A Unique Multilingual Media Platform

The AIDEM

Articles Cinema Culture International Society

സ്വര്‍ഗ്ഗത്തിലേക്കുള്ള തിരോധാനങ്ങള്‍ 

സ്വര്‍ഗ്ഗത്തിലേക്കുള്ള തിരോധാനങ്ങള്‍ 

ഫലസ്തീനിൽ തുടരാൻ സാധിക്കാത്തതുകൊണ്ട് പാരീസിലും ന്യൂയോർക്കിലുമായാണ് ഏലിയ സുലൈമാൻ എന്ന ചലച്ചിത്രകാരൻ ജീവിക്കുന്നത്. ഫലസ്തീൻ എന്താണ് അല്ലെങ്കിൽ എന്തല്ല എന്നത് തീക്ഷ്ണമായ നർമ്മ-പരിഹാസത്തോടെ ആവിഷ്ക്കരിക്കുന്ന അദ്ദേഹത്തിന്റെ സിനിമകൾ ഏറെ ശ്രദ്ധേയവും സമുന്നത നിലവാരം പുലർത്തുന്നതുമാണ്. ദുരന്തങ്ങളുടെ മഹാമാരിക്കാലത്ത്, സ്വയം പരിഹസിച്ചുകൊണ്ട് ഒരിത്തിരി ചിരി ആശ്വാസമായെത്തിക്കുക മാത്രമല്ല ഏലിയ സുലൈമാൻ ചെയ്യുന്നത്: ആ പ്രക്രിയയിലൂടെ നമ്മളെ ഇരുത്തിച്ചിന്തിപ്പിക്കുകയുമാണ്. 1996ൽ അദ്ദേഹം സംവിധാനം ചെയ്ത ക്രോണിക്കിൾ ഓഫ് എ ഡിസപ്പിയറൻസ് എന്ന ആദ്യത്തെ ഫീച്ചറിന് വെനീസ് മേളയിൽ ഏറ്റവും നല്ല സിനിമക്കുള്ള പുരസ്കാരം ലഭിച്ചു. 2002ലെടുത്ത ഡിവൈൻ ഇൻറർവെൻഷന് കാനിൽ പ്രത്യേക ജൂറി പുരസ്കാരവും ഫിപ്രെസ്കി പുരസ്കാരവും ലഭിച്ചു. ഈ ചിത്രമാണ് ഏലിയ സുലൈമാൻറെ മാസ്റ്റർ പീസ് എന്ന നിലയിൽ അറിയപ്പെടുന്നത്. എവിടെയെത്തിയാലും ഫലസ്തീൻ അദ്ദേഹത്തെ പിന്തുടർന്നു പോന്നു. അദ്ദേഹത്തെ മാത്രമല്ല, ഏതൊരു ഫലസ്തീൻകാരന്റെയും ഫലസ്തീൻകാരിയുടെയും അനുഭവങ്ങളിൽ പ്രധാനമാണിത്. ഏതാണ് തങ്ങളുടെ സ്വന്തം സ്ഥലം എന്ന് ഒരിക്കലും തിരിച്ചറിയാൻ കഴിയാതെയും തീർപ്പിലെത്താതെയും അലയുന്ന; ഒടുങ്ങുന്ന ജീവിതം. മിക്കപ്പോഴും ഒരു സൂട്ട് കേസിലടച്ചു വെക്കാവുന്നതാണ് ഫലസ്തീനിയുടെ ജീവിതം. ആ സൂട്ട് കേസ് അല്ല ഫലസ്തീൻകാരന്റെ രാഷ്ട്രം എന്ന് മഹ്മൂദ് ദാർവിഷ് എഴുതുന്നുണ്ട്.

ഏലിയ സുലൈമാന്‍ കാന്‍ ഫെസ്റ്റിവലില്‍

ദാര്‍വിഷിന്റെ ഒരു കാവ്യസമാഹാരത്തിന്റെ ശീര്‍ഷകം തന്നെ ‘മൈ കണ്‍ട്രി ഈസ് നോട്ട് എ സ്യൂട്ട് കേസ്’ എന്നാണ്. ഏലിയ സുലൈമാന്റെ അത് സ്വര്‍ഗം തന്നെയായിരിക്കണം (ഇറ്റ് മസ്റ്റ് ബി ഹെവന്‍/ഫ്രാന്‍സ്, കാനഡ, ഫലസ്തീന്‍/2019) കാന്‍മേളയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചു. സ്വത്വം, ദേശീയത, ജന്മദേശത്തോടുള്ള ബന്ധം തുടങ്ങി ഫലസ്തീനിയെ അലട്ടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍, സ്വതസിദ്ധമായ കോമഡി ട്രാക്കിലൂടെ അവതരിപ്പിക്കുകയാണ് അദ്ദേഹം. തന്റെ മുന്‍ സിനിമകളിലെന്നതു പോലെ ഇറ്റ് മസ്റ്റ് ബി ഹെവനിലും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഏലിയ സുലൈമാന്‍ തന്നെയാണ്. ബസ്റ്റര്‍ കീറ്റണിന്റെയും ഴാക് താത്തിയുടെയും ശൈലികളും സമാനമാണ്. കപടലോകത്തിലാത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം എന്ന കവിവാക്യം ഓര്‍മ്മിപ്പിക്കുന്ന പശ്ചാത്തലാനുഭവങ്ങളാണ് ഏലിയ സുലൈമാന്‍ സിനിമക്കു പുറത്തെന്നതു പോലെ സിനിമക്കകത്തും നേരിടുന്നത്. പ്രമേയത്തോട് ഏറ്റവും അകല്‍ച്ച തോന്നിപ്പിക്കുന്ന രീതിയിലൂടെ; അതേ പ്രമേയത്തെ തന്നിലേക്കും കാണിയിലേക്കും വലിച്ചടുപ്പിക്കുകയാണ് അദ്ദേഹം. ഓരോ ഫ്രെയിമും എങ്ങനെ രൂപസംവിധാനം (കമ്പോസ്) ചെയ്യണമെന്നും എത്ര നേരം മരവിപ്പിച്ചു (ഫ്രീസ്) നിര്‍ത്തണമെന്നും ഏലിയ സുലൈമാന് പൂര്‍ണ നിശ്ചയമുണ്ട്. ചിലപ്പോള്‍ അദ്ദേഹമടക്കമുള്ള കഥാപാത്രങ്ങളും ഫ്രീസ് ചെയ്യപ്പെടുന്നത് കാണാം. വഴിയരുകിലെ കാപ്പിക്കടയിലിരിക്കുമ്പോള്‍, അദ്ദേഹത്തെ പരിഗണിക്കാതെ ചിലര്‍ ആ സ്ഥലത്തിന്റെ ചുറ്റളവ് എടുക്കുന്നതു പോലുള്ള അസംബന്ധങ്ങള്‍ ആഴത്തിലുള്ള അര്‍ത്ഥങ്ങളെ പുനരുത്പാദിപ്പിക്കുന്നു.

ഇറ്റ് മസ്റ്റ് ബി ഹെവന്‍ സിനിമയിലെ ഒരു രംഗം

കുറെക്കാലമായി ഫലസ്തീന്‍ വിട്ട് പാരീസിലും ന്യൂയോര്‍ക്കിലും താമസിക്കുന്ന ഏലിയ സുലൈമാന്; ഫലസ്തീനിലെ നിത്യ ജീവിതത്തെ നിര്‍ണയിക്കുന്ന അസംബന്ധങ്ങള്‍ തന്നെയാണ് വികസിത മുതലാളിത്തത്തിന്റെയും പരിഷ്കൃത നാഗരികതയുടെയും ക്രമത്തിന്റെയും സ്വര്‍ഗമായി കൊണ്ടാടപ്പെടുന്ന ഫ്രാന്‍സിലും അമേരിക്കയിലുമുള്ളതെന്ന് ബോധ്യപ്പെടുന്നു എന്നതാണ് സത്യത്തില്‍ ഈ സിനിമയുടെ ഇതിവൃത്തവും ആഖ്യാനവും. മനുഷ്യന്‍ എന്ന കോമഡി, നസറേത്ത് കടന്ന് പാരീസിലും ന്യൂയോര്‍ക്കിലും വ്യാപിച്ചിരിക്കുന്നു. ഒരു ഫലസ്തീനി സിനിമ നിര്‍മ്മിച്ചെടുക്കുന്നത് എത്രമാത്രം അസാധ്യമാണെന്ന് ഏലിയ സുലൈമാന്‍ തെളിയിക്കുന്നു. വൈല്‍ഡ് ബഞ്ച് എന്ന സിനിമാ നിര്‍മ്മാണക്കമ്പനിയില്‍ നിന്ന് അദ്ദേഹത്തിനുണ്ടാകുന്ന ദുരനുഭവം സിനിമാനിര്‍മാണം അഥവാ സിനിമ എന്ന യാഥാര്‍ത്ഥ്യത്തിന്റെ ഉള്‍വൈരുദ്ധ്യങ്ങളെ അനാവരണം ചെയ്യുന്നുണ്ട്. അതായത്, ഫലസ്തീനി സിനിമ എന്ന അസാധ്യമായ പ്രമേയത്തെ പരിചരിക്കുമ്പോള്‍, ഫലസ്തീന്‍ എന്ന ദേശ രാഷ്ട്രത്തെയും സിനിമ എന്ന മാധ്യമപ്രയോഗത്തെയും ഏലിയ സുലൈമാന്‍ പറഞ്ഞും പറയാതെയും വിശദീകരിക്കുന്നു. വൈല്‍ഡ് ബഞ്ചിന്റെ സി.ഇ.ഒ വിൻസെന്റ് മാര്‍വല്‍ (യഥാര്‍ത്ഥത്തില്‍ ഇദ്ദേഹം തന്നെയാണ് ഈ സ്ഥാനത്തിരിക്കുന്നത്) ഏലിയ സുലൈമാന്‍ സമര്‍പ്പിക്കുന്ന പ്രോജക്റ്റ് സൗമനസ്യത്തോടെ തള്ളുന്നത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്. നിങ്ങളുടെ ഈ സിനിമയില്‍ വേണ്ടത്ര ഫലസ്തീനില്ല! ദുരിതവും പവര്‍കട്ടും വെള്ളക്ഷാമവും നിരന്തര ബോംബിംഗും മരണങ്ങളും എല്ലാമടങ്ങിയ ഫലസ്തീന്‍ ക്ലിപ്പിംഗുകളുടെ വില്പനയാണ് വേണ്ടത്ര ഫലസ്തീനില്ല എന്ന നിരീക്ഷണത്തിലൂടെ സി.ഇ.ഒ പറയാതെ പറയുന്നതും ഉന്നമിടുന്നതും. സത്യത്തില്‍ ഈ കോമഡി ലക്ഷ്യം വെക്കുന്നത് സി.ഇ.ഒ മാര്‍വലിനെ മാത്രമല്ല, ആ മുറിയിലിരിക്കുന്നവരും അല്ലാത്തവരുമായ മുഴുവന്‍ സിനിമാ വിദഗ്ദ്ധരെയുമാണ്.

ഇറ്റ് മസ്റ്റ് ബി ഹെവന്‍  സിനിമയുടെ പോസ്റ്റർ

കാന്‍ ഫെസ്റ്റിവലില്‍ കാണിക്കാമെന്നു കരുതി നിര്‍മ്മാണം ആരംഭിച്ച മറ്റു ചിത്രങ്ങളുടെ ഒപ്പമാണ് ഏലിയ സുലൈമാന്റെ സിനിമ (സിനിമക്കുള്ളിലെ സിനിമ)യും നിര്‍മ്മാണ പ്രവൃത്തികളാരംഭിക്കന്നത്. എന്തായാലും കാവ്യനീതിയെന്ന മട്ടില്‍, ഈ ഫലസ്തീന്‍ വേണ്ടത്രയില്ലാത്ത (അല്ലെങ്കില്‍ ഒട്ടുമില്ലാത്ത) ഏലിയ സുലൈമാന്‍ സിനിമ കാനില്‍ പ്രീമിയര്‍ കാണിക്കുകയും ചെയ്തു. എന്നാല്‍, നമ്മള്‍ വിചാരിക്കുന്ന തരത്തില്‍ എളുപ്പത്തില്‍ ഏലിയ സുലൈമാന്‍ സിനിമയെടുത്തു തള്ളുകയാണെന്നും കരുതേണ്ട. ഈ ചിത്രത്തിനു മുമ്പത്തെ അദ്ദേഹത്തിന്റെ സിനിമയായ ‘ദ ടൈം ദാറ്റ് റിമൈന്‍സ്’ പത്തു വര്‍ഷം മുമ്പാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. അപ്പോള്‍, അദ്ദേഹത്തിന്റെ മുന്‍ സിനിമകളിലെന്നതു പോലെ ഈ സിനിമയിലുമുള്ള കോമഡിയും ആത്മപരിഹാസവും; ഒറ്റപ്പെടലുകളും വേദനകളും തിരസ്കാരങ്ങളും ഉള്ളിലൊളിപ്പിച്ചുവെച്ചവയാണ്. റിയലിസമേത് സര്‍ റിയലിസമേത് എന്നു തിരിച്ചറിയാത്ത വിധത്തില്‍ വിജനമായ പാരീസ് നഗരവീഥികള്‍ എങ്ങനെ ഏലിയ സുലൈമാന് ചിത്രീകരിച്ചെടുക്കാന്‍ സാധിച്ചു എന്നു നാം വിസ്മയിക്കും. ഒന്നുകില്‍, വന്‍ തുക കെട്ടി വെച്ച് നഗരാധികൃതരുടെ അനുമതിയോടെ കടകളടച്ചിട്ട് ജനങ്ങളെ ഒഴിപ്പിച്ച് അദ്ദേഹം ചിത്രീകരിച്ചതാവും. അതല്ലെങ്കില്‍ രാത്രി പകലാക്കിയതോ വേനല്‍ക്കാലങ്ങളിലെ പ്രഭാതങ്ങളില്‍ ചിത്രീകരിച്ചതോ ആവും. അതുമല്ലെങ്കില്‍ സെറ്റിട്ടതാവും. ഏതായാലും ചിലവ് നല്ല തോതില്‍ വരും. അതിനര്‍ത്ഥം, എത്ര തിരസ്കാരങ്ങള്‍ക്കു ശേഷവും പ്രതിഭാശാലിയായ സംവിധായകന് അദ്ദേഹത്തിന്റെ ചലച്ചിത്ര തീര്‍ത്ഥാടനങ്ങള്‍ക്കായി അവസരങ്ങള്‍ തുറന്നുകിട്ടപ്പെടുക തന്നെ ചെയ്തുവെന്നുമാണ്. അതാണ് എല്ലാ ദുരിതങ്ങള്‍ക്കുമിടയിലുള്ള വെളിച്ചത്തിന്റെ വെള്ളിരേഖ. അതിനെ സ്വര്‍ഗമെന്നല്ലാതെ എന്താണ് വിളിക്കുക?

ഏലിയ സുലൈമാന്‍

വിഡ്ഢിയല്ലാത്ത വിശുദ്ധ വിഡ്ഢിയായിട്ടാണ് ഏലിയ സുലൈമാന്‍ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് പീറ്റര്‍ ബ്രാഡ്ഷാ അഭിപ്രായപ്പെടുന്നു. ഒരുവട്ടം ഒരു വാക്കോ മറ്റോ ഉച്ചരിക്കുന്നതല്ലാതെ സിനിമയിലുടനീളം അദ്ദേഹം ഒന്നും സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യുന്നില്ല. മറുലോകമെന്നത്, ഫലസ്തീന്റെ ഒരു ചെറുപതിപ്പ് (മൈക്രോകോസം) ആണെന്നാണ് ഏലിയ സുലൈമാന്റെ അഭിപ്രായം. എല്ലാം സുരക്ഷിതമെന്നും സ്വര്‍ഗമെന്നും കരുതപ്പെടുന്ന വികസിത മുതലാളിത്ത രാജ്യങ്ങളായ ഇറ്റലിയെയും കാനഡയെയും ബ്രിട്ടനെയും അമേരിക്കയെയും കൊറോണ വൈറസ് പിടികൂടിയ ഇക്കാലത്ത് കാണാവുന്ന, കാണേണ്ട സിനിമ കൂടിയാണ് ഇറ്റ് മസ്റ്റ് ബി ഹെവന്‍.

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.