A Unique Multilingual Media Platform

The AIDEM

Art & Music Memoir

തും പുകാർ ലോ…

  • December 26, 2022
  • 1 min read
തും പുകാർ ലോ…
“അച്ഛൻ സ്വപ്നത്തിൽ വരാറുണ്ടോ?” അച്ഛൻ മരിച്ചതിൻറെ കനം തൂങ്ങിനിന്നിരുന്ന ദിവസങ്ങളിലൊന്നിൽ എന്നോട് ശശിയേട്ടൻ ഫോണിൽ സംസാരിച്ചുതുടങ്ങിയത് അങ്ങനെയൊരു ചോദ്യത്തോടെയാണ്.
“എൻറെയച്ഛൻ സ്വപ്നത്തിൽ വരാറുണ്ട്. അച്ഛനുമായി അധികവും സംസാരിച്ചത് അങ്ങനെയാണ് ”
ശശിയേട്ടൻ തുടർന്നു.
ധിഷണാശാലിയും ദീർഘദർശിയുമായ ഒരു കമ്യൂണിസ്റ്റ് നേതാവിൻറെ മകന് ഏറ്റവും അരാജകമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോവുമ്പോഴും ചോരയിലൂടെ പകർന്നുകിട്ടിയ ഒരു തീർച്ചയും മൂർച്ചയുമുണ്ടായിരുന്നു ലോകവീക്ഷണത്തിൽ. സ്വപ്നദർശനങ്ങളിലൂടെയുള്ള ജാഗ്രതപ്പെടുത്തലുകൾ അതിനെ ബലപ്പെടുത്തിനിർത്തിയിട്ടുമുണ്ടാവണം.
അമ്പത്തെട്ടിലെ കുട്ടികൾ എന്ന്  പട്ടിക തിരിച്ചുവെച്ചിട്ടുള്ള ഗണത്തിലും ജനുസ്സിലും പെട്ട തൻറെ തലമുറയിലെ ചങ്ങാതിമാരെക്കുറിച്ച് ശശിയേട്ടൻ ഇടക്കിടെ പറയാറുള്ളതോർക്കുന്നു.
“അമ്പത്തേഴിലെ മന്ത്രിസഭക്കാലമാവുമ്പോഴേക്കും കമ്യൂണിസ്റ്റ് നേതാക്കളൊക്കെ ഒളിവുജീവിതം അവസാനിപ്പിച്ച് സമൂഹത്തിൽ മാന്യന്മാരായി തിരിച്ചു വന്നു. വീട്ടിൽപ്പോയി താടിയും തലയും വൃത്തിയാക്കി ഷേവ് ചെയ്ത് മിനുങ്ങി കുട്ടപ്പന്മാരായി ഭാര്യമാർക്കൊപ്പം സന്തോഷമായി താമസിച്ച് ഉണ്ടായ കുട്ടികളാണ് ഞങ്ങളൊക്കെ. നിർഭാഗ്യവശാൽ ആ വൃത്തിയും മെനയുമൊന്നും അധികം പിള്ളേർക്കും ജീവിതത്തിൽ ഉണ്ടായതുമില്ല. എന്നെപ്പോലെയുള്ള അലവലാതികൾക്ക് പ്രത്യേകിച്ചും” അച്ചടക്കമില്ലാതെ തെറിച്ചുനിൽക്കുന്ന താടി വലിച്ചുഴിഞ്ഞുകൊണ്ട് ശശിയേട്ടൻ സ്വയം നോക്കിച്ചിരിക്കും.
ആ സ്വയം നോക്കിച്ചിരിക്കലിൻറെ മലയാളിക്കാർട്ടൂൺ സ്വഭാവം ഏറ്റവും അവശമായ ശാരീരികാവസ്ഥകളിലും ആ മനുഷ്യൻ കൊണ്ടുനടന്നു.
KP Sasi
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ മലബാർ സെക്രട്ടറിയായിരുന്ന സ:കെ.ദാമോദരൻ കുറച്ചുകാലം ഏറനാട് താലൂക്ക് സെക്രട്ടറിയായിരുന്ന എൻറെ അച്ഛൻറെ ജീവിതം വഴിതിരിച്ചു വിട്ട സുഹൃത്തും താത്വികാചാര്യനും വഴികാട്ടിയുമായിരുന്നു എന്നു തന്നെ പറയാം. രാഷ്ട്രീയം പറയുമ്പോൾ കെ.ദാമോദരൻ എന്ന റഫറൻസ് പോയിൻറ് ഇല്ലാതെ സംസാരിക്കുന്നത് അപൂർവം. അച്ഛന് വിവാഹസമ്മാനമായി സഖാവ് കൊടുത്തത് വാർ ആൻറ് പീസിൻറെ ഭംഗിയായി ബൈൻഡ് ചെയ്ത ഒരു കോപ്പിയാണ് എന്നു പറഞ്ഞ് അച്ഛനും ചിരിക്കുമായിരുന്നു.
ആ ഓർമ്മകളിൽ ഒരിക്കൽ ശശിയേട്ടനേയും അച്ഛനേയും വീട്ടിൽ കൂട്ടിമുട്ടിച്ചിരുത്തി. സുഹൃത്തിൻറെ മകനെ ഏറെ വാത്സല്യത്തോടെ നോക്കിക്കൊണ്ട് “കുനിഞ്ഞിരുന്ന് ഇടതുകാലിൽ ചൊറിഞ്ഞുഴിഞ്ഞ് സഖാവേ എന്നൊരു വിളിയുണ്ട് ദാമോദരന്” എന്ന് അച്ഛൻ അനുസ്മരിച്ചു.
“അച്ഛൻറേത് എന്നു പറയാനായി എനിക്കു കിട്ടിയിട്ടുള്ളത് ഇടതുകാലിലെ ആ ചൊറിയാണ്” എന്ന് ശശിയേട്ടൻ അട്ടഹസിച്ചുചിരിച്ചു. ‘ഇടതു കാലിലെ ചൊറി’യുടെ ദാർശനികമാനങ്ങൾ ഓർത്ത് കൂടെ ഞങ്ങളും.
അന്ന് വീട്ടിൽ നിന്നിറങ്ങുമ്പോൾ ഞാൻ ക്യാമറയുമായി വീണ്ടും മാഷെക്കാണാൻ വരും എന്നു പറഞ്ഞാണ് ശശിയേട്ടൻ ഇറങ്ങിയത്. “മാഷെ എനിക്ക് ഒന്ന് ഡോക്യുമെൻറ് ചെയ്യണം” എന്ന് പിന്നെ വിളിച്ചു പറഞ്ഞു. ആ അഭിമുഖത്തിന് അച്ഛൻ കാത്തുനിന്നില്ല. സ്വപ്നത്തിൽ അച്ഛൻ വരാറുണ്ടോ എന്ന് ശശിയേട്ടൻ വിളിച്ചുചോദിച്ചതിൻറെ തുടർച്ചയായി ആ വിഷമം ശശിയേട്ടൻ പറഞ്ഞു. പിന്നെ നേരിൽക്കാണുമ്പോഴെല്ലാം നടക്കാതെ പോയ ആ അഭിമുഖത്തെക്കുറിച്ച് സങ്കടത്തോടെ സൂചിപ്പിച്ചു.
കുറച്ചു കാലം മുമ്പാണ് ശശിയേട്ടനെ ഒന്ന് ഡോക്യുമെൻറ് ചെയ്യണം എന്നൊരു ഉൾവിളി എനിക്ക് തോന്നിയത്. അത്യാവശ്യം അച്ചടക്കത്തോടെ ജനയുഗത്തിൽ കാർട്ടൂൺ വരയും നല്ല നടപ്പിലാണ് എന്ന പ്രതീതി ജനിപ്പിക്കും വിധമുള്ള സംസാരങ്ങളുമൊക്കെയായി കഴിയുന്ന സമയമാണ്. സംവിധായകൻ, കാർട്ടൂണിസ്റ്റ് എന്നതിലൊക്കെ ഉപരി ഇന്ത്യയാകമാനമുള്ള പല വിധ ജനകീയമുന്നേറ്റങ്ങളുടേയും പ്രക്ഷോഭങ്ങളുടേയും മിടിപ്പുകളറിയുന്ന ഒരു ഇന്ദ്രിയജാഗ്രത ഉണ്ടായിരുന്നു ശശിയേട്ടന്. അതിലെല്ലാം ഇടപെടുന്ന പല വിധത്തിലുള്ള മനുഷ്യരെ തമ്മിൽ കൂട്ടിക്കൊളുത്തുന്ന വിശാലമായ സൗഹൃദങ്ങളുടെ മീറ്റിങ്ങ് പോയൻറെന്നോ ഹബ്ബെന്നോ പറയാവുന്ന പബ്ലിക് സ്റ്റോപ്പായിരുന്നു ശശിയേട്ടൻ. (ആക്റ്റിവിസത്തിൻറെ കൂട്ടിക്കൊടുപ്പ് എന്നാണ് ശശിയേട്ടൻ സ്വയം ആ പണിയെ വിശേഷിപ്പിച്ചിരുന്നത്) ഒപ്പം ഒട്ടേറെ സമാന്തരപ്രസ്ഥാനങ്ങൾക്ക് ഊർജം പകർന്ന ആക്റ്റിവിസ്റ്റ്. ആ ജീവിതം കൂടുതൽ അടുത്തറിയാവുന്നത് ഒരു പക്ഷെ തൃശൂരിലെ സൗഹൃദവലയത്തിനാവണം. അതുകൊണ്ടൊക്കെത്തന്നെ ശശിയേട്ടൻറെ ജീവിതം രേഖപ്പെടുത്തേണ്ടതുണ്ടെന്നതിൽ സംശയമൊന്നും ഉണ്ടായിരുന്നില്ല. എന്തോ അതിനി വൈകിച്ചുകൂടാ എന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. ശശിയേട്ടൻറെ പ്രിയസഹോദരി ഉമയുടേയും ഗോപിയേട്ടൻറേയും തേങ്കുറിശ്ശിയിലെ വീടായ മൃണ്മയിയിൽ ഒരു ദിവസം പോയി ഇരിക്കാം എന്നടക്കം ആലോചിച്ചു.
ആ തോന്നൽ അന്ന് സി എൽ തോമസിനോട് പറഞ്ഞു. ശശിയേട്ടൻറെ കൂട്ടുപ്രതികളിൽ ഒരാളായിരുന്ന കവി അൻവർ അലിയോടും. രണ്ടുപേർക്കും അക്കാര്യത്തിൽ സംശയമൊന്നും ഉണ്ടായിരുന്നില്ല. നടക്കുമോ എന്ന ശങ്കയേ സി.എൽ ന് ഉണ്ടായിരുന്നുള്ളൂ.
ഇന്നും കേരളസമൂഹം ചർച്ച ചെയ്യുന്ന ജെൻഡർ വിഷയങ്ങളെ അഭിസംബോധന ചെയ്ത് 94ൽത്തന്നെ ഇലയും മുള്ളും എന്ന ഫീച്ചർ ഫിലിം സംവിധാനം ചെയ്യേണ്ടതിൻറെ ആവശ്യകത ബോദ്ധ്യപ്പെട്ട മനുഷ്യനാണ്. അതാതു കാലത്തെ ഏറ്റവും പ്രസക്തമായ ചോദ്യങ്ങളിലേക്ക് ക്യാമറ ധൈര്യപൂർവം തിരിച്ചുവെച്ച ഡോക്യുമെൻററി സംവിധായകനാണ്. നിഷ്കളങ്കമായ ഒരു കുസൃതിച്ചിരിയോടെ കണ്ണടച്ചില്ലിനു മുകളിലൂടെയുള്ള ഒരു നോട്ടത്തിൽ എല്ലാ പരാതികളേയും ശകാരങ്ങളേയും മറികടക്കുന്ന ചങ്ങാതികളുടെ പ്രിയങ്കരനാണ്. ഹേമന്ത് കുമാറിൻറെ ഒരു പാട്ടു മൂളിയാൽ അലിഞ്ഞുപോകുന്ന മനുഷ്യനാണ്.
ചിറ്റൂരിലെ പാഞ്ചജന്യം ചലച്ചിത്രോത്സവത്തിന് “കൈവിട്ടുപോയ ഭായിമാരുടെ ഏതോ പഴയ ഹിന്ദി സിനിമയിലെ മേളയിൽ നിന്ന് കളഞ്ഞുകിട്ടിയത്” എന്ന് ഞാൻ കളിയാക്കിയിരുന്ന ആ ഫ്ലൂട്ടുമൂതി പാട്ടുപാടാൻ ഇനി ശശിയേട്ടനുണ്ടാവില്ല എന്ന കനം പേറുന്ന സാധാരണക്കാരായ ഒരുപാട് മനുഷ്യരുടെ സങ്കടം ഇന്നലെ ഒറ്റ ദിവസത്തിൽ അറിഞ്ഞു. അവർക്കെല്ലാം വേണ്ടി ശശിയേട്ടന് ആദരാഞ്ജലികൾ…
Voices from ruins എന്ന കണ്ഡമാൽ ഡോക്യുമെൻററിയടക്കം ശശിയേട്ടൻറെ ചില പ്രൊജക്ടുകളിൽ സഹകരിക്കാനായതിൻറെ സംതൃപ്തിയുണ്ടെങ്കിലും നടക്കാതെ പോയ ആ രണ്ട് ഡോക്യുമെൻററികൾ നഷ്ടമായി ബാക്കി നിൽക്കുന്നു.
ആ നഷ്ടബോധത്തോടെ ഏറെ പ്രിയപ്പെട്ട ആ ഹേമന്ത്കുമാർ ഗാനത്തിന്റെ വരികളോർക്കുന്നു..
“തും…..പുകാർ ലോ.. തുമാരാ.. ഇന്ദസാർ ഹെ..”


Subscribe to our channels on YouTube & WhatsApp

About Author

നിരഞ്ജൻ ടി. ജി.

കവിയും എഴുത്തുകാരനും. ചിലവു കുറഞ്ഞ കവിതകൾ (ഡി.സി ബുക്സ് 2010) ബി പി എൽ കവിതകൾ എന്നീ കവിതാസമാഹാരങ്ങളും കേരളത്തിന്റെ മൈദാത്മകത എന്ന നർമ്മലേഖനങ്ങളുടെ സമാഹാരവും പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും എഴുതുന്നു. മറൈൻ എഞ്ചിനീയറായി ജോലി ചെയ്യുന്നു

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Arati
Arati
2 years ago

Thank you for this touching obituary. As a North Indian social activist , who reads , listens and understands Malayalam with some difficulty I have found KP Sasi’s work to be socially relevant and creatively striking . In this note Niranjan depicts an intimate portrayal of Sasi .. Thank you for this ,👍🏿🙏🏼