എൻ്റെ ഒപ്പം പ്രവർത്തിച്ച ചെറുപ്പക്കാരായ റിപ്പോർട്ടർമാർ സ്റ്റോറിയുമായി വരുമ്പോൾ ഞാൻ പറയാറുണ്ടായിരുന്നു. നിങ്ങൾ എഴുതുന്നത് പത്ര ഉടമക്ക് ചായയോടൊപ്പം വായിച്ചു രസിക്കാനാകരുത്. അത് സാധാരണ വായനക്കാരന് വേണ്ടിയായിരിക്കണം. പത്രങ്ങളോ ചാനലുകളോ നടത്തുന്നത് സ്വകാര്യ ഉടമകളാകാം, പക്ഷെ അത് പ്രത്യക്ഷപ്പെടുന്നത് ഒരു പബ്ലിക് സ്‌പേസിലാണെന്ന് ഓർമ്മയുണ്ടായിരിക്കണം. പത്ര/ചാനൽ മുതലാളി അല്ല നിങ്ങളുടെ യഥാർത്ഥ ബോസ്. “മാധ്യമ രംഗത്തെ കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാട് വ്യക്തമാക്കുകയായിരുന്നു ബി.ആർ.പി ഭാസ്കർ സാർ.
ഏറ്റവും ഒടുവിൽ തൻ്റെ വിശ്രമ താവളമായി തിരഞ്ഞെടുത്ത പേയാടുള്ള അലൈവ് റെയിൻബോ വില്ലേജിൽ “ബീന കണ്ട ലോകം” എന്ന എൻ്റെ യൂടൂബ് ചാനലിന് വേണ്ടി സാറിനോട് സംസാരിച്ചത് രണ്ടാഴ്ചകൾക്കു മുൻപാണ്. വാർദ്ധക്യത്തിൻ്റെ അവശതകൾ സാറിനെ വല്ലാതെ അലട്ടിയിരുന്നെങ്കിലും അളന്നു മുറിച്ച വാക്കുകളിൽ സാർ വർത്തമാനകാല മാധ്യമരംഗത്തെ വിലയിരുത്തി.
പതിനഞ്ചു വർഷങ്ങൾക്കു മുമ്പ് സാറിൻ്റെ സംഭവ ബഹുലമായ മാധ്യമജീവിതത്തെ കുറിച്ച് ഞാൻ എഴുതിയ ലേഖനമാണ് ഇതോടൊപ്പം.
മനുഷ്യരാശി മഹത്തായ കുതിച്ചുചാട്ടം നടത്തിയ ആ ദിവസം- നീല്‍ ആംസ്‌ട്രോംഗ് ചന്ദ്രനില്‍ കാലുകുത്തിയ 1969 ജൂലായ് 21. മറ്റാരെയുംപോലെ ബാബുരാജേന്ദ്രപ്രസാദ് ഭാസ്‌കറിനും സവിശേഷമായ ഒരു ദിവസം തന്നെയായിരുന്നു അത്. എന്നാല്‍ ബി.ആര്‍പി. ഭാസ്‌കര്‍ എന്ന പത്രപ്രവര്‍ത്തകന്‍ ചാരിതാര്‍ത്ഥ്യവും സംതൃപ്തിയും അനുഭവിച്ചത് അതിന്റെ അടുത്ത ദിവസമായിരുന്നു.
ഒന്നാം പേജില്‍ കൂറ്റന്‍ തലക്കെട്ടോടെയാണ് പിറ്റേന്ന് പത്രങ്ങള്‍ പുറത്തിറങ്ങിയത്. ഇന്ത്യയിലെ ഇംഗ്ലീഷ് പത്രങ്ങള്‍ ഏറെയും റിപ്പോര്‍ട്ട് ആരംഭിച്ചത് ഇങ്ങനെയാണ്.
‘The moon, the sea of tranquility…’ പ്രശാന്തതയുടെ അപാരസമുദ്രമായ ചന്ദ്രഗ്രഹത്തിന്റെ മണ്ണില്‍ മനുഷ്യന്‍ കാലുറപ്പിച്ചുനിന്ന നിമിഷത്തെക്കുറിച്ചുള്ള ആ സ്റ്റോറി എഴുതിയത് അന്ന് ന്യൂഡല്‍ഹിയില്‍ യു.എന്‍.ഐ. വാര്‍ത്താവിഭാഗം മേധാവിയായ ബി.ആര്‍.പി. ഭാസ്‌കറായിരുന്നു.
‘ഇന്ത്യന്‍ സമയം രാത്രി 1.30-നാണ് മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തുന്നത്. അതിനുശേഷം വാര്‍ത്ത തയ്യാറാക്കിയാല്‍ പത്രങ്ങള്‍ക്ക് യഥാസമയം അച്ചടിച്ച് പുറത്തിറക്കാന്‍ പറ്റില്ല. എ.പി. (അസോസിയേറ്റഡ് പ്രസ്സില്‍) നിന്ന് ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് ഞാന്‍ കാലേകൂട്ടിത്തന്നെ ഒരു റിപ്പോര്‍ട്ടുണ്ടാക്കി.
‘ചന്ദ്രനില്‍ കാലുകുത്തി…..’ എന്ന മട്ടില്‍. മിക്ക പത്രങ്ങളും ആ റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിച്ചത്.
തിരുവനന്തപുരം നഗരത്തില്‍ നിന്ന് കുറച്ചകലെ ചെറുവയ്ക്കലിലുള്ള മനോഹരമായ ബേക്കര്‍മോഡല്‍ വീട്ടിലെ സ്വീകരണമുറിയിലിരുന്ന് ബി.ആര്‍.പി. ഭാസ്‌കര്‍ ആ അനുഭവമോര്‍ത്ത് ഒന്നു ചിരിച്ചു. ഒരവകാശവാദത്തിന്റെയും പൊടിപ്പും തൊങ്ങലുമില്ലാതെ വെറുമൊരു സാധാരണ കാര്യം പറയുന്നതുപോലെ തോന്നും അദ്ദേഹം ഇത്തരം കാര്യങ്ങള്‍ ഓര്‍ത്തുപറയുമ്പോള്‍.
ബി.ആര്‍.പി ഭാസ്‌കര്‍ എന്ന ബാബു ഭാസ്‌കര്‍ ഇന്നത്തെ തലമുറയ്ക്ക് സുപരിചിതനാകുന്നത് മനുഷ്യാവകാശ പ്രവര്‍ത്തകന്‍, രാഷ്ട്രീയ നിരീക്ഷകന്‍, സാമൂഹികവിമര്‍ശകന്‍ തുടങ്ങിയ നിലകളിലാണ്. എന്നാല്‍ ഹിന്ദു പത്രത്തില്‍ തുടങ്ങി സ്റ്റേറ്റ്‌സ്മാന്‍, പേട്രിയറ്റ്, യു.എന്‍.ഐ. ഡെക്കാണ്‍ ഹെറാള്‍ഡ് തുടങ്ങിയവാര്‍ത്താമാധ്യമങ്ങളിലൂടെ കടന്നുപോയി ഒടുവില്‍ ഏഷ്യാനെറ്റ് ന്യൂസിലെത്തിനിന്ന പ്രകാശവത്തായ ഒരുകര്‍മ്മകാണ്ഡത്തിന്റെ അര്‍ത്ഥവത്തായ തുടര്‍ച്ചയാണ് ഇന്നത്തെ ബി.ആര്‍.പി ഭാസ്‌കര്‍. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മാധ്യമപ്രവര്‍ത്തനവും മനുഷ്യാവകാശ പ്രവര്‍ത്തനവും രണ്ടല്ല.
പത്രപ്രവര്‍ത്തനത്തിന് ഫലഭൂയിഷ്ഠമായ മണ്ണായിരുന്നു എക്കാലവും കൊല്ലം പട്ടണം. മലയാളരാജ്യവും പ്രഭാതവും ജനയുഗവും പിന്നീട് കേരളശബ്ദവും കുങ്കുമവും മലയാളനാടുമൊക്കെ കൊല്ലത്തിന്റെ മുറ്റത്ത് തഴച്ചുവളര്‍ന്നവയാണ്. പ്രഗല്ഭരായ ഒട്ടേറെ പത്രപ്രവര്‍ത്തകരും അവിടെ പയറ്റിത്തെളിഞ്ഞവരാണ്. ‘നവഭാരതം’ പത്രവും അതിന്റെ ഉടമ എ.കെ. ഭാസ്‌കറും അക്കൂട്ടത്തിലെ ഒന്നാം തലമുറക്കാരാണ്. അച്ചുകൂടത്തിന്റെയും അച്ചടിയന്ത്രത്തിന്റെയും പത്രക്കെട്ടുകളുടെയും നടുവില്‍ വളര്‍ന്ന, പത്രാധിപരുടെ മകന് പത്രപ്രവര്‍ത്തനത്തോട് താത്പര്യം തോന്നിയത് സ്വാഭാവികം മാത്രം. എന്‍.രാമചന്ദ്രന്‍, സി.എന്‍.ശ്രീകണ്ഠന്‍നായര്‍, പി.കെ.ബാലകൃഷ്ണന്‍, കൗമുദിയിലെ ‘കിറുക്കുകളി’ലൂടെ പ്രശസ്തനായ കെ.കാര്‍ത്തികേയന്‍ തുടങ്ങിയവരൊക്കെ അന്ന് ‘നവഭാരത’ത്തിലുണ്ട്. കോളേജ് വിദ്യാഭ്യാസകാലത്തുതന്നെ ബാബുഭാസ്‌കറിന്റെ പത്രപ്രവര്‍ത്തനക്കളരി നവഭാരതമായി. ഗുരു പത്രാധിപരായ ബാപ്പു റാവുവും.
‘ഒരസാമാന്യ പ്രതിഭാശാലിയായിരുന്നു ബാപ്പുറാവു സാര്‍. ഒരുപാട് ബംഗാളികൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കണിശത, ചിട്ട, സൂക്ഷ്മത ഇവയൊക്കെയാണ് ഒരു പത്രപ്രവര്‍ത്തകന് ഏറ്റവും അത്യാവശ്യമെന്ന് എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്.’
പത്രപ്രവര്‍ത്തകന് ഒരു ഗ്ലാമറുമില്ലാത്ത അക്കാലത്ത് സ്വാഭാവികമായും മകന്‍ ഒരു എന്‍ജിനീയറോ ഡോക്ടറോ ആകണമെന്ന് എ.കെ. ഭാസ്‌കര്‍ ആഗ്രഹിച്ചു. എന്നാല്‍ പത്രപ്രവര്‍ത്തനമാണ് തന്റെ പ്രൊഫഷന്‍ എന്നുറപ്പിച്ചു കഴിഞ്ഞ മകന്റെ മുന്നില്‍ അദ്ദേഹം വിലങ്ങുതടിയായില്ല. അങ്ങനെ 1952- ല്‍ മദിരാശിയിലെ ‘ഹിന്ദു’ ദിനപത്രത്തില്‍ ചേര്‍ന്ന ബാബുഭാസ്‌കറിന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായിത്തീര്‍ന്നത് അവിടത്തെ നാളുകളാണ്.
‘ഒരു പത്രപ്രവര്‍ത്തകന് വളരെ വളരെ അത്യാവശ്യമായ അച്ചടക്കത്തിന്റെയും ആത്മാര്‍ത്ഥമായ പരിശ്രമത്തിന്റെയും ആവശ്യകതയെക്കുറിച്ച് അവിടെ നിന്നാണ് ഞാന്‍ പഠിച്ചത്. സൂക്ഷ്മനിരീക്ഷണവും വിവേചനശേഷിയുമെല്ലാം എത്ര വലുതാണെന്ന് ഞാനറിഞ്ഞു. ഓരോ ദിവസവും പത്രം കൂലങ്കഷമായി വിലയിരുത്തപ്പെട്ടുപോന്നു. നിരന്തരമായ പരിശ്രമമെന്നൊന്നില്ലാതെ വളരാന്‍ കഴിയില്ലെന്ന് മനസ്സിലാക്കി.’
ഏതൊരു തെറ്റിനെയും ധീരമായി എതിര്‍ക്കുന്നൊരു മനസ്സിന്റെ ജനനവും ആ നാളുകളില്‍തന്നെയായിരുന്നു. ഹിന്ദു മാനേജ്‌മെന്റായിരുന്നു പ്രതിക്കൂട്ടില്‍. ‘ ‘പത്രപ്രവര്‍ത്ത’കര്‍ക്ക് ട്രേഡ് യൂണിയന്‍ ആവശ്യമില്ല എന്നായിരുന്നു ഹിന്ദുവിന്റെ നിലപാട്. അതിന് വിരുദ്ധമായി ഹിന്ദുവിലെ പത്രപ്രവര്‍ത്തകര്‍ ആര്‍.നരസിംഹന്റെ നേതൃത്വത്തില്‍ സംഘടന രൂപീകരിച്ചു. ഞാനും ചേര്‍ന്നു. മദ്രാസ് യൂണിയന്‍ ഓഫ് ജേര്‍ണലിറ്റ്‌സ് എന്ന പേരില്‍ രൂപീകരിച്ച സംഘടനയെ ഹിന്ദു അധികൃതര്‍ അംഗീകരിച്ചില്ല. അവര്‍ ആര്‍.നരസിംഹനെ പിരിച്ചുവിട്ടു. സംഘടനാംഗങ്ങളെ പിന്തിരിപ്പിക്കാന്‍ പല വഴികളും സ്വീകരിച്ചു. കേസ് കോടതിയിലെത്തി. ഇതിനിടെ എഡിറ്റര്‍ കസ്തൂരി ശ്രീനിവാസന്‍ സംഘടനയില്‍ ചേര്‍ന്നവരുടെ ഒരു യോഗം വിളിച്ചു. ഒരു വക്കീലിനെക്കൊണ്ട് വിദഗ്ദ്ധമായി തയ്യാറാക്കിയ ഒരു സ്റ്റേറ്റ്‌മെന്റ് ഞങ്ങള്‍ക്കു തന്നു. ‘നരസിംഹനെതിരെ മാനേജ്‌മെന്റ് എടുത്ത നടപടിയെ പിന്താങ്ങുന്നു’ എന്നതായിരുന്നു സ്റ്റേറ്റ്‌മെന്റ്. 41 പേര്‍ ഒപ്പിട്ടു. ഞാന്‍ ഒപ്പിടാന്‍ തയ്യാറായില്ല. കോടതിയില്‍ ഞങ്ങള്‍ക്കുവേണ്ടി കേസ് വാദിച്ചത് മോഹന്‍ കുമാരമംഗലവും ആര്‍.വെങ്കിട്ടരാമനുമാണ്. മാനേജ്‌മെന്റ് സമ്മര്‍ദ്ദം ചെലുത്തിയാണ് കൂടെയുള്ളവരെക്കൊണ്ട് നരസിംഹനെതിരെ എടുത്ത നടപടി പിന്താങ്ങുന്നു എന്ന സ്റ്റേറ്റ്‌മെന്റില്‍ ഒപ്പിടുവിച്ചതെന്ന് ഞാന്‍ കോടതിയില്‍ പറഞ്ഞു. നീണ്ട വാദം നടന്നു. കോടതി ഞാന്‍ പറഞ്ഞത് ശരിയാണെന്ന് അംഗീകരിച്ച് കേസ് വിധി പറഞ്ഞു. സുപ്രീംകോടതി വരെ കേസ് നീണ്ടു. ഒടുവില്‍ ആര്‍.നരസിംഹന് പുറത്താക്കപ്പെട്ട കാലത്തെ ശമ്പളം മുഴുവന്‍ നല്‍കി ‘ഹിന്ദു’ കേസ് പിന്‍വലിപ്പിച്ചു.’
പിന്നീട് ഏറെനാള്‍ ‘ഹിന്ദു’വില്‍ തുടര്‍ന്നില്ല. ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ഒരു സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിന് അദ്ദേഹത്തെ തിരഞ്ഞെടുത്തു. ഫിലിപ്പൈന്‍സില്‍ പത്രപ്രവര്‍ത്തനപരിശീലനത്തിന് പോകാന്‍ 1958-ല്‍ ബാബു ഭാസ്‌കര്‍ ‘ഹിന്ദു’ വിട്ടു.
‘ഇത്രയേറെ പ്രശ്‌നങ്ങള്‍ക്കുശേഷവും ഹിന്ദുവിന്റെ സമീപനം ആഢ്യത്വം നിറഞ്ഞതായിരുന്നു. എന്നോട് രാജിവയ്ക്കണ്ട എന്നാണ് കസ്തൂരി ശ്രീനിവാസന്‍ ആവശ്യപ്പെട്ടത്. പോയിട്ട് തിരിച്ചുവരുമ്പോള്‍ ഹിന്ദുവില്‍ തന്നെ ചേരണമെന്ന് അദ്ദേഹം നിര്‍ബന്ധിച്ചു. കസ്തൂരി ശ്രീനിവാസന് പത്രപ്രവര്‍ത്തകര്‍ ‘മക്കളെ’പ്പോലെയായിരുന്നു എന്നാണ് പറയാറുണ്ടായിരുന്നത്.’
ഫിലിപ്പൈന്‍സില്‍ ഒന്നരവര്‍ഷത്തെ പഠനം കഴിഞ്ഞ് തിരിച്ചെത്തിയത് ‘സ്‌റ്റേറ്റ്‌സ്മാനി’ലേക്കാണ്. ഡല്‍ഹിയില്‍. നാലുവര്‍ഷം അവിടെ തുടര്‍ന്നു. 1963-ല്‍ ‘പേട്രിയറ്റി’ല്‍ ചേര്‍ന്നു. പേട്രിയറ്റിന്റെ എടത്തട്ട നാരായണനുമായി വളരെ നല്ല സൗഹൃദം അക്കാലത്തുണ്ടായി. സി.എന്‍.ചിത്തരഞ്ജന്‍ (മെയിന്‍സ്ട്രീം) ഒ.പി.ഡങ്കല്‍, വിശ്വനാഥ് തുടങ്ങിയവരൊക്കെ അന്ന് ‘പേട്രിയറ്റി’ല്‍ ഉണ്ടായിരുന്നു. ബുദ്ധികൂര്‍മ്മതയും, പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനുള്ള സന്നദ്ധതയും പത്രപ്രവര്‍ത്തകന് എത്ര അത്യാവശ്യമാണെന്ന് അറിയാനും, അതനുസരിച്ച് പ്രവര്‍ത്തിക്കാനും ‘പേട്രിയേറ്റ്’ അവസരങ്ങള്‍ നല്‍കി.
ചമ്പല്‍ക്കാടുകളില്‍ ഒരു വിമാനാപകടം ഉണ്ടായതായി റിപ്പോര്‍ട്ട് വന്നു. വിവരമറിഞ്ഞ ഉടന്‍ ഡല്‍ഹിയില്‍ നിന്ന് വിവിധ പത്രങ്ങളിലെ റിപ്പോര്‍ട്ടര്‍മാരും ഫോട്ടോഗ്രാഫര്‍മാരും അങ്ങോട്ട് തിരിച്ചു. പക്ഷേ പിറ്റേന്ന് ചിത്രംസഹിതം റിപ്പോര്‍ട്ട് വന്നത് ‘പേട്രിയറ്റി’ല്‍ മാത്രമായിരുന്നു. ‘പേട്രിയറ്റ്’ വാര്‍ത്തയും ഫോട്ടോയും സമ്പാദിച്ചത് ഡല്‍ഹി റിപ്പോര്‍ട്ടര്‍ വഴിയല്ലായിരുന്നു. പേട്രിയറ്റിന്റെ ആഗ്രാലേഖകനോട് ഫോട്ടോഗ്രാഫറെയും കൂട്ടി സംഭവസ്ഥലത്തേക്ക് പോകാന്‍ പറയുകയാണ് ഞാന്‍ ചെയ്തത്. അങ്ങനെയാണ് ഞങ്ങള്‍ക്കു മാത്രം പെട്ടെന്നുതന്നെ വാര്‍ത്ത കിട്ടിയത്. അതിന് രണ്ടാഴ്ച മുമ്പാണ് ഡല്‍ഹി-ആഗ്ര എസ്.ടി.ഡി ടെലിഫോണ്‍ ലൈന്‍ നിലവില്‍ വന്നത്. ആ സമയത്ത് അതുപയോഗിക്കാനുള്ള ബുദ്ധി തോന്നി.
ഇത്തരം ബുദ്ധിപൂര്‍വ്വമായ നീക്കങ്ങള്‍, കണ്ണും കാതും തുറന്ന് ചുറ്റുപാടുകളെ നിരീക്ഷിക്കാനുള്ള സന്നദ്ധത-സ്വന്തമായി വാര്‍ത്തകള്‍ ശേഖരിക്കുന്നതിനൊപ്പം സഹപ്രവര്‍ത്തകര്‍ക്ക് സ്‌കൂപ്പുകള്‍ നല്‍കാനും ബാബുഭാസ്‌കറെ സഹായിച്ചിരുന്നു. ഗോവയില്‍ പട്ടാളം ഇറങ്ങിയതിനെക്കുറിച്ച് കേരള കൗമുദിയില്‍ എക്‌സ്‌ക്‌ളൂസീവ് നല്‍കാന്‍ കാരണമായത് ബാബു ഭാസ്‌കറുടെ നിരീക്ഷണപാടവമായിരുന്നുവെന്ന് അന്ന് കേരളകൗമുദി ഡല്‍ഹി ലേഖകനായിരുന്ന എഡിറ്റര്‍-ഇന്‍-ചീഫ് എം.എസ്.മണി ഓര്‍ക്കുന്നു.
‘മറ്റെന്തോ ആവശ്യത്തിന് റെയില്‍വേസ്റ്റേഷനില്‍ പോയതാണ് ബാബുഭാസ്‌കര്‍ സാര്‍. തീവണ്ടിയില്‍ പട്ടാളനീക്കം അദ്ദേഹം ശ്രദ്ധിച്ചു. എനിക്കാ വാര്‍ത്തയുടെ തുമ്പ് അപ്പോള്‍ത്തന്നെ തന്നു. അതിനെ അടിസ്ഥാനമാക്കി പിറ്റേന്ന് കേരളകൗമുദിക്ക് ഒന്നാന്തരം ഒരു വാര്‍ത്ത നല്‍കാന്‍ കഴിഞ്ഞു.’
ബാബുഭാസ്‌കറെപ്പറ്റി ഇത്തരം നിരവധി അനുഭവങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്ക് പറയാനുണ്ട്. എടത്തട്ട നാരായണനുമായി ഉറ്റസൗഹൃദം പുലര്‍ത്തിയിരുന്നെങ്കിലും അധികകാലം പേട്രിയറ്റില്‍ തുടര്‍ന്നില്ല.
എടത്തട്ട രാഷ്ട്രീയ താത്പര്യങ്ങള്‍ക്കു വേണ്ടി പത്രപ്രവര്‍ത്തന മൂല്യങ്ങള്‍ ബലികഴിക്കുന്നു എന്നെനിക്ക് തോന്നി. എനിക്കതിനോട് യോജിക്കാനായില്ല. പിന്നെ പെട്ടെന്ന് രാജിവച്ച് പോരാന്‍ കാരണം മറ്റൊന്നായിരുന്നു. എന്നെ കാണാന്‍ ഓഫീസില്‍ വന്ന എം.പി.നാരായണപിള്ളയോട് എടത്തട്ടയുടെപെരുമാറ്റം ശരിയായില്ല എന്നു തോന്നി. ഞാന്‍ രാജികൊടുത്ത് ഇറങ്ങിപ്പോന്നു.’
പേട്രിയറ്റില്‍ നിന്ന് യു.എന്‍.ഐയിലാണ് എത്തിയത്. രണ്ടു വര്‍ഷം അഹമ്മദാബാദില്‍. പിന്നീട് ഡല്‍ഹിയിലേക്ക് വന്നു. ‘യു.എന്‍.ഐ അന്ന് വികസനത്തിന്റെ പാതയിലായിരുന്നു. കുല്‍ദീപ് നയ്യാറായിരുന്നു ചെയര്‍മാന്‍. രാഷ്ട്രീയവാര്‍ത്തകള്‍ക്ക് പ്രാധാന്യം കൊടുത്തുതുടങ്ങിയത് അക്കാലത്താണ്. സാങ്കേതികമികവിനും ഊന്നല്‍ നല്‍കി. കൂടുതല്‍ യൂണിറ്റുകള്‍ തുടങ്ങി. ഞാന്‍ ചേരുമ്പോള്‍ 25 യൂണിറ്റുകളാണ് ഉണ്ടായിരുന്നത്. പിന്നീടത് 60 ആയി. ഏജന്‍സി വാര്‍ത്തകളുടെ വിശ്വാസ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പരിഷ്‌കാരങ്ങള്‍ ആവിഷ്‌കരിച്ചു. അതിന് ഫലമുണ്ടായി. പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോഴുള്ള പരിചയം എനിക്ക് യു.എന്‍.ഐയില്‍ വളരെസഹായകമായി. ഓരോ സമയത്തും പത്രങ്ങളുടെ ആവശ്യമറിഞ്ഞ് വാര്‍ത്തകള്‍ നല്‍കാന്‍ കഴിഞ്ഞിരുന്നു.
വാര്‍ത്ത എത്രയും പെട്ടെന്ന് സമ്പാദിക്കാന്‍ ഏറ്റവും പ്രയോജനപ്രദമായ വഴി സ്വീകരിക്കുക-പത്രപ്രവര്‍ത്തകന് വേണ്ട പ്രധാനപ്പെട്ട ഒരു കഴിവാണത്. ബാബുഭാസ്‌കര്‍ എന്നും അതിന് നല്ല ഉദാഹരണമായിരുന്നു.
‘ബംഗ്ലാദേശ് തിരഞ്ഞെടുപ്പില്‍ മുജീബ് ഉള്‍ റഹ്‌മാന്റെ അവാമിലീഗ് ജയിച്ചു. മുജീബ് ഉള്‍ റഹ്‌മാന്റെ അഭിമുഖം വേണം. ഡല്‍ഹിയിലെ പത്രപ്രവര്‍ത്തകര്‍ സര്‍വ്വവിധ പരിശ്രമങ്ങളും നടത്തി. അന്ന് രണ്ടു രാജ്യങ്ങളുമായി വാര്‍ത്താവിനിമയം ഏറെക്കുറെ അസാദ്ധ്യമായിരുന്നു. പാകിസ്ഥാന്‍ റേഡിയോ തരുന്ന വാര്‍ത്തകള്‍ മാത്രമാണ് ആശ്രയമായിരുന്നത്. പക്ഷേ, വിജയത്തെക്കുറിച്ച് മുജീബ് ഉള്‍ റഹ്‌മാന് പറയാനുണ്ടായിരുന്നത് യു.എന്‍.ഐയ്ക്ക് പ്രസിദ്ധീകരിക്കാനായി. ഡല്‍ഹി കറസ്‌പോണ്ടന്റുമാര്‍ ഫോണില്‍ വിളിച്ച് നിരാശപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ യു.എന്‍.ഐയുടെ കല്‍ക്കത്ത കറസ്‌പോണ്ടന്റിന് ബാബുഭാസ്‌കര്‍ നിര്‍ദ്ദേശം നല്‍കി. ‘അവിടെനിന്ന് ഫോണ്‍ലൈന്‍ കിട്ടുന്നുണ്ടോ എന്നു നോക്കുക.’ ലൈന്‍ കിട്ടി അഭിമുഖവും.
മറ്റൊരിക്കല്‍ അദ്ദേഹം വാര്‍ത്ത കണ്ടെത്തിയത് ടെലിപ്രിന്റര്‍, വായിച്ചെടുക്കാന്‍ പ്രയാസമായ രീതിയില്‍ പ്രിന്റ് ചെയ്ത ഒരു വരിയിലൂടെയാണ്.
‘അക്കാലത്ത് ടെലിപ്രിന്റര്‍ പലപ്പോഴും തകരാറിലായിരിക്കും. എ.പി സോഴ്‌സില്‍ നിന്ന് നോബല്‍ സമ്മാന വാര്‍ത്തയാണ് പ്രിന്റ് ചെയ്യുന്നത്. മെഡിസിന്‍ വിഭാഗത്തില്‍ ഖൊറാന എന്ന് ഒരു പേര് വളരെ ബുദ്ധിമുട്ടി വായിച്ചെടുത്തു. ‘ഖൊറാന’ ഇന്ത്യന്‍ പേരാണ്. എങ്കില്‍ ഒന്നാന്തരം ഒരു സ്റ്റോറിയാണ് വരുന്നത്. ഉടനെ വെരിഫൈ ചെയ്‌തേ പറ്റൂ. ‘ലിങ്ക് മാസിക’യുടെ സയന്‍സ് റിപ്പോര്‍ട്ടര്‍ ഗുപ്തയെ വിളിച്ചു.
‘മെഡിസിന്‍ വിഭാഗത്തില്‍ ഒരു ഖൊറാന ഉണ്ടോ?’
‘ഉണ്ടല്ലോ ഹര്‍ഗോവിന്ദ് ഖൊറാന. മിടുക്കനാണ്. നോബല്‍സമ്മാനം കിട്ടാനിടയുണ്ട്.’ ഗുപ്ത പറഞ്ഞു.
‘ഖൊറാനയുടെ വീട്? ബന്ധുക്കള്‍?’ അതൊന്നും ഗുപ്തയ്ക്കറിയില്ല. തല പുകച്ചു. ഡല്‍ഹി ടെലഫോണ്‍ ഡയറക്ടറി ഓര്‍മ്മ വന്നു. അതിലെ എല്ലാ ഖൊറാനമാരെയും വിളിക്കാന്‍ ഏര്‍പ്പാടാക്കി. ഭഗീരഥപ്രയത്‌നം. എങ്കിലെന്താണ്? ഏറെ സമയമെടുത്തില്ല, ടെലഫോണ്‍ ഡയറക്ടറിയിലെ ഖൊറാനമാരില്‍ നിന്ന് ഹര്‍ഗോവിന്ദ് ഖൊറാനയുടെ സഹോദരനെ തപ്പിയെടുക്കാനായി-ഖൊറാന സ്‌റ്റോറി സക്‌സസ്ഫുള്‍.
അവകാശസംരക്ഷണം എന്നും അദ്ദേഹത്തിന്റെ സ്വത്വത്തിന്റെ പ്രത്യേകതയാണ്. പിരിച്ചുവിടല്‍, സമരം, തിരിച്ചെടുക്കല്‍ – സംഭവബഹുലമായ ജീവിതത്തില്‍ അങ്ങനെയും ഒരു ഏടുണ്ട്.
‘യു.എന്‍.ഐയില്‍ ജൂനിയര്‍ സ്റ്റാഫിന്റെ ശമ്പള പ്രശ്‌നവുമായി ബന്ധപ്പെട്ട് ജനറല്‍ മാനേജരായിരുന്നമിര്‍ചന്ദാനിയുമായി ഇടച്ചിലുണ്ടായതാണ് തുടക്കം. എന്നെ ബോംബെയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. ഏറെതാമസിയാതെ പിരിച്ചുവിട്ടതായി ഓര്‍ഡറും തന്നു. യു.എന്‍.ഐ യൂണിയന്‍ ശക്തമായി പ്രതികരിച്ചു. 25 മണിക്കൂര്‍സമരം പ്രഖ്യാപിച്ചു. പിന്നീടത് 48 മണിക്കൂറും 72 മണിക്കൂറുമൊക്കെയാക്കി നീട്ടി. ബോംബെയിലും ഡല്‍ഹിയിലുംശക്തമായ പ്രതിഷേധയോഗങ്ങള്‍ നടന്നു. ബോംബെ ഡി.സി.സി പ്രസിഡന്റ് രജനി പട്ടേല്‍ പ്രധാനമന്ത്രിഇന്ദിരാഗാന്ധിക്ക് കത്തയച്ചു. മിര്‍ചന്ദാനിക്ക് പരാജയം സമ്മതിക്കാതെ വയ്യെന്നായി. എന്നെ തിരിച്ചെടുത്തു. ആറു സ്ഥലങ്ങള്‍ നിര്‍ദ്ദേശിച്ച് എന്നോട് താത്പര്യമുള്ള സ്ഥലം പറയാന്‍ ആവശ്യപ്പെട്ടു. ഞാന്‍ തിരഞ്ഞെടുത്തത് ശ്രീനഗറായിരുന്നു.
1973-ലാണ് ബാബുഭാസ്‌കര്‍ ശ്രീനഗറിലെത്തുന്നത്. നീണ്ട കാലയളവിന് ശേഷം ഷേയ്ക്ക് അബ്ദുള്ള 1975-ല്‍ അധികാരത്തില്‍ തിരിച്ചെത്തി.
‘അദ്ദേഹം തിരിച്ചെത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും തീരുമാനങ്ങളുമൊക്കെ റിപ്പോര്‍ട്ട് ചെയ്യാനായി. അന്ന് കാശ്മീര്‍ ഇന്നത്തെ അത്ര പ്രശ്‌നബാധിതമായിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്ത് ഞാന്‍ ശ്രീനഗറിലായിരുന്നു. മറ്റു സ്ഥലങ്ങളിലുള്ളത്ര ബുദ്ധിമുട്ട് അവിടെയില്ലായിരുന്നു എന്നതാണ് വാസ്തവം. രാജ്യമാകെ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയപ്പോള്‍ കാശ്മീരില്‍ സെന്‍സര്‍ഷിപ്പ് ചുമതല ഷേയ്ക്ക് അബ്ദുള്ളയ്ക്ക് നല്‍കി. അദ്ദേഹം ഒരു പത്രപ്രവര്‍ത്തകനെയാണ് സെന്‍സറാക്കിയത്. വലിയ ബുദ്ധിമുട്ടില്ലാതെയാണ് ആ നാളുകള്‍ കടന്നുപോയത്.’
ശ്രീനഗറില്‍ ഏറ്റവും അവിസ്മരണീയമായ അനുഭവം ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പിന്‍വലിച്ചശേഷം ആദ്യമായി നടത്തിയ പത്രസമ്മേളനമായിരുന്നുവെന്ന് ബാബുഭാസ്‌കര്‍ പറയുന്നു.
‘Proud, defiant, unrepentant that was how Indira Gandhi appeared’ എന്നാണ് ഞാനന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഉള്‍ക്കരുത്തുള്ള ശക്തമായ സാന്നിദ്ധ്യം- അതായിരുന്നു ഇന്ദിരാഗാന്ധി.’ ഈ വ്യക്തിത്വം കൂടുതല്‍ പ്രകടമായി കാണാനായത് വടക്കുകിഴക്കന്‍ മേഖലയില്‍ അവര്‍ നടത്തിയ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാന്‍ ഒപ്പം പോയപ്പോഴായിരുന്നുവെന്ന് അദ്ദേഹം ഓര്‍ത്തു.
‘അന്നും അവിടെ പ്രശ്‌നബാധിതമായിരുന്നു. അസമിലെ തേസ്പൂരിലാണ് ഞങ്ങള്‍ ആദ്യം എത്തിയത്. കലാപത്തെത്തുടര്‍ന്ന് അവിടത്തെ പരിപാടികള്‍ റദ്ദാക്കേണ്ടിവന്നു. മണിപ്പൂരില്‍ ഇന്ദിരാഗാന്ധി പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ വേദിക്കു തൊട്ടടുത്ത് തീവ്രവാദികള്‍ ബസ് കത്തിച്ചു. പ്രസംഗം നിര്‍ത്താനും, വേദിയില്‍ നിന്ന് താഴെ വരാനും സുരക്ഷാ ഉദ്യോഗസ്ഥന്മാര്‍ പലതവണ അവരോട് അഭ്യര്‍ത്ഥിച്ചു. അവര്‍ കൂട്ടാക്കിയില്ല. പകരം ‘just now some hooligans have set fire to a bus’ (ഇതാ ഇപ്പോള്‍ ചില സാമൂഹികവിരുദ്ധര്‍ ഇവിടെ ഒരു ബസ് കത്തിച്ചു) എന്ന് പ്രസംഗിക്കുകയാണ് ചെയ്തത്. ഒരു വിധത്തിലാണ് അന്ന് അവിടെനിന്ന് രക്ഷപ്പെട്ടത്. കൊഹീമയില്‍ തീവ്രവാദി ആക്രമണത്തിന് എല്ലാ സാദ്ധ്യതകളുമുള്ള മലനിരകള്‍ക്ക് നടുവിലുള്ള മൈതാനത്തിലായിരുന്നു പ്രസംഗവേദി ഒരുക്കിയിരുന്നത്. ആ വലിയ മൈതാനത്ത് പന്ത്രണ്ടോളം ആദിവാസി നൃത്തസംഘങ്ങള്‍ അത്യാകര്‍ഷകവും വര്‍ണ്ണപ്പകിട്ടാര്‍ന്നതുമായ വേഷങ്ങള്‍ ധരിച്ച് നൃത്തം ചെയ്തുകൊണ്ടേയിരുന്നു. നിറപ്പകിട്ടാര്‍ന്ന, കണ്ണുകള്‍ക്ക് വിരുന്നായ ഒരു അനുഭവം – ‘ബെന്‍ഹര്‍’ സിനിമയിലെ പ്രശസ്തമായ തേരോട്ടത്തിന്റെ രംഗംപോലെ. അവര്‍ക്കൊപ്പം നിര്‍ഭയമായി ഇന്ദിരാഗാന്ധി നൃത്തം ചെയ്തു. മരണത്തിന്റെ, തീവ്രവാദി ആക്രമണത്തിന്റെ നിഴലിലാണ് എന്ന ചിന്തപോലും അവര്‍ക്കുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. മുന്‍കൂട്ടി നിശ്ചയിച്ചതില്‍ നിന്ന് മാറി ആ സന്ദര്‍ശനപരിപാടി അവര്‍ അവസാനിപ്പിച്ചത് ഗുജറാത്തിലാണ്. അവിടെ അന്ന് വര്‍ഗ്ഗീയകലാപം അരങ്ങേറുകയായിരുന്നു. നിര്‍ഭയമായി, ചങ്കൂറ്റത്തോടെ ഏത് അപകടമുഹൂര്‍ത്തത്തെയും നേരിടാനുള്ള ഇന്ദിരാഗാന്ധിയുടെ സ്ഥൈര്യം – അത് അപൂര്‍വ്വവും അഭിനന്ദനാര്‍ഹവുമാണ്.
രസകരമായ മറ്റു ചില സ്വഭാവങ്ങളും അവര്‍ക്കുണ്ടായിരുന്നു. കൊഹീമയ്ക്ക് പോകുംവഴി ദീമാപൂരില്‍ വിമാനത്താവളത്തില്‍ വച്ച് ഇന്ദിരാഗാന്ധിക്ക് പെട്ടെന്ന് ഒരു ഐഡിയ: സാരി മാറണം. ‘വിമാനത്തിന് താഴെയുള്ള സ്റ്റോറേജ് ഏരിയയില്‍ നിന്ന് സാരിയെടുക്കാന്‍ അവര്‍ കുനിഞ്ഞിരിക്കുന്ന ഫോട്ടോ പി.ഐ.ബി. ഫോട്ടോഗ്രാഫര്‍ അന്ന്എടുത്തിരുന്നു.’
അടിയന്തരാവസ്ഥ മാറി. മിര്‍ചന്ദാനിക്ക് ബാബുഭാസ്‌കറിനോട് സന്ധി ചെയ്യാന്‍ താല്പര്യമുണ്ടെന്ന് പലരോടും പറഞ്ഞറിയിച്ചു. മിര്‍ചന്ദാനി ശ്രീനഗറില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ നേരിട്ടുതന്നെ ചോദിച്ചു. മടങ്ങിയെത്തിയത് യു.എന്‍.ഐയുടെ മദ്രാസ് ഓഫീസിലാണ്. 1984 വരെ അവിടെ ജോലിചെയ്തു. പിന്നീട് ബാംഗ്ലൂരില്‍ ഡെക്കാണ്‍ഹെറാള്‍ഡില്‍ ചേര്‍ന്നു.
ഒരായുഷ്‌കാലം മുഴുവന്‍ അച്ചടിമാദ്ധ്യമത്തില്‍ ചെലവഴിച്ച ബി.ആര്‍.പി.ഭാസ്‌കറിന്റെ മാധ്യമജീവിതത്തിലെ രണ്ടാംജന്മം ഏഷ്യാനെറ്റില്‍ തുടങ്ങുന്നു. ടെലിവിഷന്‍വാര്‍ത്തകള്‍ക്ക് ഇന്ന് കാണുന്നതുപോലെയുള്ള രൂപഭാവങ്ങളും, സ്വന്തമായ വ്യക്തിത്വവും നേടിയെടുത്തതിന്റെ പിന്നില്‍ ബാബു ഭാസ്‌കറിന്റെ നിശ്ചയദാര്‍ഢ്യവും അക്ഷീണപരിശ്രമവുമുണ്ട്. ദൂരദര്‍ശനുവേണ്ടി വാര്‍ത്താചിത്രങ്ങള്‍ തയ്യാറാക്കുന്ന ഫോക്കസ് ഇന്ത്യ ഫീച്ചേഴ്‌സിന്റെ പ്രവര്‍ത്തനങ്ങളുമായി ബാംഗ്ലൂരില്‍ കഴിഞ്ഞിരുന്ന ബി.ആര്‍.പിയെ തികഞ്ഞ വിശ്വാസത്തോടെ ഈ നിയോഗം ഏല്‍പ്പിച്ചത് ശശികുമാറാണ്.
‘ഏഷ്യാനെറ്റ് തുടങ്ങുമ്പോള്‍ മലയാളത്തില്‍ ടെലിവിഷന്‍ അനുഭവവും പരിചയവുമുള്ളവര്‍ വളരെ കുറവായിരുന്നു- തലപ്പത്ത് പത്രപ്രവര്‍ത്തന പരിചയമുള്ളവരെയും താഴെ പുതിയ കുട്ടികളെയും നിയമിച്ച് പരിശീലിപ്പിച്ചെടുക്കുക എന്നതാണ് ഞാന്‍ സ്വീകരിച്ച രീതി.’
‘പത്രവിശേഷം’ തുടങ്ങിയ പരിപാടികളിലൂടെ നേരിട്ടും വാര്‍ത്തകളുടെ പിന്നാമ്പുറത്ത് നിന്ന് നേരിട്ടല്ലാതെയും ബാബുഭാസ്‌കര്‍ ഏഷ്യാനെറ്റ് പ്രേക്ഷകര്‍ക്ക് സുപരിചിതനായി. കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ഏഷ്യാനെറ്റ് വിട്ട അദ്ദേഹം മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മുഴുകി ജീവിക്കുകയായിരുന്നു.
‘ഹിന്ദു’വില്‍ ജോലിചെയ്യുന്ന കാലം മുതല്‍ക്കുതന്നെ ഹനിക്കപ്പെടുന്ന മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്നയിടങ്ങളിലൊക്കെ ബാബുഭാസ്‌കര്‍ മുന്നിലുണ്ടായിരുന്നു.
‘ഹിന്ദുവില്‍ ജോലിചെയ്തിരുന്ന കാലത്ത് സിംഗപ്പൂരിന് പോകാന്‍ മദ്രാസില്‍ ഇമിഗ്രേഷന്‍ക്ലിയറന്‍സിന് എത്തിയ ഒരു മലയാളി യുവാവിന്റെ മരണത്തോടെയായിരുന്നു തുടക്കം. ദിവസങ്ങളോളം കാത്തിരുന്നിട്ടും ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടാത്തതില്‍ ക്ഷുഭിതനായി ആ യുവാവ് പ്രൊട്ടക്ടര്‍ ഒഫ് ഇമിഗ്രന്റ്‌സിനെ കൈയ്യേറ്റം ചെയ്തു. അവിടെ ഉണ്ടായിരുന്നവര്‍ യുവാവിനെ വളഞ്ഞിട്ട് തല്ലി പൊലീസില്‍ ഏല്‍പ്പിച്ചു. അന്നുരാത്രി യുവാവ് മരിച്ചു. അറിഞ്ഞപ്പോള്‍ വല്ലാത്ത വിഷമം തോന്നി. പ്രശ്‌നം ഏറ്റെടുക്കാന്‍ ആരുമില്ലായിരുന്നു. എനിക്ക് ‘ഹിന്ദു’വില്‍പോലും റിപ്പോര്‍ട്ട് ചെയ്യാനാവാത്ത അവസ്ഥ. ‘ഹിന്ദു’വില്‍ അന്ന് ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ലായിരുന്നു. എന്തെങ്കിലും ചെയ്‌തേ തീരൂഎന്നുതോന്നി. നാട്ടില്‍ നിന്ന് യുവാവിന്റെ അമ്മയെയും സഹോദരിയെയും മദ്രാസില്‍ വരുത്തി പരാതി കൊടുപ്പിച്ചു. ഫലമൊന്നുമുണ്ടായില്ല. എങ്കിലും അതൊരു തുടക്കമായി.’
പത്രപ്രവര്‍ത്തനത്തിന് മനുഷ്യാവകാശസംരക്ഷണത്തില്‍ പരിമിതികള്‍ ഉണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്
പത്രപ്രവര്‍ത്തന ജീവിതത്തിലെ വിചിത്രമായ ഒരനുഭവം കൂടി അദ്ദേഹത്തിന് പറയാനുണ്ട്. അറിയുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനാവാത്ത ധര്‍മ്മസങ്കടം- അതുതന്നെ പലവട്ടം അനുഭവിക്കേണ്ടിവരിക എന്നതാണത്.
‘ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളൊക്കെ വളരെക്കാലം മുമ്പുതന്നെ ഡോ.വിക്രം സാരാഭായി എന്നോട് പറഞ്ഞിട്ടുണ്ട്. ഈയിടെ നടന്ന പോളാര്‍ സാറ്റലൈറ്റ് വിക്ഷേപണത്തെകുറിച്ചുവരെ അദ്ദേഹം പറഞ്ഞിരുന്നു. പക്ഷെ, അദ്ദേഹം എന്നോട് ഒരു വാക്ക് വാങ്ങിയിരുന്നു. ഇതൊന്നും ഒരു കാരണവശാലും മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യില്ലെന്ന്. ഞാന്‍ ആ വാക്ക് തെറ്റിച്ചിട്ടില്ല. ജനങ്ങള്‍ ഇതൊക്കെ അറിയേണ്ടതല്ലേ എന്നു ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്.
‘ഇതൊക്കെ സ്വപ്നങ്ങളാണ്, സങ്കല്പങ്ങളാണ്. എങ്ങനെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുമെന്ന് ഒരു നിശ്ചയവുമില്ല. എല്ലാം പൂര്‍ത്തിയാക്കണം എന്നുണ്ട്. എങ്ങനെ എന്നറിയില്ല. അതുകൊണ്ടുതന്നെ മുന്‍കൂര്‍ പബ്‌ളിസിറ്റി ഗുണത്തെക്കാള്‍ ദോഷമേ ചെയ്യൂ.’
അങ്ങനെ ആവശ്യപ്പെട്ടത് അസാമാന്യനായ വിക്രം സാരാഭായി ആയതിനാല്‍ ബാബു ഭാസ്‌കര്‍ പലവട്ടം സ്‌കൂപ്പുകള്‍ നഷ്ടപ്പെട്ടതിന്റെ വേദന ഉള്ളിലൊതുക്കി നിശബ്ദനാകുന്നു.
ബാബു ഭാസ്‌കര്‍
- ജനനം: 1933- ല്‍ കായിക്കരയില്‍
- പൂര്‍ണ്ണമായ പേര്: ബാബു രാജേന്ദ്രപ്രസാദ് ഭാസ്‌കര്‍
- അച്ഛന്‍: ‘നവഭാരതം’ പത്രമുടമസ്ഥനായിരുന്ന എ.കെ.ഭാസ്‌കര്‍
- അമ്മ: മീനാക്ഷി
- വിദ്യാഭ്യാസം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, കൊല്ലം എസ്.എന്‍.കോളേജ്, തിരുവനന്തപുരം എം.ജി.കോളേജ് എന്നിവിടങ്ങളില്‍.
- പത്രപ്രവര്‍ത്തനം ആരംഭിച്ചത്: മദ്രാസില്‍ ഹിന്ദു ദിനപത്രത്തില്‍ (1952-1958), സ്റ്റേറ്റ്‌സ്മാന്‍ (1959-1963),പേട്രിയറ്റ് (1963-1966), യു.എന്‍.ഐ. (1966- 1984) ഡെക്കാണ്‍ ഹെറാള്‍ഡ്, (1984-1991), ഏഷ്യാനെറ്റ് (1994-1999) എന്നിവിടങ്ങളില്‍.
രണ്ടാഴ്ച മുൻപ് ബി.ആർ.പി ഭാസ്കറുമായി കെ.എ ബീന ചെയ്ത ഇന്റർവ്യൂ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.