
ഡേവിഡ് ലിഞ്ചിൻറെ പ്രശസ്തമായ “ലോസ്റ്റ് ഹൈവെ”യിൽ സാക്സോഫോൺ വായനക്കാരനായ നായകൻറെ, ഫ്രെഡ് മാഡിസൺ, മായാദർശനങ്ങളെയാണ് നമുക്ക് കാണാനാവുന്നത്. പേടിസ്വപ്നങ്ങളിലൂടെയും മായക്കാഴ്ചകളിലൂടെയും സ്വന്തം ജീവിതത്തിലെ ദുരന്തങ്ങളിലൂടെ കടന്ന് പോകുന്ന ആ മനുഷ്യൻറെ ശൈഥില്യം നിറഞ്ഞ ജീവിതമാണ് ലിഞ്ച് നമുക്ക് കാട്ടിത്തരുന്നത്. അജ്ഞാതനായ ഒരു മനുഷ്യൻ അയാളുടെ ജീവിതത്തിലേക്ക് കടന്ന് വരികയും അയാളുടെ ജീവിതത്തെ അപ്പാടെ തകിടം മറിക്കുകയും ചെയ്യുന്നു. ഒരു സ്വപ്നത്തിൽ സ്വന്തം ഭാര്യയെ വകവരുത്തിയ അയാൾ ജയിലിലാകുന്നു. അവിടെ സെല്ലിലടച്ച അയാളെ ഒരു ദിവസം കാണുന്നില്ല. പകരം മറ്റൊരാളെയാണ് അവിടെ പോലീസ് കാണുന്നത്. കുറ്റവിമുക്തനാക്കപ്പെട്ട പുതിയ ആളുടെ പിന്നാലെയായി പിന്നെ കഥ പോകുന്നത്. എന്നാൽ ഒടുവിൽ നമ്മുടെ നായകൻ തിരിച്ച് വരുന്നു. തൻറെ ദുരന്തങ്ങളുടെ കാരണക്കാരനെ വകവരുത്തി മാഡിസൺ രക്ഷപ്പെടുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ “നൻ പകൽ നേരത്ത് മയക്കം” സമാനമായ അനുഭവങ്ങളിലൂടെ നമ്മെ തെളിച്ച് കൊണ്ട് പോകുന്ന സിനിമയാണ്.

അകത്തു നിന്നും പുറത്തേക്ക് തുറന്ന് വെച്ച ഒരു ക്യാമറ കണ്ണിലൂടെയാണ് “നൻ പകൽ നേരത്ത് മയക്കം” തുടങ്ങുന്നത്. പുറത്ത് തെരുവിലേക്കാണ് അത് നീണ്ട് പോകുന്നത്. വെളിച്ചത്തിൻറെ ആ തെരുവിലേക്കാണ് നമ്മുടെ കാഴ്ച തുറക്കുന്നത്. ഉള്ളിൽ കിളിക്കൂടുകൾ പോലെ അടച്ചിട്ട ഏതാനും മുറികളുണ്ട്. ആ മുറികളുടെ വാതിലുകളിൽ തെരുതെരെ മുട്ടി വിളിച്ച് കൊണ്ട് അകത്തേക്ക് കടന്ന് വരുന്ന ഒരു മനുഷ്യൻ ഈ മുറികളിലെ മനുഷ്യരെയല്ല അകത്തു നിന്ന് പുറത്തേക്ക് നോക്കിയിരിക്കുന്ന “നമ്മുടെ” ബോധത്തെയാണ് ഉണർത്താൻ ശ്രമിക്കുന്നത്. അത് കൊണ്ട് തന്നെ സിനിമ നമ്മുടെ ഉള്ളിൽ അടക്കി വെച്ച നാം തുറക്കാൻ ഭയക്കുന്ന കാമനകളെയാണ് ഉണർത്താൻ ശ്രമിക്കുന്നത്.
ജെയിംസ് എന്ന സാധാരണക്കാരനായ മനുഷ്യനാണ് ഇതിലെ മുഖ്യ കഥാപാത്രം. ഭാര്യയും കുടുംബവും സുഹൃത്തുക്കളുമൊപ്പം വേളാങ്കണ്ണിയിലെത്തിയ അയാൾ തിരിച്ച് പോകാനുള്ള തിടുക്കത്തിലാണ്. മാത്രമല്ല റേഷൻ കട നടത്തുന്ന അയാളുടെ സുഹൃത്തിന് അടുത്ത ദിവസം കട തുറക്കേണ്ടതുണ്ട്. അല്പം വൈകിയാണെങ്കിലും സംഘം യാത്ര തുടങ്ങുന്നു.
ചോളപ്പാടങ്ങളിലൂടെയും ആൾപ്പാർപ്പ് കുറഞ്ഞ ഇടങ്ങളിലൂടെയും ഉള്ള ആ ദീർഘ യാത്രയുടെ വിരസത ഒഴിവാക്കാൻ മറ്റുള്ളവർ നടത്തുന്ന പരിപാടികളിൽ ജെയിംസ് പങ്കെടുക്കുന്നില്ല എന്ന് മാത്രമല്ല അയാൾ അത് നിർത്തിവെപ്പിക്കുകയും ചെയ്യുന്നു. അയാൾക്ക് അയാളുടെ സ്വപ്നങ്ങളും പിടിവാശികളുമുണ്ട്. മടുക്കുന്ന ദീർഘയാത്രക്കിടയിൽ അവരൊന്നാകെ ബസ്സിനകത്ത് മയക്കത്തിലേക്ക് അടർന്ന് വീഴുന്നു. എല്ലാവരും ഉച്ചമയക്കത്തിൻറെ ആലസ്യത്തിലേക്ക് കടന്നപ്പോൾ ഒരു വെളിപാട് പോലെ ജെയിംസ് ഉണരുന്നു. പിന്നീട് തീർത്തും അപരിചിതമായ ഒരു ലോകത്തേക്ക് അയാൾ നടന്ന് പോകുന്നു. അവിടെ അയാളെ കാത്ത് ഒരു “കഥ” കിടപ്പുണ്ടായിരുന്നു. അതിന് “സുന്ദര” മായൊരു പിൻ കഥയുണ്ട്. അത് സുന്ദരം എന്ന മനുഷ്യൻറെ ജീവിതമായിരുന്നു. സുന്ദരത്തിന് കുടുംബവും കൂട്ടുകാരുമുണ്ട്. ചക്ക് കാളക്ക് സമാനമായ ഒരു ജീവിതമുണ്ട്. കൃഷിയും പശുവും പട്ടിയും കൂടാതെ ഭാര്യയും അമ്മയും മക്കളുമൊക്കെയുണ്ട്. അവരെയൊക്കെ ചുറ്റിപ്പറ്റിയായിരുന്നു അയാളുടെ ജീവിതം മുന്നോട്ട് പോയിരുന്നത്. ഇതൊക്കെയുണ്ടെങ്കിലും സുന്ദരം എന്ന ആ കഥയിലെ നായകൻ ഉച്ചമയക്കത്തിലായിരുന്നില്ല. അയാൾ പണ്ടെങ്ങോ മയക്കം വിട്ട് കടന്നു കളഞ്ഞ ഒരു ഒഴിഞ്ഞ കളം മാത്രമായിരുന്നു. അയാളെ പറ്റി ഇപ്പോൾ ആർക്കും ഒന്നുമറിയില്ല. ജയിംസിനെ പോലെ അയാൾ മറെറവിടെയെങ്കിലും ഉണ്ടാകും, സ്വന്തം സ്വപ്നത്തിൽ. സുന്ദരത്തിൻറെ ആ ഒഴിഞ്ഞ കളത്തിലേക്കാണ് ജെയിംസിൻറെ കാമനകൾ കടന്ന് കയറിയത്. ജെയിംസ് സുന്ദരത്തിൻറെ പാദങ്ങൾ പിന്തുടരുന്നു. അയാളുടെ കുടുംബത്തിൻറെ സ്വകാര്യതയിലേക്ക് കടന്ന് കയറുന്നു. എന്തിന് സ്വന്തം മനസ്സും ശരീരവും പോലും അയാൾ സുന്ദരത്തിന് കാണിക്ക വെക്കുന്നു.

ഓരോ മനുഷ്യന്റെ ഉള്ളിലും അവന് പുറത്തു പറയാൻ മടിയുള്ള ഒരു പാട് വിചാരങ്ങൾ ഉണ്ടാകും. മനസിന്റെ ഉള്ളിൽ നിന്ന് മടിയോടെ പുറത്തേക്ക് നോക്കിയിരിക്കുന്ന പുറത്തു ചാടാൻ കാത്തിരിക്കുന്ന ഈ ചിന്തകൾ ചിലപ്പോഴൊക്കെ നമ്മുടെ അനുവാദമില്ലാതെ തന്നെ പുറത്തു ചാടും. നമുക്ക് അന്യമായ ഭൂപ്രദേശങ്ങളിൽ അപരിചിതരായ മനുഷ്യരോടൊപ്പം കറങ്ങി നടക്കും. അവർ തിരസ്കരിച്ചാലും അവരുടെ പ്രിയപ്പെട്ട ആരോ ആണ് താൻ എന്ന് അവകാശപ്പെട്ടു അവരുടെ സ്വകാര്യ ഇടങ്ങളിൽ അതിക്രമിച്ചു കയറും. അവരുടെ ജീവിതത്തിന്റെ കടിഞ്ഞാൺ തന്നെ കയ്യിലെടുക്കും. ജയിംസ് എന്ന കഥാപാത്രത്തിന് അതാണ് സംഭവിക്കുന്നത്. ഒരു യാത്രയുടെ ഇടവേളയിൽ ഒരു ഉച്ചമയക്കത്തിനിടയിൽ കൂട്ടുകാരേയും സ്വന്തം കുടുംബത്തെയും പാതി വഴിയിലുപേക്ഷിച്ച് നടന്നകന്നത് ജെയിംസല്ല. അയാളുടെ ബോധമണ്ഡലത്തിൽ പതുങ്ങിയിരിപ്പുണ്ടായിരുന്ന അയാളുടെ കാമനകളാണ്. സ്വന്തം കാമനകളെ പിടിച്ച് നിർത്താനാവാത്ത ജെയിംസ് നമ്മളിലൊരാളായിരുന്നു. സുന്ദരത്തിൻറെ വീട്ടിൽ അത് തിരിച്ചറിയുന്നത് ഒരേ ഒരാൾ മാത്രം, അയാളുടെ അമ്മ. ഇരുപത്തിനാല് മണിക്കൂറും ടെലിവിഷൻറെ വ്യാജനിർമിതിക്കുള്ളിൽ സ്വയം മറന്ന് അലിഞ്ഞ് ചേരുന്നുണ്ടെങ്കിലും അവർക്ക് മറ്റുള്ളവരേക്കാളും യാഥാർഥ്യബോധമുണ്ട്. കഥയുടെ സ്വാഭാവികമായ അന്ത്യത്തെ കുറിച്ച് അവർക്ക് ഒട്ടും പരിഭ്രാന്തിയില്ല. അത് കൊണ്ട് തന്നെ എല്ലാം കഴിഞ്ഞ് മയക്കത്തിൻറെ പടവുകളിൽ തൻറെ ഭ്രാന്തമായ ചിന്തകളെ അഴിച്ച് വെച്ച് ജെയിംസ് മടങ്ങുമ്പോഴും അമ്മക്ക് ഒട്ടും തന്നെ നഷ്ടബോധമില്ല.
ജയിംസിന്റെ മനസിന്റെ അറകളിൽ നിന്ന് ഊരി തെറിച്ചു പോയ ചിന്തകളുടെ കെട്ടുപാടുകൾ അയഞ്ഞ് തീർന്നപ്പോൾ അയാൾ സ്വന്തം കിളിവാതിൽ അടച്ചു തിരിച്ചു പോകുന്നുണ്ട്, സ്വന്തം ജീവിതത്തിലേക്ക് തന്നെ. അയാളുടെ മനസിന്റെ ഉള്ളറകളിൽ എത്തി നോക്കിയ അയാളുടെ സുഹൃത്തുക്കളും ബന്ധുക്കളും ഒന്നുമറിയാത്തത് പോലെ അയാളോടൊപ്പം ജീവിതയാത്ര തുടരുന്നു, ഇടക്കെപ്പോഴോ നിവർത്തി വെച്ച ഉച്ചമയക്കത്തെ തെറുത്ത് വെച്ച്.
സുന്ദരത്തിൻറെ കുടുംബത്തിലും ഊരിലും ജെയിംസ് ഉണ്ടാക്കിയ അങ്കലാപ്പ് ചെറുതല്ല. എവിടെ നിന്നോ കടന്ന് വന്ന ഒരാൾ സ്വന്തം മകൻറെ, ഭർത്താവിൻറെ, അച്ഛൻറെ, കൂട്ടുകാരൻറെ, നാട്ടുകാരൻറെ സ്ഥാനത്ത് അവകാശം ഉന്നയിക്കുമ്പോൾ അതുണ്ടാക്കുന്ന ശൈഥില്യം കുറച്ചൊന്നുമല്ല. തെരുവിലും ചന്തയിലും അതിരാവിലെ പാല് വാങ്ങുന്ന ഭവനങ്ങളിലും ഒക്കെ അയാൾ ഒഴിയാബാധ പോലെ അലയുന്നു. സ്വന്തം ആസ്തിത്വം ഉറപ്പിക്കാൻ അയാൾ ശ്രമിക്കുന്നുണ്ടെങ്കിലും അയാൾക്ക് അത് സാധ്യമായിരുന്നില്ല. അയാൾ തിരസ്കരിക്കപ്പെടുന്നു. കാനയിലേക്ക് ഒഴുക്കി വിടുന്ന പാല് പോലെ അയാളുടെ ജീവിതം ആരാലും സ്വീകരിക്കപ്പെടാതെ പോകുന്നു. എന്നിട്ടും അയാൾക്ക് വേവലാതിയില്ല. മറ്റുള്ളവർക്ക് വേണ്ടെങ്കിലും അയാൾ തുടരുന്നു. ഒടുവിൽ അമ്മയുടെ മടിയിൽ അയാൾ അഭയം തേടുന്നു. ആർക്കും അഭയം കിട്ടുന്ന സ്ഥലമാണ് അമ്മമാർ എന്ന് നമുക്ക് ആശ്വസിക്കാം.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻ പകൽ നേരത്ത് മയക്കം യഥാർത്ഥത്തിൽ നമ്മുടെ തന്നെ മനസ്സിന്റെ ഇരുണ്ട കോണുകളിലേക്കുള്ള ഒരു യാത്ര മാത്രമാണ്. അവിടെ അടിഞ്ഞു കൂടിയ ചിന്തകളുടെയും വികാരങ്ങളുടെയും അസ്വാഭാവികമായ ഒരു വെളിപ്പെടൽ മാത്രമാണ്. ഒരു ഉച്ചമയക്കത്തിൽ വേലി തകർത്ത് പടിയിറങ്ങിപ്പോയ നമ്മുടെ മനസ്സിൻറെ ഇരുണ്ട അറകളിൽ ഒന്ന് മാത്രമാണ്. അത് കൊണ്ട് അയാൾക്ക് തിരിച്ച് ജെയിംസ് ആകാതെ പറ്റില്ല. സുന്ദരത്തിൻറെ ആളില്ലാ കളത്തിന് മറ്റൊരാൾ വന്നേക്കും, മറ്റൊരു പകൽ മയക്കത്തിൽ.

തമിഴ് ഭാഷ ഈ സിനിമയെ ഒട്ടൊന്നുമല്ല സഹായിച്ചത്. ഭാഷ പലപ്പോഴും സിനിമയുടെ ജൈവഘടകമായി പ്രവർത്തിക്കും. അത് പോലെ തന്നെ നമ്മെ അമ്പരപ്പിക്കുന്നതാണ് എസ് ഹരീഷിൻറെ തിരക്കഥ. ഫാൻറസിയുടെ അസാധാരണമായ വേഷപ്പകർച്ച സിനിമയുടെ തമിഴ് അന്തരീക്ഷവുമായി ഇണ ചേരുന്ന രീതിയിൽ അതി മനോഹരമായാണ് ഹരീഷ് ഒരുക്കിയത്. അത് അങ്ങേയറ്റം ദൃശ്യവൽക്കരിക്കുന്നതിൽ തേനി ഈശ്വറിൻറെ ക്യാമറ കുറച്ചൊന്നുമല്ല സഹായിച്ചത്. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രമായി ജയിംസിനെ ചരിത്രം അടയാളപ്പെടുത്തും

മനുഷ്യാവസ്ഥയുടെ ദ്വന്ദത്തെയാണ് സിനിമ ആഘോഷിക്കുന്നത്. സ്വന്തം ജീവിതത്തിനും ചിന്തകൾക്കുമപ്പുറം അപരൻറെ ജീവിതം ജീവിക്കാൻ ഓരോ മനുഷ്യനിലുമുള്ള സ്ഥായിയായ ത്വരയാണ് സിനിമക്കാധാരം. നമ്മുടെയൊക്കെ മനസ്സിനകത്ത് അടിഞ്ഞ് കൂടി ചീഞ്ഞളിയുന്ന ഈ അപരത്വമാണ് ജെയിംസിൻറെ ഉച്ചമയക്കത്തിൽ നാം അനുഭവിക്കുന്നത്. ഇവിടെ തുടക്കവും അവസാനവും നമുക്ക് ഒന്നായി വിളയിച്ചെടുക്കാം. സ്വന്തം മനസ്സിൽ നിന്ന് പുറത്തേക്ക് നോക്കുന്ന ക്യാമറയിൽ നിന്ന് ഗ്രാമത്തെ അപ്പാടെ തിരസ്കരിച്ച് ഒന്നുമറിയാത്തത് പോലെ പുറം തിരിഞ്ഞ് നടക്കുന്ന ജെയിംസിലേക്ക് സിനിമ വളരുകയും അവസാനിക്കുകയും ചെയ്യുന്നു. സിനിമ അവിടെ അവസാനിച്ചുവെങ്കിലും അതുണ്ടാക്കുന്ന നടുക്കം കാണികളുടെ മനസ്സിനകത്ത് നിർത്താത്ത ചലനങ്ങൾ സൃഷ്ടിക്കുന്നു എന്നതാണ് സിനിമയുടെ വിജയം. ഭീതിരഹിതമായ ഒരു ഉച്ചമയക്കം ഇനി സാധ്യമല്ലാത്ത വിധം സിനിമ നമ്മെ അടക്കം പിടിക്കും, തീർച്ച.