A Unique Multilingual Media Platform

The AIDEM

Art & Music Articles Society

വർഗീയ സംഘർഷങ്ങൾക്കിടയിലും വൈറലാവുന്നു, മനോജ് ബാജ്പേയ് ആലപിച്ച “ഭഗവാൻ ഔർ ഖുദാ”

  • April 26, 2022
  • 1 min read
വർഗീയ സംഘർഷങ്ങൾക്കിടയിലും വൈറലാവുന്നു, മനോജ് ബാജ്പേയ് ആലപിച്ച “ഭഗവാൻ ഔർ ഖുദാ”

ചലച്ചിത്ര സംവിധായകൻ മിലാപ് സവേരി രചിച്ച കവിതയുടെ വീഡിയോ 2020 മെയ് മാസത്തിൽ കോവിഡ് ലോക്ക്ഡൗണിൻ്റെ പാരമ്യത്തിലാണ് സോഷ്യൽ മീഡിയയിൽ ആദ്യമായി പോസ്റ്റ് ചെയ്തത്.

ദേശീയ അവാർഡ് ജേതാവായ പ്രശസ്ത ബോളിവുഡ് നടൻ മനോജ് ബാജ്പേയി വായിച്ച്‌ ‌അവതരിപ്പിച്ച, 2020-ൽ ഇറക്കിയ കവിത, സാമുദായിക സൗഹാർദത്തിൻ്റെ സന്ദേശമായി സോഷ്യൽ മീഡിയയിൽ വീണ്ടും ഇടം നേടിയിരിക്കുന്നു. സമീപകാലത്ത് ഈ കവിതയുടെ സന്ദേശം ജനങ്ങളിലേക്ക് എത്തുന്നത് വളരെ സന്തോഷകരമാണെന്ന് അതിൻ്റെ രചയിതാവായ മിലാപ് സവേരി പറഞ്ഞു.

മിലാപ് സവേരി

രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ‘ഭഗവാൻ ഔർ ഖുദാ’ എന്ന കവിത, മതങ്ങൾ തമ്മിലുള്ള സംഘർഷത്തിൻ്റെ അർത്ഥശൂന്യതയെ ചൂണ്ടിക്കാട്ടുന്നു. അതിൽ പറയുന്നതിങ്ങനെ, “ക്ഷേത്രത്തിനും പള്ളിയ്ക്കും ഇടയിലുള്ള ഒരു കവലയിൽ ഭഗവാനും ഖുദായും പരസ്പരം കണ്ടുമുട്ടുന്നു. നിങ്ങൾ കൈകൾ കൂപ്പി തൊഴുതാലും, കൈകൾ മുകളിലേക്ക് ഉയർത്തി പ്രാർത്ഥിച്ചാലും, അത് ദൈവത്തിന് ഒരു പ്രശ്‌നമേയല്ല.”

മനോജ് ബാജ്പേയി

മധ്യപ്രദേശ്, ഗുജറാത്ത്, ദേശീയ തലസ്ഥാനമായ ന്യു ഡൽഹി, തുടങ്ങിയ പ്രദേശങ്ങളിൽ വർഗീയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സമയത്ത്, സമാധാനത്തിൻ്റെയും ഐക്യത്തിൻ്റെയും സന്ദേശത്തെ മുന്നോട്ടുവെക്കുന്ന ഈ കവിത സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ വീണ്ടും മാറ്റൊലി കൊണ്ടു.

ചില “നിർഭാഗ്യകരമായ സംഭവങ്ങൾ” കാരണം ആ വീഡിയോ വീണ്ടും ഉയർന്നു വന്നിരിക്കുന്നു, എന്ന് മിലാപ് സേവരി പറയുന്നു, അദ്ദേഹം ഇത് തൻ്റെ ട്വിറ്ററിലും പങ്കിട്ടിട്ടുണ്ട്.

“ഈ കവിത വീണ്ടും പ്രസക്തമാകുന്നു എന്ന് കാണുമ്പോൾ സന്തോഷമുണ്ട്. രണ്ടു സമുദായത്തിൽ പെടുന്ന ആളുകൾ ഏറ്റുമുട്ടുന്ന നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആ സംഭവങ്ങൾ കാരണമാണ് ഈ വിഡിയോയും പ്രസക്തമാവുന്നത്,” അദ്ദേഹം പറഞ്ഞു.

“വിഭിന്ന സമുദായത്തിൽ നിന്നുള്ള ആളുകൾ തമ്മിൽ പരസ്പരം ഭിന്നതയുടെ ആവശ്യമില്ല. ഹിന്ദുക്കളും മുസ്ലീങ്ങളും സമാധാനത്തോടെ ജീവിക്കണം എന്നതാണ് ആ കവിത നൽകുന്ന സന്ദേശം.”

2020 മാർച്ചിൽ ഇന്ത്യയെ ബാധിച്ച കൊറോണ വൈറസ് പകർച്ചവാധി സൃഷ്ടിച്ച സാഹചര്യമാണ് മനുഷ്യത്വത്തെ കുറിച്ച് എഴുതാൻ തന്നെ പ്രേരിപ്പിച്ചത്. “സത്യമേവ ജയതേ”, “മർജാവാൻ”, “സത്യമേവ ജയതേ” തുടങ്ങിയ എൻ്റെർടെയ്‌നറുകൾ സംവിധാനംചെയ്തു പ്രശസ്തി നേടിയ സവേരി പറയുന്നു.

“ഇത് ലളിതമായ ഒരു വീഡിയോയാണ്. ഇത് ആരെയും കുറ്റപ്പെടുത്തുകയോ, ആർക്കു നേരെയും വിരൽ ചൂണ്ടുകയോ ചെയ്യുന്നില്ല. പകരം എന്തൊകൊണ്ട് എല്ലാവർക്കും യോജിച്ചു നിന്നുകൂടാ എന്ന് മാത്രം ചോദിക്കുന്നു. ഇങ്ങനെ ഹൃദയസ്പർശിയും, ശക്തവുമായ ഒരവതരണത്തിന് ഞാൻ മനോജ് ബാജ്‌പേയിയോട് നന്ദി പറയുന്നു.”

“ഭഗവാൻ ഔർ ഖുദാ” എന്നത് മിലാപ് സവേരിയുടെ രണ്ടാമത്തെ കവിതയാണ്. ആദ്യ കവിതയായ “മേരാ ഭാരത് മഹാൻ” ഇന്ത്യയുടെ ആത്മാവിനെ സ്തുതിക്കുന്നു. അത് നടൻ ജോൺ അബ്രഹാം ആണ് ആലപിച്ചിട്ടുള്ളത്.

 

About Author

ദി ഐഡം ബ്യൂറോ