ഉസ്താദ് സക്കീർ ഹുസൈൻ; സ്വപ്നത്തിനുമപ്പുറമുള്ള ഹൃദയ സംഗീതം തീർത്തവൻ
ഗസല്‍ എന്ന കവിതയില്‍ ഹൃദയത്തിനകത്ത് ധിമിധിമിക്കുന്ന ഋതുശൂന്യമായ വര്‍ഷങ്ങളുടെയും ആയിരം ദേശാടകപക്ഷികളുടെ ദൂരദൂരമാം ചിറകടികളുടെയും ശബ്ദമായി മാറുന്ന തബലവാദനത്തെ കുറിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതുന്നുണ്ട്. തബലയില്‍ നിന്നും ചിതറിത്തെറിക്കുന്ന മേളത്തെ കുറിച്ച് ഭാവനയില്‍ സങ്കല്‍പ്പിക്കാനാവുന്ന ഏറ്റവും ഭ്രമാത്മകമായ സാധ്യതകളായിരുന്നു അത്. ഉസ്താദ് സക്കീർ ഹുസൈന്‍ പക്ഷേ ഭാവനക്ക് പിടികൊടുക്കാത്തത്രയും ഉയരമുള്ള തട്ടിലിരുന്നാണ് തന്റെ മാന്ത്രിക വിരലുകള്‍ കൊണ്ട് പാടിയത്. അകമ്പടി വാദ്യത്തേക്കാളുപരി തബലയെ പുതിയൊരു സംഗീതശാഖ തന്നെയാക്കി അദ്ദേഹം വികസിപ്പിച്ചു. തബലയുടെ കുറ്റിയില്‍ മൈതാന്‍ എന്നു വിശേഷിപ്പിക്കുന്ന ഭാഗത്തെ അക്ഷരാര്‍ഥത്തില്‍ മേളപ്പറമ്പാക്കി മാറ്റി. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഉസ്താദ് സിദര്‍ഖാന്‍ ദാദി തുടക്കമിട്ട ദില്ലി ഖരാനയില്‍ നിന്നാരംഭിച്ച രണ്ടു വിരലുകള്‍ കൊണ്ടുള്ള പേശ്കാറും ഖയാദയും പഞ്ചാബി ഖരാനയിലെത്തിയപ്പോള്‍ സക്കീർ ഹുസൈനിലൂടെ പുതിയ തലങ്ങളിലേക്ക് വികസിച്ചു. വിരലുകളുടെയും പെരുക്കങ്ങളുടെയും എണ്ണം കൂടി. തബലയുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘ബന്ദ് ബാജി’ല്‍ നിന്നും ‘ഖുലാ ബാജി’ലേക്കുള്ള ശൈലീ മാറ്റം. സക്കീർ ഹുസൈനോടു പറഞ്ഞാല്‍ തബലയില്‍ ഒരു ന്യൂസ് ബള്ളറ്റിന്‍ തന്നെ വായിച്ചു തരുമെന്നാണ് അദ്ദേഹത്തെ കേട്ടപ്പോഴൊക്കെയും എനിക്ക് തോന്നിയത്. 2019ല്‍ ദല്‍ഹിയിലെ കമാനി ആഡിറ്റോറിയത്തില്‍ ശ്രീരാം ഭാരതീയ കലാ കേന്ദ്രത്തിന്റെ അതിഥിയായി അദ്ദേഹം വന്നതോര്‍ക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ദില്ലി നഗരത്തിന് മഹാനായ ആ കലാകാരനെ വീണ്ടുമൊരിക്കല്‍ കൂടി വരവേല്‍ക്കാനുള്ള ഭാഗ്യമുണ്ടായത്. 2024ലും അദ്ദേഹം വരുന്നുണ്ടെന്ന വാര്‍ത്തകളുണ്ടായിരുന്നു.
വാക്കിലും നോക്കിലും നടത്തത്തിലുമെല്ലാം സംഗീതം നിറഞ്ഞു നിന്ന ജീവിതം. പ്രായം എഴുപത് പിന്നിട്ടിട്ടും പെര്‍ക്കുഷന്‍ വാദ്യങ്ങളുടെ ആഗോള അംബാസഡറായി സക്കീർ ഹുസൈന്‍ ലോകം ചുറ്റി നടന്നു. അദ്ദേഹത്തിന്റെ വിരലുകള്‍ക്ക് പഴയ അതേ യൗവനമായിരുന്നു. പക്ഷെ മനസ്സുകൊണ്ട് ഉസ്താദ് ഈ ലോകത്താട് വിടപറയാന്‍ തയാറെടുത്തു കഴിഞ്ഞിരുന്നുവെന്നാണ് തോന്നുന്നത്.
അമേരിക്കയിലെ തന്റെ വസതിക്കു പുറത്ത് നിന്ന് അദ്ദേഹം അവസാനമായി ഇന്‍സ്റ്റയില്‍ പങ്കുവെച്ച വീഡിയോ വിസ്മയകരമായ വിധം പ്രവചന സ്വഭാവത്തിലുള്ളതാണ്. ചുവന്നു തുടുത്ത ഏതാനും ചിനാര്‍ മരങ്ങള്‍ കാറ്റേറ്റുലയുന്ന ദൃശ്യമായിരുന്നു അത്. പശ്ചാത്തല സംഗീതമില്ലാതെ അദ്ദേഹത്തിന്റെ ഫോണ്‍ ക്യാമറ മരങ്ങളില്‍ നിന്ന് മരങ്ങളിലൂടെ നീങ്ങുന്നുണ്ട്. അതിനിടക്ക് സക്കീർ ഹുസൈന്‍ ഇങ്ങനെ പറയുന്നത് കേള്‍ക്കാം. ‘മരങ്ങള്‍ അവയുടെ നിറം മാറുകയാണ്. അവിശ്വസനീയവും അതിമനോഹരവുമാണ് ഇലകളിലൂടെയുള്ള കാറ്റിന്റെ ആ ചലനം. അല്‍ഭുതകരമാണ് ഈ പരിവര്‍ത്തനം’ സംഗീത ശൂന്യമായ ആ വീഡിയോയില്‍ മാറ്റത്തെ കുറിച്ചുള്ള ആ ഭാഗം വല്ലാതെ മുഴച്ചു നില്‍ക്കുന്നതു പോലെയാണ് കേള്‍ക്കുമ്പോള്‍ തോന്നുക. കാലത്തിന് വഴിമാറിക്കൊടുക്കുന്ന ഇലയുടെ സംക്രമണം ഉസ്താദ് ആസ്വദിക്കുന്നുണ്ട്. ഈ വീഡിയോ പങ്കുവെച്ചതിന്റെ പിന്നാലെയാണ് ഏറെക്കാലമായി അലട്ടിയിരുന്ന ഇഡിയോപതിക് പള്‍മണറി ഫൈബ്രാസിസിന്റെ ചികില്‍സക്കു വേണ്ടി അദ്ദേഹം സാന്‍ഫ്രാസിസ്‌കോയിലെ ആശുപത്രിയിലേക്ക് പോയത്. ഐ.സി.യുവില്‍ നിന്നും ഡിസംബര്‍ 14ന് വെന്റിലേറ്ററിലേക്ക് നീക്കിയെങ്കിലും ഉസ്താദിനെ രക്ഷിക്കാനായില്ല. ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. ഞായറാഴ്ച കാലത്ത് 4 മണിയോടെ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചു. ശൈത്യകാലമെത്തുമ്പോള്‍ പൊഴിയുന്ന ചിനാര്‍ വൃക്ഷത്തിന്റെ ഇലയെ ഓര്‍മ്മിച്ച് അദ്ദേഹത്തിന്റെ ആത്മാവ് കൂടുവിട്ട് പറന്നു പോയി. സ്വഛശാന്തമായിരുന്നു ആ വിടവാങ്ങലെന്ന് സഹോദരി ഖുര്‍ശിദ് ഔലിയ ഇന്‍സ്റ്റാഗ്രാമിലൂടെ ലോകത്തെ അറിയിച്ചു.
ഇന്ത്യ കണ്ട തബല വാദകരില്‍ അദ്വിതീയനായ ഉസ്താദ് അല്ലാരഖാ ഖാന്റെ അഞ്ച് മക്കളില്‍ മൂത്തവനായി 1951ല്‍ അന്നത്തെ ബോംബെയിലാണ് സക്കീർ ഹുസൈന്‍ ജനിച്ചു വീണത്. ജനിച്ചുവീണ സക്കീറിന്റെ ചെവിയില്‍ അദ്ദേഹത്തിന്റെ പിതാവ് ആദ്യമായി ചൊല്ലിയത് മുസ്‌ലിം ആചാരപ്രകാരമുള്ള ബാങ്കിന്റെ വാക്കുകളല്ലെന്നും തബലയുടെ താളങ്ങളില്‍ പെട്ട ഏതോ ഒരു ബോല്‍ ആയിരുന്നുവെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. പരാശ്രയമില്ലാതെ ഇരിക്കാന്‍ പഠിച്ച നാള്‍ മുതല്‍ക്കു തന്നെ അല്ലാ രഖ മകനെ തബലയുടെ പിന്നിലിരുത്തി. ഏഴാമത്തെ വയസ്സു മുതല്‍ അല്ലാരഖയോടൊപ്പം കച്ചേരികളില്‍ പങ്കെടുക്കാന്‍ തുടങ്ങി. സംഗീതത്തെ ഉപാസനയായി നോക്കിക്കണ്ട സക്കീർ ഹുസൈന്‍ വിവാഹ സദസ്സുകളിലും ക്‌ളബ്ബുകളിലും നിശാപാര്‍ട്ടികളിലുമൊന്നും ഒരിക്കലും തബല വായിക്കാന്‍ ചെന്നിട്ടില്ല. Tv ബോളിവുഡിലെ സംവിധായക സിംഹങ്ങളുടെ അവസരം ചോദിച്ച് അലഞ്ഞു നടന്നവരിലും അദ്ദേഹമില്ല. ഭക്ഷണത്തളികകളുടെയും മദ്യക്കുപ്പികളുടെയും കലപിലാരവങ്ങള്‍ക്കിടയില്‍ ഒരോര്‍മ്മത്തെറ്റു പോലെ കേള്‍പ്പിക്കേണ്ട ഒന്നല്ല സംഗീതമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. തന്റെ മേഖലയുടെ മേച്ചില്‍ പുറങ്ങളില്‍ കൊട്ടുവാദ്യത്തിന്റെ വ്യത്യസ്ത മേഖലകളിലെ ഗുരുക്കന്‍മാരെ സക്കീർ ഹുസൈന്‍ അറിയുകയും ലോകത്തിന് ഇന്ത്യയുടെ താളവിസ്മയ പ്രപഞ്ചത്തെ പരിചയപ്പെടുത്തുകയും ചെയ്തു. ജാസ് ഡ്രമ്മില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ശിവമണിയും ജോണ്‍ മെക്കലാഫ്‌ലിനും മുതല്‍ ചെണ്ടയില്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരും മൃദംഗത്തില്‍ പത്രി സതീഷ് കുമാറും പോലുള്ള പ്രമുഖരും അറിയപ്പെടുന്നതും അല്ലാത്തതുമായ ഒട്ടനേകം കലാകാരന്‍മാരും സക്കീര്‍ഹുസൈനൊപ്പമുള്ള ജുഗല്‍ബന്ദികളുടെ ഭാഗമായി. ഓടക്കുഴലും സാരംഗിയും വയലിനും സാക്‌സോഫോണും തുടങ്ങി പൗരസ്ത്യവും പാശ്ചാത്യവുമായ എല്ലാ തരം സംഗീത ഉപകരണങ്ങള്‍ക്കും ഒപ്പമിരുന്ന് തബലയില്‍ താളമിട്ടു. സാക്ഷാല്‍ ഉസ്താദ് നുസ്‌റത്ത് ഫത്തേഹ് അലിഖാനൊപ്പം 1997ല്‍ ഗ്വാളിയോറില്‍ നടന്ന അദ്ദേഹത്തിന്റെ അവസാനത്തെ ജുഗല്‍ബന്ദിയില്‍ വായിച്ചു തിമിര്‍ത്തു. പരീക്ഷണങ്ങളെ അംഗീകരിക്കാത്ത പാരമ്പര്യവാദികളോട് സക്കീർ ഹുസൈന്‍ പറഞ്ഞത് ഇങ്ങനെയാണ്. ‘പുതിയ സാഹചര്യങ്ങളിലേക്ക് വികസിക്കാനും ഉള്‍ക്കൊള്ളാനുമുള്ള കഴിവാണ് യഥാര്‍ഥത്തില്‍ ഏതൊരു പാരമ്പര്യ സമ്പ്രദായത്തിന്റെയും കരുത്ത് തെളിയിക്കുക’.
നടനും അധ്യപകനും സംഗീത സംവിധായകനുമൊക്കെയായി നിരവധി മേഖലകളില്‍ നിറഞ്ഞു നിന്ന ബഹുമുഖ പ്രതിഭയായിരുന്നു സക്കീർ ഹുസൈന്‍. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അദ്ദേഹത്തെ ജനകീയനാക്കിയത് പക്ഷേ ഒരു പരസ്യമാണെന്നതാണ് വസ്തുത. ചായപ്പൊടി ആണ് പരിചയപ്പെടുത്തുന്നതെങ്കിലും തബലവായനയോടുള്ള പ്രതികരണമാണോ അതോ ചായയോടുള്ളതാണോ എന്ന സംശയമായിരുന്നു അതിന്റെ ഒടുവിലെ വാഹ് ഉസ്താദ് വാഹ് എന്ന പ്രയോഗം. ലിറ്റില്‍ ബുദ്ധയും വാനപ്രസ്ഥവും പോലുള്ള ക്‌ളാസിക് സിനിമകളുടെ സംഗീതസംവിധാനം നിര്‍വഹിച്ചത് സക്കീർ ഹുസൈനാണ്. വൈകാരികത മുറ്റി നില്‍ക്കുന്ന പശ്ചാത്തലങ്ങളില്‍ ഈണങ്ങള്‍ ഉപയോഗിക്കുന്ന പതിവ് രീതിക്കു പകരം ചലനാത്മകമായ താളങ്ങളാണ് ഈ സിനിമകളെ ശ്രദ്‌ധേയമാക്കുന്നത്. സിനിമക്ക് പിന്നണി ചെയ്യുക എന്നത് ശബ്ദങ്ങള്‍ കൊണ്ട് ചിത്രങ്ങള്‍ വരക്കുന്നതിന് തുല്യാണെന്നാണ് സക്കീർ ഹുസൈന്‍ ഇതെ കുറിച്ചു പറഞ്ഞത്. സാന്‍ഫ്രാന്‍സിസ്‌കോ കണ്‍സര്‍വേറ്ററി ഓഫ് മ്യൂസിക്കിലും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലും അധ്യാപകനായിരുന്നു അദ്ദേഹം. ‘സംഗീതം അനന്തമാണെന്നും എത്ര കണ്ട് അത് പഠിക്കാന്‍ ശ്രമിക്കുന്നുവോ അത്ര കണ്ട് സ്വന്തം അജ്ഞതയെ ആണ് നാം തിരിച്ചറിയുക’യെന്നും അദ്ദേഹം തന്റെ ശിഷ്യരെ ഉപദേശിച്ചു. പാരമ്പര്യത്തിനും ആധുനികതക്കുമിടയില്‍ വളരെ കൃത്യമായ പ്രതലം കണ്ടെത്തി അവിടെ തന്റെതായ ഇടം കണ്ടെത്തിയ ഈ മഹാസംഗീതജ്ഞന്‍ രാജ്യത്തിന് പുറത്ത് ഭാരതീയ സംഗീതത്തിന്റെ യശസ്സുയര്‍ത്തിയവരില്‍ ഏറ്റവും പ്രമുഖനാണെന്ന് നിസ്സംശയം പറയാം.
കഥക് നൃത്തം പഠിക്കാനായി ഇന്ത്യയിലെത്തിയ അൻ്റോണിയ മിനക്കോലയാണ് സക്കീർ ഹുസൈന്റെ സഹധര്‍മ്മിണി. രണ്ട് പെണ്‍മക്കളാണ് അദ്ദേഹത്തിന്. അനീസ ഖുറൈശിയും ഇസബെല്ലാ ഖുറൈശിയും. അനീസ ഹോളിവുഡില്‍ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. ഇളയ മകള്‍ മന്‍ഹാട്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നൃത്തപഠനം പൂര്‍ത്തിയാക്കി. സക്കീർ ഹുസൈന്റെ സഹോദരന്‍മാരും പിതാവിന്റെ വഴിയെ സഞ്ചരിക്കുന്ന സഗീതജ്ഞരാണ്. അവരിലൊരാളായ ഫസല്‍ ഖുറൈശി സ്വീഡനിലെ മിന്‍തയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. മുംബെയിലാണ് മറ്റൊരു സഹോദരനായ തൗഫീഖ് ഖുറൈശിയുടെ താമസം. സക്കീർ ഹുസൈന്റെ സഹോദരിമാരിലൊരായ റസിയ ഖുറൈശി നേരത്തെ മരിച്ചു. അവരുടെ മരണവാര്‍ത്തറിഞ്ഞുണ്ടായ ഹൃദയ സതംഭനമായിരുന്നു പിതാവ് അല്ലാ രഖയുടെ മരണത്തിന് കാരണമായത്.
നല്ലൊരു അറിവ് തന്നതിന് ഒരുപാട് നന്ദി
സാക്കീർ ഹുസൈനെപ്പറ്റി കൂടുതൽ മനസ്സിലാക്കാനും തബലയെ കുറിച്ചുള്ള അറിവുകളും മനസ്സിലാക്കാൻ കഴിഞ്ഞു
ഒരു പാട് നന്ദി