ഏഷ്യാനെറ്റ് ന്യൂസ് റസിഡൻറ് എഡിറ്റർ പ്രശാന്ത് രഘുവംശം അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണനുമായുള്ള ഓർമകൾ പങ്കുവെക്കുന്നു
കോടിയേരി ബാലകൃഷ്ണനെ ആദ്യമായി കണ്ടത് എന്നാണെന്ന് ഓർമ്മിക്കുന്നില്ല. എന്നാൽ മാധ്യമപ്രവർത്തകൻ ആകുന്നതിന് മുമ്പാണ് പരിചയം തുടങ്ങിയത്. യൂണിവേഴ്സിറ്റി കോളെജിൽ ആർട്ട്സ് ക്ളബ് സെക്രട്ടറിയായ സമയം. എസ്എഫ്ഐയുടെ ഏര്യാകമ്മിറ്റിയിലും അംഗമായിരുന്ന ആ കാലത്ത് കോടിയേരി, കോളെജ് യുണിയൻറെയും എസ്എഫ്ഐയുടെയും ഭാരവാഹികളെ രണ്ടു മൂന്ന് തവണ കണ്ടിരുന്നു. എകെജി സെൻററിൻറെ തൊട്ടു മുന്നിലുള്ള കോളെജ് എന്ന നിലയ്ക്ക് യൂണിവേഴ്സിറ്റി കോളെജ് എസ്എഫ്ഐ യുണിറ്റിന് മറ്റു കോളെജുകൾക്കില്ലാത്ത പരിഗണന കിട്ടുമായിരുന്നു. അന്ന് കോടിയേരിയുടെ മകൻ ബിനീഷ് തിരുവനന്തപുരത്തെ ഒരു സ്കൂളിലാണ് പഠനം. പിന്നീട് മാർ ഇവാനിയോസ് കോളെജിൽ ചേർന്നു. ബിനീഷും എസ്എഫ്ഐയിൽ സജീവമായിരുന്നു. യൂണിവേഴ്സിറ്റി കോളെജിൽ സ്ഥിരം വരുന്ന ബിനീഷുമായി നല്ല പരിചയമായി. മാർ ഇവാനിയോസ് കോളെജിൽ ഒരു സമരത്തിനിടെ എസ്എഫ്ഐ പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറി. മറ്റു സംഘടനകളും അവിടെ ശക്തമായിരുന്നതിനാൽ ഇത്തരം ഉരസലുകൾ പതിവായിരുന്നു. പ്രതിഷേധത്തിൻറെ പേരിൽ ബിനീഷിനെ സസ്പെൻഡ് ചെയ്തു. അന്ന് കോടിയേരിയുമായി എസ്എഫ്ഐ നേതാക്കൾ ഇതേക്കുറിച്ച് സംസാരിക്കുന്നതിന് ഞാൻ സാക്ഷിയായിരുന്നു. ഒരച്ഛൻറെ വാൽസല്യം നിറഞ്ഞ കാർക്കശ്യത്തോടെ കോടിയേരി പറഞ്ഞു – “ ബാക്കി പ്രവർത്തകരുടെ കാര്യത്തിൽ ഞാൻ ഇടപെടും. അവൻറെ കാര്യത്തിൽ ഞാൻ പ്രിൻസിപ്പലിനോട് സംസാരിക്കില്ല”. പിന്നീട് എസ്എഫ്ഐ നേതാക്കൾ പ്രിൻസിപ്പലിനോട് സംസാരിച്ച് പ്രശ്നം പരിഹരിച്ചു.
സംഘടനയിൽ ബിനീഷും ഞാനും ഒന്നിച്ച് ഒരേ കമ്മിറ്റിയിൽ പ്രവർത്തിച്ചിരുന്നു എന്ന് കോടിയേരിക്ക് അറിയാം. ആ ഒരു സ്നേഹത്തോടെയാണ് കോടിയേരി കാണുമ്പോഴൊക്കെ ഇടപെട്ടിരുന്നത്. മാധ്യമപ്രവർത്തനത്തിൽ വന്നതിനു ശേഷം എന്നാൽ കോടിയേരിയുമായി എപ്പോഴും സംസാരിക്കുകയോ വിളിക്കുകയോ ചെയ്യുന്ന അടുത്ത ബന്ധം ഉണ്ടായിരുന്നില്ല. ഏതെങ്കിലും റിപ്പോർട്ടിന് അത്യാവശ്യം ഉള്ളപ്പോൾ ഒരു വിളി. കാണുമ്പോൾ ഉള്ള ആ ചിരി. അത്രയൊക്കെയേ പതിവുള്ളു. അതിനാൽ ഒരുപാട് ഓർമ്മകൾ പങ്കുവയ്ക്കാനില്ല. തുടക്കത്തിൽ ദില്ലി കേരള ഹൗസിലെ ഒന്നാം നിലയിലെ 201 അല്ലെങ്കിൽ 202 മുറികളിലൊന്നിൽ കോടിയേരി കാണും. ആഭ്യന്തര മന്ത്രി ആയ ശേഷം കോടിയേരിക്ക് വിഐപി മുറി നല്കി തുടങ്ങി.
ഏതു മുറിയിലാണെങ്കിലും മുൻകൂട്ടി അനുവാദം ചോദിക്കാതെ കോടിയേരിയെ കാണാം. കട്ടിലിൽ കോടിയേരി ഇരിക്കുന്നുണ്ടാകും. മാധ്യമപ്രവർത്തകർ ഒന്നിച്ചാണ് കാണുന്നതെങ്കിൽ ചിലപ്പോൾ എല്ലാവർക്കും ഇരിക്കാൻ സ്ഥലം ഉണ്ടാവില്ല. കട്ടിലിൽ കൂടി ഇരിക്കാൻ ആർക്കും വിലക്കില്ല. വന്നവരോടൊക്കെ ചിരിച്ച് വിശേഷങ്ങൾ ചോദിച്ച് കോടിയേരി. ബിനീഷ് വിദേശത്ത് ജോലിക്കു പോയതൊക്കെ ചോദിക്കുമ്പോൾ അതേക്കുറിച്ച് സംസാരിക്കും. അന്നൊക്കെ പാർട്ടിയിൽ വിഭാഗീയത ശക്തമാകുകയും കോടിയേരിക്കെതിരായ ആരോപണങ്ങളും പാർട്ടിക്കുള്ളിൽ ഉയരുകയും ഒക്കെ ചെയ്യുന്ന കാലമാണ്. കോടിയേരിയുടെ മുറിയിലെ ടിവിയിൽ നമ്മൾ നല്കുന്ന പാർട്ടിക്കുള്ളിലെ തർക്കങ്ങളെക്കുറിച്ചുള്ള വാർത്തകൾ വരുന്നുണ്ടാകും. ഒന്നോ രണ്ടോ തവണ ഒഴികെ ഇതിലൊന്നും കോടിയേരി ഒരു പരിഭവവും പ്രകടിപ്പിച്ചില്ല. ഒന്നു രണ്ടു തവണ “ നിങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്” എന്ന് പറഞ്ഞത് ഓർമ്മയുണ്ട്. വാർത്ത ഇല്ലെങ്കിലും ചില നയങ്ങൾ സ്വീകരിക്കുന്നതിനുള്ള കാരണമൊക്കെ കോടിയേരി വിശദീകരിക്കും
സിപിഎമ്മിലെ കാറും കോളും നിറഞ്ഞ ഒന്നര പതിറ്റാണ്ട് നിരന്തരം ഞാൻ റിപ്പോർട്ട് ചെയ്തിരുന്നു. പാർട്ടിക്കുള്ളിലെ അന്തരീക്ഷം കലുഷിതമാക്കിയ പല റിപ്പോർട്ടുകളും നൽകേണ്ടി വന്നിട്ടുണ്ട്. ദൃശ്യമാധ്യമ പ്രവർത്തകൻ ആയതു കൊണ്ട് മുഖാമുഖം തന്നെ എല്ലാ നേതാക്കളെയും കാണേണ്ടി വരും. റിപ്പോർട്ടുകളിലുള്ള ദേഷ്യം മുഖത്തു നോക്കിയും ചിലപ്പോഴൊക്കെ ശകാരവാക്കുകളിലൂടെയും നേരിട്ട് പ്രകടിപ്പിച്ച നേതാക്കളുണ്ട്. എന്നാൽ കോടിയേരിയുടെ മുഖത്ത് നേരിൽ കാണുമ്പോൾ അപ്പോഴും വിരിയുന്ന ആ പുഞ്ചിരി നല്കിയിട്ടുള്ള ആശ്വാസം ചെറുതല്ല. മൈക്കിനു മുന്നിൽ പറയാനുള്ളത് ശക്തമായി പറയും. അതല്ലാതെയുള്ള ഒരു അനിഷ്ടവും കോടിയേരി പ്രകടിപ്പിച്ചില്ല.
കേരളത്തിലെ പാർട്ടിയിലെ വിഷയങ്ങളിൽ വിഎസ് അച്യുതാനന്ദനും പിണറായി വിജയനും രണ്ടു ധ്രുവങ്ങളിൽ നിന്ന സമയങ്ങളിൽ എങ്ങനെ ചില വിഷയങ്ങൾ പരിഹരിക്കും എന്ന ആശങ്ക സിപിഎം കേന്ദ്ര നേതാക്കളിൽ കണ്ടിട്ടുണ്ട്. “കോടിയേരിയോട് സംസാരിച്ചിട്ടുണ്ട്” എന്ന മറുപടി പലപ്പോഴും ഇക്കാര്യം അന്വേഷിച്ചാൽ നേതാക്കൾ നല്കാറുണ്ട്. പിണറായിയുടെ നിലപാടുകൾക്ക് ഒപ്പം ഉറച്ചുനില്ക്കുമ്പോഴും പാർട്ടിയിൽ ഐക്യത്തിൻറെ ഒരു പാലമായി മാറിയ കോടിയേരിയുടെ ശൈലി പല കേന്ദ്ര നേതാക്കൾക്കും ആശ്വാസമായിരുന്നു. കോടിയേരിയുടെ അനാരോഗ്യത്തിൽ ഈ നേതാക്കളിൽ കണ്ട ആശങ്കയും വിഷമവും ആ സാന്നിധ്യം എത്രത്തോളം ഒഴിച്ചുകൂടാനാവാത്തത് ആയിരുന്നു എന്നത് വിളിച്ചു പറയുന്നതായിരുന്നു.
കോയമ്പത്തൂരിൽ നടന്ന പാർട്ടി കോൺഗ്രസിലാണ് കോടിയേരി സിപിഎം പിബിയിലേക്ക് വന്നത്. അന്ന് കണ്ണൂർ ലോബിയുടെ ഭാഗമായതു കൊണ്ടാണ് മറ്റു ചില നേതാക്കളെക്കാൾ കോടിയേരിക്ക് പരിഗണന കിട്ടിയത് എന്ന വിമർശനം ചിലർ രഹസ്യമായെങ്കിലും ഉന്നയിച്ചു. കോടിയേരിയോട് “ഇങ്ങനെ ഒരു വിമർശനമുണ്ടല്ലോ” എന്ന ചോദ്യത്തിന് “അങ്ങനെ ഒരു ലോബിയുണ്ടെങ്കിൽ അതിൽ വെറുതെ അംഗമാകാൻ കഴിയില്ല, ഈ പാർട്ടിക്കു വേണ്ടി മരിക്കാൻ തയ്യാറാകണം” എന്നായിരുന്നു കോടിയേരിയുടെ മറുപടി.
ചില വാർത്തകൾ കിട്ടിയ ശേഷം ഒന്ന് ഉറപ്പിക്കാൻ ചിലപ്പോൾ കോടിയേരിയെ വിളിച്ചിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കാറില്ല. “നിങ്ങൾക്ക് ഇതൊക്കെ പറഞ്ഞു തരുന്നത് ആരെന്നറിയാം” എന്ന് ചിരിച്ചു കൊണ്ട് ഒന്നു രണ്ട് തവണ പറഞ്ഞു. കിട്ടിയ വിവരം ശരിയെന്ന് ഉറപ്പിക്കാൻ ആ മറുപടി ധാരാളമായിരുന്നു. പിബി, സിസി യോഗങ്ങൾക്ക് ശേഷം പിണറായി വിജയനോടൊന്നിച്ചാണ് കോടിയേരിയുടെ മടക്കം. പിണറായി മുന്നിൽ. പിന്നിൽ കോടിയേരി….ഇങ്ങനെയാണ് എകെജി ഭവൻറെ ഒന്നാം നിലയിലെ സിസി ഹാളിൽ നിന്നോ രണ്ടാം നിലയിലെ പിബി മുറിയിൽ നിന്നോ യോഗം കഴിഞ്ഞുള്ള ഇറങ്ങി വരവ്. പിന്നിൽ നടക്കുന്ന കോടിയേരിക്ക് ചുറ്റും കൂടിയാകും മാധ്യമപ്രവർത്തകർ വിവരം തിരക്കുക.. പലപ്പോഴും ചിരിയാവും മറുപടി. മാറി നില്ക്കുകയാണെങ്കിൽ മുഖത്തേക്ക് നോക്കി ഒന്നു മൂളി “എന്തുണ്ട്” എന്ന് ചോദിച്ച് സ്നേഹം പ്രകടിപ്പിക്കുന്ന കോടിയേരി ശൈലി എകെജി ഭവൻറെ ആ പടവുകളിൽ ഇനി കാണാനാവില്ലല്ലോ…