A Unique Multilingual Media Platform

The AIDEM

Articles Culture Sports

ഗോളിന് വെളിയിലേക്കുള്ള പന്തുകൾ

  • November 18, 2022
  • 1 min read
ഗോളിന് വെളിയിലേക്കുള്ള പന്തുകൾ

എല്ലാം തികഞ്ഞവരായി മാലാഖമാർ മാത്രമേ കാണൂ, മനുഷ്യരിൽ തെറ്റ് ചെയ്യാത്തവർ ആരുമില്ല.

 

ഫുട്ബോൾ കളിയുടെ പ്രത്യകത എന്താണെന്ന് അറിയാമോ എന്ന് പണ്ടൊരിക്കൽ സ്പാനിഷുകാരനായ സഹപ്രവർത്തകൻ റഫയേൽ എന്നോട് ചോദിച്ചത് ഓർക്കുന്നു. ഉത്തരം പരതുന്ന എന്നെ നോക്കി അവനന്ന് പറഞ്ഞത്, അത് ഒരു ലോക സംസ്കാരമാണെന്നാണ്. ലോകത്തിലെ എല്ലാ ഗ്രാമങ്ങളിലും, പട്ടണങ്ങളിലും ഫുട്ബോൾ സംസ്കാരമുണ്ട്, അതാണ് ആ കളിയുടെ പ്രത്യേകത. തനത് സംസ്കാര ഭാഷ വ്യത്യാവസങ്ങൾ കൊണ്ട് രാജ്യങ്ങൾ വ്യത്യസ്തമാകുമ്പോഴും, ഫുട്ബോൾ കളിയുടെ നിയമങ്ങളും, ആവേശവും ലോക ജനതയെ ഒന്നിപ്പിക്കുന്നു. അവർ അതിനായി തിരഞ്ഞെടുത്ത പരമോന്നത വേദിയാണ് ഫിഫ വേൾഡ് കപ്പ്.

ചരിത്രപരവും, ശരീരഘടനാ ശാസ്ത്രവും, ഭക്ഷണ ശീലവും കാരണമാകാം ഈ കളിയിൽ ചില ദേശങ്ങൾക്കുള്ള മേൽക്കോയ്മ ലോകം സമ്മതിച്ചു കൊടുത്തിട്ടുള്ളതാണ്. പക്ഷെ അത് കൊണ്ട് മറ്റ് രാജ്യങ്ങൾക്ക് ഫുട്‌ബോൾ കളിച്ചുകൂടാ എന്നോ, കളി ആസ്വദിച്ചു കൂടാ എന്നോ ഇല്ല. തട്ടാൻ പകുന്നുണ്ടെങ്കിൽ, കളിക്കളത്തിൽ പുല്ലുണ്ടെങ്കിൽ, ഗാലറിയിൽ ആളുണ്ടാകുമെങ്കിൽ മത്സരം നടത്തുന്നതിന് വേറൊന്നും വേണ്ട. കൊറോണക്കാലത്ത് കാലിയായ ഗാലറികളെ സാക്ഷിയാക്കിയാണ് കളികൾ പലതും നടന്നതെന്ന് കൂടി ഓർക്കുക. ഖത്തറിൽ ഇന്നിപ്പോൾ ഫിഫ വേൾഡ് കപ്പ് നടക്കാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ പറഞ്ഞു കേൾക്കുന്ന ഒരു പല്ലവി, ഖത്തർ ഒരു ഫുട്ബോൾ സംസ്കാരമില്ലാത്ത, ലോക ഫുട്ബാളിൽ സ്ഥാനമില്ലാത്ത രാജ്യമായത് കൊണ്ട് ഈ ടൂർണമെന്റ് നടത്താൻ അവരെ തിരഞ്ഞെടുത്തത് ശരിയായില്ല എന്നാണ്. പെട്ടെന്ന് മനസ്സിലേക്ക് വരുന്നത്, സിനിമ റിവ്യൂ ചെയ്യാൻ സിനിമ പഠിക്കണം എന്ന വാദമാണ്! സജീവമായ ഫുട്ബോൾ ലീഗുള്ള രാജ്യമാണ് ഖത്തർ എന്നോർക്കുക. ഗൾഫ്, ജിസിസി കപ്പുകളിൽ ശക്തമായ പ്രകടനങ്ങൾ കാഴ്ചവച്ച ടീമാണ് അവരുടേത്. അവർ ലോകകപ്പിൽ കളിച്ചിട്ടില്ല, ശരിയാണ്. പക്ഷെ ലോകകപ്പ് അഥവാ ഫിഫ ഒരു ബോയ്സ് ക്ലബ്ബ് അല്ലല്ലോ, ലോകകപ്പിൽ കളിക്കുന്നവർക്ക് മാത്രം കയറിച്ചെല്ലാവുന്ന ഒരു സ്വകാര്യ ഇടമല്ലല്ലോ അത്. വേൾഡ് കപ്പ് നടത്താൻ ജനാധിപത്യപരമായ തീരുമാനത്തിലൂടെ ഒരു ഫിഫ അംഗത്തെ ഏൽപ്പിച്ചു കഴിഞ്ഞാൽ, ഇത്തരം വാദങ്ങൾക്ക് സ്ഥാനമില്ല.

ഖത്തർ പോലൊരു ചെറിയ രാജ്യത്ത് ഇത്രയും വലിയ മാമാങ്കം നടത്തുന്നത് തെറ്റാണ്, അവർക്ക് അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ല എന്ന പത്ത് വർഷം മുന്നേയുള്ള പരാതികൾ ഈ അവസാന നിമിഷവും ഉയർത്തിക്കൊണ്ടു വരുന്നത് തീർത്തും പരിഹാസ്യമായ കാര്യമാണ്. കാണികൾക്ക് താമസിക്കാൻ വേണ്ട സൗകര്യമില്ല എന്നായിരുന്നു ഒരു യൂറോപ്യൻ ടീമിന്റെ കോച്ച് പറഞ്ഞത്.

ഫിഫ നിഷ്ക്കർഷിക്കുന്ന എല്ലാ സംവിധാനങ്ങളും, അതിൽ അപ്പുറവും ഒരുക്കിയാണ് ഖത്തർ ഇന്നിപ്പോൾ വേൾഡ് കപ്പിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുന്നത്. ലോകോത്തര എയർപോർട്ടുകൾ, സ്റ്റേഡിയങ്ങൾ, പൊതു ഗതാഗത സൗകര്യങ്ങൾ, ഹോട്ടലുകൾ, തദേശീയരോടൊപ്പം താമസിക്കാനുള്ള ഏർപ്പാടുകൾ, ലോകത്തെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഭക്ഷണങ്ങൾ എന്നു വേണ്ട ലോകത്തുള്ള സകല ഭാഷകളും സംസാരിക്കുന്ന വോളന്റിയർമാർ വരെ ദോഹയിൽ തയ്യാറാണ്. കളിക്കാൻ വരുന്നവർക്കും, കളി കാണാൻ വരുന്നവർക്കും ഒരു ബുദ്ധിമുട്ടും ഇല്ലെങ്കിൽ പിന്നെ എന്താണ് പ്രശ്നം! കഴിഞ്ഞ തവണ റഷ്യയിൽ വേൾഡ് കപ്പ് നടന്നപ്പോൾ, ചില സ്റ്റേഡിയങ്ങൾ തമ്മിൽ ആയിരം കിലോമീറ്ററുകളുടെ ദൂര വ്യത്യാസമുണ്ടായിരിന്നു. ഒന്നിൽ കൂടുതൽ കളി കാണാൻ അതൊരു ബുദ്ധിമുട്ടായി എന്നത് എല്ലവരും പറഞ്ഞ കാര്യമാണ്. ഇന്നിപ്പോൾ ഖത്തറിൽ ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ട് ഒരു കളിക്കളത്തിൽ നിന്ന് മറ്റൊരു കളിക്കളത്തിലേക്ക് മെട്രോ വഴി എത്താം എന്നത് കാണികളെ സന്തോഷിപ്പിക്കുന്നു എന്നു മനസ്സിലാക്കുക. അതുപോലെ 100% കാണികളെയും താമസിപ്പിക്കാൻ വേണ്ട സൗകര്യം ദോഹയിലും ചുറ്റുവട്ടതും ഒരുക്കിയപ്പോൾ തന്നെ, അയൽരാജ്യങ്ങളിലുള്ള ദുബായ്, മസ്‌കറ്റ്, കുവൈറ്റ് എന്നീ പട്ടണങ്ങളിൽ താമസിച്ചു, അവിടെ നിന്നും ഒരു മണിക്കൂർ കൊണ്ട് ദോഹയിലെത്തി കളി കാണാനുള്ള സൗകര്യവും അവർ ഒരുക്കിയിട്ടുണ്ട്. ഭൂഗോളത്തിന്റെ എല്ലാ കോണുകളിൽ നിന്നും ഒരേപോലെ എത്തിപ്പെടാൻ സൗകര്യമുള്ള ഖത്തർ എന്നത് കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ നെറ്റവർക്ക് ഉള്ള വിമാനക്കമ്പനിയും ഖത്തറിന്റേതാണ് എന്നതും കാണികളുടെ സൗകര്യം വർധിപ്പിക്കുന്നു.

ഖത്തർ ലോകകപ്പിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ തൊഴിലാളികളുടെ ജീവിതങ്ങളെ ചൊല്ലിയാണ് ഏറെ ആരോപണങ്ങൾ ഉയർന്നു കേട്ടത്. തൊഴിലാളികളുടെ സൗകര്യങ്ങൾ, ജോലി വ്യവസ്ഥകൾ എന്നിവയെ കുറിച്ചു ഖത്തറിന് വ്യക്തമായ നിയമങ്ങൾ ഉണ്ടെന്ന കാര്യം ലോക തൊഴിലാളി സംഘടന അന്വേഷിച്ചു ബോധ്യപ്പെടുത്തിയതാണ്. അത് കൂടാതെ തൊഴിലാളി മരണങ്ങളുടെ കണക്കെടുക്കുമ്പോൾ, അവ സംഭവിച്ചത് കഴിഞ്ഞ പത്ത് വര്ഷങ്ങൾക്കിടയിലാണെന്നും, അവയൊന്നും തന്നെ തൊഴിലിടങ്ങളിലെ അപകടങ്ങളിൽ നിന്നല്ല എന്നതും, സ്വാഭാവിക മരണങ്ങൾ ആണെന്നതും ആരോപണം ഉന്നയിക്കുന്നവർ സൗകര്യപൂർവ്വം മറക്കുന്നു. മാത്രമല്ല, കഴിഞ്ഞ തവണത്തെ വേദിയായ റഷ്യയിലെ സ്ഥിതി അവരാരും അന്ന് ചോദിച്ചിരുന്നില്ല എന്നും ഓർക്കുക. ഇനി അതല്ല, ഖത്തറിന് പകരം ഏതേലും പാശ്ചാത്യ യൂറോപ്യൻ രാജ്യം ആയിരുന്നെങ്കിൽ, അവിടങ്ങളിലെ സംഘടിത മനുഷ്യക്കടത്തിനെ കുറിച്ചോ, കുടിയേറുന്ന തൊഴിലാളികളുടെ കുറഞ്ഞ വേദനത്തെ കുറിച്ചോ ഒരക്ഷരം ഇവരാരും പറയില്ലായിരുന്നു.

ഏറ്റവും ഒടുവിൽ ഉയർത്തി വിട്ടത് സ്വവർഗാനുകരികളോടുള്ള ഖത്തർ എന്ന രാജ്യത്തിന്റെ എതിർപ്പിനെയാണ്. ശരിയാണ്, ആ സംസ്കാരത്തിൽ അത് തെറ്റായിട്ടാണ് ചിത്രീകരിക്കപ്പെട്ടിട്ടുളത്. അത്തരക്കാരുടെ കാര്യത്തിൽ പാശ്ചാത്യ നാടുകളിൽ ഇപ്പോഴും നല്ലൊരു വിഭാഗം ആളുകൾക്ക് എതിർപ്പുണ്ട് എന്ന് ഓർക്കുക. ഇന്ത്യയിൽ പോലും അത്തരം ബന്ധങ്ങൾ നിയമവിരുദ്ധമായിട്ടാണ് ഈ അടുത്ത കാലം വരെ പരിഗണിക്കപ്പെട്ടിരുന്നത്. അത്തരം മാറ്റങ്ങൾക്ക് സമൂഹത്തിൽ സമയമെടുക്കും, ഖത്തറും മാറുന്നുണ്ട്. പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് സെപ്പ് ബ്ളാറ്റർ ഫിഫ വേദിയായി ഖത്തറിനെ പ്രഖ്യാപിക്കുമ്പോൾ ഉള്ള ഖത്തർ അല്ല ഇന്നുള്ളത് എന്നു കൂടി മനസ്സിലാക്കണം. ഇത്തരം കാര്യങ്ങൾ എടുത്തിട്ട് ഒരു രാജ്യത്തെ ക്രൂശിക്കുന്നവർ ഒന്നോർക്കുക, സ്വവർഗ്ഗാനുരാഗം നിയമവിധേയമാക്കിയിട്ടുള്ള രാജ്യങ്ങൾ ലോകത്ത് ന്യൂനപക്ഷമാണ്. ഇന്നീ ആരോപണം ഉന്നയിക്കുന്ന പല രാജ്യങ്ങളിലും വിവാഹബന്ധങ്ങൾ വേർപ്പെടുത്തുന്നത് തെറ്റാണെന്നും, വിധവയെ കല്യാണം കഴിച്ചാൽ രാജ്യതലവൻ ആകാൻ പറ്റില്ലെന്നും, ഗർഭച്ഛിദ്രം ദൈവഹിതത്തിന് എതിരാണെന്നും കരുതുന്നുണ്ട് എന്നും ഓർക്കുക. അപ്പോൾ ഈ ഉയർത്തുന്ന വാദങ്ങൾക്ക് ഒരു തിരഞ്ഞെടുക്കപ്പെട്ട പക്ഷപാതം ഇല്ലേ എന്ന് ചോദിച്ചാൽ ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല. എല്ലാം തികഞ്ഞവരായി മാലാഖമാർ മാത്രമേ കാണൂ, മനുഷ്യരിൽ തെറ്റ് ചെയ്യാത്തവർ ആരുമില്ല.

എന്ത് കൊണ്ടാകും ഖത്തർ ഇത്രമാത്രം ആക്രമിക്കപ്പെടുന്നത്? ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തിയാൽ ഇതിനെല്ലാം ഒരു വർണ്ണ വർഗ്ഗ വിവേചനത്തിന്റെ നിറങ്ങൾ കാണാൻ സാധിക്കും. അവികസിത രാജ്യങ്ങളിലെ കാർബണിൽ, വികസിത കാർബണേക്കാൾ കരിയുണ്ടെന്ന് പറയുന്ന പോലെ, ഇല്ലാത്ത ആയുധങ്ങളുടെ പേരിൽ രാജ്യങ്ങളിൽ അധിനിവേശം നടത്താൻ ന്യായീകരണം നിരത്തുന്ന പോലെ, ജനാധിപത്യം നിലനിറുത്താൻ എന്ന പേരിൽ ഭരണകൂടങ്ങളെ അട്ടിമറിക്കുന്നത് പോലെ ഇതിനും ഒരു രാഷ്ട്രീയമുണ്ട്. ഇന്ന് ഖത്തറിനെ ആക്രമിക്കാൻ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളെല്ലാം തന്നെ ഖത്തറിന്റെ പണവും സ്വാധീനവും ഒരിക്കലെങ്കിലും തങ്ങളുടെ കാര്യസാധ്യത്തിന് ഉപയോഗിച്ചിട്ടുള്ളവരാണ് എന്ന കാര്യം പകൽ പോലെ വ്യക്തമാണ്. കഴിഞ്ഞ രണ്ട് ദശകത്തിലായി അവിടെ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്ക് ചേരാത്ത രാജ്യങ്ങൾ ചുരുക്കമാണ്. ഈ രാജ്യങ്ങളുടെ നായതന്ത്രപ്രതിനിധികൾ ഒരവസരത്തിലെങ്കിലും ഖത്തറിന്റെ മുന്നേറ്റത്തെ പ്രകീർത്തിച്ചിട്ടുള്ളവരാണ്. അപ്പോൾ അവർ ഇന്നീ കാട്ടിക്കൂട്ടുന്ന പ്രഹസനങ്ങൾ അവരുടെ തന്നെ അഭ്യന്തര സദസ്സുകൾക്ക് വേണ്ടിയുള്ളതാണെന്നോ, അല്ലെങ്കിൽ ഖത്തറിനെയും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളെയും ഭയപ്പെടുത്തി കൂടുതൽ കാര്യങ്ങൾ നേടുന്നതിനായുള്ളതാണെന്നോ പറഞ്ഞാൽ എതിർക്കാൻ പറ്റില്ല.

പക്ഷെ ആക്ഷേപം ഉന്നയിക്കുന്നവർക്ക് ഇത്തവണ തെറ്റ് പറ്റി, പഴയ പോലെയല്ല കാര്യങ്ങൾ. ഖത്തറും സഹോദര രാജ്യങ്ങളും ഒറ്റ സ്വരത്തിൽ ഇത്തരം ശബ്ദങ്ങളെ തള്ളിക്കളയുന്ന കാഴ്ചയാണ് കാണുന്നത്. ഇതെല്ലാം ഗോൾ പോസ്റ്റിന് വെളിയിലേക്കുള്ള പായിക്കുന്ന പന്തുകളാണ് എന്നും, അവയ്ക്ക് പന്തകളിയിൽ ഒരു കാര്യവുമില്ലെന്നും ഖത്തർ പറഞ്ഞു കഴിഞ്ഞു. നവംബർ 20ന് ഖത്തറിലെ അൽഖോർ പട്ടണത്തിലെ അല്ബെയ്ത് സ്റ്റേഡിയത്തിൽ ഫിഫ വേൾഡ് കപ്പിന്റെ ആദ്യ വിസിൽ മുഴങ്ങുമ്പോൾ, ലോകം മുഴുവൻ ഖത്തറിനൊപ്പമാകും എന്നു അവർക്ക് സംശയമില്ല.


Read this article in English, The Games Outside the Stadiums in Qatar


Related Story: ഖത്തർ ലോകകപ്പിലെ വിസ്മയ സമ്മാനങ്ങൾ ഇങ്ങനെയാണ്


Subscribe to our channels on YouTube & WhatsApp

About Author

ഷബീർ അഹമ്മദ്

സോഷ്യൽ എഞ്ചിനീയറിങ്ങിൽ താല്പര്യം ഉള്ള കൊച്ചി സ്വദേശിയായ എഞ്ചിനീയർ. മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലും വിദേശത്തും ഉന്നത മാനേജ്‌മന്റ് രംഗത്ത് പ്രവർത്തിച്ച ഷബീറിന്റെ എഴുത്ത് താല്പര്യങ്ങൾ, ഇന്ത്യൻ രാഷ്ട്രീയം, സാമൂഹിക പ്രശ്‌നങ്ങൾ എന്നിവയാണ്. കായിക രംഗത്തെ കുറിച്ചും ലേഖനങ്ങൾ എഴുതാറുണ്ട്.

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Fayaz
Fayaz
2 years ago

Well thought out article. External noises won’t affect the tune of the World Cup.
May the best team win!

Radhika Menon
Radhika Menon
2 years ago

so, there has been human abuse in the middle east ( not just Qatar) in terms of sponsors withholding passports and limiting the freedom of the labor force and women ( can’t drive without the sponsor’s permission), but I totally agree with the arguments made in this post. US has the Hadsic community in NY who are worse off as the women and children and youth in Afghanistan denied of regular education, secular thinking. these are US citizens – let’s not go too far!