A Unique Multilingual Media Platform

The AIDEM

Art & Music Articles Memoir

വിവാൻ സുന്ദരവും ആധുനികാനന്തര കലയും

  • March 29, 2023
  • 1 min read
വിവാൻ സുന്ദരവും ആധുനികാനന്തര കലയും

ആധുനിക ഇന്ത്യൻ ചിത്രകല വളരെ സുപ്രധാനമായ ഒരു ഘട്ടം പിന്നിടുമ്പോൾ ശ്രദ്ധേയമായ സാന്നിദ്ധ്യമായി കടന്നു വന്ന കലാകാരന്മാരെ  സമാനമായ കാഴ്ചപ്പാടുള്ള ഒരു വേദിയിലേക്ക് ആനയിക്കുകയും അതുവഴി പുതിയ ഉണർവുകൾ സൃഷ്ടിക്കുകയും ചെയ്ത കലാകാരനാണ് വിവാൻ സുന്ദരം. എഴുപതുകളുടെ മധ്യത്തോടെ ബറോഡ, മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലെ ചിത്രശില്പ കലാരംഗത്ത് സജീവ സാന്നിദ്ധ്യമായി മാറിയ വിവാൻ ജനിച്ചതും പിന്നീട് വളർന്നതും ഹിമാചൽപ്രദേശിലെ ഷിംലയിലും ഡൽഹിയിലുമായിരുന്നു. ബറോഡയിലെ ഫാക്കൽറ്റി ഒഫ് ഫൈൻ ആർട്സിൽ നിന്ന് ചിത്രകലാബിരുദം നേടിയ ശേഷം ഇംഗ്ലണ്ടിലെ സ്ലേഡ് സ്കൂള് ഒഫ് ആർട്ടിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി, ഇന്ത്യയിലെത്തി ചേർന്ന വിവാൻ കലാസ്ഥാപനങ്ങളുമായി പ്രത്യേകിച്ച് കലാവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനാഗ്രഹിച്ചു. കുറേ കാലം ബറോഡയിലെ ഫാക്കൽറ്റി ഒഫ് ഫൈനാർട്സിലും ഡൽഹി കോളേജ് ഒഫ് ആർട്ടിലും അതിഥി-സന്ദർശന അദ്ധ്യാപകനായി പ്രവർത്തിച്ചു. യുവാക്കളുമായുള്ള സംവേദനത്തിനു വേണ്ടിയായിരുന്നു അതെന്ന് വിവാൻ പറയുമായിരുന്നു.

 മുസോളിയം (“മെമ്മോറിയൽ” ഇൻസ്റ്റലേഷനിൽ നിന്ന്)

1990കളുടെ മദ്ധ്യത്തോടെ ചിത്രരചനയ്ക്കു സമാന്തരമായി ബഹുമുഖ മാദ്ധ്യമങ്ങൾ ഉപയോഗിച്ചു തുടങ്ങിയ വിവാൻ സുന്ദരം പിന്നീട് ചിത്രകലയിലേക്കു മടങ്ങിവന്നില്ല. ഒരു ചിത്രകാരനെന്ന അദ്ദേഹത്തിന്റെ ആദ്യഘട്ടം ആധുനികാനന്തര ഇന്ത്യൻ ചിത്രകലയിലെ ശ്രദ്ധേയമായ പരിണാമങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കടന്നു പോയി എന്നു പറയാം. പാബ്ലോ നെരൂദയുടെ കവിതകളെ ആസ്പദമാക്കി രചിച്ച ‘മാച്ചു പിച്ച്ചുവിന്റെ ഉയരങ്ങളിൽ’ എന്ന ഡ്രോയിംഗ് പരമ്പര എഴുപതുകളുടെ മധ്യത്തോടെ ശ്രദ്ധിക്കപ്പെടുകയും സ്വന്തം രാഷ്ട്രീയനിലപാടുകളെ വിശദമാക്കുകയും ചെയ്തു. പിന്നീട് രചിച്ച മൂന്നു എണ്ണഛായാ ചിത്രങ്ങൾ പ്രമേയാഖ്യാന സ്വഭാവമുള്ളതായിരുന്നു. മനുഷ്യ രൂപങ്ങളും പ്രകൃതിയും സാഹചര്യങ്ങളും സംയോജിപ്പിച്ച് രചിച്ച ഈ ചിത്രങ്ങൾ നറേറ്റീവ് പെയിന്റിംഗ് എന്ന നാമകരണത്തോടെ ഗുലാം ഷേയ്ക്ക്, നളിനി മലാനി, ബുബേൻ ബക്കർ, സുധീർ പട് വർദ്ധൻ, ഗീവ്പട്ടേൽ എന്നിവരോടൊപ്പം വിപുലമായി പ്രദർശിക്കപ്പെടുകയുണ്ടായി. യൂറോപ്പിൽ- പ്രത്യേകിച്ച് ലണ്ടനിൽ-  അക്കാലത്ത് പ്രബലരായി നിന്ന ഡേവിഡ് ഹോക്ക്നി, ആർ.ബി. കിതായ് തുടങ്ങിയ സമകാലീനർക്ക് സമാനമായ ഒരു ഇടം ഈ പ്രദർശനങ്ങൾ നേടുകയുണ്ടായി.

“ഡിസ്‍ജംക്ചേഴ്‌സ്” ഇൻസ്റ്റലേഷൻ, ഹോസ് ഡെർ കൺസ്റ്റ് 2018 ഫോട്ടോ: മാക്സ്മിലിയൻ ഗതർ

ആഖ്യാന ചിത്രങ്ങളിൽ നിന്ന് കൂടുതൽ പദാർത്ഥങ്ങൾക്കു പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ചിത്രങ്ങളിലേക്ക് മാറിയ വിവാന്റെ അടുത്ത ഘട്ടം ശ്രദ്ധേയമാകുന്നത് കരി ഓയിൽ കൊണ്ട് രചിച്ച ഗൾഫ് യുദ്ധത്തെ ആസ്പദമാക്കിയ രചനകളോടെയായിരുന്നു. ചെറുതും വലുതുമായ നിരവധി വസ്തുക്കളും ഫോട്ടോഗ്രാഫിയും ഇലക്ട്രോണിക്സുമൊക്കെ ഉപയോഗിച്ചു പൂർത്തിയാക്കിക്കൊണ്ടിരുന്ന ഇൻസ്റ്റാലേഷൻ പദ്ധതികളായിരുന്നു വിവാൻ സുന്ദരത്തിന്റെ പിൽക്കാല രചനകൾ. ബൃഹത്തായ പ്രതിഷ്ഠാപന പദ്ധതികളായ ഈ രചനകളിൽ ചരിത്രം, പുരാരേഖാശാസ്ത്രം, നരവംശ ശാസ്ത്രം എന്നിവയുടെ വീക്ഷണ കോണുകൾ ഫല പ്രദമായി ഉപയോഗിച്ചിട്ടുണ്ട്. ന്യൂഡൽഹിയിലും കസോളിയിലും ബറോഡയിലും സ്വന്തം പ്രവർത്തനഹർമ്യങ്ങളുള്ള വിവാൻ സുന്ദരം, ‘അമൃത ഷെർഗിൾ – കത്തുകളിലും കുറിപ്പുകളിലും’ എന്ന ഗ്രന്ഥത്തിന്റെ എഡിറ്ററും നിരവധി ഡോക്യുമെന്ററികളുടെ കർത്താവുമാണ്.

“ബാരിക്കേഡ് വിത്ത് പ്രോപ്സ്” 2008

വിഖ്യാത ചിത്രകാരി അമ്യത ഷെർഗിളിന്റെ സഹോദരി ഇന്ദിരാ ഷെർഗിളിന്റെയും മുൻ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷണർ കല്യാൺ സുന്ദരത്തിന്റെയും മകനായ വിവാന്റെ പത്നി പ്രശസ്ത കലാനിരൂപകയായ ഗീതാ കപൂറാണ്.


Subscribe to our channels on YouTube & WhatsApp

About Author

അജയകുമാർ

പ്രശസ്ത ചിത്രകാരനും എഴുത്തുകാരനും കലാ നിരൂപകനുമാണ് അജയകുമാർ. കേരള ലളിതകലാ അക്കാദമിയുടെ മുൻ സെക്രട്ടറിയാണ്.