ചില യാത്രകൾ ഒറ്റയ്ക്ക് പോകുന്നതാണ് നല്ലത്. പ്രത്യേകിച്ചും മുന്നൊരുക്കമില്ലാത്ത, കൃത്യമായ ലക്ഷ്യങ്ങൾ ഇല്ലാത്ത, യാദൃച്ചികമായി സംഭവിക്കുന്ന യാത്രകൾ. അജ്ഞാതമായ പ്രദേശങ്ങളിലൂടെ, അപരിചിത ജനപദങ്ങളിലൂടെ, ഏകാകിയായുള്ള യാത്രകൾ നിങ്ങളെ കൂടുതൽ സ്വതന്ത്രനാക്കുന്നു. . തീരുമാനങ്ങളിൽ വിട്ടു വീഴ്ച ചെയ്യാതെ സ്വന്തം ഇഷ്ടത്തിനൊത്ത് സഞ്ചരിക്കാൻ നിങ്ങളെ അനുവദിക്കുന്നു. മുൻ നിശ്ചയങ്ങളോ, ചിട്ടകളോ ഇല്ലാതെ ഇത്തരം യാത്രകളിൽ സ്വാതന്ത്ര്യത്തോടൊപ്പം, റിസ്ക്കുകളും ഏറെയുണ്ട്. ഊണും, ഉറക്കവും, താമസവുമൊക്കെ ഇത്തരം യാത്രകളിൽ സ്വാഭാവികമായും അനിശ്ചിതത്വത്തിൽ ആയിരിക്കുമല്ലോ. അപ്രതീക്ഷിതമായുണ്ടാകുന്ന അസുഖങ്ങളിലും, അപകടങ്ങളിലുമെല്ലാം, അപരിചിത സമൂഹങ്ങളുടെ നന്മകളിൽ വിശ്വാസമർപ്പിക്കുക മാത്രമേ നിവർ ത്തിയുള്ളൂ. അത്തരമൊരു ഒറ്റയാൾ യാത്രയെ കുറിച്ചാണ് ഈ കുറിപ്പ്.
ദണ്ഡകാരണ്യത്തിലൂടെ
കിഴക്കൻ തീര മലയോര വനമേഖലയായ (Eastern Ghat Mobile Belt) ബസ്തറിലെ ചിത്രകൂടും, സമീപ പ്രദേശമായ ആന്ധ്രപ്രദേശിൽ പെടുന്ന ‘അരകു വാലി’യും ലക്ഷ്യമാക്കിയുള്ളൊരു ചെറിയ യാത്ര. ഇപ്പോൾ ഛത്തീസ്‌ഗഡ് സംസ്ഥാനത്തിലുള്ള ബസ്തർ ജില്ല, 2006 നു മുമ്പ്, മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ ജില്ലയായിരുന്നു. ബസ്തർ ജില്ലയുടെ ഹെഡ്ക്വാർട്ടേഴ്‌സ് ‘ജഗദൽപൂർ” ആണ്. ബസ്തർ, ആദിവാസി വനമേഖല കൂടിയാണ്. ജനസംഖ്യയില്‍ 70 ശതമാനത്തോളം ആദിവാസികൾ.
കേരളത്തിൽ നിന്നും വിശാഖപട്ടണം വഴിയാണ് ബസ്തറിൽ എത്താനുള്ള എളുപ്പ മാർഗം. ഈ വഴിക്കുള്ള ആദ്യയാത്ര ആയതുകൊണ്ട് വഴികാട്ടി, ഗൂഗിള്‍ ഭഗവാൻ തന്നെ. പിന്നെ കേട്ടറിവുകളും. വിശാഖപട്ടണത്തുനിന്നും റോഡ് മാർഗവും, റെയിൽ മാർഗവും ബസ്തറിന്റെ ക്വാർട്ടേഴ്‌സ് ആയ ജഗദൽപൂരിലെത്താം. ഇതിനു പുറമേ ജഗദൽപൂരിൽ എയർപോർടുമുണ്ട്. ഏഴോ എട്ടോ മണിക്കൂർ ദൈർഘ്യമുള്ള ഒരു രാത്രി യാത്രയോ, പകൽ യാത്രയോ (ബസ്സിലോ, ട്രെയിനിലോ) ആകാം. ധാരാളം കയറ്റിറക്കങ്ങളും, വളവുതിരുവുകളുമുള്ള, ഇരുവശവും ചെറുതും വലുതുമായ കാടുകൾക്കും, കുന്നുകൾക്കും ഇടയിലൂടെയുള്ള യാത്ര അതീവ ഹൃദ്യം. എൻറെ യാത്ര ബസ്സിലായിരുന്നു. ജഗദൽപൂരിൽ ഞാനടക്കം 3 പേരെ മാത്രം കാലത്ത് മൂന്നുമണിക്ക് ഇറക്കിവിട്ട്, ബസ് മുന്നോട്ട് പോയി. അത്യാവശ്യം തണുപ്പുണ്ട്. ബസ് നിറുത്തിയിടത്തു ഒരു ചെറിയ ചായക്കടയും, രണ്ടോ മൂന്നോ ഓട്ടോ റിക്ഷകളും മാത്രം. ജഗദൽപൂർ എന്ന ഇടത്തരം നഗരം അഗാധ നിദ്രയിലാണ്. ഒരു ചൂട് ചായക്ക് ശേഷം, ഓട്ടോറിക്ഷയിൽ ഓൺലൈനിൽ ബുക്ക് ചെയ്തിരുന്ന ഹോട്ടലിലേക്ക്. ഹോട്ടൽ തുറപ്പിക്കാനും, റിസപ്ഷനിസ്റ്റിനെ എഴുന്നേൽപ്പിക്കാനും ഏറെ പണിപ്പെടെണ്ടിവന്നു.
ചിത്രകൂടം
മൂന്നു നാല് മണിക്കൂര്‍ ഉറക്കത്തിനു ശേഷം, 9 മണിക്ക് പുറത്തിറങ്ങാൻ തയ്യാറായി. ആദ്യത്തെ ലക്ഷ്യം ചിത്രകൂട് തന്നെ. ഹോട്ടലിൽ നിന്ന് 40 കിലോമീറ്റർ ദൂരം. ഹോട്ടൽ റിസപ്ഷനിസ്റ്റ് എർപ്പാടാക്കാമെന്നു പറഞ്ഞ ടാക്സിയും, ടൂർ പാക്കേജും, നിഷ്കരുണം തള്ളി, ഏറെപ്പരിചയമുള്ള നഗരത്തിലേക്കിറങ്ങുന്നത് പോലെ പുറത്തിറങ്ങി. ഒറ്റയാൾ യാത്രയുടെ സ്വാതന്ത്ര്യം അനുഭവിച്ചുകളയാം. ആദ്യം കണ്ട ഓട്ടോറിക്ഷക്ക് കൈ കാണിച്ചു. ചിത്രകൂട് വെള്ളച്ചാട്ടം വരെയുള്ള കച്ചവടം ഉറപ്പിച്ചു കയറിയിരുന്നു. ചെറിയ തണുപ്പും, കോടമഞ്ഞും ഉണ്ട്. നഗരം വിട്ടപ്പോള്‍ തണുപ്പ് കൂടുന്നു. റോഡിന്നിരുവശവും, ചെറിയ കുന്നുകളും കാടുകളും.
ചിത്രകൂടിനു (നാം മലയാളികള്‍ക്ക് ‘ചിത്രകൂടം’) ഒരു മിഥോളോജിക്കൽ പരിവേഷം കൂടിയുണ്ട്. ശ്രീരാമനും, സീതയും, ലക്ഷ്മണനും, 14 വർഷക്കാലത്തെ തങ്ങളുടെ വനവാസകാലത്തിൽ 13 വർഷവും ചിലവഴിച്ചത് ചിത്രകൂടത്തിലും, സമീപ പ്രദേശങ്ങളിലുമത്രേ. രാമായണത്തിൽ പറയുന്ന ത്രേതായുഗത്തിലെ ‘ദണ്ഡകാരണ്യ’മത്രേ ഈ പ്രദേശം. ഇന്ദ്രവതിയെന്ന, വനമേഖലയിലൂടെ ഒഴുകി വരുന്ന, അതിസുന്ദരിയായ നദിയും അതിലെ അതിമനോഹരമായ വെള്ളച്ചാട്ടവും മനസ്സിന് കുളിരേകുന്ന കാഴ്ച തന്നെ. ഈ ഇന്ദ്രവതീനദിയാണ്, പിന്നീട് ഗോദാവരിയായി പരിണമിക്കുന്നത്. എത്ര മനോഹരമായ പ്രദേശമാണ് യുവാവായ ശ്രീരാമനും, സീതയും തങ്ങളുടെ ‘ഹണിമൂണി’ന് വേണ്ടി തിരഞ്ഞെടുത്തത്! ദശരഥന്റെ ശിക്ഷയേറ്റുവാങ്ങി ചിത്രകൂടത്തിലെ ഇന്ദ്രാവതി നദീ തടത്തിലെത്തിയ രാമ ലക്ഷ്മണൻമാരും സീതയും മനസ്സില്‍ അച്ഛന് നന്ദി പറഞ്ഞിരിക്കാം. സ്വർഗത്തിലെ കട്ടുറുമ്പാകാതെ, രാമനെയും, സീതയേയും ഉപദ്രവിക്കാതെ കറങ്ങി നടന്ന ലക്ഷ്മണൻ തന്റെ നവവധു ഊർമിളയെ കൂടെക്കൂട്ടാത്തതിൽ
സ്വയം ശപിച്ചിരിക്കാം! ;ഇന്ത്യൻ നയാഗ്ര’ എന്ന് വിശേഷിക്കപ്പെടുന്ന ചിത്രകൂട് വെള്ളച്ചാട്ടത്തിനു 300 മീറ്റർ വീതിയും, 30 മീറ്റർ താഴ്ച്ച യുമുണ്ടത്രേ. ഈ നദീ തടത്തിലെവിടെയോ വെച്ചാണ് അരവിന്ദന്റെ ‘കാഞ്ചന സീത’യുടെ ചിത്രീകരണം നടന്നതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
ജഗദൽപൂരിൽ നിന്നും ചിത്രകൂടിൽ എത്തിയപ്പോഴേക്കും, ഓട്ടോ ഡ്രൈവർ ഗംഗാറാം ഹെജ്ഗാലെ, എന്റെ സുഹൃത്തായി മാറിക്കഴിഞ്ഞിരുന്നു. ഗംഗാറാം എനിക്ക് പറ്റിയ ഒരു ഗൈഡും കൂടിയാണെന്ന് മനസ്സിലാക്കി അവനെ ബസ്തർ യാത്ര കഴിയുന്നത് വരെ കൂടെക്കൂട്ടാൻ ഞാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു. ഉച്ചവരെ
വെള്ളച്ചാട്ടത്തിനരികെയും, ഇന്ദ്രവതി നദീതടത്തിലും ചുറ്റിക്കറങ്ങിയ ശേഷം അടുത്തുള്ള ചില ആദിവാസി ഗ്രാമങ്ങളിലൂടെയും, ഉൾ വനങ്ങങ്ങളിലൂടെയും സഞ്ചരിച്ച് രാത്രിയോടെ ഹോട്ടലിൽ തിരിച്ചെത്താമെന്ന് എന്റെ മനസ്സറിഞ്ഞതുപോലെ, ഗംഗാറാം നിർദ്ദേശിച്ചു. മുൻപ് സൂചിപ്പിച്ചത് പോലെ ബസ്തറിലെ 70 ശതമാനവും ആദിവാസികളാണ്. അതിൽതന്നെ ബഹുഭൂരിഭാഗവും ഇന്ന് സാധാരണ ജീവിതം നയിക്കുന്നവരാണ്. ഉദാഹരണത്തിന് ഗംഗാറാം തന്നെ. അടിസ്ഥാനപരമായി ഓരാദിവാസിയായ ഗംഗാറാം, ഓട്ടോറിക്ഷയോടിച്ചു ആധുനിക(?) മനുഷ്യനായി ജീവിക്കുന്നു. മാത്രമല്ല, താൻ ആദിവാസിയാണെന്നും, തങ്ങളാണ് ഈ മണ്ണിന്റെ യഥാർത്ഥ അവകാശികളെന്നും, ബസ്തറിന്റെ സംസ്കാരമെന്ന് പറയുന്നത് ഭൂരിപക്ഷത്തിന്റെ സംസ്കാരമായ ആദിവാസിസംസ്കാരമാണെന്നും മറ്റുള്ളവർ കുടിയേറ്റക്കാരാണെന്നുമാണ് ഗംഗാറാമിന്റെ പക്ഷം. ഛത്തീസ്‌ഗഡ് രാഷ്ട്രീയത്തെ കുറിച്ചും, ആദിവാസികളുടെ അവകാശത്തെ കുറിച്ചുമെല്ലാം നല്ല ധാരണയുള്ള ഗംഗാറാം അതെക്കുറിച്ചെല്ലാം വഴിനീളെ എന്നോട് ഏറെ വാചാലനായി. എന്നാൽ ബസ്തറിലെ നക്സൽ /മാവോയിസ്റ്റ് ബാധിത (റെഡ് കോറിഡോര്‍ എന്ന് പോലിസ് ഭാഷ്യം) മേഖലയെ കുറിച്ചോ അവരുടെ പ്രവർത്തനങ്ങളെ കുറിച്ചോ ചോദിച്ചപ്പോൾ അധികം സംസാരിക്കാൻ ഗംഗാറാം തയ്യാറായില്ല.
ഏറെ പ്രശസ്തമായ ബസ്തർ വനമേഖല, സത്യസന്ധമായി പറഞ്ഞാൽ എന്നെ കാര്യമായി ആകർഷിച്ചില്ല. ആതിരപ്പള്ളിയിലും, വയനാട്ടിലും, നെല്ലിയാംപതിയിലും, അട്ടപ്പാടിയിലുമെല്ലാം കറങ്ങി നടന്ന, ഒരു ശരാശരി കേരളീയനെ സംബന്ധിച്ചിടത്തോളം, ബസ്തർ കാടുകൾ അത്രയൊന്നും ആകർഷണീയമല്ലെന്നാണ് തോന്നിയത്. ഇക്കാര്യം(കേരളത്തെ കുറിച്ച്) ഞാൻ ഗംഗാറാമിനോട് പറഞ്ഞപ്പോൾ, ഞങ്ങൾ യാത്ര അവസാനിപ്പിച്ച സ്ഥലത്ത് നിന്നും നൂറു കിലോമീറ്റർ കൂടി പോയാൽ മാത്രമേ, ബസ്തറിലെ സാന്ദ്ര/നിബിഡ വനങ്ങൾ തുടങ്ങുകയുള്ളൂ എന്നും, അവിടം നക്സൽ /മാവോ ബാധിത പ്രദേശമാണെന്നും, ഇപ്പോള്‍ അങ്ങോട്ട് പോകുന്നത് സുരക്ഷിതമല്ലെന്നുമാണ് പറഞ്ഞത്. നേരമിരുളാൻ തുടങ്ങിയതോടെ ഞങ്ങൾ തൽക്കാലം യാത്രയവസാനിപ്പിച്ചു ജഗദൽപൂരിലെ ഹോട്ടലിലേക്ക് മടങ്ങി.
കാംഗർവാലിയിലെ തീർത്ഥഗർ
അടുത്ത ദിവസത്തെ ആദ്യലക്ഷ്യം, കാംഗർ വാലിയിലുള്ള തീർത്ഥഗർ വെള്ളച്ചാട്ടം. ഗംഗാറാം ഓട്ടോ റിക്ഷയുമായി കാലത്ത് 9 മണിക്ക് തന്നെ തയ്യാർ. ജഗദൽപൂരിൽ നിന്നും 38 കിലോമീറ്റർ ദൂരമുള്ള ഈ വെള്ളച്ചാട്ടം കാംഗർ നദിയിലാണ്. വെള്ളച്ചാട്ടം അടുത്ത് നിന്ന് കാണണമെങ്കിൽ ചെങ്കുത്തായ 100 ൽ അധികം പടികൾ ഇറങ്ങുകയും കയറുകയും വേണം. രണ്ടും കൽപ്പിച്ചു താഴെയിറങ്ങി. താഴെനിന്നുള്ള കാഴ്ച അതിമനോഹരമാണ്. മുന്നൂറോളം അടി താഴ്ചയലേക്ക്, ഒരു നദി രണ്ടു ഭാഗങ്ങളായി പൊട്ടിച്ചിതറി വീഴുന്ന, എത്ര നോക്കിനിന്നാലും മതി വരാത്ത കാഴ്ച. കയറാനുള്ള ഊർജ്ജം ആ കാഴ്ചയിൽ നിന്ന് സംഭരിച്ചുകൊണ്ട് പടികൾ കയറി മുകളിലെത്തി.
തിരിച്ചു വരുമ്പോൾ വഴിയിൽ ആദിവാസി സ്ത്രീകൾ സലഫി എന്ന പാനീയം കുപ്പികളിലാക്കി വിൽക്കുന്നു. സലഫി എന്നാൽ പനം കള്ള്. ഇളം മധുരവും ചവർപ്പുമുള്ള തണുത്ത കള്ള്. വില്പനക്കാർ ആദിവാസി സ്ത്രീകൾ ആയതുകൊണ്ട് രാസവസ്തുക്കൾ ഒന്നും ചേർത്തിട്ടില്ലെന്നും വിശ്വസിച്ച് കുടിക്കാമെന്നും ഗംഗാറാമിന്‍റെ ഉറപ്പ്. ബസ്തറിലെ ആദിവാസികൾ വാറ്റിയെടുക്കുന്ന വീര്യമുള്ള നാടൻ ചാരായം ‘മഹുവ’ യും നിരോധനമുണ്ടെങ്കിലും ബസ്തറിൽ സുലഭമെന്നും ഏറെ പ്രസിദ്ധമെന്നും ഗംഗാറാം.
ജഗദൽപൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന്, ‘അരകുവലി’യിലേക്ക് എഴുമണിക്കുള്ള ട്രെയിൻ പിടിക്കേണ്ടതുണ്ട്. ഏറെക്കുറെ വിജനമായിരുന്ന റെയിൽവേ സ്റ്റേഷനിൽ ഇറക്കി വിടവേ ഗംഗാറാമിന്റെ ഫോൺ നമ്പർ വാങ്ങി. പറ്റിയാൽ ഒരിക്കൽ കൂടി വരണം. ബസ്തറിലെ സാന്ദ്ര വനങ്ങൾ കാണണം. ദണ്ഡകാരണ്യങ്ങളിലൂടെ ഒരിക്കൽ കൂടി അലയണം. ഗംഗാറാം പറഞ്ഞ, ആദിവാസി സ്ത്രീ കൾ വാറ്റിയ വീര്യമുള്ള മഹുവ കുടിക്കണം. പിരിയവേ ഗംഗാറാം ഇങ്ങിനെ പറഞ്ഞു. ‘ ആപ് കി സാത് മജാ ആഗയ സാബ്…ഫിർ ആയിയേഗാ’.
അരകു താഴ് വരയിലൂടെ
ഛത്തീസ്‌ഗഡിലെ കിരന്തുരിൽ നിന്നും വിശാഖപട്ടണത്തിലേക്ക് പോകുന്ന, വിശാഖപട്ടണം എക്സ്പ്രസ്സ്, അര മണിക്കൂർ വൈകി ജഗദൽ പൂരിലെ ഒഴിഞ്ഞ പ്ലാറ്റ്ഫോമിൽ ഓടിക്കിതച്ചെത്തി. ഒന്നോ രണ്ടോ പേർ ഇറങ്ങി, ഞാനടക്കം രണ്ടോ മൂന്നോ പേർ കയറി. ജഗദൽപൂരിൽ നിന്നും 200 കിലോമീറ്റർ അകലെയാണ് അരകു വാലി. ഏകദേശം 5 മണിക്കൂർ യാത്ര. രാത്രി ഒരുമണിക്ക് അരകുവാലിയിൽ റെയിൽവേ സ്റ്റേഷനിൽ എന്റെ കംപാർട്മെന്റിൽ നിന്ന് ഞാൻ മാത്രമിറങ്ങി. വേറൊന്നിൽ നിന്ന് ഒരു യുവതിയും യുവാവുമിറങ്ങി. സ്റ്റേഷനിൽ ഞാനടക്കം നാലോ അഞ്ചോ പേർ മാത്രം. സ്റ്റേഷനിലെ ഏക ജീവനക്കാരൻ ഉറക്കം തൂങ്ങി കൌണ്ടറിൽ ഇരിക്കുന്നു. പുറത്തു വാഹനങ്ങൾ ഒന്നുമില്ല. രാത്രി മുഴുവൻ സ്റ്റേഷനിൽ കഴിച്ചു കൂട്ടേണ്ടി വരുമോ? ഇതിനിടയിൽ യുവതീയുവാക്കളെ കൊണ്ടുപോകാൻ ഒരു കാർ എത്തി അവരെ കൊണ്ടുപോയി. കൌണ്ടറിൽ ഉള്ള ജീവനക്കാരനെന്നെ സമാധാനിപ്പിച്ചു. അരമണിക്കൂറിനുള്ളിൽ ഒരു ട്രെയിൻ ഉണ്ട്. രാത്രിയാത്രക്കാരെ കൊണ്ട് വിടാൻ ഏതെങ്കിലും ഓട്ടോറിക്ഷയോ ടാക്സിയോ വരാതിരിക്കില്ല. പറഞ്ഞതുപോലെ വൈകാതെ ഒരു ഓട്ടോറിക്ഷ യാത്രക്കാരെ കൊണ്ടുവിടാനെത്തി. അതിൽ കയറി ഓൺലൈനിൽ ബുക്ക് ചെയ്ത 6 കിലോമീ റ്റർ അകലമുള്ള ഇന്‍ഫിനിറ്‍റി ക്യാമ്പ് സൈറ്റിലേക്ക്.
ആന്ധ്രാപ്രദേശിലെ ഒരാദിവാസി മലയോര നഗരമായ അരകുവാലിക്ക് ‘ആന്ധ്രയിലെ ഊട്ടി’ എന്നൊരു വിശേഷണം കൂടിയുണ്ട്. ഇവിടെയും എഴുപതു ശതമാനത്തിലധികം ജനങ്ങൾ വിവിധ ഗോത്രങ്ങളിൽ പെട്ട ആദിവാസികളാണ്. അതിവേഗം ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന അരക് വാലിയിൽ ഹോട്ടലുകളും, താമസ സൌകര്യവും കുറവാണ്. അതുകൊണ്ട് തന്നെ ഇവിടത്തെ ക്യാമ്പ് ഹൌസ് സൈറ്റുകളും, തുറന്ന സ്ഥലത്തുള്ള ടെന്റ് ഹൗസുകളും, അവിടത്തെ രാത്രി ജീവിതവും, ഏറെ പ്രസിദ്ധമാണ്. അരുകുവാലിയിലെ ഒരു ഹോട്ട ൽ റൂമിന് രണ്ടായിരവും അധിലധികവും വാടകയുള്ളപ്പോൾ, ഇവിടത്തെ ക്യാമ്പ് സൈറ്റിലെ, ഓപ്പണ്‍ എയറിലുള്ള ഒരു ടെന്റ് ആയിരം രൂപയ്ക്കു ലഭ്യമാണ്. ക്യാമ്പ് ഫയറും, മോശമല്ലാത്ത രാത്രിഭക്ഷണവും ഇവർ നിങ്ങൾക്കായി ഒരുക്കിയിരിക്കും. ചിലവുച്ചുരുക്കലിന്റെ ഭാഗമായി, ഇത്തരമൊരു ടെന്റിലാണ് ഞാനും രണ്ട് രാത്രി കഴിച്ചുകൂട്ടിയത്. കോണ്‍ക്രീറ്റ് ചുമരുകളും, മേല്‍ക്കൂരയുമില്ലാതെ തുറസ്സായ സ്ഥലത്ത്, നക്ഷത്രങ്ങളുള്ള ആകാശത്തിനു കീഴെയുള്ള രാത്രികൾ രസകരവും പുതിയ അനുഭവവുമാണ്. പുറത്തെ തണുത്ത കാറ്റിൽ ബോണ്‍ഫയറിനു ചുറ്റും, യുവതീ യുവാക്കൾ പാട്ടും നൃത്തവുമായി നേരം വെളുക്കും വരെ ആഘോഷിച്ചുകൊണ്ടിരിക്കും.
ബാമ്പൂ (മുളംകുറ്റി) ബിരിയാണി
അരകുവാലിയിലെ ആദിവാസികളുടെ തെരുവോര ഭക്ഷണശാലകൾ വൈകുന്നേരമായാൽ സജീവമാകുന്നു. ആദിവാസികളുടെ പരമ്പരാഗത രുചികൾ ഇവിടെ ലഭ്യമാണ്. അതിൽ ഏറ്റവും രുചികരമായിത്തോന്നിയത് ബാമ്പൂ ബിരിയാണിയാണ്. ഒരു വശം തുറന്ന, തടിച്ച മുളം കുറ്റികളില്‍ അരിയും, മാറിനേറ്റ് ചെയ്ത (മസാല പുരട്ടിയ) ഇറച്ചിക്കഷണങ്ങളും, (കോഴിയുടെയും, ആടിന്റെയും ബിരിയാണികള്‍ ലഭ്യമാണ്) നിറക്കുന്നു. അതിലുപയോഗിക്കുന്ന മസാലക്കൂട്ട് അവർ പറഞ്ഞു തരില്ലത്രെ. മുളം കുറ്റിയുടെ മറുവശം ഒരു പ്രത്യേകതരം ഇലകൾ കൊണ്ട് നല്ലപോലെ അടക്കുന്നു. ഔഷധഗുണമുള്ള കൈമരുതിന്റെ(ശാല മരം) ഇലകൾ ആണിതെന്നു അന്വേഷണത്തിൽ നിന്ന് അറിയാൻ കഴിഞ്ഞു. നിറച്ചു കഴിഞ്ഞ മുളംകുറ്റി കനലിൽ ചുട്ടെടുക്കുന്നു. ഒരു തുള്ളി എണ്ണ പോലും ബാoമ്പൂ ബിരിയാണിയിൽ ഉപയോഗിക്കുന്നില്ലെന്നത് മറ്റൊരു പ്രത്യേകതയാണ്. മുളംകുറ്റി കരിഞ്ഞാൽ ബിരിയാണി തയ്യാ ർ എന്നർത്ഥം. അടച്ചു വെച്ച ഇലയെടുത്തു പാത്രത്തിലേക്ക് ചെരിയുമ്പോള്‍ പുറപ്പെടുന്ന ബിരിയാണിയുടെ മണം ഏറെ ഹൃദ്യം.
ചുറ്റുപുറവും കുന്നുകളും, അരുവികളും, ചെറിയ വെള്ളച്ചാട്ടങ്ങളും, പച്ചപ്പുള്ള കൃഷിനിലങ്ങളും, കാടുകളും, നല്ല കാലാവസ്ഥയുമൊക്കെയുള്ള അരുകുവാലി, പ്രകൃതിസ്നേഹികള്‍ക്കും, സഞ്ചാരികള്‍ക്കും പ്രിയങ്കരമാകുന്നതിൽ അത്ഭുതപ്പെടാനില്ല. അരകുവാലിയിലെ കാപ്പി പ്രസിദ്ധമാണ്. അരകു വാലി അറബിക്ക കോഫീ എന്നറിയപ്പെടുന്ന, ഇന്ത്യയിലെ തന്നെ ഏറ്റവും രുചികരമായ കാപ്പി ഇവിടെ കൃഷി ചെയ്യുന്നു അരക് വാലിയിലെ ‘കോഫീ മ്യുസിയം’ ധാരാളം സന്ദർശകരെ ആകർഷിക്കുന്നു.
അരകുവാലിയിലെ മറ്റൊരു പ്രധാന ആകർഷണ കേന്ദ്രം അവിടത്തെ ‘ട്രൈബൽ മ്യുസിയമാണ്. അരകു വാലിയിലെ മാത്രമല്ല പടിഞ്ഞാറൻ ഘട്ടിലെ (Eastern Ghat) തന്നെ വ്യത്യസ്ത ആദിവാസി ഗോത്രങ്ങളുടെ ജീവിത രീതിയും, സംസ്കാരവും, ആചാരാനുഷ്ടാനങ്ങളുമെല്ലാം ഈ മ്യുസിയം സന്ദർശിക്കുന്നതിലൂടെ
നമുക്ക് മനസ്സിലാക്കാനാകും. അവർ നിർമിക്കുന്ന കരകൌശല വസ്തുക്കളും, സംഭരിക്കുന്ന വന വിഭവങ്ങളുമൊക്കെ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
ദണ്ഡകാരണ്യത്തിലും (ബസ്തര്‍) അരക് വാലിയിലും ഒരു വരവ് കൂടി വരേണ്ടതുണ്ടെന്നു മനസ്സിലുറപ്പിച്ചുകൊണ്ടു ഞാൻ വിശാഖപട്ടണതിലേക്ക് തിരിച്ചു.
Subscribe to our channels on YouTube & WhatsApp