A Unique Multilingual Media Platform

The AIDEM

Articles National Politics

മോദി പ്രഭാവം കാണാനില്ലാത്ത ഹരിയാന തിരഞ്ഞെടുപ്പ്

  • October 2, 2024
  • 1 min read
മോദി പ്രഭാവം കാണാനില്ലാത്ത ഹരിയാന തിരഞ്ഞെടുപ്പ്

ഒക്ടോബർ അഞ്ചിന് ഒറ്റ ഘട്ടമായി നടക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ നിർണയിക്കുന്ന സ്വാധീനശക്തികളായി ഒട്ടനവധി ഘടകങ്ങളുണ്ട്. എന്നാൽ ഇത്തവണത്തെ പ്രചാരണരംഗത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം മോദി പ്രഭാവത്തിൻ്റെ പ്രകടമായ തിരോധാനമാണ്. സംസ്ഥാനത്തുടനീളമുള്ള ഗ്രൗണ്ട് റിപ്പോർട്ടുകൾ അടിവരയിടുന്നത് പ്രകാരം ഹരിയാനയിലെ 90 മണ്ഡലങ്ങളിൽ ഭൂരിപക്ഷത്തിലും മോദി ഘടകം വോട്ടർമാർക്കിടയിൽ ഒരു ചർച്ചാ വിഷയമേയല്ല എന്നതാണ്. ബിജെപിയുടെ ചില പ്രചാരകർ മോദി ഘടകത്തെ പറ്റി ഇടയ്ക്കിടെ പരാമർശിക്കുന്നുണ്ടെങ്കിലും പോയകാല തിരഞ്ഞെടുപ്പുകളിൽ അവർ പ്രകടിപ്പിച്ചിരുന്ന മൂർച്ചയും തീവ്രതയുമൊന്നും ഈ വിഷയത്തിൻ്റെ അവതരണത്തിൽ ദൃശ്യമല്ല.

2014-ലും 2019-ലും സംസ്ഥാനത്ത് നടന്ന രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നിന്നും പ്രകടമായ മാറ്റമാണിത്. ഈ രണ്ട് തെരഞ്ഞെടുപ്പുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിത്വവും അദ്ദേഹം പ്രതിനിധീകരിക്കുന്ന സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക നയങ്ങളും അവ ജനങ്ങൾക്കിടയിൽ ഉണർത്തിയ പ്രതീക്ഷയും ആയിരുന്നു പ്രചാരണത്തിലും അനുബന്ധ സംഭവവികാസങ്ങളിലും ആധിപത്യം സ്ഥാപിച്ചിരുന്നത്. ബി.ജെ.പി ഒറ്റക്കക്ഷി ഭൂരിപക്ഷം നേടി കേന്ദ്രത്തിൽ മോദി അധികാരത്തിൽ വന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ആറുമാസത്തിനുശേഷം നടന്ന 2014-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കാവി പാർട്ടിയുടെ പ്രചാരണത്തിലെ കേന്ദ്ര ആഖ്യാനം തന്നെ “പ്രതീക്ഷയുടെയും വികസന മാതൃകകളുടെയും പുതിയ പ്രകാശഗോപുരമായ” മോദിയുടെ പേരും പ്രതിച്ഛായയുമായിരുന്നു.

ഹരിയാനയിലെ ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ നരേന്ദ്ര മോദി വേദിയിലില്ല

അഞ്ച് വർഷത്തിന് ശേഷം 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി സംസ്ഥാന ഘടകം പ്രധാനമായും ആശ്രയിച്ചത് മോദിയുടെ ജനപ്രീതിയെയായിരുന്നു. മാസങ്ങൾക്ക് മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വർധിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി എന്ന അദ്ദേഹത്തിൻ്റെ പ്രതിച്ഛായയെ തന്നെയാണ് അന്ന് അവർ ഉപയോഗിച്ചത്. പക്ഷേ, മോദിയുടെ വ്യക്തിത്വ പൂജ ഹരിയാനയിലിപ്പോൾ പ്രായോഗികമായി തന്നെ ഭൂതകാല ഓർമ്മ മാത്രമായി മാറിയിരിക്കുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ ഈ സുപ്രധാന വഴിത്തിരിവിനെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകൻ കൂടിയായ വിരമിച്ച മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ മേജർ ജനറൽ റാം ഫൂൽ സിയാ ദി ഐഡ ത്തോട് പ്രതികരിക്കുകയുണ്ടായി. മോദി പ്രഭാവത്തിൻ്റെ രാഷ്ട്രീയ സ്വാധീനത്തിലും വ്യാപ്തിയിലും ചരിത്രപരമായ കുറവാണ് അടയാളപ്പെടുത്തപ്പെടുന്നത് എന്നാണ് റോഹ്തക്കിൽ നിന്നുള്ള അദ്ദേഹം പറഞ്ഞത്.

ഈ വഴിത്തിരിവിൻ്റെ ചരിത്രപരമായ മാനങ്ങൾ മേജർ ജനറൽ സിയാ ഇപ്രകാരമാണ് വിശദീകരിച്ചത്. “2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മോദി ഘടകത്തിൻ്റെ ആവിർഭാവം അടിവരയിട്ട് സ്ഥാപിച്ചത് ഹരിയാനയിലാണ്. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നിയുക്ത പ്രധാനമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ ആദ്യ റാലി ഹരിയാനയിലെ റെവാഡിയിലാണ് നടന്നത്. അവിടെ അദ്ദേഹം ഗുജറാത്ത് മോഡൽ വികസനത്തെ പറ്റിയും ഇന്ത്യയിൽ ആകെ തന്നെ അതിനുള്ള പ്രസക്തിയെ പറ്റിയും എല്ലാം ഘോരഘോരം പ്രസംഗിച്ചു. ഹരിയാനയിലെ ജനങ്ങൾ ഇതിനെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു പുതിയ യുഗമായി തന്നെ വാഴ്ത്തി. ആ സ്വീകാര്യത ഉത്തരേന്ത്യയിലുടനീളം അലയടിച്ചു. പത്തു വർഷത്തിനു ശേഷമുള്ള ഇത്തവണത്തെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ ആ പ്രതിച്ഛായയുടെ ആധിപത്യം സമ്പൂർണമായി ഒരു മുഴു വൃത്തം പൂർത്തിയാക്കി ഇല്ലാതാവുന്നതായി തോന്നുന്നു. അതായത് ഹരിയാനയിൽ അരക്കെട്ട് ഉറപ്പിച്ചു സ്ഥാപിക്കപ്പെട്ട ഒരു പ്രതിഭാസം തിരോഭവിക്കുന്നതിന്റെ ഒരു സൂചന. ഒരുപക്ഷേ മറ്റു സ്ഥലങ്ങളിലും സമാനമായ പ്രതിഭാസം ഉണ്ടാവാൻ ഉള്ള ഒരു സാധ്യതയുടെ ചൂണ്ടുപലക ആവാം ഇത്” സിയാ ദി ഐഡത്തിനോട് പറഞ്ഞു.

നരേന്ദ്ര മോദി ഹരിയാനയിൽ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ (ചിത്രം 2014ലിലേത്)

പക്ഷേ വ്യക്തിത്വ പ്രഭാവങ്ങളിൽ നിന്നും ഇത്തവണത്തെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് പൂർണ്ണമായും മുക്തമാണ് എന്ന് പറയാനാവില്ല. മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഹരിയാന മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡയെ ചുറ്റിപ്പറ്റിയുള്ള ഒരു വ്യക്തിത്വ പ്രഭാവം നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്തിൻ്റെ അടുത്ത മുഖ്യമന്ത്രി എന്ന രീതിയിൽ ആ പ്രഭാവം ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കുന്നു. റോഹ്തക്, ഝജ്ജർ, സോനിപത്, ജിന്ദ്, പാനിപ്പത്ത്, ഭിവാനി എന്നീ ജില്ലകൾ ഉൾപ്പെടുന്ന സംസ്ഥാനത്തെ ജാട്ട് ബെൽറ്റിൽ ഈ പ്രഭാവം പ്രബലമാണ്. അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള ആഖ്യാനത്തിൻ്റെ ഒരു ഭാഗം തന്നെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഹൂഡയും ബിജെപിയും തമ്മിലാണ് എന്നാണ്.

വാസ്‌തവത്തിൽ, സംസ്ഥാനത്തെ പ്രബലമായ ജാട്ട് സമുദായത്തിൽ നിന്ന് പാർട്ടിക്ക് ലഭിക്കുന്ന വൻ പിന്തുണയാണ് കോൺഗ്രസ് പ്രചാരണത്തിനു ശക്തി പകരുന്നത്. അതോടൊപ്പം ചില വിഭാഗം ദളിതരും സവർണ വിഭാഗങ്ങളും ഉൾപ്പെടെയുള്ള മറ്റ് സമുദായങ്ങളും കോൺഗ്രസിന് ചുറ്റും അണിനിരക്കുന്നു എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഈ ജാട്ട് ഇതര സമൂഹങ്ങൾ സ്വീകരിച്ച നിലപാടുകൾക്ക് നേർവിപരീതമാണിത്.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കയും ഭൂപീന്ദർ ഹൂഡയും 2024 സെപ്റ്റംബർ 30ന് ഹരിയാനയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ.

2014-ൽ, ജാട്ട് ഇതര സമുദായങ്ങളുടെ, പ്രത്യേകിച്ച് ദളിത്, ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ടവരുടെ മൊത്തത്തിലുള്ള ഏകീകരണമുണ്ടാവുകയും, 90-ൽ 47 സീറ്റുകളുമായി ബിജെപി ഒറ്റയ്ക്ക് അധികാരത്തിലെത്തുകയും ചെയ്തു. 2019 ൽ പാർട്ടി 40 സീറ്റുകളായി ചുരുങ്ങി. 10 സീറ്റുകളുള്ള ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജനനായക് ജനതാ പാർട്ടിയുമായും (ജെജെപി)ഏഴ് സ്വതന്ത്ര എംഎൽഎമാരുമായും സഖ്യമുണ്ടാക്കിയാണ് ബിജെപി കഴിഞ്ഞ അഞ്ചുവർഷം ഭരിച്ചത്.

കഴിഞ്ഞ പത്തുവർഷത്തെ ഭരണം കാരണം ബി.ജെ.പി അടിസ്ഥാനപരമായി പിന്നോട്ടാണ് എന്ന് തന്നെയാണ് ഒക്ടോബർ 3നു പ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള തെരഞ്ഞെടുപ്പ് ചിത്രത്തിൽ കാണാനാവുന്നത്. കഴിഞ്ഞ 10 വർഷത്തിൽ ഒമ്പതിലും പാർട്ടിയുടെ മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാൽ ഖട്ടർ പ്രചാരണത്തിൽ നിന്ന് കൃത്യമായി മാറ്റി നിർത്തപ്പെട്ടിരിക്കുന്നു എന്നത് തന്നെ ഇതിൻ്റെ ഏറ്റവും വലിയ തെളിവാണ്.

പ്രചാരണ രംഗത്ത് നിന്ന് ഖട്ടറിനെ പ്രായോഗികമായി ഒഴിവാക്കി അദ്ദേഹത്തിൻ്റെ പിൻഗാമിയായ നയാബ് സിംഗ് സൈനിയെ മുന്നിൽ നിർത്തി പ്രചാരണം ശക്തിപ്പെടുത്താം എന്നാണ് ബിജെപി കരുതിയതെങ്കിലും സൈനിയുടെ നേതൃ സാന്നിധ്യം പൊതുജനങ്ങളിൽ സ്വാധീനം ചെലുത്തിയിട്ടില്ല എന്നുതന്നെയാണ് മിക്ക രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തൽ.. പ്രധാനമന്ത്രി മോദിയുടെ അടുപ്പക്കാരനെന്ന് കരുതപ്പെട്ടിരുന്ന ഖട്ടറിനെ 9 വർഷത്തെ ഭരണത്തിന് ശേഷം പുറത്താക്കിയത് തന്നെ ഭരണത്തിലെ കെടുകാര്യസ്ഥത മൂലമാണെന്ന് ബിജെപിയുടെ പല നേതാക്കൾ തന്നെ സമ്മതിക്കുന്ന കാര്യമാണ്.

യോഗേന്ദ്ര യാദവ് ദി ഐഡത്തിന് നൽകിയ അഭിമുഖത്തിൽ നിന്ന്

എന്നാൽ, ഭരണത്തിലെ പ്രശ്‌നങ്ങൾക്കിടയിലും സർക്കാർ സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള നിരവധി ക്ഷേമ പരിപാടികൾ നടത്തിയിട്ടുണ്ടെന്നും ഇത് പാർട്ടിയെ ഭൂരിപക്ഷം സ്ത്രീ വോട്ടുകളും നേടാൻ സഹായിക്കുമെന്നും ഇത് ഫലം അനുകൂലമാക്കുമെന്നും പല ബിജെപി നേതാക്കളും അവകാശപ്പെടുന്നുണ്ട്. ഈ അവകാശവാദം വോട്ടെടുപ്പിൽ എത്രത്തോളം ശരിയാകുമെന്ന് കണ്ടറിയണം.

രാഷ്ട്രീയ പ്രവർത്തകൻ യോഗേന്ദ്ര യാദവ് ചൂണ്ടിക്കാണിച്ചതുപോലെ, കോൺഗ്രസ് അധികാരത്തിൽ വരുമെന്ന പൊതുധാരണ ശക്തമായതോടെ സീറ്റ് മോഹികളുടെ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടായി. ഇത് പാർട്ടിക്കകത്ത് കാര്യമായ വിമത പ്രശ്‌നം സൃഷ്ടിച്ചിട്ടുണ്ട്. ഇവരിൽ പല വിമതരും സ്വതന്ത്ര സ്ഥാനാർത്ഥികളായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മത്സരിക്കുന്നത് കോൺഗ്രസിന് പ്രശ്‌നമുണ്ടാക്കുന്നുണ്ട്. ബിജെപിക്കുമുണ്ട് റബൽ സ്ഥാനാർത്ഥികൾ സ്വതന്ത്രരായി മത്സരിക്കുന്ന പ്രശ്നം. മത്സരിക്കുന്ന സ്വാതന്ത്ര സ്ഥാനാർത്ഥികളിൽ ബഹദുർഗഡിലെ രാജേഷ് ജൂൺ, ബറോഡയിലേ കപൂർ സിംഗ് നർവാൾ, ഹിസാറിലേ സാവിത്രി ജിൻഡാൽ, ഗന്നൗറിലേ ദേവേന്ദർ കഡിയൻ, അംബാല കൻ്റോൺമെൻ്റിലെ ചിത്ര സർവാര എന്നിവർ ശക്തമായ പോരാട്ടം കാഴ്ചവെക്കുന്നുണ്ട്.

ജനനായക് ജനതാ പാർട്ടിയുടെ പ്രചരണ റാലി

മുൻമുഖ്യമന്ത്രി ഓംപ്രകാശ് ചൗതാലയുടെ കുടുംബ ശാഖകളിൽ നിന്ന് ഉണ്ടായ പാർട്ടികളായ ജെജെപിയും ഇന്ത്യൻ നാഷണൽ ലോക്ദളും ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ ഉൾപ്പെടുന്ന ഒരു മൂന്നാം ധ്രുവം ചില മണ്ഡലങ്ങളിൽ പോരാട്ടത്തിലുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഫലത്തിൽ കാര്യമായ വ്യത്യാസമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ആം ആദ്മി പാർട്ടിയുടെ (എ.എ.പി) സ്ഥിതിയും സമാനമാണ്.

About Author

വെങ്കിടേഷ് രാമകൃഷ്ണൻ

ദി ഐഡം മാനേജിങ് എഡിറ്ററും സി.എം.ഡിയും. 'ഫ്രണ്ട് ലൈൻ' സീനിയർ അസ്സോസിയേറ്റ് എഡിറ്റർ ആയി പ്രവർത്തിച്ചു. ദീഘകാലം രാഷ്ട്രീയ നിരീക്ഷണ-മാധ്യമ പ്രവർത്തകനായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനം.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x