സമഗ്രാധിപത്യത്തിൽ ഉൾച്ചേർന്ന മാനസിക പീഡനങ്ങളും നിലവിൽ ഏറെയാണ്. അതിനാലാണ് സൈനികന്റെ ചോദ്യം ഇവിടെ കൂടുതൽ ശക്തിയായി മുഴങ്ങുന്നത്. ആയുധങ്ങൾ അർത്ഥം നഷ്ടപ്പെട്ട ഉപകരണമായി മാറുന്ന ഒരു സന്ദർഭത്തിൽ ആരാണ് ശത്രു, ആരാണ് മിത്രം എന്ന് അദ്ദേഹം ചോദിക്കുന്നു. കാലങ്ങളോളം മനുഷ്യമാംസത്തിന്റെ ഗന്ധം നുകർന്നിട്ടും ‘ശബ്ദങ്ങളി’ലെ സൈനികന് ജീവിക്കാൻ തന്നെയാണ് കൊതി. മാതാപിതാക്കളെ നഷ്ടമായി എന്ന സത്യത്തെ ഉൾക്കൊള്ളുമ്പോൾ തന്നെ, തന്റെ മാതാപിതാക്കൾക്ക് വേണ്ടിയുള്ള അലച്ചിലിലാണ് അയാൾ. ബഷീറിന്റെ വാക്കുകൾ യുദ്ധത്തിനെതിരായ പിറുപിറുക്കലല്ല. മറിച്ച്, എല്ലാവർക്കും കേൾക്കുന്ന വിധത്തിൽ ഉച്ചരിക്കപ്പെട്ട സ്പഷ്ടമായ ശബ്ദങ്ങളാണ്. ഒടുക്കം കഥയെല്ലാം തീർന്നുകഴിയുമ്പോൾ പറച്ചിലുകാരനും കേൾവിക്കാരനും ഒരേപോലെയുണ്ടാവുന്ന ഒരു നൈരാശ്യമുണ്ട്. ഇനിയൊന്നും കേൾക്കാനില്ലല്ലോ, ഇനിയൊന്നും പറയാനില്ലല്ലോ എന്നൊരു നൈരാശ്യം. അങ്ങനെയൊരു നൈരാശ്യത്തിലാണ് ഈ കൃതിയുടെ അവസാനം ഞാൻ എത്തിച്ചേർന്നത്.
ബഷീറിന്റെ സ്നേഹത്തിൽ ചാലിച്ച നിരവധി രചനകൾ മനുഷ്യ ക്രോധത്തെ അലിയിക്കാൻ ശ്രമിച്ചത് നമുക്കറിയാം. മജീദും സുഹറയും കേശവൻ നായരും നാരായണിയമ്മയുമൊക്കെ ആ സ്നേഹത്തിന്റെ പ്രതീകങ്ങളാണ്. ആ സ്നേഹം റദ്ദാക്കപ്പെടുന്ന യുദ്ധവും അധിനിവേശവും തടവുമെല്ലാം സ്നേഹരാഹിത്യമായി അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നു. ബഷീർ ഉപയോഗപ്പെടുത്തിയ ജീവിതസന്ധികൾ അതിസാധാരണമാണ്. അതിലോലവും സാധാരണവുമായ ജീവിതസന്ധികളിൽ നിന്ന് മനുഷ്യന്റെ അഗാധസങ്കീർണതകളെ, ഒന്നുമറിയാത്ത നിഷ്കളങ്ക ഭാവത്തിൽ അനാവരണം ചെയ്യുന്നു, കഥ പറയാനറിയുന്ന ഈ കാഥികൻ. പ്രാചീനകാലത്തെ വിശ്വവിഖ്യാത നഗരങ്ങളിലെ കാഥിക പാരമ്പര്യത്തിന്റെ ചൈതന്യധാര ബഷീർ എന്ന കാഥികനിലുണ്ട്. ബാഗ്ദാദിലെയും കൈറോവിലെയും അജ്ഞാതരായ പ്രതിഭാശാലികളിലാണ് ബഷീർ സാഹിത്യമാലയുടെ അടിവേരുകൾ ചെന്നെത്തുന്നത്. ഇഴഞ്ഞു നീണ്ടിരുന്ന മണിക്കൂറുകളെ അനർഘനിമിഷങ്ങളാക്കി മാറ്റിയ ബഷീർ മാജിക്. ഞാൻ നന്ദി പറയുന്നു – ഈ മനുഷ്യനോടല്ല. പിന്നിട്ട നെടുംപാതയിൽ എവിടെയോ ഒരു വഴിത്തിരിവിൽ മുന്നിൽ വന്നു നിന്ന ഒരനർഘനിമിഷത്തിൽ, എന്റെ മരുപ്പറമ്പിൽ തണലും തണുപ്പും സുഗന്ധവും ഇത്തിരി വട്ടത്തിൽ തരുന്ന ഈ പൂമരം മുളപ്പിച്ച കാലത്തിന്റെ ഉർവ്വരതയ്ക്ക്.