A Unique Multilingual Media Platform

The AIDEM

Articles Cinema

ഡോക്യുമെൻററി ഫെസ്റ്റിവൽ ; പ്രശ്നങ്ങൾ ഇപ്പോഴും ബാക്കി

  • September 1, 2022
  • 1 min read
ഡോക്യുമെൻററി ഫെസ്റ്റിവൽ ; പ്രശ്നങ്ങൾ ഇപ്പോഴും ബാക്കി

IDSFFK ഇന്നലെ അവസാനിച്ചു. അവാർഡ്‌ ജേതാക്കൾക്കും ഒഫീഷ്യൽ സെലക്ഷൻ ലഭിച്ച സിനിമകളുടെ സംവിധായകർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. അവാർഡ് ലഭിച്ച സിനിമകളുടെ പട്ടികയിൽ സുഹൃത്തും മേഘാലയയിൽ നിന്നുള്ള ചലച്ചിത്രകാരനുമായ പ്രദീപ് കുർബ Pradipp Kurbah യുടെ ‘Path’ എന്ന സിനിമ കൂടി ഉൾപ്പെട്ടിട്ടുണ്ട് എന്നതിലുള്ള വ്യക്തിപരമായ സന്തോഷം കൂടി പങ്കു വെക്കുന്നു.

IDSFFK യുടെ നിലവിലെ പോരായ്മകളെ കുറിച്ച് ഞാൻ FB യിലും അതിനെ അല്പം കൂടി വിപുലീകരിച്ച് പിന്നീട് The AIDEM ത്തിലും എഴുതിയിട്ട വിമർശന കുറിപ്പ് കുറച്ചു പേരെങ്കിലും വായിക്കുകയും അക്കാദമി തലത്തിൽ തന്നെ ചർച്ചയാവുകയും ചെയ്തു എന്നത് IDSFFK യിൽ കണ്ട പലരുമായും സംസാരിച്ചതിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞു. എൻ്റെ കുറിപ്പിന് ഒരു മറുപടിയെന്നോണം ഫിലിം സൊസൈറ്റി പ്രവർത്തകനായ രൂപേഷ് ചന്ദ്രൻ Rupesh Chandran എഴുതിയ ഒരു കുറിപ്പ് The AIDEM ത്തിൽ തന്നെ കണ്ടിരുന്നു. ഞാൻ ഉയർത്തിയ വിഷയത്തെയും വിമർശനങ്ങളെയും ആരോഗ്യപരമായ ഒരു സംവാദമായി മുന്നോട്ടു കൊണ്ടു പോകാൻ The AIDEM തയ്യാറായി എന്നതിലും സന്തോഷം. മുൻപ് എഴുതിയ കുറിപ്പിലെ കാര്യങ്ങൾ അല്പം കൂടി വ്യക്തതക്കു വേണ്ടി അക്കമിട്ട് എഴുതുന്നു.

1. മലയാളത്തിൽ നിന്ന് പേരിനു പോലും ഒരു ലോങ്ങ് ഡോക്യുമെൻററിയോ ഷോർട്ട് ഡോക്യുമെൻററിയോ കോംപിറ്റേഷൻ വിഭാഗത്തിൽ ഇല്ലാതെ പോയ ഒരു ഫിലിം ഫെസ്റ്റിവൽ ആണ് കടന്നു പോയത്. അതേ സമയം , മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവ ഉൾപ്പെടെ ഉള്ള പ്രധാനപ്പെട്ട കുറെ സിനിമകൾ ഫസ്റ്റിവലിൽ വച്ച് കാണാനും കഴിഞ്ഞു. രാജ്യാന്തര ഡോക്യുമെൻററി ചലച്ചിത്ര മേള പതിനാലാം വർഷത്തിലേക്ക് കടക്കുമ്പോൾ , മലയാളത്തിൽ നിന്ന് നിലവാരമുള്ള ഒരു ഡോക്യുമെൻററി സിനിമ പോലും സംഭവിക്കാത്ത വിധം കേരളത്തിൻ്റെ ഡോക്യുമെൻററി സിനിമ രംഗം ശുഷ്കമായിട്ടുണ്ടെങ്കിൽ അതിൻ്റെ കാരണം എന്തായിരിക്കും.. ?

2. കേരളത്തിൽ ഫിക്ഷൻ മേഖലയിൽ കഴിഞ്ഞ കുറെ വർഷങ്ങളിൽ സംഭവിച്ച , കലാപരമായും രാജ്യാന്തര തലത്തിലും ശ്രദ്ധിക്കപ്പെട്ട സിനിമകളുടെ സംവിധായകരിൽ പലരും , മറ്റ് പല പരിമിതികളും പരാതികളും നില നിൽക്കുമ്പോഴും , തങ്ങളെ സ്വാധീനിച്ച പ്രധാനപ്പെട്ട ഒരിടമായി IFFK യെ പറ്റി ഇൻ്റർവ്യുകളിലും ലേഖനങ്ങളിലും പറയുന്നത് കേൾക്കുകയും വായിക്കുകയും ചെയ്യാറുണ്ട്. ആ നിലക്ക് , മലയാളത്തിലെ ഫിക്ഷൻ സിനിമകളെയും സംവിധായകരെയും കലാപരമായും മാധ്യമപരമായും സ്വാധീനിക്കാൻ IFFK ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് വേണം വിലയിരുത്താൻ. എന്നാൽ , IDSFFK തുടങ്ങി പതിനാലു വർഷം പിന്നിടുമ്പോഴും , രാജ്യാന്തര തലത്തിൽ പോയിട്ട് ഇന്ത്യയിലെങ്കിലും, ചുരുങ്ങിയ പക്ഷം സംസ്ഥാനത്തിനകത്തെങ്കിലും , ചർച്ച ചെയ്യപ്പെട്ട എത്ര ഡോക്യുമെൻററി സിനിമകൾ മലയാളത്തിൽ നിന്ന് ഉണ്ടായിട്ടുണ്ട് ? മലയാളത്തിൽ എത്രത്തോളം ഡോക്യുമെൻററി സംവിധായകരെ സംഭാവന ചെയ്യാൻ IDSFFK ക്ക് കഴിഞ്ഞിട്ടുണ്ട് ? മലയാളത്തിലുണ്ടാകുന്ന ഡോക്യുമെൻററി സിനിമകളുടെ ഭാവുകത്വത്തെയോ കലാനുഭവങ്ങളെയോ മാധ്യമരീതികളെയോ ഏതെങ്കിലും തരത്തിൽ സ്വാധീനിക്കാൻ IDSFFK ക്ക് കഴിയുന്നുണ്ടോ / കഴിഞ്ഞിട്ടുണ്ടോ..?

3. IDSFFK യിൽ പ്രദർശിപ്പിക്കപ്പെടുന്ന ഡോക്യുമെൻ്ററി സിനിമകൾക്ക് പിന്നീട് എന്താണ് സംഭവിക്കുന്നത് ? അവ ഫിലിം മേക്കറുടെ കയ്യിൽ അല്ലാതെ എവിടെയെങ്കിലും ആർക്കേവ് ചെയ്യപ്പെടുന്നുണ്ടോ ..? ആ സിനിമകൾ ഒരിക്കൽ കൂടി കാണണം എന്നുണ്ടെങ്കിൽ പ്രേക്ഷകർ എന്താണ് ചെയ്യേണ്ടത്..? ഇതു വരെ ആർക്കേവ് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ , അത്തരം നടപടികളിലേക്ക് കടക്കാനുള്ള എന്തെങ്കിലും ശ്രമങ്ങളെങ്കിലും ഉണ്ടാകുന്നുണ്ടോ.. ?

4. IDSFFK യിൽ തെരഞ്ഞെടുക്കപ്പെടുകയോ ശ്രദ്ധിക്കപ്പെടുകയോ അവാർഡ് ലഭിക്കുകയോ ചെയ്ത സിനിമകളെങ്കിലും എന്തു കൊണ്ടാണ് അക്കാദമി തന്നെ സംഘടിപ്പിക്കുന്ന പ്രാദേശിക ഫിലിം ഫസ്റ്റിവലുകളിൽ പോലും പിന്നീട് ഉൾപ്പെടുത്താത്തത്.. ? സിനിമ എന്നാൽ ഫിക്ഷൻ സിനിമകൾ മാത്രമാണ് എന്ന പൊതുബോധത്തെ തിരുത്താനുള്ള ശ്രമം പോലും ഉണ്ടാകാത്തത്..? കഴിഞ്ഞ വർഷം എറണാകുളത്ത് അക്കാദമി സംഘടിപ്പിച്ച റീജണൽ ചലച്ചിത്ര മേളയിലോ കോഴിക്കോട് നടന്ന വനിതാ ചലച്ചിത്രമേളയിലോ IDSFFK സിനിമകൾക്ക് എന്തെങ്കിലും പ്രാതിനിധ്യം നൽകിയിരുന്നോ.. ?

5. മലയാളം ഡോക്യുമെൻററി സിനിമകൾ എന്നൊരു വിഭാഗം IDSFFK യിൽ ഉണ്ട് എന്നത് അഭിനന്ദനാർഹമായ കാര്യമാണ്. എന്നാൽ ഇതൊരു പ്രദർശന വിഭാഗം മാത്രമാണ് , മത്സര വിഭാഗമല്ല. മലയാളം ഡോക്യുമെൻററി വിഭാഗത്തെ മത്സര വിഭാഗമാക്കി പരിഗണിക്കുകയും , മികച്ച മലയാളം ഡോക്യുമെൻററി സിനിമക്ക് ചുരുങ്ങിയത് 20,000 രൂപയുടെയും രണ്ടാമത്തെ മികച്ച മലയാളം ഡോക്യുമെൻററി സിനിമക്ക് 10,000 രൂപയുടെയും ഒരു അവാർഡ് തുക മാറ്റി വക്കുകയും ചെയ്താൽ കുറച്ച് മലയാള സിനിമകൾക്കെങ്കിലും അതൊരു അംഗീകാരവും പ്രോത്സാഹനവും ചെറിയൊരു സാമ്പത്തിക സഹായവും ആവില്ലേ … ?

6. International Film Festival എന്നാണ് പേര് എങ്കിലും എന്തുകൊണ്ടാണ് IFFK മാതൃകയിൽ അന്താരാഷ്ട്ര മത്സര വിഭാഗം മേളയിൽ ഉണ്ടാകാത്തത്.. ? നിലവിൽ അന്താരാഷ്ട്ര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ എങ്ങനെയാണ് തെരഞ്ഞടുക്കപ്പെടുന്നത് .. ഇന്ത്യൻ സിറ്റിസൺ ആയ ഒരാൾക്ക് അന്താരാഷ്ട്ര വിഭാഗത്തിൽ മാത്രമാണ് സിനിമ പ്രദർശിപ്പിക്കാൻ താത്പര്യമുള്ളൂ എങ്കിൽ ആ ഫിലിം മേക്കർ എന്താണ് ചെയ്യേണ്ടത്… ?

7. പ്രധാനപ്പെട്ട എല്ലാ ഫസ്റ്റിവലിലും delegate pass ന് അപേക്ഷിക്കുമ്പോൾ General, student എന്നീ കാറ്റഗറികൾക്ക് പുറമെ film maker/ film personality എന്നൊരു കാറ്റഗറി കൂടി ഉണ്ടാവാറുണ്ട്.. ആ കാറ്റഗറിയിൽ അപേക്ഷിക്കുന്ന പലരും സിനിമാ പOനത്തിൻ്റെ ഭാഗമായിക്കൂടിയാണ് ഫസ്റ്റിവലുകളെ കാണാറുള്ളത്. IDSFFK യിൽ delegate pass ന് അപേക്ഷിക്കുമ്പോൾ അങ്ങനെയൊരു കാറ്റഗറി കണ്ടില്ല. എൻ്റെ പിഴവാണെങ്കിൽ തിരുത്താം..

8. എന്തുകൊണ്ടാണ് , മലയാള ചലച്ചിത്ര അവാർഡുകളിൽ മികച്ച ഡോക്യുമെൻ്ററി സിനിമ എന്നൊരു വിഭാഗം കാലങ്ങളായി ഇല്ലാത്തത് .. ? മലയാള ചലച്ചിത്ര അവാർഡുകൾ ഫിക്ഷൻ സിനിമകൾക്ക് മാത്രമായി റിസർവ് ചെയ്തു വച്ചിരിക്കുന്നതിൻ്റെ സാംഗത്യം എന്താണ്.. ? പതിനാലു കൊല്ലം ഡോക്യുമെൻററി ചലച്ചിത്രമേള നടത്തിയിട്ടും , സിനിമകൾ എന്നാൽ ഫിക്ഷൻ സിനിമകൾ മാത്രമാണ് എന്ന പൊതുബോധം കൊണ്ടു നടക്കുന്ന സാംസ്കാരിക വകുപ്പിനെ തിരുത്താൻ ചലച്ചിത്ര അക്കാദമിക്ക് കഴിയാതെ പോകുന്നത് എന്തു കൊണ്ടാണ്..? അത്തരമൊരു തിരുത്തൽ ഈ വർഷമെങ്കിലും പ്രതീക്ഷിക്കാമോ.. ?

idsffk

9. IFFK വേദിയിൽ പ്രമുഖരായ ചലച്ചിത്ര പ്രതിഭകളുടെ സിനിമകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള retrospective വിഭാഗം എല്ലാ വർഷവും ഉണ്ടാകാറുണ്ട്. ആറു ദിവസം നീളുന്ന , മൂന്ന് തീയേറ്ററുകളിലായി നടക്കുന്ന IDSFFK പോലൊരു പ്രധാന മേളയിൽ ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയ പഴയകാല ഡോക്യുമെൻററി സംവിധായകരുടെ സിനിമകളെയും ജീവിതത്തെയും പരിചയപ്പെടുത്തുന്ന ഒരു retrospective വിഭാഗം തുടങ്ങുന്നതിന് എന്താണ് പരിമിതി.. ?

എടുത്തെഴുതാൻ ഇനിയും പോയിൻ്റുകൾ ഉണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ടവ മാത്രം പറഞ്ഞു നിർത്തുന്നു. കേരളത്തിൽ ഡോക്യുമെൻററി സിനിമ നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകും എന്ന , IDSFFK വേദിയിൽ ഉണ്ടായ പ്രഖ്യാപനം സ്വാഗതാർഹമാണ്. അതിനെ പ്രഖ്യാപനങ്ങളിലൊതുക്കാതെ മുന്നോട്ട് ചലിപ്പിക്കുക എന്ന ഉത്തരവാദിത്തമാണ് ചലച്ചിത്ര അക്കാദമിക്കുള്ളത്.

രാജ്യാന്തര തലത്തിൽ നിന്നുള്ള ഒരു പാട് പ്രധാനപ്പെട്ട ഡോക്യുമെൻററി സിനിമകൾ ഇത്തവണത്തെ ഇൻ്റർനാഷണൽ സിനിമാ വിഭാഗത്തിൽ കാണാൻ കഴിഞ്ഞിരുന്നു. ജെ.എൻ.യു. / അലിഗഡ് യൂണിവേഴ്സിറ്റി സമരങ്ങൾ ഉൾപ്പെടെ , ഇന്ത്യയിൽ പല ഭാഗങ്ങളിൽ വിവിധ മനുഷ്യർ ഫാസിസത്തിനു നേരെ നടത്തുന്ന ചെറുത്തു നിൽപ്പുകൾ ഉൾപ്പെടെ ഉള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ശക്തമായ ഡോക്യുമെൻററി സിനിമകൾ മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടാവുന്നുണ്ട്. അവരിൽ പലരും IDSFFK യെ വളരെ പ്രധാനപ്പെട്ട ഒരു വേദിയായി തന്നെയാണ് കാണുന്നത് എന്നതും വ്യക്തം. ആ കൂട്ടത്തിൽ ഒരു മലയാള ഡോക്യുമെൻററി സിനിമ പോലും ഇല്ല എന്നതാണ് സങ്കടകരം.

IDSFFK യുടെ വേദിയെ നിരാകരിക്കുകയോ തള്ളിപ്പറയുകയോ എൻ്റെ ഉദ്ദേശമോ ലക്ഷ്യമോ അല്ല. ഇന്ത്യയിലെമ്പാടും സംഭവിക്കുന്ന ജനാധിപത്യ ഉണർവുകളുടെ ഒരിടമായി IDSFFK നിലനിൽക്കേണ്ടതുണ്ട്. അതോടൊപ്പം , അതിൽ കേരളത്തിനും പങ്കാളിത്തമുണ്ടാകേണ്ടതുണ്ട്. ആ നിലക്ക് , ജനാധിപത്യ ഉണർവിൻ്റെ കാര്യത്തിലോ ഭാവുകത്വത്തിലോ ഉൾപ്പെടുന്ന മലയാളത്തിൽ നിന്നുള്ള ഒരു സിനിമയെങ്കിലും മുന്നോട്ടു വക്കാൻ കഴിയാതെ ഒരു മേള കൂടി അവസാനിക്കുന്നു എന്നതു മാത്രമാണ് നിരാശ.
……

(ലേഖകൻ ഫെയ്സ്ബുക്കിൽ എഴുതിയത്)

About Author

രാംദാസ് കടവല്ലൂർ

ഡോക്യുമെന്ററി സിനിമ സംവിധയകനാണ് രാംദാസ് കടവല്ലൂർ. ഡൽഹി ആസ്ഥാനമായുള്ള ക്ലോൺ സിനിമ ആൾട്ടർനേറ്റീവിന്റെ സ്ഥാപകൻ. മലയാള മനോരമയിൽ പത്രപ്രവർത്തകനായി തുടക്കം. 2003 മുതൽ ഒരു ദശകത്തിലധികം ഡൽഹിയിലെ ഓൾ ഇന്ത്യ റേഡിയോയിൽ വാർത്താ അവതാരകനായിരുന്നു. രണ്ടു ഡോക്യുമെന്ററി സിനിമകൾ സംവിധാനം ചെയ്തു. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ നടത്തുന്ന SiGNS ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഫെഡറേഷൻ പുരസ്കാരത്തിന് അർഹമായ ആദ്യ സിനിമയായ 'മണ്ണ്: Sprouts of Endurance' എന്ന ചിത്രം, IDSFFK, ധാക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവം, നേപ്പാൾ കൾച്ചറൽ ഫിലിം ഫെസ്റ്റിവൽ, UW- Madison South Asian Conference തുടങ്ങിയ നിരവധി അന്താരാഷ്ട്ര ഫെസ്റ്റിവലുകളിൽ സെലക്ട് ചെയ്യപ്പെട്ടു. മായാ എയ്ഞ്ചലോയുടെ Still I Rise എന്ന കവിതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് ചെയ്ത രണ്ടാമത്തെ സിനിമയായ Beyond Hatred and Power, We Keep Singing, ജാഫ്ന അനന്താരാഷ്ട്ര ചലച്ചിത്രോത്സവം, IDSFFK, ബാംഗളൂർ ക്വിയർ ഫിലിം ഫെസ്റ്റിവൽ, കൽക്കട്ട LGBTQIA+ ഫിലിം ഫെസ്റ്റിവൽ, ചെന്നൈ ഇന്റർനാഷനൽ ഡോക്യുമെന്ററി ഫെസ്റ്റിവൽ തുടങ്ങിയ ഫെസ്റ്റിവലുകളിൽ തെരഞ്ഞെടുക്കപ്പെട്ടു.