സൈഡ് കര്‍ട്ടന്‍: ഒരു പാര്‍ശ്വവീക്ഷണം
നാടക സംവിധായകനും രചയിതാവും നടനുമായ ജയപ്രകാശ് കാരിയാൽ തന്റെ നാടക പ്രവർത്തനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും എഴുതിയ പുസ്‌തകമാണ് ‘സൈഡ് കര്‍ട്ടന്‍’. നിരവധി കലാ പ്രവർത്തകരുടെ കൂട്ടായ്മയിലൂടെയാണ് ഈ പുസ്‌തകം പുറത്ത് വരുന്നത്. ഇതിന്റെ ആമുഖ കുറിപ്പാണ് ഈ ലേഖനം. പുസ്‌തകം ഉടൻ പ്രസിദ്ധീകരിക്കും.
‘ഒരു നാടക ക്യാമ്പിൽ നിന്ന് മറ്റൊരു ക്യാമ്പിലേക്ക്; ഒരുകൂട്ടം പുതിയ നടന്മാർ, പുതിയ സംഘാടകർ, പരിചയമില്ലാത്ത സ്ഥലങ്ങൾ … അങ്ങനെ പോവുകയായിരുന്നു എന്റെ എല്ലാ ദിവസങ്ങളും. എനിക്ക് നാടകത്തെപ്പറ്റി മാത്രമേ ചിന്തിക്കാനാവുന്നുള്ളു. അതിനു തന്നെ സമയം പോരാത്ത അവസ്ഥ. ജീവിതത്തിൽ മറ്റൊന്നും ശ്രദ്ധിക്കാനാകുന്നില്ല. വീട്ടിൽ വന്നാലും നാടക വായന തന്നെ. ഒരു ദിവസം രണ്ടും മൂന്നും നാടക ക്യാമ്പുകളിൽ വരെ പോകേണ്ടി വരുന്നു. ഏറ്റെടുത്ത നാടകങ്ങൾ ചെയ്തു തീർക്കാൻ സമയവും ദിവസവും പോരാതെ….” (പേജ് 44, സൈഡ് കർട്ടൻ)
ഗ്രന്ഥത്തിന്റെ ശീർഷകം പല നിലക്കും അന്വർഥം. സൈഡ് കർട്ടനു പിന്നിലെ ജനസംഖ്യ ചില്ലറക്കാരല്ല. അവരുടെ ദൗത്യവും അത്ര നിസ്സാരമല്ല. സൈഡ് കർട്ടന്റെ ഓരായത്തിലൂടെ പ്രേക്ഷകരുടെ പ്രതികരണം നിരീക്ഷിച്ചുകൊണ്ടിരുന്നപ്പോൾ ഉണ്ടായ ഒരനുഭവം കെ.ടി മുഹമ്മദ് പലപ്പോഴും ആവർത്തിക്കുന്നതു കേട്ടിട്ടുണ്ട്. രംഗഭേദങ്ങൾക്കനുസരിച്ച് സദസ്സ് ചിരിച്ചു മറിയുകയോ ശോകമൂകമാവുകയോ ചെയ്യുമ്പോഴൊന്നും ഭാവഭേദമില്ലാതെ അതിലൊരാൾ മാത്രം സ്റ്റേജിലേക്കു കണ്ണും നട്ട് ഒരേ ഇരുപ്പ്. നാടകം അവസാനിച്ചപ്പോൾ ട്രൂപ്പിലുള്ളവരോട് കെ.ടി ആ കാഴ്ച വിവരിച്ചു. എല്ലാവരും പരസ്പരം നോക്കി. ‘എന്താവാം കാരണം?’ അതിനിടക്ക്, നാടകകൃത്തിനെയോ സംവിധായകനെയോ ഒന്നു കാണാൻ പറ്റുമോ എന്നു ചോദിച്ച് ഒരാൾ സ്റ്റേജിനു പിന്നിലെത്തി. കണ്ട ഉടനെ കെ ടി ക്ക് ആളെ മനസ്സിലായി. ‘ഇത് എന്റെ കഥയാണ് സർ!’ അയാൾ പൊട്ടിക്കരഞ്ഞു.
സൈഡ് കർട്ടൻ, എന്തു തന്നെയായാലും, സൈഡ് കർട്ടൻ തന്നെയാണ്. ഗ്രന്ഥകർത്താവിനെ അടുത്തറിയാവുന്നവർക്ക് ശീർഷകത്തിന്റെ സ്വാരസ്യം അതുകൊണ്ട് ഒന്നുകൂടി ഏറുന്നു. ആ പ്രാതിനിധ്യത്തിന്റെ ഇരട്ടി മധുരത്തിൽ.
വലിയ ഒച്ചപ്പാടൊന്നുമില്ലാതെ മലയാള നാടകവേദിയെ നല്ലൊരളവ് മാറ്റിമറിച്ച ഒരു നാടകകാരന്റെ ആത്മകഥതന്നെയാണ് ഈ സൈഡ് കര്‍ട്ടന്‍. അച്ഛന്‍ കാരിയാല്‍ അച്യുതനെ പാവമണി വക്കീല്‍ വന്ന് പതിനെട്ടാം വയസ്സില്‍ രാഷ്ട്രീയത്തിലിറക്കിയതും ഫര്‍ണിച്ചര്‍ കട നടത്തുന്നതിനിടക്ക് കള്ളുഷാപ്പ് പിക്കറ്റിങ്ങിന് കൂട്ടിക്കൊണ്ടുപോയതും അങ്ങനെ കട അവതാളത്തിലായതും, അച്യുതന്‍ ഇരുപത്തിയെട്ടാം വയസ്സില്‍ കൗസല്യയെ വിവാഹം കഴിച്ചതും പിന്നീട് കീഴരിയൂര്‍ ബോംബു കേസില്‍ പ്രതിയായി ജയിലില്‍ പോയതും 1946 ഏപ്രില്‍ എട്ടിന് ആലിപ്പൂര്‍ ജയിലില്‍ നിന്ന് മോചിതനായി കുടുംബത്തിലെത്തിയതും, അക്കൊല്ലം ഡിസംബര്‍ 29ന് കൗസല്യയുടെ വയറ്റില്‍ നിന്ന് കഥാനായകന്‍ പുറത്തു ചാടിയതും, പൂര്‍വികര്‍ എഴുതിവെച്ച മരപ്പലകയില്‍ നിന്ന് അച്യുതന്‍ കടലാസിലേക്കു പകര്‍ത്തിയ താവഴിവെച്ച് തനിക്കു മുമ്പത്തെ എട്ടു തലമുറയുടെ വംശാവലി അവന്‍ അന്വേഷിച്ചു പിടിച്ചതും, വീട്ടില്‍ കോണ്‍ഗ്രസ് യോഗങ്ങള്‍ നടക്കാറുള്ള രാത്രികാലങ്ങളില്‍ അമ്മ ശഠിച്ചതിനാല്‍ ഇറങ്ങിപ്പോയി സെക്കന്‍ഡ് ഷോ കണ്ടും കുമാരന്‍ മേസ്തിരിയുടെ ടെയ്‌ലറിങ് ഷാപ്പിലൊക്കെ ചുറ്റിത്തിരിഞ്ഞും നട്ടപ്പാതിരക്ക് തിരിച്ചെത്തിയതും അചിരേണ കമ്യൂണിസ്റ്റ് സഹയാത്രികനായതും മറ്റും മറ്റും പ്രതിപാദിക്കുന്നതുകൊണ്ട് അല്ലേ അല്ല ഇതൊരു ആത്മകഥയാകുന്നത്. മറിച്ച്, അടുത്തിടപഴകുന്ന ഏവര്‍ക്കും ജെ.പി എന്ന സ്വന്തക്കാരനായിത്തീരുന്ന ജയപ്രകാശ് കാരിയാല്‍ എന്ന കഥാനായകന്‍, ജീവിതത്തില്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാന്‍ പോലും സമയം കിട്ടാത്തവിധം താന്‍ ആണ്ടുമുങ്ങിയ നാടകപ്രവര്‍ത്തനങ്ങളുടെ ദിനസരിയും, കളിച്ച ഓരോ കളിയെക്കുറിച്ചുമുള്ള നിരീക്ഷണങ്ങളും ഇതിനൊക്കെ ഇടക്കുള്ള മനോഗതങ്ങളും ലോകര്‍ക്കായി തുറന്നുവെക്കുന്നു എന്നതുകൊണ്ടാണ് ഇതൊരു ആത്മകഥയാകുന്നത്.
നാനൂറിനടുത്ത് വരുന്ന ഈ പേജുകളിലൂടെ ഒന്നു വെറുതെ കണ്ണുപായിച്ചാൽ പോലും, ഒരു പൂ വിരിയുന്നതുപോലെ അത്രമേൽ സ്വാഭാവികമായി, ഒരു മൂർത്ത യാഥാർഥ്യം പ്രത്യക്ഷമാകുന്നു: നാടകപ്രതിഭകളുടെ എത്രയെത്ര തലമുറകളെ കൊത്തിയെടുത്ത പെരുന്തച്ചനാണ് ഈ നിൽക്കുന്നത്!
യൂനിവേഴ്‌സൽ ആർട്‌സ്, അണിയറ, യൂക്ക്, ഐ.വൈ.എ, ആത്മ യു.പി സ്‌കൂൾ, നാട്ടിലുടനീളമുള്ള പിന്നെയും എത്രയോ വിദ്യാലയങ്ങൾ, കലാലയങ്ങൾ, കലാസമിതികൾ, അമേച്വർ പ്രൊഫഷണൽ നാടക ട്രൂപ്പുകൾ, സർവീസ് ട്രേഡ് യൂനിയൻവിദ്യാർഥിയുവജനവനിതാ സംഘടനകൾ, പാർട്ടി ഓഫീസുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, സെമിനാരികൾ എന്നിങ്ങനെ നാടക തല്പരരെ ആരെയും ജെ.പി നിരാശരാക്കുന്നില്ല. എന്നെ വിളിക്കുന്ന ആരുടെയും നാടകങ്ങൾ സംവിധാനം ചെയ്യാനും അവരെ സഹായിക്കാനും ഞാൻ പോവും (പേജ് 44). പുതിയ നാടകം, പുതിയ റിഹേഴ്‌സൽ ക്യാമ്പ്, പുതിയ നടീനടന്മാർ, പുതിയ സംഘാടകർ… എണ്ണിപ്പറഞ്ഞിട്ടുണ്ടല്ലൊ പ്രതിപത്തികൾ. പുതിയ നാടകം അവതരിപ്പിക്കുമ്പോൾ പുതിയ കാര്യങ്ങൾ പഠിക്കാനും അതിന്റെ രചയിതാക്കളെ പരിചയപ്പെടാനും അവരുമായി നാടക ആശയങ്ങൾ പങ്കുവെക്കാനും അവസരങ്ങൾ കിട്ടുന്നു (അതേ പേജ്). പുതുമ, മാറ്റം അതു തന്നെ കാരണം.
ചിത്രകല പഠിക്കാന്‍ കെ.പി ആന്റണി മാസ്റ്ററുടെ സ്‌കൂളിലെത്തിയപ്പോള്‍ കിട്ടിയ സുഹൃത്ത് കെ.ആര്‍ മോഹന്‍ദാസിന്റെ നാടകങ്ങളില്‍ രംഗസംവിധാനവും ലൈറ്റിങ്ങും ചെയ്തു തുടങ്ങിയ ആള്‍ പിന്നീട് നാടകത്തില്‍ കൈവെക്കാത്ത മേഖലയില്ല. പോയകാലത്തെ ഇതിഹാസ കർത്താക്കളുടെ മുതല്‍ വര്‍ത്തമാനകാലത്തെ ഇങ്ങേത്തലക്കാരുടെ വരെ രചനകള്‍ എടുത്തു പെരുമാറിയിട്ടുണ്ട്. നാടകകൃത്ത് എന്തു വിചാരിക്കുമെന്നു കരുതി വേദിയെ ബലികഴിക്കാന്‍ കൂട്ടാക്കിയിട്ടുമില്ല. പി.എം താജിനെക്കൊണ്ട് ആദ്യ സ്‌ക്രിപ്റ്റിൽ ഇല്ലാത്ത പത്തു മിനുട്ടോളം വരുന്ന പുതിയൊരു ഖണ്ഡം എഴുതി വാങ്ങി കുടുക്ക അഥവാ വിശക്കുന്നവന്റെ വേദാന്തം എന്ന നാടകത്തെ കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന നാടകമത്സരത്തിന്റെ വ്യവസ്ഥ പാലിച്ച് സമ്മാനം കരസ്ഥമാക്കാന്‍ മാത്രമല്ല മുമ്പത്തേക്കാള്‍ പുതിയൊരു വിതാനത്തിലേക്ക് ഉയര്‍ന്നു നില്‍ക്കാനും പര്യാപ്തമാക്കിയതുപോലുള്ള ഇടപെടലുകളാണ് ഇങ്ങനെ ഏറെയും ഉണ്ടായത്. ആദ്യമഭിനയിച്ചപ്പോള്‍ ദേഹത്തു പുരട്ടിയ കറുപ്പു ചായം മായ്ച്ചുകളയാന്‍ അനുഭവിച്ച പ്രയാസമോര്‍ത്ത് നാടകത്തിന്റെ രണ്ടാമത്തെ അവതരണത്തില്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചവരെ ചായക്കൂട്ടുകളില്ലാതെ നിഴലും വെളിച്ചവുംകൊണ്ട് ചമയിച്ചെടുത്ത് അഭിനേതാക്കളായി വേദിയില്‍ നിലനിര്‍ത്തിയത് കൂട്ടിപ്പിടുത്തത്തിന്റെ ദൃഷ്ടാന്തങ്ങളില്‍ ആയിരത്തിലൊന്ന്. ദേശീയ തലത്തിലടക്കമുള്ള അംഗീകാരങ്ങള്‍ (പേജ് 92) കാലാകാലം വാരിക്കൂട്ടിയതുപോലെ, പ്രധാനപ്പെട്ടൊരു മത്സരത്തിനു വേണ്ടി മെനക്കെട്ട് പഠിപ്പിച്ചെടുത്ത നാടകം അവസാന നിമിഷം സ്റ്റേജ് ചെയ്യാനാവാതെ പിന്‍വാങ്ങേണ്ടി വരികയും സമയവും ഊര്‍ജവുമെല്ലാം നന്നായി ചെലവഴിച്ച് സ്റ്റേജിലെത്തിച്ച നാടകം പരാജയപ്പെട്ടതില്‍ സന്തോഷിക്കേണ്ടി വരികയും ചെയ്ത വിചിത്രാനുഭവങ്ങളും ഓര്‍ക്കുമ്പോള്‍ ഇന്നു മധുരോദാരം.
ഏതെങ്കിലും വിധത്തില്‍ തനിക്ക് ചുമതലയുള്ള നാടകങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വേദി, സ്ഥലം, സമയം, തീയതി, കലാകാരന്മാരുടെയും മറ്റും പേരുകള്‍ എന്നിവയെല്ലാം കാരിയാല്‍ വംശാവലിയിലെ പൂര്‍വികരുടെ മരപ്പലകയാല്‍ പ്രചോദിതനായെന്നവിധം കൃത്യമായി രേഖപ്പെടുത്തിയ, 1960കള്‍ മുതല്‍ ഏറ്റവും പുതിയ വര്‍ഷം വരെയുള്ള ഡയറികളും, നാടകങ്ങളെക്കുറിച്ച് അപ്പപ്പോള്‍ കുറിച്ചുവെച്ച വിശകലനങ്ങളടങ്ങിയ ‘നോട്ടു’കെട്ടുകളും, അടുക്കിവെച്ച ബിറ്റ് നോട്ടീസുകളും പോസ്റ്ററുകളും പത്ര കട്ടിങ്ങുകളും പരതിയാണ് ജെ.പി യോടൊപ്പം സുലൈമാന്‍ കക്കോടിയും വിജയരാഘവന്‍ പനങ്ങാടും അരനൂറ്റാണ്ടിലേറെക്കാലത്തെ അനുഭവസാഗരം അനന്യമായൊരു സംസ്‌ക്കാരചരിത്രരേഖയായി ക്രോഡീകരിച്ചിട്ടുള്ളത്. തീര്‍ച്ചയായും, സഹദേവന്‍ മക്കടയെപ്പോലെ അണിയറയുടെ മറ്റു പരികര്‍മികള്‍ ആരുടെയൊക്കെക്കൂടി സഹായഹസ്തംകൊണ്ടാണ് പൂര്‍ത്തിയാക്കിയതെങ്കിലും അതിസഫലവും ഏറെ ഊര്‍ജസ്വലവുമായൊരു സര്‍ഗജന്മത്തിന്റെ പകര്‍പ്പെടുപ്പ് ഒരു ഭഗീരഥയത്‌നം തന്നെയായിരുന്നിരിക്കണം. സംസ്‌ക്കാരകേരളം ഈ ദൗത്യത്തില്‍ ഭാഗഭാക്കായ എല്ലാ സഹൃദയരോടും കടപ്പെട്ടിരിക്കും.
ഏതാണ്ട് എട്ടുകൊല്ലം മുമ്പ് കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടതനുസരിച്ച് താജിന്റെ തെരഞ്ഞെടുത്ത നാടകങ്ങളുടെ രണ്ടാം പതിപ്പിന് ഒരാമുഖപഠനം തയാറാക്കേണ്ടി വന്നപ്പോള്‍ ചില വിവരങ്ങള്‍ തേടി പുതിയറയിലെ വീട്ടില്‍ (പുതിയറയുടെ പുരാവൃത്തവും സൈഡ് കര്‍ട്ടന്‍ പ്രതിപാദിക്കുന്നുണ്ട്) ചെന്നപ്പോഴാണ് ജെ.പി യിലെ ചിത്രകാരനെയും, ഈ കലാകാരന്റെ അനുഭവങ്ങളുടെ ആഴവും പരപ്പും ദിങ്മാത്രമായെങ്കിലും എനിക്കു കാണാനായത്. എത്രയോ പേര്‍ക്ക് ഉപകരിച്ചേക്കാവുന്ന ഈ ദിനസരികളും അനുഭവനിരീക്ഷണക്കുറിപ്പുകളും പുസ്തകമാക്കിക്കൂടേ, വേണമെങ്കില്‍ ഞാനും സഹായത്തിനു കൂടാം എന്നെങ്ങാനും പറഞ്ഞു തുടങ്ങിയപ്പോഴേക്കും ആവശ്യക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വരാം; കൊടുക്കാന്‍ താന്‍ തയാറാണല്ലൊ എന്നും പറഞ്ഞ് ആള്‍ തെന്നിക്കളഞ്ഞതായാണ് ഓര്‍മ. പ്രസിദ്ധീകരണത്തോടും പ്രസിദ്ധിയോടും ഒരു വിപ്രതിപത്തി പ്രകടിപ്പിക്കപ്പെട്ടിരുന്നു എന്നതില്‍ സംശയമില്ല. അണിയറയുടെ സാരഥികളും ചിരകാല സുഹൃത്തുക്കളുമായ പോള്‍ കല്ലാനോടും കെ.ആര്‍ മോഹന്‍ദാസും, ഈ ഗ്രന്ഥം യാഥാര്‍ഥ്യമാക്കുന്നതില്‍ ബൗദ്ധികമായി മാത്രമല്ല കായികമായും ഏറെ അധ്വാനിച്ചിട്ടുള്ള വിജയരാഘവന്‍ പനങ്ങാടും സുലൈമാന്‍ കക്കോടിയും മറ്റു സുഹൃത്തുകളും ഇപ്പോള്‍ കൈവരിച്ചത് അസൂയാവഹവും അഭിമാനകരവുമായ നേട്ടം തന്നെ.
ഞാന്‍ സംവിധാനം ചെയ്ത നാടകങ്ങള്‍, അവയുടെ രചയിതാക്കള്‍, അവയിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുത്ത നടീനടന്മാര്‍, പിന്നണിയില്‍ പ്രവര്‍ത്തിച്ച കലാകാരന്മാര്‍, കലാസമിതി പ്രവര്‍ത്തകര്‍…. അവരിലൂടെ ഒരു കാലഘട്ടത്തെ ഓര്‍ത്തെടുക്കുകയാണ് ഞാനീ പുസ്തകത്തില്‍ സൈഡ് കര്‍ട്ടന്റെ തുടക്കത്തില്‍ (പേജ് 3) തന്നെ ജെ.പി വ്യക്തമാക്കുന്നുണ്ട്.
നാടകം കളിക്കാനും കളിപ്പിക്കാനും ജെ.പിയും സുഹൃത്തുക്കളും ബസ്സിലും ട്രെയിനിലും തോണിയിലും ലോറിയിലും മറ്റു നാനാ വിധേനയും സഞ്ചരിച്ച പ്രദേശങ്ങളും അന്നു കണ്ട മനുഷ്യരും അവരുടെ കഥ തന്നെയും എത്ര മാറി. എന്നാല്‍, വിസ്മൃതിയിലാണ്ടുപോയ എത്രയോ കലാകാരന്മാരും കലാകാരികളും അവര്‍ അനശ്വരരാക്കിയ കഥാപാത്രങ്ങളും ആ കാലം തന്നെയും അവിശ്വസനീയ വിസ്മയങ്ങളായി ഇവിടെ പുനര്‍ജനിക്കുന്നു. നാടകരംഗത്തെ പ്രവര്‍ത്തനങ്ങളുടെ അര്‍ധശതകം പിന്നിട്ടവേളയില്‍ അണിയറ അതേ പേരില്‍ രണ്ടു വാള്യങ്ങളിലായി പുറത്തിറക്കിയ അനുഭവസമാഹാരത്തില്‍ പെടാതെപോയ വ്യക്തികളും കഥാപാത്രങ്ങളും കഥകളും സ്മൃതികളും അവതരണങ്ങളും സാക്ഷാല്‍ക്കാരങ്ങളും സൈഡ് കര്‍ട്ടനില്‍ സ്ഥാനം പിടിക്കുന്നുണ്ട്. ഇങ്ങനെയൊരു പൂരകധര്‍മം, അണിയറയെ കൊണ്ടുനടക്കാന്‍ ഒരനുചരനെപ്പോലെ ഇന്നും കെ.ആര്‍ മോഹന്‍ദാസിനൊപ്പമുള്ള ജെ.പി മനസാ നിരൂപിച്ചുമിരിക്കണം. അതെന്തായാലും, ഒരു ബൃഹദ് അണിയറയായിക്കൂടി ഈ പാര്‍ശ്വ യവനികയുടെ വിശാല ക്യാന്‍വാസ് സഹൃദയര്‍ക്ക് അനുഭവവേദ്യമാകും.
മഹാരഥന്മാരുടെ പോലും രചനകൾ കൈയാളുകയും പലരുമായും മൽപ്പിടുത്തം നടത്തി അവയെ വേദീസൗഹൃദമാക്കി വിജയം കൊയ്യുകയും ചെയ്ത നാടകകാരൻ സ്വയം രചിച്ച മൂന്നു ഹ്രസ്വ നാടകങ്ങളും ഈ ഗ്രന്ഥത്തിലുണ്ട്. നാട്ടിന്റെ മുക്കിലും മൂലയിലും നാടക പ്രവർത്തകരും രചയിതാക്കളും നാടകാവതരണങ്ങളും ഉണ്ടെങ്കിലും കൺ മുന്നിലെ പല അതിക്രമങ്ങളും അനീതികളും ഈ കലയ്ക്ക് അന്യമായി അവശേഷിക്കുന്നു എന്ന ആശങ്കയാവണം അവതരണത്തിന്റെ പ്രായേണ സാങ്കേതികബദ്ധമായ മേഖലയിൽനിന്നു അല്പം മാറി ഇത്തരം രചനയ്ക്കു സമയം കാണാൻ ഈ കലാകാരനെ പ്രേരിപ്പിച്ചതെന്നു തോന്നുന്നു. നാടകത്തിന്റെ പ്രതിപാദ്യം ഇന്നും നമ്മുടെ മറ്റേതു കലകളുടെ കാര്യത്തിലുമെന്നപോലെ ജീവിതത്തിൽ നിന്നല്ല കലാസൃഷ്ടികളിൽ നിന്നാണ് നാം തേടുന്നതെന്ന സങ്കടകരമായ അവസ്ഥയിലേക്കാണിവിടെ ശ്രദ്ധ ക്ഷണിക്കപ്പെടുന്നത്. എനിക്കു നല്ല സിനിമ പോലെയല്ല നമ്മുടെ ജീവിതം പോലുള്ള സിനിമയെടുക്കണം എന്നു പറഞ്ഞ ചലച്ചിത്രകാരനെ ഓർമിപ്പിക്കുന്നുണ്ട് ജെ.പി യുടെ ഈ പ്രവൃത്തി.
മലയാള നാടകത്തിന് തങ്ങളുടേതായ സംഭാവനകള്‍ നല്‍കി കടന്നു പോയവരെ ഇനി വരും തലമുറകളും ക്രിയാത്മകമായി സ്മരിക്കാനൊരു നിമിത്തമാകുന്നു എന്ന ചാരിതാര്‍ഥ്യമോ അര്‍ഹിക്കുംവിധം അവരെ അടയാളപ്പെടുത്തുന്നു എന്ന കൃതാര്‍ഥതയോ ഒട്ടും നിസ്സാരമല്ല. സാംസ്ക്കാരികമായി എത്രയും അര്‍ഥവത്തായ ദൗത്യം തന്നെയാണത്. എന്തുതന്നെയായാലും ജീവിച്ചിരിക്കുന്നവര്‍ക്ക് അതൊരു പ്രചോദനമാണ്.എന്നാല്‍ അതിനേക്കാള്‍ ഏറെ സാംസ്ക്കാരികപ്രധാനമാണ്, പിന്‍തലമുറയിലെ നാടകകലാ പ്രവര്‍ത്തകര്‍ക്ക്, ഒരുവേള മറ്റേതു ജൈവകലാപ്രവര്‍ത്തകര്‍ക്കും, തങ്ങളുടെ സര്‍ഗാന്വേഷണത്തിന്റെ പാതയില്‍ തെളിച്ചവും വെളിച്ചവുമായേക്കാവുന്ന സമഗ്രമായൊരു സംസ്‌ക്കാരഡോക്യുമെന്റ്, ഒരു പോയന്റ് ഓഫ് റഫറന്‍സ് എന്നീ നിലകളിലുള്ള ഈ സാക്ഷാല്‍ക്കാരം. നാടക ഗവേഷകരുടെയും വിദ്യാര്‍ഥികളുടെയും തലമുറകള്‍ക്ക് ആയിരമായിരം ഉള്ളറകളുള്ള ജെ.പി യുടെ സൈഡ് കര്‍ട്ടന്‍ എന്നും ഒരക്ഷയഖനിയായി ഉപകാരപ്പെടുമെന്നതില്‍ തര്‍ക്കമില്ല.
ആവിഷ്‌ക്കാരങ്ങളുടെ പുതിയ ഉന്നതങ്ങള്‍ തേടുന്നതിന് നവപ്രതിഭകളെ പ്രചോദിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യാന്‍ പോന്ന നൂറു നൂറ് ലബ്ധികള്‍ സ്വായത്തമാക്കിയാണ് പുതിയ പുതിയ പരീക്ഷണങ്ങളും ആവിഷ്‌ക്കാരങ്ങളും 1960കളുടെ രണ്ടാം പാതി മുതലുള്ള സര്‍ഗ സപര്യയില്‍ ജയപ്രകാശ് കാരിയാല്‍ നിര്‍വഹിച്ചുപോന്നത്. കളിച്ചുതെളിഞ്ഞ നാടകങ്ങളുമായി വേദികള്‍ കയറിയിറങ്ങാനല്ല, പുതിയ വെല്ലുവിളികള്‍ ഏറ്റെടുത്ത് പുതിയ നടീനടന്മാരുമായി പുതിയ വിതാനങ്ങള്‍ കീഴടക്കാനാണ് എപ്പോഴും ഔത്സുക്യം. “എന്റെ ഓരോ നാടകാവതരണവും ഓരോ പരീക്ഷണമായിരുന്നു. ചിലത് വിജയിക്കും; ചിലത് പരാജയപ്പെടും. അതൊന്നും എന്നെ വിഷമിപ്പിക്കാറില്ല. ഒരവതരണവും ചെറുതായി കാണാറില്ല” (പേജ് 12). തെരഞ്ഞെടുപ്പു പ്രചാരവേലയുടെ ഭാഗമായുള്ള തെരുവുനാടകമെന്നോ അയ്യപ്പപ്പണിക്കരുടെ കവിതയുടെ ദൃശ്യാവിഷ്‌ക്കാരമെന്നോ അക്കാദമി മത്സരത്തിനുള്ള സങ്കേതജടിലമായ പടപ്പെന്നോ തെയ്യവും തിറയും പോലുള്ള നാടന്‍ കലാവതരണമെന്നോ വിവേചനമില്ല. പ്രതിബദ്ധത നൂറു ശതമാനം തന്നെയാണ്.
പരമ്പരാഗത അനുഭവാഖ്യാനങ്ങള്‍ പകരുന്ന കേവലമായ വായനാസുഖത്തിന്റെ അഭാവം ഈ ഗ്രന്ഥത്തിന് ഒരലങ്കാരമെന്നേ കണക്കാക്കേണ്ടതുള്ളു. പ്രാഥമികമായും ഇതൊരു ഡോക്യുമെന്റാണ്. വായനാസുഖം വന്നു പോയിട്ടുണ്ടെങ്കില്‍ അത്, ഗ്രന്ഥകാരനെ സംബന്ധിച്ചിടത്തോളം, യാദൃച്ഛികമാണ്. പരാമൃഷ്ടമാകുന്നത് ആത്യന്തികമായി പാവം മനുഷ്യനും ഈ ലോകത്തിലെ അവന്റെ പെടാപ്പാടുകളുമാണ് എന്നതുകൊണ്ട് വന്നുഭവിക്കുന്നത്.
(പ്രശസ്ത നാടകകാരൻ ജയപ്രകാശ് കാരിയാലിന്റെ നാടകാത്മകഥയ്ക്ക് എഴുതിയ ആമുഖ ലേഖനം)