കേരള ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കേരള അന്താരാഷ്ട്ര ഡോക്യുമെൻററി ഹ്രസ്വചിത്ര ചലച്ചിത്രമേള (IDSFFK) യ്ക്ക് വളരെ ആഘോഷമായി നടക്കുന്ന സംസ്ഥാന ചലചിത്രോത്സവത്തിന്റെ അടുത്തൊന്നും പരിഗണന കിട്ടുന്നില്ലെന്നു അഭിപ്രായപ്പെട്ടു കൊണ്ട് സിനിമാ നിരൂപകനായ രാംദാസ് കടവല്ലൂർ ദി ഐഡത്തിൽ എഴുതിയ ലേഖനത്തോട് പ്രതികരിക്കുകയാണ്, ഫിലിം സൊസൈറ്റി പ്രവർത്തകനായ രൂപേഷ് ചന്ദ്രൻ. ഒരു തുറന്ന സംവാദത്തിനായി ഈ ചർച്ച ദി ഐഡം വായനക്കാർക്കു മുന്നിൽ വെക്കുകയാണ്.
യുദ്ധങ്ങളും മരണങ്ങളും ഇല്ലാതെയാക്കുന്ന ജീവിതങ്ങളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും നിരന്തരം അന്വേഷിച്ച , ലിത്വാനിയൻ ഡോക്കുമെന്ററി സംവിധായകൻ മാന്റാസ് ക്വെഡറാവിഷസ് [Mantas Kvedaravičius] ന്റെ PhD പ്രബന്ധത്തിന്റെ തലക്കെട്ടാണ് മുകളിൽ കൊടുത്തിരിക്കുന്നത്….
നരവംശ ശാസ്ത്രജ്ഞനും പുരാവസ്തുഗവേഷണത്തിൽ തത്പരനുമായ അദ്ദേഹം യുദ്ധഭൂമികളിൽ, യുദ്ധം തകർത്ത നാടുകളിൽ നഷ്ടമാകുന്ന, അപ്രത്യക്ഷമാകുന്ന മനുഷ്യരെക്കുറിച്ചും അവരുടെ ഓർമ്മകളെയും ഓർമ്മ നഷ്ടങ്ങളെക്കുറിച്ചും എന്നും വ്യാകുലനായിരുന്നു….
2022 ഏപ്രിൽ 2 ന് ഉക്രൈനിലെ തെരുവുകളിലൊന്നിൽ ഒരു മൃതശരീരമായി വലിച്ചെറിയപ്പെട്ട മാന്റസിന്റെ ആദ്യത്തെ ഡോക്കുമെന്ററി
ബർസാഖ് [Barzakh (2011)] ലെ കേന്ദ്ര കഥാപാത്രം ചെച്നിയയിൽ യുദ്ധത്തിനു ശേഷം അപ്രത്യക്ഷനായ ഒരു സാധാരണ മനുഷ്യനായിരുന്നു….
2019ൽ അദ്ദേഹം തന്റെ ആദ്യ ഫിക്ഷൻ സിനിമ പാർത്തിനോൺ [Parthenon (2019)] ചെയ്തപ്പോൾ അത് ഓർമ്മകൾ നഷ്ടമാകുന്ന ഒരു വ്യക്തിയെക്കുറിച്ചായതും ഒട്ടും യാദൃശ്ചികമായിരുന്നില്ല….
ഓർമ്മകളെ അദ്ദേഹം അത്രമേൽ വിലമതിച്ചിരുന്നു…
2016 ൽ ആസന്നമായ ഒരു അഭ്യന്തര യുദ്ധത്തിന്റെ വക്കിൽ നിന്നു കൊണ്ടാണ് അദ്ദേഹം ഉക്രൈനിലെ തുറമുഖ നഗരമായ മാരിയോപോളിസിലെ സാധാരണക്കാരുടെ ജീവിതം കാവ്യാത്മകമായി പങ്കുവെക്കുന്ന Mariupolis എന്ന ഡോക്കുമെന്ററി ചെയ്യുന്നത് ..
ബെർലിൻ ഉൾപ്പടെ നിരവധി അന്താരാഷ്ട ചലച്ചിത്രമേളകളിൽ ഈ സിനിമ ഇടംപിടിച്ചു…
2022ൽ റഷ്യ ഉക്രൈനിനെ ആക്രമിക്കുമ്പോൾ ഉഗാണ്ടയിൽ തന്റെ നാലാമത്തെ ചിത്രത്തിന്റെ നിർമ്മാണത്തിലായിരുന്നു മാന്റസ് .
എന്നാൽ 2016ൽ തന്റെ ഡോക്കുമെന്ററിയ്ക്ക് കഥാപാത്രങ്ങളായി മാറിയവരുടെ ജീവിതത്തിന് എന്തു സംഭവിക്കുന്നു എന്ന ആശങ്ക അദ്ദേഹത്തെ മാരിയോ പോളിസിലേക്ക് നയിച്ചു…
തന്റെ ഭാര്യയുൾപ്പെടുന്ന ഒരു ചെറിയ സംഘത്തോടൊപ്പം മാരിയോപോളിസിൽ എത്തിയ അദ്ദേഹം മൂന്നാഴ്ചക്കാലം അവിടുത്തെ രംഗങ്ങൾ ചിത്രീകരിച്ചു….
2022 മാർച്ച് 30 ന് അദ്ദേഹത്തെ റഷ്യൻ ഫാസിസ്റ്റുകൾ കടത്തികൊണ്ടുപോയി…
ഏപ്രിൽ 2 ന് തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മാന്റസിന്റെ മൃതദേഹം കണ്ടെത്തി….
മാന്റസ് സഞ്ചരിച്ച വാഹനത്തിൽ ഗ്രനേഡ് പതിച്ചുണ്ടായ അപകടമാണതെന്ന് റഷ്യൻ സർക്കാർ വിശദീകരിച്ചു….
എന്നാൽ വയറ്റിൽ വെടിയുണ്ടയേറ്റ് മരിച്ച മാന്റസിന്റെ വസ്ത്രത്തിലെവിടെയും തുളയോ രക്തമോ ഒന്നും ഉണ്ടായിരുന്നില്ല എന്ന് ഭാര്യയായ Hanna Bilobrova പറയുന്നു….
അവിടെ നിന്നും പുറത്തേക്ക് അതിസാഹസികമായി കടത്തികൊണ്ടുവന്ന , മാന്റസ് ഷൂട്ട് ചെയ്ത ഫൂട്ടേജുകൾ എഡിറ്ററായ Dounia Sichov ന്റെ സഹായത്തോടെ ഹന്ന കൂട്ടിയോജിപ്പിച്ചു….
അപൂർണ്ണമായ ആ സിനിമയ്ക്ക് മാരിയോപോളിസ് 2 എന്ന് പേരിട്ട് ആഴ്ചകൾക്കുള്ളിൽ നടന്ന കാൻ ചലച്ചിത്രമേളയിൽ പ്രത്യേക പ്രദർശനം നടത്തി….
യുദ്ധ ഭീകരതയേയും ഏകാധിപത്യത്തെയും എക്കാലത്തും ചെറുത്തു നിന്നിട്ടുള്ള, സിനിമ എന്ന കലാരൂപത്തിന്റെ സമരോത്സുകമായ ഭൂതകാലത്തിന്റെ അടയാളമാണ് മാരിയോപോളിസ് 2 എന്ന് കാൻ വിലയിരുത്തി….
മഹാദുരന്തങ്ങൾ സാധാരണത്തം കൈവരിക്കുന്ന കാലത്ത് സാധാരണ മനുഷ്യർ നടത്തുന്ന ചെറുത്തു നിൽപ്പും ജീവിതം തുടർന്നുകൊണ്ടുപോകാൻ കാണിക്കുന്ന ആത്മാർത്ഥയും സഹവർത്തിത്തവും എല്ലാം നിറഞ്ഞ മാരിയോപോളിസ് 2 യുദ്ധ ഡോക്കുമെന്ററി ചരിത്രത്തിൽ ഒരു നാഴികക്കല്ലാണ്….
ഓഗസ്റ്റ് 26 നു തുടങ്ങിയ IDSFFK യുടെ ഉദ്ഘാടന ചിത്രമായിരുന്നു MARIUPOLIS 2.
വലിയ പ്രചരണം കൊടുക്കാത്ത, കാര്യമായി കാണികളെ ആകർഷിക്കാൻ കഴിയാത്ത ഈ മേളകൊണ്ട് എന്തു പ്രയോജനം എന്ന് സംശയമുന്നയിക്കുന്നവർക്കുള്ള ഏറ്റവും ശക്തമായ രാഷ്ട്രീയ മറുപടി തന്നെയാണ് ഈ ഉദ്ഘാടന ചിത്രം….
ഇതു കാണാൻ എത്ര പേരുണ്ടാവും എന്നറിയില്ല…. അല്ലെങ്കിലും കാണികളുടെ എണ്ണമല്ലല്ലോ കലയുടെ മൂല്യം നിർണ്ണയിക്കുന്നത്….
ഡോക്യുമെന്ററി ഫെസ്റ്റിവലിനെ കുറിച്ച് രാംദാസ് കടവല്ലൂരിന്റെ ലേഖനം വായിക്കുക
യുക്തമായ നിരീക്ഷണങ്ങൾ