അസ്തിത്വവ്യഥയുടെ ആയിരം കോടി വിപണി
ആയിരംകോടി ക്ലബ്ബിൽ ഇടം നേടിയ ബാർബി സിനിമയോടൊപ്പം ചേർത്തു വെയ്ക്കേണ്ട ഒരു സിനിമയാണ്, പിൽക്കാലത്ത് ഓസ്ക്കാർ നോമിനേഷനുകൾ നേടി ലോകപ്രശസ്തനായി മാറിയ Todd Haynes, 1987ൽ തന്റെ ഫിലിം പഠനത്തിന്റെ ഭാഗമായി സംവിധാനം ചെയ്ത പരീക്ഷണ സ്വഭാവമുള്ള കൊച്ച് ഡോക്യുമെന്ററി Superstar: The Karen Carpenter Story.
1970കളിൽ അമേരിക്കയിൽ അറിയപ്പെടുന്ന മ്യൂസിക് ബാന്റ് ആയിരുന്നു Carpenters. കാരണും ജ്യേഷ്ഠൻ റിച്ചാർഡ് കാർപ്പെന്ററും ചേർന്ന് രൂപീകരിച്ച ബാന്റ് ലളിതവും സുന്ദരവുമായ പാട്ടുകളാൽ ആളുകളെ ആകർഷിച്ചു. തെളിമയുള്ള ഗാനശൈലിയ്ക്കുടമയായിരുന്നു കാരൺ.
വൈറ്റ് ഹൗസിൽ പാടുന്നതിനായി കാർപെന്റേഴ്സിനെ ക്ഷണിച്ച പ്രസിഡന്റ് നിക്സൺ പറഞ്ഞത് സമരങ്ങൾ, കലാപങ്ങൾ, യുദ്ധങ്ങൾ എന്നിവയ്ക്കപ്പുറം ശുദ്ധമായ സംഗീതമാണ് കാർപെന്റേഴ്സിന്റേത് എന്നാണ്. വിയറ്റ്നാം യുദ്ധം, അമേരിക്കൻ സിവിൽ റൈറ്റ്സ് മൂവ്മെന്റ് തുടങ്ങിയ വൻ പ്രക്ഷോഭങ്ങളുടെ അലയൊലികൾ ഒടുങ്ങിയിരുന്നില്ല. Bob Dylanന്റെ ‘Blowing in the Wind’ അന്തരീക്ഷത്തിൽ മുഴങ്ങുന്ന കാലം [ബോബ് ഡിലനെക്കുറിച്ച് അയാം നോട്ട് ദേർ എന്ന പേരിൽ ഒരു സിനിമ ചെയ്തിട്ടുണ്ട് ടോഡ് ഹെയിൻസ്]. ആ ഒരു കാലത്ത് [അല്ലെങ്കിൽ എല്ലാ കാലത്തും] വൈറ്റ് ഹൗസിലേക്ക് [ഏതൊരു പാർലമെന്റിലേക്കും] ക്ഷണിക്കപ്പെടാൻ ഒരു സംഗീതസംഘത്തിനുണ്ടാവേണ്ട യോഗ്യത എന്നു പറഞ്ഞാൽ ഭരണകൂടത്തിനും വിപണി സൃഷ്ടിക്കുന്ന ഉപഭോഗ സംസ്ക്കാരത്തിനും കീഴ്പ്പെടുക, കുറഞ്ഞപക്ഷം പരസ്യമായി അവരെ അലോസരപ്പെടുത്താതെ ഇരിക്കുക എന്നതായിരിക്കും.
പാട്ടുകളുടെ കോപ്പിറൈറ്റ് പ്രശ്നങ്ങളുടെ പേരിൽ 1991ൽ ‘സൂപ്പർ സ്റ്റാർ’ ഡോക്കുമെന്ററി നിരോധിക്കപ്പെട്ടു. ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്സ്, MOMAയിൽ ഇതിന്റെ ഒറിജിനൽ സൂക്ഷിച്ചിട്ടുണ്ട്. എവിടെയും പ്രദർശിപ്പിക്കില്ല എന്ന വ്യവസ്ഥയിൽ ആണ് MOMAയ്ക്ക് ഈ കോപ്പി കൈമാറിയത്. എന്നാൽ നിരോധനത്തിനു ശേഷം Superstarന്റെ വ്യാജപ്രിന്റുകൾ വ്യാപകമായി പ്രചരിച്ചു. ലോകത്തിലെ ഏറ്റവും മികച്ച 50 കൾട്ട് ക്ലാസ്സിക്കുകളിൽ സൂപ്പർസ്റ്റാർ ഇടം പിടിച്ചു. യൂട്യൂബിൽ വളരേ മോശമായ ഒരു പ്രിന്റ് ഇപ്പോഴും ലഭ്യമാണ്.
പക്ഷേ ഇതൊന്നുമല്ല സൂപ്പർസ്റ്റാറിനെ പുതിയ കാലത്തെ ചർച്ചകളിലേക്ക് കൊണ്ടുവരുന്നത്.
ഡോക്കുമെന്ററിയിൽ കാരണിനേയും കുടുംബാംഗങ്ങളേയും കാണിക്കുന്നതിന് ബാർബിയുടെ കളിപ്പാട്ട ബൊമ്മകൾ ആണ് ടോഡ് ഹെയിൻസ് ഉപയോഗിച്ചിരിക്കുന്നത്.
Rithy Panh യുടെ മിസ്സിങ് പിക്ചർ ഇറങ്ങുന്നതിന് 25 കൊല്ലം മുമ്പു തന്നെ ടോഡ് ഹെയിൻസ് ബൊമ്മകൾ ഉപയോഗിച്ചുള്ള പരീക്ഷണത്തിന് മുതിർന്നിരുന്നു. ഒരു കേവല പരീക്ഷണം എന്ന നിലയ്ക്കല്ല സിനിമയിൽ ബൊമ്മകൾ കടന്നു വരുന്നത്. മറിച്ച് അത് കാരണിന്റെ ജീവിതത്തെ കുറിക്കാനുള്ള ഒരു രൂപകം ആണ്.
ആനോറെക്സിയ (Anorexia) അഥവാ വിശപ്പില്ലായ്മ എന്ന രോഗമായിരുന്നു 32-ാമത്തെ വയസ്സിൽ കാരണിന്റെ മരണത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു.
ഭക്ഷണം കഴിച്ചാൽ തൻെറ ശരീരവണ്ണം കൂടും എന്ന കാരണിന്റെ ആശങ്കയാണ് ആനോറെക്സിയ ആയി പരിണമിച്ചത് എന്ന് ടോഡ് ഹെയിൻസ് പറയുന്നു. വിയറ്റ്നാം യുദ്ധത്തിനു ശേഷം സമരങ്ങളിലോ സാമൂഹ്യമുന്നേറ്റങ്ങളിലോ പങ്കാളിത്തമില്ലാതെ ഒരു വലിയ ഉപഭോഗ്തൃ സമൂഹം അമേരിക്കയിൽ വളർന്നു വന്നു. അവരുടെ താത്പര്യങ്ങൾ രൂപപ്പെടുത്തുന്നതിൽ വിപണി വഹിച്ച പങ്ക് വലുതാണ്. സ്ത്രീകളുടെ മനസ്സിൽ അവരുടെ ശരീര ഘടനയെക്കുറിച്ച് കൃത്രിമമായ അഴകളവുകൾ അടിച്ചേൽപ്പിച്ച ബാർബി എന്ന കളിപ്പാട്ട നിർമ്മാണ കമ്പനി ചെലുത്തിയ സ്വാധീനം പിൽക്കാലത്ത് നിശിതമായി വിമർശിക്കപ്പെട്ടിട്ടുണ്ട്.
ഒരു വശത്ത് സ്ത്രീകളെ അമിതമായി ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുന്ന വലിയ മാളുകളിലെ ടിൻ ഫുഡ്ഡുകളുടെ ആധിക്യം. മറുഭാഗത്ത് തടിയ്ക്കുന്നത് സമൂഹത്തിന് സ്വീകാര്യമല്ലെന്ന അപകർഷത. ഓരോരുത്തരും സ്റ്റീരിയോടിപ്പിക്കൽ ബാർബിയാവാൻ വ്യാമോഹിക്കുന്ന അവസ്ഥ.
ഈ സംഘർഷം ആണ് ആനോറെക്സിയ എന്ന അവസ്ഥയെ രോഗത്തേക്കാൾ ഒരു സാമൂഹ്യ വിപത്താക്കി മാറ്റുന്നത് എന്ന് ടോഡ് ഹെയിൻസ് പറയാതെ പറയുന്നു.
ഇത്തരം വിമർശനങ്ങളെ മറ്റൊരു കച്ചവട സാധ്യതയാക്കി മാറ്റി ബാർബി.
തൊഴിലിടങ്ങളിൽ വർദ്ധിച്ചു വരുന്ന സ്ത്രീ സാന്നിധ്യം സൂചിപ്പിക്കുന്ന വ്യത്യസ്ത തൊഴിൽ ചെയ്യുന്ന ബാർബികളെ അവർ വിപണിയിലിറക്കി. ഡോക്റ്റർ, എഞ്ചിനീയർ, ടീച്ചർ, നേഴ്സ് തുടങ്ങി കറുപ്പും വെളുപ്പും വികലവും ആയ ബൊമ്മകൾ വരെ.
കാലം മാറുന്നതിനനുസരിച്ച് അവർ കളിപ്പാട്ട കച്ചവടത്തിന് പുതിയ പുതിയ സാധ്യതകൾ കണ്ടെത്തി, വീഡിയോ ഗെയിമും ആനിമേഷൻ സിനിമയും ഒക്കെയായി.
(കാപ്പിറ്റലിസം തകർന്ന് ജനങ്ങൾ കൂട്ട ആത്മഹത്യ ചെയ്താൽ മുതലാളിത്തം ശവപ്പെട്ടി കച്ചവടം തുടങ്ങുമെന്നാണല്ലോ തമാശ)
മൂന്നര പതിറ്റാണ്ടിനിപ്പുറം ബാർബി വീണ്ടും ഒരു ലൈവ് ആക്ഷൻ സിനിമയായി തിയ്യേറ്ററുകളിൽ എത്തുമ്പോൾ എന്താണ് സംഭവിക്കുന്നത്? (ഇത് യഥാർത്ഥത്തിൽ അവരുടെ രണ്ടാമത്തെ ശ്രമമാണ്. ആദ്യശ്രമം പരാജയമായിരുന്നു)
ഒരു പ്രഖ്യാപിത വനിതാപക്ഷ സംവിധായികയെകൊണ്ട് വളരെ ഉത്കർഷമായ അസ്തിത്വ വ്യഥ ചർച്ച ചെയ്യുന്നു എന്ന ടാഗ് ലൈനോടുകൂടിയ ഒരു സിനിമ പുറത്തിറങ്ങുമ്പോൾ എന്താണ് സംഭവിക്കുന്നത്?
കുട്ടികളുടെ സിനിമ മാത്രമായി മാറേണ്ടിയിരുന്ന ഒരു സിനിമയ്ക്ക് മുതിർന്നവരിലേക്ക്, പ്രത്യേകിച്ച് സ്ത്രീകളിലേക്ക് ഒരു പുതിയ പാലം സൃഷ്ടിക്കപ്പെടുന്നു. ഇന്ത്യയും ചൈനയും ഉൾപ്പടെയുള്ള വികസ്വര, മൂന്നാം ലോക രാജ്യങ്ങളിൽ ബാർബിയെക്കുറിച്ച് കേട്ടവർ, ഒന്നിലധികം ബാർബി സ്വന്തമായുണ്ടായിരുന്നവർ വളരെ ചുരുക്കം. ബാർബി അവരുടെ നൊസ്റ്റാർജിയയിൽ ഉണ്ടാവില്ല. ബാർബിയുടെ ഫെമിനിസ്റ്റ് കാഴ്ചപ്പാടിനെക്കുറിച്ച് അവർ കേൾക്കുക പോലും ചെയ്തിട്ടുണ്ടാവില്ല.
ഇത്തരക്കാരുടെ മുന്നിൽ ബാർബി ബൊമ്മകളുടെ ഉത്പാദകരായ മെറ്റിൽ (Mattel) കമ്പനി തങ്ങളുടെ ബാർബി ഉത്പന്നങ്ങളുടെ വൈവിധ്യം പ്രദർശിപ്പിക്കുന്നു. ബാർബി ബൊമ്മകളുടെ വിവിധ കാലങ്ങളിലെ വസ്ത്രങ്ങളെ ഗൃഹാതുരത്വത്തോടെ ഫ്രീസ് ചെയ്തു കാണിക്കുന്നു.
ഓരോ കാലത്തും മാറുന്ന സാമൂഹിക വ്യവസ്ഥയ്ക്കനുസരിച്ച് വ്യത്യസ്തമായ ബാർബികളെ അവതരിപ്പിക്കാൻ മെറ്റിൽ കമ്പനി നടത്തിയ പരിശ്രമങ്ങളെ കുറുക്കുവഴിയിൽ പ്രകീർത്തിക്കുന്നു.
ഫലമോ, ഈ ഒരൊറ്റ സിനിമ 2030 വരെ ബാർബിയെ ലോക കളിപ്പാട്ട വിൽപ്പന മേഖലയിൽ ഏറ്റവും ഉയർന്ന സ്ഥാനത്തു തന്നെ നിലനിർത്തും. ബാർബി ഡോളിന് പുതിയ ഗുണഭോക്താക്കളെ സൃഷ്ടിക്കും.
ഒരു കമ്പനി അവർകൂടി പങ്കാളിയായ ഒരു സംരംഭത്തിലൂടെ സ്വയം മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുന്നത് കുറ്റമൊന്നുമല്ല. എന്നാൽ അവരുടെ മാർക്കറ്റിങ് തന്ത്രത്തിനു പുറകിൽ എന്താണ് സംഭവിക്കുന്നത്?
ബാർബി എന്ന കളിപ്പാട്ടത്തിന്റെ പരിണാമങ്ങൾ ഇവിടുത്തെ ഫെമിനിസ്റ്റ് മുന്നേറ്റത്തിന്റെ പ്രതിഫലനങ്ങൾ ആണെന്ന വ്യാജ അഭിമാന ബോധം വനിതകളിൽ ജനിപ്പിക്കുന്നു. സിനിമ തീരുമ്പോൾ നമ്മൾ കാണുന്നത് മനുഷ്യത്വം ആർജ്ജിക്കാൻ കഴിയുന്ന മറ്റൊരു ബാർബിയെ ആണ്. സ്വന്തമായി യോനിയുള്ളതും ഗർഭം ധരിക്കാൻ ശേഷിയുള്ളതുമായ ബാർബി, മെറ്റിൽ കമ്പനിയുടെ മറ്റൊരു ഉത്പന്നം അല്ലെങ്കിൽ ബാർബിയുടെ ലൈവ് ആക്ഷൻ സിനിമാ വേർഷൻ മാത്രമല്ലേ സിനിമയ്ക്കൊടുവിൽ റൂത്തിന്റ കയ്യും പിടിച്ചു അകലേക്ക് നടന്നു പോകുന്ന മാർഗോട്ട് റോബിയുടെ ബാർബി?
ടോഡ് ഹെയിൻസിന്റെ സിനിമ റിലീസ് ആയപ്പോൾ മെറ്റിൽ കമ്പനി പ്രതിനിധികൾ സൂപ്പർസ്റ്റാർ നിർമ്മാതാക്കളെ സമീപിച്ചിരുന്നത്രെ. എന്നാൽ ടോഡ് ഹെയിൻസ് അവരോട് ചോദിച്ചു- “താൻ സിനിമയിൽ ഉപയോഗിച്ചത് പിഞ്ഞിപ്പറിഞ്ഞ് വലിച്ചെറിയപ്പെട്ട കളിപ്പാട്ടങ്ങൾ മാത്രമാണ്. അതുകൊണ്ടു തന്നെ അവയൊരിക്കലും ഒരു പ്രത്യേക ബ്രാൻഡ് അല്ല. പിന്നെ ഞങ്ങളുടെ മാതാപിതാക്കൾക്ക് ബാർബിയുടെ വില താങ്ങാൻ ശേഷിയില്ലെങ്കിൽ ഞങ്ങൾ മറ്റെന്തു ചെയ്യും..?! “
പുതിയ ബാർബി, മെറ്റിൽ എന്ന കമ്പനിയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാകാൻ നേരിയ സാദ്ധ്യത പോലുമുണ്ടായിരുന്നെങ്കിൽ ഗ്രേറ്റ ഗേർവിഗ്ഗിന്റെ ബാർബി, ലേഡി ബേർഡ് പോലെ ഒരു ഇൻഡി പ്രൊഡക്ഷൻ മാത്രമായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടേനെ എന്ന് 90കളിലെ ഈ സംഭാഷണം നമുക്ക് സൂചന തരുന്നു.
അമേരിക്കയിൽ സ്ത്രീവിമോചന ആശയങ്ങൾ ദുർബലമായി കൊണ്ടിരിക്കുകയും ടോക്സിക് മസ്ക്കുലിനിറ്റി ശക്തിപ്പെടുകയും ചെയ്യുന്ന, ട്രംപ് രാഷ്ട്രീയ നേതൃത്വമാകുന്ന വർത്തമാന കാലത്ത്, ബാർബി, പരിമിതമെങ്കിലും വിപ്ലവകരമായ ഒരു സ്ത്രീപക്ഷ സിനിമയാണ് എന്ന് കരുതുന്ന സിനിമാ നിരൂപകർ അമേരിക്കയിലുണ്ട്.
അമേരിക്ക ഫെറേറയുടെ മോണോലോഗിന് കയ്യടിക്കുന്ന ആയിരകണക്കിന് സ്ത്രീ പ്രേക്ഷകരും ബാർബിയെ ഒരു സ്ത്രീപക്ഷ സിനിമയായിട്ടു തന്നെയാണ് ആഘോഷിക്കുന്നത്. എന്നാൽ അവരാരും തന്നെ ടോഡ് ഹെയിൻസ് ചെയ്തതുപോലെ സ്ത്രീ സമത്വത്തെ ചരിത്ര, രാഷ്ട്രീയ പരിതോവസ്ഥകളുടെ വിശാല കാൻവാസിൽ വെച്ച് പരിശോധിക്കുന്നില്ല.
സ്ത്രീപക്ഷ വാദമെന്നാൽ സ്ത്രീയുടെ സർവ്വാധിപത്യം ആണെന്ന പഴകി പുളിച്ച ആരോപണം ഉന്നയിക്കുകയും അതിനെ മറികടന്നുവെന്ന വ്യാജ പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന ബാർബി, ഫെമിനിസ്റ്റ് മുന്നേറ്റത്തിന്റെ ദീർഘമായ ചരിത്രത്തെയും അതു നേരിടുന്ന സങ്കീർണ്ണമായ സമസ്യകളെയും ലളിത സമവാക്യങ്ങളിൽ തളച്ചിടുന്നു.
Zootopiaയിൽ സമത്വം ഒരു ഉട്ടോപ്യൻ സങ്കൽപ്പം ആണെന്നു പറയുന്നതു പോലെ, യഥാർത്ഥ ലോകത്തിൽ സ്ത്രീ സമത്വം ഒരിക്കലും സാധ്യമല്ല എന്നുതന്നെ പറഞ്ഞുറപ്പിക്കുകയാണ് ഗ്രേറ്റ ഗേർവിഗ്ഗിന്റെ ബാർബി.
ബാർബി സിനിമയിൽ വളരേ പ്രകടമായി തന്നെ നിറഞ്ഞു നിൽക്കുന്ന ഈ ദൃശ്യബിംബങ്ങളെ മുഴുവൻ തമസ്ക്കരിച്ചുകൊണ്ട്, ബാർബി ഒരു കലാസൃഷ്ടിയുടെ അസ്തിത്വ വ്യഥയും ഏതൊരു വ്യക്തിയും അനുഭവിക്കുന്ന മരണാശങ്കയേയും അനശ്വരതാകാംക്ഷയേയും പ്രമേയമാക്കുന്ന മഹത്തായ ആത്മീയ പ്രഹേളികയാണെന്നൊക്കെയുള്ള കണ്ടെത്തലുകൾ അതിവായനകൾ ആണെന്നാണ് ഇപ്പോൾ തോന്നുന്നത്.
പതഞ്ജലിയുടെ പായ്ക്കറ്റിൽ ബാബാ രാംദേവ് എഴുതിവിടുന്ന തള്ളുകളെ വിശ്വാസത്തിൽ എടുക്കുന്നതുപോലെ, ഈ തോന്നലുകൾ തെറ്റാണെങ്കിൽ വരുംകാലം തെളിയിക്കും.
[Superstar സിനിമ സണ്ടൻസ് റീമാസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നു. അധികം വൈകാതെ നല്ല വൃത്തിയുള്ള പ്രിന്റ് കാണാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നു]