ആട്ടം ഒരു ആത്മപരിശോധനയാണ്. തങ്ങളനുഭവിക്കുന്ന ജീവിതാവസ്ഥകളോട് അത്രത്തോളം താദാത്മ്യപ്പെടുമ്പോള്‍ നെഞ്ചിലെ കനവും കൈയ്യടിയുമായാണ് സ്ത്രീ പ്രേക്ഷകര്‍ സിനിമ സ്വീകരിക്കുന്നത്. പുരുഷന്‍മാര്‍ക്കാകട്ടെ തന്റെ നോട്ടങ്ങൾ, ആള്‍കൂട്ടത്തിലിരുന്ന് വീമ്പടിച്ച സ്ത്രീവിരുദ്ധ തമാശകള്‍, മറ്റുള്ളവര്‍ പറഞ്ഞ് കേട്ട അശ്ലീല കമന്റുകളില്‍ മതിമറന്നുള്ള വഷളന്‍ ചിരികള്‍, ദയാരഹിതമായി തൊടുത്ത് വിട്ട നൂറ് നൂറ് സംശയങ്ങള്‍, എല്ലാം കൂടി ഒരുമിച്ച് കാതില്‍ മുഴങ്ങുന്നതായി തോന്നും. ആ പിടച്ചിലില്‍ വേണ്ട എനിക്ക് നിന്നെ കാണണ്ട, തിരിച്ച് പോയ്‌ക്കോ ആരോടും ഒന്നും പറയണ്ട, നീ ആരാണെന്ന് എനിക്കറിയണ്ട, നീയും ആ പതിനൊന്ന് പേരും തമ്മില്‍ എനിക്ക് ഒരു വ്യത്യാസവുമില്ല. എന്ന അഞ്ജലിയുടെ വാക്കുകള്‍ ഹൃദയത്തില്‍ തറയ്ക്കും. ആ പന്ത്രണ്ട് പേര്‍ ലക്ഷങ്ങളായി പരിണമിക്കും. ആണത്ത അഹങ്കാരങ്ങള്‍ പൊഴിഞ്ഞ് വീഴും. ആട്ടം അതിശക്തമായ രാഷ്ട്രീയ സിനിമയാകുന്നത് അങ്ങനെയാണ്.
ഒരു ജനാധിപത്യ സമൂഹത്തില്‍ (?) നമ്മുടെയൊക്കെ വ്യക്തിജീവിതം എത്രമാത്രം ജനാധിപത്യ വത്കരിക്കപ്പെട്ടിട്ടുണ്ട് എന്ന സൂക്ഷ്മ രാഷ്ട്രീയ വിലയിരുത്തലിന് കാലമായെന്ന് ആട്ടം ഓര്‍മ്മിപ്പിക്കുന്നു. ജിയോ ബേബിയുടെ ‘കാതല്‍’ വിവിധ തരം മനുഷ്യരെ ഉള്‍കൊള്ളുവാനും അംഗീകരിക്കുവാനും കഴിയുന്ന ജനാധിപത്യത്തിലേക്കുള്ള ഡ്രൈവായിരുന്നെങ്കില്‍ ആട്ടം ജീവിത വ്യവസ്ഥ എന്ന നിലയില്‍ ജനാധിപത്യം എത്രമാത്രം മനുഷ്യ ജീവിതത്തോട്, പ്രത്യേകിച്ച് സ്ത്രീ ജീവിതത്തോട് നീതി പുലര്‍ത്തുന്നു എന്ന തെളിവെടുപ്പും വിചാരണയുമാണ്.
പിന്‍തിരിപ്പന്‍ ഭൂരിപക്ഷത്തിന്റെ ജനാധിപത്യം
ആനന്ദ് ഏകര്‍ഷി എന്ന സംവിധായകന്റെ കൈയ്യൊപ്പാണ് ആട്ടം. താന്‍ പറയാനുദ്ദേശിക്കുന്ന രാഷ്ട്രീയത്തെ ശക്തമായി ആവിഷ്‌ക്കരിക്കുവാന്‍ നാടകത്തോളം മികച്ച സങ്കേതമില്ലെന്ന തിരിച്ചറിവ് നാടക പ്രവര്‍ത്തകന്‍ കൂടിയായ സംവിധായകനുണ്ട്. അരങ്ങിന്റെ ശക്തിയറിയുന്നതുകൊണ്ടാകാം നാടക ടീമിനെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതും. നാടക സംഘത്തിന്റെ ജീവിതവും അഭിനയവും നിലപാടും പ്രണയവും പ്രതിഷേധവും ചേര്‍ത്ത് പൊള്ളുന്ന ഒരു പ്രശ്‌നത്തെ രാഷ്ട്രീയവത്ക്കരിക്കുന്നു. ആ നാടക ഗ്രൂപ്പില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരുണ്ട്. ഹോട്ടല്‍ പണിക്കാരന്‍, അദ്ധ്യാപകന്‍, കൂലിപ്പണിക്കാരന്‍, ആര്‍ക്കിട്ടെക്റ്റ് അങ്ങനെ സമൂഹത്തിന്റെ ഒരു ചെറു പരിഛേദം. അതിശക്തമായ സ്ത്രീ പക്ഷ രാഷ്ട്രീയം മുന്നോട്ട് വെക്കുമ്പോള്‍ തന്നെ ജനാധിപത്യത്തിന്റെ ദൗര്‍ബല്യങ്ങളെ/പരിമിതികളെ കൂടിയാണ് ഈ ഒരു ചെറു ഗ്രൂപ്പിനെ മുന്‍നിര്‍ത്തി സംവിധായകന്‍ വെളിച്ചത്ത് കൊണ്ട് വരുന്നത്.
ഭൂരിപക്ഷ അഭിപ്രായത്തിനനുസരിച്ച് തീരുമാനിക്കാം എന്ന് ഇടയ്ക്കിടെ ഈ ഗ്രൂപ്പിന്റെ ലീഡര്‍ പറയുന്നുണ്ട്. ആരുടെതാണ് ഈ ഭൂരിപക്ഷം എന്നതിനെ പ്രശ്‌നവത്ക്കരിക്കുന്നതാണ് സിനിമ. ആണത്ത അഹങ്കാരങ്ങളില്‍ ഭ്രമിക്കുന്ന, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി സ്വന്തം നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന, ഒരു ആണ്‍ സംഘത്തില്‍ നിന്ന് ആര്‍ക്കനുകൂലമായാണ് ഭൂരിപക്ഷ വിധിയുണ്ടാകുക. ഇവിടെ ജനാധിപത്യം എന്നത് കേവലം ഒരു പ്രക്രിയ (process) മാത്ര മാകുകയും തീരുമാനങ്ങള്‍ മനുഷ്യത്വ വിരുദ്ധമാകുകയും ചെയ്യുന്നത് എങ്ങനെ എന്ന് സിനിമ പറയാതെ പറയുന്നുണ്ട്. ജനാധിപത്യം ജീവിത വ്യവസ്ഥ ആകാത്തിടത്തോളം സ്ത്രീകള്‍ക്ക്/ന്യൂനപക്ഷങ്ങള്‍ക്ക് നീതി അകലെയാണ്. ജനാധിപത്യം എന്നത് അരങ്ങിലെ വാഗ്ദാനവും വാചക കസര്‍ത്തും മാത്രമാവുകയും യാഥാര്‍ത്ഥ്യം മറ്റൊന്നാകുകയും ചെയ്യുന്ന അനുഭവങ്ങളിലേക്ക് പകര്‍ന്നാടുന്നതാണ് സിനിമാനുഭവം.
പന്ത്രണ്ട് പുരുഷന്‍മാരും ഒരു പെണ്‍കുട്ടിയുമാണ് ഈ ഗ്രൂപ്പിലുള്ളത്. വര്‍ഷങ്ങളായി പരസ്പരം അറിയാവുന്ന ഈ ഗ്രൂപ്പിലെ ആരോ ഒരാളില്‍ നിന്ന് അപ്രതീക്ഷിതമായി ഈ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമവും തുടര്‍ന്നുള്ള പ്രതികരണങ്ങളും പുരുഷ കേന്ദ്രീകൃത ജനാധിപത്യത്തിന്റെ കാപട്യങ്ങളിലേക്കുള്ള നേര്‍കണ്ണാടിയാകുന്നുണ്ട്. താന്‍ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന ഇടത്തി (space)ല്‍ നിന്നുണ്ടാകുന്ന അതിക്രമം, അത് സൃഷ്ടിക്കുന്ന മാനസിക ആഘാതം അത് എത്ര ഭീകരമാണന്ന് അഞ്ജലിയിലൂടെ നമ്മള്‍ അറിയുന്നുണ്ട്. ഈ സ്‌പെയ്സിന് സിനിമയില്‍ വലിയ പ്രാധാന്യമുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന ആളെ കുറിച്ചുള്ള സംസാരങ്ങളിലൊരിടത്ത് നമ്മള്‍ കലാകാരന്‍മാരായിട്ട് പോലും ഒരാളില്‍ മാറ്റം വരുത്തുവാനോ തിരിച്ചറിയുവാനോ കഴിയാത്തത് നമ്മുടെ പരാജയമല്ലെ എന്ന് കൂട്ടത്തിലൊരാള്‍ ചോദിക്കുന്നുണ്ട്. അത് പ്രേക്ഷകര്‍ പോലും ചെറുചിരിയോടെ അവഗണിക്കുന്ന പ്രസ്താവനയാണ്.
എന്നാല്‍ അരങ്ങില്‍ അനീതിക്കെതിരെ നാടകത്തിലൂടെ പ്രതികരിക്കുന്ന, ചോദ്യങ്ങളുന്നയിക്കുന്ന, ഉയര്‍ന്ന് ചിന്തിക്കുന്ന, കലാകാരന്‍മാര്‍ എന്ന കോര്‍ ഗ്രൂപ്പിന്റെ ജനാധിപത്യ വിചാരങ്ങളിലേക്കുള്ള ചോദ്യമാണത്. നിങ്ങള്‍ക്ക് അവളെ മനസ്സിലായില്ലെങ്കിൽ ആര്‍ക്ക് എന്ന ചോദ്യം മാത്രമല്ല അരങ്ങിലെ വേഷത്തോടൊപ്പം അഴിച്ച് വെക്കുന്ന പുരോഗമന ചിന്തയേ ഈ ഗ്രൂപ്പിനുള്ളൂ എന്ന് നമ്മള്‍ തിരിച്ചറിയുന്നുണ്ട്. എവിടെ തൊട്ടു?എങ്ങനെ തൊട്ടു?അയാളെ കണ്ടില്ലെ? നീ മദ്യപിച്ചിരുന്നു? നിന്റെ വസ്ത്രം? അങ്ങനെ അങ്ങനെ അവള്‍ക്കെതിരെ വിചാരണകള്‍ നീളും തോറും ഒരു പുരുഷ കൂട്ടത്തിന്റെ അശ്ലീലതകള്‍ക്ക് അതി ഭീകരമായ ആരോഹണമുണ്ടാകുന്നു. ഇത്തരമൊരു കഥ ഞാനുണ്ടാക്കി പറഞ്ഞതാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അല്ല എന്ന ഉത്തരം മുഴുവന്‍ പുരുഷന്‍മാരിലും നിഴലിക്കുന്നുണ്ടെങ്കിലും ആര്‍ക്കും നിലപാടില്ല. തൊട്ടടുത്ത ദിവസങ്ങളില്‍ വരാനിരിക്കുന്ന വലിയ ഭാഗ്യത്തിന്റെ പ്രലോഭനത്തില്‍ സഹജീവി സ്‌നേഹമോ എന്തിന്, അവളോടൊപ്പം നില്‍ക്കണമെന്ന ആദ്യ നിലപാടോ കൂട്ടമായി തന്നെ അവര്‍ ഉപേക്ഷിക്കുന്നു.
ഭൂരിപക്ഷത്തിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകളിൽ ഒരു രാജ്യത്തിന്റെ ഭരണ വ്യവസ്ഥ തന്നെ അട്ടിമറിക്കപ്പെടുന്നതും, ന്യൂനപക്ഷം കൂടുതല്‍ കൂടുതല്‍ ഭീതിയിലേയ്ക്ക് വീണുപോകുന്നതും സമകാലിക രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ്. ജനാധിപത്യം നിരന്തരം നവീകരിക്കപ്പെടേണ്ട പ്രക്രിയയാണെന്ന് ജീവിതാനുഭവങ്ങളിലൂടെ തിരിച്ചറിയപ്പെടേണ്ടിയിരിക്കുന്നു.
കോമ്പ്രമൈസ് എന്ന സ്ത്രീവിരുദ്ധത
എങ്ങനെയും കോമ്പ്രമൈസ് ചെയ്യണം, അല്ലങ്കില്‍ പെണ്ണാണോ അവള്‍ നേരെ പോലീസ് സ്‌റ്റേഷനില്‍ പോകും, കേസാകും നാടക സംഘത്തിന്റെ പേരിനെ അത് ബാധിക്കുമെന്ന് ടീമംഗങ്ങള്‍ ആശങ്കപ്പെടുന്നുണ്ട്. ഇതൊരു പൊതു ബോധമാണ്. പലപ്പോഴും അവള കടന്ന് പോയ അപമാനവും ട്രോമയും ആള്‍കൂട്ടത്തിന്റെ കണ്‍സേണെ അല്ല. മറിച്ച് അതെങ്ങനെ തങ്ങളുടെ അന്തസ്സിനെ ബാധിക്കും എന്ന കേവല യുക്തിയില്‍ അതങ്ങ് കോമ്പ്രമൈസ് ചെയ്തുകൂടെ എന്ന ചോദ്യമുണ്ടാകുന്നത് പതിവാണ്. അതിന് നീയും ശ്രദ്ധിക്കണമായിരുന്നു, അവന് മദ്യലഹരിയില്‍ പറ്റിയ കൈയ്യബദ്ധമാകും, നിന്റെ വസ്ത്രധാരണം അങ്ങനെ, അങ്ങനെ നിസ്സഹായയായവളെ കൂടുതല്‍ സമ്മർദ്ദത്തിലാക്കുന്ന പരിസരം എത്ര പെട്ടെന്നാണ് രൂപപ്പെടുന്നത്. ഇവിടെ ഏറ്റവും സുരക്ഷിതമായ സ്‌പെയ്സില്‍ നിന്ന് ഇത്തരമൊരനുഭവമുണ്ടായാല്‍ അത് സഹിക്കാന്‍ പറ്റില്ലെന്ന അഞ്ജലിയുടെ വാക്കുകള്‍ കൂടുതല്‍ പ്രസക്തമാകുന്നു. ഇത്തരമൊരു സ്‌പെയ്സ് എല്ലായിടത്തുമുണ്ട്. വീട്ടില്‍, വിദ്യാലയത്തില്‍, തൊഴിലിടത്തില്‍ എല്ലാം. അടുത്ത ബന്ധുക്കള്‍, സഹപാഠികള്‍, സഹപ്രവര്‍ത്തകര്‍ ആരാലും എവിടെയും ഇത്തരമൊരു സമ്മര്‍ദ്ദം സൃഷ്ടിക്കപ്പെടാം. നിനക്ക് ക്ഷമിച്ചുകൂടെ എന്ന് ആള്‍കൂട്ടം ചുറ്റും നിന്ന് ആവര്‍ത്തിക്കും. അഥവാ ഒരു ട്രോമയില്‍ നിന്ന് മറ്റൊന്നിലേക്ക്. ഒരിക്കലും സംഭവിക്കരുതെന്ന് കരുതുന്നതിന്റെ ആവര്‍ത്തിച്ചുള്ള ഓര്‍മ്മപ്പെടുത്തലും വിശദീകരണവും. എന്തൊരു അവസ്ഥയാണ്. നിങ്ങള്‍ക്കെല്ലാം അവന്റെ മുഖമാണെന്ന പ്രഖ്യാപനമാണ് ആട്ടത്തിന്റെ ശക്തമായ പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ്. അത് ചെന്ന് തറയ്ക്കുന്നത് നമ്മളിലേക്ക് തന്നെയാണ്.
ആ നിമിഷത്തില്‍ പ്രേക്ഷകനില്ല. എല്ലാവരും കഥാപാത്രങ്ങളാകുന്നു. നാടകത്തിന് മാത്രം സാധ്യമാകുന്ന കരുത്താണത്. പ്രമാദമായ ഒരു പെണ്‍വാണിഭ കേസില്‍ വിധി പറഞ്ഞ ജഡ്ജിയുടെ കമന്റ്, നടിയെ അക്രമിച്ച കേസില്‍ മുഖ്യ പ്രതിക്കായി ഉയരുന്ന ന്യാായവാദങ്ങള്‍, ഒടുവില്‍, നീ ആര് വെറുമൊരു പെണ്ണ് എന്നോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ എന്ന ഭാവത്തില്‍ വനിതാ റിപ്പോര്‍ട്ടറുടെ തോളില്‍ കൈവെക്കുന്ന സുരേഷ് ഗോപി അങ്ങനെ എത്ര എത്ര മുഖങ്ങള്‍. അവരോടൊക്കെയും നിനക്ക് കോമ്പ്രമൈസ് ചെയ്തുകൂടെ എന്ന ഈ ജനാധിപത്യ വിരുദ്ധ ചോദ്യം എത്രയോ വട്ടം ഉയര്‍ന്നിട്ടുണ്ട്.
മദ്യപാനമെന്ന പുരുഷ ആനുകൂല്യവും പെണ്‍കുറ്റവും
അവന് മദ്യ ലഹരിയില്‍ തോന്നിയ കൈയ്യബദ്ധം, നിന്റെ ഭാഗത്തും തെറ്റുണ്ട്, നീയും മദ്യപിച്ചിരുന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍. ഒരേ കാര്യം പുരുഷനും സ്ത്രീയ്ക്കും നല്‍കുന്ന വിപരീത ഫലങ്ങള്‍. പുരുഷന് മദ്യപാനം എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യവും അവകാശവുമാകുമ്പോള്‍ സ്ത്രീയ്ക്ക് മദ്യപാനം തന്നെ സദാചാര കുറ്റമാകുന്നു.
അടുത്തറിയുന്ന മനുഷ്യര്‍പോലും വസ്ത്രധാരണമെന്ന വ്യക്തി സ്വാതന്ത്ര്യത്തെ അശ്ലീലമായി വ്യാഖ്യാനിക്കുന്നു. പ്രണയം പോലും വലിയ കുറ്റകൃത്യമായി പരിണമിക്കുന്നു. പുരോഗമന കേരളമെന്ന അവകാശങ്ങള്‍ക്കിടയില്‍ നമ്മുടെ വീടുകളിലേക്ക് ഇറങ്ങിചെല്ലണം. അവിടെ ഇതുപോലെ നിരന്തരം സംശയിക്കപ്പെടുന്ന, ചോദ്യങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടി ജീവിതം മടുത്ത എത്രയോ സ്ത്രീകളെ കാണാം. സോഷ്യല്‍ മീഡിയയില്‍ നിലപാടുള്ള സ്ത്രീകള്‍ കേള്‍ക്കേണ്ടി വരുന്ന സ്ത്രീ വിരുദ്ധ കമന്റുകള്‍ മാത്രം മതി നമ്മള്‍ ജനാധിപത്യമെന്ന ജീവിത വ്യവസ്ഥയുടെ നാലയലത്ത് പോലും എത്തിയിട്ടില്ലെന്ന് ബോധ്യപ്പെടാന്‍.
അരങ്ങ്
ആട്ടത്തിന്റെ ബ്രില്യന്‍സ് അരങ്ങ് എന്ന നാടക സംഘത്തിലൂടെ കഥപറഞ്ഞത് തന്നെയാണ്. ലോകധര്‍മ്മി തിയേറ്ററിന്റെ പ്രധാന പ്രവര്‍ത്തകനായ ആനന്ദ് ഏകര്‍ഷിക്ക് അത്ര പരിചിതമാണ് ആ രംഗഭാഷ. മാത്രമല്ല തന്നോടൊപ്പമുള്ള നാടകപ്രവർത്തകരുടെ സിനിമ എന്ന സ്വപ്‌നത്തെയാണ് യാഥാര്‍ത്ഥ്യമാക്കിയതെന്ന് പല അഭിമുഖങ്ങളിലും പറയുന്നുമുണ്ട്.
തന്റെ നായക സ്ഥാനം തട്ടിയെടുത്തവനോടുള്ള പക, നായക വേഷം നിലനിര്‍ത്താനുള്ള പ്രലോഭനങ്ങള്‍, അങ്ങനെ അങ്ങനെ അരങ്ങ് തന്നെ അധികാരത്തിന്റെ സൂക്ഷ്മതലങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. മുഴുവന്‍ കഥാപാത്രങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കുന്ന സിനിമ അത്യപൂര്‍വ്വമാണ്. വിനയ് ഫോര്‍ട്ടിന്റെ വിനയ് എന്ന കഥാപാത്രവും കലാഭവന്‍ ഷാജോണിന്റെ ഹരിയും മറ്റ് നാടക കലാകാരന്‍മാരും മികച്ചുനിന്നു. ഒരു ഘട്ടത്തിലും അതി നാടകീയതയിലേക്ക് സിനിമ വഴുതിപ്പോയില്ല. ഷെറിന്‍ ഷിഹാബിന്റെ അഞ്ജലി മലയാള സിനിമ സമീപകാലത്തു കണ്ട മികച്ച കഥാപാത്രമായി. കഥാപാത്രത്തെ പോലെ കൃത്യമായിരുന്നു നിലപാടും അഭിനയവും. അവരില്‍ നിന്ന് മലയാള സിനിമയ്ക്ക് ഇനിയും ഏറെ പ്രതീക്ഷിക്കാം. സംഭാഷണ പ്രാധാന്യമുള്ള തിരക്കഥയ്ക്ക് അല്‍പ്പം അശ്രദ്ധമതി ബോറടിക്കാന്‍. എന്നാല്‍ അനിരുദ്ധ് അരവിന്ദിന്റെ കാമറ അതി സൂക്ഷ്മമായി കഥാപാത്രങ്ങളെ പകര്‍ത്തി. പശ്ചാത്തല സംഗീതവും ആട്ടത്തെ വേറിട്ട അനുഭവമാക്കി. പുരപ്പുറത്ത് ഒരു തേങ്ങ വീഴുന്ന ഒച്ചയുണ്ട്. നമ്മൊളൊന്ന് നടുങ്ങും, അതി ശ്രദ്ധയോടെ രംഗം വീക്ഷിക്കും. അതെ, ആട്ടം ആ ജാഗ്രതയിലേക്കാണ് കണ്ണുതുറക്കുന്നത്.
To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.