A Unique Multilingual Media Platform

The AIDEM

Articles Climate

കാലാവസ്ഥയെ മാറ്റാം, മനസ്സുണ്ടെങ്കിൽ

  • April 25, 2022
  • 1 min read
കാലാവസ്ഥയെ മാറ്റാം, മനസ്സുണ്ടെങ്കിൽ

ആഗോളതാപനിലയിലെ വർദ്ധനവ് കാലാവസ്ഥയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ പ്രതീക്ഷിച്ചതിലും ഗുരുതരമാവുകയാണ്. ആഴ്ചകൾക്ക് മുൻപ് ആർട്ടിക്കിലും അന്റാർട്ടിക്കിലും ഒരേസമയം എത്തിയ ഉഷ്‌ണതരംഗം ഗവേഷക ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നു. ഉഷ്‌ണതരംഗത്തിന്റെ ഫലമായി അവിടങ്ങളിൽ താപനില സാധാരണയിലും 47° സെൽഷ്യസും 30° സെൽഷ്യസും ആണ് വർധിച്ചത്. ശീതകാലമായ ഏപ്രിൽ മാസത്തിലെ ഉഷ്‌ണതരംഗം ശാസ്ത്രലോകത്തെ ആശങ്കപ്പെടുത്തുന്നു. ഈ മാറ്റങ്ങൾക്ക് പിന്നിൽ ആഗോളതാപനമാകാം എന്ന സംശയവും സ്വാഭാവികമായി ഉയരുന്നുണ്ട്. ആഗോളതാപന വർദ്ധനവ് നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും എന്നതിന്റെ സൂചനയായി ശാസ്ത്രലോകം ഇതിനെ വിലയിരുത്തുന്നു.

ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാവ്യതിയാനത്തിനായുള്ള ഇന്റർ ഗവൺമെന്റൽ പാനലിന്റെ (IPCC) ഏറ്റവും പുതിയ പഠന റിപ്പോർട്ട് ഹരിതഗൃഹ വാതകങ്ങളുടെ(Green House Gases, GHG) പുറന്തള്ളൽ കുറയ്ക്കുന്നതിനെ കുറിച്ച് ലോകം ഗൗരവമായി ചിന്തിക്കേണ്ടതായി ചൂണ്ടിക്കാട്ടുന്നു. 65 രാജ്യങ്ങളിൽ നിന്നായി 278 ശാസ്ത്രജ്ഞർ തയ്യാറാക്കിയ ഐപിസിസിയുടെ ആറാം അസ്സസ്മെന്റിന്റെ മൂന്നാം വർക്കിങ് ഗ്രൂപ്പ് റിപ്പോർട്ടാണ് ഇത്. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കൽ, അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുക തുടങ്ങിയ വിഷയങ്ങളിലുള്ള സാധ്യതകൾ പരിശോധിക്കുകയാണ് ഈ റിപ്പോർട്ട് ചെയ്യുന്നത്.

ആഗോളതാപന നിരക്ക് 1.5 ഡിഗ്രി സെൽഷ്യസിലേക്ക് ഒതുക്കുക എന്നതാണ് കാലാവസ്ഥാ വ്യതിയാനം തടയാനായി 2015 ലെ പാരീസ് ഉടമ്പടി മുന്നോട്ട് വെച്ചിട്ടുള്ള ലക്ഷ്യം. ഇത് കൈവരിക്കണമെങ്കിൽ വരുന്ന മൂന്ന് വർഷങ്ങൾക്കുള്ളിൽ കൃത്യമായ നടപടികൾ ഉണ്ടാവേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ആറാം അസ്സസ്‌മെന്റിന്റെ കഴിഞ്ഞ രണ്ട് വർക്കിങ് ഗ്രൂപ്പുകളുടെയും റിപ്പോർട്ടുകൾ പരിശോധിച്ചാൽ കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ആഘാതങ്ങൾ ലഘൂകരിക്കുക എന്നത് വലിയ ഉത്തരവാദിത്വമാണ്. അതിനായി അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവ് കുറയ്ക്കുകയും, കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യുകയും വേണം.

2025 ഓടെ ആഗോളതലത്തിൽ ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനത്തിന്റെ അളവ് ഉച്ഛസ്ഥായിലെത്തുകയും 2030 ഓടെ അത് പകുതിയാവുകയും 2050 ഓടെ പൂജ്യത്തിലെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കുക അസാധ്യമല്ല എന്ന് റിപ്പോർട്ട് പറയുന്നു.
ലോകത്തിൽ 2019 ൽ മാത്രം 59 ഗിഗാ ടെണ്ണിലധികമാണ് കാർബൺ ബഹിർഗമനത്തിന്റെ തോത്. അത് 2010- നേക്കാൾ ഏകദേശം 12% കൂടുതലും 1990-നേക്കാൾ 54% കൂടുതലുമാണ്. പാരീസ് ഉടമ്പടി പ്രകാരം ആഗോളതാപന വർദ്ധനവ് 1.5 ഡിഗ്രി സെൽഷ്യസ് ആയി നിലനിർത്തുന്നതിന്, 2030-ഓടെ അന്തരീക്ഷത്തിലെ കാർബൺ ബഹിർഗമനത്തിന്റെ അളവ് 2019 ലേതിൽനിന്നും 43% കുറയണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

1990 മുതൽ 2019 വരെ ലോകത്ത് പുറന്തള്ളപ്പെട്ട ഹരിതഗൃഹ വാതകങ്ങളുടെ കണക്ക്

ഇപ്പോഴത്തെ കണക്കുകൾ ശ്രദ്ധിച്ചാൽ ഇക്കാര്യത്തിൽ നില മെച്ചപ്പെടുന്നതിന്റെ ചില സൂചനകൾ കാണാനാകും. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമന തോതിന്റെ വാർഷിക നിരക്ക് 2000 നും 2009 നും ഇടയിൽ ശരാശരി 2.1% ൽ നിന്ന് 2010 നും 2019 നും ഇടയിൽ 1.3% ആയി കുറഞ്ഞതായി കാണാം. 2010 മുതൽ, സൗരോർജ്ജം, കാറ്റിൽനിന്നുള്ള വൈധ്യുതോൽപ്പാദനം, ഇലക്ട്രിക്ക് ബാറ്ററികൾ എന്നിവയുടെ ചിലവിൽ 85% വരെ തുടർച്ചയായ കുറവുണ്ടായി. പരിസ്ഥിതി നയങ്ങളുടെയും നിയമങ്ങളുടെയും കാര്യക്ഷമത വനനശീകരണം കുറയ്ക്കുകയും പുനരുപയോഗ ഊർജ്ജത്തിന്റെ ഉത്പാദനം കൂട്ടുകയും ചെയ്തു. ഇലക്ട്രിക്ക് വാഹങ്ങളുടെ വില കുറയുകയും അവയുടെ വിൽപ്പന കൂടുകയും ചെയ്തു. കൂടാതെ കഴിഞ്ഞ 10 വർഷത്തെ കണക്കെടുത്താൽ 18 രാജ്യങ്ങൾ അവരുടെ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിൽ വിജയിച്ചു,

2030 നുള്ളിൽ ലോകത്തിലെ എല്ലാ മേഖലയിലും കാർബൺ പുറന്തള്ളൽ പകുതിയെങ്കിലും കുറയ്ക്കാനുള്ള സാധ്യതകളുണ്ട്. ആ അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് റിപ്പോർട്ട് ആവശ്യപെടുന്നു. ആഗോളതാപനം പരിമിതപ്പെടുത്തുന്നതിന് ഊർജ്ജ മേഖലയിൽ വലിയ പരിവർത്തനങ്ങൾ ആവശ്യമാണ്. അതിനായി ഫോസിൽ ഇന്ധങ്ങളുടെ ഉപയോഗം കുറച്ച് കൊണ്ടുവരുകയും കാർബൺ ബഹിർഗമനം ഇല്ലാത്ത ഊർജോല്പാദന സാധ്യതകൾ ഉപയോഗപ്പെടുത്തുകയും വേണം.

2050 ഓടെ ഹരിതഗൃഹവാതകങ്ങളുടെ അളവ് പൂജ്യത്തിൽ എത്തിക്കണമെങ്കിൽ 510 ഗിഗാടൺ കാർബൺ ബഹിർഗമനം മാത്രമാണ് അനുവദനീയമായിട്ടുള്ളത് എന്നാണ് ഐപിസിസി കണക്കാക്കുന്നത്. പക്ഷെ, നിലവിലുള്ളതും ഭാവിയിലേക്ക് ആസൂത്രണം ചെയ്തതുമായ ഫോസിൽ ഇന്ധനം ഉപയോഗപ്പെടുത്തുന്ന പദ്ധതികളിൽ നിന്നുള്ള കാർബൺ ബഹിർഗമനം കൊണ്ടുമാത്രം 850 ഗിഗാടൺ കാർബൺ അന്തരീക്ഷത്തിൽ എത്തപ്പെടാം. ഐപിസിസി നിർദ്ദേശിക്കുന്ന പരിധിയേക്കാൾ 340 ഗിഗാടൺ കൂടുതലാണ് ഇത്. നിലവിലുള്ള ഫോസിൽ ഇന്ധന സംരംഭങ്ങൾ പിൻവലിക്കുക, പുതിയ ഇത്തരം പ്രോജക്റ്റുകൾ റദ്ദാക്കുക, കാർബൺ ക്യാപ്‌ചർ ആൻഡ് സ്റ്റോറേജ് (CCS) സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഫോസിൽ ഇന്ധനം പ്രവർത്തിക്കുന്ന പവർ പ്ലാന്റുകൾ പുനക്രമീകരിക്കുക, കുറഞ്ഞ കാർബൺ ഇന്ധനങ്ങളിലേക്ക് മാറുക എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രാവർത്തികമാക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ലോകത്തിലെ മൊത്തം കണക്കെടുത്താൽ അതിൽ നാലിലൊന്ന് ശതമാനം കാർബൺ പുറന്തള്ളപ്പെടുന്നത് വ്യാവസായിക മേഖലയിൽ നിന്നാണ്. വ്യാവസായിക മേഖലയിലെ കാർബൺ ബഹിർഗമനം കുറയ്ക്കുന്നത്തിനായി അസംസ്‌കൃതവസ്തുക്കൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുകയും, പുനരുപയോഗം പുനരുത്പാദനം എന്നിവ അടിസ്ഥാനമാക്കുന്ന പുതിയ ഉൽപാദന പ്രക്രിയകൾ നടപ്പിലാക്കുകയും വേണം. അടിസ്ഥാന ഉത്പന്നങ്ങളായ സ്റ്റീൽ, കെട്ടിട നിർമ്മാണ സാമഗ്രികൾ, രാസവസ്തുക്കൾ, പ്ലാസ്റ്റിക്ക് എന്നിവയുൾപ്പെടെയുള്ളവയുടെ നിർമ്മാണത്തിൽ ഉണ്ടാവുന്ന കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള പ്രക്രിയകൾ അവയുടെ പ്രാരംഭ ദശയിലാണ്. എന്നിരുന്നാലും, ചിലവ് കുറയ്ക്കുന്നതിനും ഇതിൽ ആവശ്യമായ ഉയർച്ച കൈവരിക്കുന്നതിനും ഇതിനകം നിലനിൽക്കുന്ന സാങ്കേതികവിദ്യകളിൽ ഉടനടിയുള്ള നിക്ഷേപങ്ങൾക്കൊപ്പം 5 മുതൽ 15 വർഷത്തോളമെടുക്കുന്ന നവീകരണവും, വാണിജ്യവൽക്കരണ നയവും ആവശ്യമാണെന്ന് ഐപിസിസി പറയുന്നു.

ഗ്രീൻ ബിൽഡിങ്ങുകൾക്ക് കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് വലിയ പങ്ക് വഹിക്കാനുണ്ട്. വൈദ്യുത ഉപയോഗം, കൂടുതൽ കാര്യക്ഷമമായ ഉപകരണങ്ങൾ, ലൈറ്റിംഗ്, മെറ്റീരിയലുകളുടെ പുനരുപയോഗം എന്നിവ പ്രധാനമാണ്. പഴയ കെട്ടിടങ്ങളിൽ ഇത്തരത്തിൽ മാറ്റം കൊണ്ടുവരുകയും മെച്ചപ്പെട്ട സാങ്കേതികവിദ്യകളും സമീപനങ്ങളും പുതിയ നിർമ്മാണ പദ്ധതികളിൽ ഉൾപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുകയും വേണം. നിർമ്മാണത്തിനും ഉപയോഗത്തിനുമുള്ള ഗ്രീൻ ബിൽഡിംഗ് മാർഗ്ഗനിർദ്ദേശങ്ങളും ബിൽഡിംഗ് എനർജി കോഡുകളും നടപ്പിലാക്കിയാൽ ഇത് കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയും.

കൂടാതെ വനങ്ങളും ചതുപ്പുകളും പോലുള്ള കാർബൺ സമ്പുഷ്ടമായ ആവാസവ്യവസ്ഥകളെ പരിരക്ഷിക്കുകയും പുനസ്ഥാപിക്കുകയും, സുസ്ഥിരമായി കൈകാര്യം ചെയ്യുകയും ചെയ്യുക, ഭക്ഷ്യോത്പാദന രംഗത്ത് കാർബൺ പുറന്തള്ളൽ കുറയ്ക്കുക, ഭക്ഷ്യമാലിന്യങ്ങൾ നിയന്ത്രിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ താരതമ്യേന കുറഞ്ഞ ചെലവിൽ 2050 നുള്ളിൽ പ്രതിവർഷം 8-14 ഗിഗാ ടൺ കാർബൺ കുറയ്ക്കാൻ കഴിയുമെന്ന് ഐപിസിസി റിപ്പോർട്ടിൽ പറയുന്നു.

ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസിലേക്ക് പരിമിതപ്പെടുത്തുന്നതിന് അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് (CO2) നീക്കം ചെയ്യലും സുപ്രധാനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്തരീക്ഷത്തിൽ നിന്ന് CO2 നീക്കംചെയ്ത് കരയിലോ ഭൂമിയിലോ സമുദ്രത്തിലോ സംഭരിക്കുകയാണ് ഇതിനുള്ള മാർഗം. ഇതിൽ പ്രകൃതി ജന്യമായ മാർഗങ്ങളിലൂടെ മരങ്ങളിലും മണ്ണിലും കാർബൺ സംഭരിക്കുന്നതും, കാർബൺ ഡൈ ഓക്സൈഡിനെ അന്തരീക്ഷത്തിൽ നിന്ന് നേരിട്ട് വലിച്ചെടുക്കുന്ന സാങ്കേതികവിദ്യകളും ഉൾപ്പെടും. വനങ്ങൾ പോലുള്ള സ്വാഭാവിക കാർബൺ സംഭരണികൾ പുനഃസ്ഥാപിക്കുന്നത് താരതമ്യേന ചെലവുകുറഞ്ഞതും എളുപ്പത്തിൽ ലഭ്യമായതുമായ കാർബൺ നീക്കംചെയ്യൽ സമീപനമാണ്.

കാർബൺ ബഹിർഗമനത്തിന്റെ പ്രധാന ചാലകശക്തികളിൽ രണ്ടെണ്ണം നഗരങ്ങളും ഗതാഗത സംവിധാനങ്ങളുമാണ്. 2020 ലെ കണക്കുകൾ പ്രകാരം, ആഗോള കാർബൺ പുറന്തള്ളലിന്റെ 72% വരെ നഗര പ്രദേശങ്ങൾ സംഭാവന ചെയ്യുന്നു. 2015-ലെ കണക്കുകൾ പ്രകാരം, ദേശീയതലത്തിൽ കാർബൺ പുറന്തള്ളലിന്റെ 62% നഗരങ്ങളിലാണ് (ഏഷ്യൻ രാജ്യങ്ങളിൽ, ഈ വിഹിതം 54%). ലോകജനസംഖ്യയുടെ 68 ശതമാനവും 2050 ഓടെ നഗരങ്ങളിൽ ജീവിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു, കാർബൺ ബഹിർഗമനം തടയാൻ നഗരങ്ങളിൽ മതിയായ ആസൂത്രണങ്ങൾ നടത്തിയില്ലെങ്കിൽ നഗര ബഹിർഗമനം അപ്പോഴേക്കും ഇരട്ടിയാകും.

ആഗോള തലത്തിൽ CO2 പുറന്തള്ളലിന്റെ 23% ഗതാഗത സംവിധാനങ്ങളിൽ നിന്നാണ്. റോഡ് ഗതാഗതം ഇതിന്റെ 70% സംഭാവന ചെയ്യുന്നു. ആഗോള താപനം നിയന്ത്രിക്കാൻ 2050 ഓടെ ലോകം ഗതാഗത സംവിധാനങ്ങളിൽ നിന്നുള്ള കാർബൺ ബഹിർഗമനം 59% കുറയ്ക്കേണ്ടതുണ്ട്. ഹൈഡ്രജൻ, ജൈവ ഇന്ധനങ്ങൾ തുടങ്ങി കുറഞ്ഞ തോതിൽ കാർബൺ പുറന്തള്ളുന്ന ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം, ഗതാഗത സംവിധാനത്തിന്റെ വൈദ്യുതീകരണം, കാൽനട, സൈക്കിൾ യാത്രകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സൗകര്യങ്ങൾ, തുടങ്ങി കാർബൺ ന്യൂട്രലായുള്ള നഗരവൽക്കരണ രീതികൾ നടപ്പിലാക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ചെറിയ നഗരങ്ങളോ പട്ടണങ്ങളോ നോക്കുകയാണെങ്കിൽ, ഇന്ത്യ പോലുള്ള അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ ഇപ്പോഴും പുതിയ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായി കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ജനങ്ങൾ കൂടുതലായി നഗരങ്ങളിലേക്ക് കുടിയേറുകയും ഊർജ ഉപഭോഗത്തിലും യാത്രസംവിധാനങ്ങളിലും ഗണ്യമായ വർധനവ് ഉണ്ടാവുകയും ചെയ്യും. ഡൽഹി പോലുള്ള നഗരങ്ങളിൽ ഉണ്ടാവുന്ന വായുമലിനീകരണ തോത് പരിശോധിച്ചാൽ ഇത് എത്രത്തോളം അപകടകരമായ സ്ഥിതിയിലാണെന്ന് മനസിലാക്കാം. നഗരസൂത്രണത്തിലും വേണം ഒരുപാട് മാറ്റങ്ങൾ. ഇലക്ട്രിക് ഗതാഗത സംവിധാനങ്ങളും കാർബൺ പുറന്തള്ളൽ കുറഞ്ഞ ഇന്ധന ഉപഭോഗം ഉപയോഗപ്പെടുത്തുന്ന സാങ്കേതികവിദ്യകളും വേണ്ടി വരും. കാർബൺ നീക്കം ചെയ്യാനായി കൂടുതൽ ഹരിത നഗരവൽകരണം ആവശ്യമായി വരും.

ചുരുക്കത്തിൽ കാലാവസ്ഥാ വ്യതിയാനം നിയന്ത്രണവിധേയമാക്കുക അസാധ്യമായ ഒരു കാര്യമല്ലെന്നാണ് ഈ റിപ്പോർട്ട് പറയുന്നത്. പ്രത്യാശക്ക് ഇടമുണ്ടെന്നർത്ഥം. പക്ഷെ, ഇന്നത്തെ ലോകക്രമത്തിൽ അതിനുവേണ്ടുന്ന രാഷ്ട്രീയ ഇച്ഛാശക്തിയും ഒത്തൊരുമയും കാട്ടാൻ ലോക രാഷ്ട്രങ്ങൾക്ക് എത്രത്തോളമാകും എന്നതിനെ ആശ്രയിച്ചിരിക്കും അത്. പ്രത്യാശ നേർക്കുന്നത് ആ യാഥാർഥ്യത്തെ അഭിമുഖീകരിക്കുമ്പോഴാണ്.

About Author

Shamnad KM

The AIDEM Author