A Unique Multilingual Media Platform

The AIDEM

Articles Cinema

ആനന്ദത്തിന്റെ അവകാശികൾ : ബി 32 മുതൽ 44 വരെ

  • April 9, 2023
  • 1 min read
ആനന്ദത്തിന്റെ അവകാശികൾ : ബി 32 മുതൽ 44 വരെ

Men act and women appear. Men look at women. Women watch themselves being looked at. This determines not only most relations between men and women but also the relation of women to themselves. The surveyor of woman in herself is male: the surveyed is female. Thus she turns herself into an object of vision: a sight.- John Berger, Ways of Seeing

 പുരുഷൻ പ്രവർത്തിക്കുന്നു. സ്ത്രീകൾ കാണപ്പെടുന്നു. എന്ന് 1972 ൽ ആണ് പ്രശസ്ത കലാനിരൂപകൻ ജോൺ ബെർഗർ പറഞ്ഞത് .

 ഒരു കാഴ്ചവസ്തുവെന്ന നിലയിൽ സ്ത്രീയെ നിർണ്ണയിക്കുന്ന പുരുഷനോട്ടത്തെയാണ് ഏതൊരു സ്ത്രീപക്ഷ ചിന്തയ്ക്കും ആദ്യം നേരിടേണ്ടിവരിക .

ബി32 മുതൽ 44 വരെ യിലെ അവസാന ദൃശ്യത്തിൽ നിന്നുമാണ് യഥാർത്ഥത്തിൽ ആ സിനിമ തുടങ്ങുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസം എന്നാൽ മുലകൾ ഉള്ളതും മുലകൾ ഇല്ലാത്തവരും [with boobs and without boobs ] എന്ന് മനസ്സിലാക്കി വെച്ചിരിക്കുന്ന ഒരു കൗമാരക്കാരനെ നമ്മൾ എങ്ങിനെ പഠിപ്പിക്കും സ്ത്രീയെന്നാൽ ശരീരം മാത്രമല്ല എന്ന് ?!!

പുരുഷന്റെ ഈ കാഴ്ചയെ പല കാലങ്ങളിൽ പലതരത്തിൽ നേരിട്ടാണ് ലോകമെങ്ങും സ്ത്രീപക്ഷ ചിന്തകൾ വളർന്നിട്ടുള്ളത്. ഇതിൽ നിരാകരണത്തിന്റെയും തുറന്നുകാട്ടലിന്റെയും വ്യത്യസ്തമായ ധാരകൾ ഓരോ നാടിന്റെയും സാഹചര്യങ്ങൾക്കനുസരിച്ച് ഉയർന്നുവന്നിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് മാറുമറയ്ക്കൽ സമരവും പുസ്സി റയറ്റും ഒരുപോലെ സ്ത്രീവിമോചന മാർഗ്ഗങ്ങളാകുന്നത്. മലയാള പൊതുബോധത്തിന്റെ ബിംബവത്ക്കരണങ്ങളേയും വിപണിയുടെ സൗന്ദര്യവത്ക്കരണങ്ങളേയും നിരാകരിക്കാനും ഇവയുടെ പിറകിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സ്ഥാപനങ്ങളെ കണ്ടെത്താനുമാണ് ശ്രുതി ശരണ്യത്തിന്റെ സിനിമ ബി 32 മുതൽ 44 വരെ ശ്രമിക്കുന്നത്. ആരാണ് സ്ത്രീയുടെ അളവുകൾ തീരുമാനിക്കുന്നത് ? ആരൊക്കെയാണ് സ്ത്രീയുടെ അതിർവരമ്പുകൾ നിർണ്ണയിക്കുന്ന ഏജൻസികൾ ?

 സ്വന്തം ഭാര്യയുടെ മാറിടത്തിൽ ക്യാൻസർ ആണെന്ന വ്യക്തിപരമായ സങ്കടം മാത്രമാണോ വിവേകിനെ മാലിനിയിൽ നിന്നും അകറ്റുന്നത്? ( രോഗാവസ്ഥയിൽ ഭാര്യയോട് കൂടുതൽ അടുപ്പം കാണിക്കുകയല്ലേ വേണ്ടത് എന്ന ചോദ്യം ഉദിക്കുന്നതേയില്ല). സ്ത്രീയെ ശരീരമായി മാത്രം കണ്ടു ശീലിച്ച പരസ്യ കമ്പനിയിൽ ആണ് അയാൾ തൊഴിൽ ചെയ്യുന്നത് എന്നതും അയാളുടെ മാനസികനിലയെ സ്വാധീനിക്കുന്നുണ്ട്.

 വിപണിയുടെ താത്പര്യങ്ങൾക്കനുസരിച്ചുള്ള മുലകൾ അഥവാ സ്ത്രീയുടലുകൾ തിരയാൻ മാത്രം ശീലിച്ച അയാൾ പിന്നീടെപ്പോഴോ തന്റെ തെറ്റ് തിരുത്താൻ സന്നദ്ധത അറിയിക്കുന്നുണ്ട്. സ്വന്തം മകളുടെ സ്ത്രീയെന്ന നിലയിലെ അസ്തിത്വം തിരിച്ചറിയാത്ത സുരേഷ് എന്ന അച്ഛനും ഇതേ പരസ്യവിപണിയുടെ ഭാഗമാണെന്നത് യാദൃശ്ചികമാവാൻ വഴിയില്ല. എന്നാൽ തനിക്കുചുറ്റുമുള്ള സമൂഹത്തിന്റെ തടവറയിലാണയാൾ . സമൂഹം നിരാകരിച്ച ഒരു കുഞ്ഞിനോട് തന്റെ മകൾക്ക് മുലയൂട്ടലിലൂടെ ജനിക്കാവുന്ന ജൈവ ബന്ധത്തെ അയാൾ ഭയപ്പെടുന്നു.

സ്വത്വബോധത്തിന്റെ വളർച്ചയുടെ വർത്തമാനകാലത്ത് കറുത്ത ഉടലുകളേ കൂടി ഉൾകൊള്ളാനും വിപണിയെ വിപുലമാക്കാനുമുള്ള മുതലാളിത്ത പരിസരം രൂപപ്പെട്ടിട്ടുണ്ട്. അതിന്റെ ഭാഗമായാണ് സുരേഷ് എന്ന വ്യവസായിയുടെ കണ്ണുകൾക്ക് കറുത്ത തൊഴിലാളി സ്ത്രീയുടെ ഉടൽ സ്വീകാര്യമാവുന്നത്. കുറഞ്ഞ ചിലവിൽ ഒരു മോഡൽ ലഭിക്കുമെന്നത് ഒരു അധിക ബോണസ്സും.

 സാമ്പത്തികമായി താനകപ്പെട്ട വിഷമവൃത്തത്തിൽ നിന്നും രക്ഷപ്പെടാനായി സ്വന്തം ശരീരത്തെ ഉപയോഗിക്കാൻ തീരുമാനിക്കുന്ന ജയയ്ക്കു മുന്നിൽ അവളെ ആ കെണിയിൽ പെടുത്തിയ ആൾ തന്നെ ശത്രുവായി അവതരിക്കുന്നതു കാണുന്നു.

പലിശക്കാരനായ അയാളെ നിയോഗിക്കുന്നതാകട്ടെ പള്ളി എന്ന മതസ്ഥാപനവും.

 സ്ത്രീകൾ എന്നാൽ അവരുടെ പ്രതിഭയോ അധ്വാനമോ അല്ലെന്നും പുരുഷന്റെ കണ്ണുകളെയും കാമനകളേയും തൃപ്തിപ്പെടുത്താനുള്ള ശരീരങ്ങൾ മാത്രമാണെന്ന് സിയയും റേച്ചലും തിരിച്ചറിയുന്നത് അവരുടെ തൊഴിലിടങ്ങളിൽ നിന്നാണ്. ഇത്തരം ചൂഷണങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന, പരോക്ഷമായി സൗകര്യം ഒരുക്കുന്ന ഒരു വ്യവസ്ഥയാണ് ഇവിടെ നിലനിൽക്കുന്നത്. കുടുംബം, ദൃശ്യവ്യവസായം, വിപണി, മതം എന്നിവയുടെ സ്ത്രീ വിരുദ്ധമായ, മനുഷ്യത്വ വിരുദ്ധമായ ചട്ടക്കൂടുകൾക്കു മുന്നിൽ പകച്ചു നിൽക്കുന്നതോ പരാജയപ്പെടുന്നവരോ അല്ല ശ്രുതിയുടെ കഥാപാത്രങ്ങൾ.

സംവിധായിക ശ്രുതി ശരണ്യം

അവർ വ്യവസ്ഥയുടെ അതിരുകൾ ഭേദിച്ചു പുറത്തു വരാൻ ധൈര്യം കാണിക്കുന്നു. യഥാർത്ഥ ജീവിതത്തിൽ സ്ത്രീകൾക്ക് അതു കഴിയുന്നുണ്ടോ എന്ന് വേണമെങ്കിൽ നമുക്ക് സംശയിക്കാം. എന്നാൽ വേദനകളേയും അപമാനത്തേയും ഭയന്ന് സഹതാപാർഹരായി ചെറുതായി പോകുന്നവർക്കു മുന്നിൽ പുതിയ ലോകത്തിന്റെ സാധ്യത സധൈര്യം തുറന്നിടുന്നു ശ്രുതി ശരണ്യം എന്ന സ്ത്രീ സംവിധായിക.

 ബഷീർ സാഹിത്യത്തിലെ ആത്മീയ ആനന്ദമോ, ഒ.എൻ.വി കവിതയിലെ ഛേദിക്കപ്പെട്ട വാത്സല്യ കുംഭമോ അല്ല ബി.യിലെ മുലകൾ. കാല്പനികതയുടെ പരിവേഷങ്ങൾ എല്ലാം വെടിഞ്ഞ് അമർത്തിവെക്കപ്പെട്ട , അറുത്തു മാറ്റപ്പെട്ട , അനാവൃതമാക്കപ്പെട്ട , അഭാവത്താൽ അപമാനിക്കപ്പെട്ട, പാൽ ചുരത്തൽ വിലക്കപ്പെട്ട ഒരു ശരീര അവയവമാണ്.

 പൊതു സമൂഹത്തിന്റെ അളവുതൂക്ക വ്യവസ്ഥയ്ക്ക് പുറത്തായതു കൊണ്ടാവാം സിനിമയിലെ പ്രധാന കഥാപാത്രങ്ങളിൽ അഞ്ചു പേരെയും അവരുടെ ബ്രാ സൈസു കൊണ്ട് അടയാളപ്പെടുത്തുമ്പോൾ സിയാ പുത്തൻപുരയിൽ എന്ന ട്രാൻസ്ജെന്റർ കഥാപാത്രത്തെ സിനിമ ബ്രാ സൈസ് കൊണ്ട് അടയാളപെടുത്താൻ തുനിയാത്തത്.

 സ്ത്രീ ശരീരത്തെ കാണുന്ന പരമ്പരാഗത ശീലങ്ങളെ മെരുക്കുവാനും ശരീരത്തിലേക്കുള്ള തുറിച്ചു നോട്ടമായി മാറാനുള്ള വ്യഗ്രതയെ മറികടക്കാനും ശ്രുതിയുടെ ക്യാമറയ്ക്കു കഴിയുന്നുണ്ട്. അർധനഗ്നയായി ക്യാമറയ്ക്കു മുന്നിലിരിക്കുന്ന ജയയുടെ ശരീരമല്ല, മാനസിക സംഘർഷങ്ങളാവും കാണിയുടെ കണ്ണുകളിൽ കൊത്തിവലിക്കുക.

ചിത്രത്തിൽ നിന്നുള്ള ഒരു രംഗം

കഥകളിൽ ആകൃഷ്ടരാവുകയും അഭിരമിക്കുകയും ചെയ്യുന്ന മുഖ്യധാരാ സിനിമാ പ്രേക്ഷകർ കേൾക്കാനിഷ്ടപ്പെടുന്ന കദനകഥയുടെ വിശദാംശങ്ങളോ കഥ പറച്ചിലിന്റെ ഏറ്റിറക്കങ്ങളോ ബി.യിൽ കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. സിനിമയിലൊരിടത്ത് വിവേക് മാലിനിയോട് ചോദിക്കുന്നുണ്ട് ‘What’s her story ….?’ അതിന് മാലിനി പറയുന്ന മറുപടി I’m their foster parent. അതിലധികം എനിക്കൊന്നുമറിയില്ല എന്നാണ്.

 പ്രശ്നങ്ങളുടെ ചുഴിയിൽ പെട്ട് ഓളപ്പരപ്പിൽ വട്ടംചുറ്റുന്ന ജീവിതങ്ങളെ , ബന്ധങ്ങളെക്കുറിച്ചോ അതിന്റെ ആഴങ്ങളെക്കുറിച്ചോ ചിന്തിക്കാതെ, ഉപാധികളൊന്നുമില്ലാതെ ചേർത്തുപിടിക്കാൻ പ്രേരിപ്പിക്കുന്നു ശ്രുതിയുടെ ബി32 മുതൽ 44 വരെ എന്ന സിനിമ .

ജോസഫിനെ ഉപേക്ഷിച്ച ജയ, ശരണിനെ വലിച്ചെറിഞ്ഞ റേച്ചൽ, ജോലി ഉപേക്ഷിച്ച ഇമാൻ, നിധിയേയും കുഞ്ഞിനേയും തന്നോടു ചേർത്തുപിടിച്ച മാലിനി, ഇമാനെ പുണരുന്ന സിയാ. ആനന്ദം അവർക്കും അവകാശപ്പെട്ടതാണ്.

 വിലക്കപ്പെട്ട ആനന്ദങ്ങളിൽ വിമോചനവും ഉൾചേർന്നിട്ടുണ്ടെന്ന് ഊട്ടിയുറപ്പിക്കുന്നു

ബി 32 മുതൽ 44 വരെ.


സംവിധായിക ശ്രുതി ശരണ്യവുമായുള്ള അഭിമുഖം കാണാം


Subscribe to our channels on YouTube & WhatsApp

About Author

രൂപേഷ് ചന്ദ്രൻ

പാലക്കാട് ചിറ്റൂരിലെ പാഞ്ചജന്യം ഫിലിം സൊസൈറ്റിയുടെ ഭാരവാഹിയും 14 വർഷങ്ങളായി വിജയകരമായി നടന്നു പോരുന്ന പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൺവീനറുമായ രൂപേഷ് ചന്ദൻ കേരളത്തിലെ സിനിമാ ആസ്വാദകവൃന്ദത്തിലെ സജീവസാന്നിദ്ധ്യമാണ്.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
ജി പി രാമചന്ദ്രൻ
ജി പി രാമചന്ദ്രൻ
1 year ago

ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32 മുതൽ 44 വരെ എന്ന സിനിമയെ കൃത്യമായി വിശകലനം ചെയ്ത രൂപേഷ് ചന്ദ്രനും ഐഡത്തിനും അഭിവാദ്യങ്ങൾ