A Unique Multilingual Media Platform

The AIDEM

Articles Culture Kerala

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്; അനുഭവചരിത്രം

  • October 5, 2024
  • 1 min read
സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്; അനുഭവചരിത്രം

ഒരോർമ്മപ്പുസ്തകമാണ് എൻെറ മുമ്പിലിരിക്കുന്നത്. നൂറിൽ അധികം ആളുകളുടെ മനസ്സിൽ വിരിഞ്ഞ, നാനാവർണ്ണങ്ങളും ഗന്ധങ്ങളും പേറുന്ന സ്മൃതിസൂനങ്ങൾ കൊണ്ട് കൊരുത്ത ഒരു പൂച്ചെണ്ട്. പലകാലത്തായി ആ വിദ്യാപീഠത്തിൽ പഠിച്ചിരുന്നവരും പഠിപ്പിച്ചിരുന്നവരും മാത്രമല്ല, അവിടെ പ്രവൃത്തിയെടുത്തിരുന്നവരും ഇതിലെഴുതിയിട്ടുണ്ട്. ആ കോളേജിൽ വിദ്യാർഥിയോ അധ്യാപകനോ അധ്യാപികയോ അല്ലാതെ, എന്നാൽ വേറെ വിധത്തിൽ ആ സ്ഥാപനത്തോട് ആത്മബന്ധം പുലർത്തിയിരുന്ന ചിലരും അവരുടെ ഓർമ്മകൾ പങ്കുവെയ്ക്കുന്നുണ്ട്. എല്ലാം കൂടി ഈ അനുഭവചരിത്രം വായനക്കാർക്ക് ഒരു പുതിയ അനുഭവമാവും എന്ന് ആദ്യമേ പറഞ്ഞുവെയ്ക്കട്ടെ.

സാമൂതിരി കോവിലകത്തെ അംഗങ്ങൾക്ക് പുതിയ ഇംഗ്ലീഷ് അധിഷ്ഠിത വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ 147 കൊല്ലം മുമ്പ് കോഴിക്കോട് തളിയിൽ പ്രവർത്തനം ആരംഭിച്ച കേരളവിദ്യാശാല ആണ് പിന്നീട് സാമൂതിരി കോളേജായും തുടർന്ന് സാമൂതിരി ഗുരുവായൂരപ്പൻ കോളേജായും പരിണമിച്ചത്. പൊക്കുന്ന് എന്നറിയപ്പെടുന്ന, നല്ല പൊക്കമുള്ള ഒരു കുന്നിൻ മുകളിലാണ് ഈ സരസ്വതീക്ഷേത്രം. പത്തു മിനിറ്റ് നടന്നാലെത്താവുന്ന സ്കൂളിലേയ്ക്ക് അച്ഛനോ അമ്മയോ കാറിൽ കൊണ്ടുവിടുന്ന, അല്ലെങ്കിൽ സ്കൂൾ ബസ്സിനെ ആശ്രയിക്കുന്ന ഇന്നത്തെ കുട്ടികൾക്ക് മനസ്സിലാക്കാൻ വിഷമമാവും, നിത്യേന കുന്നുകയറി അവിടെയെത്തിയിരുന്ന വിദ്യാവ്യസനികളുടെ തീർഥയാത്ര. ഇളം തലമുറയ്ക്ക് പിടികിട്ടാത്ത ഒട്ടേറെ ആശയങ്ങളും മൂല്യങ്ങളും അനുഭവങ്ങളും നിറഞ്ഞു കിടപ്പുണ്ട് ഈ പുസ്തകത്തിൻെറ താളുകളിൽ. ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ, കോഴിക്കോട് നഗരത്തിൽ തന്നെ, കോളേജ് വിദ്യാർഥിയായിരുന്ന എനിക്ക് ഇതിൽ വിവരിക്കപ്പെടുന്ന സംഭവങ്ങളും ഉപകഥകളുമെല്ലാം മനസാ പുനർനിർമ്മിക്കാനാവും. പ്രീഡിഗ്രി പ്രവേശനത്തിന് അപേക്ഷ കൊടുത്തപ്പോൾ ഗുരുവായൂരപ്പൻ പരിഗണിക്കാതിരുന്നത് വിഡ്ഢിത്തമായി എന്ന തോന്നൽ അന്നേ ഉണ്ടായിരുന്നു. അത് ശതഗുണീഭവിച്ചു, ഈ പുസ്തകത്തിൻെറ താളുകളിലൂടെ കടന്നു പോയപ്പോൾ. കോളേജ് പഠനകാലത്ത് ഞാൻ താമസിച്ചിരുന്ന ലോഡ്ജിൽ മൂന്നുപേർ ഗുരുവായൂരപ്പനിൽ വിദ്യാർഥികളായിരുന്നു. അവരോടൊപ്പം അവിടെ പോയിട്ടുള്ളതിൻെറ കഥ ഇന്നും മനസ്സിൽ മങ്ങാതെ സൂക്ഷിക്കുന്നുണ്ട്. ഒന്നു രണ്ടു തവണ, നേവൽ എൻ.സി.സി കാഡറ്റിൻെറ യൂണിഫോമിട്ട്, തലയിൽ വെള്ള വട്ടത്തൊപ്പി കമഴ്ത്തി, ലെഫ്റ്റ്-റൈറ്റ്-ലെഫ്റ്റ് എന്ന് ആ കുന്നു കയറാൻ ഭാഗ്യം സിദ്ധിച്ചിട്ടുമുണ്ട്.

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്; ആകാശ കാഴ്ച

രണ്ടു കൊല്ലം മുമ്പ് ഇങ്ങനെയൊരു പുസ്തകം വിഭാവനം ചെയ്തത് ഡിഡി എന്ന ദ്വ്യക്ഷരിയിലറിയപ്പെടുന്ന, മുൻ സോസ്യോളജി പ്രൊഫസർ ശ്രീമാൻ പുതുമന ദാമോദരൻ നമ്പൂതിരി ആണ്. നിർവ്വഹണത്തിൻെറ വിവിധ ഘട്ടങ്ങളിലൂടെ അതിനെ കൈ പിടിച്ചു നടത്തി, അച്ചടിയിലൂടെ സാക്ഷാത്കരിച്ചതിൻെറ ബഹുമതിയും അദ്ദേഹത്തിന് തന്നെ. പത്രാധിപസമിതിയിലെ മറ്റംഗങ്ങളുടെ പ്രയത്നം കുറച്ചുകാണിക്കാൻ പറഞ്ഞതല്ല. ഏതൊരു മഹത്സംരഭത്തിൻെറ വിജയത്തിനും അർപ്പിതചേതസ്സായി മുമ്പേ നടക്കാൻ ഒരാൾ വേണമല്ലോ. നമ്പൂതിരി അമരക്കാരനായി സൽകൃതി എഡ്യുക്കേഷണൽ ആൻഡ് കൾച്ചറൽ ട്രസ്റ്റ് എന്നൊരു ചാരിറ്റബിൾ സൊസൈറ്റി സ്ഥാപിച്ചിട്ടുണ്ട്, അതിൻെറ പ്രഥമപ്രസിദ്ധീകരണമാണ് ഇത്. പുസ്തകത്തിന് സുചിന്തിതവും സുദീർഘവുമായ ഒരവതാരിക എഴുതിയിരിക്കുന്നതും ഡിഡി തന്നെ. കോളേജിൻെറ ഒന്നര നൂറ്റാണ്ട് നീളുന്ന ചരിത്രത്തിൻെറ പിറകിലേയ്ക്ക് പോകുന്ന അവതാരികയുടെ തുടക്കത്തിൽ നിന്ന് രണ്ടു വരി ഉദ്ധരിക്കാം.

“…ആയിരത്തിലേറെ വർഷങ്ങൾ നീണ്ടു നിൽക്കുന്ന സാമൂതിരിചരിത്രം സംക്ഷിപ്തമായെങ്കിലും സ്പർശിക്കാതെ ഒന്നര നൂറ്റാണ്ടുതികയുന്ന സാമൂതിരി കോളേജിൻെറ സ്മൃതിപുസ്തകം പ്രസിദ്ധീകരിക്കുന്നത് അനുചിതവും അക്ഷന്തവ്യവുമായിരിക്കുമെന്ന് ഞങ്ങൾ കരുതുന്നു. ഈ നീണ്ട കാലത്തിൻെറ രാഷ്ട്രീയ സാമ്പത്തികമാനങ്ങൾ ആനുഷംഗികമായി സൂചിപ്പിക്കപ്പെടുമെങ്കിലും ഈ രാജവംശത്തിൻെറ സാംസ്ക്കാരിക പ്രവർത്തനവും ജ്ഞാനനിർമ്മിതിയും വിദ്യാപോഷണവും എടുത്തുപറയേണ്ടതുണ്ടെന്ന് വിശ്വസിക്കുന്നു.” സി. ഇ. 1000 മുതൽ തുടങ്ങുന്ന സാമൂതിരിചരിത്രം സംക്ഷേപിക്കുമ്പോൾ, മധ്യകാലഘട്ടത്തിൽ കേരളത്തിലെ വിവിധ വിജ്ഞാനശാഖകളിലുണ്ടായ വികാസവും അതിന് സാമൂതിരിപ്പാടന്മാർ നൽകിയ നേതൃത്വപരമായ സംഭാവനകളും വിലയിരുത്തപ്പെടുന്നുണ്ട്. അതുപോലെ, മലബാറിൽ നിലനിന്നിരുന്ന മതസൗഹാർദ്ദത്തിൻ്റെയും സാസ്കാരികബഹുസ്വരതയുടെയും അടിവേരുകൾ ചെന്നെത്തുന്നതെവിടേയെന്ന് വെളിപ്പെടുത്തുന്നുമുണ്ട്. വിദേശീയസാമ്രാജ്യശക്തികളുടെ അധിനിവേശത്തിനു ശേഷവും, കോഴിക്കോട്ടും ചുറ്റുപാടിലും ഉണർന്ന മിഷനറിമാരുടെ വിദ്യാഭ്യാസപ്ര വർത്തനങ്ങളും അവതാരികാകാരൻ കാണാതെ പോകുന്നില്ല. ചുരുക്കത്തിൽ, ഈ ഗ്രന്ഥം അർഹിക്കുന്ന, പണ്ഡിതോചിതമായ ഒരു പഠനം എന്ന് ഈ അവതാരികയെ വിശേഷിപ്പിക്കാം.

നാലു പ്രധാനവിഭാഗങ്ങളായാണ് ഇതിലെ ലേഖനങ്ങളും കുറിപ്പുകളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആദ്യഭാഗം ആദരപൂർവ്വം. മൺമറഞ്ഞ മഹാരഥന്മാർക്കുള്ള സാദരപ്രണാമം. അവരെ കുറിച്ച് മറ്റുള്ളവർ എഴുതിയ അനുസ്മരണങ്ങൾ മാത്രമല്ല, അവരിൽ ചിലരുടെ പ്രഭാഷണങ്ങൾ, ആത്മകഥയിൽ നിന്നുള്ള ഭാഗങ്ങൾ, കോളേജ് മാഗസിനിൽ എഴുതിയത് എന്നിങ്ങനെ പലതും ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് വിഭാഗത്തിൽ അധ്യാപകനും പ്രസിദ്ധശിക്കാറിയും ആയിരുന്ന എം.പി ശിവദാസമേനോന് ആദരം അർപ്പിക്കുന്നത്, അദ്ദേഹം എഴുതിയ മലബാറിലെ ശിക്കാർ എന്ന, ഇന്നു കോപ്പി ലഭ്യമല്ലാത്ത കൃതിയെ, അതിലെ തെളിമയാർന്ന ഗദ്യത്തെ വാഴ്ത്തിക്കൊണ്ട് സക്കറിയ പണ്ടെഴുതിയ ഹ്രസ്വ ആമുഖലേഖനം വള്ളിപുള്ളി വിടാതെ എടുത്തുചേർത്തുകൊണ്ടാണ്. വി.കെ. കൃഷ്ണമേനോൻറെയും വി.ആർ കൃഷ്ണയ്യരുടേയും ഇംഗ്ലീഷ് പ്രഭാഷണങ്ങൾ അതേ പടി. അപ്പുനെടുങ്ങാടി, എം.കെ വെള്ളോടി, എം.ഏ വെള്ളോടി, ബാലകൃഷ്ണൻ ഏറാടി, അക്കിത്തം, പി.പി ഉമ്മർകോയ, സി.എച്ഛ് മുഹമ്മദ് കോയ മുതൽ പേരെ കുറിച്ചുള്ള ചെറു കുറിപ്പുകൾ പത്രാധിപസമിതിയുടെ വകയാണ്. മൊത്തം 39 വിഭവങ്ങൾ ഉള്ള ഈ ഖണ്ഡത്തിൽ ഏറ്റവും ഹൃദയസ്പൃക്കായി അനുഭവപ്പെട്ടത് സസ്യശാസ്ത്രവിഭാഗത്തിലെ മുൻ പ്രൊഫസർ സമിതാവർമ്മ എഴുതിയ ആർ.വി.ആർ.ടി. എൻ്റെ അച്ഛൻ എന്ന മാനസപ്രണാമമാണ്. സുവോളജി അധ്യാപകനായിരുന്ന, നാടകവും ക്രിക്കറ്റും പ്രാണവായുവായിരുന്ന അദ്ദേഹത്തെ, അക്കാലത്തെ വിദ്യാർഥികളിൽ പലരും സ്മരിക്കുന്നുണ്ട് തുടർന്നു വരുന്ന ഭാഗത്തിൽ.

സ്മൃതി എന്ന രണ്ടാം ഭാഗം പേജ് 189 മുതൽ 440 വരെ പരന്നു കിടക്കുന്നു. ഇതിലാണ്, അനുഭവചരിത്രം സ്വന്തം വാക്കുകളിലൂടെ ചുരുളഴിയുന്നത്. കൊള്ളാം, അമ്പത്തിഅഞ്ചു പേരെ തേടിപ്പിടിച്ച് എഴുതിക്കാൻ പത്രാധിപസമിതിയ്ക്കായിട്ടുണ്ട്. ഇതിൽ പലരും ഇന്ത്യയ്ക്കു പുറത്ത് വസിക്കുന്നവരാണ് എന്നതു പ്രത്യേകം പ്രസ്താവ്യമാണ്. ആരൊക്കെയാണിവർ? മുൻ പ്രിൻസിപ്പൽ സി. വാസുദേവനുണ്ണി മാഷ് ആമുഖത്തിൽ പറയുന്നു: “…അങ്ങിനെ എത്ര, എത്ര ജീവിതങ്ങൾ. പ്രിയ കാഥികൻ ശ്രീ. എം.ടി എഴുതിയ പോലെ ചിലർ വലിയ ഉദ്യോഗസ്ഥരാകുന്നു, ചിലർ വലിയ മുതലാളിമാർ, ചിലരോ ചെറിയ മട്ടിൽ കഴിഞ്ഞു കൂടുന്നവർ, പാറയിൽ വീണ വിത്തുകൾ – എന്നാൽ അവർക്കെല്ലാം ഒത്തു കൂടാൻ, ചേർത്തു പിടിക്കാൻ, ഉദാരഹൃദയയായ ഒരമ്മയുണ്ടല്ലോ. ആൽമ മേറ്റർ… സിനിമ മുതൽ സൈറ്റോളജി വരേയും, വയനാടും അട്ടപ്പാടിയും തൊട്ട് അലാസ്ക വരേയും തങ്ങളുടെ തട്ടകമാക്കിയിരിക്കുന്നു ഗുരുവായൂരപ്പൻ കോളേജിലെ പൂർവ്വവിദ്യാർഥികൾ. സാഹിത്യവേദിയിലും ശാസ്ത്രലോകത്തും അവർ തിളങ്ങുന്നു. നമ്മുടെ സേനയുടേയും നിയമസഭയുടേയും മുൻനിരയിൽ അവർ നിലയുറപ്പിക്കുന്നു…” അവരുടെയെല്ലാം പേരെടുത്തു പറയാൻ സ്ഥലപരിമിതി എന്നെ വിലക്കുന്നു. പകരം ആമുഖത്തിലെ ഒരു വാക്യം കൂടി ഉദ്ധരിക്കാം. “വൈവിധ്യത്തിൻെറ വർണ്ണരാജിയോ, സ്വാനുഭവങ്ങളിലൂടെയുള്ള സത്യാന്വേഷണമോ, ഒരു നീണ്ടകാലഘട്ടത്തിൻെറ നിറം മുറ്റിയ പരിഛേദമോ, അതോ ഇതെല്ലാം ഉൾച്ചേർന്ന ഒരു ത്രിവേണിയോ ഒക്കെയാണ് ഈ പുസ്തകം.”. അക്ഷരാർഥത്തിൽ ശരിയാണ്. ഇതിനപ്പുറം എന്തു പറയാൻ?

സാമൂതിരി കോളേജിൽ ആദ്യം വിദ്യാർഥിയും പിന്നീട് അധ്യാപകനും ആയിരുന്ന ചരിത്രകാരൻ എംജിഎസ് നാരായണൻെറ ജാലകങ്ങൾ എന്ന ആത്മകഥയിൽ നിന്ന് പത്രാധിപസമിതി സ്വരൂപിച്ചെടുത്ത ശകലങ്ങൾ തുന്നിച്ചേർത്ത ലേഖനമാണ് സ്മൃതിയിൽ ആദ്യത്തേത്. ബാക്കിയെല്ലാം ഇതിനായി എഴുതിയ ലേഖനങ്ങൾ തന്നെ.

ഉണ്ണിമാഷടെ എഴുത്തിനെ പറ്റി പറയാതെ വയ്യ. ആമുഖത്തിനു പുറമേ രണ്ടിടത്തു കൂടി അദ്ദേഹത്തിൻറെ പൊൻതൂലികയിൽ നിന്നു ചിതറുന്ന പ്രഭാപൂരം നമുക്ക് ദർശിക്കാം. ഒന്നാം ഭാഗത്തിൻെറ ആദരപൂർവ്വം എന്ന ശീർഷകത്തിലുള്ള അവസാനലേഖനം. 1985-86 ലെ കോളേജ് മാഗസിനിൽ എഴുതിയ ഓർമ്മക്കുറിപ്പ് പുന:പ്രസിദ്ധീകരിച്ചതാണ് ഇത്. പിന്നെ ഒന്ന് യവനിക എന്ന നാലാം ഭാഗത്തിൽ ‘Remembering Ramachandran’ എന്ന പേരിൽ ഇംഗ്ലീഷിൽ എഴുതിയ സ്മരണാഞ്ജലിയും. ഇവയിൽ ഏതാണ് മീതെ എന്ന് ചോദിച്ചാൽ, തൊഴുകൈ ആണ് മറുപടി. രണ്ടു ഭാഷയിലും അദ്ദേഹത്തിനുള്ള അന്യാദൃശമായ സവ്യസാചിത്വത്തിൻെറ സാക്ഷ്യപത്രങ്ങൾ. ഏതു വാക്ക് എവിടെ എന്ന കിറുകൃത്യമായ ധാരണ. ആൾമരം എന്ന ഒരു കവിതയും, ശോഭീന്ദ്രന് സമർപ്പിച്ചത്. “ഹാറ്റ്സ് ഓഫ്, പ്രൊഫസർ”.

സാമൂതിരി ഗുരുവായൂരപ്പൻ കോളജിലെ ബുദ്ധന്റെ പ്രതിമ

“പഠിച്ച വിദ്യാലയവും പിറന്ന നാടും ആർക്കു മറക്കാൻ കഴിയും?” എന്നൊരാത്മഗതം ഈ പുസ്തകത്തിൽ കണ്ടു. (പേജ് 426, വത്സൻ നെല്ലിക്കോട്) അതേ, അതാണു കാര്യം. മറക്കാൻ കഴിയാതിരിക്കുക എന്നത് രണ്ടു മട്ടിലാവാം. അപൂർവ്വം ചില നിർഭാഗ്യവാൻമാർക്കും/വതികൾക്കും നേരത്തേ പറഞ്ഞ അൽമാ മേറ്റ‌ർ ഉണ്ടല്ലോ, അത് നരകതുല്യമായ ഓർമ്മകളേ അവശേഷിപ്പിക്കൂ. ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത തിക്താനുഭവങ്ങൾ മാത്രം. എങ്കിലും, അവ ഉള്ളിലിരുന്ന് സദാ ശല്യം ചെയ്തുകൊണ്ടിരിക്കും. “ഓർത്തുവെയ്ക്കേണ്ട കാര്യങ്ങളൊക്കെ മറന്നുപോവുകയും മറക്കേണ്ടതൊക്കെ ഓർക്കുകയും ചെയ്യുന്നു എന്നതാണ് മനുഷ്യൻെറ ദുര്യോഗം” എന്ന് കുഞ്ഞുണ്ണി മാസ്റ്റർ.

അതിരിക്കട്ടെ. ഗുരുവായൂരപ്പനിൽ പഠിച്ചവർക്ക് മധുരസ്മരണകളേ ഉള്ളൂ പങ്കുവെയ്ക്കാൻ. 1950ലാണ് കോളേജ് തളിയിൽ നിന്ന് പൊക്കുന്നിലേയ്ക്ക് കയറുന്നത്. നൂറേക്കർ സ്ഥലത്ത് വിശാലമായ ഒരു വിനോദകേന്ദ്രം. വിനോദത്തോടൊപ്പം അധ്യയനവും നടക്കുന്നു, കാര്യക്ഷമമായിത്തന്നെ. ക്യാമ്പസ്സിൽ വിദ്യാർഥിരാഷ്ട്രീയം കത്തി നിന്നിരുന്ന കാലത്ത് അതിൽ ഭാഗഭാക്കായിരുന്ന പല കുട്ടിനേതാക്കന്മാരുടേയും അനുഭവങ്ങൾ നമുക്കീ ഗ്രന്ഥത്തിൽ വായിക്കാം. എന്തിനുമേതിനും സമരം ആയിരുന്നു ഒരു കാലത്ത്. ബസ്സുകൾ കുന്നിൻെറ അടിവാരത്ത് കുട്ടികളെ ഇറക്കിവിടുക പതിവായിരുന്നു. (പത്തു പൈസക്കാർക്ക് അത്ര മതി എന്ന് ബസ്സുമുതലാളിമാർ വിചാരിച്ചുവെങ്കിൽ അവരെ കുറ്റപ്പെടുത്താനാവില്ല.) ഒറ്റ ദിവസത്തെ തീവ്രസമരത്തിനൊടുക്കം, കോളേജ് പോർട്ടിക്കോവിന് മുമ്പിൽ രാവിലേയും ഉച്ചതിരഞ്ഞും ബസ്സുകൾ വരണം എന്നു മാത്രമല്ല കണ്ടക്റ്റർ ഇറങ്ങിച്ചെന്ന് ലോഗ് ബുക്ക് ഒപ്പിടണം എന്നു കൂടി നിയമമാക്കാൻ കഴിഞ്ഞ സമരവീര്യം ഉണ്ടായിരുന്നു അന്നത്തെ വിദ്യാർഥികളിൽ. ഇത് വിദ്യാർഥിസമരത്തിൻെറ മുഖം. ഏവർക്കും പ്രിയങ്കരനായിരുന്ന പ്രിൻസിപ്പൽ മാധവൻ നമ്പ്യാരെ പിരിച്ചുവിട്ട മാനേജ്മെൻറിനെതിരെ അധ്യാപകർ നടത്തിയ നിരാഹാരസമരം കേരളത്തിലൊട്ടുക്കുള്ള കോളേജ് ചരിത്രത്തിലെ അവിസ്മരണീയമായ ഒരേടാണ്. കലാപത്തിന് മാത്രമല്ല, കലയ്ക്കും മാന്യസ്ഥാനം നൽകിയ കലാലയമായിരുന്നു സാമൂതിരി കോളേജ്. കേരളവിദ്യാശാലയായിരുന്ന കാലം മുതലേ നാടകാഭിനയത്തിന് പ്രോത്സാഹനം നൽകിയിരുന്നു. അത് പിൽക്കാലത്ത് പുഷ്ക്കലമായതിൻെറ കഥ യവനിക എന്ന നാലാം ഭാഗത്തിൽ വായിക്കാം. ആർ. വി. ആർ തമ്പുരാൻെറ ആദ്യവസാനത്തിൽ, സി. എൻ. ശ്രീകണ്ഠൻ നായരുടെ കാഞ്ചനസീത അരങ്ങേറിയത് പല സ്മരണകളിലും ആവർത്തിച്ചു വരുന്നുണ്ട്. ഒരു കൊല്ലത്തോളം നീണ്ട റിഹേഴ്സൽ എന്നു കേ‌ക്കുമ്പോൾ നമ്മൾ അന്തം വിട്ടുപോകും. (ഇതെന്താ, സ്കൂൾ ഒഫ് ഡ്രാമയോ?) ക്ലാസ്സ് കഴിഞ്ഞ് തുടങ്ങുന്ന കളരി രാത്രിയോളം നീളും. അധ്യാപകരും അധ്യാപികമാരും രാമായണകഥാപാത്രങ്ങളായി അരങ്ങിലെത്തിയ നാടകം. കാണികളുടെ കണ്ണുകൾ ഈറനണിയിച്ച അഭിനയം. ചെയ്തതോ, കോളേജ് ലൈബ്രറിയുടെ ധനശേഖരണാർഥം. വൻകിട മുതലാളിമാരെ വണങ്ങി സ്പോൺസർഷിപ്പ് ഒപ്പിക്കുന്ന കാലമായിരുന്നില്ലല്ലോ അത്. പിന്നെയൊരിക്കൽ, വില്യം ഷേയ്ക്സ്പിയറുടെ മാക്ബെത്തും അവതരിപ്പിച്ചു. ഇംഗ്ലീഷ് അധ്യാപകനായിരുന്ന രാമചന്ദ്രൻ മൊകേരി നായകവേഷമിട്ടു. ആ നാടകത്തിൽ ലേഡി മാക്ബെത്തിൻെറ റോൾ എടുത്ത സ്നേഹപ്രഭ ടീച്ചർ ഓർമ്മിച്ചെടുത്ത വിവരണം യവനികയിൽ വായിക്കാം. പൊക്കുന്നിൻെറ അടിയാധാരങ്ങൾ എന്ന ലേഖനം തീർച്ചയായും വായിക്കണം, അതിൽ നിന്നറിയാം കലാരംഗത്ത് ഗുരുവായൂരപ്പൻ കോളേജിൻെറ ഗതകാലമഹിമ.

സ്പോർട്ട്സിനും മുൻപന്തിയിലായിരുന്നു ഗുരുവായൂരപ്പൻ കോളേജ്. അഞ്ചു ലേഖനങ്ങൾ കായികരംഗത്തെ മികവിനെ അടയാളപ്പെടുത്തുന്നു. പുസ്തകത്തിലെ അവസാനം ഒരു നയ-കർമ്മ രൂപരേഖയിലാണ്. കോളേജ് ക്യാമ്പസ് വികസനത്തിനുള്ള ഭാവി ക‍ർമ്മപരിപാടിയുടെ ബ്ലൂ പ്രിൻ്റ്. എന്തെങ്കിലും വിട്ടുപോയോ? ങ്ആ, ഉവ്വല്ലോ. പ്രണയം മൊട്ടിടാനും വിടരാനും പൂവണിയാനും ധാരാളം സ്കോപ്പുള്ള ക്യാമ്പസ്സിൽ, അതേപ്പറ്റി ആരും എന്തേ എഴുതാഞ്ഞത്? ഒരു പൂത്തുലഞ്ഞ പ്രണയകഥയുടെ ചരിത്രം..

മരങ്ങൾ തണലൊരുക്കി നിൽക്കുന്ന ഗുരുവായൂരപ്പൻ കോളേജ്

പുസ്തകത്തിൻെറ മേന്മകൾ മാത്രമല്ല പോരായ്മയും പറയണമല്ലോ. മലയാളപുസ്തകമാണെങ്കിലും ഇംഗ്ലീഷിലുള്ള ലേഖനങ്ങളും കുറേയുണ്ട് ഇതിൽ. ഈ ദ്വിഭാഷാസ്വഭാവം അനിവാര്യമായിരുന്നു എന്ന് സമ്മതിക്കാം. ഇംഗ്ലീഷിൽ എഴുതിയ ചിലർക്കെങ്കിലും മാതൃഭാഷയേക്കാൾ ഇംഗ്ലീഷാണ് തനിക്കു വഴങ്ങുക എന്ന തോന്നൽ ഉണ്ടായിട്ടുണ്ടാവാം. വായനക്കാരൻ എന്ന നിലയ്ക്ക് എനിക്ക് ഭിന്നാഭിപ്രായമാണുള്ളത്. അവരും മലയാളത്തിൽ എഴുതിയിരുന്നെങ്കിൽ ഇതിലും ഹൃദ്യമാവുമായിരുന്നു. മലയാളത്തിൽ എഴുതി ശീലമില്ല എന്നത് മതിയായ കാരണമാവുന്നില്ല, ഇംഗ്ലീഷിലേയ്ക്ക് കൂറു മാറാൻ. ആരുടേയും പേരെടുത്തു പറയുന്നില്ല. സ്വാനുഭവങ്ങൾ വിവരിക്കുമ്പോൾ അവശ്യം വേണ്ട വൈകാരികത ഉൾക്കൊള്ളാൻ മാതൃഭാഷയ്ക്കാവും, രണ്ടാം ഭാഷയായി പഠിച്ചെടുത്ത ആങ്ഗലത്തിൽ അത്രയങ്ങട് പറ്റില്ല. ഔദ്യോഗികരംഗത്ത് ആശയ വിനിമയത്തിന് പര്യാപ്തമായ ഇംഗ്ലീഷേ സത്യത്തിൽ നമുക്കറിയൂ. ആ ഭാഷയുടെ അകത്തളങ്ങളും, ഇടനാഴികളും, വളവും പിരിവും തിരിവും ഒന്നും നമുക്ക് പരിചിതമല്ല. പ്രാദേശികമൊഴിഭേദങ്ങളാലും, ശൈലീസുഭഗതയാലും സമ്പന്നമായ, അവ അനുവദിക്കുന്ന സ്വച്ഛന്ദതയിൽ അഭിരമിക്കുന്ന, എഴുത്തിൻെറ പൊലിമ, വിവരണസീമ, സംശയിക്കണ്ട, സ്വന്തം ഭാഷയിലേ അതൊക്കെ കരഗതമാവൂ. അത്യപൂർവ്വമായി, അപവാദങ്ങളുണ്ടാവാം.

പൂർവ്വവിദ്യാലയത്തെ കുറിച്ചുള്ള ഓർമ്മകൾ എഴുതാനാണ് പത്രാധിപസമിതി സ്മൃതി എന്ന രണ്ടാം ഭാഗത്തിൽ എഴുതിയവരോട് ആവശ്യപ്പെട്ടിരിക്കുക. ലേഖനത്തിൻെറ ദൈർഘ്യം ഇന്നതാവണം എന്നൊരു നിർദ്ദേശം കൊടുത്തതായി തോന്നുന്നില്ല. പറയാൻ കാരണമുണ്ട്. ഏറെപ്പേരും മൂന്നോ നാലോ പേജുകളിൽ കവിയാതിരിക്കാൻ ജാഗ്രത കാണിച്ചിട്ടുണ്ട്. ഉചിതം തന്നെ. എന്നാൽ കുറച്ചു പേർ (പേരു പറയുന്നില്ല) “കോളേജ് കാലത്തെ കുറിച്ച്” എന്ന നിർദ്ദേശം മറന്ന്, തൻെറ ജീവിതകഥ വിസ്തരിച്ച് ഉപന്യസിക്കാനുള്ള സ്വാതന്ത്ര്യം എടുത്തു എന്നത് കഷ്ടമായി. കലാലയത്തിൽ നിന്നു കിട്ടിയ അറിവും പരിശീലനവും പ്രോത്സാഹനവും (പിൽക്കാലത്ത്) ജീവിതവിജയം നേടുന്നതിന് തുണയായി എന്ന് ബന്ധപ്പെടുത്തുന്നേടത്തോളം ആത്മകഥാകഥനം അസ്ഥാനത്തല്ല, സമ്മതിച്ചു. പക്ഷേ, തൻെറ നേട്ടങ്ങളുടെ പട്ടിക നിരത്തി “അമ്പട ഞാനേ” എന്ന് എഴുതിക്കൂട്ടുന്നത് അന്യായമെന്നേ കരുതാൻ കഴിയൂ. നിർദ്ദയം വെട്ടിച്ചുരുക്കുക എന്ന കർക്കശനിലപാട് സ്വീകരിക്കാൻ പത്രാധിപസമിതിയിലെ അംഗങ്ങളുടെ സുമനസ്സ് അവരെ അനുവദിച്ചില്ല എന്ന് ഞാനൂഹിക്കുന്നു.

ബിരുദ/ബിരുദാനന്തരപഠനം ഒരു ദുർഘടസന്ധിയിൽ പെട്ടുഴലുന്ന സമയത്താണ് ഈ അനുഭവചരിത്രം വെളിച്ചം കാണുന്നത്. പഠനവും പാഠനവും ആസ്വാദ്യമാക്കുന്നതിനുള്ള സാഹചര്യം വിദ്യാലയങ്ങളിൽ നിന്ന് തീർത്തും അപ്രത്യക്ഷമായിക്കഴിഞ്ഞു. കമ്പോളത്തിൽ ക്രയവിക്രയത്തിനു വെച്ച ചരക്കായി വിദ്യ. അധ്യാപകനും അധ്യേതാവും തമ്മിൽ ഉണ്ടാവേണ്ട സ്നേഹമസൃണമായ പാരസ്പര്യം പഴങ്കഥയായി. ശാസ്ത്രവിഷയങ്ങളേയും മാനവികവിഷയങ്ങളേയും വ്യത്യസ്തരീതിയിലാണ് ഇതു ബാധിച്ചിട്ടുള്ളത്. സയൻസ് പഠിപ്പിക്കുന്നേ ഇല്ല, കോച്ചിങ്, അതായി മന്ത്രം. പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനം നേടുക എന്ന ഏകലക്ഷ്യത്തോടെ, അഖിലേന്ത്യാ മത്സരപരീക്ഷകളിൽ ഉയർന്ന റാങ്ക് നേടാനുള്ള കടുത്ത പരിശീലനം, അഹോരാത്രം. നൂറുകണക്കിന് ചോദ്യക്കടലാസ്സുകൾ “സോൾവ് ചെയ്യുക”. ഉറക്കമൊഴിച്ച്, വിശ്രമമെന്യേ, കഠിനാധ്വാനത്തിലൂടെ, ആദ്യവട്ടം തരായില്ലെങ്കിൽ രണ്ടാമത്തെയോ മൂന്നാമത്തെയോ ചാൻസിൽ, ഐഐടി, എൻ ഐ ടി, മുതലായ മുൻനിര സ്ഥാപനങ്ങളിൽ കടന്നു കൂടുന്നവരിൽ ഭരിപക്ഷത്തിനും പഠനം എന്ന ഏർപ്പാടിനോടു തന്നെ വിരക്തിയും വെറുപ്പും വന്നു കഴിഞ്ഞിട്ടുണ്ടാവും എന്ന് സർവ്വേകൾ തെളിയിക്കുന്നു. സാഹിത്യവും ഭാഷയും അടക്കമുള്ള മാനവികവിഷയങ്ങൾ, സയൻസ് പഠനം എന്ന പ്രഹസനത്തിന് വേണ്ട ബുദ്ധിയില്ലാത്ത മണ്ടൻമാർക്കുള്ളതാണ് എന്നതായി പൊതുസമൂഹത്തിൻെറ ധാരണ. അതും പോരെങ്കിൽ, കഴിഞ്ഞ മൂന്നു നാലു കൊല്ലങ്ങളായി കെട്ടിയിറക്കിയ NEP എന്ന ദുർഭൂതം വിദ്യാഭ്യാസത്തിൽ എന്തെങ്കിലും നന്മ അവശേഷിച്ചിട്ടുണ്ടെങ്കിൽ അതും കൂടി കുഴിച്ചു മൂടാൻ പര്യാപ്തമാണ്. എന്തെങ്കിലും വഴിയുണ്ടെങ്കിൽ ഉപരിപഠനത്തിന് വിദേശത്തേയ്ക്ക് ചേക്കേറാൻ വെമ്പുന്ന വിദ്യാർഥിസമൂഹത്തെ എന്തിനു പഴിക്കണം?

പുസ്തകം മുഴുവൻ ഒരാവർത്തി വായിച്ചു തീർത്ത്, അടച്ചു മേശപ്പുറത്തു വെച്ചപ്പോൾ അതിൻെറ അണിയറശില്പികളോടുള്ള സ്നേഹാദരമായിരുന്നു മനസ്സു നിറയെ. തെല്ലു കഴിഞ്ഞപ്പോൾ ഒരു ചോദ്യം ഉയർന്നു എൻ്റെ ഉള്ളിൽ. ആരാണീ തടിയൻ ഗ്രന്ഥം വായിക്കാൻ പോകുന്നത്? അഥവാ, ആരാണ് ഇതു വായിക്കേണ്ടത്? നാല്പതു വയസ്സിന് താഴെയുള്ള ആരെങ്കിലും ഇത് വായിക്കുമോ? എന്നാൽ അക്കൂട്ടരല്ലേ ഇതു വായിക്കേണ്ടത്? അവർക്കറിയാത്ത, സങ്കല്പിക്കാൻ പോലും ആകാത്ത, കലാലയദിനങ്ങളുടെ നേർസാക്ഷ്യമായ ഈ കൃതി എങ്ങനെ അവരെക്കൊണ്ട് വായിപ്പിക്കും? ആർക്കറിയാം?

ഈ പുസ്തകത്തിൻെറ ഏറ്റവും ആകർഷകമായ ഫീച്ചർ എന്തെന്നോ? ഇതിൽ ഒരാളുടേയും ഫോട്ടോ ഇല്ല. തെറ്റി. ഒന്നല്ല, രണ്ടു ഫോട്ടോ ഉണ്ട്, ആദ്യത്തെ പേജിൽ, കേരളവിദ്യാലയത്തിൻെറ സ്ഥാപകൻ മാനവിക്രമ മഹാരാജാവിൻെറ, രാജകീയവേഷവിധാനങ്ങളോടെ ഇരുന്നരുളുന്ന ഒരു ഛായാചിത്രത്തിൻെറ ഫോട്ടോ. ഒടുക്കത്തെ പേജിൽ, ഇപ്പോഴത്തെ സാമൂതിരിയും കോളേജ് രക്ഷാധികാരിയും ആയ ശ്രീ കെ.സി ഉണ്ണിയനുജൻ രാജയുടേയും. നമ്മുടെ ദൈനംദിന ജീവിതത്തിൽ പ്രാണവായുവിനേക്കാൾ പ്രധാനമായിട്ടുണ്ട് ഫോട്ടോ.

തൊട്ടതിനും പിടിച്ചതിനും ഫോട്ടോ എന്ന് സോഷ്യൽ മീ‍ഡിയയുടെ അതിപ്രസരം നമ്മെ ശീലിപ്പിച്ചു കഴിഞ്ഞ ഇന്ന് ഇതെങ്ങനെ സംഭവിച്ചു? പത്രാധിപസമിതി ഫോട്ടോവിൻെറ കാര്യം മറന്നു പോയോ? സംശയിക്കേണ്ട, മറന്നതല്ല, മാറി ചിന്തിക്കാൻ കാണിച്ച ധൈര്യമാണ്. ഈ പുസ്തകത്തിൽ മുഖം കാണിക്കുന്ന മഹദ് വ്യക്തികളിൽ പലരുടേയും മുഖം നാം നേരിൽ കണ്ടിട്ടില്ല, ചിലരുടെയെങ്കിലും ഛായാചിത്രവും കണ്ടിട്ടില്ല. അക്കാര്യം അസ്സലായി അറിഞ്ഞു കൊണ്ടു തന്നെയാവണം ഫോട്ടോ ഇടണ്ട എന്ന തീരുമാനം എടുത്തത്. വാങ്മയചിത്രങ്ങളിൽ നിന്ന് തെളിഞ്ഞു കിട്ടുന്ന ജീവത്തായ രൂപമാണ് കൂടുതൽ അഭികാമ്യം എന്ന തിരിച്ചറിവ്. ഒരൊറ്റ ഉദാഹരണം എടുത്തു കാണിച്ച് ഈ ഗ്രന്ഥാവലോകനത്തിന് വിരാമമിടാം. പി.സി ഏട്ടനുണ്ണിരാജാ. അദ്ദേഹത്തെ കുറിച്ച് പണ്ടേ ധാരാളം കേട്ടിട്ടുണ്ട് എന്നല്ലാതെ ഞാൻ നേരിൽ കണ്ടിട്ടില്ല. ഫോട്ടോയും കണ്ടിട്ടില്ല. അദ്ദേഹത്തിൻെറ വത്സല ശിഷ്യനായിരുന്ന മൊഹ് യുദ്ദീൻ (സാക്ഷാൽ എം.എൻ കാരശ്ശേരി) എഴുതിയ അനുസ്മരണം വായിച്ചു. അതു മതി. കാരശ്ശേരി മാത്രമല്ല അദ്ദേഹത്തെ പ്രകീർത്തിക്കുന്നത്, അദ്ദേഹത്തിൻെറ നേർശിഷ്യൻമാരല്ലാത്തവരുടെ ഓർമ്മകളിൽ പോലും നിറസാന്നിധ്യമാണ് ആ വരിഷ്ഠഗുരുനാഥൻ. ഒരു ശ്ലോകം ഒരു തവണ കേട്ടാൽ ഹൃദിസ്ഥം. ജന്മത്ത് മറക്കുകയുമില്ല. ക്ലാസ്സിൽ വരുമ്പോൾ മുറുക്കാൻ ചെല്ലം മാത്രമേ ഉണ്ടാവൂ കൂടെ, പഠിപ്പിക്കാനുള്ള പുസ്തകം മന:പാഠമാണല്ലോ. അദ്ദേഹത്തിൻെറ ക്ലാസ്സുകളുടെ രസനീയതയെ കുറിച്ച് ധാരാളം കഥകളുണ്ട്. ആ മഹാമനീഷിയുടെ ശിഷ്യരിലൊരാൾ (ക്ഷമിക്കണം, പേരു പുറത്തു പറയാൻ അനുമതിയില്ല) ക്ലാസ്സിലിരിക്കെ എഴുതി, ക്ലാസ്സ് തീർന്നപ്പോൾ അദ്ദേഹത്തെ ചൊല്ലിക്കേൾപ്പിച്ച ഒരു ശ്ലോകം ഇതാ, അനൗചിത്യമാവില്ല എന്ന വിശ്വാസത്തോടെ.

 

തേരോടിച്ചെത്തി കണ്വാശ്രമമതിലൊരു നാൾ ഭൂപ, നന്നേരമോരോ

നേരമ്പോക്കോതി നിന്നൂ നിജ സഖികളുമൊത്തങ്ങു തന്വംഗി ഭംഗ്യാ.

നേരിൽ, ശാകുന്തളം നാടക,മതിസരസം വിസ്തരിച്ചേട്ടനുണ്ണി-

ശ്രീരാജാവേകിടും ക്ലാസ്സ,തിനയി സദൃശം ശ്രാവ്യമെന്തൊന്നു ഭൂമൗ?

About Author

പ്രൊഫസർ പി മാധവൻ

ഹൈദ്രബാദിലെ English and Foreign Languages University (EFLU)വിലെ ഭാഷാശാസ്ത്രക്കളരിയിൽ (School of Language Sciences) മുപ്പതു കൊല്ലത്തിലേറെ പഠിപ്പിച്ചു. 2020ൽ വിരമിച്ചു. ഇപ്പോൾ സകുടുംബം ഹൈദ്രബാദിൽ വിശ്രമജീവിതം.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Dr. Dileepkumar. K V
Dr. Dileepkumar. K V
1 month ago

പ്രൊഫ. മാധവന്റെ പുസ്തകാവതരണം നന്നായി. അതു കാണാത്തവർക്കും പുസ്തകം കണ്ടൊരു പ്രതീതി കിട്ടും. സുവ്യക്തമായ ഭാഷയിലാണവതരണം. ഈ ബൃഹൽസമാഹാരത്തിൽ ഒരു ലേഖനമെഴുതാൻ ഭാഗ്യം കിട്ടിയ പഴയ വിദ്യാർത്ഥിയാണു ഞാൻ. ഡി. ഡി. നമ്പൂതിരിമാഷ് ലേഖനമാവശ്യപ്പെട്ടപ്പോൾ രണ്ടു ഗവേഷണപ്രബന്ധങ്ങൾ തിരുത്തിക്കൊണ്ടിരിക്കുന്ന തിരക്കിൽ ഞാനൊന്നു മടിച്ചു. മാഷ് സ്നേഹപൂർവം നിർബ്ബന്ധിച്ചപ്പോൾ അതെറ്റെടുത്തു. കോളേജനുഭവങ്ങൾ മാത്രമല്ല, ഇവിടത്തെ ജീവിതം എങ്ങനെയാക്കെ പിൽക്കാലജീവിതത്തിൽ കരുത്തായി എന്നതുകൂടി ഉൾപ്പെടുത്തിയെഴുതാനാണ് മാഷ് ആവശ്യപ്പെട്ടത്. ഇപ്പോൾ, തിരിഞ്ഞു നോക്കുമ്പോൾ എന്തു തോന്നുന്നുവെന്നതും വേണം. എഴുതിയും വെട്ടിയും തിരുത്തിയും സമയം കളഞ്ഞു. അവസാനം ഒരെണ്ണം തയ്യാറാക്കി അയച്ചുകൊടുത്തു. ലേഖനത്തിനു കുറച്ചു നീളംകൂടിയെങ്കിലും, നന്നായി എന്നാണു മാഷ് പറഞ്ഞത്. അതു കേൾക്കുന്നതുവരെ മനസ്സമാധാനമില്ലായിരുന്നു. കടന്നുപോന്ന 23 കൊല്ലവും പ്രൊഫ. ഏട്ടനുണ്ണിരാജ, പ്രൊഫ. ഡി. ഡി. നമ്പൂതിരി, പ്രൊഫ. കെ. പി ശശിധരൻ, പ്രൊഫ. ജോണി സി ജോസഫ്, പ്രൊഫ. രാമചന്ദ്രൻ മൊകേരി പ്രൊഫ. എം. കെ. വത്സൻ എന്നിവരെപ്പറ്റി കുട്ടികളോടു പറയാത്ത സെമസ്റ്ററുകളുണ്ടായിട്ടില്ല . അതു പറയാൻ അവസരം കിട്ടിയതുപോലും മഹാഭാഗ്യം. ഒരു കാര്യം തീർച്ച എന്റെ പൊക്കം പൊക്കുന്നിൽ കയറിനിന്നപ്പോൾ കിട്ടിയതാണ്.

1
0
Would love your thoughts, please comment.x
()
x