ഇസ്രായേൽ നടത്തുന്ന വംശഹത്യയുടെയും ഫലസ്തീനികളുടെ വംശീയ ഉന്മൂലനത്തിന്റെയും ദീർഘകാല അനന്തരഫലങ്ങൾ
ഹമാസിൽ നിന്ന് ഇസ്രായേൽ നേരിടുന്ന ഭീഷണി ശാശ്വതമായി അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഗാസയെ സൈനികവൽക്കരിക്കാനും ഗാസയിൽ സുരക്ഷാ നിയന്ത്രണം ഏർപ്പെടുത്താനും താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
ഗാസയിൽ നിന്ന് ഫലസ്തീനികളെ വംശീയ ഉന്മൂലനം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പല ദൃക്‌സാക്ഷി വിവരണങ്ങളിൽ നിന്നും, അതാണ് സംഭവിക്കുന്നതെന്ന് തോന്നുന്നു. അഭയാർത്ഥി ക്യാമ്പുകളിലും ആശുപത്രികളിലും ഇസ്രായേൽ ബോധപൂർവം ബോംബാക്രമണം നടത്തുന്നു, തീവ്രവാദികൾ അവിടെ ഒളിച്ചിരിക്കുന്നുവെന്ന് തെറ്റായി അവകാശപ്പെടുന്നു. അതിനാൽ സാധാരണക്കാരുടെ മരണം, ‘കൊളാറ്ററൽ ഡാമേജ്’ (ഉദ്ദേശിക്കാത്ത നാശനഷ്ടം) ആണെന്നും അവർ പറയുന്നു. ഇത് നുണയാണെന്ന് യുഎസിന് അറിയാം, പക്ഷേ ഇസ്രായേലി യുദ്ധക്കുറ്റങ്ങളെ അവർ സഹായിക്കുകയാണ് ചെയ്യുന്നത്. ഒരു ആശുപത്രിയിലോ അഭയാർത്ഥി ക്യാമ്പിലോ ഏതാനും ഹമാസ് തീവ്രവാദികൾ ഉണ്ടായിരുന്നെങ്കിൽ പോലും, ആശുപത്രിക്കു മുകളിൽ ബോംബിടുന്നത് യുദ്ധക്കുറ്റമാണ്. അമേരിക്ക ഇത് അറിയുകയും ഫലസ്തീനികളുടെ കൂട്ടക്കൊലയ്ക്ക് മൗനാനുവാദം നൽകുകയും ചെയ്തു. ആദ്യ ദിവസം മുതൽ ഇസ്രായേൽ നുണകളിൽ മുഴുകി. വടക്കൻ ഗാസയിലെ 1.1 ദശലക്ഷം ആളുകൾ തെക്കോട്ട് നീങ്ങുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രായേൽ പറഞ്ഞു. തെക്ക് സുരക്ഷിതമായിരിക്കുമെന്ന് സൂചിപ്പിച്ചുകൊണ്ട്. എന്നിട്ടും ഗാസയുടെ തെക്ക് ഭാഗത്തുള്ള ഖാൻ യൂനിസിൽ അവർ ആവർത്തിച്ച് ബോംബാക്രമണം നടത്തി.
ആളുകൾ തെക്കോട്ട് നീങ്ങുന്ന ഖാൻ യൂനിസിലേക്കുള്ള റോഡുകളും ബോംബാക്രമണത്തിന്റെ നിഴലിലാണ്. നിങ്ങൾ ഒരു ഇസ്രയേലി ക്ഷമാപണക്കാരനല്ലെങ്കിൽ, ഇസ്രായേലിന്റെ ലക്ഷ്യങ്ങൾ വളരെ വ്യക്തമാണ്: വംശഹത്യയും വംശീയ ഉന്മൂലനവും. പട്ടിണിയിലൂടെ വംശഹത്യ നടത്താനും ഭീകരത സൃഷ്ടിക്കാനും ഇസ്രായേൽ ശ്രമിക്കുന്നു, അങ്ങനെ പലസ്തീനികൾ ഈജിപ്തിലെ അറബികളോട് സിനായ് മരുഭൂമിയിലേക്ക് മാറാൻ അനുവദിക്കണമെന്ന് യാചിക്കും. ഈജിപ്ത് ഇതുവരെ ആ ആവശ്യം നിരസിച്ചു, എന്നാൽ ഗാസയിൽ കൂട്ടമരണങ്ങളുടെ ദൃശ്യങ്ങൾ അഭിമുഖീകരിക്കേണ്ടിവരുമ്പോൾ, ഇസ്രായേൽ പ്രതീക്ഷിക്കുന്നു, ഈജിപ്ത് അനുതപിക്കുകയും എല്ലാ ഗാസക്കാർക്കും ഗാസ വിട്ടുപോകാൻ അതിർത്തികൾ തുറക്കുകയും ചെയ്യും. ഫലത്തിൽ, ഇസ്രായേൽ 1948-ൽ സംഭവിച്ചതുപോലെ രണ്ടാമത്തെ നക്ബ എൻജിനീയർ ചെയ്യാൻ ആഗ്രഹിക്കുന്നു. 1948-ൽ 700,000 പലസ്തീനികൾ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് അഭയാർത്ഥികളായി; ഇന്ന്, നെതന്യാഹു എല്ലാ പലസ്തീനിയെയും അവരുടെ നാട്ടിൽ നിന്ന് പുറത്താക്കിക്കൊണ്ട് “ജോലി പൂർത്തിയാക്കാൻ” ആഗ്രഹിക്കുന്നു, അവർ പോകാൻ ആഗ്രഹിക്കുന്നില്ല, അല്ലെങ്കിൽ അവർക്കു പോകാൻ കഴിയുന്നില്ലെങ്കിൽ, അവരെ കൊല്ലുക.
ഇസ്രായേൽ തികഞ്ഞ പശ്ചാത്താപമില്ലായ്മയോടും ക്രൂരതയോടും കൂടി പെരുമാറിയാൽ മാത്രമേ ഇത് സംഭവിക്കൂ. അവർ കൃത്യമായി എന്താണ് ചെയ്യുന്നത്. ‘ബിബി’ (ബെഞ്ചമിൻ നെതന്യാഹു) എല്ലാം പ്ലാൻ അനുസരിച്ച് ചെയ്യുന്നു. അതേസമയം, വെസ്റ്റ് ബാങ്കിൽ അതിക്രമങ്ങളും വർധിക്കുകയാണ്. ഇസ്രായേൽ ഇത് ഔദ്യോഗികമായി ചെയ്യുന്നില്ല, എന്നാൽ ഇത് നടപ്പാക്കാൻ ഭരണകൂടം നിശബ്ദമായി പിന്തുണയ്ക്കുന്ന കുടിയേറ്റ ഗ്രൂപ്പുകൾക്ക് വിട്ടുകൊടുക്കുന്നു. കൂട്ട ബോംബാക്രമണങ്ങളും വ്യോമാക്രമണങ്ങളുമാണ് ഗാസയെ ജനരഹിതമാക്കാനുള്ള മാർഗമെങ്കിൽ, വെസ്റ്റ്ബാങ്കിലെ ജനങ്ങളെ ദരിദ്രരും യാചകരുമാക്കാനുള്ള വഴിയാണ് പോലീസ് പിന്തുണയോടെയുള്ള ആൾക്കൂട്ട ആക്രമണങ്ങൾ. വീടെന്നു വിളിക്കാൻ ഒരിടമില്ലാതാകുമ്പോൾ അവരും ഓടിപ്പോകാൻ നിർബന്ധിതരാകുമെന്ന പ്രതീക്ഷയോടെ. പുറത്ത് – ഒരുപക്ഷേ ജോർദാനിലേക്ക്. അപ്പോൾ പലസ്തീൻ ഭൂമി മുഴുവൻ ഇസ്രായേലിന്റേതാകും. 1948ൽ തുടങ്ങിയ ഭൂമി കൈയേറ്റം പൂർത്തിയാകും. ഫലസ്തീനികൾക്കായി ഒരിക്കലും ദ്വിരാഷ്ട്രമോ ഒരു രാഷ്ട്രമോ ആയ പരിഹാരം ഉണ്ടാകില്ല. വാസ്‌തവത്തിൽ, ഈ വംശഹത്യയ്‌ക്കും വംശീയ ഉന്മൂലനത്തിനും ശേഷം ഇസ്രായേലിനും ഫലസ്‌തീനികൾക്കുമിടയിൽ ഇനി ഒരിക്കലും സമാധാനം ഉണ്ടാകില്ല.
ഇതിലെല്ലാം അമേരിക്കയുടെ പങ്ക് കാര്യങ്ങൾ നിശബ്ദമാക്കുക എന്നതാണ്, അങ്ങനെ ’ബിബി’ക്ക് തന്റെ പദ്ധതി പൂർത്തിയാക്കാൻ അവസരമുണ്ടാക്കുക എന്നതാണ്. ഇസ്രായേൽ ചെയ്യുന്ന കാര്യങ്ങളിൽ യുഎസിനുള്ളിലും അന്തർദേശീയമായും പ്രകോപനം ഉണ്ടാകാതിരിക്കാനും യുഎന്നിൽ അവർക്കെതിരെയുള്ള ശിക്ഷാനടപടികൾ തടയാനുമാണിത്. ബൈഡനും ബ്ലിങ്കനും, മാനുഷിക സഹായ പ്രമേയങ്ങൾ പോലും വീറ്റോ ചെയ്തുകൊണ്ട്, റാഫ ക്രോസിംഗിന് കുറുകെ ഏതാനും ട്രക്കുകളുടെ ഒലീവ് ചില്ല നീട്ടിക്കൊണ്ട്. അവിടെ പോലും ഇസ്രയേലിന്റെ ബോംബുകൾ പതിച്ചു.
നവജാതശിശുക്കൾക്ക് ഇൻക്യൂബേറ്ററുകൾ നഷ്ടപ്പെടാനും കുട്ടികൾ മരിക്കാനും ഇസ്രായേൽ കാരണമായതിന് ശേഷം, അൽ-ഷിഫ ഹോസ്പിറ്റലിലെ നവജാതശിശുക്കളെ ഒഴിപ്പിക്കുമെന്ന ഇസ്രായേൽ നടത്തിയ പ്രസ്താവന ഉൾപ്പെടെ, ഇവിടെ ധാരാളം വിരോധാഭാസം കാണാം. നവജാതശിശുക്കളെ ഒഴിപ്പിക്കാൻ അനുവദിക്കുമെന്ന് പറയുന്നത് പോലും ഒരു വിചിത്ര തമാശയാണ്. കാരണം, അവർ ആശുപത്രിയിൽ നിന്ന് പുറത്തുപോകാൻ ശ്രമിക്കുന്നവർക്ക് നേരെ വെടിയുതിർക്കുന്നു, ആശുപത്രിയിൽ ബോംബെറിയുന്നു. ആശുപത്രിയിൽ അനങ്ങുന്ന എന്തിനു നേരെയും വെടിവെക്കുന്നു. എക്‌സ്, ടെലിഗ്രാം, അൽ-ജസീറ എന്നിവയിലെ റിപ്പോർട്ടുകളിൽ സ്‌നൈപ്പർമാർ ഡോക്ടർമാരെ ജനലിലൂടെ വെടിവയ്ക്കുകയാണെന്നും ആശുപത്രിക്കു നേരെ മോർട്ടാർ ഉപയോഗിച്ച് ഷെല്ലാക്രമണം നടത്തുകയാണെന്നും പരാമർശിക്കുന്നുണ്ട്.
തങ്ങൾ കാണുന്ന ഈ ഭയാനകദൃശ്യങ്ങളിൽ ഞെട്ടിപ്പോയ സാധാരണ പൗരന്മാർ യുഎസിലും യുകെയിലും യൂറോപ്പിലും വലിയ പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ട്, എന്നാൽ ബിഡനും അദ്ദേഹത്തിന്റെ ജൂത സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കനും തങ്ങളുടെ നിലപാട് തുടരുമെന്നും, ഇസ്രയേലിന്റെ ലക്ഷ്യങ്ങൾ നേടും വരെ നെതന്യാഹുവിനെ വംശഹത്യ തുടരാൻ അനുവദിക്കുമെന്നും വ്യക്തമാണ്. ആവശ്യമെങ്കിൽ മാസങ്ങളോളം. രക്തം വെള്ളത്തേക്കാൾ കട്ടിയുള്ളതായിരിക്കുമെന്ന് ’ബിബി’ പ്രതീക്ഷിക്കുന്നു: ഈജിപ്ത് ഒടുവിൽ അനുതപിക്കുമെന്നും 1948 ലെ നക്ബയുടെ ആവർത്തനമായി സിനായ് മരുഭൂമിയിൽ ഗാസക്കാരെ വരാനും താമസിക്കാനും അനുവദിക്കുമെന്നും, കാരണം ഈജിപ്തിലെ ജനകീയ അഭിപ്രായം സഹ അറബികളുടെ ജീവൻ രക്ഷിക്കാൻ അനുകൂലമാകുമെന്നും ഇസ്രായേൽ കരുതുന്നു. പലസ്തീനിൽ വംശീയ ഉന്മൂലനവും രണ്ടാമത്തെ നക്ബയും അനുവദിക്കില്ല എന്ന തത്വത്തിൽ ഉറച്ചുനിൽക്കുന്നതിനു പകരം ഈജിപ്ത് മാറിചിന്തിക്കുമെന്ന്.
യുദ്ധത്തിനില്ലെന്ന് അറബ് രാജ്യങ്ങൾ വ്യക്തമായി തീരുമാനിച്ചിട്ടുണ്ട്. വാസ്‌തവത്തിൽ, ഗാസ പ്രശ്‌നം ചർച്ചചെയ്യാൻ അടുത്തിടെ റിയാദിൽ ചേർന്ന മുസ്‌ലിം നേതാക്കളുടെ യോഗത്തിൽ ഇസ്രയേലിനുമേൽ എണ്ണ-വാതക ഉപരോധം ഏർപ്പെടുത്താൻ പോലും മുസ്‌ലിം രാഷ്ട്രങ്ങൾ തയ്യാറായില്ല. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടെലിവിഷൻ പ്രസംഗത്തിൽ ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റല്ല യുദ്ധത്തിൽ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ ഇസ്രായേലുമായി യുദ്ധം ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാനും വ്യക്തമാക്കി.
അപ്പോൾ പലസ്തീനികളുടെ ഭാവി എന്താണ്? അവരുടെ ഭൂമി മുഴുവൻ നഷ്ടപ്പെടുമെന്ന് വ്യക്തമാണ്. അവർക്കുവേണ്ടി ആരും പോരാടില്ല. ആരും വേണ്ടത്ര ശക്തരല്ല അല്ലെങ്കിൽ അതിന് തയ്യാറല്ല. ഇസ്രയേലുമായി യുദ്ധം ചെയ്ത് സംഘർഷം വ്യാപിപ്പിക്കരുതെന്ന് മറ്റ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി പേർഷ്യൻ ഗൾഫിലേക്ക് രണ്ട് വിമാനവാഹിനി സംഘങ്ങളെ അയച്ച അമേരിക്കയെ എല്ലാവർക്കും ഭയമാണ്.
അതിനാൽ, ഇസ്രായേൽ പലസ്തീനികളെ കൊലപ്പെടുത്തുന്നത് തുടരും. അമേരിക്കയും സൗദിയും നൽകുന്ന തക്കതായ കൈക്കൂലി കൈപ്പറ്റിയ ശേഷം പലസ്തീൻകാരെ സിനായ് മലയിൽ കുടിയിരുത്താം എന്ന് ഈജിപ്ത് സമ്മതിക്കുന്നതിനു മുൻപായി, സമാനമായ സാമ്പത്തിക ആനുകൂല്യങ്ങൾ കൈപ്പറ്റിക്കൊണ്ടു ജോർദാൻ വെസ്റ്റ് ബാങ്കിൽ 30 ലക്ഷം പലസ്തീൻകാരെ താമസിപ്പിക്കാം എന്ന് സമ്മതിക്കുന്നതിനു മുൻപായി, പത്തുലക്ഷത്തിന്റെ പകുതിയോ മുക്കാലോ പലസ്തീൻകാരെ ഇസ്രായേൽ കൊന്നൊടുക്കാനാണ് സാധ്യത.
ഇത് പലസ്തീനികളെ ഏതവസ്ഥയിലാണ് എത്തിക്കുന്നത്? ഏകദേശം 12 ദശലക്ഷത്തോളം ആളുകൾ രാജ്യരഹിതരാകും. തങ്ങൾക്കു മേൽ ഏറ്റവും ഭയാനകമായ ആക്രമണങ്ങൾ ഉണ്ടാവുന്നതിന് അവർ സ്വയം സാക്ഷികളായിക്കഴിഞ്ഞു. അതും അമേരിക്കയുടെയും, യു.കെ. യുടെയും, യൂറോപ്പിന്റെയും പിന്തുണയോടെ. യു.കെ ഈ വിഷയത്തിൽ ജനകീയ പ്രതിഷേധങ്ങൾ നിരോധിക്കാൻ പോലും ശ്രമിച്ചു. ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ തങ്ങളുടെ ടെലിവിഷൻ സ്‌ക്രീനുകളിൽ ഇസ്രായേലിന്റെ ക്രൂരതയും പ്രാകൃതത്വവും കണ്ടു, യുഎസിന്റെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങൾ അമേരിക്കയുടെ നേതൃത്വത്തിൽ ഉചിതമായി അവരെ സഹായിക്കുന്നതും കണ്ടു. സഹായിക്കുന്നു, അത് നിരാശരായ, കുടുങ്ങിപ്പോയ ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കുന്നതിന് പോലും തടയിട്ടു.
അങ്ങനെ ഹ്രസ്വകാലാടിസ്ഥാനത്തിൽ, എല്ലാ പലസ്തീനികളെയും പുറത്താക്കുകയോ കൊല്ലുകയോ ചെയ്താൽ, ഇസ്രായേലിന് സമാധാനമുണ്ടാകും. എന്നാൽ അവർക്കെതിരെ ആഗോളതലത്തിൽ കടുത്ത രോഷം പുകയുന്നതിനാൽ ഈ സമാധാനം അല്പായുസ്സായിരിക്കും. തീർച്ചയായും, മധ്യപൂർവദേശത്തെ നട്ടെല്ലില്ലാത്ത രാഷ്ട്രങ്ങൾ ഇസ്രായേലുമായി യുദ്ധം ചെയ്യാൻ സാധ്യതയില്ല. പലസ്തീൻ പ്രശ്നം അടക്കം ചെയ്തുകഴിഞ്ഞാൽ, അവരെല്ലാം ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കും.
എന്നാൽ പുതിയ തീവ്രവാദ പ്രസ്ഥാനങ്ങൾ ആരംഭിക്കും. ഹമാസ് നശിപ്പിക്കപ്പെടാം, പക്ഷേ അത് കേവലം ഒരു സംഘടനയല്ല. ഹമാസ് ഒരു ആശയമാണ്, ആശയങ്ങൾ മരിക്കുന്നില്ല. ഈ വംശഹത്യയെ പ്രാപ്തമാക്കിയ യുഎസിനെതിരായ പ്രതികാരത്തിനുള്ള ശക്തമായ ദാഹത്തോടെ, കൂടുതൽ ക്രൂരതയോടും അക്രമോത്സുകതയോടും പ്രതീകാത്മകതയോടും കൂടി ഒരു പുതിയ പേരിൽ അത് വീണ്ടും പ്രത്യക്ഷപ്പെടും – കാരണം, ഇസ്രായേലിന് അമേരിക്കയുടെ ശക്തമായ സൈനിക, നയതന്ത്ര പിന്തുണയില്ലായിരുന്നെങ്കിൽ, കുറഞ്ഞത് ചില അറബ് രാജ്യങ്ങളെങ്കിലും പലസ്തീനികൾക്കുവേണ്ടി ഇസ്രായേലുമായി യുദ്ധം ചെയ്യുമായിരുന്നു, ഇത് ഇസ്രായേലിന് കാര്യങ്ങൾ വളരെ ബുദ്ധിമുട്ടുള്ളതും ചെലവേറിയതുമാക്കി മാറ്റുമായിരുന്നു. ഈ പുതിയ സംഘടനകൾക്ക് ഹമാസിനേക്കാൾ വിശാലമായ ഒരു അജണ്ട ഉണ്ടായിരിക്കും, കാരണം അവർ ഹമാസ് പിന്തുടരുന്ന ഇടുങ്ങിയ ഭൂമിശാസ്ത്രപരമായ പ്രശ്നത്തേക്കാൾ കൂടുതൽ പൊതുവായതും ആഗോളവും പാശ്ചാത്യ വിരുദ്ധവും ക്രിസ്ത്യൻ വിരുദ്ധവും യഹൂദ വിരുദ്ധവുമായ ഒരാശയപശ്ചാത്തലമാവും പിന്തുടരുക. ഇത് അവരെ ഹമാസിനെക്കാൾ അപകടകാരികളാക്കും. പാശ്ചാത്യരോടുള്ള പൊതുവായ വിദ്വേഷത്തിൽ അവർ ഐസിസിന്റെയോ അൽ-ഖ്വയ്ദയുടെയോ ലൈനിൽ ആയിരിക്കും. അവരെ സംബന്ധിച്ചിടത്തോളം, ഹമാസ് പലസ്തീനിനും ഉപരിയായ ഒരു ശക്തമായ, ടോട്ടമിക് (പവിത്ര വസ്തു) ആയ, ഇസ്ലാമിന്റെ വലിയ ലക്ഷ്യത്തിനായുള്ള രക്തസാക്ഷിയും ആയിത്തീരും. നിങ്ങൾ ഇന്ന് ഹമാസ് സംഘടനയെ ഭൗതികമായി നശിപ്പിച്ചേക്കാം, പക്ഷേ നിങ്ങൾക്ക് ഒരിക്കലും ആ ടോട്ടം (പവിത്ര വസ്തു എന്ന സ്‌ഥാനം) ഇല്ലാതാക്കാൻ കഴിയില്ല.
ഈ ഭീകരർ അമേരിക്കൻ സോഫ്റ്റ് ടാർഗെറ്റുകളെ ലക്ഷ്യമിടുകയും, സ്വയം പൂട്ടിയിട്ടിരിക്കുന്ന ഇസ്രായേൽ എന്ന ജയിലിന്റെ സുരക്ഷയ്ക്ക് പുറത്ത് കടക്കുന്ന ഇസ്രായേലികളെ ലക്ഷ്യം വെക്കുകയും ചെയ്യും. 9/11 തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭീകര സംഭവമാണെന്ന് കരുതിയവർക്ക്, അവർ അത്തരം നിരവധി അക്രമാസക്തമായ ആഘാതങ്ങൾ ഇനിയും നൽകും.
അടിസ്ഥാനപരമായി, മുസ്ലീങ്ങൾ ഒരു വശത്തും ക്രിസ്ത്യാനികളും ജൂതന്മാരും മറുവശത്തും നിന്നുകൊണ്ടുള്ള ശത്രുത ഒരിക്കലും തീരാത്തതും നന്നാക്കിയെടുക്കാൻ പറ്റാത്തതുമാക്കി മാറ്റുകയാണ് അമേരിക്കയും ഇസ്രായേലും പാശ്ചാത്യരാജ്യങ്ങളും ചെയ്തത്.
പലസ്തീനികൾക്കെതിരെ അമേരിക്കയുടെയും ഇസ്രായേലിന്റെയും പക്ഷം ചേർന്ന അഴിമതിക്കാരായ സ്വന്തം നേതാക്കളെയും ഈ പുതിയ ഭീകരർ ലക്ഷ്യമിടും. അറബ് ലോകത്ത് പാശ്ചാത്യ ചായ്‌വുള്ള നേതാക്കളുടെ കൊലപാതകങ്ങളുടെ ഒരു തരംഗമുണ്ടാകും. അറബ് രാജ്യങ്ങൾ ഡബിൾ ഗെയിം കളിക്കാൻ നിർബന്ധിതരാകും – യുഎസിന്റെ രോഷം ഒഴിവാക്കാൻ പരസ്യമായി വാഷിംഗ്ടണിനൊപ്പം, എന്നാൽ സ്വന്തം ജീവൻ രക്ഷിക്കാൻ ഈ ഭീകര സംഘടനകളെ സ്വകാര്യമായി സഹായിക്കുകയും ധനസഹായം നൽകുകയും ചെയ്യുക. മുമ്പത്തെപ്പോലെ, കൊലപാതകം എന്ന വൃത്തികെട്ട ജോലി ചെയ്യുന്നത് മിഡിൽ ഈസ്റ്റിലെ എണ്ണ സമ്പന്ന രാജ്യങ്ങളിൽ നിന്നുള്ളവരായിരിക്കില്ല, മറിച്ച് പട്ടിണിയും ദാരിദ്ര്യവും കുത്തിനിറച്ചുവെച്ച ദേഷ്യവും അല്ലാതെ മറ്റൊന്നുമില്ലാത്ത ദരിദ്രരായ, നിരാശരായ മുസ്ലീം ജനങ്ങളിൽ നിന്നുള്ളവരായിരിക്കും – പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സുഡാൻ, സൊമാലിയ തുടങ്ങിയവ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ. സൗദി രാജകുടുംബവുമായും, ബിൻ ലാദൻ ഗ്രൂപ്പുമായും ബന്ധുതയുണ്ടായിട്ടും അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഈജിപ്ത്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ആളുകളെ ഉപയോഗിച്ച് ആഗോള ഭീകരസാമ്രാജ്യത്തെ സാമ്രാജ്യത്തെ, സ്വന്തം ബാങ്കിലെ പണം കൊണ്ട് പടുത്തുയർത്തിയ ഒസാമ ബിൻ ലാദന്റെ ഉദാഹരണം നാം ഓർക്കണം.
ഞാൻ മറ്റൊരിടത്ത് വിശദീകരിച്ചതുപോലെ, വാഷിംഗ്ടണിന്റെ സാമ്പത്തിക സ്ഥിതി വഷളാകുന്നതിനാൽ വരും വർഷങ്ങളിൽ കാര്യങ്ങൾ കൂടുതൽ വഷളാകും. സാമ്പത്തിക തകർച്ചയുടെ അവസാന ഘട്ടത്തിലാണ് അമേരിക്ക, ഇന്നത്തെ പോലെ ശക്തമായ ഒരു സൈന്യമോ ആഗോള സൈനിക സാന്നിധ്യമോ ഇനി അധികനാൾ അമേരിക്കക്കു താങ്ങാനാവില്ല. ഇസ്രായേലിന്റെ പ്രതിരോധത്തിനായി ഓരോ വർഷവും നൽകുന്ന 3.8 ബില്യൺ ഡോളർ വെട്ടിക്കുറയ്ക്കാൻ അവർ നിർബന്ധിതരാകും. യുഎസിൽ നിന്നുള്ള പണം വറ്റിവരളുന്നതോടെ, ഭീകരരെ അകറ്റി നിർത്താൻ ഇസ്രയേൽ കൂടുതൽ ബുദ്ധിമുട്ടും, ഇസ്രയേലിനെതിരായ ആക്രമണം വർദ്ധിക്കുകയും, ഒടുവിൽ ഇസ്രായേൽ ഒരു രാജ്യമെന്ന നിലയിൽ നശിപ്പിക്കപ്പെടുകയും ചെയ്യും. ഇസ്രയേലിന്റെ ദൗർബല്യം കണ്ട് അന്ന് അവസരം കാത്തിരിക്കുന്ന അറബ് രാഷ്ട്രങ്ങൾ 1967ലെ പോലെ ഒരിക്കൽ കൂടി ഇസ്രയേലിനെ ആക്രമിക്കും. എന്നാൽ ഇത്തവണ, ദുർബലമായ ഇസ്രായേലിനെതിരെ അവർ വിജയിക്കും.
അപ്പോൾ, അവർ കഴിഞ്ഞകാല പാപങ്ങളെല്ലാം ഓർക്കും.
‘ബിബി’യുടെ ഫലസ്തീൻ വംശഹത്യയുടെ ഫലം ഇതായിരിക്കും: അടുത്ത 10-20 വർഷത്തിനുള്ളിൽ ഇസ്രായേൽ ജനതയുടെ വംശഹത്യ.
ഈ ലേഖനം medium.com-ൽ പ്രസിദ്ധീകരിച്ചതാണ്.
Related Posts
- ഗാസയിലെ ആശുപത്രി സ്ഫോടനത്തിന്റെ ഉത്തരവാദി ആരാണ്? എന്താണ് വാസ്തവമെന്നു കണ്ടെത്തൽ ദുഷ്കരമാവുന്നത് എന്തുകൊണ്ട്?
- What’s the Real Story on Biden, Hamas and the India-UAE Economic Corridor?
- The India-UAE-Europe Economic Corridor and Hydrocarbon Factor in Palestine Region
- हाइड्रोकार्बन की खोज गाजा क्षेत्र में युद्ध का महत्त्वपूर्ण फैक्टर
To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.