കോവിലൻ- കസാണ്ട്രയുടെ പ്രവചനങ്ങൾ
ഗ്രീക്ക് മിത്തോളജിയിലെ കസാണ്ട്രയെ പോലെ സത്യം പ്രവചിക്കാനും എന്നാൽ വിശ്വസിക്കപ്പെടാതിരിക്കാനും വരം ലഭിച്ചവനായിരുന്നു കോവിലൻ.
-ചില ശതാബ്ദി ചിന്തകൾ.
2023 ജൂൺ 9 കോവിലന്റെ നൂറാം ജന്മദിനമാണ്. 1923 ജൂൺ 9ന് തൃശൂർ ജില്ലയിലെ (പഴയ കൊച്ചി ശീമ) കണ്ടാണശ്ശേരിയിൽ ജനിച്ച വട്ടംപറമ്പിൽ വേലപ്പൻ അയ്യപ്പൻ ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ കഥാസാഹിത്യത്തിന്റെ ഉന്നത ശീർഷങ്ങളിൽ ഒന്നായി മാറിയ കോവിലൻ എന്ന ദേശീയ എഴുത്തുകാരനായി. 2005ൽ കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാഗത്വം നൽകി ഔദ്യോഗികമായി തന്നെ ദേശീയ എഴുത്തുകാരൻ എന്ന പദവി നൽകി.
2019 ജൂൺ രണ്ടിന് 87 വയസ്സിൽ മരിക്കുമ്പോൾ അദ്ദേഹത്തിൻറെതായി 11 നോവലുകൾ, 12 കഥാസമാഹാരങ്ങൾ, ഒരു നാടകം, 5 ലേഖനസമാഹാരങ്ങൾ എന്നിവ മലയാളത്തിന് ലഭിച്ചിരുന്നു. എഴുപത്തി ഒന്നാം വയസ്സിലാണ് കോവിലിന്റെ മാഗ്നം ഒപ്പസ് എന്ന് കണക്കാക്കപ്പെടുന്ന തട്ടകം പ്രസിദ്ധീകരിക്കപ്പെടുന്നത്.
ശതാബ്ദി വേളയിൽ തിരിഞ്ഞു നോക്കുമ്പോൾ നാം അറിയുന്നു, കോവിലന്റെ ജീവിതകാലത്ത് അദ്ദേഹത്തിൻറെ മഹത് രചനകൾ ആവശ്യപ്പെടുന്ന വിധം വായിക്കപ്പെട്ടില്ലെന്ന്. തീർച്ചയായും അദ്ദേഹത്തിൻറെ കൃതികൾ ജനപ്രിയ വായനയ്ക്കായി സൃഷ്ടിക്കപ്പെട്ടവ ആയിരുന്നില്ല. സാധാരണ വായനക്കാരനെ മാത്രമല്ല നിരൂപക പണ്ഡിതരെ പോലും അസാധാരണവും മൗലികവും വിലക്ഷണവും (നടപ്പ് ശീലങ്ങൾക്ക് വിരുദ്ധമായത് എന്ന അർത്ഥത്തിൽ) ആയിരുന്ന കോവിലിന്റെ കഥാലോകം ചകിതമാക്കി. തങ്ങൾ പരിചയിക്കുകയും പ്രയോഗിക്കുകയും ചെയ്തിരുന്ന സാഹിത്യ സൗന്ദര്യ ഉപാധികൾ കോവിലിന്റെ കഥാസരൂപത്തെ അഴിച്ചെടുക്കാൻ അപര്യാപ്തമെന്ന് അവർ അറിയുകയായിരുന്നു. വിഭാവനയിലും ഭാഷാശൈലിയിലും ദർശനത്തിലും വിദ്വത്സുഖം ആയിരുന്നു ആഖ്യാനപ്രകാരം എന്നും, അത് ഉൾക്കൊള്ളാനുള്ള സംവേദന ശേഷി മലയാളം ആർജിക്കാനിരിക്കുന്നതേയുള്ളൂ എന്നും സാഹിത്യ ചരിത്രം ഇന്ന് തിരിച്ചറിഞ്ഞു വരുന്നു.
1942 ഓഗസ്റ്റിൽ പാവറട്ടി സംസ്കൃത കോളേജിൽ വിദ്യാർഥിയായിരിക്കെ കോവിലൻ ക്ലാസ് ബഹിഷ്കരിച്ച് സ്വാതന്ത്ര്യ സമരത്തിലേക്ക് ചാടിയിറങ്ങി. ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിൽ അടക്കപ്പെടുകയും ചെയ്തു എന്ന വാർത്തയായിരുന്നു പ്രേരണ. മാപ്പെഴുതി കൊടുത്താൽ കോളേജിൽ പുനപ്രവേശനം സാധ്യമായിരുന്നിട്ടും കോവിലൻ അതിനു തയ്യാറായില്ല. അത് അദ്ദേഹത്തിൻറെ ഔപചാരിക വിദ്യാഭ്യാസത്തിൻറെ അന്ത്യമായിരുന്നു. ഗുരുവിനെ, പിതാവിനെ, ദൈവത്തെ, കൊളോണിയൽ വ്യവസ്ഥയെ ധിക്കരിച്ചു കൊണ്ട് എക്കാലത്തെയും കലാപകാരി സ്വയം വെളിപ്പെട്ട സന്ദർഭമായിരുന്നു അത്.
ഗാന്ധിജി ജീവിതകാലം അത്രയും ഒരു ആദർശ ബിംബമായി ഉള്ളിൽ കുടിയിരുത്തപ്പെട്ടപ്പോഴും കോവിലന്റെ രാഷ്ട്രീയ ബോധത്തെ പിൽക്കാലം നിർണയിച്ചത് സോഷ്യലിസ്റ്റ് ചിന്തയും വിശ്വ മാനവികതയും താൻ ജീവിക്കുന്ന ലോകത്തെ മാറ്റി പണിയാനുള്ള ത്വരയും ആയിരുന്നു. അതുകൊണ്ടുതന്നെ ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ പിൽക്കാല ഏടുകളിൽ കോവിലൻ അസന്നിഹിതനാവുന്നു. മറിച്ച് രണ്ടാം ലോക യുദ്ധകാലത്ത് നാട്ടിലെ തീവ്ര ദാരിദ്ര്യവും വീട്ടിലെ കഠിന പട്ടിണിയും കോവിലിനെ പട്ടാളത്തിൽ എത്തിച്ചതാണ് നാം കാണുന്നത്. 1943ൽ അദ്ദേഹം റോയൽ ഇന്ത്യൻ നേവിയിൽ ചേർന്നു. 1946 ലെ ചരിത്രപ്രസിദ്ധമായ നാവികലാപത്തിന് പിറകെ അദ്ദേഹം നേവി വിട്ടു. 1948 മുതൽ 1968 വരെ പിൽക്കാലം സ്വതന്ത്ര ഇന്ത്യയിലെ പട്ടാളത്തിൽ ജോലി ചെയ്തു. അഞ്ചുവർഷം ഹിമാലയത്തിൽ. കാൺപൂർ എൻസിസി ഇൻസ്ട്രക്ടർ ആയും പ്രവർത്തിച്ചു.
ഈ കാലത്ത് ഒക്കെയും എഴുത്തു തന്നെയാണ് തൻറെ ജന്മ ദൗത്യം എന്ന ബോധ്യം കോവിലന് ഉണ്ടായിരുന്നു. പത്തൊമ്പതാം വയസ്സിലെഴുതിയ ” തകർന്ന ഹൃദയങ്ങൾ ” എന്ന ആദ്യ രചന മുതൽ തുടങ്ങി ഈ ദൗത്യ ബോധ്യം. പട്ടാള ജീവിതത്തിൻറെ ആദ്യ നാളുകളിൽ ഭൗതിക സാഹചര്യങ്ങൾ എഴുത്തിന്റെ എല്ലാ സാധ്യതകളും അടച്ചു കളഞ്ഞപ്പോൾ ആത്മഹത്യ ചെയ്യാൻ അവസരം തേടി നടന്ന കോവിലിന്റെ സൃഷ്ടിപരമായ ചോദന അപ്പോഴും അദമ്യമായിരുന്നു എന്ന് അദ്ദേഹം തന്നെ ആവർത്തിച്ച് എഴുതിയിട്ടുണ്ട്. പ്രകാശനത്തിന്റെ സ്വാതന്ത്ര്യം ഈ എഴുത്തുകാരന്റെ അസ്തിത്വത്തെ തന്നെ നിർണയിച്ച മൗലിക ധാതു ആയിരുന്നു.
സ്വാതന്ത്ര്യത്തെക്കുറിച്ച് മഹത്തായ സ്വപ്നങ്ങൾ സൂക്ഷിച്ച, അതിന് യൗവനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ജീവിതം കൊണ്ട് വലിയ വില കൊടുക്കേണ്ടി വന്ന കോവിലൻ എത്തിപ്പെട്ടത് പക്ഷേ എല്ലാ സ്വാതന്ത്ര്യങ്ങളും നിയമേന അടിച്ചമർത്തപ്പെടുന്ന പട്ടാളത്തിന്റെ ഇരുമ്പറയ്ക്കുള്ളിൽ ആയിരുന്നു എന്ന വൈപരീത്യം പക്ഷേ, അദ്ദേഹത്തിന്റെ രചനാലോകത്തെ, മലയാളത്തിന് അന്യമായ സ്ഥലത്തിലേക്കും സംഘർഷഭരിതമായ ജീവിത സന്ദർഭത്തിലേക്കും തുറന്നിട്ടു. അധികാരത്തിനെതിരെ എക്കാലവും യുദ്ധം ചെയ്തുകൊണ്ടേയിരുന്ന കോവിലന്ന് പട്ടാളം അന്യഥാ വിരളമായ തീവ്ര അനുഭവങ്ങൾ നൽകി. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും പട്ടാളത്തിൽ എത്തിയ ഗ്രാമീണ മനുഷ്യരുടെ അടിസ്ഥാന പ്രശ്നങ്ങൾ, പ്രതീക്ഷകൾ, ചെറുത്തുനിൽപ്പിന്റെ ഇടങ്ങൾ, വിമോചന സ്വപ്നങ്ങൾ തുടങ്ങിയവ അദ്ദേഹത്തിൻറെ രചനയുടെ അസംസ്കൃത വസ്തുക്കളായി. അനേകം ഭാഷകൾ, സംസ്കാരങ്ങൾ, ദേശീയതകൾ, മതങ്ങൾ, ജാതികൾ, ഗോത്രങ്ങൾ, വ്യത്യസ്ത ചരിത്ര തുടർച്ചകൾ ഇവയൊക്കെ സൈനിക പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവലുകളിലും കഥകളിലും, സമൃദ്ധമായ ജീവിത ചിത്രങ്ങളുടെ ആഖ്യാനത്തിൽ സങ്കലിതമായി. നിസ്സംശയം മലയാളത്തിലെ ആദ്യത്തെ പാൻ ഇന്ത്യൻ ആഖ്യാനകാരൻ കോവിലനത്രെ.
അതുകൊണ്ടുതന്നെ കോളനിയാനന്തര ഇന്ത്യൻ ഭരണകൂടം നമുക്ക് നൽകിയ ഏകശിലാ മാത്രമായ ദേശീയതയുടെയും ദേശസ്നേഹത്തിന്റെയും കല്പിത നിർമ്മിതികളെ കോവിലിന്റെ സൈനിക രചനകൾ ചോദ്യം ചെയ്തു. ദേശരാഷ്ട്രത്തിന്റെ നട്ടെല്ല് ആയ സൈന്യം ഒരു വശത്ത് കാല്പനിക ശോഭയാർന്ന നുണകളാൽ ദേശരക്ഷയുടെ മൂർത്ത സംവിധാനമായി പ്രകീർത്തിക്കപ്പെടുമ്പോൾ അതിനുള്ളിൽ നിലനിൽക്കുന്ന കൊളോണിയൽ ഫ്യൂഡൽ അധികാര ബന്ധങ്ങളുടെ ക്രൗര്യവും രക്തം ഉറയുന്ന തീവ്ര ആഘാതത്തോടെ ഈ എഴുത്തുകാരൻ രേഖപ്പെടുത്തി. മനുഷ്യർക്കൊക്കെ വേണ്ടി ഭക്ഷണം ഉല്പാദിപ്പിക്കുന്ന ഭൂമിയെ, റാഡ് ക്ലിഫിന്റെയോ മക്മോഹന്റെയോ കൊളോണിയൽ യുക്തി വരച്ചിട്ട വിഭജനാതിർത്തിയിലൂടെ മഹത്വവൽക്കരിക്കുന്ന ദേശരാഷ്ട്രബോധത്തെ വിശദമായ വിമർശനത്തിന് വിധേയമാക്കുന്നു കോവിലൻ. എ – ബി മുതൽ ഹിമാലയം വരെയുള്ള അദ്ദേഹത്തിൻറെ സൈനിക നോവലുകളും ഒട്ടേറെ കഥകളും മനുഷ്യാന്തസ്സിനെ സമൂലം റദ്ദ് ചെയ്യുന്ന ഇന്ത്യൻ ഭരണകൂടത്തിനെതിരെയുള്ള ഒരു നീണ്ട കുറ്റപത്രം ആയി വായിക്കാം. സമകാലിക ഇന്ത്യൻ സാഹചര്യങ്ങളിൽ ഇവയ്ക്ക് ഓരോന്നിനും ഭൂഗുരുത്വം പോലെ അർത്ഥഭാരം കൂടുകയും ചെയ്യുന്നുണ്ട്.
ഇവയോട് ചേർത്ത് വായിക്കാവുന്നത് തന്നെയാണ് ഐ ഐ ടി കാൺപൂരിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഭരതൻ എന്ന കൊച്ചു നോവലും. ഇന്ത്യയിലെ ആഭ്യന്തര അടിയന്തരാവസ്ഥയുടെ കാലഘട്ടത്തിൽ തന്നെ രചിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത നോവലാണിത്. മലയാളത്തിൽ മറ്റൊരു ഫിക്ഷനും ഇതുപോലുള്ള ഒരു ചരിത്ര സ്ഥാനമുണ്ടോ എന്ന് സംശയമാണ്. ഇന്ത്യയുടെ സാങ്കേതിക- മാനവിക വിജ്ഞാനങ്ങളുടെ ലോകോത്തര മാതൃകയായി വിഭാവനം ചെയ്യപ്പെട്ട ഐഐടികൾ ഭരണകൂടത്തിന്റെ അധികാര യുക്തിയിലേക്ക് ഉദ്ഗ്രഥിക്കപ്പെട്ട പീഡന കേന്ദ്രങ്ങൾ ആകുന്നു എന്നും ഹിംസാത്മകമായ നർമ്മത്തോടെ കോവിലൻ ‘ഭരത’നിൽ ആവിഷ്കരിക്കുന്നു. നിഷ്കളങ്കതയുടെ ചോരയിലാണ് അധികാര സിംഹാസനങ്ങൾ ഉറപ്പിക്കപ്പെടുന്നത് എന്ന് ഭരതൻ (ഇന്ത്യക്കാരൻ എന്ന് നേർവിവർത്തനം ചെയ്യാം) നേരിടുന്ന ഭീതിദമായ പീഡന പരമ്പരകളിലൂടെ വെളിവാക്കപ്പെടുന്നു. ഇന്ത്യയിലെ നീതിപീഠത്തിന്റെ കോമാളിത്തം നിറഞ്ഞ നടത്തിപ്പുകൾ ഒരു മൂട്ട് കോർട്ടിന്റെ ഫാന്റസിയിലൂടെ ആവിഷ്കരിക്കപ്പെടുന്നു. സെൻസർഷിപ്പിന്റെ വാൾ തലയ്ക്കു മീതെ തൂങ്ങുമ്പോഴാണ് 124 (എ) വകുപ്പ് പ്രകാരം രാജ്യദ്രോഹത്തിന് കേസെടുക്കാൻ എന്തുകൊണ്ടും യോഗ്യമായ ഈ കൃതി സാഹിത്യത്തിലെ “കമോഫ്ലാഷ് നറെട്ടീവ്” ആയി ഒളിയാക്രമണം സാധിച്ചത്.
സിവിൽ ജീവിതത്തെ ആധാരമാക്കുന്ന തോറ്റങ്ങളും തട്ടകവും മലയാള കഥാസാഹിത്യത്തിലെ അദൃശ്യപൂർവ്വവും അനുകരണ സാധ്യമല്ലാത്തതുമായ കഥാഖ്യാനങ്ങളാണ്; സ്വയം വ്യത്യസ്തങ്ങളും. പ്രസ്ഥാന ചരിത്രങ്ങളുടെയും തലമുറ കണക്കുകളുടെയും ഏടുകളിൽ ഒതുങ്ങാത്ത ഈ അനന്യതയുടെ ധാതുക്കൾ കോവിലൻ കുഴിച്ചെടുക്കുന്നത് സ്വന്തം സ്ഥലകാലങ്ങളിൽ നിന്നാണ്. അനാഥമായ ആത്മീയ അനുഭവങ്ങളെ ആവാഹിക്കുന്ന ഹിമാലയ ശിഖരങ്ങൾക്കും വിമോചനാത്മകമായ വംശ ബലികൾ ഉയർപ്പിച്ച സ്വന്തം തട്ടകത്തിനുമിടയിൽ എരിയുന്നത് ഈ എഴുത്തുകാരന്റെ അഗ്നി സന്നിഭമായ ചരിത്രപ്രജ്ഞ ആകുന്നു. മനുഷ്യൻ എന്ന കേവലതയല്ല, ജീവിക്കുകയും പൊരുതുകയും വീണുപോവുകയും പുനർ ഉയിർക്കുകയും ചെയ്യുന്ന, ചരിത്രത്തിൽ നിബന്ധിക്കപ്പെട്ട മൂർത്ത സാമൂഹ്യ ജീവിതമാണ് ഈ രചനകൾ പ്രക്ഷേപണം ചെയ്യുന്നത്.
ഭാഷയിൽ എന്നപോലെ, വർത്തമാനകാലത്തിലാണ് ഏത് വിദൂര ഭൂതകാലവും കോവിലനിൽ ആഖ്യാനപ്രകാരം ആയി രൂപാന്തരപ്പെടുന്നത്. എപ്പോഴും സമകാലികമായി വ്യാഖ്യാനിക്കപ്പെടുകയും പ്രവചനാത്മകമായി ഭാവിയിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു. ഏഴു പതിറ്റാണ്ട് മുമ്പ് എഴുതപ്പെട്ട കോവിലന്റെ ആഖ്യാനങ്ങൾ സമകാലത്തെ ദേശകാല അനുഭവങ്ങളായി രൂപാന്തരപ്പെടുന്നുണ്ട്. വിശദമായ ഈ ചരിത്ര നിർണയങ്ങളാണ് കോവിലനെ സാഹിത്യ ചരിത്രത്തിലും സാമൂഹ്യ ചരിത്രത്തിലും സ്ഥാനപ്പെടുത്തുന്നത്.
ഗ്രീക്ക് മിത്തോളജിയിലെ കസാണ്ട്ര എന്ന കഥാപാത്രത്തിന്റെ വിധി കോവിലൻ സാഹിത്യത്തെ വിശദീകരിക്കുന്നു. സ്വന്തം കാലത്ത് കസാണ്ട്രയുടെ പ്രവചനങ്ങളെ ജനത അവിശ്വസിച്ചു; പിൽക്കാലം അവ യാഥാർത്ഥ്യമാകുമ്പോൾ പ്രവാചക മറഞ്ഞു പോയിരുന്നു. കോവിലൻ ജന്മശതാബ്ദി, കോവിലനെ വായിക്കാൻ, പുനർ വായിക്കാൻ മലയാളത്തെ പ്രാപ്തമാക്കട്ടെ.
( ചിത്രങ്ങൾ: എം.എ റഹ്മാൻ സംവിധാനം ചെയ്ത ‘കോവിലൻ എന്റെ അച്ചാച്ചൻ’ എന്ന ഡോക്യുമെന്ററിയിൽ നിന്നും)
പുരോഗമന കലാസാഹിത്യ വേദിയോജനകീയ കലാ സാഹിത്യ വേദിയോ?