പതിനാലാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിൽ സ്ത്രീകൾ നേരിട്ട പ്രശ്നങ്ങൾ തിരിച്ചറിയുകയും സ്ത്രീയ്ക്ക് വിദ്യാഭ്യാസം എത്ര മാത്രം പ്രധാനമാണ് എന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്ത ഫ്രഞ്ച് ഫിലോസഫർ ആയിരുന്നു, ക്രിസ്റ്റീൻ ഡെ പിസ. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ സ്ത്രീകളുടെ പിന്നോക്കാവസ്ഥകളെപ്പറ്റി ഉയർന്നു കേട്ട ചുരുക്കം ആദ്യകാല ശബ്ദങ്ങളിൽ ഒന്ന്.
ഷിദ ജഗത് എന്ന മാധ്യമപ്രവർത്തക ഇന്നിന്റെ ശബ്ദമാണ്. സ്ത്രീകളുടെ അന്തസ്സിനുവേണ്ടി ഇരുപത്തൊന്നാം നൂറ്റാണ്ടിലും നിയമത്തിന്റെ പരിഹാരം തേടിപ്പോകേണ്ടി വന്നൊരാൾ. സ്വന്തം തൊഴിലിടത്തിൽ പോലും താൻ വെറും സ്ത്രീ എന്ന അസ്തിത്വം മാത്രമായി ചുരുങ്ങുന്ന അസമത്വത്തിലേക്കാണ് ഷിദ വിരൽ ചൂണ്ടുന്നത്. സ്ത്രീയുടെ തൊഴിലിനെ, വിദ്യാഭ്യാസത്തെ, സാമൂഹ്യ പദവികളെ നിരാകരിക്കുന്ന, സ്ത്രീ എന്നാൽ ജൻഡർ മാത്രമാണെന്ന് ധരിച്ച് വെച്ചിരിക്കുന്ന ഒരു അധീശത്വ പ്രത്യയാധികാരത്തോട്, ഞാൻ അതല്ല എന്ന് ഇക്കാലത്തും വിളിച്ച് പറയാൻ നിർബന്ധിതയായ ഒരാൾ. ഇവിടെ സുരേഷ് ഗോപിയുടെ രാഷ്ട്രീയമോ, ജാതീയതയോ, കലാകാരൻ, മുൻ എം പി, ദേശീയ പുരസ്‌കാര ജേതാവ് എന്നീ പദവികളോ അല്ല ചർച്ച ചെയ്യപ്പെടേണ്ടത്. പൊതുസ്ഥലത്തുവെച്ച് പോലും സ്ത്രീ എങ്ങിനെ കീഴ്‌പ്പെടണം എന്ന ആണധികാരത്തിന്റെ പ്രതിനിധി എന്ന നിലയിലാണ്.
ഇവിടെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ലൈംഗീകാതിക്രമങ്ങൾ മാത്രമായി ചുരുക്കി കാണരുത്. ഒരേ സമയം തന്നെ അവർ ഇന്ത്യൻ പൗരയും, മാധ്യമ പ്രവർത്തകയും, സ്വന്തം ചിന്തകളും ബോധ്യങ്ങളുമുള്ള ഒരു വ്യക്തിയുമാണ്. ഇങ്ങിനെയുള്ള വ്യത്യസ്തങ്ങളായ സാമൂഹ്യ പദവികളിൽ അവർ അംഗീകരിക്കപ്പെടേണ്ടതുണ്ട്. ഈ അംഗീകാരം പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹം സ്വാംശീകരിച്ചിട്ടില്ല എന്നാണ് സുരേഷ് ഗോപിയുടെയും അദ്ദേഹത്തെ പിന്താങ്ങുന്നവരുടെയും മനോവ്യാപാരങ്ങൾ വ്യക്തമാക്കുന്നത്. മനുഷ്യ ചരിതത്തിന്റെ ആദ്യ നാളുകൾ മുതൽ തന്നെ സ്ത്രീകൾ പൊതു ഇടങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്.
ഈ അദൃശ്യവൽക്കരണം പുതിയ കാലത്ത് അത്ര എളുപ്പമാവുന്നില്ല, സാധ്യമാവുന്നില്ല എന്നത് ശരിയാണ്. ഷിദ നിയമവ്യവസ്ഥയെ സമീപിച്ചതും, തുടർന്ന് അവർക്ക് കിട്ടിയ പിന്തുണയും സ്ത്രീ പക്ഷ ചിന്തകൾ സമൂഹത്തിലെ ഒരു ന്യൂനപക്ഷമെങ്കിലും ഏറ്റെടുക്കുന്നു എന്നതിന്റെ ഉദാഹരണമായി കാണാം. എന്നാൽ നൂറ്റാണ്ടുകളായി നടന്ന കലഹങ്ങളിലൂടെയാണ് സ്ത്രീകൾ ഇങ്ങിനെയൊരു സാമൂഹ്യ അധികാരമെങ്കിലും നേടിയെടുത്തത്.
ഫെമിനിസത്തിന്റെ നാൾവഴികൾ
പസിഫിക് യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ജൻഡർ ഇക്വിറ്റിയുടെ ഡയറക്ടറും ഹിസ്റ്ററി പ്രൊഫസറുമായ മാർത്ത റാംപ്‌റ്റൺ (Martha Rampton) നാലു വിധം ഫെമിനിസ്റ്റ് തരംഗങ്ങളെപ്പറ്റി വിശദീകരിക്കുന്നുണ്ട്.
570 ബി.സി.ഇ. മുതൽ തന്നെ ഫെമിനിസത്തിന്റെ വേരുകൾ ആരംഭിച്ചിരുന്നു. ഗ്രീസിൽ സാപ്പോ (Sappoh), മധ്യകാലങ്ങളിൽ ഹിൽദേഗാർഡ് ഓഫ് ബിഞ്ചൻ (Hildegard of Bingen, d.1179), ക്രിസ്റ്റീൻ ഡെ പിസ (Christine de Pisan, d. 1434), ഇവരുടെ തുടർച്ചയായി ഒളിമ്പസ് ഡെ ഗോജ് (Olympes de Gouge, d. 1791), മേരി വോൾസ്റ്റൻക്രഫ്റ്റ് (Mary Wollstonecraft, d. 1797) പിന്നെ ജെയിൻ ഓസ്റ്റൻ (Jane Austen, d. 1817) എന്നിവരൊക്കെ ആധുനിക സ്ത്രീ മുന്നേറ്റത്തിന്റെ പൂർവ്വഗാമികളായിരുന്നു. ഇവരൊക്കെ വാദിച്ചുകൊണ്ടിരുന്നത് സ്ത്രീകളുടെ അന്തസ്സിനും, സ്വതന്ത്രമായ ചിന്തകൾക്കും, സ്ത്രീകൾക്ക് നിർബദ്ധമായും ലഭ്യമായിരിക്കേണ്ട അടിസ്ഥാനപരമായ അവകാശങ്ങൾക്കും വേണ്ടിയായിരുന്നു.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമാണ് ഫെമിനിസത്തിന്റെ ഒന്നാം തരംഗം ആരംഭിക്കുന്നത്. വ്യവസായ വിപ്ലവത്തിന്റെ വളർച്ചയുടേയും സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ തുടക്കത്തിന്റെയും കാലമായിരുന്നല്ലോ ആ നാളുകൾ. സ്ത്രീകൾക്ക് തുല്യ സ്ഥാനം വേണമെന്ന ആവശ്യം ഉയർത്തിപ്പിടിച്ചുകൊണ്ട് 1848 ൽ നടന്ന Seneca Falls Convention മുഖ്യമായും വാദിച്ചത് സ്ത്രീകളുടെ തത്തുല്യ വോട്ടവകാശത്തിനു വേണ്ടിയായിരുന്നു.
രണ്ടാം തരംഗമെന്നു വിളിക്കാവുന്നത് 1960 മുതൽ 1990 വരെയുള്ള കാലഘട്ടത്തെയാണ്. ഒന്നാം തരംഗത്തിൽ ഉണ്ടായ ചിന്തകളേക്കാൾ കൂടുതൽ വസ്തുതകളെ ആ കാലം അഭിസംബോധന ചെയ്തു.
പൗരാവകാശ പ്രശ്നങ്ങൾ, യുദ്ധ വിരുദ്ധ ക്യാമ്പയിനുകൾ, ലോകമെങ്ങുമുള്ള ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളെ സമഗ്രമായി അപഗ്രഥിക്കാനും പരിഹാരമാർഗങ്ങൾ മുന്നോട്ടു വെക്കാനും സ്ത്രീ പ്രസ്ഥാങ്ങൾക്കു കഴിഞ്ഞു. സ്ത്രീകൾക്കുവേണ്ടി മാത്രമെന്ന് കരുതിയിരുന്ന വസ്ത്രധാരണ രീതികളെ മാറ്റി മറിക്കണം എന്ന വാദങ്ങളും പ്രബലമായി.
ഈ മൂവ്മെന്റുകളിൽ പലതും ഊർജം ഉൾക്കൊണ്ടിരുന്നത് നിയോ -മാർക്സിസത്തിൽ നിന്നും സൈക്കോ-അനാലിറ്റിക്കൽ സിദ്ധാന്തങ്ങളിൽ നിന്നും ആയിരുന്നു. പുരുഷാധിപത്യത്തിലൂന്നിയ സാമൂഹ്യ വ്യവസ്ഥ, മൂലധനശക്തികളുടെ വളർച്ച, ഉഭയ ലൈംഗികതയെ കൊണ്ട് നടക്കുന്ന പൊതുബോധം, അമ്മ / ഭാര്യ എന്നീ നിർമിത സ്ഥാനങ്ങളിലേക്ക് ഒതുക്കപ്പെട്ടുന്നത് എന്നിവയൊക്കെ സ്ത്രീകളുടെ ഒതുക്കപ്പെടലിന്റെ ഭാഗമായി നിർവചിക്കപ്പെട്ടു.
കാലഹരണപ്പെടേണ്ടിയിരുന്ന “പെണ്ണുകാണൽ” എന്ന ചടങ്ങ് ഇന്നും നിർബാധം നമുക്കുചുറ്റും നടന്നു പോരുന്നുണ്ട്. പെണ്ണിനെ കാഴ്ചവസ്തു ആക്കുക എന്നത് മാത്രമല്ല, ‘നല്ല’ ശരീരമില്ലാത്ത, പണമില്ലാത്ത, മതപരമോ ജാതീയമോ ആയ പദവികളില്ലാത്ത സ്ത്രീകൾ ആർക്കും വേണ്ടാത്തവരാണ് എന്ന ആൺ യുക്തി വ്യക്തമാക്കുകയും ചെയ്യുന്ന ഒരു ചടങ്ങാണിത്. വിവാഹം കഴിക്കാത്തവരോ വിധവകളോ ആയ സ്ത്രീകളെ വെറും ശരീരം മാത്രമായി ചുരുക്കിക്കാട്ടുന്ന ഒരു ആൺ സമൂഹവും നമുക്ക് ചുറ്റുമുണ്ട്. ശീലാവതിമാരും സീതമാരും ആയിരിക്കണം നമ്മുടെ മാതൃകകൾ എന്ന് ചെറിയ കാലം മുതൽ തന്നെ പെൺകുട്ടികളെ ശീലിപ്പിക്കുന്നു. സ്ത്രീകൾക്കായി പ്രത്യേക വസ്ത്രധാരണവും പെരുമാറ്റച്ചട്ടങ്ങളും ഇന്നും നമ്മുടെ സമൂഹം ശരിവെക്കുന്നു.
ജൻഡർ ന്യൂട്രൽ വസ്ത്രങ്ങൾക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ ഓർത്തു നോക്കുക. ആണിന്റെ പിൻബലമില്ലാതെ ജീവിക്കാനറിയാത്ത “അബലയാണ്” സ്ത്രീ എന്നുള്ളതാണ് ഇന്നും നമ്മുടെ സാമൂഹ്യ ബോധം. അങ്ങിനെയല്ലാത്തവൾ തെറ്റുകാരിയും. സ്ത്രീകൾക്കുവേണ്ടി മാത്രം നിലകൊള്ളുക എന്ന ചിന്താരീതിയിൽ നിന്നും, മർദിതരായ, പാർശ്വവത്കൃതരായ എല്ലാവർക്കും വേണ്ടി ശബ്ദമുയർത്തുന്ന പ്രസ്ഥാനമായി ഫെമിനിസം വളർന്നു.
ഉത്തരാധുനിക ചിന്തകളുടെ ആവിർഭാവത്തോടെ, 1990 കളുടെ പകുതിയോടെയാണ് ഫെമിനിസത്തിന്റെ മൂന്നാം തരംഗം ആരംഭിക്കുന്നത്. മുൻപ് നിലനിന്നിരുന്ന പല ആശയങ്ങളെയും ഈ ഘട്ടം മാറ്റിയെഴുതുകയോ തിരിച്ചിടുകയോ ചെയ്തു. ശരീരം, ലിംഗഭേദങ്ങൾ, സ്ത്രീയും പുരുഷനും മാത്രം ഉൾപ്പെടുന്ന ശാരീരിക ബന്ധങ്ങൾ, മാതൃത്വം എന്ന സങ്കല്പം, എന്നിവയൊക്കെ പുനർചിന്തകൾക്കു വിധേയമായി. മുൻകാല ഫെമിനിസ്റ്റുകൾ തള്ളിപ്പറഞ്ഞിരുന്ന പലതിനെയും, വസ്ത്രധാരണ രീതികൾ, ശരീര സംരക്ഷണം, എന്നിവയെയൊക്കെ പുതിയ കാലം അഭിമാനത്തോടെ തിരിച്ചു കൊണ്ടുവരികയും, അതേ സമയം അവയൊന്നും പുരുഷന്റെ ആസ്വാദ്യതക്ക് വേണ്ടിയല്ല, മറിച്ച് സ്ത്രീത്വത്തിന്റെ ആഘോഷങ്ങളാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഈ ഘട്ടത്തിൽ പലരും ഞാൻ ഫെമിനിസ്റ്റ് ആണ് എന്ന് ഐക്യപ്പെടാൻ പോലും തയ്യാറായില്ല. ആ വാക്ക് വളരെ പരിമിതിയുള്ളതാണെന്ന് അവർ വ്യാഖ്യാനിച്ചു. പക്ഷെ, ആഗോളമായ, ബഹു സാംസ്കാരികമായ ഒന്നായി ഫെമിനിസം മാറുകയായിരുന്നു. സ്വത്വം, ശരീരം, ലിംഗഭേദം എന്നിങ്ങനെയുള്ള കൃത്രിമമായ സാമൂഹ്യ വിഭജനത്തെ അത് തള്ളിപ്പറഞ്ഞു.
നാലാം തരംഗം ആരംഭിക്കുന്നത് 2010കൾക്ക് ശേഷമാണ്. കഴിഞ്ഞുപോയ മൂന്നു തരംഗങ്ങളും ഒരുപാട് അവകാശങ്ങൾ നേടിയെടുക്കാൻ സ്ത്രീകളെ പ്രാപ്തരാക്കി. എന്ന് മാത്രമല്ല മറ്റു പാർശ്വവത്കൃത സമൂഹങ്ങളോട് ഐക്യപ്പെടാനും.
ഫെമിനിസം എന്നാൽ, സ്ത്രീപക്ഷം എന്ന അർത്ഥത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല എന്നത് ഇന്ന് സുവ്യക്തമാണ്. എന്നിരുന്നാലും, സ്ത്രീകളടങ്ങുന്ന പാർശ്വവത്കൃത സമൂഹങ്ങൾ ഇന്നും ഒരു പാട് വെല്ലുവിളികൾ നേരിടുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ ഇത്തരം സമൂഹങ്ങളെ അവഹേളിക്കുന്നതും അപമാനപ്പെടുത്തുന്നതും ഇന്ന് സർവസാധാരണമാണ്. ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന, സമൂഹത്തിൽ ബഹുമാനിക്കപ്പെടുന്ന സ്ത്രീകൾക്ക് പോലും ‘മീ റ്റൂ’ (Me Too) പോലുള്ള പ്രചാരണ വേദികൾ സംഘടിപ്പിക്കേണ്ടി വരുന്നു. തൊഴിലിടങ്ങളിലെ അവഹേളനങ്ങൾക്കെതിരെ ‘ടൈംസ് അപ്പ്’ (Time’s Up) പോലുള്ള കൂട്ടായ്മകൾ രൂപപ്പെടുത്തേണ്ടിവരുന്നു. മറ്റൊന്നാണ് ശരീരത്തിന്റെ ഘടനയോ, നിറമോ വെച്ചുള്ള അവഹേളനങ്ങൾ. ഇത്തരം പ്രവണതകൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ നമുക്ക് നാലാം തരംഗം എന്ന് വിളിക്കാം.
ഇത്രയും പറഞ്ഞത് നൂറ്റാണ്ടുകളായി ഫെമിനിസം എന്ന വാക്കിന്റെ അർത്ഥതലങ്ങൾ എങ്ങനെയൊക്കെയാണ് മാറിയത് എന്നും എങ്ങിനെയാണ് സ്ത്രീപക്ഷം എന്ന കേവല വ്യവഹാരത്തിലുപരി അത് വളർന്നത് എന്നും ചൂണ്ടിക്കാട്ടാനാണ്. കാലികമായി പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് ഫെമിനിസം. ഇപ്പോഴും നമ്മുടെ നാട്ടിലും ലിംഗ സമത്വം എന്ന ആശയം ലൈംഗിക നിഷ്പക്ഷത എന്ന രൂപത്തിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. പുരോഗമനപരമായ മാറ്റങ്ങൾ ഇനിയും കടന്നു വരുമെന്ന് പ്രതീക്ഷിക്കാം.
സ്ത്രീകളും ഓൺലൈൻ മാധ്യമങ്ങളും
നാലാം തരംഗം ഊന്നൽ കൊടുക്കുന്നത് സ്ത്രീകൾക്കെതിരായുള്ള ലൈംഗിക പീഡനങ്ങൾ, ശാരീരികമായ അധിക്ഷേപങ്ങൾ, ശാരീരികമായ ബലപ്രയോഗങ്ങൾ എന്നിങ്ങനെയുള്ള നിരവധി വിഷയങ്ങളെയാണ്. സ്റ്റീരിയോടൈപ്പുകളായ സ്ത്രീ ശരീരങ്ങളെ പൊതുബോധത്തിലേക്ക് പകർന്നുകൊടുക്കുകയും, അതിൽ നിന്നും ഭിന്നമായ ശരീരങ്ങളെ സാമൂഹ്യമായ തരാം താഴ്ത്തലുകൾക്ക് വിധേയമാക്കുകയും ചെയ്യുന്നത് ഇന്നത്തെ കാലത്തിന്റെ രീതിയാണ്.
ഈ പുതിയ കാലത്ത് ഇത് ഏറ്റവും പ്രകടമാവുന്നത് നവ സാമൂഹിക മാധ്യമങ്ങളിലാണ്. സാമൂഹ്യ മാധ്യമങ്ങളിൽ സ്വതന്ത്രവും നൂതനവുമായ അഭിപ്രായങ്ങൾ പങ്കുവെക്കുന്ന സ്ത്രീകൾ നേരിടേണ്ടിവരുന്ന ലൈംഗിക അതിക്രമങ്ങൾ വളരെ കൂടുതലാണ്. ഇത് ശാരീരികമായല്ലെങ്കിൽ പോലും മാനസികമായി അടിമപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
എന്തിനെയൊക്കെയാണ് ഓൺലൈൻ ഹരാസ്മെന്റ് ആയി കണക്കാക്കുന്നത് ?
- പേരുകളെ വികൃതവൽക്കരിക്കുക
- മന:പൂർവം നാണം കെടുത്തുക
- ഒരാളെ മാത്രം ലക്ഷ്യമാക്കി കമന്റുകൾ ഇട്ടുകൊണ്ടിരിക്കുക
- ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുക
- നീണ്ടകാലം, ഉദാഹരണമായി ഒരു വർഷത്തോളം, പിന്തുടർന്ന് ആഭാസകരമായ കമന്റുകൾ ഇടുക
- ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുക
ഇവയെല്ലാം വ്യക്തികളെയോ, പ്രസ്ഥാനങ്ങളെയോ അപകീർത്തിപ്പെടുത്താനും അവരുടെ വ്യക്തിത്വങ്ങളെ ഇല്ലായ്മ ചെയ്യാനും ഉതകുന്നവയാണ്.
നവ മാധ്യമങ്ങളിലെ സ്ത്രീ വിരുദ്ധതക്ക് ഏറെ ഉദാഹരണങ്ങളുണ്ട്. 2014-15 വർഷങ്ങളിൽ ഇൻറർനെറ്റിൽ നടന്ന Gamergate ക്യാമ്പയിൻ ഒരു ഉദാഹരണമാണ്. #Gamergate എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ഒരുപറ്റം അജ്ഞാതരായ ആളുകൾ, വീഡിയോ ഗെയിമുകളിൽ കടന്നുവരുന്ന ഫെമിനിസ്റ്റിക് എന്ന് കരുതപ്പെടാവുന്ന ചില ബിംബങ്ങൾക്കെതിരെ നടത്തിയ വിദ്വേഷം നിറഞ്ഞ പ്രചാരണമായിരുന്നു അത്. എന്ന് മാത്രമല്ല, വീഡിയോ ഗെയിം രംഗത്ത് ജോലി ചെയ്തിരുന്ന സ്ത്രീകൾക്കെതിരെയും സമാനമായ അശ്ലീല ആക്രമണങ്ങൾ നടത്തപ്പെട്ടു. Jenn Frank എന്ന ഗെയിമിനെക്കുറിച്ച് ‘ദി ഗാർഡിയൻ’ പത്രത്തിലെഴുതിയ ലേഖിക, അനീറ്റ സർകീസിയൻ (Anita Sarkeesian) എന്ന വ്‌ളോഗർ, ബ്രയാന വൂ (Brianna Wu) എന്ന ഗെയിം ഡെവലപ്പർ എന്നിവരൊക്കെ ഇതിന്റെ ഇരകളായി. അശ്ലീല കമന്റുകൾ മാത്രമല്ല ബലാത്സംഗ ഭീഷണിയും വധഭീഷണിയും വരെ ഇവരിൽ ചിലർ നേരിടേണ്ടിവന്നു.
സോയി ക്വിൻ (Zoe Quinn) എന്ന ഗെയിം ഡെവലപ്പർക്കു നേരെയാണ് ഗുരുതരമായ അതിക്രമങ്ങൾ നടന്നത്. അവരുടെ ഉല്പന്നങ്ങൾക്ക് വിപണി കിട്ടാനായി അവർ ഒരു പത്രപ്രവർത്തകനുമായി ശാരീരികബന്ധമുണ്ടാക്കി എന്ന് വരെ തെറ്റായി പ്രചരിച്ചു. “പൊതുവേദികളിൽ വരികയാണെങ്കിൽ ഒരിക്കലും മറക്കാത്ത മുറിവുകൾ നിന്റെ ശരീരത്തിലുണ്ടാക്കും” എന്നതായിരുന്നു ക്വിൻ വായിക്കേണ്ടിവന്ന ഒരു സന്ദേശം.
ഓൺലൈൻ മാധ്യമങ്ങളിലെ ഏറ്റവും ഭീകരമായ ആക്രമണമാണ് Doxing. അക്രമത്തിനിരയാകുന്ന ആളുടെ വ്യക്തിപരമായ രഹസ്യങ്ങൾ, ഫോൺ നമ്പർ, താമസിക്കുന്ന വിലാസം, വാഹനത്തിന്റെ വിവരങ്ങൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ പരസ്യമാക്കുക എന്നതാണ് Doxing. ഓൺലൈനിൽ മാത്രമല്ല വീട്ടിലും, വഴിയിലും, ജോലിസ്ഥലത്തും ഒന്നും സുരക്ഷിതയല്ല എന്നുള്ളതാണ് അപ്പോൾ സ്ത്രീകൾ നേരിടുന്ന സാഹചര്യം. ഈ ആക്രമണത്തിന് ഇരയായ ക്വിൻ വീടും സ്ഥലവും മാറി ഓൺലൈനിൽ നിന്നും പൂർണമായി മാറിനിൽക്കേണ്ടിവന്നു. സ്ത്രീ ആയതിനാൽ മാത്രമാണ് ഈ അനുഭവം എന്നോർക്കണം.
2016 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് ഡൊണാൾഡ് ട്രംപ് ഒട്ടേറെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുകയുണ്ടായി. ട്രംപിന്റെ ഓൺലൈൻ പ്രചാരണ ക്യാമ്പയിനുകളിൽ ഇത് വളരെ വ്യാപകമായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം വാഷിംഗ്ടൺ ഡി.സി യിലേക്ക് ഇതിനെതിരായി ഒരു മാർച്ചിനുള്ള ആഹ്വാനം ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടു. സാമൂഹ്യ മാറ്റത്തിനും അതിലുപരി സ്ത്രീ സമത്വത്തിനും വേണ്ടിയുള്ള ആഹ്വാനമായിരുന്നു അത്. Womens March എന്നറിയപ്പെട്ട ഈ മാർച്ചിൽ 4.6 ദശലക്ഷം ആളുകൾ പങ്കെടുത്തു.
ഐക്യ രാഷ്ട്ര സഭയിൽ ഫിൻലന്റിന്റെ സ്ഥിരം പ്രതിനിധിയായ ജൂക്ക സലോവാര (Jukka Salovaara) നടത്തിയ ഒരു പഠനത്തിൽ സ്ത്രീകൾക്കെതിരായ ഓൺലൈൻ അതിക്രമങ്ങളെക്കുറിച്ച് വിവരിക്കുന്നു- രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്കെതിരെ ഓൺലൈൻ മീഡിയകളിൽ അക്രമങ്ങൾ ഉണ്ടാവാറുണ്ട്. രാഷ്ട്രീയ എതിരാളികളോ അവരോട് അനുഭാവമുള്ള മറ്റു ഗ്രൂപ്പുകളോ ഒക്കെ ആയിരിക്കും ഇതിനു പിന്നിൽ. 2019 ലെ സനാ മാറിൻ (Sanna Marin) മന്ത്രിസഭ 5 പാർട്ടികളുടെ കൂട്ടായ്മയായിരുന്നു. ഈ അഞ്ചു പാർട്ടികളും നയിക്കുന്നത് സ്ത്രീകളായിരുന്നു. 19 മന്ത്രിമാരിൽ 11 പേരും സ്ത്രീകൾ തന്നെ. വളരെ ജൻഡർ ബാലൻസ്‌ഡ് ആയ ഒരു ഭരണകൂടം. ഈ ഭരണകൂടത്തിനെതിരെയും അമാന്യമായ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ഉണ്ടായി. പക്ഷെ അശ്ലീലം കലർന്ന കമന്റുകൾ കൂടുതലും ലക്‌ഷ്യം വെച്ചത് സ്ത്രീകളെയായിരുന്നു. പുരുഷന്മാരായ മന്ത്രിമാർ കേൾക്കേണ്ടി വന്നതിനേക്കാൾ പത്തിരട്ടിയോളമാണ് സ്ത്രീകൾ സഹിക്കേണ്ടിവന്നത്.
2016 ലെ Inter-Parliamentary Union (IPU) report പറയുന്നത് രാഷ്ട്രീയ രംഗത്തുള്ളവരിൽ സ്ത്രീകളാണ് കൂടുതൽ ആക്രമിക്കപ്പെടുന്നത് എന്നാണ്. ലൈംഗിക പരാമർശമുൾക്കൊള്ളുന്നതും ലൈംഗികമായി പീഡിപ്പിക്കുമെന്നുള്ള ഭീഷണികളും ഒക്കെ ഇത്തരം ആക്രമണങ്ങളിൽ സാധാരണമാണ്. ഇത്തരം ആക്രമണങ്ങളുടെ പ്രധാന ലക്‌ഷ്യം സ്ത്രീകൾ പൊതുരംഗത്ത് കടന്നു വരുന്നത് തടയുക എന്നതാണെന്ന് നിരീക്ഷിക്കപ്പെടുന്നു. ഫിൻലന്റിലെ സ്ത്രീ രാഷ്ട്രീയ പ്രവർത്തകരുമായി നടത്തിയ അഭിമുഖങ്ങളിൽ അവർ പറയുന്നത് ഇത്തരം അനുഭവങ്ങൾ സാധാരണമായിക്കൊണ്ടിരിക്കുന്നു എന്നാണ്. പലരും രാഷ്ട്രീയ രംഗം വിട്ടുപോവുക പോലും ചെയ്തു.
Online violence against women journalists: a global snapshot of incidence and impacts എന്ന യുനെസ്കോ പഠനത്തിൽ സ്ത്രീ മാധ്യമ പ്രവർത്തകർക്കെതിരെ നടന്ന ഓൺലൈൻ അക്രമണങ്ങളെക്കുറിച്ച് പറയുന്നുണ്ട്. UN ജനറൽ അസംബ്ലിയിൽ 2017ൽ സെക്രട്ടറി ജനറൽ നടത്തിയ ഒരു പരാമർശം ഇങ്ങിനെയാണ്. “രാഷ്ട്രീയം, നിയമം, പത്രപ്രവർത്തനം, ധനതത്വശാസ്ത്രം, കായികം, സ്ത്രീപക്ഷവാദം, ലിംഗ നീതി, ഫെമിനിസം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കെതിരെയാണ് ഏറ്റവുമധികം ഓൺലൈൻ വയലൻസ് ഉണ്ടാകുന്നത് “. അദ്ദേഹം ഈ പ്രസ്താവന നടത്തിയത് ശാസ്ത്രീയമായ സർവേയുടെ പിൻബലത്തോടെയാണ്. പുരുഷന് മാത്രമായി റിസേർവ് ചെയ്യപ്പെട്ടതാണ് ഈ മേഖലകൾ എന്ന പൊതുബോധമാകാം ഇതിനു പിന്നിൽ. സൈബർ ആക്രമണങ്ങളിൽ നിരാശപ്പെടുന്ന സ്ത്രീകൾ ഈ രംഗങ്ങളിൽ നിന്നും പിൻവാങ്ങിക്കൊള്ളും എന്നുള്ളതാണ് ഇതിന്റെ മനഃശാസ്ത്രം.
സ്ത്രീവിരുദ്ധത (Misogyny) മനസ്സിൽ കൊണ്ടുനടക്കുന്ന ആൾക്കൂട്ടം സ്ത്രീകളെ നിശ്ശബ്ദരാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു ഈ സൈബർ ലോകത്തും. മാധ്യമ പ്രവർത്തകരുടെ ഓഫ്‌ലൈൻ സ്വത്വം വെളിപ്പെടുത്തുക എന്നത് അവരുടെ ജീവനുതന്നെ ഭീഷണിയാകാവുന്നതാണ്. അതുപോലെ തന്നെയാണ് പല രഹസ്യ റിപ്പോർട്ടുകളുടെയും ഉറവിടം (source) വെളിപ്പെടുത്തുക എന്നുള്ളതും. ഈ വിധം സൈബർ അക്രമങ്ങളാണ് സ്ത്രീ മാധ്യമ പ്രവർത്തകർക്കെതിരെ പൊതുവെ കണ്ട് വരുന്നത്.
യുനെസ്കോ നടത്തിയ സർവേയിലെ ചില കണ്ടെത്തലുകൾ ഇങ്ങിനെയാണ്.
സർവേയിൽ പങ്കെടുത്തവരിൽ 73% സ്ത്രീകളും സൈബർ വയലൻസിന് ഇരയായവരാണ്. ഇതിൽ 25% ശാരീരികമായി അക്രമിക്കപ്പെടുമെന്ന ഭീഷണികളും 18% ലൈംഗിക ചുവയുള്ള പരാമർശങ്ങളുമാണ് 20% സ്ത്രീകൾ ഓൺലൈൻ പരാമർശങ്ങളുടെ തുടർച്ചയായി ശാരീരികമായി ആക്രമിക്കപ്പെട്ടിട്ടുണ്ട്. 13% പേർ ഓൺലൈൻ ഭയപ്പെടുത്തലുകളുടെ ഭാഗമായി സ്വന്തമായി സുരക്ഷ ഏർപ്പാടാക്കേണ്ടി വന്നവരാണ്. 4% പേർ ഓൺലൈൻ പരാമർശങ്ങൾ മൂലം ജോലി ഉപേക്ഷിച്ചവരാണ്. 26% പേരെ ഈ അക്രമങ്ങൾ മാനസികമായി ബാധിക്കുകയും 12% പേർ മാനസികാരോഗ്യ ചികിത്സക്ക് വിധേയമാകുകയും ചെയ്തു. സൈബർ ആക്രമണങ്ങളിൽ 47% സ്ത്രീകൾക്കെതിരായ പ്രചാരണങ്ങളാണ്. 38% പേർ അപ്രസക്തരായി മാറുകയും 11% പേർക്ക് ജോലി നഷ്ടമാവുകയും 4% ജോലിയിൽ നിന്നും വിട്ടു നിൽക്കുകയും 2% പത്രപ്രവർത്തനം തന്നെ ഉപേക്ഷിക്കുകയും ചെയ്തു.
അമേരിക്കൻ സിനിമ നിർമാതാവായ ഹാർവി വെയ്ൻസ്റ്റീന് (Harvey Weinstein) എതിരെ നടി അലിസ്സ മിലാനോ (Alyssa Milano) സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ലൈംഗിക ആരോപണമാണ് ‘മീ റ്റൂ’ (Me Too) പ്രസ്ഥാനത്തിന് തുടക്കമിട്ടത്. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന പലവിധ പ്രശ്നങ്ങളെ ഇത് തുറന്നു കാട്ടി. കേവലം ലൈംഗിക പീഡനം മാത്രമല്ല, എന്തുകൊണ്ട് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നു എന്നതും വലിയ ചർച്ചയായി. അമേരിക്ക മാത്രമല്ല ലോകം മുഴുവൻ ഇത്തരം തുറന്നു പറച്ചിലുകൾക്ക് സാക്ഷിയായി. തൊഴിലിടങ്ങളിലെ അധികാര ബലതന്ത്രങ്ങളിൽ സ്ത്രീകൾക്ക് എന്നും രണ്ടാമത്തെ സ്ഥാനമേ ഉള്ളൂ എന്നുള്ളതാണ് ഇത്തരം സന്ദർഭങ്ങൾ ആവർത്തിക്കാനുള്ള പ്രധാന കാരണം. സിനിമയിൽ ഒരേ ജോലി ചെയ്യുന്ന പുരുഷന്റെയും സ്ത്രീയുടെയും പ്രതിഫലം രണ്ട് തട്ടിലാണ്. ഇത്തരം ചൂഷണങ്ങളെയാണ് ‘മീ റ്റൂ’ പ്രസ്ഥാനം തുറന്നു കാട്ടിയത്. ഒരു വിധത്തിൽ സ്ത്രീകളുടെ പ്രതികരണശേഷി കൂടി എന്ന് പറയാമെങ്കിലും സമൂഹം ഇനിയും മാറാനുണ്ട് എന്ന് കൂടി ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു.
സാമൂഹ്യ ശാസ്ത്രജ്ഞനായ വില്യം എഫ് ഓഗ്‌ബേണിന്റെ (William F. Ogburn) cultural lag എന്നൊരു സങ്കൽപ്പനമുണ്ട്. സമൂഹത്തിൽ നിലനിൽക്കുന്ന സാംസ്കാരിക ഉപകരണങ്ങൾ ആനുപാതികമല്ലാതെ വളരുന്നതാണ് cultural lag. ഉദാഹരണമായി സാങ്കേതിക വിദ്യയുടെ വളർച്ച ത്വരിതഗതിയിൽ നടക്കുന്നു. എന്നാൽ ഉപയോഗിക്കുന്നവരുടെ സാംസ്കാരികമായ അല്ലെങ്കിൽ മാനസികമായ അവസ്ഥ ഇതുമായി പൊരുത്തപ്പെടാൻ സമയമെടുക്കും. ഇവിടെയും സംഭവിക്കുന്നത് ഒരു lag തന്നെയാണെന്ന് തോന്നുന്നു. പുതിയ കാലത്തിനനുസൃതമായ മാറ്റങ്ങളെ ഉൾക്കൊള്ളാൻ മനുഷ്യർക്ക് കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം. ഇപ്പോഴും സ്ത്രീകളെയും, ഭിന്നലൈംഗികശേഷിയുള്ളവരെയും, മറ്റു പാർശ്വവൽകൃതരെയും സമമായി കാണാൻ ഉത്തരാധുനിക ലോകത്തെ സൈബർ ഇടങ്ങൾ പോലും മടി കാണിക്കുന്നു എന്നുള്ളത് നിർഭാഗ്യകരമാണ്.
കരുതലുകൾ സമത്വത്തിൽ അധിഷ്ഠിതമായ സമൂഹ നിർമിതിക്കായി പലകാലങ്ങളിൽ സ്ത്രീകൾ നടത്തിയ നിരവധി പോരാട്ടങ്ങളുടെ ആകെ തുകയാണ് ഇന്നെത്തിനിൽക്കുന്ന ഫെമിനിസം. കുറെയേറെ അവകാശങ്ങളും സമത്വ സങ്കല്പങ്ങളും അധികാര സ്ഥാനങ്ങളും ഫെമിനിസം നേടിയെടുത്തിട്ടുണ്ട്. എങ്കിലും നാലാം തരംഗത്തിൽ ഫെമിനിസം നേരിടുന്ന പ്രശ്നങ്ങളിൽ ചിലതാണ് മുകളിൽ സൂചിപ്പിച്ചത്. ഇതിനുള്ള പ്രതിരോധങ്ങൾ എന്തൊക്കെയാവണം എന്ന ഗൗരവമേറിയ ചർച്ച ലോകമെങ്ങും നടക്കുന്നുണ്ട്.
സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ ഉത്തരവാദിത്വ ബോധത്തോടെ കണ്ടെന്റുകൾ പ്രസിദ്ധീകരിക്കുക എന്നുള്ളതാണ് ആദ്യ പടി. പല പ്ലാറ്റുഫോമുകളും ഇത്തരത്തിലുള്ള നീക്കങ്ങൾ തുടങ്ങി വെച്ചിട്ടുണ്ട്. എന്നാൽ ഇതത്ര എളുപ്പമുള്ള കാര്യമല്ല.
Facebook പോലെയുള്ള കോടിക്കണക്കിന് ആളുകൾ വന്നു നിറയുന്ന ഇടങ്ങളിൽ ഉള്ളടക്കം പരിശോധിച്ച് ഉറപ്പുവരുത്തുക എന്നത് ദുഷ്കരമാണ്. എന്ന് മാത്രമല്ല എവിടെയാണ് നാം ഹരാസ്‌മെന്റിന്റെയും അഭിപ്രായസ്വാതന്ത്രത്തിന്റെയും അതിർവരമ്പുകൾ തീരുമാനിക്കുക എന്നുള്ളതും ഒരു ചോദ്യമാണ്. ഭാഷകളാണ് മറ്റൊന്ന്. വെറുപ്പ് കലർന്ന പ്രചാരങ്ങൾ പല ഭാഷകളിലാവാം. ഇവയെയെല്ലാം തിരിച്ചറിയുക എന്നുള്ളതും പ്രയാസകരമാണ്. ഒരു മാർഗം, സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്ന ആൾക്ക് അതത് പ്ലാറ്റുഫോമുകളിൽ റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുക എന്നുള്ളതാണ്. പ്ലാറ്റഫോമിന്റെ നടത്തിപ്പുകാർക്ക് ആക്രമണം നടത്തുന്നവരെ ഒരു പരിധിവരെ നിയന്ത്രിക്കാൻ ഇതുവഴി കഴിയും.
നിയമ നിർമാണമാണ് അടുത്തത്. ഇത്തരം അശ്ലീല അക്രമങ്ങൾ നടത്തുന്നവർക്കെതിരെ കോടതികളെ സമീപിക്കാൻ സാധിക്കണം. സ്ത്രീകൾക്കെതിരെയുള്ള ഓൺലൈൻ അധിക്ഷേപങ്ങൾക്ക് വേണ്ടി പ്രത്യേക നിയമങ്ങൾ നിലവിൽ വരികയും അവ ശക്തമായി നടപ്പാക്കാൻ സാധിക്കുകയും വേണം. യൂറോപ്യൻ യൂണിയൻ അതിലെ അംഗങ്ങളോട് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളെ നിരീക്ഷിക്കാനും ആവശ്യമായ നിയമനിർമ്മാണം നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.
UN – Women തുടങ്ങിവെച്ച Generation Equality Initiative എന്ന പദ്ധതി വിവിധ സംഘടനകളെയും പ്രതിരോധ മാർഗങ്ങളെയും സ്ത്രീ സമത്വം എന്ന ആശയത്തെ പരിപോഷിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നു. വിവിധ സാങ്കേതിക സ്ഥാപനങ്ങളെയും കമ്പനികളെയും സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളെയും കൂട്ടിയിണക്കി സ്ത്രീകൾക്കെതിരായ ഓൺലൈൻ അധിക്ഷേപങ്ങൾ എങ്ങിനെ നിയന്ത്രണ വിധേയമാക്കാം എന്നന്വേഷിക്കുകയാണ് ഫിൻലൻഡ് നേതൃത്വം നൽകുന്ന Action Coalition on Technology and Innovation എന്ന പദ്ധതി. UNICEF കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ ലൈംഗിക അതിക്രമങ്ങളെ നിയത്രിക്കേണ്ടതെങ്ങിനെ എന്നതിനെ കുറിച്ച് ലോകവ്യാപകമായി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്നു.
ഗവണ്മെന്റുകളുടെയും സ്വകാര്യ മേഖലയുടെയും പൊതു സമൂഹത്തിന്റെയും കൂട്ടായ പ്രവർത്തനങ്ങൾ ഇത്തരം അതിക്രമങ്ങൾ തടയാൻ ഏകോപിക്കപ്പെടേണ്ടതുണ്ട്. ഒരു പ്രത്യേക വിഭാഗത്തെ അരികുവൽക്കരിക്കുന്ന സമൂഹത്തിൽ ജനാധിപത്യം നിലനിൽക്കില്ല എന്ന് കൂടി ഓർക്കേണ്ടതാണ്.
സ്ത്രീ / ശരീരം / സ്വത്വം ഇന്നത്തെ യാഥാർഥ്യങ്ങളിൽ ഓൺലൈൻ ലോകവും ഓഫ്‌ലൈൻ ലോകവും കൂടിപ്പിണഞ്ഞു കിടക്കുന്നു. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ വികാസകാലത്ത് രണ്ടും പരസ്പര പൂരകങ്ങളാണ് (Complementary). സൈബർ ഇടങ്ങളിൽ നടക്കുന്ന സ്ത്രീ/ന്യൂനപക്ഷ വിരുദ്ധത യഥാർത്ഥ ലോകത്തും കാണാവുന്നതാണ്.
ഭിന്ന ലൈംഗിക ശേഷിയുള്ളവരുടെ കാര്യം തന്നെയെടുക്കുക. ആൺ/പെൺ എന്ന ദ്വന്ദത്തിനു പുറത്തു നിൽക്കുന്നവരാണ് ഭിന്ന ലിംഗക്കാർ. അടുത്ത കാലം വരെ അവർ സമൂഹത്തിന്റെ മുഖ്യ ധാരക്ക് പുറത്തായിരുന്നു. ഹോർമോൺ അവസ്ഥകളോ ജീനിന്റെ വ്യതിയാനകളോ ആണ് ഇത്തരം ശാരീരീകാവസ്ഥക്ക് കാരണമാകുന്നത്. എന്നാൽ മുഖ്യധാരാ സമൂഹം ഇതിനെ മാനസിക പ്രശ്നമായി ചിത്രീകരിക്കുകയും ഇവരെ സമൂഹത്തിന്റെ താഴ്ന്ന നിലയിൽ ഉള്ളവർ എന്ന രീതിയിൽ പരിഗണിക്കുകയും ചെയ്തു. പലപ്പോഴും ഇത്തരക്കാർ അപഹാസത്തിനും ഒഴിവാക്കലുകൾക്കും ഇരകളാകേണ്ടി വന്നു. നമ്മുടെ മുഖ്യധാര സിനിമകൾ ശ്രദ്ധിച്ചാൽ ഇത് മനസ്സിലാവും. സിനിമകളിൽ ഭിന്ന ലിംഗക്കാർ പലപ്പോഴും കോമാളികളായി ചിത്രീകരിക്കപ്പെട്ടു. വീട്ടുകാർ പോലും നാട്ടുകാരെ ഭയന്ന്, നാണക്കേട് എന്ന് വിചാരിച്ച് ഇവരെ വീട്ടിൽ നിന്നും ഇറക്കി വിട്ടിട്ടുണ്ട്. ആശ്രയമില്ലാതെ തെരുവിലെത്തപ്പെടുന്ന ഇവരിൽ പലരുടെയും ഉപജീവനം മയക്കു മരുന്ന് കച്ചവടവും ലൈംഗിക തൊഴിലുമായിരുന്നു.
പക്ഷെ പിന്നീടവർ സ്വയം തിരിച്ചറിയുകയും സ്വരക്ഷക്കായി സംഘടനകൾ രൂപീകരിക്കുകയും വിദ്യാഭ്യാസം ആർജിക്കുകയും ചെയ്യാൻ തുടങ്ങി. ഇന്ന് കേരളത്തിലെങ്കിലും അവർക്കായി നിയമ സംരക്ഷണവും സാമൂഹിക അംഗീകാരവുമുണ്ട്. ഒരു പക്ഷെ സ്ത്രീകൾ അനുഭവിച്ചതിനേക്കാൾ ദയനീയമായിരുന്നു അവരുടെ ജീവിതം. ഒന്നാമതായി അവർ ന്യൂനപക്ഷമാണ്. ആളുകളാൽ അകറ്റി നിർത്തപ്പെട്ടവരാണ്. ജനാധിപത്യം എന്ന് പറഞ്ഞാൽ ന്യൂന പക്ഷങ്ങൾ കൂടി ഉൾപ്പെട്ടതാണല്ലോ. അതുകൊണ്ട് ന്യൂനപക്ഷ അവകാശങ്ങൾ അവർക്കു വേണ്ടി കൂടെയാണ് എന്ന തിരിച്ചറിവിൽ നിന്നാണ് തീഷ്ണമായ സമരങ്ങളിലൂടെ അവർ അവകാശങ്ങൾ തിരിച്ചു പിടിച്ചത്.
ഷാസിയ അള്ളാരഖാ (Shaziya Allarakha) എന്ന ഡോക്ടർ ആണും പെണ്ണും കൂടാതെ 72 ലിംഗ വൈവിധ്യങ്ങളെ അടയാളപ്പെടുത്തിയിട്ടുണ്ട് (Dr. Shaziya Allarakha, Medical Writer for MedicineNet). ഇത്രയധികം വൈജാത്യങ്ങളെയാണ് മുഖ്യധാരാ സമൂഹം നൂറ്റാണ്ടുകളായി പുറത്തു നിർത്തിയത് എന്നോർക്കുക.
സ്ത്രീകളുടെ വിഷയവും വ്യത്യസ്തമല്ല. ഒരു വ്യത്യാസമുള്ളത് സ്ത്രീകൾ ലോക ജനസംഖ്യയിൽ ഭൂരിപക്ഷമായിരുന്നു എന്നുള്ളതാണ്. എന്നിട്ടും എത്രയോ കാലം അവർ ചരിത്രത്തിൽ നിന്നും അദൃശ്യവൽക്കരിക്കപ്പെട്ടു. ലോക ചരിത്രം എന്നത് പുരുഷന്റെ ചരിത്രമായി മാറി. സ്ത്രീകളെ അരികുവൽക്കരിക്കുന്ന ഒരു സമൂഹമാണ് ഇന്നും നിലനിൽക്കുന്നത്. “‘അമ്മ”, “ഭാര്യ” എന്നിങ്ങനെയുള്ള കർതൃത്വങ്ങളിലേക്ക് അവളെ ഒതുക്കി നിർത്തുക എന്നതാണ് ഏറ്റവും മാന്യമായ രീതി.
കമ്മ്യൂണിസ്റ് സൈദ്ധാന്തികനായ അൽത്തൂസർ (Althusser) രണ്ട് വിധം മർദ്ദക ഉപകരണങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഒന്ന് oppressive, എന്ന് പറഞ്ഞാൽ ബലം പ്രയോഗിച്ച് അടിമകളാക്കുക. രണ്ടാമത്തേത് suppressive, ബലപ്രയോഗത്തിന്റെ ആവശ്യം വരില്ല. “നിനക്ക് ചേർന്നതല്ല ഇതൊന്നും” എന്നൊരാളെ പറഞ്ഞു ബോധിപ്പിക്കുക, അയാളുടെ സ്വത്വത്തിനു പുറത്ത് സാമൂഹ്യനിർമ്മിതമായ ഒരു പ്രതീതി സ്വത്വം ഉറപ്പിക്കുക. ഞാൻ ഇന്നൊതൊക്കെയേ ചെയ്യാൻ പാടൂ എന്ന ഒരു വിലക്ക് അവരുടെ ഉള്ളിൽ തന്നെ രൂപപ്പെടുത്തിയെടുക്കുക. ഒരുതരം മസ്തിഷ്ക പ്രക്ഷാളനം. ഇത്തരം suppressive ഉപകരണങ്ങളാണ് സ്ത്രീകളെ അരികുവൽക്കരിക്കാൻ ഇന്നത്തെ സമൂഹം ഉപയോഗിക്കുന്നത്.
നീ അമ്മയാണ്, ‘അമ്മ’ എന്നത് മഹത്തായ ഒരു പദവിയാണ് എന്ന് പറഞ്ഞാൽ കുഞ്ഞുങ്ങളുടെ ലോകത്ത് അവർ ഒതുങ്ങിപ്പോകും. ഞാൻ എന്നാൽ അമ്മ മാത്രമാണ് എന്നും എന്റെ ജീവിത ലക്‌ഷ്യം തന്നെ നല്ല അമ്മയായി ജീവിച്ചു തീർക്കലാണ് എന്നും ബോധ്യം വന്നാൽ സ്വന്തം സ്വത്വത്തെക്കുറിച്ച് അവർ ചിന്തിക്കുകയെ ഇല്ല.
ഭാര്യ എന്ന സ്ഥാനവും സമാനമാണ്. നല്ല ഭാര്യ എന്ന് പറഞ്ഞാൽ ഭർത്താവിനെ നന്നായി പരിചരിക്കുന്നവൾ, സന്തോഷിപ്പിക്കുന്നവൾ. അവൾ നർത്തകിയാവാം, പാട്ടുകാരിയാവാം, ചിന്തകയാവാം, ശാസ്ത്രത്തിൽ തല്പരയാകാം, കായികരംഗത്ത് താല്പര്യമുള്ളവളാകാം അങ്ങിനെ പലതുമാകാം. പക്ഷെ ഈ സ്വത്വങ്ങൾ മുഴുവൻ “‘അമ്മ”,”ഭാര്യ” തുടങ്ങിയ പ്രതീതി സ്വത്വങ്ങൾക്കു മുൻപിൽ ഒതുങ്ങിപ്പോകുന്നു. വീട്ടിനകത്ത് അമ്മയോ ഭാര്യയോ ആയി ജീവിക്കേണ്ടിവരുന്ന സ്ത്രീ ചെയ്തുതീർക്കുന്ന ജോലികൾ നിരവധിയാണ്.
കുട്ടികളെ/പ്രായമായവരെ/ഭർത്താവിനെ പരിചരിക്കുക, വീട് വൃത്തിയാക്കുക, ഭക്ഷണം പാകം ചെയ്യുക ഇങ്ങിനെ ആ പട്ടിക നീളുന്നു. എന്നാൽ ഇതൊന്നും “ജോലി” എന്ന ഗണത്തിൽ എണ്ണപ്പെടുന്നില്ല. കാരണം ജോലി എന്നത് വിപണിയുമായി (Market) ബന്ധപ്പെട്ടതാണ്. ശമ്പളം കിട്ടുന്ന അദ്ധ്വാനം മാത്രമേ ജോലി ആയി എണ്ണപ്പെടുന്നുള്ളൂ. അവധി ദിവസങ്ങളില്ലാത്ത ജോലിയാണ് ഒരു വീട്ടിനകത്ത് സ്ത്രീകൾ ചെയ്തു തീർക്കുന്നത്. വെറും ആഹാരവും വസ്ത്രവും താമസസൗകര്യവും മാത്രം കൂലിയായി സ്വീകരിച്ചുകൊണ്ട്. ഇനി സ്വന്തമായി പുറത്ത് ജോലിയുള്ള സ്ത്രീകളുണ്ടെങ്കിൽ, നമ്മുടെ രീതിയനുസരിച്ച്, അവർ വീട്ടുജോലികൾ തീർത്തതിന് ശേഷം മാത്രമേ പുറത്തേക്കിറങ്ങുകയുള്ളൂ. ആർലീ ഹോർഷ്ചൈൽഡ് (Arlie Hochschild) എന്ന ഫെമിനിസ്റ്റ് സൈദ്ധാന്തിക ഇതിനെ വിളിക്കുന്നത് ഇരട്ട അദ്ധ്വാനം അല്ലെങ്കിൽ രണ്ടാം ഷിഫ്റ്റ് (double burden or second shift) എന്നാണ്. ഇരട്ടി ഭാരം തലയിൽ കയറ്റിവെക്കുന്ന അവസ്ഥ.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് സ്വന്തം വീട് തന്നെയാണ്. WHOയുടെ കണക്കുകൾ പ്രകാരം ഏഷ്യയിൽ 33% സ്ത്രീകളെങ്കിലും ഗാർഹിക അതിക്രമങ്ങൾക്ക് (Domestic Violence) ഇരകളാകുന്നുണ്ട്. ഇത് ശാരീരികമോ ലൈംഗികമോ മാനസികമോ ആയ പീഡനങ്ങളാവാം. COVID-19 ലോക്‌ഡൗണിന്റെ കാലത്ത് ഇത്തരം അക്രമങ്ങൾ കുത്തനെ കൂടിയിരുന്നു എന്നത് മറ്റൊരു കണക്ക്. WHO യുടെ തന്നെ മറ്റൊരു പഠനത്തിൽ പറയുന്നത് ലോകത്ത് കൊല്ലപ്പെടുന്ന സ്ത്രീകളിൽ 38% സ്വന്തം വീട്ടുകാരാലാണ്. ദുരഭിമാന കൊല മുതൽ സ്ത്രീധന തർക്കങ്ങൾ, അവിഹിത ബന്ധങ്ങൾ, ഇങ്ങിനെ പലതും കാരണങ്ങളാണ്. ഇതിനു പുറമെയാണ് വീടിന് പുറത്തുനിന്നും നേരിടേണ്ടി വരുന്ന പീഡനങ്ങൾ. ഇന്ത്യയുടെ National Crime Records Bureau പറയുന്നത് 2021ൽ രെജിസ്റ്റർ ചെയ്യപ്പെട്ട ബലാത്സംഗ കേസുകളുടെ എണ്ണം 31,677 എന്നാണ്. എന്ന് പറഞ്ഞാൽ ഒരു ദിവസം ശരാശരി 87 ബലാത്സംഗങ്ങൾ. 2021ൽ, ബലാത്സംഗ കേസുകളിൽ 20% വർദ്ധനവുണ്ടായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2018 ജൂൺ മാസം ഡൽഹിയിൽ ബലാത്സംഗത്തിനിരയായ ഒരു പെൺകുട്ടിയുടെ പ്രായം 8 മാസമായിരുന്നു. 2023 ജനുവരി മാസം മധ്യപ്രദേശിൽ ബലാത്സംഗത്തിനിരയായത് 92 വയസ്സുള്ള സ്ത്രീയാണ്. പ്രായമോ ശരീരമോ ഒന്നും പീഡനങ്ങൾക്ക് ബാധകമല്ല, ഒരു സ്ത്രീ ശരീരം മാത്രമായാൽ മതി എന്നല്ലേ ഇത് ചൂണ്ടിക്കാണിക്കുന്നത്?
കർശനമായ നിയമങ്ങൾ നിലവിലുണ്ടെങ്കിലും അവ നടപ്പിൽ വരുത്തുന്നതിനുള്ള കാലതാമസം കാരണം പലപ്പോഴും ഉദ്ദേശിക്കുന്ന ഫലം ലഭിക്കുന്നില്ല എന്നത് ഒരു യാഥാർഥ്യമാണ്. പൊതു ഇടങ്ങളിൽ വെച്ച് സ്ത്രീകൾ അപമാനിക്കപ്പെടുന്നത് സർവ സാധാരണമായിരിക്കുന്നു. അശ്ലീല കമൻറുകൾ, അനാവശ്യ സ്പർശനങ്ങൾ, തുറിച്ച് നോട്ടങ്ങൾ ഇവയൊക്കെ സ്ത്രീകളെ മാനസികമായി തളർത്തുന്നവയാണ്.
ഇത്തരം സാമൂഹ്യ സാഹചര്യങ്ങൾ നില നിൽക്കുമ്പോൾ അവയെ വിമർശനാത്മകമായി സമീപിക്കുകയും ഈ സാഹചര്യങ്ങളെ എങ്ങനെ മാറ്റിത്തീർക്കാം എന്നുള്ള ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. വരും തലമുറകളെങ്കിലും അടിമത്ത മനോഭാവം വിട്ടൊഴിഞ്ഞു സ്വന്തം വ്യക്തിത്വത്തെ തിരിച്ചറിയേണ്ടതുണ്ട്. സർക്കാരുകളുടെയും പൊതുസമൂഹത്തിന്റെയും സഹായത്തോടെ സ്ത്രീകൾ തന്നെ മാറ്റത്തിനായി മുൻകൈ എടുത്താൽ മാറ്റങ്ങൾ തീർച്ചയായും നടപ്പാവും എന്നുള്ളതാണ് ഫെമിനിസ്റ്റ് ചരിത്രം നമ്മളെ പഠിപ്പിച്ചത്.
ഫ്രഞ്ച് ഉത്തരാധുനിക ചിന്തകനായ ഴാങ് ഫ്രോസ്വ ല്യോറ്റാഡ് (Jean Francois Lyotard) ഉത്തരാധുനികതയെ നിർവചിക്കുന്നത്, “incredulity towards metanarratives” എന്നാണ്. ബൃഹദാഖ്യാനങ്ങളിൽ ഉള്ള അവിശ്വാസം. എന്താണ് ബൃഹദാഖ്യാനം? ചെറു തനിമകളെ അദൃശ്യവൽക്കരിച്ച് വലുതിനെ മാത്രം പ്രതീകവൽക്കരിക്കുക. ഉദാഹരണമായി ഇന്ത്യൻ സ്വാതന്ത്ര്യ സമരം വായിക്കുന്ന ഒരാൾക്ക് നമ്മുടെ പട്ടണത്തിൽ അതിനോട് ബന്ധപ്പെട്ടു നടന്ന ഏതെങ്കിലും സമരങ്ങളെപ്പറ്റി അറിയാൻ പറ്റുമോ? മിക്കവാറും ഉണ്ടാവില്ല. നടന്നിട്ടുണ്ടാവാം, പക്ഷെ, അത് വേണ്ട രീതിയിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ജാലിയൻ വാല ബാഗും, ചൗരി ചൗരയും ഒക്കെ നമുക്ക് മനഃപാഠമാണ്. അതെ സമയം സ്വന്തം നാട്ടിൽ എന്തെങ്കിലും പ്രതിഷേധങ്ങൾ ഉണ്ടായിരുന്നുവോ എന്ന് നമുക്കറിയില്ല. ഉത്തരാധുനികത പറയുന്നത് ഇത്തരം ചെറു തനിമകളെ കണ്ടെത്തി രേഖപ്പെടുത്തണമെന്നാണ്. മുലക്കരത്തിനെതിരെ സ്വന്തം മുലകൾ അറുത്തുകളഞ്ഞ നങ്ങേലിയെ നമുക്കറിയാം. നമ്മുടെ നാട്ടിൽ ഏതെങ്കിലും ഒരു സ്ത്രീ അത്തരത്തിലല്ലെങ്കിൽ പോലും ഒരു പ്രതിഷേധം നടത്തിയിട്ടുണ്ടാവില്ലേ? ഉണ്ടായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. അനീതികൾക്കെതിരെ ശബ്ദിക്കുന്നവർ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ടാകും. ഈ പ്രാദേശിക ചരിത്രം കണ്ടെത്തി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
നമ്മുടെ നാട്ടിൻപുറങ്ങളിൽ സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യം വളരെ പരിമിതമാണ്. ഉദാഹരണമായി രാത്രിയിൽ പുറത്തിറങ്ങുന്ന സ്ത്രീകൾ വളരെ കുറവാണ് അല്ലെങ്കിൽ ഇല്ല എന്ന് തന്നെ പറയാം. രാത്രി വൈകും വരെ കടത്തിണ്ണകളിലും വായനശാലകളിലും ക്ലബുകളിലും ഉത്സവ/തെയ്യ പറമ്പുകളിലും രാത്രി ആസ്വദിക്കാനിറങ്ങുന്ന പുരുഷന്മാരെ നമുക്ക് കാണാം. അവരൊക്കെ വെറുതെ പുറത്തിറങ്ങി നടക്കുന്നവരാണ്. സ്ത്രീകൾ പുറത്തിറങ്ങണമെകിൽ എന്തെങ്കിലും കാരണം വേണം. അതും പുരുഷന്റെ അകമ്പടിയോടെ മാത്രം. ഇതിനു നമ്മൾ പറയുന്ന ന്യായം നമ്മുടേത് ഉൾഗ്രാമമാണ്, വലിയ നഗരമൊന്നുമല്ല എന്നൊക്കെയാണ്. അതിനുള്ള ഉത്തരം ഇന്ത്യൻ ഭരണഘടന നഗരങ്ങൾക്കും ഗ്രാമങ്ങൾക്കും ഒരുപോലെയാണ് എന്നുള്ളതാണ്. ശ്രീജിത്ത് IPS ഒരു അഭിമുഖത്തിൽ എന്താണ് ഒരു ബലാത്സംഗിയുടെ മൂല്യ വ്യവസ്ഥ എന്നത് വിശദമാക്കുന്നുണ്ട്. രാത്രി കാലങ്ങളിൽ ഒറ്റക്കൊരു സ്ത്രീ, ഇറുകിയതോ ഇറക്കം കുറഞ്ഞതോ ആയ വസ്ത്രം ധരിച്ച് വഴി നടന്നാൽ അവൾ ആണിനെ തേടി നടക്കുന്നവളാണ് എന്നുള്ളതാണ് അയാളുടെ ചിന്ത. ഗോവിന്ദ ചാമി ജയിലിൽ വെച്ച് ശ്രീജിത്തിനോട് സൗമ്യയുടെ കൊലപാതകത്തെപ്പറ്റി പറഞ്ഞത്, “എന്ന സാർ, അന്ത നേരത്ത് ഒരു പൊമ്പിളൈ തനിയാ എതുക്ക് പുറത്ത്” എന്നായിരുന്നുവത്രെ. ഇതേ മൂല്യ വ്യവസ്ഥയാണ് നമ്മുടെ നാട്ടിലും നിലനിൽക്കുന്നത്.
നമ്മൾ ജീവിക്കുന്നത് ഒരു ഡിജിറ്റൽ യുഗത്തിലാണ്. വിവരത്തിന്റെ ഒരു കുത്തൊഴുക്കാണ് ഇന്നത്തെ ഇന്റർനെറ്റ്. എവിടെയും ഇന്ന് ഈ Information Superhighway ലഭ്യമാണ്. എന്നാൽ ഇതിലേക്കെത്തിപ്പെടണമെങ്കിൽ മൂന്നു കാര്യങ്ങൾ അനിവാര്യമാണ്.
1. പ്രവേശനക്ഷമത: നമ്മുടെ കയ്യിൽ മൊബൈലോ ലാപ്ടോപ്പോ പോലുള്ള ഉപകരണങ്ങൾ വേണം. അവയെ നെറ്റിലേക്ക് ബന്ധിപ്പിക്കാൻ പറ്റണം.
2. ഡിജിറ്റൽ സാക്ഷരത: ഉപകരണങ്ങൾ എങ്ങിനെ ഉപയോഗിക്കണം എന്നും എങ്ങിനെ വിവരശേഖരണം നടത്താമെന്നും അറിഞ്ഞിരിക്കണം.
3. സമയം: ഈ ഉപകരണങ്ങൾ ഉപയോഗിച്ച് വിവരശേഖരണം നടത്താൻ അതിന് മാത്രമായുള്ള സമയം കണ്ടെത്താൻ പറ്റണം.
നമ്മുടെ നാട്ടിലെ എത്ര ശതമാനം സ്ത്രീകൾക്ക് ഇവയൊക്കെ ലഭ്യമാണ്? ഇല്ലെങ്കിൽ അവർ അകന്നു പോകുന്നത് ലോകത്തിലെ ഏറ്റവും വിപ്ലവകരമായ കണ്ടുപിടുത്തങ്ങളിൽ നിന്നാണ്. എണ്ണമറ്റ അറിവുകളുടെ ശ്രേണിയിൽ നിന്നാണ്. ഇതിൽ തീർച്ചയായും നമ്മുടെ ശ്രദ്ധ പതിയേണ്ടതുണ്ട്.
മാറ്റപ്പെടേണ്ടതായി പലതുമുണ്ട്. വീട്ടിലെ പെൺകുട്ടിയെ വിവാഹം കഴിപ്പിച്ച് മറ്റൊരാളുടെ കൂടെ വിട്ടാൽ ഭാരമൊഴിഞ്ഞു എന്നാശ്വസിക്കുന്ന മാതാപിതാക്കൾ മുതൽ പെൺകുട്ടികൾ കുറച്ചെങ്കിലും സ്വാതത്ര്യമെടുത്താൽ “അവൾ ഒരു പെണ്ണല്ലേ, ഇങ്ങിനെ ചെയ്യാമോ” എന്ന് ചിന്തിക്കുന്ന അധ്യാപിക / അധ്യാപകർ വരെ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഇരിപ്പിടങ്ങൾ ക്രമീകരിച്ച ഒരു ക്‌ളാസ് റൂമിൽ നിന്നും പഠിച്ചിറങ്ങുന്ന കുട്ടികളുടെ മനസ്സിൽ എങ്ങിനെയാണ് ജൻഡർ ന്യൂട്രൽ ചിന്തകൾ വികസിക്കുക? യൂണിഫോമിൽ മാത്രം മാറ്റം വരുത്തിയാൽ മതിയാകുമോ? ആൺകുട്ടികളെ അടുക്കളയിൽ നിന്നും ചെറുപ്പത്തിലേ പുറത്ത് നിർത്തുന്നത് നമ്മുടെ നാട്ടിൽ ഇന്നും നിലനിൽക്കുന്നു. എന്നാൽ പെൺകുട്ടികൾ അങ്ങിനെയല്ല. അടുക്കള ജോലികളെല്ലാം ചെറുപ്പത്തിലേ തന്നെ പഠിച്ചിരിക്കേണ്ടവർ ആണ്. ഇത്തരം രൂപപ്പെടുത്തലുകൾ നാളത്തെ സമൂഹത്തെ കൂടി സ്ത്രീ വിരുദ്ധമാക്കുന്നില്ലേ?
Gender Equality, Gender Neutrality എന്നിവ വെറും വാക്കുകളോ പ്രസംഗ വിഷയങ്ങളോ മാത്രമാവരുത്. അത് ജീവിതത്തിൽ പ്രായോഗികമാക്കേണ്ടതും സമൂഹത്തിലാകെ പടർന്നു കിടക്കേണ്ടതുമായ ആശയമായിരിക്കണം. സമൂഹത്തിലെ ഓരോ വ്യക്തിയുടെയും സ്വഭാവത്തിന്റെ ഭാഗമായിരിക്കണം.
പൊതുഇടങ്ങളിലുള്ള സ്ത്രീ സാന്നിധ്യം കൂടി വരേണ്ടതാണ്. ഇതിനായുള്ള കൂട്ടായ ശ്രമങ്ങൾ നേരത്തെ സൂചിപ്പിച്ചതു പോലെ പൊതുസമൂഹത്തിൽ നിന്ന് തന്നെയാണ് ആദ്യം ഉയർന്നു വരേണ്ടത്. ഫെമിനിസം എന്നത് കേവലം സ്ത്രീകൾക്ക് വേണ്ടി മാത്രമായി നിലകൊള്ളുന്ന ഒരു പ്രത്യയശാസ്ത്ര സംഹിതയല്ല. കാലങ്ങളിലൂടെ സഞ്ചരിച്ച്, മാറ്റങ്ങളെ സ്വാംശീകരിച്ച്, രൂപാന്തരപ്പെട്ടതാണ്. സാമൂഹ്യ മാറ്റങ്ങൾക്കനുസൃതമായി തുടർന്നും അത് മാറിക്കൊണ്ടിരിക്കും. ഈ ആശയങ്ങൾ സമൂഹത്തിൽ പ്രബലമായി തുടരുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുക എന്നത്, ആധുനിക സാമൂഹ്യനിർമ്മിതിക്ക് അത്യന്താപേക്ഷിതമാണ്.
To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here.
We’ll written piece. And I would like to mention about two historical figures that you have somehow missed in your article.
You have not mentioned about Eleanor Marx( the daughter of Karl Marx and an early feminist intellectual ) and Alexandra Kollontai ( the Great revolutionionary Marxist- Leninist and the first Woman foreign minister of the USSR).
good observation.The clarity of thought is really appreciable.
സമഗ്രതയോടെയുള്ള സമീപനം ഈ ലേഖനത്തിൻ്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു . സുരേഷ് ഗോപി ആഭാസ്ത്തെ കുറിച്ച് ഇത്ര നല്ല കുറിപ്പ് വേറെ വായിച്ചിട്ടില്ല . രേഷ്മക്ക് നമസ്കാരം . ഐഡമിന് സലാം
Brilliant 👏👏
Excellent article
സ്ത്രീ ചരിത്രവും കാലവും . എഴുത്ത് നന്നായി…
സന്തോഷം. ഐഡം എന്ന, അന്താരാഷ്ട്ര തലത്തിൽ, കാഴ്ചക്കാർ ഉള്ള ഈ ചാനൽ ഈ വിഷയത്തിൽ അഗാധമായ പഠനം നടത്തിയതിലും… എല്ലാം കഴിഞ്ഞു സുരേഷ് ഗോപി എന്ന ചെറിയ ഒരു സംസ്ഥാനത്തെ വ്യക്തിയുടെ തെറ്റ് പോലും കണ്ടു പിടിച്ചു വിശകലനം ചെയ്ത്…. സമൂഹത്തിനും ലോകത്തിനും മാതൃക ആവുന്നതിൽ അതിയായ സന്തോഷം ഉണ്ട്…
തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുക തന്നെ വേണം… അത് സുരേഷ് ഗോപി ആയാലും… എന്നതിൽ ചർച്ച എത്തിയതിൽ അതിയായ സന്തോഷം ഉണ്ട്.
വിശദമായി മുഴുവൻ വായിച്ച ശേഷം, ഈ നല്ല വാർത്ത ഷെയർ ചെയ്യും…
അഭിനന്ദങ്ങൾ…🙏
ഒരു ചെറിയ അപേക്ഷ ഉണ്ട്….
മറുപടി കൂടി തരുക. ഐടം റേഡിയോ ആണോ…