മധു ജനാര്‍ദ്ദനന് ഋത്വിക് ഘട്ടക്ക് രാഷ്ട്രാന്തര പുരസ്‌കാരം
മുതിര്‍ന്ന ഫിലിം സൊസൈറ്റി പ്രവര്‍ത്തകനും ഡോക്കുമെന്ററി സംവിധായകനും നിരൂപകനുമായ മധു ജനാര്‍ദ്ദനനെ 2023ലെ ഋത്വിക് ഘട്ടക്ക് രാഷ്ട്രാന്തരപുരസ്‌കാരത്തിന് തെരഞ്ഞെടുത്തു. ബംഗ്ലാദേശിലെ രാജ്ശാഹിയിലുള്ള ഋത്വിക് ഘട്ടക് ഫിലിം സൊസൈറ്റിയാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അമിതാവ ഘോഷ്, ശമീം അക്തര്‍, രക്കിബുള്‍ ഹാസന്‍ എന്നിവര്‍ക്കും ഈ വര്‍ഷത്തെ പുരസ്‌കാരം ലഭിക്കും.
വിഖ്യാത ഇന്ത്യന്‍ സംവിധായകനായ ഋത്വിക് ഘട്ടക് ജനിച്ചത് ഇപ്പോഴത്തെ ബംഗ്ലാദേശിലുള്‍പ്പെടുന്ന (കിഴക്കന്‍ ബംഗാള്‍) രാജ്ശാഹിയിലാണ്. വിഭജനത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെത്തിയ അദ്ദേഹം പില്‍ക്കാലത്ത് ഇവിടെയാണ് ജീവിച്ചത്. വിഭജനത്തിലൂടെ നഷ്ടമായ ജന്മദേശം ഘട്ടക്കിന്റെ സിനിമാഖ്യാനങ്ങളുടെ സ്ഥിര പ്രമേയമായിരുന്നു. നവംബര്‍ 4ന് ഋത്വിക് ഘട്ടക്കിന്റെ ജന്മദിനവാര്‍ഷികപരിപാടികളുടെ ഭാഗമായി രാജ്ശാഹിയില്‍ വെച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ബുദ്ധദേബ് ദാസ്ഗുപ്ത, സയ്യിദ് ഹാസന്‍ ഇമാം, മൊര്‍ഷെബുല്‍ ഇസ്ലാം, താരെഖ് മസൂദ് (മരണാനന്തരം), ഹബീബുര്‍ റഹ്മാന്‍, നസീറുദ്ദീന്‍ യൂസുഫ്, പ്രേമേന്ദ്ര മജൂംദാര്‍, വി.കെ ജോസഫ് എന്നിവര്‍ക്കെല്ലാമാണ് മുന്‍ വര്‍ഷങ്ങളില്‍ ഋത്വിക് ഘട്ടക് മെമ്മോറിയല്‍ അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.
മലപ്പുറം രശ്മി ഫിലിം സൊസൈറ്റിയുടെ മുഖ്യ സംഘാടകനായി നിരവധി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച മധു ജനാര്‍ദ്ദനന്‍ രശ്മിയ്ക്കു വേണ്ടി നിര്‍മ്മിച്ച ഇതിഹാസത്തിലെ ഖസാക്ക് എന്ന ഡോക്കുമെന്ററിയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മധു സെക്രട്ടറിയായിരുന്ന കാലയളവില്‍ രശ്മി ഫിലിം സൊസൈറ്റിയ്ക്ക് രണ്ടു തവണ ജോണ്‍ ഏബ്രഹാം അവാര്‍ഡ് ലഭിച്ചു.
എം.എസ് ബാബുരാജ്-മിത്തും മനസ്സും, റെയിസ് എഗെന്‍സ്റ്റ് ടൈം എന്നീ ഡോക്കുമെന്ററികളും മലപ്പുറം സോക്കര്‍ സോംഗ് എന്ന സംഗീത വീഡിയോയും സംവിധാനം ചെയ്തു. റെയിസ് എഗെന്‍സ്റ്റ് ടൈം എന്ന ഡോക്കുമെന്ററി ഗ്രീസിലെ ഏതന്‍സില്‍ നടന്ന ഇമോഷന്‍ പിക്‌ച്ചേഴ്‌സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു.
അല അവാര്‍ഡ് നേടിയ ഫുട്ബാള്‍ സിനിമകള്‍-കാഴ്ചയും പ്രതിനിധാനവും, കളിക്കളങ്ങള്‍ക്കപ്പുറം, ടി.വി ചന്ദ്രന്‍-സിനിമ ജീവിതം ദര്‍ശനം, കലാഭവന്‍ മണി, കെ.പി കുമാരന്‍-പ്രദേശം ആധുനികത സിനിമ, ഗിരീഷ് കര്‍ണാട്-കലയിലെ നിലപാടുകള്‍, ബുദ്ധദേബ് ദാസ് ഗുപ്ത-കാവ്യജീവിതത്തിന്റെ തിരയടയാളങ്ങള്‍ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു. മീഡിയ വണ്‍ ചാനലിലെ സെന്‍സര്‍ബോര്‍ഡ് എന്ന പരിപാടിയുടെ അവതാരകനായിരുന്നു. ഫിലിം സ്റ്റഡീസ് അദ്ധ്യാപകനായി പല ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും ക്ലാസുകളെടുക്കുന്നുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം നിരവധി ചെറുതും വലുതുമായ ചലച്ചിത്രാസ്വാദന ക്യാമ്പുകളില്‍ ഡയറക്ടരായും റിസോഴ്‌സ് പേഴ്‌സണായും മധു പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഫിലിം സൊസൈറ്റി ഫെഡറേഷന്‍ പ്രവര്‍ത്തകനായ അദ്ദേഹം കേരളത്തിലെ അന്താരാഷ്ട്ര മേളകളിലെ ഓപ്പണ്‍ ഫോറം സംഘാടകനുമാണ്. ഐ.എഫ്.എഫ്.കെ ഡെയ്‌ലി ബുള്ളറ്റിന്‍ നിരവധി വര്‍ഷങ്ങളില്‍ എഡിറ്റ് ചെയ്തു. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ (എഫ്.എഫ്.എസ്.ഐ) പ്രസിദ്ധീകരണമായ ‘ദൃശ്യതാളം’, ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരണമായ ‘ചലച്ചിത്ര സമീക്ഷ’ എന്നിവയുടെ എഡിറ്റോറിയല്‍ ബോര്‍ഡുകളിലും അംഗമായിരുന്നിട്ടുണ്ട്.
അഭിനന്ദനങ്ങൾ