A Unique Multilingual Media Platform

The AIDEM

Cinema Memoir

കാര്‍ലോസ് സോറ, വിട..

കാര്‍ലോസ് സോറ, വിട..

ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലം കുട്ടിക്കാലമാണെന്നാണ് പൊതുവേ പറയാറ്. പക്ഷെ, എനിക്കു തോന്നുന്നത് അതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാലം എന്നാണ്!

സ്പാനിഷ് ചലച്ചിത്രകാരനായ കാർലോസ് സോറയുടെ മൗലികതയും ധിക്കാരവും തുടിക്കുന്ന ഈ നിരീക്ഷണം, മനുഷ്യ ജീവിതത്തെക്കുറിച്ച്, ബന്ധങ്ങളെക്കുറിച്ച്, പെരുമാറ്റങ്ങളെക്കുറിച്ച്, കാപട്യങ്ങളെക്കുറിച്ച്, കുട്ടികളോടുള്ള സമീപനങ്ങളെക്കുറിച്ച്, എന്തിന് മാനവികതയെക്കുറിച്ചു തന്നെയുള്ള വളരെ നിശിതമായ ഒരു വിമർശനപദ്ധതി രൂപപ്പെടുത്തിയെടുത്തതിന്റെ അടിസ്ഥാനമാണ്. സോറ തന്റെ നിരീക്ഷണം പൂരിപ്പിക്കുന്നതിനങ്ങനെയാണ്. : ‘മുതിർന്നവരുടെ ലോകവും അവരെന്താണ് ചെയ്യുന്നത് എന്നും മനസ്സിലാക്കിയെടുക്കുന്നത് അവരെ (കുട്ടികളെ) സംബന്ധിച്ചിടത്തോളം അസാധ്യം തന്നെയാണ്!’

തന്റെ കുട്ടികളാണ് വീണ്ടും വീണ്ടും തന്നെ യുവത്വത്തിലേയ്ക്ക് തിരിച്ചുകൊണ്ടു പോകുന്നതെന്നും അങ്ങനെയാണ് ലോകത്തോടും അതിന്റെ മാറ്റങ്ങളോടും താൻ ബന്ധപ്പെടുന്നതെന്നും സോറ കരുതി. നാലു ഭാര്യമാരിലായി ഏഴു കുട്ടികളാണദ്ദേഹത്തിന്. (സിനിമ എന്ന ജീവിത വ്യവസ്ഥയുമായും കുട്ടി വഴി അടിസ്ഥാനപരമായി അദ്ദേഹം ബന്ധപ്പെട്ടിരിക്കുന്നു. ചലച്ചിത്രകാരൻ ചാർളി ചാപ്ലിന്റെ മകൾ ജെറാൾഡിനിൽ സോറയ്ക്ക് ഷെയിൻ എന്ന ഒരു മകനുണ്ട്). സ്ഥാപനം, വിഘടനം, പുന:സംഘാടനം എന്നിങ്ങനെ ക്രമാനുഗതവും ക്രമവിരുദ്ധവുമായി തുടരുന്ന കുടുംബവ്യവസ്ഥ സോറയുടെ ജീവിതത്തിന്റെയും ജീവിത സമീപനത്തിന്റെയും ഒരു പ്രധാന ഘടകമാണ്.

കൊച്ചുകിളി എന്നർത്ഥം വരുന്ന പജാറിക്കോ, സോറ 1997ൽ പുറത്തിറക്കിയ സിനിമയാണ്. കൗമാരത്തിലേയ്ക്ക് പ്രവേശിക്കുന്ന ഒരു കുട്ടി നടത്തുന്ന ചാരപ്രവൃത്തിയായിട്ടാണ് പജാറിക്കോ അനുഭവപ്പെടുക. അവന്റെ കുടുംബത്തിന്റെ ഉള്ളകങ്ങളിലേയ്ക്ക് യാത്ര ചെയ്യുമ്പോൾ അവന്റെ ലോകം ‘കണ്ടുപിടിക്കുകയാണ്’. ലോകം അഥവാ ഭൂമി എന്ന ഗ്രഹത്തിന്റെ രണ്ടു ധ്രുവങ്ങളും ഈ കുടുംബത്തിനകത്ത് തന്നെയുണ്ട്. പാതാള അറയിൽ വൃത്തികേടുകളും വാർപ്പിന് മുകളിൽ സ്‌നേഹവും എന്നിങ്ങനെ ധ്രുവീകരിക്കപ്പെട്ട ആ കുടുംബവ്യവസ്ഥയ്ക്കകത്ത്; ആഗ്രഹം, അതിന്റെ പ്രകാശനം എന്നിവയുടെ കേവലാന്തരീക്ഷത്തിലേയ്ക്ക് സങ്കോചിപ്പിക്കപ്പെടുന്ന മുതിർന്ന മനുഷ്യശരീരം എന്ന പ്രതിഭാസത്തെ അവർ അനുഭവിച്ചറിയുന്നു.

അച്ഛനമ്മമാർ നിയമപരമായി ബന്ധം വേർപെടുത്തുന്നതിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നതിനാണ് മാനുവൽ എന്ന പത്തു വയസ്സുകാരനെ മാദ്രിദിൽ നിന്ന് മ്യൂറിക്കയിലെ പിതൃഗൃഹത്തിലേയ്ക്കയക്കുന്നത്. നിരാശ കൊണ്ട് കൂമ്പിപ്പോയ മുഖവുമായി തീവണ്ടിയിറങ്ങിയ അവനെ പൊള്ളച്ചിരികളോടെ അമ്മാമൻ ജൂവാൻ സ്വീകരിക്കുന്നു. ‘നിനക്കിവിടെ കളിച്ചു ചിരിച്ചു നടക്കാമല്ലോ!’ ‘എനിക്കിഷ്ടം എന്റെ അച്ഛനും അമ്മയുമൊന്നിച്ചിരിക്കുന്നതാണ്.’

ജീവിതം അവന്റെ കാഴ്ചപ്പാടിൽ അച്ഛനും അമ്മയും ഒന്നിച്ചിരിക്കുന്ന, സമാധാനവും ഐക്യവും സന്തോഷവും കളിയും ചിരിയും ഉള്ളതായിരുന്നു. എന്നാൽ, അനുഭവിക്കുന്നതാകട്ടെ, ശകാരം, ഒറ്റപ്പെടൽ, നിരാശ, വേർപെടൽ, ശൂന്യത എന്നിവയും. മനുഷ്യജീവിതത്തിന്റെ അടിസ്ഥാനം, കുടുംബാംഗങ്ങളുടെ സ്‌നേഹവും ഐക്യവും ആയിരിക്കണം എന്ന് ഗുണപാഠപരമായി ഓർമ്മിപ്പിക്കുന്നതിനാണ് ഈ ചലച്ചിത്രം എടുത്തിട്ടുള്ളതെന്ന്, കഥയുടെ ആദ്യഘട്ടം അനുസരിച്ച് നാം മനസ്സിലാക്കുന്നു. എന്നാൽ, പിന്നീട് മാനുവൽ എന്ന പത്തു വയസ്സുകാരനെ ചൂഴ്ന്നു നിൽക്കുന്ന അതിസങ്കീർണവും അതിവികൃതവുമായ ജീവിത ഘടനകൾ വിവൃതമാകുമ്പോൾ, ഗുണപാഠം എന്ന ഉദ്ദേശത്തിന്റെ ഏകമുന മറഞ്ഞു പോവുന്നു. മറിച്ച്, ആദ്യം ഉന്നയിക്കപ്പെടുന്ന അഭിപ്രായം നിലനിൽക്കുന്നതിനു വേണ്ടി തന്നെ, ജീവിത വൈരുദ്ധ്യങ്ങളും മനുഷ്യബന്ധങ്ങളിലെ സങ്കീർണതകളും സത്യസന്ധമായി അനാവരണം ചെയ്യപ്പെടുന്നു.

അവന്റെ പിതൃത്തറവാട്ടിലെ അംഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ, അഗമ്യഗമനങ്ങൾ, മയക്കു മരുന്നുപയോഗം എന്നിങ്ങനെ, എന്തുകൊണ്ട് ഈ ലോകം ജീവിക്കാൻ കൊള്ളാത്ത ഒന്നാണെന്ന് സ്വതേ നമുക്ക് തോന്നാറുള്ള കാര്യങ്ങളൊക്കെ ഇവിടെ പുറത്തു വരുന്നു.

1975ലെടുത്ത കാക്കയെപ്പറത്തുക (ക്രയ കുർവോസ്) എന്ന ചിത്രത്തിലും കുട്ടിക്കാലത്തിന്റെ ഭാവനകളിലേയ്ക്ക് സോറ തിരിച്ചുപോയിട്ടുണ്ടായിരുന്നു. അദ്ദേഹം സ്വന്തമായിട്ട് ആദ്യം തിരക്കഥയെഴുതിയത് ഈ സിനിമയ്ക്കു വേണ്ടിയാണ്. 76ലെ കാൻ മേളയിൽ ജൂറിയുടെ പ്രത്യേക പുരസ്‌കാരം ഈ സിനിമയ്ക്ക് ലഭിച്ചു. ആന തോറന്റ് എന്ന ഒമ്പതു വയസ്സുകാരി സ്വന്തം അച്ഛനെ വിഷം കഴിപ്പിക്കുന്നതാണ് ആ സിനിമയിലെ മുഖ്യ മുഹൂർത്തം. തന്റെ അമ്മയെ കൊന്നത് പട്ടാള ആപ്പീസറായ അച്ഛനാണെന്നാണ് അവൾ കരുതുന്നത്. ഏതായാലും അച്ഛൻ ആ രാത്രിയിൽ മരിക്കുന്നു. പക്ഷേ, അത് ഒരു സ്വാഭാവിക മരണമാണോ അതോ വിഷബാധയാലാണോ എന്നത് ഒരു പ്രഹേളികയായി തുടരുകയാണ്. മനുഷ്യജീവിതവും മരണവും കുട്ടികൾക്ക് എക്കാലത്തും പ്രഹേളികകളാണല്ലോ.

പട്ടാളക്കാരെക്കൊണ്ട് നിറഞ്ഞതും അതിനാൽ മരണത്തിന്റെ സാന്നിദ്ധ്യം എപ്പോഴും തിങ്ങിനിൽക്കുന്നതുമായ വിചിത്രമായ ഒരു വീട്ടിനകത്ത് ‘കുടുങ്ങിപ്പോയ’ ഈ പെൺകുട്ടികളുടെ വളർച്ച, മനുഷ്യമനസ്സിന്റെ അതിസങ്കീർണമായ പിരിയൻ വ്യവസ്ഥകളിലേയ്ക്ക് സഞ്ചരിക്കുന്ന ഒരു സിനിമയുടെ സൃഷ്ടിയ്ക്ക് പശ്ചാത്തലമാകുകയാണ്. ഏത് ചോദ്യത്തിനും. ‘ നീ വളരെ ചെറുതാണ്; കാര്യങ്ങളൊന്നും മനസ്സിലാവാറായിട്ടില്ല’ എന്നതാണ് കുട്ടികൾക്ക് കിട്ടുന്ന ഉത്തരം. എന്നാൽ, മൂന്നു വയസ്സോടെ തന്നെ ഏത് കാര്യവും മനസ്സിലാക്കാൻ മാത്രം ഒരു കുട്ടിയുടെ മനസ്സ് പ്രാകൃതികമായി വളരുന്നുണ്ടെന്നും, സ്വാഭാവിക നിഷ്‌കളങ്കത കുറച്ചു കാലം കൂടി വിട്ടു മാറാത്തതുകൊണ്ട് അവനെ/അവളെ അത്രയും കാലം കൂടി കബളിപ്പിക്കാമെന്നതുമാണ് ലോകനടപ്പ് എന്ന കാര്യം സോറ ഈ രണ്ടു സിനിമകളിലൂടെ വെളിപ്പെടുത്തുന്നു.

തന്റെ അച്ഛന്റെ നാലു മക്കളിൽ രണ്ടാമത്തവനായി 1932ൽ സ്‌പെയിനിലെ അറഗോൺ പ്രവിശ്യയിലെ ഹുയെസ്‌ക എന്ന സ്ഥലത്താണ് കാർലോസ് അതാറെസ് സോറ പിറന്നത്. അവന്റെ അച്ഛൻ ഒരു അറ്റോർണിയും അമ്മ ഒരു പിയാനോ വായനക്കാരിയുമായിരുന്നു. മൂന്നു വയസ്സുള്ളപ്പോൾ (കാര്യങ്ങൾ മനസ്സിലായിത്തുടങ്ങുമ്പോൾ) കാർലോസിന്റെ കുടുംബം സ്‌പെയിനിന്റെ തലസ്ഥാനനഗരിയായ മാദ്രിദിലേയ്ക്ക് താമസം മാറി. അത് ആഭ്യന്തരയുദ്ധത്തിന്റെ കാലത്തായിരുന്നു. മാദ്രിദിലും ബാർസലോണയിലും വാലെൻസിയയിലുമിരുന്ന് ആ കൊച്ചുകുട്ടി യുദ്ധവും കലാപവും കെടുതികളും അനുഭവിച്ചു തീർത്തു. കറുത്തതും നീണ്ടു നീണ്ടു പോകുന്നതുമായ നിഴലുകളുടെ പശ്ചാത്തലത്തിലാണ് സോറയുടെ ബാല്യകാലസ്മൃതികൾ പുനർജനിക്കുന്നത്. ബോംബ് സ്‌ഫോടനങ്ങളുടെയും രക്തത്തിന്റെയും മരണത്തിന്റെയും ശവഘോഷയാത്രകളുടെയും മധ്യത്തിലിരുന്നുള്ള അവന്റെ പാട്ടുകൾ, കളികൾ, പഠിച്ച പൗരോഹിത്യ കാർക്കശ്യങ്ങളുടെ അടിസ്ഥാനമുള്ള ഭാഷ എന്നിവയൊക്കെയും സോറയുടെ നിരവധി സിനിമകളുടെ മുഖപ്പുകളിലേയ്ക്ക് പിന്നീട് പൊന്തിവന്നു. കാലത്തിന്റെ സ്ഥാവരലിഖിതങ്ങൾ ചമച്ച ക്രൂരസ്മൃതികൾ.

ഹൈസ്‌ക്കൂളിനു ശേഷം എഞ്ചിനീയറിംഗാണ് പഠിച്ചതെങ്കിലും പതിനെട്ടാമത്തെ വയസ്സിൽ അദ്ദേഹം ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി തീർന്നു. പിന്നീട് സംഗീതത്തിലും നൃത്തത്തിലും സ്‌പെഷലൈസ് ചെയ്യുകയും നിരവധി പ്രദർശനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ചിത്രകാരനായ ജ്യേഷ്ഠന്റെ പ്രേരണയെ തുടർന്നാണ് കാർലോസ് മാദ്രിദിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്നത്. ചലച്ചിത്രക്ലാസിക്കുകൾ തുറന്നിട്ടുകൊടുത്ത ലോകവും സമീപനവും അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. ഹ്രസ്വചിത്രങ്ങൾക്കും ഡോക്കുമെന്ററികൾക്കും ശേഷം സോറ എടുത്ത ആദ്യ ഫീച്ചർ ചിത്രം പോക്കിരികൾ (ലോസ് ഗോൾഫോസ് -1960) കാളപ്പോരുകാരായി തീർന്ന ചേരിപ്പിള്ളേരുടെ കഥയായിരുന്നു. മുഴുവനായി പുറം ലൊക്കേഷനുകളിൽ വെച്ച് ചിത്രീകരിച്ചതും പ്രൊഫഷണലുകളല്ലാത്തവരുടെ സംഭാഷണങ്ങളും അഭിനയവും കൊണ്ട് ചിട്ടകൾ ലംഘിച്ചതുമായ ഈ സിനിമ വളരെ പ്രധാനപ്പെട്ട സാമൂഹിക പ്രശ്‌നങ്ങളിലേയ്ക്ക് വിരൽ ചൂണ്ടി. ചിത്രം സ്‌പെയിനിൽ പ്രശ്‌നങ്ങളുണ്ടാക്കുകയും തുടർന്ന് മൂന്നു വർഷത്തേയ്ക്ക് വേറെ സിനിമകളെടുക്കുന്നതിൽ നിന്ന് സോറയെ വിലക്കുകയും ചെയ്തു.

കാർലോസ് സോറ തിരശ്ശീലയെ പ്രകമ്പനം കൊള്ളിച്ചത് വേട്ട (ദ് ഹണ്ട് – 1965) എന്ന ചിത്രത്തിലൂടെയാണ്. അതിശക്തമായ ഈ ചിത്രത്തിന് വളരെ ലളിതമായ ഒരു കഥയാണുള്ളത്. നാലു കൂട്ടുകാർ ഒരു താഴ് വരയിൽ വേട്ടക്കാരായി പോകുന്നു. ഇതിൽ മൂന്നു പേരും സ്പാനിഷ് സ്വേച്ഛാധിപതിയായിരുന്ന ഫ്രാങ്കോയുടെ പട്ടാളക്കാരായിരുന്നു. ഫ്രാങ്കോയുടെ യുദ്ധമുന്നേറ്റങ്ങളിലെ ബോംബു വർഷങ്ങളുടെ വടുക്കൾ ഇനിയും മാഞ്ഞിട്ടില്ലാത്ത ആ താഴ് വരയിൽ വെച്ച് ആ നാലുപേർ ആൺകരുത്തിന്റെയും അസൂയയുടെയും ഹിംസയുടെയും മരണക്കളികളിൽ കുടുങ്ങിപ്പോവുന്നു. ഈ വേട്ടക്കാരുടെ ആത്മാക്കളുടെ പ്രതീകമെന്നോണം വിജനമായ ആ താഴ് വാരം ഭീതിയുണർത്തുന്നു. മന:ശ്ശാസ്ത്ര-ത്രില്ലറായിരിക്കെതന്നെ ഫ്രാങ്കോ ഭരണകൂടത്തിന്റെ ഭീകര സാന്നിദ്ധ്യം നേരിട്ട് പരാമർശിക്കാതെ അനുഭവപ്പെടുത്തുകയും ചെയ്ത ഈ ചിത്രം 1966ലെ ബെർലിൻ മേളയിൽ സിൽവർ ബെയർ നേടി.

അടിച്ചമർത്തപ്പെട്ട സമൂഹത്തിന്റെ രോഗനിദാന പരിശോധന നടത്തുന്ന ചിത്രമായിരുന്നു പെപ്പർമിന്റ് ഫ്രേപ്പ് (1968ലെ സിൽവർ ബിയർ നേടി), അതിവിനയ പ്രകടനം ശീലമാക്കിയ സമുദായത്തിന്റെ ലൈംഗിക മതിവിഭ്രമങ്ങളെ വെളിപ്പെടുത്തുന്നു.

എന്താണ് സംഭവിച്ചത് എന്നതല്ല പ്രധാനം എന്നും എന്താണ് സംഭവിച്ചതെന്ന് ഒരാൾ കരുതുന്നതെങ്ങനെ എന്നതാണ് പ്രധാനം എന്നും കാർലോസ് സോറ തന്റെ മനോവിജ്ഞാനീയ രീതികളിലൂടെ നിരന്തരം വെളിപ്പെടുത്തി. കഥയുടെയും വസ്തുതകളുടെയും ഈ കൂടിക്കുഴിച്ചിലുകളിലൂടെ, വിഭ്രമത്തിന്റെ സ്ഥലരാശിയും വസ്തുനിഷ്ഠ യാഥാർത്ഥ്യത്തിന്റെ പ്രതിബിംബ ചിത്രണത്തിനുള്ള ആഗ്രഹവും അദ്ദേഹം നിർമ്മിച്ചെടുത്തു. ബുനുവലിന്റെ സ്വാധീനം സോറയിൽ പ്രകടമായിരുന്നു. എന്നാലതിനെ കേവല അനുകരണം എന്നതിന് പകരം സ്വാഭാവിക (അസ്വാഭാവിക!) തുടർച്ചയായിട്ടാണ് വ്യാഖ്യാനിക്കാനാവുന്നത്.

പ്രകാശത്തിന്റെ പൂന്തോട്ടം (1970) ഫ്രാങ്കോഭരണത്തെ നിശിതമായി വിമർശിച്ച ഒരു കറുത്ത ഹാസ്യ ചിത്രമാണ്. ഈ ചിത്രം സെൻസർ ചെയ്യപ്പെടുകയും പുറത്തിറങ്ങാൻ വളരെ വൈകുകയും ചെയ്തു. സോറയുടെ മറുപടി അന്നയും ചെന്നായ്ക്കളും(1972) എന്ന ചിത്രമായിരുന്നു. ഒരു യുവകാര്യസ്ഥയായ അന്ന (ചാപ്ലിന്റെ മകളും ഒരിക്കൽ സോറയുടെ ഭാര്യയുമായിരുന്ന ജെറാൾഡിൻ അഭിനയിക്കുന്നു) യും മൂന്നു സഹോദരന്മാരുമാണ് പ്രധാന കഥാപാത്രങ്ങൾ. സ്‌പെയിനിനെ അക്കാലത്ത് ആവേശിച്ച മൂന്നു തരം പ്രേതബാധകളുടെ മതാത്മക വൈകൃതങ്ങൾ, അടിച്ചമർത്തപ്പെട്ട ലൈംഗികത, സ്വേഛാധികാരത്തിന്റെ ആന്തരിക പ്രതീകങ്ങളായിരുന്നു ഈ സഹോദരങ്ങൾ. ഈ ചിത്രത്തിന്റെ റിലീസിങ്ങിനെ സെൻസർമാർ തടഞ്ഞെങ്കിലും പിന്നീട്, വളരെയധികം ബോറടിപ്പിക്കുന്നതായതിനാൽ (!) ആരെയും സ്വാധീനിച്ചേക്കില്ല എന്ന ധാരണയോടെ അവർ ചിത്രം റിലീസ് ചെയ്യാൻ സമ്മതിക്കുകയുണ്ടായി.

എഴുപതുകളിൽ ആഭ്യന്തര സംഘർഷത്തിന്റെ ദൈനംദിന വേലിയേറ്റങ്ങളിൽ പെട്ട് മരണം പോലും മുന്നിൽ കണ്ടുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ് സോറ ഏറ്റവും ശ്രദ്ധേയനായ സ്പാനിഷ് ചലച്ചിതകാരനായി വളർന്നത്. 1973ലെടുത്ത കസിൻ ആഞ്ചലിക്ക സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ പരാജയങ്ങൾ അന്വേഷിച്ച ആദ്യത്തെ സ്പാനിഷ് ചിത്രമായിരുന്നു. റിപ്പബ്ലിക്കൻ അനുകൂലിയായ നായകൻ, ഫാസിസ്റ്റുകളായായിരുന്ന ബന്ധുക്കളുടെ വീടുകളിലേയ്ക്ക് നടത്തിയ കുട്ടിക്കാല സന്ദർശനങ്ങൾ ഓർമ്മിച്ചെടുക്കുന്നു. ഈ ചിത്രം റിലീസ് ചെയ്തപ്പോൾ ബാർസലോണയിൽ ബോംബ് സ്‌ഫോടനം ഉണ്ടാകുകയും പ്രൊജക്ഷണിസ്റ്റുകൾ ഭീഷണിയ്ക്ക് വിധേയരാകുകയും ചെയ്തു. 1974ലെ കാൻ മേളയിൽ ഈ ചിത്രത്തിന് പ്രത്യേക പുരസ്‌കാരം ലഭിച്ചു.

1975ൽ സ്വേഛാധികാരിയായ ഫ്രാങ്കോ മരണപ്പെട്ടു. സോറ എല്ലാ അർത്ഥത്തിലും സ്വതന്ത്രനായി. അദ്ദേഹത്തിന്റെ വാക്കുകൾ, കാഴ്ച, വികാരങ്ങൾ, സ്പാനിഷ് ആത്മാവ് എന്നിവയൊക്കെ തുറന്നിട്ട പ്രാവുകളെപ്പോലെ ഭാവനയുടെ ആകാശങ്ങളിലേയ്ക്ക് സ്വഛന്ദം യാത്രയായി. ‘ഫ്രാങ്കോ ഒരു കൂറ്റൻ മതിൽ പോലെയായിരുന്നു. ഒരു തരത്തിലും അതിനപ്പുറത്തേയ്ക്ക് കടക്കാനാവാതെ….’ എന്ന് സോറ മുൻകാലത്തെ അനുസ്മരിക്കുന്നു.

ഫ്രാങ്കോയുടെ പ്രേതം പിന്നെയും കുറെക്കാലം കൂടി സ്പാനിഷ് ആത്മാവിൽ തങ്ങി നിന്നതിന്റെ തെളിവാണ് കണ്ണുകെട്ടിക്കാഴ്ച (ബ്ലൈൻഡ് ഫോൾഡഡ് ഐയ്‌സ് -1978) പോലുള്ള ചിത്രം. രാഷ്ട്രീയ അതിക്രമവും വ്യക്തിഗത ആക്രമണവും കൂടിക്കലരുന്ന ഈ ചിത്രത്തിന്റെ ആശയം ഒരു പുതിയ ഫ്രാങ്കോ ഉയിർത്തെഴുന്നേറ്റു വരുമോ എന്നു ഭയപ്പെടുത്തുന്നു.

സ്വാതന്ത്ര്യത്തിന്റെ പുതിയ പൂക്കാലത്ത്, സോറ മനുഷ്യവികാരത്തിന്റെ പുതിയ അന്തരാളങ്ങൾ തേടിപ്പിടിക്കുകയും അന്തോണിയോ ഗാഡെസ് എന്ന നൃത്ത സംവിധായകനുമായി ചേർന്ന് മൂന്നു ചിത്രങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു. രക്തസിംഹാസനം, കാർമെൻ, പ്രേമം എന്ന മാന്ത്രികൻ എന്ന ഈ മൂന്നു ചിത്രങ്ങളും ബാലെ റിഹേഴ്‌സലുകളുടെയും അവതരണങ്ങളുടെയും ചിത്രീകരണം എന്ന നിലയ്ക്കാണ് പ്രത്യക്ഷപ്പെടുന്നത്. മനുഷ്യരുടെ മാനസികവും ശാരീരികവുമായ തൃഷ്ണയും വിദ്വേഷവും നഗ്നമാക്കപ്പെടുന്ന ഈ മൂന്നു ചിത്രങ്ങളും ലോകമെമ്പാടുമുള്ള നിരവധി മേളകളിൽ പുരസ്‌കാരവിധേയമാകുകയും ചലച്ചിത്രാസ്വാദകരാൽ കൊണ്ടാടപ്പെടുകയും ചെയ്തു.

ഫ്രാങ്കോയുടെ സ്വേച്ഛാധികാര കാലത്തെ അടയാളപ്പെടുത്തുന്നതിന് സ്വന്തമായ ചലച്ചിത്രഭാഷയും വ്യാകരണവും ചമച്ച കാർലോസ് സോറ, സ്വതന്ത്രമാക്കപ്പെട്ട പിൽക്കാലത്ത് അതിവ്യത്യസ്തമായ രീതികളിലേയ്ക്ക് സഞ്ചരിച്ചുകൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. മുഴുവനും സ്വതന്ത്രമായ ഈ കാലഘട്ടത്തിൽ സോറ കുട്ടിക്കാലത്തേയ്ക്കും നൃത്തചലനങ്ങളുടെ ലോകത്തേയ്ക്കും നിരന്തരം യാത്ര ചെയ്തു. ഫ്രാങ്കോയുടെ മരണശേഷം, ഫ്രാങ്കോ കാലത്തെക്കുറിച്ചുള്ള വിചാരണകൾ മാത്രം ഉൾപ്പെടുത്തി സിനിമയെടുക്കുക എന്ന ‘എളുപ്പ രീതി’യ്ക്കു പകരം ലഭിച്ച സ്വാതന്ത്ര്യത്തെ കൂടുതൽ സൗന്ദര്യാത്മകമായും ഉത്തരവാദിത്തപൂർണമായും ഉപയോഗിക്കാനുള്ള ആർജ്ജവവും വിവേകവും മാനസികത്വരയും സോറ പരിപോഷിപ്പിച്ചു.

എന്നാൽ, സാമൂഹിക പ്രശ്‌നങ്ങളിൽ നിന്ന് പുറകോട്ട് നടന്നു വ്യക്തി മനസ്സിന്റെ ഉള്ളറകളിലേയ്ക്ക് എന്ന ഒഴികഴിവോടെ സ്വയം നിഗൂഢവത്ക്കരിക്കാനും കാലാതീത സൃഷ്ടികൾ എന്നു വാഴ്ത്തപ്പെടുന്ന സിനിമകളിലേയ്ക്ക് ഒളിച്ചോടാനും സോറ തയ്യാറായില്ല. 1996ലെടുത്ത ടാക്‌സി നോക്കുക. കാണികളെ ഇരിപ്പിടങ്ങളിൽ പിടിച്ചിരുത്തുന്ന ഈ സസ്‌പെൻസ് ത്രില്ലറിലൂടെ സ്‌പെയിനിന്റെ വർത്തമാന കാല സമസ്യകളിലേയ്ക്കും സോറ പ്രകാശം തെളിയിക്കുന്നു. കറുത്തവരെയും അഭയാർത്ഥികളെയും മയക്കു മരുന്നിന് അടിപ്പെട്ടവരെയും സ്വവർഗാനുകൂലികളെയും തുടച്ചു നീക്കുന്ന നവ ഫാസിസ്റ്റ് ചിന്താഗതിക്കാരുടെ വംശ ശുദ്ധീകരണ പ്രക്രിയയാണ് ഈ ചിത്രത്തിന്റെ പ്രതിപാദ്യം. ടാക്‌സി ശ്വാസം പിടിച്ചിരുന്നു കാണുമ്പോൾ, പുതുകാല ഇന്ത്യയിലെ വംശശുദ്ധീകരണ വാർത്തകളും നമ്മുടെ മനസ്സിന്റെ ഭിത്തികൾ തുളച്ചു കടന്നു വരും.

കാർലോസ് സോറ തന്റെ തൊണ്ണൂറ്റൊന്നാം വയസ്സിൽ ഇന്നലെ ലോകത്തോട് വിട പറഞ്ഞു. അദ്ദേഹത്തിന്റെ അവസാന സിനിമ – ചുമരുകൾക്ക് സംസാരിക്കാനാവും/വാൾസ് കാൻ ടോക്ക് – കഴിഞ്ഞ ഗോവ മേളയിലുണ്ടായിരുന്നു. കലയുടെ ഉത്പത്തി അന്വേഷിക്കുന്ന ഈ ഡോക്കുഫീച്ചറിൽ കാർലോസ് സോറ തന്നെ നേരിട്ട് കടന്നു വരുന്നുണ്ട്. മുപ്പത്താറായിരത്തി അഞ്ഞൂറു കൊല്ലം പഴക്കമുണ്ടെന്നു കരുതപ്പെടുന്ന ഫ്രാൻസിലെ ഷോവെ ഗുഹയിലെ ചുമർ ചിത്രങ്ങളിൽ നിന്ന് ആധുനിക ഗ്രാഫിറ്റികളിലേയ്ക്കുള്ള ഒരു ജമ്പ് കട്ടാണ് ഈ സിനിമ. 1951ൽ സോറ എടുത്ത നൃത്ത ഫോട്ടോകളുടെ സ്റ്റില്ലുകൾ പ്രദർശിപ്പിച്ച റിയൽ സൊസൈഡാഡ് ഫോട്ടോഗ്രാഫിക്ക ദെ മാദ്രിദിൽ നിന്ന് അദ്ദേഹം നടത്തിയ കലാന്വേഷണ-പ്രയോഗ യാത്രയുടെ അന്ത്യം കൂടിയാണീ സിനിമ.


Subscribe to our channels on YouTube & WhatsApp

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Venu Edakkazhiyur
Venu Edakkazhiyur
1 year ago

മഹാനായ ചലച്ചിത്രകാരന് വിട, പ്രണാമം….