A Unique Multilingual Media Platform

The AIDEM

Articles Memoir National

വിട, പ്രൊഫസർ ഇംതിയാസ് അഹമ്മദ്!

  • June 20, 2023
  • 1 min read
വിട, പ്രൊഫസർ ഇംതിയാസ് അഹമ്മദ്!

പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞൻ പ്രൊഫ. ഇംതിയാസ് അഹമ്മദ് തിങ്കളാഴ്ച (19-06-2023) അന്തരിച്ചു. ഡൽഹി ജവാർഹലാൽ നെഹ്‌റു സർവകലാശാലയിൽ 1972 മുതൽ 2002 വരെയുള്ള നീണ്ട മൂന്നു പതിറ്റാണ്ടുകൾ പൊളിറ്റിക്കൽ സോഷ്യോയോളജി അദ്ധ്യാപകനായിരുന്നു അദ്ദേഹം. ഇന്ത്യൻ മുസ്ലിംങ്ങൾക്കിടയിലെ ജാതിയെക്കുറിച്ചുള്ള പഠനം അദ്ദേഹത്തെ ലോകശ്രദ്ധയിലേക്ക് ഉയർത്തി. അദ്ദേഹത്തിന്റെ ‘ഇന്ത്യൻ മുസ്ലീങ്ങൾക്കിടയിലെ ജാതിയും സാമൂഹികവർഗ്ഗീകരണവും’ (1973) എന്ന പുസ്തകം അന്താരാഷ്ട്രതലത്തിൽ ഏറെ ശ്രദ്ധനേടി.

തീർച്ചയായും എന്നെക്കാൾ അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അറിയുകയും പറയുകയും ചെയ്യുന്നവരുണ്ടാകും. അവർക്ക് അദ്ദേഹത്തെക്കുറിച്ച് കൂടുതൽ പറയാനാവും. പക്ഷെ, അദ്ദേഹത്തോടൊപ്പമുള്ള, എന്റെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ഒരു സന്ദർഭത്തെ വരച്ചിടാനാണ് ഞാനിവിടെ ശ്രമിക്കുന്നത്. ഒരു സദസ്സിലെ ചർച്ചയിൽ തന്റെ നേരെ ഉയർന്നുവന്ന ചോദ്യങ്ങൾക്ക് പ്രൗഢോജ്ജ്വലമായ മറുപടി നൽകുന്ന അദ്ദേഹത്തിന്റെ ചിത്രമാണ് അത്.

പ്രൊഫ. ഇംതിയാസ് അഹമ്മദ് ജെ.എൻ.യും വിൽ നിന്നും വിരമിച്ച് കുറേ വർഷങ്ങൾക്കു ശേഷമാണ് ഞാനവിടെ പഠിക്കാൻ എത്തുന്നത്. എങ്കിലും സർവ്വകലാശാലയിലെ പൊതുചർച്ചകളുടെ ഭാഗമായി അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. വിവിധ വിദ്യാർത്ഥി സംഘടനകൾ ഹോസ്റ്റൽ മെസ്സിൽ അത്താഴത്തിനു ശേഷം നടത്തുന്ന പൊതുചർച്ചകൾ ജെ.എൻ.യു ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളാണ്.

പ്രൊഫ. ഇംതിയാസ് അഹമ്മദ് പങ്കെടുത്ത ഇത്തരത്തിലുള്ള ഒരു ചർച്ച എന്റെ മനസ്സിൽ ഇന്നും തങ്ങിനിൽക്കുന്നു. ജെ.എൻ.യു വിലെ ചർച്ചകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഏതെന്നു ചോദിച്ചാൽ അതായിരിക്കും. ഇന്ത്യയിലെ മുസ്ലീങ്ങളുടെ സാമൂഹിക,സാമ്പത്തിക,വിദ്യാഭ്യാസ അവസ്ഥകളെ വിലയിരുത്തുന്ന ജസ്റ്റിസ് സച്ചാർ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമുള്ള ഒരു ചർച്ചയായിരുന്നു അത്. സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ) യാണ് ചർച്ച സംഘടിപ്പിച്ചത്. ജെ.എൻ.യു വിലെ കാവേരി ഹോസ്റ്റലിന്റെ മെസ് ഹോളാണ് വേദി. മൂന്നു പേരാണ് സംസാരിക്കാൻ ഉള്ളത്. ഇംതിയാസ് അഹമ്മദ്, പ്രഭാത് പട്നായിക്, പിന്നെ എനിക്ക് ഓർത്തെടുക്കാൻ സാധിക്കാത്ത മൂന്നാമത്തെ ഓരാളും.

ഇംതിയാസ് അഹമ്മദ്

പ്രഭാത് പട്നായിക് അസാധ്യമായി സംസാരിച്ചു. ഇന്ത്യയിലെ മുസ്ലീങ്ങളുടെ പിന്നാക്കാവസ്ഥയെക്കുറിച്ചും, വിഭജനത്തിന്റെ സമയത്ത് സമ്പന്നരായ മുസ്ലീങ്ങൾ പാക്കിസ്ഥാനിലേക്ക് പലായനം ചെയ്യേണ്ടി വന്ന ചരിത്രവും എല്ലാം അദ്ദേഹം പറഞ്ഞു.

തുടർന്നു സംസാരിച്ച ഇംതിയാസ് അഹമ്മദ് ഇന്ത്യയിലെ മുസ്ലീങ്ങളുടെ അവസ്ഥയെക്കുറിച്ച് കണ്ണുതുറപ്പിക്കുന്ന പ്രസംഗമാണ് നടത്തിയത്. പലകാര്യങ്ങൾ പറഞ്ഞകൂട്ടത്തിൽ ഇന്ത്യയിലെ മുസ്ലീങ്ങൾക്കിടയിൽ നിലനിൽക്കുന്ന ജാതിവിവേചനത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി. ഇത് വലിയ ഒച്ചപ്പാടിനു കാരണമായി.

എല്ലാവരും സംസാരിച്ചു കഴിഞ്ഞതിനു ശേഷം വേദി ചർച്ചയ്ക്കായി തുറന്നുകൊടുത്തപ്പോൾ ഞാൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത (അതിനു മുൻപും, അതിന് ശേഷം ഇന്ന് ഈ നിമിഷം വരെയും) ഒരു സംഭവത്തിനാണ് സാക്ഷ്യം വഹിച്ചത്. എനിക്ക് ഓർത്തെടുക്കാൻ കഴിയാത്ത ആ മൂന്നാമത്തെ പ്രാസംഗികൻ എഴുന്നേറ്റ് ഇംതിയാസ് അഹമ്മദിനെ നേരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. അതിന്റെ ചുവടുപിടിച്ച് കുറേ കുട്ടികളും അദ്ദേഹത്തെ വിമർശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. മുസ്ലീങ്ങൾക്കിടയിൽ ജാതിയില്ല എന്നും അതിനാൽ തന്നെ അവർക്കിടയിൽ ജാതിവിവേചനങ്ങൾ ഇല്ല എന്നുമായിരുന്നു ഈ ആരോപണങ്ങളുടെ കാതൽ. ഞാൻ കണ്ടിട്ടുള്ളതിൽ ഒരു പൊതുചർച്ചയിൽ വച്ച് ഒരു പ്രാസംഗികനു നേരെ നടക്കുന്ന ഏറ്റവും തീക്ഷ്ണമായ ആക്രമണമായിരുന്നു അത് (ശാരീരികമായിരുന്നില്ല എന്നതുമാത്രമാണ് ആശ്വാസം).

ചോദ്യങ്ങൾ ചോദിച്ചുകഴിഞ്ഞപ്പോൾ ഓരോരുത്തരായി അവയ്ക്ക് ഉത്തരങ്ങൾ നൽകാൻ തുടങ്ങി. ഇംതിയാസ് അഹമ്മദാണ് അവസാനം മറുപടി പറയാൻ ഉണ്ടായിരുന്നത്. അദ്ദേഹം മറുപടിപറയാൻ ആഗ്രഹിക്കാത്തതുപോലെ തലതാഴ്ത്തിയിരുന്നു. തന്റെ നേർക്ക് ഉണ്ടായ ആക്രമണത്തിൽ ഉലഞ്ഞതുപോലെ കാണപ്പെട്ടു. പ്രഭാത് പട്നായിക് അദ്ദേഹത്തെ എഴുന്നേൽക്കാനും ഉത്തരം നൽകുവാനും പ്രചോദിപ്പിച്ചുകൊണ്ടിരുന്നു.

അങ്ങനെ അദ്ദേഹം തന്റെ പ്രൗഢോജ്ജ്വലമായ മറുപടി പ്രസംഗത്തിന് എഴുന്നേറ്റു. ഓരോ ചോദ്യത്തിനും പ്രത്യേകം പ്രത്യേകം ഉത്തരം പറഞ്ഞ അദ്ദേഹം മുസ്ലീങ്ങൾക്കിടയിൽ ജാതിയില്ലെങ്കിലും ജാതിവ്യവസ്ഥ നിലനിൽക്കുന്നുണ്ട് എന്നു പറഞ്ഞു, മുസ്ലീങ്ങളിലെ സവർണ്ണവിഭാഗം തൊട്ടുകൂടാത്തരവരായി കണക്കാക്കുന്ന താഴേക്കിടയിലുള്ള വിവിധ മുസ്ലീംജാതികളുടെ പേരുകൾ അദ്ദേഹം എടുത്തുപറഞ്ഞു. ഉദാഹരണത്തിന്, പ്രധാനപ്പെട്ട ആഘോഷങ്ങൾക്ക് മുസ്ലീങ്ങൾക്കിടയിൽ വിരുന്ന് നടത്താറുണ്ട്. ഈ വിരുന്നുകളിൽ താഴ്ന്ന ജാതിക്കാരായ മുസ്ലീങ്ങൾക്ക് റോഡിന്റെ അപ്പുറത്താണ് ഭക്ഷണം കൊടുക്കുന്നത്. മാത്രമല്ല, അവരെ ആതിഥേയന്റെ വീട്ടിൽ പ്രവേശിപ്പിക്കാറുമില്ല! നീണ്ടകാലത്തെ പഠനത്തിന്റെ ഫലമായി, കൃത്യമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി നൽകിയ ഈ മറുപടി അദ്ദേഹത്തെ ആക്രമിച്ചവരെ മയപ്പെടുത്തി.

വേദപുസ്തകങ്ങളെ ഓരോ ചരിത്രഘട്ടത്തിലുമുണ്ടായ സാമൂഹികശാസ്ത്രഗ്രന്ഥങ്ങളായി കാണണം എന്ന് ആവശ്യപ്പെട്ട അദ്ദേഹം അവ വിമർശനത്തിന് അതീതമല്ല എന്നും പറഞ്ഞു. ഇത് മറ്റൊരു വിവാദത്തിന് വഴിവെച്ചു. വേദപുസ്തകങ്ങൾ ദൈവദത്തമാണ് എന്ന് ആരോപണം ഉന്നയിച്ചവർക്ക് “ഞാൻ ഒരു സാമൂഹിക ശാസ്ത്രകാരനാണ്, എനിക്ക് അവ ചരിത്രപുസ്തങ്ങളാണ്” എന്നാണ് അദ്ദേഹം മറുപടി നൽകിയത്. (ഇംതിയാസ് അഹമ്മദിനെ മുസ്ലീങ്ങളിലെ പിന്തിരിപ്പൻ വിഭാഗങ്ങളും ഹിന്ദു വർഗ്ഗീയവാദികളും ഒരുപോലെ ആക്രമിച്ചതിൽ അത്ഭുതമില്ല!)

ഔദ്യോഗികമായി ചർച്ചയുടെ സമയം കഴിഞ്ഞപ്പോളും അത് വീണ്ടും തുടർന്നുകൊണ്ടേയിരുന്നു. ചോദ്യോത്തരങ്ങളുമായി കുട്ടികൾ കാറുവരെ അദ്ദേഹത്തെ അനുഗമിച്ചു.

പ്രസംഗങ്ങളും ചർച്ചകളും ഒന്നും റെക്കോർഡ് ചെയ്യാൻ തുടങ്ങാത്ത, ലൈവ് സ്ട്രീമിങ് ഇല്ലാതിരുന്ന കാലമായിരുന്നു അത്. അന്ന് കാവേരി ഹോസ്റ്റലിൽ നടന്ന ആ ചർച്ചയുടെ ശബ്ദലേഖനം പോലും ആരുടെയും കൈയ്യിൽ ഉണ്ടാവുമെന്ന് കരുതുന്നില്ല. എന്തായാലും ഇന്ന് അദ്ദേഹം നമ്മെ എന്നന്നേക്കുമായി വിട്ടുപിരിഞ്ഞ സന്ദർഭത്തിൽ, ആ ചർച്ചയെയും ഇംതിയാസ് അഹമ്മദിന്റെ വിശിഷ്ടമായ മറുപടി പ്രസംഗത്തെയും എന്റെ ഒർമ്മയിൽ നിന്നും ഇങ്ങനെയെങ്കിലും രേഖപ്പെടുത്തിവയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുകയാണ്.

വിട, സർ! അങ്ങയെ ഞങ്ങൾ എന്നും മിസ്സ് ചെയ്തുകൊണ്ടേയിരിക്കും. അങ്ങയുടെ ജീവിത്തിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും ആളുകൾ എന്നും പ്രചോദനം ഉൾക്കൊള്ളും.

About Author

സുബിൻ ഡെന്നിസ്

സുബിൻ ഡെന്നിസ്, ട്രൈകോണ്ടിനെന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇക്കണോമിസ്റ്റായി പ്രവർത്തിക്കുന്നു.