A Unique Multilingual Media Platform

The AIDEM

Articles Economy Law

നോട്ട് നിരോധനം, സുപ്രീംകോടതി വിധി, പിന്നെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളും

  • January 17, 2023
  • 1 min read
നോട്ട് നിരോധനം, സുപ്രീംകോടതി വിധി, പിന്നെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളും

2016 നവംബർ 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ നടപടിയിൻമേൽ 2023 ജനുവരി 2 ലെ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്? തീർച്ചയായും, സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 4:1 വിധിയോടെ വിവാദ തീരുമാനം ശരിവച്ചു. പക്ഷേ, സാധാരണ ജനങ്ങളെ സംബന്ധിച്ച് ഈ വിധി എന്താണ് അർത്ഥമാക്കുന്നത്? അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജിമാർ – ജസ്റ്റിസുമാരായ ബി ആർ ഗവായ്, എസ് അബ്ദുൾ നസീർ, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവർ സർക്കാർ നടപടി നിയമപരമാണെന്നും തീരുമാനങ്ങളെടുത്തതിൽ അപാകതയില്ലെന്നും വിധിച്ചു. ഈ വിധി മറ്റുള്ളവ‍ർക്കും വേണ്ടി എഴുതിയത് ജസ്റ്റിസ് ഗവായ് ആണ് .എന്നാൽ തന്റെ വിധിന്യായത്തിൽ ജസ്റ്റിസ് ബി വി നാഗരത്ന ഭൂരിപക്ഷാഭിപ്രായത്തിലെ യുക്തികളോടും നിഗമനങ്ങളോടും വിയോജിച്ചു. നോട്ട് അസാധുവാക്കൽ നടപടി മുഴുവനും നിയമപ്രകാരമല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന പ്രസ്താവിക്കുകയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥാപനപരമായ സ്വാതന്ത്ര്യത്തെക്കുറിച്ച് നിർണായക ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു.

2016 ഡിസംബർ 16-ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കറും ജസ്റ്റിസ് ഡോ.ഡി.വൈ. ചന്ദ്രചൂഡും ഉൾപ്പെട്ട ബെഞ്ച് കേസ് നമ്പർ റിട്ട് പെറ്റിഷൻ (സിവിൽ) നമ്പർ 906/2016 വിശാല ബെഞ്ചിന് റഫർ ചെയ്യാൻ തീരുമാനിച്ചതോടെയാണ് കേസ് അഞ്ചംഗ ബെഞ്ചിന്റെ പരി​ഗണനയിൽ വന്നത്. ബെഞ്ചിന്റെ തലവനായ ജഡ്ജി വിരമിക്കുന്നതിന് മൂന്ന്  ദിവസം മുമ്പ് വിധി പുറപ്പെടുവിച്ചു എന്നതാണ് ഈ വിധി പുറപ്പെടുവിച്ച സമയത്തിലെ പ്രത്യേകത. വീണ്ടും രജിസ്ട്രിയിലേക്ക് റഫർ ചെയ്തതിനാൽ 4 ജഡ്ജിമാരുടെ വിധി അപൂർണ്ണമാണ് എന്നത് ശ്രദ്ധേയമാണ്. അതിൽ ഇങ്ങനെ പ്രസ്താവിക്കുന്നു. “ പരി​ഗണനാവിഷയത്തിൽ ഉത്തരം നൽകിയ ശേഷം, ഈ കേസ് ഉചിതമായ ബെഞ്ചിന് മുമ്പാകെ വയ്ക്കുന്നതിന് ബഹുമാനപ്പെട്ട ഇന്ത്യൻ ചീഫ് ജസ്റ്റിസിന്റെ മുമ്പാകെ സമർപ്പിക്കാൻ ഞങ്ങൾ ഈ കോടതിയുടെ രജിസ്ട്രിയോട് നിർദ്ദേശിക്കുന്നു. മറ്റെല്ലാ തർക്കങ്ങളും വിഷയം പരി​ഗണിക്കുന്ന ബെഞ്ച് (കൾ) പരിശോധിക്കേണ്ടതാണ് . ഇത് എപ്പോൾ സംഭവിക്കുമെന്ന് അറിയില്ല. എപ്പോൾ സംഭവിച്ചാലും ശരി, “മറ്റെല്ലാ തർക്കങ്ങളും” അതിന്റെ ഗുണങ്ങളും പരിശോധിക്കുന്നത്  വെറുമൊരു അക്കാദമിക് വ്യായാമം മാത്രമായിരിക്കും, കാരണം നോട്ട് നിരോധനം മൂലമുണ്ടായ നാശനഷ്ടങ്ങൾ ഇനിയൊരിക്കലും പഴയപടിയാക്കാൻ സാധിക്കില്ല.

Constitution Bench which delivered the verdict on Demonetisation

നോട്ട് അസാധുവാക്കൽ വരുത്തിവെച്ച ദുരിതങ്ങളെ കുറിച്ചും അതിനൊപ്പം നടത്തിയ പ്രഖ്യാപനങ്ങളിലേക്കും ഒന്നു തിരിഞ്ഞുനോക്കേണ്ടതുണ്ട്.  2016 നവംബർ 8-ന്, നോട്ട് നിരോധനം പ്രഖ്യാപിക്കവേ പ്രധാനമന്ത്രി പൗരന്മാരോട് പറഞ്ഞു, “വർഷങ്ങളായി, അഴിമതിയും കള്ളപ്പണവും തീവ്രവാദവും രാജ്യത്തെ ആഴത്തിൽ മുറിവേൽപ്പിച്ചിരിക്കുന്നു, വികസനത്തിലേക്കുള്ള പ്രയാണത്തിൽ അത് രാജ്യത്തെ പിന്നോട്ടടിച്ചു.” അതിർത്തിക്കപ്പുറത്തുള്ള ശത്രുക്കൾ വ്യാജ കറൻസി നോട്ടുകൾ ഉപയോഗിച്ചാണ് തങ്ങളുടെ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “പ്രചാരത്തിലുള്ള പണത്തിന്റെ തോത് അഴിമതിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അഴിമതി നിറഞ്ഞ വഴികളിലൂടെ സമ്പാദിക്കുന്ന പണം വിനിയോഗിക്കുന്നതിലൂടെ പണപ്പെരുപ്പം കൂടുതൽ വഷളായി. അഴിമതിക്കും കള്ളപ്പണത്തിനും കള്ളനോട്ടിനും ഭീകരവാദത്തിനുമെതിരായ ഈ പോരാട്ടത്തിൽ, നമ്മുടെ രാജ്യത്തെ ശുദ്ധീകരിക്കാനുള്ള ഈ നീക്കത്തിൽ, നമ്മുടെ ജനം കുറച്ച് ദിവസത്തേക്ക് ബുദ്ധിമുട്ടുകൾ സഹിക്കില്ലേ?

‘താൽക്കാലിക ബുദ്ധിമുട്ട് നമുക്ക് അവഗണിക്കാം.

സമഗ്രതയുടെയും വിശ്വാസ്യതയുടെയും ഈ ഉത്സവത്തിൽ നമുക്കും പങ്കുചേരാം.

വരും തലമുറകളെ അന്തസ്സോടെ ജീവിക്കാൻ നമുക്ക് പ്രാപ്തരാക്കാം.

അഴിമതിക്കും കള്ളപ്പണത്തിനും എതിരെ നമുക്ക് പോരാടാം.

രാജ്യസമ്പത്ത് പാവങ്ങൾക്കും പ്രയോജനകരമാണെന്ന് നമുക്ക് ഉറപ്പാക്കാം.

നിയമം അനുസരിക്കുന്ന പൗരന്മാർക്ക് അർഹമായ വിഹിതം ലഭിക്കാൻ നമുക്ക് വഴിയൊരുക്കാം,’ പ്രധാനമന്ത്രി പറഞ്ഞു.

 

കഷ്ടിച്ച് അഞ്ച് ദിവസത്തിന് ശേഷം, നവംബർ 13ന്, നോട്ട് അസാധുവാക്കൽ മൂലമുണ്ടായ ബുദ്ധിമുട്ടുകളോടുള്ള ജനങ്ങളുടെ രോഷം ശമിക്കുന്നില്ലെന്ന് മനസ്സിലാക്കി മോഡി ഗോവയിൽ കൂടുതൽ വികാരഭരിതമായ ഒരു പ്രസംഗം നടത്തി. പ്രസം​ഗത്തിനിടെ പലകുറി കരഞ്ഞു. ആ വികാരപ്രകടനം ഒരു ജനനേതാവിന്റെ നല്ല ​ഗുണമായി ചിത്രീകരിക്കപ്പെട്ടു. ഗോവയിൽ മോഡി പറഞ്ഞു, “ഞാൻ രാജ്യത്തോട് ആവശ്യപ്പെട്ടത് വെറും 50 ദിവസമാണ്. “ഡിസംബർ 30ന് ശേഷം എന്റെ പ്രവൃത്തിയിൽ പോരായ്മകളോ തെറ്റുകളോ ദുരുദ്ദേശ്യമോ കണ്ടെത്തിയാൽ രാജ്യം എനിക്കായി വിധിക്കുന്ന എന്ത് ശിക്ഷയും ഞാൻ ഏറ്റുവാങ്ങാം.”

70 വർഷം പഴക്കമുള്ള രോഗമാണ് ഞാൻ 17 മാസത്തിനുള്ളിൽ ഇല്ലാതാക്കാൻ ശ്രമിച്ചത്. അഴിമതിക്കെതിരെയുള്ള കൂടുതൽ പദ്ധതികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ശിവാജി ഗണേശൻ, അമിതാഭ് ഭച്ചൻ തുടങ്ങിയ പ്രശസ്ത സൂപ്പർ സ്റ്റാറുകളെ കടത്തിവെട്ടിയ ഒരു പ്രകടനമായിരുന്നു അത്. ഇത് എങ്ങനെ സംഭവിച്ചുവെന്നറിയാൻ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ. പക്ഷേ, ഈ നാടകങ്ങളിൽ നിന്നെല്ലാം ആത്യന്തികമായി എന്താണ് നേടിയത്?

ലളിതമായി പറഞ്ഞാൽ, നോട്ട് മാറ്റിയെടുക്കാനുള്ള നീണ്ട വരികളിൽ ചുട്ടുപൊള്ളുന്ന വെയിലിൽ മണിക്കൂറുകളോളം ആളുകളെ നിർത്തി  ശാരീരികവും മാനസികവുമായി അവരെ ബുദ്ധിമുട്ടിച്ചു.  ബാങ്ക് ജീവനക്കാർ ദിവസങ്ങളോളം അധികസമയം ജോലി ചെയ്യാൻ നിർബന്ധിതരായി. നോട്ട് അസാധുവാക്കൽ ബുദ്ധിമുട്ടുകൾ മൂലം 12 ബാങ്ക് ജീവനക്കാർ ഉൾപ്പെടെ 104 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് കണക്കുകൾ.  58 പേർ സർക്കാർ നടപടിയെ ചോദ്യം ചെയ്ത് അത് സൃഷ്ടിച്ച ബുദ്ധിമുട്ടുകൾ ഉയർത്തിക്കാട്ടി കോടതിയെ സമീപിച്ചു. എല്ലാ ഹർജികളും ഒന്നാക്കി സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ പരി​ഗണനയ്ക്ക് വിട്ടു.

 

നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് സ്വീകരിച്ച നടപടിയെ എതിർത്ത് കോൺഗ്രസ് നേതാവും പ്രശസ്ത അഭിഭാഷകനുമായ പി ചിദംബരം ഉന്നയിച്ച ചോദ്യങ്ങൾ ജഡ്ജിമാർ വിധിന്യായത്തിൽ ഉദ്ധരിക്കുന്നു.  “വിദഗ്‌ധനായ മുതിർന്ന അഭിഭാഷകൻ വാദിച്ചത്, നോട്ട് നിരോധന നടപടിക്ക് തുടക്കമിട്ട കേന്ദ്രസർക്കാർ 2016 നവംബർ 7-ന് സെൻട്രൽ ബോർഡിന്റെ അഭിപ്രായം ആരാഞ്ഞു. സെൻട്രൽ ബോർഡിന്റെ യോഗം അടുത്ത ദിവസം, അതായത് 2016 നവംബർ 8-ന്  വൈകുന്നേരം 5.00 മണിക്ക് അടിയന്തരമായി ചേർന്നു. മണിക്കൂറുകൾക്കകം സെൻട്രൽ ബോർഡിന്റെ ശുപാർശ കേന്ദ്ര സർക്കാരിന് അയച്ചു. അന്ന് തന്നെ, അതായത്, നവംബർ 8, 2016, രാത്രി 8.00 മണിക്ക് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ദേശീയ ടെലിവിഷനിൽ നോട്ട് അസാധുവാക്കൽ സംബന്ധിച്ച മന്ത്രിസഭയുടെ തീരുമാനം  പ്രഖ്യാപിക്കുകയും ചെയ്തു. “

ഈ കേസിന്റെ ഹിയറിംഗ് രേഖകളിലൂടെ പുറത്തുവന്ന രസകരമായ ഒരു വിവരം എന്തെന്നാൽ, 2016 നവംബർ 8 ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുതിയ 2000 രൂപ നോട്ടുകൾ ബാങ്കുകളുടെ കറൻസി ചെസ്റ്റുകളിൽ എത്തുകയും കറൻസി ചെസ്റ്റ് എന്ന റിപ്പോർട്ടിംഗ് ഫോർമാറ്റിൽ ഉൾപ്പെടുത്താതെ പെട്ടികളിൽ സൂക്ഷിച്ചിരുന്നുവെന്നതാണ്.  ആരാണ് ഇത് തീരുമാനിച്ചത്? ഹർജിക്കാരനായ മൽവിന്ദർ സിങ്ങിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാനും നിർണായകമായ വാദങ്ങൾ ഉന്നയിച്ചു. ഇന്ത്യയിലെ ഏത് സ്ഥലത്തും നിയമപരമായ ടെൻഡറായി ഓരോ ബാങ്ക് നോട്ടും മാറ്റുന്നത് സംബന്ധിച്ച് കേന്ദ്ര ഗവൺമെന്റ് നൽകുന്ന ഗ്യാരന്റിക്ക് പുറമെ, ആർബിഐ ആക്ടിലെ സെക്ഷൻ 34 പ്രകാരം ഇന്ത്യാ ഗവൺമെന്റിന്റെ കറൻസി നോട്ടുകളുടെയും  വിനിമയത്തിലിരിക്കുന്ന രൂപയുടേയും തുല്യമായ തുകയ്ക്ക് ഇഷ്യൂ ഡിപ്പാർട്ട്‌മെന്റിന്റെ ബാധ്യതകളും ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യസന്ധരും കഠിനാധ്വാനികളുമായ ആളുകളുടെ അവകാശങ്ങളും താൽപ്പര്യങ്ങളും പൂർണ്ണമായി സംരക്ഷിക്കപ്പെടുമെന്ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി 2016 നവംബർ 8-ന് നടത്തിയ പ്രസംഗത്തിൽ വ്യക്തമായ ഉറപ്പ് നൽകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേക കാരണങ്ങളാൽ പഴയ അഞ്ഞൂറോ ആയിരമോ രൂപ നോട്ടുകൾ 2016 ഡിസംബർ 30നകം മാറ്റിയെടുക്കാൻ സാധിക്കാത്തവരുണ്ടെങ്കിൽ, ആർബിഐയുടെ നിർദ്ദിഷ്ട ഓഫീസുകളിൽ ഡിക്ലറേഷൻ ഫോമുമായി 2017 മാർച്ച് 31 വരെ സമീപിക്കാമെന്ന പ്രത്യേക ഉറപ്പ് പ്രധാനമന്ത്രി നൽകിയകാര്യവും  അദ്ദേഹം കോടതിയെ അറിയിച്ചു.

താൻ പ്രതിനിധീകരിക്കുന്ന ഹർജിക്കാരൻ 2015 ഡിസംബർ 3-ന് പഞ്ചാബിലെ സംഗ്രൂരിലെ സെൻട്രൽ കോഓപ്പറേറ്റീവ് ബാങ്കിന്റെ ​ഗേലാനി ബ്രാഞ്ചിലെ തന്റെ അക്കൗണ്ടിൽ നിന്ന് 1,20,000/- രൂപ പിൻവലിച്ചതായും അത് തന്റെ പക്കൽ സൂക്ഷിച്ചിരുന്നുവെന്നും ദിവാൻ കോടതിയെ അറിയിച്ചു. ഈ തുകയും മുമ്പ് കൈവശമുണ്ടായിരുന്ന 42,000/- രൂപയും ചേർത്ത് മൊത്തം 1,62,000/- രൂപ (അതായത് 500 രൂപ മൂല്യമുള്ള 60 നോട്ടുകളും 1000/- രൂപയുടെ 132 നോട്ടുകളും) ഹർജിക്കാരന്റെ പക്കലുണ്ടായിരുന്നു. തന്റെ  കാൽമുട്ടിന്റെ ഓപ്പറേഷനായി കരുതിവെച്ച 1,62,000/- രൂപ ഇന്ത്യയിലെ വീട്ടിൽ സൂക്ഷിച്ച് വച്ച് അദ്ദേഹം 2016 ഏപ്രിൽ 11-ന്  അമേരിക്കയിൽ താമസിക്കുന്ന മകനെ കാണാൻ പോയി.

വീട് പൂട്ടിയാണ് ഹർജിക്കാരൻ ഭാര്യയോടൊപ്പം യാത്ര ചെയ്തത്. അതിനാൽ തന്നെ ഇവരുടെ അസാന്നിധ്യത്തിൽ പണം ബാങ്കിൽ നിക്ഷേപിക്കാൻ കഴിയുമായിരുന്നില്ല. 2017 ഫെബ്രുവരി 3-ന് ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം പ്രധാനമന്ത്രി നൽകിയ ഉറപ്പിനെ ആശ്രയിച്ച്, തന്റെ കൈവശമുള്ള കറൻസി നോട്ടുകൾ മാറ്റിവാങ്ങുന്നതിനായി അദ്ദേഹം ആർബിഐക്ക് ഒരു അപേക്ഷ നൽകി. എന്നാൽ, അത് പരിഗണിക്കപ്പെട്ടില്ല. അതിനാലാണ് ഹർജിക്കാരൻ ഹർജി ഫയൽ ചെയ്യാൻ നിർബന്ധിതനായത്. 2016 ഡിസംബർ 30-ന് ധനമന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ ഒരു നിബന്ധന വഴി അപേക്ഷകനെപ്പോലുള്ള വ്യക്തികളെ പൂർണ്ണമായും ഇതിൽ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നുവെന്ന് ദിവാൻ വാദിച്ചു. വിദേശത്ത് താമസിക്കുന്ന ദിവസങ്ങളുടെ എണ്ണം കണക്കിലെടുത്ത്, ഹർജിക്കാരനെ പ്രവാസി ഇന്ത്യക്കാരനായി കണക്കാക്കിയതോടെ 2016 ഡിസംബർ 30-ലെ വിജ്ഞാപനത്തിലെ നിബന്ധന പ്രകാരം അന്നുവരെമാത്രമായിരുന്നു നോട്ടുകൾ മാറ്റാൻ അയാൾക്ക് അർഹതയുണ്ടായിരുന്നുള്ളു. വിദേശ യാത്രയ്ക്കിടെ അപേക്ഷകൻ പണം കൈവശം വച്ചിരുന്നില്ല എന്നതിനാൽ, 2016 വിജ്ഞാപനത്തിലെ സെക്ഷൻ 4-ലെ ഉപവകുപ്പ് (1) ന്റെ ക്ലോസ് (i) പ്രകാരം ഒരു ഡിക്ലറേഷന്റെ ആവശ്യം ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. 

Citizens queueing up at bank to deposit banned notes

നോട്ടുനിരോധനം മൂലം തൊഴിലവസരത്തിൽ ഗണ്യമായ കുറവ്  ഉണ്ടായത് സംബന്ധിച്ച്  സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയിലെ (2018) മഹേഷ് വ്യാസ് എഴുതിയ “യൂസിങ് ഫാസ്റ്റ് ഫ്രീക്വൻസി ഹൗസ്ഹോൾഡ് സർവേ ഡാറ്റ ടു എസ്റ്റിമേറ്റ് ദി ഇംപാക്ട് ഓഫ് ഡിമോണിറ്റൈസേഷൻ ഇൻ എംപ്ലോയിമെന്റ് ” എന്ന ലേഖനവും ദിവാൻ ചൂണ്ടിക്കാട്ടി. നോട്ട് അസാധുവാക്കലിന് മുമ്പുള്ള 2 മാസത്തെ അപേക്ഷിച്ച് 12 ദശലക്ഷം തൊഴിലാണ് കുറഞ്ഞത്.  കൂടാതെ 4 മാസ കാലയളവിൽ , മുഴുവൻ സാമ്പിളുകളുടേയും സർവേ പൂർത്തിയാക്കിയപ്പോൾ നോട്ട് നിരോധനത്തിന്റെ ആഘാതത്തിൽ നഷ്ടമായത് ഏകദേശം 3 ദശലക്ഷം തൊഴിലവസരങ്ങൾ ആണ്. ഓൾ ഇന്ത്യ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ (എഐഎംഒ) നടത്തിയ പഠനത്തെ അടിസ്ഥാനമാക്കി 2017 ജനുവരി 17-ന് ഇന്ത്യൻ എക്‌സ്പ്രസിന്റെ ലേഖനം, നോട്ട് അസാധുവാക്കലിനുശേഷം ഉൽപ്പാദനമേഖലയിൽ ഗണ്യമായ തൊഴിൽനഷ്ടമുണ്ടായതായി കാണിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിന്റെ ഹിയറിംഗിന്റെ രേഖകളിൽ എടുത്തുകാണിക്കുന്ന ഈ വസ്തുതകൾക്കപ്പുറം പ്രധാനമന്ത്രി പ്രഖ്യാപിച്ച യഥാർത്ഥ ലക്ഷ്യങ്ങൾ ഫലം കണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

 

ലക്ഷ്യങ്ങൾ നേടിയോ?

2016 നവംബർ എട്ടിന് മോദി പറഞ്ഞ ലക്ഷ്യങ്ങൾ കള്ളപ്പണം കള്ളനോട്ടുംയും അഴിമതി ഇല്ലാതാക്കൽ, തീവ്രവാദം അവസാനിപ്പിക്കൽ എന്നിവയായിരുന്നു. പിന്നീട്, 3-4 ലക്ഷം കോടി ആർബിഐയിലേക്ക് തിരികെ വരില്ല എന്നസർക്കാരിന്റെ കണക്കുകൂട്ടൽ തെറ്റിയതോടെ കേന്ദ്രം ലക്ഷ്യങ്ങൾ മാറ്റി, പണരഹിത സമ്പദ്‌വ്യവസ്ഥ നടപ്പിലാക്കുകയെന്നതടക്കമുള്ളവയാക്കി മാറ്റി. യഥാർത്ഥത്തിൽ അന്ന് പ്രചാരത്തിലുണ്ടായിരുന്ന 15.41 ലക്ഷം കോടി അസാധുവാക്കപ്പെട്ട നോട്ടുകളിൽ 15.31 ലക്ഷം കോടി രൂപയും ആർബിഐയിലേക്ക് തിരിച്ചെത്തി. അതോടെ കള്ളപ്പണം കുറയ്ക്കാനും നികുതി അടയ്ക്കൽ വ‍ർദ്ധിപ്പിക്കാനും സുതാര്യതയ്ക്ക് ഊർജം നൽകാനും നോട്ട് നിരോധനം സഹായിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഈ ഫലങ്ങൾ ദേശീയ പുരോഗതിക്ക് വളരെയധികം ഗുണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.”

പക്ഷേ, പ്രധാനമന്ത്രി പ്രഖ്യാപിച്ച ലക്ഷ്യങ്ങളൊന്നും പൂർത്തീകരിക്കപ്പെട്ടില്ല എന്നതാണ് യാഥാർത്ഥ്യം. കള്ളപ്പണം, അഴിമതി, കള്ളനോട്ട്, ഭീകരവാദം എന്നിവ രാജ്യത്തിനും ജനങ്ങൾക്കും തുടർച്ചയായി ഭീഷണിയായി തുടരുന്നു. നമുക്ക് യാഥാർത്ഥ്യമെന്തെന്ന് നോക്കാം. തിരഞ്ഞെടുപ്പുകളിൽ 

വ്യാപകമായി പണം ചിലവഴിക്കുന്നത് നാം കാണുന്നു. അത് കള്ളപ്പണമല്ലേ? എം.എൽ.എമാരെ വിലക്കെടുക്കാൻ കോടിക്കണക്കിന് പണം ചെലവഴിക്കുന്നത് നാം കാണുന്നു. അത് കള്ളപ്പണമല്ലേ? അത് അഴിമതിയല്ലേ? പുതിയ നോട്ടുകളുടെ സീരിയൽ നമ്പറുകളുടെ മുഴുവൻ വിവരങ്ങളും ആർബിഐയുടേയും ബാങ്കുകളുടേയും കൈവശമുണ്ട്. രാഷ്ട്രീയ ബന്ധമുള്ളവരിലേക്ക് കോടികളുടെ പുതിയ കറൻസികൾ എത്തിയതിന്റെ ഉറവിടം കണ്ടെത്താൻ സിബിഐയും മറ്റ് ഏജൻസികളും സത്യത്തിൽ ആഗ്രഹിച്ചിരുന്നെങ്കിൽ അത് കണ്ടെത്താൻ വളരെ എളുപ്പമാകുമായിരുന്നു. എന്തുകൊണ്ട് അത് ചെയ്തില്ല? 2000 രൂപയുടെ ദൗർലഭ്യമാണ് മറ്റൊരു ഘടകം. 2000 നോട്ടുകൾ എടിഎമ്മുകളിൽ പോലും അപൂർവമായി മാത്രമേ ലഭ്യമാകൂ. അവ എവിടെയാണ് അപ്രത്യക്ഷമായത്? ആർബിഐയും പറയുന്നത്  2022 ലെ വാർഷിക റിപ്പോർട്ടിൽ 1.6% മാത്രമാണ് 2000 നോട്ടുകൾ ബാങ്കുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് സമ്പന്നർ ബാക്കിയുള്ളവ പൂഴ്ത്തിവെക്കുന്നു എന്നാണ്. ഇത് കറുപ്പോ വെളുപ്പോ?

നോട്ട് അസാധുവാക്കൽ സമയത്ത് 18 ലക്ഷം കോടി രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 31 ലക്ഷം കോടി നോട്ടുകൾ പ്രചാരത്തിലുണ്ടെന്ന് 2022 ലെ ആർബിഐ വാർഷിക റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 2022 ഡിസംബറിലെ കണക്കനുസരിച്ച് ഇത് 32.41 ലക്ഷം കോടിയായി ഉയർന്നു. നിർദ്ദിഷ്‌ട ബാങ്ക് നോട്ടുകളുടെ (എസ്‌ബി‌എൻ) 99% വും മടങ്ങിയതായി ആർ‌ബി‌ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. അപ്പോൾ പിന്നെ കള്ളപ്പണം എവിടെ? കൂടുതൽ ആദായനികുതി റിട്ടേണുകൾ സമർപ്പിച്ചിട്ടുണ്ടെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. നിർഭാഗ്യവശാൽ, സ്വാഭാവിക വളർച്ചയല്ലാതെ പിരിച്ചെടുക്കുന്ന ആദായനികുതി തുകയിൽ വലിയ വർധനയില്ല. നോട്ട് നിരോധനത്തിന് അതുമായി യാതൊരു ബന്ധവുമില്ല. ഡിജിറ്റൽ ഇടപാടുകളിൽ വർധനവുണ്ടായിട്ടുണ്ടെന്നത് ശരിയാണ്. പക്ഷെ ആർബിഐ ഡാറ്റ നോക്കിയാൽ എല്ലായിടത്തും പണമാണ് പരമോന്നതമായി തുടരുന്നത്.

 

കള്ളനോട്ട്, അഴിമതി, തീവ്രവാദം

ആർബിഐ കണക്കുകൾ പ്രകാരം കഴിഞ്ഞ 4 വർഷത്തിനിടെ 18.87 ലക്ഷം കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. പ്രചാരത്തിലുള്ളത് എത്രയാണെന്ന് നമുക്ക് അറിയില്ല. ചില സാമ്പത്തിക വൃത്തങ്ങളിൽ, 2000 രൂപ അച്ചടിക്കുന്നത് എളുപ്പമാണെന്നും ഉയർന്ന നിലവാരത്തിലുള്ള പ്രിന്റിംഗ് കാരണം യഥാർത്ഥ നോട്ടും  വ്യാജനേയും  വേർതിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ് എന്നുമുള്ള സംസാരമുണ്ട്. ബാങ്കിംഗ് സംവിധാനത്തിൽ കണ്ടെത്തിയ കള്ളനോട്ടുകളുടെ എണ്ണം ഇരട്ടിയായതായി ആർബിഐ 2022ലെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. രൂപയിൽ. 39,453ൽ നിന്ന് ഒരു വർഷത്തിനുള്ളിൽ 500 രൂപയുടെ കള്ളനോട്ട്  79,699 ആയും 200 രൂപയുടെ കള്ളനോട്ടുകൾ 8798ൽ നിന്ന് 13604 ആയും ഉയർന്നു. മുകളിൽ സൂചിപ്പിച്ചത് പോലെ, 2000 മൂല്യമുള്ള നോട്ടുകളിൽ ഭൂരിഭാഗവും പ്രചാരത്തിലില്ല, പക്ഷേ ഇപ്പോഴും ധാരാളം വ്യാജൻമാരുണ്ട്. കള്ളനോട്ടുകളുടെ ചെറിയൊരു ഭാഗം മാത്രമാണ് ബാങ്കുകളിൽ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നത്. പോലീസും പ്രതിരോധ സേനയും പിടിച്ചെടുത്ത കള്ളനോട്ടുകളുടെ കണക്ക് പോലും ആർബിഐ റിപ്പോർട്ടിലില്ല. അതുകൊണ്ട് കള്ളനോട്ടുകൾ ഇല്ലാതാക്കപ്പെട്ടിട്ടില്ല. ബാങ്കുകളിൽ ഇത്രയധികം കള്ളനോട്ടുകൾ വരുമ്പോൾ അവ എവിടെയാണ് അച്ചടിച്ചതെന്ന് കണ്ടെത്താൻ സർക്കാരിന് എന്തുകൊണ്ട് കഴിയുന്നില്ല എന്നതാണ് വലിയ ചോദ്യം.

Rs. 2000 fake note worth 8 crore seized in Thane

ഇനി അഴിമതി അവസാനിച്ചോ? രജിസ്ട്രേഷൻ ഓഫീസ് മുതൽ സർക്കാരിലെ ഉന്നതർ വരെ, അഴിമതിയില്ലാതെ ഒന്നും നീങ്ങില്ലെന്ന് സാധാരണക്കാർക്ക് അറിയാം. വ്യക്തികളിൽ നിന്ന് വൻതോതിൽ പുതിയ കറൻസി പിടിച്ചെടുത്തതിന് 155 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കേസും ശിക്ഷിക്കപ്പെട്ടിട്ടില്ല. തമിഴ്‌നാട്ടിലെ മുൻ ചീഫ് സെക്രട്ടറിയുടെയും ഒരു കരാറുകാരന്റെയും കേസാണ് ഇതിൽ ഏറ്റവും രസകരമായത്.  ഉദ്യോഗസ്ഥനെ പുനഃസ്ഥാപിച്ചു, ഇപ്പോൾ അദ്ദേഹം സൂപ്പർആനുവേഷനിൽ വിരമിച്ചു. കരാറുകാരൻ ആകട്ടെ ഇപ്പോൾ തിരുപ്പതി ദേവസ്വം ബോർഡ് അംഗം.

സർക്കാരിനും പ്രത്യേകിച്ച് ധനമന്ത്രാലയവും ആർബിഐയും ഉത്തരം പറയേണ്ട ധാരാളം ചോദ്യങ്ങളുണ്ട്. നോട്ട് അസാധുവാക്കാനുള്ള തീരുമാനം മാറ്റാൻ കഴിയില്ലെങ്കിലും കോടതിയിൽ അവതരിപ്പിച്ച വാദങ്ങൾ പഠന താൽപ്പര്യമുള്ള ഒന്നായിമാത്രം കണക്കാക്കാനാവില്ല. രാജ്യത്തെ നയരൂപീകരണത്തിലും പ്രധാനപ്പെട്ട ധനകാര്യ സ്ഥാപനങ്ങളുടെ സ്ഥാപനപരമായ സമഗ്രതയിലും ഇവയുടെ പ്രത്യാഘാതങ്ങൾ വളരെ വലിയ  തരത്തിലാണ്. എല്ലാറ്റിനും ഒടുവിൽ, ഈ കേസിന്റെ കോടതി നടപടികളുടെയും വിധിയുടെയും അടിസ്ഥാനത്തിൽ, പ്രത്യേകിച്ച് വിയോജിപ്പുള്ള വിധിയുടെ അടിസ്ഥാനത്തിൽ, പ്രധാനമന്ത്രിയോടുള്ള ചില ചോദ്യങ്ങളും ന്യായീകരിക്കപ്പെടുന്നു. പ്രത്യേകിച്ചും, 2016 നവംബർ 13-ലെ അദ്ദേഹത്തിന്റെ അഭിനയത്തിന്റെ പശ്ചാത്തലത്തിൽ.

പ്രചാരത്തിലുള്ള പണം പോലെ നിർണായകമായ വിഷയത്തിൽ രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കുന്നത് ശരിയാണോ? ഒരു നേതാവ് തന്റെ തെറ്റുകൾ സമ്മതിക്കേണ്ടതല്ലേ? നമ്മൾ ഇപ്പോൾ എത്തിയിരിക്കുന്നിടത്ത് എത്താൻ, നോട്ട് അസാധുവാക്കലിന്റെ ആവശ്യമുണ്ടായിരുന്നില്ല, അത് മൂലം 12 ബാങ്ക് ജീവനക്കാരടക്കം 104 പേർക്ക് ജീവനും ദശലക്ഷക്കണക്കിന് ആളുകൾക്ക് ഉപജീവനമാർ​ഗവും തൊഴിലുമാണ് നഷ്ടമായത്.


Related Story: Special Focus: നോട്ടുനിരോധനം നേടിയതെന്ത്?


Subscribe to our channels on YouTube & WhatsApp

About Author

തോമസ് ഫ്രാങ്കോ രാജേന്ദ്ര ദേവ്

മുൻ ജനറൽ സെക്രട്ടറി. ആൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫഡറേഷൻ, ജോയിന്റ് കൺവീനർ, പീപ്പിൾസ് ഫസ്റ്റ്.