‘ഇപ്പോള്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍ ഒരു നാലാംകിട സിനിമാ രംഗത്തിന്റെ ഛര്‍ദ്ദില്‍ മണം അതില്‍ നിന്നും വല്ലാതെ തികട്ടി വരുന്നതുപോലെ. നമ്മുടെയൊക്കെ ജീവിതം ചിലപ്പോഴെങ്കിലും സിനിമാരംഗത്തേക്കാള്‍ പരിഹാസം നിറഞ്ഞതായിപ്പോകാറുണ്ട് അല്ലേ?’ എന്ന അല്പം ഐറണി നിറഞ്ഞ ഒരു ആത്മഗതം- തന്റെ ജീവിതാവസ്ഥയെ പ്രതിയുളള നജീബിന്റെ ആത്മഗതം, ബെന്യാമിന്റെ ആടുജീവിതത്തില്‍ നമ്മള്‍ വായിക്കുന്നുണ്ട്. ബ്ലെസി-പൃഥ്വിരാജ് സിനിമ റിലീസായി ദിവസങ്ങള്‍ക്കകം അതിന്റെ ക്ലാസിക് സ്വഭാവത്തെക്കുറിച്ചും, ആഗോള സ്വഭാവത്തെക്കുറിച്ചും എല്ലാം പ്രേക്ഷകര്‍ അഭിപ്രായപ്പെടുമ്പോള്‍ ഈ ആത്മഗതം, എന്തെല്ലാം സവിശേഷ ചിന്തകളും ഓര്‍മകളും അനുഭവങ്ങളുമാകും നമ്മളില്‍ സൃഷ്ടിക്കുക? നോവലിന്റെയും സിനിമയുടെയും സാഹിത്യമൂല്യത്തെക്കുറിച്ച് അഥവാ കലാമൂല്യത്തെക്കുറിച്ച് ഒരു വിചാര-വിചാരണാ സന്ദര്‍ഭം, നോവലിസ്റ്റ് മുന്‍കൂറായി എഴുതിവെച്ച ഈ ആത്മഗത വാക്യത്തില്‍ കാണാം. ഭാര്യ സൈനു ഗര്‍ഭിണിയായിരിക്കെ, വിസ ലഭിച്ച് നാട് വിടുന്ന താന്‍ തിരിച്ചു വരുമ്പോഴേ കാണാനാകൂ എന്ന് നജീബ് പിറക്കാനിരിക്കുന്ന തന്റെ കുഞ്ഞിനോട്, പറഞ്ഞതിനെക്കുറിച്ച്, അയാള്‍ ജയിലില്‍ സ്വയം ഓര്‍ക്കുന്ന ഘട്ടത്തിലാണ് നോവലിലെ ഈ ആത്മഗതം ഉണ്ടാകുന്നത്. ഗൗരവമായി സാഹിത്യത്തെ സമീപിക്കുന്ന നിരവധി നോവല്‍ വായനക്കാര്‍, ശരാശരി നിലവാരമുളള രചനയായി മാത്രം ആടുജീവിതം എന്ന നോവലിനെ കാണുമ്പോഴും പ്രസ്തുത രചന മലയാളത്തിലെ ഒരു മുഖ്യ ജനപ്രിയ നോവലായിത്തീരുകയും വില്പനയില്‍ വിപ്ലവം സൃഷ്ടിക്കുകയും ചെയ്തത് ഇപ്പോള്‍ സാഹിത്യ ചരിത്രത്തിന്റെ ഭാഗമാണ്. തുടര്‍ന്ന്, നാലാംകിട സിനിമാരംഗം പോലെ ആഖ്യാതാവ് കാണുന്ന തന്റെ ജീവിതം, ഇപ്പോള്‍ മലയാള സിനിമാചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു അന്തര്‍ദ്ദേശീയ ചിത്രമായി തീരുകയുമാണ്.
ആഖ്യാനത്തിലെ അമ്പരപ്പിക്കുന്ന പരീക്ഷണങ്ങളോ, ദാര്‍ശനിക ഗരിമയോ ഭാഷയുടെ അപൂര്‍വ്വതയോ ആയിരുന്നില്ല, ആടുജീവിതം എന്ന നോവലിന് അഭൂതപൂര്‍വ്വമായി വായനക്കാരെ സൃഷ്ടിച്ചത്. മറിച്ച് രചനയില്‍ നിറഞ്ഞു നിന്ന യഥാതഥമായ നജീബിന്റെ ജീവിതം തന്നെയായിരുന്നു അതിന്റെ അടിസ്ഥാന കാരണം. തീക്ഷ്ണജീവിതമുളള ഒരു ജീവചരിത്രത്തിന്റെയോ ആത്മകഥയുടെയോ വൈകാരിക സംഘര്‍ഷങ്ങളായിക്കൂടിയാണ് ആടുജീവിതം എന്ന ആഖ്യാനം, പൊതുവില്‍ പരിമിതസ്വഭാവമുളള സാഹിത്യലോകത്തിന്റെ വായനാഭൂമിക മറികടന്നത് എന്നും പറയാം. നോവലിലെ ഈ ജീവിത കഥയില്‍ നിന്ന് ബ്ലെസി, സിനിമാസാധ്യതയിലേക്ക് ആടുജീവിതത്തെ പുനരാനയിച്ചപ്പോള്‍, വാസ്തവത്തില്‍, സ്വന്തം മാധ്യമത്തിന്റെ പൂര്‍ണ്ണതയിലേക്കു കൂടിയായിരുന്നു, ഒരു സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം ചുവടുവെച്ചത്.
സിനിമ റിലീസായ ദിനത്തില്‍, അല്പം ആകാംക്ഷയോടെത്തന്നെ മോണിംഗ് ഷോ കണ്ട് അന്നേദിവസം ഒരു ഫേസ്ബുക്ക് കുറിപ്പ് ഞാന്‍ ഇപ്രാകാരം എഴുതുകയുണ്ടായി – ‘ശ്രീ നജീബിൻ്റെ തീക്ഷ്ണമായ യഥാർഥ ജീവിതത്തെ ആസ്പദമാക്കിയാണ് ആടുജീവിതം എന്ന ബെന്യാമിൻ്റെ നോവൽ ആഖ്യാനം ഉണ്ടായിട്ടുള്ളത്. പ്രസ്തുത കഥയെ അവലംബിച്ച് അതേ പേരിൽ ബ്ലെസി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം, റിലീസ് ദിവസമായ ഇന്ന് ആദ്യ ഷോ തന്നെ കാണാൻ കഴിഞ്ഞു. ആടുകൾ, ആടുജീവിതം നയിക്കുമ്പോൾ അത് സ്വാഭാവികമായി മാത്രമാണ് നാം കാണുക. അതേസമയം, ആടിൻ്റെ അന്തസ്സു പോലുമില്ലാത്ത മനുഷ്യജീവിതമാണ് – അടിമജീവിതമാണ് – വാസ്തവത്തിൽ ആടുജീവിതത്തിൻ്റെ ഏറ്റവും ഇരുണ്ടതും കഠിനവുമായ യാഥാർഥ്യമായി നിലകൊള്ളുന്നത്. സംവിധായകനും നടനും – ബ്ലെസിയും പൃഥ്വിരാജും – ഈ ചിത്രത്തിലൂടെ മനുഷ്യാവസ്ഥ എത്തിപ്പെടുന്ന ക്രൂരവും ദാരുണവും നിസ്സഹായവും ദുരിത പൂർണവും ഭയാനകവും ആയ അവസ്ഥകളുടെ പരമാവധി, നിർദ്ദാക്ഷിണ്യം അടയാളപ്പെടുത്തുകയാണെന്ന് പറയാം. പൃഥ്വിരാജിൻ്റെ നജീബ്, നമ്മുടെ കണ്ണിൽ, നമ്മൾ പോലുമറിയാതെ നനവു സൃഷ്ടിക്കുന്നുവെങ്കിൽ, അത് നമ്മുടെയൊക്കെ ജീവിതം എത്രമാത്രം ‘സ്വർഗീയമായിരിക്കുന്നു’വെന്ന ആന്തരികമായ സ്മരണ കൂടി സത്യസന്ധമായി ഉണർത്തിവിടുന്നതിനാൽ ആണ്. അത് ഒരു കലാസൃഷ്ടി നേടുന്ന ഉന്നത വിജയം കൂടിയാണ്. അതുപോലെത്തന്നെ ആടുകളും ഒട്ടകങ്ങളും ഒന്നുരണ്ട് സന്ദർഭത്തിൽ സൃഷ്ടിക്കുന്ന ആർദ്ര സ്പർശങ്ങളും വാക്കുകൾക്കതീതമാണ്. അതിനാൽ ‘ആടുജീവിതം’ എന്ന സിനിമയ്ക്ക്, നമ്മുടെ സിനിമയുടെ ചരിത്രത്തിൽ ഒരു താരതമ്യം ഏറെ പ്രയാസകരമായിരിക്കും എന്നു മാത്രം സൂചിപ്പിച്ചു കൊണ്ട് നിർത്തട്ടെ.’ എന്നായിരുന്നു പ്രസ്തുത ഫേസ്ബുക്ക് കുറിപ്പ്. സിനിമാചരിത്രത്തില്‍ ആടുജീവിതവുമായി ഒരു താരതമ്യം എളുപ്പമല്ല എന്ന് തോന്നാന്‍ ചില പ്രധാന കാരണങ്ങളുണ്ട് എന്നതിലേക്കാണ് ഇനി വരുന്നത്. സാഹിത്യത്തില്‍ സ്വന്തം ഇടം ഉറപ്പിച്ച ഒരു കൃതിയുടെ സിനിമാവല്‍ക്കരണം ചിലപ്പോഴെങ്കിലും മലയാളത്തില്‍ വിവാദങ്ങളോ ചര്‍ച്ചകളോ ഉണ്ടാക്കിയിട്ടുണ്ടെന്നത് വസ്തുതയാണ്. ഇവിടെ പക്ഷേ ബ്ലെസി നജീബിന്റെ യഥാര്‍ഥ ജീവിതകഥയോടും നോവലാഖ്യാനത്തോടും നീതിപുലര്‍ത്തിക്കൊണ്ടു തന്നെ, സിനിമ അക്ഷരാര്‍ഥത്തില്‍ ഒരു ദൃശ്യകലായാണെന്ന് നമ്മെ ബോധ്യപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്.
ആഗോള ‘അതിജീവന സിനിമകളി’ലേക്ക് ആടുജീവിതവും
ആടിനോടൊപ്പം, ഇരുട്ടില്‍ അതീവ പരിക്ഷീണനായി, അവിടുത്തെ ആടുകള്‍ക്കായി വെച്ചിട്ടുളള ടാങ്കില്‍ നിന്ന് വെളളം കുടിക്കുന്നത് സിനിമയില്‍ ടൈറ്റിൽ ഫ്രെയിം ആയി പ്രത്യക്ഷമാകുമ്പോള്‍ അഥവാ ആടിന്റെയും മനുഷ്യന്റെയും മുഖം വേര്‍തിരിച്ചറിയാന്‍ നമ്മള്‍ പ്രയാസപ്പെടുന്ന ഒരു ഫ്രെയിമില്‍ സിനിമ ആരംഭിക്കുമ്പോള്‍ത്തന്നെ, ബ്ലെസിയുടെ ‘ആടുജീവിതം’ ഒരു സ്വതന്ത്ര കലാസൃഷ്ടിയായി തന്റെ സ്വത്വം സ്ഥാപിക്കുന്നതാണ് നമ്മള്‍ കാണുന്നത്. നജീബിന്റെ നാട്ടിലെ ജലജീവിതവും, അയാള്‍ പിന്നീട് നിപതിക്കുന്ന മരുജീവിതവും സിനിമ അസാധാരണമായ വിധത്തില്‍ ആവിഷ്കരിക്കുന്നതിനാലാണ്, ഏസി തിയേറ്ററിലും, മരുഭൂമിയുടെ പ്രതീതിയാഥാര്‍ഥ്യത്തില്‍ അകപ്പെടുന്ന, പ്രേക്ഷകനും വരളുകയും വിയര്‍ക്കുകയും ചെയ്യുന്നത് എന്നു പറയാം. മരുഭൂമിയുടെ ആവാസവ്യവസ്ഥ ആകെത്തന്നെ നജീബിന്റെ യാത്രയില്‍ കടന്നുവരുന്നുണ്ട്. പാമ്പുകള്‍ ഉള്‍പ്പെടുന്ന ജീവജാലങ്ങളും മരുപ്പച്ചകളും അനുയാത്ര ചെയ്യുന്ന അപകടങ്ങളും അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ശൂന്യതയും അതിജീവനവും ആത്മീയതയും പലരീതിയില്‍ അടയാളപ്പെടുത്തുന്ന മരുഭൂമിയുടെ അവിശ്വസനീയമായ ഗൂഢലോകം, ‘Road to Mecca’ പോലുളള രചനകളില്‍ നേരത്തേ ആവിഷ്കരിക്കപ്പെട്ടിട്ടുളളതാണ്. അതേസമയം ഭിന്നമായ ഒരു വൈകാരിക മണ്ഡലവും സംഘര്‍ഷവും ആടുജീവിതത്തില്‍ പ്രകടമാകുന്നതാണ് ശ്രദ്ധേയമായ കാര്യം. വെള്ളം കിട്ടാതെ മണല്‍ വാരിത്തിന്നുന്ന, ചോര ഛര്‍ദ്ദിക്കുന്ന ഹക്കീം, പ്രകൃതിയിലുളള നമ്മുടെ എല്ലാത്തരം ധൂര്‍ത്തുകളെയും ചൂഷണങ്ങളെയും ഒരര്‍ഥത്തില്‍ വിചാരണ ചെയ്യുന്നുണ്ട്.
സൊസൈറ്റി ഓഫ് ദി സ്നോ, ദി റെവനന്റ്, ദി ഇംപോസിബിൾ, 127 അവേഴ്സ്, എലൈവ്, എവറെസ്റ്റ്, കാസ്റ്റ് എവേ തുടങ്ങി നിരവധി സർവൈവൽ മൂവികള്‍ അല്ലെങ്കില്‍ അതിജീവന സിനിമകള്‍, ആടുജീവിതത്തിന്റെ പശ്ചാത്തലത്തില്‍ പെട്ടെന്ന് ഓര്‍ക്കാന്‍ കഴിയുന്ന ലോകസിനിമകളാണ്. പൊതുവില്‍ ഇത്തരം സിനിമകളിലെ കഥാപാത്രങ്ങള്‍, കാഴ്ചക്കാരെ, അവരുടെ സ്വച്ഛതയില്‍ നിന്ന് ജീവിതത്തിന്റെയും മരണത്തിന്റെയും വക്കുകളിലൂടെ ഏറെ അപകടകരമായ സാഹചര്യങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കും കൊണ്ടുപോകുക സ്വാഭാവികമാണ്. അതേസമയം, എത്ര വേദനാജനകമാണെങ്കിലും, പൊതുവില്‍ അതിജീവന സിനിമകൾ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാണ് എന്ന വസ്തുതയും നിലനില്‍ക്കുന്നു. സാഹസികതയോടുള്ള താത്പര്യവും ഏത് ദുരന്തമുഖത്തും മനുഷ്യന്‍ അതിജീവിനത്തിനായി പ്രകടിപ്പിക്കുന്ന ധീരതയും സഹനവും അനുകൂലനവും പ്രേക്ഷകരില്‍ സൃഷ്ടിക്കുന്ന എമ്പതി – സഹാനുഭൂതി – ആകണം ഇവിടെ പ്രധാന ഘടകമായി പ്രവര്‍ത്തിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളില്‍ സൃഷ്ടമാകുന്ന അജയ്യമായ ഒരു മാനവചോദന അതിന്റെ കാതല്‍ തന്നെയായിരിക്കണം. അതിജീവന കഥകൾ യഥാർത്ഥ ആളുകൾക്ക് സംഭവിച്ചുവെന്ന് അറിയുന്നത് അവരോട് കാഴ്ചക്കാരുടെ വികാരങ്ങൾ തീവ്രമാക്കുന്നതിനുള്ള ഒരു സാഹചര്യമൊരുക്കുന്നുണ്ട്. ഒരു യഥാർത്ഥ ജീവിത കഥയിൽ നിന്നാണ്, ആടുജീവിതം പോലെ ദി റെവനന്റ് എന്ന അതിജീവന ചിത്രവും രൂപംകൊണ്ടിട്ടുളളത് എന്നത് ഒരു ഉദാഹരണമാണ്. അതുപോലെ, കാസ്റ്റ് എവേ എന്ന ചിത്രം ഇവിടെ പ്രത്യേകം ഓര്‍ക്കാവുന്ന മറ്റൊരു സിനിമയാണ്. സൂക്ഷ്മവും ശ്രദ്ദേയവുമായ പ്രകടനത്തിലൂടെ ടോം ഹാങ്ക്സ് എന്ന നടന്‍ അതിജീവനത്തിനായി നടത്തുന്ന പോരാട്ടങ്ങള്‍, മറ്റൊരു രീതിയില്‍ ഇവിടെ പൃഥ്വിരാജിലും നാം കാണുന്നുണ്ട്. മുപ്പത്തഞ്ച് കിലോയോളം ശരീരഭാരം കുറച്ച് തീര്‍ത്തും ഒരു പേക്കോലമായി മാറുന്ന പൃഥ്വിരാജിന്റെ നജീബ് ജീവിതം, നടന്‍ എന്ന നിലയിലുളള അയാളുടെ കരിയറിനെ നിത്യമായി പുനര്‍നിര്‍ണ്ണയിക്കാന്‍ പ്രാപ്തമാണ്.
ലോകവ്യാപകമായി സഞ്ചരിക്കുന്ന ഒരു സിസ്റ്റംസ് അനലിസ്റ്റ് എക്സിക്യൂട്ടീവായ ചക്ക് നോളാണ്ട് എന്ന കഥാപാത്രത്തെയാണ് ഹാങ്ക്സ് അവതരിപ്പിക്കുന്നത്. ദക്ഷിണ പസഫിക്കിൽ വിമാനം തകരുമ്പോൾ, ഓരോ ഘട്ടത്തിലും അതിജീവനത്തിനായി പോരാടുന്ന അയാള്‍ ഒറ്റയ്ക്ക് ഒരു വിജനമായ ദ്വീപിൽ കുടുങ്ങുന്നു. അപ്പോഴാണ്, ഈ സിനിമ വൈകാരികമായ ഒരു യാത്രയിലേക്ക് പ്രേക്ഷകനെ നയിക്കുന്നതും പല അവസരങ്ങളിലും നായകനോട് ഏറെ അനുതാപം ഉളളവരാക്കി പ്രേക്ഷകരെ മാറ്റുന്നതും. ഏറെക്കുറെ ഏകനായിത്തന്നെയാണ് സിനിമ മുഴുവൻ ഹാങ്ക്സ് ചുമലിലേറ്റുന്നത് എന്നും പറയാം. അപ്പോഴും ആളുകളെ ആശങ്കപ്പെടുത്തുകയും കൗതുകപ്പെടുത്തുകയും ചെയ്യുന്ന കഥാപാത്രമായി ഹാങ്ക്സ് മുന്നേറുന്നു. എല്ലാം നഷ്ടപ്പെടുമ്പോഴും, എങ്ങനെ – എത്രത്തോളം – ശക്തമായി തുടരാം എന്നതിന്റെ വലിയ ചിത്രീകരണമായി സിനിമ മാറുന്നു. We must walk, till we die – മരിക്കുന്നത് വരെ നമുക്ക് നടക്കുക തന്നെ വേണം – എന്ന് ഇബ്രാഹിം ഖാദരി, നജീബിനോട് രക്ഷപ്പെടാനുളള പ്രയാണത്തിനിടെ പറയുന്നതാണ് ഇവിടെ പ്രത്യേകം ഓര്‍മയിലെത്തുക. എ ആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിയും സിനിമയുടെ അനുഭവത്തെ തീവ്രമാക്കുന്നുണ്ട്. റഹ്മാന്റെ, ‘പെരിയോനേ റഹ്‌മാനേ’ എന്ന ഗാനം ഒരു പ്രാർത്ഥനയും വിലാപവുമായി മുഴങ്ങുമ്പോള്‍, നജീബിന്റെ വിശ്വാസത്തില്‍ അധിഷ്ഠിതമായ അതിജീവന ശ്രമത്തെയാണ് ബ്ലെസി പശ്ചാത്തലത്തില്‍ പ്രതിഷ്ഠിക്കുന്നതെന്ന് സുവ്യക്തമാണ്. അതില്‍, നജീബിന്റെ ആന്തരികബലമായി വര്‍ത്തിക്കുന്ന ആത്മീയതയുടെ മുഴുവന്‍ ധ്വനിയും സംവിധായകന്‍ പകരുക കൂടിയാണ്. അതുപോലെ റസൂൽ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു.
ഇബ്രാഹിം ഖാദിരിയുടെ റോളില്‍ എത്തുന്ന ജിമ്മി ജീൻലൂയിസ് തീര്‍ച്ചയായും അവിസ്മരണീയ സാന്നിധ്യമാകുന്നുണ്ട്. അതുപോലെ ഹക്കീമിനെ അവതരിപ്പിക്കുന്ന കെ ആർ ഗോകുലിന് ഈ ചിത്രം പുതിയ സാധ്യതകള്‍ നല്‍കാതിരിക്കില്ല. നജീബിന്റെ ഭാര്യ സൈനുവായെത്തുന്ന അമല പോൾ അവരുടെ ഭാഗധേയം ഭദ്രമാക്കുന്നതും, നജീബിന്റെ ജലജീവിതം പ്രത്യേകം ഓര്‍മിപ്പിക്കുന്നതും സിനിമയില്‍ സുപ്രധാനമാകുന്നുണ്ട്. ഛായാഗ്രാഹകന്‍ സുനില്‍ കെ എസ് ആടുജീവിതത്തിന്റെ ദൃശ്യഭാഷയെ സംവിധായകന്റെ ഹൃദയഭാഷയാക്കുന്നതു തന്നെയാണ് മറ്റൊരു പ്രത്യേകത. കഴുകന്മാർ നജീബിനെ ആക്രമിക്കുന്ന രംഗത്തിലും അർബാബ് കല്യാണത്തിനു പോകുന്ന രാത്രിയില്‍ നജീബില്‍ ദൃശ്യമാകുന്ന സ്വാതന്ത്ര്യത്തിന്റെ ആഘോഷത്തിലും മരുഭൂമിയിലെ മണൽകാറ്റിന്റെ ഹുങ്കാര സാന്നിധ്യത്തിലും എല്ലാം ബ്ലെസിയിലെ സംവിധായകന്റെ ശ്രദ്ധയും മികവും വ്യക്തമാണ്.
ജലജീവിതത്തിനും മരുജീവിതത്തിനും ഇടയില്‍
നോവലില്‍ നിന്നു വിഭിന്നമായി, സുജേസി ജയിലില്‍ നിന്ന്, അർബാബ് തിരികെ പിടിച്ചുകൊണ്ടു പോകുന്ന ഹമീദിനെ നമ്മള്‍ സിനിമയില്‍ കാണുന്നില്ല. അതേസമയം ബ്ലെസി, കുറെക്കൂടി തീവ്രമായി ഹക്കീമിന്റെ മരണവും ഇബ്രാഹിം ഖാദിരിയുടെ അപ്രതീക്ഷിത തിരോധാനവും ചിത്രീകരിക്കുന്നു. അത് പൃഥ്വിരാജിന്റെ നജീബിന് നല്‍കുന്നത് അളവില്ലാത്തതും അഴല്‍ മാത്രം നല്‍കുന്നതുമായ പെരുകുന്ന ഏകാന്തതയുടെ ഒരു സമാന്തര മണല്‍പ്പരപ്പുകൂടിയാണ്. അതുപോലെ വീട്ടിലെയും നാട്ടിലെയും പ്രിയപ്പെട്ടവരുടെ പേര് ആടുകള്‍ക്ക് നല്‍കിയാണ് നജീബ് നോവലില്‍ ഏകാന്ത ജീവിതം നയിക്കുന്നതെങ്കില്‍, കറുത്ത ഒരു കുഞ്ഞാടിന്റെ സഹായം നിറഞ്ഞ കരച്ചിലിലൂടെയും, ഒരു ഒട്ടകത്തിന്റെ ആര്‍ദ്രമായ കണ്ണിലൂടെയും – ഈ രണ്ട് സൂക്ഷ്മസന്ദര്‍ഭങ്ങളിലൂടെ, സംവിധായകന്‍ വാക്കുകള്‍ക്കപ്പുറത്തേക്ക് ദൃശ്യം സഞ്ചരിക്കുന്ന, ഹൃദയദ്രവീകരണക്ഷമമായ അനുഭവം നമ്മളെ ബോധ്യപ്പെടുത്തുന്നുണ്ട്. സൂക്ഷ്മ മനുഷ്യവികാരങ്ങളുടെ പരീക്ഷണശാല കൂടിയായി ബ്ലെസി സിനിമകള്‍ നിരീക്ഷിക്കപ്പെടുന്നതിലെ സാംഗത്യം ഈ ഘട്ടങ്ങളില്‍, ആടുജീവിതത്തിലും പ്രത്യേകം തിരിച്ചിറിയാതിരിക്കില്ല. അതുകൊണ്ടുത്തനെ മതപരമായ ഒരു കാഴ്ചയോ കണ്ണോ നോവല്‍ എന്നതുപോലെ സിനിമയിലും ഒരിടത്തും പ്രവര്‍ത്തിക്കുന്നില്ലെന്ന് എടുത്തു പറയേണ്ടി വരുന്നത് പുതിയ ചില സാഹചര്യങ്ങളുടെയും നിരീക്ഷണങ്ങളുടെയും പശ്ചാത്തലത്തിലും കൂടിയാണ്.
മനുഷ്യന്റെ നന്മതിന്മകളുടെ പ്രതിരൂപങ്ങളായിത്തന്നെയാണ് ഇതിലെ എല്ലാ കഥാപാത്രങ്ങളും നിലനില്‍ക്കുന്നത്. അതിനാല്‍ ഗള്‍ഫ് നാടുകളിലെ സിനിമാ നിരോധനത്തിന്റെ പശ്ചാത്തലം മനസ്സിലാക്കാനും ബുദ്ധിമുട്ടുണ്ട്. ആടുജീവിതം എന്ന സിനിമയിൽ നജീബിന്റെ യജമാനൻ അഥവാ അർബാബ്, അയാളുടെ യഥാര്‍ഥ സ്പോൺസർ അല്ല. മറിച്ച് ഒട്ടും ഭാഷാ പരിജ്ഞാനമില്ലാത്ത രണ്ട് മലയാളി യുവാക്കളെ കബളിപ്പിച്ച് കൊണ്ട്പോയി, തീര്‍ത്തും അടിമകളാക്കി ചൂഷണം ചെയ്യുന്ന തട്ടിപ്പുകാരനായ ഒരു അറബിയാണ് എന്ന വസ്തുത ഈ സിനിമയുടെ ഗതി പരോക്ഷമായി നിയന്ത്രിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്യുന്നുണ്ട്. കാരണം മറ്റാരുടെയോ വിധിയിലേക്ക് പ്രവേശിക്കുകയായിരുന്നു താന്‍ എന്ന തിരിച്ചറിവില്‍, അവസാന രംഗത്തില്‍ നജീബ് പൊട്ടിക്കരയുന്നത് വിസ്മരിക്കാനാകുന്നതല്ല. സ്പോൺസർമാർ എല്ലാവരും വിശുദ്ധരാണെന്നോ എല്ലാവരും കള്ളൻമാരാണെന്നോ സാമാന്യവത്കരിക്കാന്‍ ഇവിടെ ഒരു ന്യായവുമില്ല. മാത്രമല്ല, എത്രയോ പ്രവാസികളെ അന്നമൂട്ടുന്ന തൊഴിലിടങ്ങള്‍ കൂടിയാണ് ഗള്‍ഫ് മേഖല എന്നതും ഓര്‍ക്കാം. കിരാതനായ നജീബിന്റെ അർബാബായ അറബിക്ക് നേരേ വിപരീതസ്ഥാനത്താണല്ലോ, റോഡില്‍ നിന്ന് അയാളെ കാറില്‍ കയറ്റി നഗരത്തില്‍ എത്തിക്കുന്ന ദയാവായ്പുളള അറബി…!
ഏതായാലും ‘കളിമണ്ണ് ‘ എന്ന തന്റെ ചിത്രത്തിനു ശേഷം നീണ്ട പതിനാറു വര്‍ഷങ്ങള്‍ ബ്ലെസി യത്നിച്ചത് എന്തിനായിരുന്നുവെന്ന് ആടുജീവിതം എന്ന സിനിമ കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്. ഒരര്‍ഥത്തില്‍ നജീബിന്റെ മാത്രമല്ല, ബ്ലെസി എന്ന ചലച്ചിത്രകാരന്റെ കലാപരമായ ഒരു അതിജീവനം കൂടിയാകുന്നുണ്ട് ആടുജീവിതം എന്ന് സാരം. കാരണം കഠിന പ്രതിബന്ധങ്ങളില്‍ തളരാതെ സ്വന്തം സ്വപ്‌നത്തിലേക്ക് അയാള്‍ നടത്തിയ പ്രയാണത്തിന്റെ പരിപൂര്‍ത്തികൂടിയാണല്ലോ ഇവിടെ നമ്മള്‍ കാണുന്നത്…!
ആദ്യം എഴുതിയ ഭാഗം ശുദ്ധമായ ഹൃദയഭാഷയും രണ്ടാമത്തെ കൂട്ടിച്ചേർക്കൽ അതിൻ്റെ സ്വാഭാവികത നഷ്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്;മോശമായി എന്നല്ല.
എല്ലാവരെക്കുറിച്ചും നല്ലവാക്കു പറയാതിരിക്കാനുമാവില്ല,പറയുമ്പോൾ അതെത്ര മാറ്റിപ്പറഞ്ഞാലും സാധാരണത്വം വന്നു പോകുകയും ചെയ്യും.എങ്കിലും,സിനിമയുടെ ആത്മാവിനെ തൊട്ട എഴുത്തിനെ അഭിനന്ദിക്കുന്നു,അത്രമാത്രം ആഴത്തിലുള്ള വിശകലനങ്ങൾ തന്നെ.