ജനകീയാസൂത്രണപ്രസ്ഥാനം ആരംഭിച്ചപ്പോഴാണ് ഔദ്യോഗികമായി സ്ത്രീകളുടെ വികസനത്തെ ഒരു കേന്ദ്ര പ്രമേയമായി ആസൂത്രണത്തിലും വാർഷിക പദ്ധതികളിലും ഉൾപ്പെടുത്താനുള്ള ഗൗരവമായ ശ്രമങ്ങൾ ഉണ്ടാകുന്നത്. ലിംഗനീതി സമീപനം ഉൾച്ചേർന്നിട്ടുള്ള വികസനം എന്ന കാഴ്ചപ്പാട് ക്രമേണ അംഗീകാരം നേടി. പ്രധാനമായും പ്രാദേശിക വികസനത്തിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ വഴിയായിരുന്നു ആദ്യ ശ്രമങ്ങൾ. എന്നാൽ അതോടൊപ്പം സംസ്ഥാനത്തിന്റെ വാർഷിക പദ്ധതിയിലെ മുൻഗണനകളിലും സ്ത്രീകളുടെ വികസനത്തിന് പ്രാധാന്യം ലഭിച്ചു തുടങ്ങി. വികസന പദ്ധതികളിൽ സ്ത്രീപക്ഷ വികസന സമീപനങ്ങൾ ഉൾച്ചേർക്കുന്നതിനായി ഉപയോഗിക്കുന്ന പലവിധ രീതികൾ ഉണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് ജൻഡർ ബജെറ്റിങ്. ബജറ്റ് രൂപീകരണ പ്രക്രിയയിൽ സ്ത്രീകൾക്കായുള്ള പ്രത്യേക പദ്ധതികളും നയപരിപാടികളും ഉൾപ്പെടുത്തിയും നിലവിലുള്ള പദ്ധതികളിൽ സ്ത്രീകളായ ഗുണഭോക്താക്കളുടെ എണ്ണം വർധിപ്പിച്ചും നൂതനമായ മേഖലകൾ കണ്ടെത്തിയുമൊക്കെയാണ് ഇത് പ്രാവർത്തികമാക്കുന്നത്. 11 -ആം പഞ്ചവത്സര പദ്ധതി കാലത്താണ് ലിംഗപദവി മുഖ്യധാരാവൽക്കരണം പ്രധാന സമീപനമായി സംസ്ഥാനതല ആസൂത്രണ വികസനത്തിൽ സ്വീകരിക്കുകയും ജൻഡർ ബജറ്റിന് തുടക്കം കുറിക്കുകയും ചെയ്യുന്നത്. എന്നാൽ കൃത്യമായി ഒരു ജൻഡർ ബജറ്റ് രേഖ, വാർഷിക ബജറ്റിനൊപ്പം അവതരിപ്പിക്കാൻ ആരംഭിച്ചതും ആസൂത്രണത്തിന്റെ അവിഭാജ്യ ഘടകമായി അംഗീകരിക്കപ്പെട്ടതും ഇക്കാലത്താണ്. 2017 -18 മുതൽ എല്ലാവർഷവും ജൻഡർ ബജറ്റ് അവതരിപ്പിക്കപ്പെടുന്നു. 2017 -18 ൽ മൊത്തം പദ്ധതിയുടെ 11 .4% ആയിരുന്നു ജൻഡർ ബജറ്റ് എങ്കിൽ അത് ക്രമേണ ഉയർന്ന 2021 -22 ൽ 19.54 ശതമാനമായി. ഇത്, ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച 2022 -23 ലെ ബജറ്റിൽ 20.90 ശതമാനമായി വർധിച്ചിരിക്കുന്നു. ഈയൊരു പശ്ചാത്തലം വിശദമായി പ്രതിപാദിച്ചത് കേരളവികസനത്തിൽ ലിംഗനീതി ഉത്തരവാദിത്ത സമീപനത്തിനുള്ള പ്രാധാന്യവും, അത് ഉണ്ടായിവന്ന ചരിത്രവും സൂചിപ്പിക്കുവാനും ഇതൊരു തുടർ പ്രക്രിയ ആണെന്ന് ചൂണ്ടിക്കാട്ടാനുമാണ്.
2022 -23 ലെ ബജറ്റ് അതിന്റെ പൊതു സമീപനത്തിൽ സാമൂഹ്യ സുരക്ഷക്കും, സാമ്പത്തിക വളർച്ചക്കും, വിദ്യാഭ്യാസത്തിനും, നൈപുണികൾ വളർത്താനും മുൻഗണന നൽകുന്നു എന്ന് സാമാന്യമായി പറയാം. മഹാമാരി സൃഷ്ടിച്ച സാമൂഹ്യ – സാമ്പത്തിക പ്രതിസന്ധിയും കേന്ദ്ര -സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലെ മാറ്റങ്ങൾ മൂലമുള്ള തിരിച്ചടികളും നിലനിൽക്കുമ്പോഴും സമൂഹത്തിനു പ്രതീക്ഷ നൽകാനും സമ്പദ്ഘടനക്കു ചലനം ഉണ്ടാക്കാനും ശ്രമിക്കുന്ന സമീപനമാണ്. സാമൂഹ്യ സുരക്ഷ, കൃഷി – മൃഗസംരക്ഷണം – സഹകരണമേഖലകൾ, വ്യവസായം, വിദ്യാഭ്യാസവും (ഉന്നത വിദ്യാഭ്യാസമുൾപ്പടെ) നൈപുണി വികസനവും, പ്രാദേശിക വികസനം, ലിംഗനീതി എന്നിവയിൽ ഊന്നൽ നൽകിയിട്ടുണ്ട്. എല്ലാ മേഖലകളിലും സ്ത്രീകൾക്ക് വേണ്ടിയുള്ള പ്രത്യേക പദ്ധതികളും പൊതു പദ്ധതികളിൽ സ്ത്രീകൾക്കുള്ള പ്രത്യേക പരിഗണനകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മിക്കവാറും എല്ലാ വകുപ്പുകളും സ്ത്രീകൾക്കായുള്ള പദ്ധതികൾ രൂപപ്പെടുത്തിയിരിക്കുന്നു എന്നത് ജൻഡർ ബജറ്റിന്റെ വിജയമായി കാണാം. സാമ്പ്രദായികമായി സ്ത്രീകളെ ഗുണഭോക്താക്കളായി പരിഗണിക്കുന്ന ആരോഗ്യം, വിദ്യാഭ്യാസം, വനിതാ-ശിശുക്ഷേമം എന്നീ മേഖലകൾ കൂടാതെ തികച്ചും വ്യത്യസ്തമായ മേഖലകളായ പശ്ചാത്തല വികസനവും ഗതാഗതവുമെല്ലാം സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകുന്നു.
കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുക, പുതിയ ശാസ്ത്ര -സാങ്കേതിക വിദ്യകളിൽ അധിഷ്ഠിതമായ ഗവേഷണവും തൊഴിൽ മേഖലയും വികസിപ്പിക്കുക എന്നിവയാണ് ഈ ബജറ്റ് പ്രാധാന്യം കൊടുക്കുന്ന മറ്റ് സംഗതികൾ. ഈ മേഖലകളിൽ വരുന്ന എല്ലാ പുതിയ മാറ്റങ്ങളിലും സ്ത്രീകൾ പ്രധാന പങ്കാളികളായിരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു. കാരണം, വിദ്യാഭ്യാസ മേഖലയിൽ കേരളത്തിലെ സ്ത്രീകൾ ആർജിച്ച പുരോഗതി പ്രയോജനപ്പെടുത്താൻ കഴിയുന്നൊരു വലിയ തൊഴിൽ -ഗവേഷണ രംഗമാണ് ഇവിടെ ഉണ്ടായി വരുന്നത്. അഭ്യസ്ത വിദ്യരായ സ്ത്രീകൾക്കിടയിൽ ഉയർന്ന തൊഴിലില്ലായ്മയാണ് കുറച്ചു കാലമായി കേരളം നേരിടുന്ന ഒരു പ്രശനം. ഇതിനു തൊഴിലുകൾ ലഭ്യമല്ലാത്തതും, സ്ത്രീകൾ അനുഭവിക്കുന്ന സാമൂഹ്യ നിയന്ത്രണങ്ങളും, സമൂഹത്തിന്റെ യാഥാസ്ഥിതിക ബോധവും എല്ലാം കാരണങ്ങളാണ്. ഗാർഹിക ഉത്തരവാദിത്വങ്ങൾക്കു ലഭിക്കുന്ന മുൻഗണനകൾ വിഹാഹശേഷം ജോലി തേടലും ജോലി ചെയ്യലും പ്രയാസകരമാക്കുന്നു. കൂടുതൽ ജോലികൾ സൃഷ്ടിക്കപ്പെടുന്നതും, ‘വർക് നിയർ ഹോം’ പോലുള്ള പുതിയ രീതികളും കൂടുതൽ സ്ത്രീകൾക്ക് പ്രയോജനകരമാകും. സ്ത്രീ വികസനത്തിൽ പരമ്പരാഗത തൊഴിൽ മേഖലക്കും അസംഘടിത മേഖലക്കും മറ്റു ക്ഷേമ മേഖലകൾക്കും കുടുംബശ്രീക്കും ഒക്കെയുള്ള പ്രോത്സാഹനങ്ങൾ തുടരുന്നതിനൊപ്പം വിഞ്ജാന സമ്പദ്ഘടനയിലേക്കു സ്ത്രീകളെ ഉൾച്ചേർക്കുന്ന ഈ നയപരിപാടികൾ ലിംഗനീതി വികസനത്തിന്റെ പുതിയ ദിശാസൂചികയാണ്. അതുപോലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുക എന്നത് ഏറ്റവും പ്രധാനമായ ഒരു ഉത്തരവാദിത്വമായി തുടരുന്നു. അതോടൊപ്പം സ്ത്രീകളെ പൊതുവിടങ്ങളിലേക്കും വിനോദ – കായിക മേഖലകളിലേക്കും കൂടുതലായി കൊണ്ടുവരാനുള്ള മുഖ്യധാരാവൽക്കരണവും അതിനെ സഹായിക്കുന്ന സ്ത്രീ സൗഹൃദ പശ്ചാത്തല വികസനവും കൂടുതൽ വകയിരുത്തലിലൂടെ അംഗീകാരം നേടിയിട്ടുണ്ട്. പൊതുവിടങ്ങളും പൊതു ഗതാഗത സംവിധാനങ്ങളും സ്ത്രീകൾക്ക് സുരക്ഷിതമാക്കാനുള്ള പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.
ഇത്തരത്തിൽ പുതിയ ദിശകൾ തേടുന്ന ലിംഗനീതി വികസനത്തിന്റെ രേഖകൾ ഈ ബജറ്റിൽ കാണാം.