
മലയാളം കണ്ട ചലച്ചിത്ര പ്രതിഭകളിൽ മുൻ നിരക്കാരനായ കെ. ജി ജോർജ് യാത്രയായി. സ്വപ്നാടനം മുതൽ ഇളവങ്കോട് ദേശം വരെയുള്ള അദ്ദേഹത്തിന്റെ ഓരോ സിനിമകളും വ്യത്യസ്ഥമായ മനുഷ്യാവസ്ഥകളുടെ വ്യാഖ്യാനങ്ങളായിരുന്നു. മഹാനായ ആ ചലച്ചിത്ര പ്രതിഭയ്ക്ക് ദി ഐഡം ആദരാഞ്ജലികൾ അർപ്പിക്കുന്നു.
കറുത്ത ബുൾഗാനിൻ താടി വെച്ച ഒരു ചെറുപ്പക്കാരന്റെ രൂപഭാവങ്ങളോടെ കെ.ജി ജോർജ്ജിനെ ആദ്യമായി കാണുമ്പോൾ, വളരെ മുതിർന്ന ഏതാനും പത്രപ്രവർത്തകരുടെ നടുവിലിരുന്നുകൊണ്ട് അവരുടെ നിശിതമായ ചോദ്യങ്ങൾക്ക് ഒരു കൂസലുമില്ലാതെ മറുപടി പറയുകയായിരുന്നു, അദ്ദേഹം. താടിയിൽ വിരലുകളോടിച്ചും ഇടയ്ക്കിടയ്ക്ക് ചിരിച്ചും കൊണ്ട്, സവിശേഷമായ ആ പതിഞ്ഞ താളത്തിൽ വല്ലാതെ നീട്ടിയും കുറുക്കിയുമുള്ള അതേ സംഭാഷണ ശൈലിയിൽ തന്നെ. കുങ്കുമം, കേരളശബ്ദം, നാന എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപന്മാരായ ഉറൂബ്, എന്റെ പിതാവ് കെ.എസ് ചന്ദ്രൻ, കെ.വി.എസ് ഇളയത് എന്നീ പത്രാധിപന്മാരെ കണ്ട് താൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ച് പറയാനും സഹകരണം തേടാനുമായി തിരുവനന്തപുരത്തെ പെരുന്താന്നിയിലുള്ള പത്രമാഫീസിൽ എത്തിയതായിരുന്നു അന്ന് ജോർജ്ജും, ക്യാമറാമാൻ രാമചന്ദ്രബാബുവും, നായകൻ ഡോ. മോഹൻ ദാസും മറ്റും അടങ്ങിയ സംഘം.

ഈ സംഭാഷണത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട്, പത്താം ക്ലാസുകാരനായ ഞാനും അന്നവിടെയൊരിടത്ത് മാറി നിൽപ്പുണ്ടായിരുന്നു.സാധാരണ പത്രക്കാരെ കണ്ട് സഹായമാഭ്യർത്ഥിക്കാൻ വേണ്ടി വരാറുള്ള സിനിമാക്കാരെപ്പോലെ, അനാവശ്യമായ വിനയപ്രകടനങ്ങളൊന്നുമില്ല. തികഞ്ഞ ആത്മവിശ്വാസവും ചങ്കൂറ്റവും കൂസലില്ലായ്മയും പ്രതിഫലിക്കുന്ന ശരീരഭാഷയും പെരുമാറ്റവും. ഒരു ദാമ്പത്യ ജീവിതത്തിലെ ആന്തരിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഒരു വ്യക്തിയുടെ മനസിന്റെ നിഗൂഢതകളിലൂടെ നടത്തുന്ന പ്രയാണമായ ‘സ്വപ്നാടനം’, കെ ജി ജോർജ്ജ് എന്ന ചലച്ചിത്രകാരന്റെ ചങ്കൂറ്റം മുഴുവൻ പ്രതിഫലിക്കുന്ന ഒരു ചിത്രമായിരുന്നു.സിനിമയിലൂടെ നടത്തിയ ഒരു bold statement.
മലയാള സിനിമയിൽ ഒരു ഋതു സംക്രമണം സംഭവിക്കുന്ന നാളുകളായിരുന്നു അത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു പുറത്തിറങ്ങിയ ശേഷം, നേരെ സിനിമയെടുക്കാൻ പോകാതെ, രാമു കാര്യാട്ടെന്ന മഹാമേരുവിന്റെ സഹായിയായി ചേർന്ന് സിനിമയുടെ പ്രായോഗികവശങ്ങൾ മനസിലാക്കാൻ ശ്രമിച്ചതുകൊണ്ട് തന്റെ ഇൻസ്റ്റിറ്റ്യൂട്ട് സഹയാത്രികരായ പലരെയുംകാൾ ചെയ്യുന്ന കാര്യത്തെ കുറിച്ച് വ്യക്തതയുണ്ടായിരുന്നു കെ.ജി ജോർജ്ജിന്. അതായിരിക്കണം അന്നു പ്രകടമായിക്കണ്ട ആ ആത്മവിശ്വാസത്തിന്റെയും കാരണം. അതു തന്നെയായിരിക്കണം അവിശ്വസനീയമായ ഒരു വേഗതയിൽ പിന്നീടങ്ങോട്ട് ഒന്നിനു പിറകെ ഒന്നെന്ന മട്ടിൽ സിനിമയെടുത്ത് പരാജയപ്പെടാനും നിമിത്തമായത്.
സ്വപ്നാടനത്തിന് ശേഷം തുടരെത്തുടരെ ചിത്രങ്ങൾ (മൂന്നു വർഷങ്ങൾക്കുള്ളിൽ അഞ്ചു ചിത്രങ്ങൾ!) സംവിധാനം ചെയ്തെങ്കിലും ആദ്യചിത്രത്തിൽ കണ്ട കെ.ജി ജോർജ്ജ് അതിലെങ്ങുമുണ്ടായിരുന്നില്ല. ശാരദ, ലക്ഷ്മി, വിധുബാല, സോമൻ, സുകുമാരൻ, മോഹൻ, സുകുമാരി, അടൂർ ഭാസി, ബഹദൂർ, ശങ്കരാടി, കുതിരവട്ടം പപ്പു….തുടങ്ങിയ അക്കാലത്തെ പോപ്പുലർ താരങ്ങളും, ജന്മി അടിയാൻ സംഘട്ടനം പോലെയുള്ള പോപ്പുലിസ്റ്റ് കഥാതന്തുക്കളും ദേവരാജനും ഇളയരാജയും എം.ബി ശ്രീനിവാസനും മറ്റും ഈണം പകർന്ന പാട്ടുകളുമൊക്കെ ഉണ്ടായിട്ടും ‘വ്യാമോഹം’, ‘ഇനി അവൾ ഉറങ്ങട്ടെ’, ‘ഓണപ്പുടവ’, ‘മണ്ണ്’ തുടങ്ങിയ ചിത്രങ്ങൾ കെ.ജി ജോർജ്ജ് എന്ന ചലച്ചിത്രകാരനോടൊപ്പം ചേർത്ത് ഇന്നാരും ഓർക്കുന്നില്ല. പത്മരാജൻ തിരക്കഥയെഴുതിയ ‘രാപ്പാടികളുടെ ഗാഥ’ മാത്രമാണ്, തീമിനെക്കാൾ തിരക്കഥയുടെയും പാത്രസൃഷ്ടിയുടെയും കരുത്തു കൊണ്ട് അക്കൂട്ടത്തിൽ വേറിട്ടു നിന്നത്.
കെ.ജി ജോർജ്ജ് എന്ന സംവിധായകന്റെ ഉയിർത്തെഴുന്നേൽപ്പ് സംഭവിച്ചത് ‘ഉൾക്കടൽ’ എന്ന സിനിമയിലൂടെയായിരുന്നു. വെറുമൊരു പൈങ്കിളി പ്രണയ കഥ എന്ന ഗണത്തിലേക്ക് നിഷ്പ്രയാസം വഴുതി വീണുപോകാവുന്ന ഒരു സിനിമയെ അന്നത്തെ ചെറുപ്പക്കാർ തോളത്തേറ്റിയാഘോഷിച്ച കൾട്ട് ചിത്രമായി ഉയർത്തിയത് ശോഭ, വേണു നാഗവള്ളി എന്നീ പുതുമയാർന്ന മുഖങ്ങളും, ഒ.എൻ.വി – എം.ബി ശ്രീനിവാസൻ ടീമിന്റെ ഹൃദയസ്പർശിയായ ഗാനങ്ങളും, ബാലുമഹേന്ദ്രയുടെ കണ്ണുകളെയും മനസിനെയും കവർന്നെടുത്ത ഛായാഗ്രഹണവും ഇപ്പറഞ്ഞതിനെയെല്ലാം അസാധാരണമായ കയ്യടക്കത്തോടെ കൂട്ടിയിണക്കിക്കൊണ്ട് ഒരു മികച്ച ദൃശ്യാനുഭവമാക്കി തീർത്ത സംവിധായകനും ചേർന്നാണ്.

കെ.ജി ജോർജ്ജിന്റെ പിന്നീടുള്ള ചലച്ചിത്ര സപര്യ ഒരുപാട് ചർച്ച ചെയ്യപ്പെട്ടതും ആഘോഷിക്കപ്പെട്ടതുമാണ്. ‘യവനിക’ എന്ന ചിത്രത്തിന്റെ സവിശേഷമായ ആഖ്യാനഘടന, ‘ആദാമിന്റെ വാരിയെല്ല്’, ‘മറ്റൊരാൾ’ എന്നീ ചിത്രങ്ങളിലും മറ്റും തെളിഞ്ഞു കാണുന്ന സ്ത്രീപക്ഷ രാഷ്ട്രീയം എന്നിവയൊക്കെ സിനിമാ വിദ്യാർത്ഥികളുടെ ഏറ്റവും പ്രിയപ്പെട്ട പഠന വിഷയങ്ങളാണ്. എന്നെ സംബന്ധിച്ചിടത്തോളം, ഞാൻ കെ.ജി ജോർജ്ജ് എന്ന സംവിധായക പ്രതിഭയെ ഇഷ്ടപ്പെടുന്നത് അദ്ദേഹം സൃഷ്ടിച്ച നിരവധി കഥാപാത്രങ്ങളുടെ, അവരുടെ ചില സ്വഭാവ സവിശേഷതകളുടെ പേരിലാണ്. സൂക്ഷ്മാംശങ്ങളിൽ പോലും വേണ്ടത്ര കരുതലോടെ കഥാപാത്രങ്ങളെ നിർമ്മിച്ചെടുക്കുന്നതിൽ കാണിക്കുന്ന വൈദഗ്ദ്ധ്യം ജോർജ്ജിന്റെ സിനിമകളിലേതുപോലെ മറ്റൊരിടത്തും കണ്ടിട്ടില്ല. തികച്ചും നാഗരികമായൊരു അന്തരീക്ഷത്തിൽ നിന്ന് നാട്ടിൻ പുറത്തിന്റെ വന്യവും ഗ്രാമ്യവുമായ ജീവിതാവസ്ഥയിലേക്കുള്ള ഞെട്ടിപ്പിച്ച ഒരു ജമ്പ് കട്ടായിരുന്നു ‘ഉൾക്കടലി’ൽ നിന്ന് ‘കോലങ്ങൾ’ എന്ന ചിത്രത്തിലേക്ക് ജോർജ്ജ് നടത്തിയത്. പി.ജെ ആന്റണിയ്ക്ക് മാത്രം സാധ്യമായ ചില പാത്രസൃഷ്ടികളെ, അവയുടെ നിറക്കൂട്ടിന്റെ കടുപ്പമല്പവും കുറയ്ക്കാതെ, അതേ സമയം സ്വാഭാവികതയ്ക്ക് ഭംഗമൊട്ടും സംഭവിക്കാതെയും സെല്ലുലോയ്ഡിൽ പുനഃ സൃഷ്ടിക്കുകയായിരുന്നു ജോർജ്ജ്.
‘കോലങ്ങളി’ൽ കണ്ട, മനുഷ്യന്റെ അടിസ്ഥാനസ്വഭാവത്തിലുൾച്ചേർന്നു കിടക്കുന്ന നിർദ്ദയത്വവും ക്രൂരതയും പിന്നീട് നമ്മൾ ആവർത്തിച്ചു കാണുന്നത് ആദ്യം ‘യവനിക’യിലെ അയ്യപ്പനിലും പിന്നെ ‘ഇരകളി’ലെ മാത്തുക്കുട്ടിയിലും കോശിയിലും ബേബിയിലും അവരിൽ നിന്നൊട്ടും കുറവില്ലാത്ത രീതിയിൽ ആനിയിലുമാണ്. ‘ആദാമിന്റെ വാരിയെല്ലി’ലെ മാമച്ചനിലുമുണ്ടത്. എന്തിന് ഭാര്യയെ വെറുമൊരു പീഡന വസ്തുവായി കാണുന്ന ഗോപിയിലും അയാളുടെ അമ്മയിലും വരെയത് അന്തർലീനമാണ്. ഒടുവിലത്തെ ചിത്രമായ ‘ഇലവങ്കോട് ദേശ’വും ക്രൂരരിൽ വെച്ച് ക്രൂരനായ ഒരു നാടുവാഴിയുടെ കഥയാണല്ലോ പറയുന്നത്.
കഥാപാത്രങ്ങളുടെ സൃഷ്ടിയിൽ ലോല ഭാവങ്ങൾക്കെന്ന പോലെ വന്യ ഭാവങ്ങൾക്കും നിർണ്ണായക സ്ഥാനമുണ്ടെന്നും കഥാപാത്രങ്ങളെ കറുപ്പും വെളുപ്പുമായി വേർതിരിക്കുന്ന എളുപ്പവഴിയല്ല ശരിയായത് എന്നും ജോർജ്ജ് കാണിച്ചു തന്നു. ‘കോലങ്ങൾ’ മുതൽ ‘മറ്റൊരാൾ’ വരെയുള്ള കെ.ജി ജോർജ്ജ് ചിത്രങ്ങൾ നമ്മുടെ മനസ്സിൽ നിന്നൊരിക്കലും ഇറങ്ങിപ്പോകാതെയങ്ങനെ ഇരിപ്പുറപ്പിച്ചിരിക്കുന്നത് മറ്റാരും അധികം പരീക്ഷിച്ചു വിജയിച്ചിട്ടില്ലാത്ത അത്തരം അപൂർവമായ കഥാപാത്രങ്ങളുടെ സൃഷ്ടി കാരണമാണെന്ന് ഞാൻ കരുതുന്നു.

എനിക്കേറ്റവും പ്രിയപ്പെട്ട ആദ്യത്തെ പത്തു സിനിമകളിലൊന്നായ ‘യവനിക’യിലെ ഒരു അയ്യപ്പനും രോഹിണിയും മാത്രമല്ല, അതിലെ പോലീസ് ഓഫീസർ വരെയുള്ള ഓരോ കഥാപാത്രവും ജോർജ്ജ് എന്ന തിരക്കഥാകാരന്റെയും സംവിധായകന്റെയും കൈപ്പാട് മായാത്തവണ്ണം അകമേ പേറി നടക്കുന്നവരാണ്. പുറത്ത് എടുത്തണിഞ്ഞ ആവരണങ്ങളും ആഭരണങ്ങളും ഉരിഞ്ഞുമാറ്റി,ഉള്ളി പൊളിക്കുന്നതുപോലെ പുറന്തോടുകൾ ഓരോന്നായി പൊളിച്ചു മാറ്റി, കഥാപാത്രത്തിന്റെ ആന്തരിക സത്തയിലേക്ക് ആഴത്തിലിറങ്ങി ചെല്ലുന്ന ഒരു അസാധാരണ രീതിയാണ് ആ ചിത്രത്തിലൂടെ ജോർജ്ജ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. തനിക്ക് അതിനു മാതൃകയായത് ‘റോഷോമൺ’ എന്ന കുറസോവ ചിത്രമോ മറ്റേതെങ്കിലും കുറ്റാന്വേഷണ ചിത്രങ്ങളോ അല്ല, ഓർസൻ വെയിൽസിന്റെ ക്ലാസ്സിക്ചിത്രം ‘സിറ്റിസൺ കെയിൻ’ ആയിരുന്നുവെന്ന് ജോർജ്ജ് പറഞ്ഞിട്ടുണ്ട്. അങ്ങനെ പുറംമോടികൾക്കപ്പുറമുള്ള മനുഷ്യ ജീവിതങ്ങളുടെ മനസിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലുന്ന ജോർജ്ജിന്റെ ക്രാഫ്റ്റ് അനുകരിച്ചു നോക്കിയവർ കാണുമായിരിക്കാം. എന്നാൽ അക്കാര്യത്തിൽ അത്രത്തോളം വിജയിച്ചവർ മറ്റാരുമില്ലെന്നത് ചരിത്രസത്യം.
മനുഷ്യ മനസിന്റെ അഗാധതലങ്ങൾ തേടിയുള്ള യാത്രപോലെ തന്നെ ജോർജ്ജിന് കൗതുകകരമായ മറ്റൊരു വിഷയമാണ് സമൂഹത്തോട് ഇഴചേർന്ന് കഴിയുന്ന വ്യക്തിയുടെ ജീവിതവുമെന്ന് തോന്നിയിട്ടുണ്ട്. നാടകലോകത്തെ, സിനിമാ മേഖലയിലെ, സർക്കസിലെ…നമുക്ക് നേരിട്ടധികം പരിചയമില്ലാത്ത അത്തരം ജീവിതത്തുരുത്തുകളിലെ മനുഷ്യരെ, അവരുടെ തൊഴിൽ/സാമൂഹിക പശ്ചാത്തലവുമായി ബന്ധപ്പെടുത്തി ഡോക്യുമെന്റ് ചെയ്ത മറ്റൊരാളില്ല. ‘യവനിക’യിലും (പിന്നീട് ‘കഥയ്ക്ക് പിന്നിൽ’ എന്ന ചിത്രത്തിലും) ‘ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്കി’ലുമൊക്കെ സംയമനത്തോടെയും ആത്മനിയന്ത്രണത്തോടെയും വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്ത കാരിക്കേച്ചറിങ്ങിനെ പൊളിറ്റിക്കൽ സറ്റയറായ ‘പഞ്ചവടിപ്പാല’ത്തിലെത്തിയപ്പോൾ കയറഴിച്ചു വിടുകയാണ്, ജോർജ്ജ് ചെയ്തത്. അപ്പോഴും കയറിന്റെ ഒരു തുമ്പ് സംവിധായകന്റെ കയ്യിൽ തന്നെയുണ്ടായിരുന്നു. അങ്ങനെ നമുക്ക് പൂർണ്ണമായ അർത്ഥത്തിൽ തന്നെ ഒരേയൊരു രാഷ്ട്രീയ ആക്ഷേപഹാസ്യചിത്രവും കിട്ടി.
ദുശാസനക്കുറുപ്പും, മണ്ഡോദരിയും, ബാറബാസും, കാത്തവരായനും, ജീമൂതവാഹനനും, പൂതനയും, അനാർക്കലിയുമൊക്കെ അവരുടെ പേരിലെ അപൂർവതയോടും അസാധാരണത്വത്തോടും കൂടിത്തന്നെ, നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പച്ച മനുഷ്യരായി സിനിമാ ചരിത്രത്തിലേക്ക് നടന്നു കയറി. പല തലമുറകളിൽപ്പെട്ട സിനിമാ വിദ്യാർത്ഥികൾ ആർട്ടെന്നോ കമേഴ്സ്യലെന്നോ വകഭേദമില്ലാതെ, വീണ്ടും വീണ്ടും കാണുകയും ചർച്ച ചെയ്യുകയും പഠനവിഷയമാക്കുകയും ചെയ്ത സിനിമകളുടെ സ്രഷ്ടാവ് എന്ന ചരിത്രത്തിലെ സ്ഥാനം ഒരുപക്ഷെ മലയാളത്തിൽ കെ.ജി ജോർജ്ജിന് മാത്രമവകാശപ്പെട്ടതായിരിക്കും.
മുപ്പതു വർഷങ്ങൾക്കപ്പുറത്ത് വെറും ശരാശരിയെന്ന് വിളിക്കാവുന്ന ഒരു സിനിമ സംവിധാനം ചെയ്തുകൊണ്ട് സംവിധായക ജീവിതത്തിൽ നിന്ന് വോളണ്ടിയർ റിട്ടയർമെന്റെടുത്ത ഒരാൾക്ക്, കാലം കനിഞ്ഞനുവദിച്ചു കൊടുത്ത ദാക്ഷണ്യമൊന്നുമല്ല ചരിത്രത്തിലെ ആ സ്ഥാനം. ഒരു കാലത്തെ ഊർജ്ജ്വസ്വലവും അർത്ഥപൂർണ്ണവുമായ സർഗ്ഗ ജീവിതത്തിന്, ചരിത്രം തിരിച്ചു നൽകിയ പലിശയും കൂട്ടുപലിശയുമാണ് കെ.ജി ജോർജ്ജ് എന്ന ചലച്ചിത്രകാരന് തലമുറ വ്യത്യാസമില്ലാതെ ലഭിച്ച ആദരം.
ആ സർഗ്ഗജീവിതം അതിന്റെ ഉച്ചസ്ഥായിയിലെത്തിനിന്നിരുന്ന നാളുകളിൽ, ചിത്രങ്ങളോരോന്നും കണ്ടാസ്വദിച്ചിരുന്ന, വരാൻ പോകുന്നതിനു വേണ്ടി അക്ഷമയോടെ കാത്തിരുന്ന അനേകം പേരിലൊരാൾ എന്ന നിലയിൽ, കെ.ജി ജോർജ്ജ് വിടപറയുന്നതിൽ ദുഃഖിക്കുന്നു. അതേസമയം കാലത്തെ അതിജീവിച്ച ആ സിനിമകൾ നമ്മളോടൊപ്പമെന്നുമുണ്ടെന്നോർത്തല്ലോ എന്നോർത്ത് ആശ്വസിക്കുകയും ചെയ്യുന്നു.
Well said…uchithamaya kurippu…