A Unique Multilingual Media Platform

The AIDEM

Articles Literature

ഓന്ത്

  • April 14, 2023
  • 1 min read
ഓന്ത്

എഴുത്തുകാരനായ മാങ്ങാട് രത്നാകരൻ നിത്യജീവിതസന്ദർഭങ്ങളിൽ നിന്ന് സുഭാഷിതങ്ങൾ കണ്ടെത്തുന്നു. സ്വാനുഭവങ്ങളിൽ നിന്നു വിരിഞ്ഞ, കണ്ടെത്തിയ കൌതുകകരമായ നിരീക്ഷണങ്ങൾ.


കണ്ണൂരിൽ ഒരു ടെലിവിഷൻ റിപ്പോർട്ടറായി ജോലിചെയ്യുന്ന കാലത്താണ് (2006-2008). ദൈവം സഹായിച്ച്, വാർത്തയ്ക്കു പഞ്ഞമൊന്നുമില്ല. രാഷ്ട്രീയ പാർട്ടികൾ സഹായിച്ച്, എന്നാണു ശരിക്കും പറയേണ്ടത്. കണ്ണൂരിലെ കൊലപാതകരാഷ്ട്രീയം ഇടയ്ക്കിടെ തലപൊക്കും. വിശ്വാസിയല്ലെങ്കിലും ഈശ്വരനെ വിളിക്കും. ഈശ്വരാ, ഇതിനൊരറുതിയില്ലേ?

മറ്റൊരു കഥ പറയാനാണ്, ഇങ്ങനെയൊരു മുഖവുരയോടെ തുടങ്ങിയത്. ഗൗരവമുള്ള വാർത്തകളല്ലാതെ, വിനോദവാർത്തകൾക്കു ഞാൻ തീരെ പ്രാധാന്യം നൽകുന്നില്ലെന്നു മുകൾത്തട്ടിൽ നിന്ന് അഭിപ്രായം വന്നു. ബുദ്ധിജീവിയാണത്രെ! ജനസാമാന്യത്തെ ആകർഷിക്കുന്ന, അവർക്ക് അറിയാൻ താല്പര്യമുള്ള, സിനിമാഷൂട്ടിംഗ് തുടങ്ങിയ കാര്യങ്ങൾ കവർചെയ്യുന്നതിൽ അലംഭാവമല്ല, ജാഗ്രതക്കുറവു കാട്ടുന്നു! ശരിയാണല്ലോ. അങ്ങനെ വിട്ടുകൂടല്ലോ. ഒരു റിപ്പോർട്ടർ എന്നു പറഞ്ഞാൽ ടോട്ടൽ റിപ്പോർട്ടറായിരിക്കണം. ഞാൻ കോഴിയെ മോഷ്ടിക്കില്ല, ആടിനെ മാത്രമേ മോഷ്ടിക്കൂ എന്നു പറയുന്നതിൽ ശരികേടില്ലേ?

ഒട്ടും അമാന്തിച്ചില്ല, സിനിമാരംഗത്തുള്ള ഒരു ചങ്ങാതിയെ വിളിച്ചു. സഖാവേ, ഇവിടെ, അഞ്ചെട്ടു കിലോമീറ്റർ ചുറ്റളവിൽ എവിടെയെങ്കിലും ഏതെങ്കിലും സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ടോ?

എന്തുപറ്റി, അവൻ ചോദിച്ചു. 

ഒന്നും പറ്റാതിരിക്കാനാണ്, ഞാൻ പറഞ്ഞു. 

അറക്കൽ കൊട്ടാരത്തിനടുത്ത് ഒരു ബംഗ്ലാവിൽ ഒരു ഷൂട്ടിംഗ് നടക്കുന്നുണ്ട്. സിനിമയേതാണെന്ന് അറിയില്ല,” ചങ്ങാതി പറഞ്ഞു.

അതു സാരമില്ല,അവിടെച്ചെന്നാൽ അറിയാമല്ലോ. 

വിട് വണ്ടി! 

അങ്ങോട്ടു പോയി.

ലൊക്കേഷനിൽ എത്തിയപ്പോൾ, അതിന്റെ സംവിധായകൻ അപരിചിതനല്ല. അയാൾക്കു സന്തോഷം. ഇങ്ങോട്ടൊക്കെ വരാൻ തോന്നിയല്ലോ! സിനിമയെക്കുറിച്ച് ചെറിയൊരു അഭിമുഖം തന്നു. പിരീഡ് സിനിമയാണ്. അതത്രെ ഇപ്പോഴത്തെ ട്രെൻഡ്. എന്നുവെച്ച് അത്ര പഴയ പിരീഡല്ല. ആയിരത്തിത്തൊള്ളായിരത്തി നാല്പത്-അമ്പതുകൾ. നല്ലകാര്യം. ഒരു പഴയ തമാശ ഓർമ്മവന്നു. തച്ചോളി ഒതേനനായി സത്യൻ കുതിരപ്പുറത്തു കുതിക്കുമ്പോൾ മലഞ്ചെരിവിലെ ഒരു പാറയിൽ എം.എ.ജോൺ നമ്മെ നയിക്കുംഎന്ന ചുവരെഴുത്തുണ്ടായിരുന്നുവത്രെ.

ജഗതി ശ്രീകുമാർ, കലാഭവൻ മണി തുടങ്ങിയവർ ചിത്രീകരണസ്ഥലത്തുണ്ട്. ജഗതി പോലീസ് വേഷത്തിൽ, പഴയ എം.എസ്.പി.കോസ്റ്റ്യൂമിൽ. ഞാൻ ഒരു സിഗരററു കൊളുത്തി ജഗതിയെ ശ്രദ്ധിച്ചുകൊണ്ടു നിന്നു. ഇന്ത്യൻ സിനിമയിൽ നസീറുദ്ദീൻ ഷാ കഴിഞ്ഞാൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട നടനാണ്. വളരെ അഭിനന്ദിച്ചു പറഞ്ഞാൽ ശരിക്കും ഒരു ഓന്ത്. (നമ്മളെപ്പോലുള്ള സാധാരണമനുഷ്യരെ സംബന്ധിച്ച് ഓന്ത് മോശപ്പെട്ട ഒരു വിശേഷണമാണെങ്കിലും നടന്മാരെ സംബന്ധിച്ച് അതൊരു വിശേഷാൽ പ്രശംസാപദമാണ്.) ഇംഗ്ലീഷിൽ പറഞ്ഞാൽ കുറെക്കൂടി ഗമ കിട്ടും: ഹി ഈസ് എ കമീലിയൻ. അതിശയകരമാണ് ജഗതിയുടെ നിറം മാറ്റം. ജഗതിയെ നേരിൽ കാണാനും കഴിഞ്ഞുവല്ലോ, സന്തോഷമായി.

ജഗതി മരച്ചുവട്ടിൽ സിഗരറ്റുവലിച്ചു നിൽക്കുമ്പോൾ അടുത്തുചെന്ന്, പേരും സ്ഥാപനവും പറഞ്ഞു പരിചയപ്പെടുത്തി. 

പേര് എവിടെയോ കേട്ടതുപോലെ, ടെലിവിഷൻ അങ്ങനെ കാണാറില്ല സമയം കിട്ടാത്തതുകൊണ്ടാണ്, കേട്ടോ,” ആ വലിയ നടൻ പറഞ്ഞു 

എനിക്കൊരു അഭിമുഖം വേണം,” ഞാൻ പറഞ്ഞു. 

എന്തിനെക്കുറിച്ച്?” ജഗതി ചോദിച്ചു.

ഈ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് വിശേഷിച്ചും,” ഞാൻ പറഞ്ഞു, ”ഒരു ഷൂട്ടിംഗ് റിപ്പോർട്ട് ചെയ്യാമെന്നു വിചാരിക്കുന്നു.

ജഗതി പൊട്ടിച്ചിരിച്ചു. എന്റെ തോളിൽ കൈവച്ചു. കുനിഞ്ഞ്, ശബ്ദം താഴ്ത്തി ചെവിയിൽ പറഞ്ഞു ഞാൻ അഭിനയിക്കുന്ന രംഗങ്ങൾ എടുത്തോളൂ. ഈ റോളിനെക്കുറിച്ച് അഭിമുഖം വേണ്ട. വളരെ വ്യത്യസ്തമായ വേഷമാണ് എന്നെല്ലാം പച്ചനുണപറയേണ്ടിവരും, ഇതെന്റെ ആയിരത്തി ഇരുന്നൂറ്റി പതിനേഴാമത്തെ പോലീസ്‌വേഷമാണ്.

പിന്നീട് ജഗതി, നിവർന്നുനിന്ന്, ആദ്യം ചിരിച്ചതിനെക്കാൾ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു.


സുഭാഷിതങ്ങൾ മുൻ ലക്കങ്ങൾ വായിക്കാം, ഇവിടെ.


Subscribe to our channels on YouTube & WhatsApp

About Author

മാങ്ങാട് രത്നാകരൻ

മാധ്യമ പ്രവർത്തകനും എഴുത്തുകാരനും.