A Unique Multilingual Media Platform

The AIDEM

Articles Cinema Memoir

ഗൊദാർദിലേക്കുള്ള ഞങ്ങളുടെ വഴികള്‍

  • September 14, 2022
  • 1 min read
ഗൊദാർദിലേക്കുള്ള ഞങ്ങളുടെ വഴികള്‍

“ സത്യനന്തരിച്ചുപോയ്,

പത്രജല്പനമിത് സത്യമെന്നോതാനെന്തോ

എൻ മനം മടിക്കുന്നു ;

ഇന്ദ്രനു കാള്‍ ഷീറ്റെങ്ങാം നൽകിയിട്ടുണ്ടാം,

അങ്ങൊരു ഇന്ദ്രാണി മേക്കപ്പിട്ടു കാത്തുകാത്തിരിപ്പുണ്ടാം”!

    ( പ്രശസ്ത നടനായിരുന്ന സത്യൻ അന്തരിച്ചപ്പോള്‍ പ്രേംജി എഴുതിയ കവിതയിൽ നിന്ന് )

1977 ലാണ് തൃശ്ശൂരിൽ നിന്ന് ദൃശ്യകലകള്‍ക്കായി ഒരു ചെറു മാസിക ഇറങ്ങുന്നത്. പേര് യാതൊരു വളച്ചു കെട്ടും ഇല്ലാതെ “ ദൃശ്യകല “ എന്നു തന്നെ. കവർ വരച്ചത് ആർട്ടിസ്റ്റ് നമ്പൂതരി. അദ്ദേഹം ദൃശ്യകല എന്നു വലുതായി എഴുതി തന്നു . കവറിലും ഇല്ല വളച്ചുകെട്ടൊന്നും. തൃശ്ശൂർ കേരളവർമ്മ കോളേജിൽ പ്രൊഫസറായിരുന്ന വി. അരവിന്ദാക്ഷൻ, സെന്തോമസ്സ് കോളേജിൽ എം എക്കു പഠിച്ചിരുന്ന ഐ. ഷൺമുഖദാസ്, തൃശ്ശൂർ ജനറൽ ആശുപത്രിയിൽ ലബോറട്ടറിയിലെ ജൂനിയർ സൈന്‍റിഫിക് ഓഫീസറായിരുന്ന എം.കേശവൻ, തൃശ്ശൂർ “  എക്സ്പ്രസ്സ് “ പത്രത്തിൽ സബ് എഡിറ്ററായിരുന്ന ഈ യുള്ളവനും . അരവിന്ദാക്ഷൻ മാഷ് ഒഴിച്ചാൽ മറ്റെല്ലാവരും ചെറുപ്പം. എനിക്കന്ന് വയസ്സ് 27. മലയാളത്തിൽ അന്നും നിരവധി സിനിമാ മാസികകളും വാരികളും ഉണ്ടായിരുന്നുവെങ്കിലും , നാടകവും സിനിമയും ചിത്രകലകളും അടക്കമുള്ള ദൃശ്യകലകളെ സവിശേഷമായി സമീപിക്കുന്ന ഒരു മാസിക അന്നാദ്യമാണ്. ഒരു പക്ഷേ ഇന്നു പോലും.

പ്രേംജി

ഒന്നാം ക്ലാസിൽ ഒന്നാം ബെഞ്ചിൽ ഇരുന്നു പഠിക്കും പോലെയാണ് ഞങ്ങള്‍ സിനിമ പഠിച്ചു തുടങ്ങിയത്. സെർഗി മിഖലോവിച്ച് ഐസന്‍സ്റ്റീനിൽ നിന്നും “ബാറ്റിൽ ഷിപ്പ് പോട്ടെംകിൻ” എന്ന ഐതിഹാസിക ചിത്രത്തിൽ നിന്നും . അമേരിക്കക്കാരനായ ഡി.ഡബ്ലീയു ഗ്രിഫിത്തിന്‍റെ ദുർബ്ബല ശ്രമങ്ങള്‍ക്കു ശേഷം ഐസൻസ്റ്റീനാണ് സിനിമയുടെ ഭാഷക്കൊരു വ്യാകരണം രചിച്ചത്. ഐസൻസ്റ്റീന്‍റെ  “ ബാറ്റിൽഷിപ് പോട്ടംകിൻ “ ( 1925 ) എന്ന ചിത്രത്തിന്‍റെ തിരകഥ സീരിയലൈസ് ചെയ്യുന്നതോടൊപ്പം അദ്ദേഹത്തിന്‍റെ മൊണ്ടാഷ് സിദ്ധാന്തവും ദൃശ്യകല ലക്കത്തിന്നു പിന്നാലെ ലക്കങ്ങളായ് അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു പോന്നു, സിനിമയുടെ വ്യാകരണം എന്നു വെച്ചാൽ ഞങ്ങള്‍ക്കന്ന് മൊണ്ടാഷ് മാത്രമായിരുന്നു.

റഷ്യൻ നിശ്ശബ്ദ സിനിമ കഴിഞ്ഞപ്പോള്‍ “ ദൃശ്യകല “ ഇറ്റാലിയൻ നിയോറിയലിസത്തിലെത്തി. റോബർട്ടോ റോസ്സല്ലെനിയുടെ “ റോം ഓപ്പൺ സിറ്റി  ‘ ( 1945) യുടെ തിരക്കഥ ദൃശ്യകലയിൽ സീരിയലൈസ് ചെയ്യാൻ തുടങ്ങി . ഈ ഘട്ടം കഴിഞ്ഞപ്പോഴാണ് ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് ഒരു വിദ്വാൻ കടന്നു വന്നത് —– ആന്ദ്രേ ബസാൻ. 1951ൽ “ കയേദു സിനിമ “   ( സിനിമയെക്കുറിച്ചുള്ള നോട്ടു പുസ്തകം ) എന്ന മാഗസീൻ പുറത്തു കൊണ്ടുവന്ന ബസാൻ തന്‍റെ  മാസികയിലൂടെ ഐസൻസ്റ്റീൻ സിദ്ധാന്തങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞ് “ മിസ്സേ എൻ സീൻ “ എന്ന പുതിയ സിദ്ധാന്തം അവതരിപ്പിച്ചു. അതു വേറെകഥ. ബസാന്‍റെ ശിഷ്യന്മാരായി  “ കയേദു സിനിമ” യിൽ ചലച്ചിത്ര നിരൂപണം  നടത്തിയിരുന്ന അഞ്ചു പേർ – ത്രൂഫോ, ഗൊദാർദ്, റോമർ, റിവറ്റ് , ഷബ്രോള്‍ – പിന്നീട് ചലച്ചിത്രകാരന്മാരായി. അങ്ങനെയാണ്  ഫ്രഞ്ച് ന്യൂ വേവ് അല്ലെങ്കിൽ ഫ്രഞ്ചു നവതരംഗം രൂപം കൊള്ളുന്നത്. ഒരു പ്രസ്ഥാനമായിരിക്കുമ്പോളും ഇവരുടെ ചലച്ചിത്ര ശൈലി വ്യത്യസ്തമായിരുന്നു. ലോലമായ റൊമാന്‍റിസിസത്തിൽ റോമർ മുഴുകിയപ്പോള്‍ ഹിച്ച്കോക്കിന്‍റെ ആരാധകനായി ഹൊറർ സിനിമകളിൽ അഭിരമിച്ചു ഷബ്രോള്‍ . അന്നു നിലനിന്നിരുന്ന, ഫ്രഞ്ച് സിനിമയിൽ പോലും ആധിപത്യം ചെലുത്തിയിരുന്ന  ഹോളിവുഡ്ഡ് ചലച്ചിത്ര സംസ്ക്കാരത്തെ നേരിടുക എന്ന വലിയ ലക്ഷ്യത്തിൽ മാത്രമേ അവർ യോജിച്ചിരുന്നുള്ളൂ.

ഇവരിൽ വ്യക്തിപരമായി ഇവനെ ആകർഷിച്ചത് രണ്ടു പേരാണ് , എറിക് റോമറും ഴാങ്ങ് ലൂക്ക് ഗൊദാർദും. സ്ത്രീ പുരുഷ ബന്ധങ്ങളെ സൂക്ഷ്മമായി അവലോകനം ചെയ്ത റോമർ ഇന്നും നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളിലേക്ക് അന്നേ എത്തിയിരുന്നു, സൌഹൃദങ്ങളായി തുടങ്ങി പ്രണയമായി വളർന്ന് ലൈംഗികതയിലെത്തുന്ന ബന്ധങ്ങള്‍ . ലൈഗികതിയിലെത്തുന്നതോടെ പ്രശ്നം സങ്കീർണ്ണമാകുന്നു. ലൈംഗികത സ്ത്രീക്ക് ആഴത്തിലുള്ള അനുഭവമാകുന്നു.സാവധാനം സാധിക്കുന്ന പെട്ടെന്ന് പിൻ വലിയാത്ത ഒന്ന്.  പുരുഷനോ ബാഹ്യമായ  വിസർജ്ജനം പോലുള്ള ഒന്നും.  പെട്ടെന്നു സാധിച്ചു തീരുന്നതും , അത്ര പെട്ടെന്നു തന്നെ പിൻ മാറുന്നതുമായ ഒന്ന്. നല്ലപോലെ പുകയില കൂട്ടി മുറുക്കി, നീട്ടി  തുപ്പിയാലും ഉണ്ട് അവന് അതേരസം. ലൌ ഇൻ ദ ആഫ്റ്റർ നൂൺ ( 1972) , പൌളീൻ എറ്റ് ദ ബീച്ച് ( 1983) , ഗ്രീൻ റേ ( 1986) തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ റോമർ ഈ സമസ്യയെ പിന്തുടരുന്നു.

ഇമേജിന്‍റെ രാഷ്ട്രീയത്തെ അതി സൂക്ഷമമായി പിന്തുടർന്നു എന്നതാണ് ഗൊദാർദിനെ വ്യത്യസ്തനാക്കുന്നത്. ഹോളിവുഡ്ഡ് സംസ്ക്കാരം പ്രചരിപ്പിച്ച നുണ പറയുന്ന ഇമേജുകളെ എങ്ങനെ പൊളിച്ചെടുക്കാമെന്ന് അദ്ദേഹം നിരന്തരം അന്വേഷിക്കുകയും അതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഇതു സൌന്ദര്യ ശാസ്ത്രപരവും രാഷ്ട്രീയവുമായ ഒരന്വേഷണമാകുന്നു. ഇതു അദ്ദേഹത്തെ ചിലപ്പോഴൊക്കെ മാവോയിസ്റ്റ് മുദ്രാവാക്യ സിനിമയിലേക്ക് നയിച്ചു എന്നത് സത്യമാണ്. 1967 ലെ ലാ ചെനോയ്സ്  അത്തരമൊരു മാവോയിസ്റ്റ് വാചാല ചിത്രമാണ്. (  1967 എന്ന വർഷം ശ്രദ്ധിക്കുക . 1968 നവംബറിലാണ് കേരളത്തിൽ അജിത എന്ന പതിനെട്ടുകാരി  പെൺകുട്ടിയെ തലശ്ശേരി പോലീസ് സ്റ്റേഷൻ  ആക്രമണ കേസ്സിൽ പോലീസ് അറസ്റ്റു ചെയ്തതും അക്കാലത്ത് സഭ്യമെന്നു തോന്നാത്ത വേഷത്തിൽ – ബ്ലൌസും പാന്‍റും – പത്ര ഫോട്ടോഗ്രാഫർ മാർക്കു മുന്നിൽ പോലീസ് പ്രദർശ്ശിപ്പിച്ചതും എന്നുമറിയുക ).

ഈ മുദ്രാവാക്യ സിനിമകളെ അവഗണിച്ചാലും ഇമേജിന്‍റെ സൂക്ഷമ രാഷ്ട്രീയം വിശകലനം ചെയ്യുന്ന ഗൊദാർദ് ചിത്രങ്ങളെ അവഗണിക്കാനാവില്ല. 1972-ൽ ഗൊദാർദും കൂട്ടുകാരനായ ഗോറിനും ചേർന്നു നിർമ്മിച്ച എ ലെറ്റർ ടു ജെയിൻ  എന്ന ചിത്രം മാത്രം മതി ഗൊദാർദിന്‍റെ സൂക്ഷ്മ രാഷ്ട്രീയ വിശലന പ്രാപ്തിയെ വിശദീകരിക്കാൻ. ഒരു മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ സ്ക്രീനിൽ അധിക നേരവും ലാ എക്സ്പ്രസ് എന്ന ഫ്രഞ്ച് പത്രത്തിൽ വന്ന ഹോളിവുഡ്ഡ് നടി ജെയിൻ ഫോണ്ടയുടെ നിശ്ചല ചിത്രമാണ്. വിയറ്റ് നാം യുദ്ധം കൊടുമ്പിരികൊണ്ടിരിക്കേ ഇടതു പക്ഷക്കാരി ആയി അറിയപ്പെടുന്ന ജെയിൻ ഫോണ്ട ഹനോയ് സന്ദർശ്ശിക്കുന്നു. അന്ന് അവിടെ വെച്ച് പ്രശസ്ത അമേരിക്കൻ ഫോട്ടോഗ്രാഫറായ ജോസഫ് ക്രാഫ്റ്റ് എടുത്ത ചിത്രമാണ് പത്രത്തിൽ വന്നത്.  ജെയിൻ ഫോണ്ടക്ക് ആധിപത്യമുള്ള , അമേരിക്കൻ സൈന്യത്തോടു പൊരുതുന്ന വിയറ്റ് കോങ്ങ് ഒളിപ്പോരാളിയെ അപ്രസക്തനാക്കുന്ന ( യുദ്ധരംഗത്തും തിളങ്ങുന്നത് ചലച്ചിത്ര താരം തന്നെ!!)  ഈ ചിത്രത്തെ വിശകലന വിധേയമാക്കുകയാണ് ഗൊദാർദും ഗോറിന്നും ഈ ഫിലിമിലൂടെ. ആ നിശ്ചല ചിത്രത്തെ നിശ്ചലമായി തന്നെ വെള്ളിത്തിരയിൽ നിർത്തി സംവിധായകരിരുവരും ഇംഗ്ലീഷ് കമന്‍ററിയിലൂടെ വിശദമാക്കുന്നു ക്യാമറ എത്ര മാത്രം നുണ പറയാൻ കഴിവുള്ള യന്ത്രമാണ് എന്ന്.വിപ്ലവത്തിൽ ബുദ്ധിജീവികള്‍ക്കുള്ള പങ്ക് എത്ര നിസ്സാരമാണ് എന്നും ചിത്രം വ്യക്തമാക്കുന്നു.

നാടകമോ കഥകളിയോ പോലെ തീരെ അന്യവത്കൃതമല്ലാത്ത ഒരു കലയാണ് സിനിമയെന്നും അതുകൊണ്ടാണ് സിനിമക്ക് ഇത്ര എളുപ്പത്തിൽ നുണ പറയാനാവുന്നതെന്നും ഗൊദാർദ് നിരന്തരം വാദിക്കുകയും തന്‍റെ ചിത്രങ്ങളിലൂടെ തെളിയിക്കുകയും ചെയ്തു പോന്നു . സിനിമയും ക്യാമറയും കാണിയെ അതിന്നകത്തേക്കു വലിച്ചു കുടുക്കിക്കളയുന്നു. തന്‍റെ യാഥാർത്ഥ്യം മറന്ന് കാണി സിനിമയുടെ യാഥാർത്ഥ്യത്തിൽ അകപ്പെട്ടു പോകുന്നു. അതുകൊണ്ടാണ് സിനിമ കണ്ടു നാം കരഞ്ഞു പോകുന്നത്. നാടകം കണ്ടു കരയാത്തതും.ഒരു ഗൊദാർദ് ചിത്രത്തിൽ ( ചിത്രത്തിന്‍റെ പേര് ഓർക്കാനാവുന്നില്ല ) നായകനും നായികയും കാറോടിച്ചു പോവുകയാണ്. അവരുടെ സീറ്റിന്നു തൊട്ടു പുറകു വശത്താണ് ക്യാമറ . അവിടെയിരുന്നാണ് കാണി ആ സീൻ കാണുന്നതെന്നർത്ഥം. പെട്ടെന്നു നായകൻ പിറകോട്ടു നോക്കുന്നു.

” ആരെയാണ് നോക്കുന്നത് ?”  എന്നു നായിക . “നമ്മുടെ സീറ്റിന്നു പിന്നിൽ ഒളിഞ്ഞിരുന്ന് എല്ലാം കാണുന്ന കാണിയെ “ എന്നു മറുപടി. സിനിമ കണ്ടിരിക്കുന്ന നാം പെട്ടെന്നു കാറിന്‍റെ സീറ്റിന്‍റെ പിറകിൽ നിന്നു തെറിച്ച് തിയ്യേറ്റിലെ നമ്മുടെ സ്വന്തം സീറ്റിൽ വന്നു വീഴും  ഈ രംഗം കാണുമ്പോള്‍.

എൺപത്തി എട്ടാം വയസ്സിൽ സംവിധാനം ചെയ്ത , നാലു വർഷം മുമ്പ്  ചെയ്ത ഇമേജ് ബുക്കാണ് ഗൊദാർദിന്‍റെ അവസാന ചിത്രം. ആ പ്രായത്തിലും സിനിമാ സംവിധാനം സാധിച്ച ആ മനുഷ്യൻ മരിച്ചു പോയി എന്ന “ പത്ര  ജല്പനമിത് സത്യമെന്നോതാനെന്തോ എൻ മനം മടിക്കുന്നു “. പുതിയ ചിത്രത്തിന്‍റെ ലൊക്കേഷൻ തേടി പോയതാകാം. ആർക്കറിയാം !!

About Author

നീലൻ

എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ, അഭിനേതാവ്, ഡോക്യുമെൻററി സംവിധായകൻ എന്നീ നിലയിൽ പ്രശസ്തൻ. മികച്ച ഡോക്യുമെൻറിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്, മികച്ച ചലച്ചിത്രലേഖനത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ്. കേരള സാഹിത്യഅക്കാദമി അവാർഡ് എന്നിവ നേടി.