A Unique Multilingual Media Platform

The AIDEM

Articles Development National Social Justice Society

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗവും റൂസയുടെ നഷ്ട സുഗന്ധവും | ഭാഗം 02

  • February 9, 2024
  • 1 min read
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗവും റൂസയുടെ  നഷ്ട സുഗന്ധവും | ഭാഗം 02

കേരളത്തിലെ വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് ഉന്നത വിദ്യാഭ്യാസ രംഗത്തെ പലതരത്തിലുള്ള ന്യൂനതകളും പരിമിതികളുമാണ്. ഈ സ്ഥിതി വിശേഷം മാറ്റാൻ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ ശ്രമിച്ചിട്ടുണ്ടെങ്കിലും പല സുപ്രധാന മേഖലകളിലും നോട്ട പിശകും അലംഭാവവും നടമാടുക തന്നെ ചെയ്യുന്നു.

കേന്ദ്ര സർക്കാർ 2009 മുതൽ മുന്നോട്ടു നീക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായ രാഷ്ട്രീയ ശിക്ഷാ അഭിയാൻ പദ്ധതി (റൂസ) കൃത്യമായ രീതിയിൽ സംസ്ഥാനത്ത് നടപ്പാക്കുന്നതിൽ സംഭവിച്ച വീഴ്ചയിലേക്കും അത് കാരണം ഉണ്ടായ നഷ്ടങ്ങളിലേക്കും വിരൽ ചൂണ്ടുകയാണ് കേരള-കേന്ദ്ര സർവകലാശാലയിലെ പ്രൊഫസറും വിദ്യാഭ്യാസ ഗവേഷകനുമായ അമൃത് ജി കുമാർ. രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന ലേഖനത്തിന്റെ അവസാന ഭാഗം ഇവിടെ വായിക്കാം.


റൂസയുടെ കീഴിൽ മെച്ചപ്പെട്ട സാമ്പത്തിക സഹായമാണ് കേരളത്തിന് ലഭിച്ചിട്ടുള്ളത്. 2013 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ 25,997 കോടി രൂപയുടെ സഹായമാണ് റൂസയുടെ ഭാഗമായി കേരളത്തിന് ലഭ്യമായിട്ടുള്ളത്. ഗുജറാത്ത്, പഞ്ചാബ്, ബീഹാർ തുടങ്ങിയ പ്രമുഖമായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ വലിയ തുകയാണ് ഇതെന്നും മനസ്സിലാക്കണം. മാത്രവുമല്ല വിദ്യാഭ്യാസ രംഗത്ത് എൻറോൾമെൻറ് വളരെ കുറവുള്ള പല സംസ്ഥാനങ്ങളേക്കാൾ കൂടുതൽ പണം കേരളത്തിന് റൂസയുടെ ഭാഗമായി കിട്ടിയിട്ടുണ്ട്.

റൂസയുടെ ഭാഗമായി സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര ധനസഹായം (2013 മുതൽ 2023 വരെയുള്ള കണക്ക്)/ Source: RUSA 2023, Government of India

വിദ്യാഭ്യാസ രംഗത്തെ എൻറോൾമെന്റ് കേരളത്തിൻ്റെതുമായി തട്ടിച്ചു നോക്കുമ്പോൾ വളരെ പുറകിൽ നിൽക്കുന്ന സംസ്ഥാനങ്ങളാണ് ത്രിപുര, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മിസോറാം, മേഘാലയ, ബീഹാർ, മണിപ്പൂർ, ഹരിയാന, തെലുങ്കാന,  പഞ്ചാബ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ. ഈ സംസ്ഥാനങ്ങളെക്കാൾ ഒക്കെ ഉയർന്ന തുക ലഭിച്ചിരിക്കുന്നത് കേരളത്തിലാണ് എന്ന് മുകളിൽ കൊടുത്തിട്ടുള്ള ഗ്രാഫിൽ നിന്ന് വ്യക്തമാണ്.

ആസ്സാമിലെ ഗുരുചരൺ കോളേജിൽ റൂസ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടത്തിന് തറക്കല്ലിടുന്ന നഗര വികസ വകുപ്പ് മന്ത്രി അശോക് സിംഗാൾ

പൊതുവേ പറയുമ്പോൾ റൂസ ദേശീയ തലത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുത്തുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കോളേജുകൾ യൂണിവേഴ്സിറ്റികൾ എന്നിവ വർദ്ധിപ്പിക്കുന്നതിനും റൂസയുടെ സ്വാധീനം വളരെ വ്യക്തമാണ്. എന്നാൽ റൂസ മുൻപോട്ട്  വെച്ച എല്ലാ ലക്ഷ്യങ്ങളെയും സാധൂകരിക്കുന്നതിൽ ഫണ്ട് ഉപയോഗിക്കപ്പെട്ടിട്ടില്ല എന്ന് കാണാൻ സാധിക്കും. പ്രധാനമായും റൂസയുടെ ഫണ്ട് ഉപയോഗിക്കപ്പെട്ടത് പുതിയ കോളേജുകൾ സർവകലാശാലകൾ എന്നിവ സ്ഥാപിക്കുന്നതിലും, നിലവിലെ കോളേജുകളെ യൂണിവേഴ്സിറ്റികളും ഓട്ടോണമസ് കോളേജുകളും ആക്കി മാറ്റുന്നതിനുമാണ്. അടിസ്ഥാന ലക്ഷ്യമായി മേൽപ്പറഞ്ഞ 18 കാര്യങ്ങളിൽ പല കാര്യങ്ങൾക്കും വേണ്ട പ്രസക്തി കിട്ടിയില്ല എന്നുള്ളത് വാസ്തവമാണ് എന്ന് നമുക്ക് കാണാൻ സാധിക്കും. താഴെ പറയുന്ന ഗ്രാഫിൽ നിന്ന് ഇത് വളരെ വ്യക്തമാണ്.

റൂസ ഗ്രാൻഡ് ഉപയോഗിച്ചിരിക്കുന്ന പ്രധാനപ്പെട്ട മേഖലകൾ/ Source: RUSA 2023, Government of India.

പദ്ധതി നടപ്പാക്കിയതിനു ശേഷം 170 യൂണിവേഴ്സിറ്റികളാണ് 2013 മുതൽ 2021 വരെ ഉള്ള കാലയളവിൽ ഇന്ത്യയിൽ വർദ്ധിച്ചിട്ടുള്ളത്. ഇതോടൊപ്പം തന്നെ 1288 ഗവർമെൻറ് കോളേജുകളും 443 ഗവർമെൻറ് എയ്ഡഡ് കോളേജുകളും 2013 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ സ്ഥാപിതമായിട്ടുള്ള മുഴുവൻ യൂണിവേഴ്സിറ്റികളും കോളേജുകളും റൂസ ഫണ്ടിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് എന്ന് പറയാൻ സാധിക്കില്ല എങ്കിലും ഇതിലെ സിംഹഭാഗവും റൂസ ഫണ്ടിന്റെ അടിസ്ഥാനത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ് എന്ന് കാണാൻ സാധിക്കും. ഇതിലൊക്കെ പ്രധാനമായി കാണേണ്ടത് ഇന്ത്യയിൽ എമ്പാടും കോളേജുകളും യൂണിവേഴ്സിറ്റികളിലും ഉണ്ടായിട്ടുള്ള എൻറോൾമെൻറ് വർദ്ധനവാണ്. 2013 മുതൽ 2021 വരെ സംസ്ഥാനങ്ങളിൽ ഉണ്ടായിട്ടുള്ള എൻറോൾമെന്റ് വർദ്ധന താരതമ്യം ചെയ്യുന്ന ഗ്രാഫ് ആണ് താഴെക്കടുത്തിരിക്കുന്നത്. 

ഗ്രോസ് എൻറോൾമെൻറ് റേഷ്യോയുടെ താരതമ്യം /Source: AISHE 2012-13 and 2020- 2021

പ്രഖ്യാപിത ലക്ഷ്യങ്ങളായ യൂണിവേഴ്സിറ്റികൾ കോളജുകൾ എന്നിവ പുതുതായി നിർമ്മിക്കുന്നതിലും രാജ്യത്തൊട്ടാകെയുള്ള ഉന്നത വിദ്യാഭ്യാസ എൻറോൾമെൻറ്  വർദ്ധിപ്പിക്കുന്നതിലും റൂസയുടെ പങ്ക് വളരെ നിസ്തുലമാണ് എന്ന് കാണാൻ സാധിക്കും. പ്രഖ്യാപിതമായിട്ടുള്ള മറ്റു ലക്ഷ്യങ്ങളിൽ എത്ര കണ്ട് മുൻപോട്ടു പോയി എന്നുള്ള കാര്യത്തിൽ ചർച്ചകൾ ആവശ്യമാണെങ്കിൽ കൂടി ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രാപ്യത എന്ന ലക്ഷ്യത്തിലേക്ക് ഒരു പരിധി വരെയെങ്കിലും നീതിപുലർത്തുന്നതിൽ റൂസ് വിജയിച്ചു എന്ന് കാണാൻ സാധിക്കും. എന്നാൽ ഇത് ചില തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ എത്ര കണ്ട് ഉപയോഗിക്കപ്പെട്ടു എന്നുള്ള കാര്യത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമായി വരുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് കേരളത്തിന്റെ കാര്യമാണ്. 

സവിശേഷമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം 2016 ഓടുകൂടി കേരളത്തിന്റെ ഗ്രോസ് എൻറോൾമെൻറ് റേഷ്യോ 30.8 ആവുന്നുണ്ടെങ്കിൽ 2016ലേക്ക് എത്തുമ്പോൾ ഇത് 26.4 ആയി  താഴേക്ക് പോകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇതിൻറെ കാരണങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിന് സവിശേഷമായ പഠനങ്ങളും ഗവേഷണങ്ങളും ആവശ്യമാണ്. 30.8 എന്ന ഗ്രോസ് എൻറോൾമെൻറ് റേഷ്യോയിൽ നിന്ന് താഴേക്ക് പോയ കേരളത്തിൻറെ ഗ്രോസ് എൻറോൾമെന്റേ് റേഷ്യോ 30ന് മുകളിലേക്ക് എത്തുന്നതിന് 2020-21 കാലഘട്ടം വരെ കാത്തിരിക്കേണ്ടി വന്നു എന്നുള്ളതാണ് വാസ്തവം. അതായത് റൂസയുടെ സാമ്പത്തിക സഹായം ഏറ്റവും ശക്തമായി ലഭിച്ചിരുന്ന കാലഘട്ടത്തിൽ കേരളത്തിന്റെ ഗ്രോസ് എൻറോൾമെൻ്റ് റേഷ്യോയിൽ ഒരു ഇടിവ് ഉണ്ടായിരിക്കുന്നു. എന്നാൽ ഈ ഒരു ട്രെൻഡ് ദേശീയ തലത്തിൽ കാണാൻ സാധിക്കുന്നില്ല. 2016ൽ 20.2 എന്ന ഗ്രോസ് എൻറോൾമെൻറ് റേഷ്യോയിൽ നിന്ന് ദേശീയ തലത്തിൽ 24.3ലേക്ക് 2016-17 കാലഘട്ടങ്ങളിൽ വർധിക്കുന്നുണ്ട്. ഇതിൽ നിന്ന് പ്രത്യക്ഷത്തിൽ മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം ഗ്രാൻഡ് ലഭ്യമായിരുന്ന കാലഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രാപ്യത ഉറപ്പാക്കുന്നതിൽ കേരളത്തിൻറെ വിദ്യാഭ്യാസ വ്യവസ്ഥ പരാജയപ്പെട്ടു എന്നാണ്. റൂസ ആരംഭിക്കുന്ന കാലഘട്ടത്തിൽ ദേശീയ ശരാശരിയെക്കാൾ വളരെ ഉയരത്തിൽ അതായത് 24.9 (ദേശീയ ശരാശരി ആ സമയത്ത് 19.7 ആയിരുന്നു) നിൽക്കുമ്പോൾ ആ മെച്ചപ്പെട്ട അവസ്ഥയെ ഉപയോഗിച്ചുകൊണ്ട് 2020 ആകുമ്പോഴേക്ക് ഗ്രോസ് എൻറോൾമെൻറ് റേഷ്യോ ഒരു 50%ലേക്ക് എത്തിക്കുന്നതിനുള്ള വലിയ സാധ്യത കേരളത്തിൻറെ ഉന്നത വിദ്യാഭ്യാസ രംഗം കളഞ്ഞു കുളിച്ചു എന്ന് കാണാൻ സാധിക്കും. നിലവിലുള്ള കോളേജുകൾ വിപുലീകരിച്ചുകൊണ്ട് കോളജുകളിലെ എൻറോൾമെന്റ് കൂട്ടുന്നതിനുള്ള വലിയ സാധ്യതകളും ഇതുവഴി നഷ്ടപ്പെടുകയുണ്ടായി. 2013-14 കാലഘട്ടങ്ങളിൽ കേരളത്തിലെ കോളജുകളിലെ ശരാശരി എൻറോൾമെന്റ് റേഷ്യോ 585 ആയിരുന്നു. എന്നാൽ ഇത് 2020-21 ആകുമ്പോഴേക്കും 531 എന്നതിലേക്ക്  കുറയുകയാണ് ഉണ്ടാവുന്നത്. താഴെ കൊടുത്തിരിക്കുന്ന പട്ടിക കാര്യങ്ങൾ കൂടുതൽ വിശദമാക്കും.

കോളേജുകളിലെ ശരാശരി എൻറോൾമെൻറ് കണക്ക്

നേരത്തെ സൂചിപ്പിച്ചതുപോലെ തന്നെ 2013-14 കാലഘട്ടത്തിൽ ശരാശരി 585 പേർ ഒരു കലാലയത്തിൽ പഠിക്കുമ്പോൾ തൊട്ടടുത്ത വർഷം അത് 517 ആയി താഴേക്ക് പോവുകയാണ് ഉണ്ടാവുന്നത്. കേരളത്തിലെ 2013-14 കാലഘട്ടങ്ങളിൽ ഉണ്ടായിരുന്ന കോളേജുകളുടെ എണ്ണം 1064 ആണ്. എന്നാൽ കോളജുകളുടെ എണ്ണം 2020-21 കാലഘട്ടം ആകുമ്പോഴേക്കും 1448 ആയി വർധിക്കുന്നുണ്ട്. ഓരോ കോളേജിനും ശരാശരി 1000 മുതൽ 3000 വരെയുള്ള വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ സാധിക്കുമെന്നിരിക്കേ 2013-14ലെ 585ൽ നിന്ന് 2020-21 ആകുമ്പോഴേക്കും ശരാശരി എൻറോൾമെന്റ് ആയിരത്തിലധികം വർദ്ധിച്ചിരുന്നുവെങ്കിൽ കേരളത്തിൻറെ ഗ്രോസ് എൻറോൾമെന്റ് റേഷ്യോ 2020-21 ആകുമ്പോഴേക്കും 50ശതമാനത്തിൽ അധികമായി മാറിയേനേ. എന്നാൽ ഇത് ഉണ്ടായില്ല എന്ന് മാത്രമല്ല ഒരു സ്ഥാപനത്തിൽ ഉൾക്കൊള്ളിക്കാൻ പറ്റാവുന്ന വിദ്യാർത്ഥികളുടെ ശരാശരി എണ്ണം വർദ്ധിപ്പിക്കുന്ന രീതിയിൽ നിലനിൽക്കുന്ന കോളേജുകളെ വികസിപ്പിക്കുന്നതിൽ ഫണ്ടുകൾ നേരാംവണ്ണം വിനിയോഗിക്കാൻ സംസ്ഥാനത്തിന് സാധിച്ചില്ല. കോളേജുകളിൽ ശരാശരി ഉൾക്കൊള്ളിക്കാൻ പറ്റുന്ന വിദ്യാർത്ഥികളുടെ എണ്ണം ക്രമാതീതത്തിലധികം ആകുമ്പോഴാണ് സാധാരണയായി പുതിയ കോളേജുകൾ ആവശ്യമായി വരുന്നത്. എന്നാൽ 2013-14 കാലഘട്ടത്തിലെ ശരാശരിയായ 585ൽ നിന്ന് 2020-21 ആകുമ്പോഴേക്കും 531 ആയി വിദ്യാർത്ഥികളുടെ കോളേജുകളിലെ ശരാശരി അംഗസംഖ്യ കുറയുകയും എന്നാൽ കോളേജുകളുടെ എണ്ണം ഈ കാലഘട്ടത്തിലേക്ക് ഏതാണ്ട് 400ന് അടുത്ത് വർദ്ധിക്കുകയും ചെയ്യുന്നു. 

ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് വിദ്യാർത്ഥികൾക്ക് കൂടുതൽ എൻറോൾമെന്റുകൾ നൽകി നിലനിൽക്കുന്ന കോളേജുകളെ കൂടുതൽ പ്രബലവും ശക്തവും ആക്കുന്നതിന് പകരം പുതിയ കോളേജുകൾ (അതിൽ കൂടുതലും സ്വാശ്രയ മേഖലയിലാണ് എന്ന് മനസ്സിലാക്കുക) ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ പുതുതായി തുടങ്ങിയ കോളേജുകൾ സ്വാശ്രയ കോളജുകൾ ആണെന്നിരിക്കെ റൂസയുടെ ഗ്രാൻ്റ് പുതിയ പെതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനു വേണ്ടി ഉപയോഗിക്കപ്പെട്ടില്ല എന്നുള്ളത് വ്യക്തമാവുകയാണ്. കോളേജുകളിൽ എൻറോൾമെന്റിനുള്ള ശേഷി വർദ്ധിപ്പിക്കപ്പെടാതിരിക്കുന്ന സാഹചര്യത്തിൽ ഈ ഗ്രാൻ്റ് ഏത് വിധത്തിലാണ് ഉപയോഗിക്കപ്പെട്ടത് എന്നുള്ളത് കൂടുതൽ പഠനങ്ങൾക്കും വിശകലനങ്ങൾക്കും വിധേയമാകേണ്ടതുണ്ട്. കേരളത്തിലെ റൂസ ഫണ്ടിന്റെ വിനിയോഗം അതിന്റെ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഓഡിറ്റിങ്ങിന് വിധേയമാക്കപ്പെടേണ്ടതുണ്ട്.

കേരളത്തിലെ കോളേജുകളിലെ റൂസ ഗ്രാൻ്റ് വിനിയോഗം

ഈ ഫണ്ട് വിനിയോഗിച്ചു കൊണ്ട് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിയും കോളേജുകളുടെ മോടി പിടിപ്പിക്കലും നടത്തുക എന്നുള്ളതിനപ്പുറത്തേക്ക് പ്രഖ്യാപിത ലക്ഷ്യങ്ങൾ ആയിട്ടുള്ള എൻറോൾമെന്റ് വികസനത്തിലേക്ക് സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിച്ചില്ല. ഇതിനുവേണ്ടി ഗ്രാൻ്റ് അലോട്ട് ചെയ്യേണ്ട ഉത്തരവാദിത്വമുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇത്തരത്തിൽ പുതിയ സ്ഥാപനങ്ങൾ തുടങ്ങി എൻറോൾമെന്റ് വർദ്ധിപ്പിക്കുന്നതിനും നിലനിൽക്കുന്ന സ്ഥാപനങ്ങളെ വികസിപ്പിക്കുന്നതിനും വേണ്ട നടപടികൾക്ക് പകരം മാനേജ്മെന്റുകൾക്കും ഗവർമെൻറ് കോളേജുകൾക്കും പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കി കൊടുക്കുകയായിരുന്നു.

കേരളത്തിലെ കോളേജുകളിലെ റൂസ ഗ്രാൻ്റ് വിനിയോഗം

ചുരുക്കി പറഞ്ഞാൽ കേരളത്തിൽ റൂസ ഗ്രാൻ്റ് മരാമത്ത് പണികൾ നടത്തുന്നതിനും ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും വാങ്ങുന്നതിനുള്ള പ്രധാനപ്പെട്ട ഒരു ഉപാധിയായി ചുരുങ്ങിപ്പോയി. കൃത്യമായി വിനിയോഗിക്കപ്പെട്ടിരുന്നു എങ്കിൽ റൂസ ഗ്രാന്റിലൂടെ 2020-21 കാലഘട്ടത്തോടുകൂടി കേരളത്തിന് 50 ശതമാനത്തിൽ അധികം ഗ്രോസ് എൻറോൾമെന്റ് റേഷ്യോ കൈവരിക്കാൻ സാധിക്കുമായിരുന്നു. ഗ്രോസ് എൻറോൾമെന്റ് റേഷ്യോയോടൊപ്പം തന്നെ നിലനിൽക്കുന്ന സ്ഥാപനങ്ങളുടെ ഗുണനിലവാര വികസനത്തിനും അധ്യാപകരുടെ കാര്യശേഷി വികസനത്തിനും ഒക്കെയായി ഈ തുക വിനിയോഗിക്കപ്പെടുന്നതിനു പകരം കൃത്യമായ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇവ നമുക്ക് പ്രയോജനപ്പെടുത്താനായില്ല.

(അവസാനിച്ചു)


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

അമൃത് ജി കുമാർ

കേരള കേന്ദ്ര സർവ്വകലാശാലയിലെ സ്കൂൾ ഓഫ് എഡ്യൂക്കേഷനിൽ പ്രൊഫസറാണ്. വിമർശനാത്മക സിദ്ധാന്തവും വിദ്യാഭ്യാസവും, വിദ്യാഭ്യാസത്തിലെ നവലിബറൽ സ്വാധീനങ്ങൾ, വിദ്യാഭ്യാസ നയ വിശകലനം എന്നീ മേഖലകളിൽ പഠന ഗവേഷണങ്ങൾ നടത്തുന്നു. ആനുകാലികങ്ങളിലെ പംക്തികളിലൂടെ എഴുത്തിന്റെ മേഖലയിലും സജീവമാണ്.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Zahira Rahman
Zahira Rahman
9 months ago

Human resource development cannot be quantitatively analysed as in this report. Moreover the enrollment rate is no reflection of educational growth. Nor does it mirror innovation in knowledge. The complexity and long term strategies of Rusa must be explored before its worth is gauged.