ചങ്ങമ്പുഴയെ ഓർക്കുമ്പോൾ
ചങ്ങമ്പുഴയെക്കുറിച്ചുള്ള ആദ്യത്തെ ഓർമ്മ ‘രമണൻ’ മന:പാഠമാക്കുന്നതിൽ തുടങ്ങുന്നു. നാലാം ക്ലാസിലായിരുന്നു എന്നാണോർമ്മ. സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസാധനം ചെയ്ത, പച്ച കാലിക്കോ ബയൻറിട്ട് അതിൽ സ്വർണ്ണനിറത്തിലൊരു ചിത്രം ആലേഖനം ചെയ്ത ചങ്ങമ്പുഴയുടെ സമ്പൂർണ്ണ കൃതികൾ ആയിരുന്നു പാഠപുസ്തകം.
മലരണിക്കാടുകൾ തിങ്ങിവിങ്ങി എന്നു തുടങ്ങുന്ന ഇടയ ഗീതം അഥവാ പാസ്റ്ററൽ എലിജി (ഇടയന്റെ ഹൃദയത്തിലുണർന്ന ഗീതം ഒരു മുളന്തണ്ടിലൂടൊഴുകി വന്നു… മെല്ലെ മെല്ലെ മുഖപടം …എന്നൊക്കെ അത് തുടർന്നു ജീവിക്കും). ഒപ്പം പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം എന്നു തുടങ്ങുന്ന ആശാന്റെ പൂക്കാലവും ഹൃദിസ്ഥമാക്കുന്നു.
കോരാണി എന്ന സ്ഥലത്തായിരുന്നു അമ്മാമച്ചി താമസിച്ചിരുന്നത്. ഒരിയ്ക്കൽ ഒരു രാത്രി അവിടെ തങ്ങി ഉണർന്നു വരാന്തയിൽ വന്നു നോക്കിയപ്പോൾ അതാ രമണനെ പ്രകൃതി വരച്ചിട്ട മാതിരി: പുലരൊളി മാമല ശ്രേണികൾ തൻ പുറകിലായ് വന്നു നിന്നെത്തി നോക്കി…അത്രയും വ്യക്തസുന്ദരമായിരുന്നു ആ കാഴ്ച. വാഴക്കുലയിലെ വിപ്ലവവും ആരാമത്തിന്റെ രോമാഞ്ചം വിൽക്കുന്ന പൂക്കാരിയും ഒക്കെ പിന്നെയാണ് വന്നത്.
കാലങ്ങൾ കഴിഞ്ഞ് ബി എ ഒന്നാം വർഷ വിദ്യാർത്ഥിയായി യൂണിവേഴ്സിറ്റി കോളേജിൽ കയറിയപ്പോൾ ബുദ്ധിജീവി വേഷം കെട്ടി. ഒരു സഞ്ചിയിൽ മേൽപ്പറഞ്ഞ സമ്പൂർണ്ണ കൃതികൾ കയറ്റി കടയ്ക്കാവൂരെത്തും. ഷട്ടിലിലോ മലബാർ എക്സ്പ്രസിലോ കയറി തിരുവനന്തപുരത്ത് എത്തും. തീവണ്ടിയിൽ ഇരിക്കാൻ ഇടം കിട്ടിയാലും ഇല്ലെങ്കിലും സമ്പൂർണ്ണകൃതികൾ എടുത്ത് രമണൻ വായിക്കും. ആളുകൾ എന്നെ നോക്കി അടക്കം പറഞ്ഞു ചിരിക്കും. ഭാഗ്യത്തിന് ചങ്ങമ്പുഴയെ ഒപ്പം കൊണ്ടു നടക്കുന്നത് നിർത്തി.
അക്കാലത്താണ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ചങ്ങമ്പുഴ: നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന, എം കെ സാനു രചിച്ച ജീവചരിത്രം ഇറക്കുന്നത്. അത്രയും മനോഹരമായ ഒരു ജീവചരിത്രം മുൻപ് വായിച്ചിട്ടുണ്ടായിരുന്നില്ല. സമാന്തരമായി മറ്റൊരു പുസ്തകം ഇൻസ്റ്റിറ്റ്യൂട്ട് തന്നെ ഇറക്കി. ഇടപ്പള്ളി രാഘവൻ പിള്ളയുടെ ജീവചരിത്രം. ആരാണെഴുതിയതെന്ന് ഓർക്കുന്നില്ല. ‘പച്ചക്കടലയ്ക്ക തിന്നാലാർക്കും മെച്ചമായ്ക്കവിത ചമയ്ക്കാം’ എന്നോ മറ്റോ ഇടപ്പള്ളിയുടെ ദാരിദ്ര്യത്തെ ചൂണ്ടി ചങ്ങമ്പുഴ എഴുതി. എന്തായാലും നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന പുസ്തകം കവി എ അയ്യപ്പൻ എൻറെ കൈയിൽ നിന്ന്, വായിച്ചിട്ട് നാളെ തരാം എന്ന് പറഞ്ഞു കൊണ്ടുപോയി. അത് തിരികെ വന്നില്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ.
ചങ്ങമ്പുഴ കാരിക്കേച്ചറായി വരുന്ന ഒരു രംഗം എം എൻ വിജയൻ എഴുതിയത് വായിച്ച് ഞാൻ ചിരിച്ചു പോയിട്ടുണ്ട്. എറണാകുളത്തെ ഒരു തുണിക്കടയിൽ തിളങ്ങുന്ന പട്ടു മുണ്ടും ജുബ്ബയും ധരിച്ച് ഈ സ്ഥാപനം തൻറേതെന്ന മട്ടിൽ ചങ്ങമ്പുഴ വന്നിരിക്കും. ആരാധകനായ മുതലാളി അതനുവദിച്ചിട്ടുണ്ട്. ‘രാജാവിനെ പോലെയാണ് ഇരിപ്പ് എങ്കിലും കൈയിൽ കാലണ ഉണ്ടാകില്ല,’ എന്ന് എം എൻ വിജയൻ എഴുതുന്നു.
കാനനഛായയിൽ ആടു മേയ്ക്കാൻ ഞാനും വരട്ടയോ നിൻറെ കൂടെ എന്ന ഗീതം പ്രശസ്തമായി: നസീറും ഷീലയും രമണചന്ദ്രികമാരായി. ഞാൻ യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു പാരഡി കേട്ടു: ആ കാണും ജങ്ഷൻ വരേയ്ക്കും തന്നെ സൈക്കിളിൻ ക്യാരിയറിൽ കേറിക്കോട്ടെ / പാടില്ല പാടില്ല പെണ്ണേ പിന്നെ ലോഡായാൽ വണ്ടീടെ ഹബ്ബ് തള്ളും / ഇന്നാളൊരിക്കൽ ഞാൻ കേറിയതാ ഇന്നിപ്പോൾ എന്തിത്ര ജാഡ കാട്ടാൻ/ അന്നൊക്കെ വാടക വണ്ടിയാണേ ഇന്നിപ്പോൾ ഈ വണ്ടി സ്വന്തമാണേ…’
ഈ പാരഡിയെ ഞാൻ ഒരു ക്ലാസ് ഫങ്‌ഷനിൽ മറ്റൊരു പാരഡിയാക്കി മാറ്റി. അന്ന് സെക്രട്ടേറിയറ്റിൻറെ പിന്നിലാണ് ബ്രിട്ടീഷ് ലൈബ്രറി. പെൺകുട്ടികൾക്കൊപ്പം പോകണമെന്നാഗ്രഹമുണ്ടെങ്കിലും പങ്കിലമാനസർ ധാരാളമുള്ള കാലമാണ്. അതിനാൽ ഞാനെഴുതി: ബ്രിട്ടീഷ് ലൈബ്രറിൽ ബുക്കെടുക്കാൻ ഞാനും വരട്ടയോ ജോണീ കൂടേ / പാടില്ല പാടില്ല സിന്ധൂ നമ്മൾ പാടെ മറന്നൊന്നും ചെയ്തു കൂടാ.’ ബാക്കി വരികൾ ഓർക്കുന്നില്ല.
യൂട്യൂബൊക്കെ വന്ന കാലത്താണ് കെടാമംഗലം സദാനന്ദൻ പറഞ്ഞ രമണൻ കഥാപ്രസംഗം കേൾക്കുന്നത്. എം ടി യുടെ ആത്മകഥാപരമായ രചനകളിലൊന്നിൽ മൈലുകൾ താണ്ടിപ്പോയി കടം വാങ്ങിയ രമണൻ ഒരു രാത്രി മുഴുവൻ കുട്ടികൾ നോട്ടുബുക്കിൽ പകർത്തിയെടുത്ത കഥ കേട്ട് അതിശയിച്ചിട്ടുണ്ട്. സ്മാർട്ട് ഫോണിൻറെ കാലത്തായിരുന്നെങ്കിൽ രമണൻ ചന്ദ്രികയെ വാട്ട് സാപ്പിൽ വീഡിയോ ചെയ്ത ശേഷം ലൈവായി തൂങ്ങിച്ചാകുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.