A Unique Multilingual Media Platform

The AIDEM

Articles History National

അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികവും ഇന്നത്തെ ഇന്ത്യയും

  • June 25, 2024
  • 1 min read
അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികവും ഇന്നത്തെ ഇന്ത്യയും

അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തിൽ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (സി.എം.പി) ജനറൽ സെക്രട്ടറിയും രാഷ്ട്രീയ ചിന്തകനുമായ സി.പി ജോണുമായി പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ എസ് ഗോപാലകൃഷ്ണൻ അദ്ദേഹത്തിൻറെ ദില്ലി ദാലി എന്ന പോഡ്കാസ്റ്റിനു വേണ്ടി നടത്തിയ സംഭാഷണത്തിന്റെ എഡിറ്റ് ചെയ്ത പ്രസക്തഭാഗങ്ങൾ.


എസ് ഗോപാലകൃഷ്ണൻ: ദില്ലി ദാലിയുടെ പുതിയൊരു ലക്കത്തിലേക്ക് സ്വാഗതം. ഞാൻ എസ് ഗോപാലകൃഷ്ണൻ. അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികവും ഇന്നത്തെ ഇന്ത്യയും എന്നുള്ളൊരു രാഷ്ട്രീയസംഭാഷണമാണ് ഇത്. മലയാളികൾക്കെല്ലാം സുപരിചിതനായ, ഞാൻ യാതൊരു തരത്തിലും പരിചയപ്പെടുത്തേണ്ടതില്ലാത്ത വിധം നമുക്ക് സുപരിചിതനായ പ്രമുഖ രാഷ്ട്രീയ നേതാവും സി.എം.പിയുടെ ജനറൽ സെക്രട്ടറിയുമായ സി.പി ജോണാണ് ഈ വളരെ പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് സംസാരിക്കുവാൻ ദില്ലി ദാലിയിൽ അഥിതിയായി എത്തിയിരിക്കുന്നത്. സ്വാഗതം ജോൺ, ദില്ലി ദാലിയിലേക്ക്!

സി.പി. ജോൺ: നമസ്കാരം

എസ് ഗോപാലകൃഷ്ണൻ: പതിനെട്ടാം ലോകസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ, ജൂൺ ഇരുപത്തിനാലാം തീയതിയാണ് തുടങ്ങിയത്. ആ സത്യപ്രതിജ്ഞക്ക് തൊട്ട് മുൻപ് പത്രപ്രവർത്തകരോട് സംസാരിക്കവെ, ജൂൺ ഇരുപത്തിയഞ്ചാം തീയതി, അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികമാണെന്നും, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഒരു കളങ്കം, ഒരു കറുത്ത അധ്യായമായിരുന്നു അതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഓർമ്മിപ്പിക്കുകയുണ്ടായി. ഉടൻ തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന ഖാർഗെയുടെ മറുപടി വന്നു: ‘എത്രനാൾ നിങ്ങളിങ്ങനെ അടിയന്തരാവസ്ഥയെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കും, ഇപ്പോളീ നാട്ടിലൊരു അപ്രഖ്യാപിത അടിയന്തരാവസ്ഥയല്ലേ നിലവിലുള്ളത്’ എന്ന്.

നരേന്ദ്ര മോദി പുതിയ പാർലമെൻ്റ് കെട്ടിടത്തിന് മുൻപിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നു

1975 ജൂൺ 25നാണ് അടിയന്തരാവസ്ഥ ഇന്ത്യയിൽ പ്രഖ്യാപിച്ചത്. അന്ന് ഞാൻ 14 ആം വയസ്സിലേക്ക് പ്രവേശിക്കുകയായിരുന്നു. ജോണിന് ഒരുപക്ഷെ പതിനേഴോ പതിനെട്ടു വയസ്സായിരിക്കണം പ്രായം. നമ്മൾ രണ്ടുപേരും കൗമാരപ്രായക്കാരാണ്.

സി.പി. ജോൺ: ഡിഗ്രി വിദ്യാർത്ഥിയാണ്, രണ്ടാം വർഷം!

എസ് ഗോപാലകൃഷ്ണൻ: അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ?

സി.പി. ജോൺ: അതെ, രണ്ടാം വർഷഡിഗ്രി വിദ്യാർത്ഥി.

എസ് ഗോപാലകൃഷ്ണൻ: ഞാൻ എന്റെ ഒൻപതാം ക്ലാസ്സിൽ നിന്ന് പത്താം ക്ലാസ്സിലേക്ക് പോവുകയായിരുന്നു. പക്ഷെ നമ്മൾ രണ്ടുപേരും കൗമാരപ്രായത്തിലായിരുന്നു, നമ്മുടെ രണ്ടുപേരുടെയും രാഷ്ട്രീയ നിലപാടുകളെ അടിയന്തരാവസ്ഥ തെല്ലൊന്നുമല്ല സ്വാധീനിച്ചത്! എങ്കിലും ഞാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന ഖാർഗെ ഇന്ന് ചോദിച്ച ചോദ്യം സി.പി. ജോണിനോട് ഒന്ന് ചോദിക്കുകയാണ്. അടിയന്തരാവസ്ഥയെക്കുറിച്ച് ഇങ്ങനെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കേണ്ട ആവശ്യം ഇന്നത്തെ ഇന്ത്യയിലുണ്ടോ?

സി.പി. ജോൺ: തീർച്ചയായിട്ടും ചരിത്രത്തിലെ കറുത്തദിനങ്ങൾ ഓർമ്മിക്കപ്പെടാതെ പോകുന്നതിന് അർത്ഥമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. വാസ്തവത്തിൽ ഇന്ദിര ഗാന്ധിയെ പോലെ മഹതിയായ ഒരു രാഷ്ട്രീയനേതാവ് അവരുടെ മുഖത്ത് സ്വയം തേച്ച്പിടിപ്പിച്ച ഒരു കറുത്തപൊട്ടാണ്, അല്ലെങ്കിൽ കറുത്തപാടാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം എന്നാണ് ഞാൻ ഇന്നും എന്നും കരുതിയിട്ടുള്ളത്. നേരത്തെ ഗോപാലകൃഷ്ണൻ പറഞ്ഞത്പോലെ ഞങ്ങളൊക്കെ സ്കൂൾ കാലഘട്ടം വിട്ട് രാഷ്ട്രീയപ്രവർത്തനം അല്ലെങ്കിൽ രാഷ്ട്രീയ സംഘടനാപ്രവർത്തനം ഒക്കെ തുടങ്ങിയ കാലമാണ്. ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോളൊക്കെ വളരെ സജീവമായി എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നു. സ്കൂളിലും കോളേജിലും ഉണ്ടായിരുന്നു. പക്ഷെ എമർജൻസിയുടെ തൊട്ട് മുൻപ് 1974 ൽ പഠനത്തിൽ കേന്ദ്രീകരിക്കാനായി സംഘടനാപ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കുകയുണ്ടായി, ഒരു വിദ്യാർത്ഥി എന്നുള്ള നിലയ്ക്ക്. അപ്പോഴാണ് അടിയന്തരാവസ്ഥ പൊട്ടിവീഴുന്നത്. എനിക്ക് കൃത്യമായിട്ടോർമ്മയുണ്ട് ഞാൻ സെൻറ്. തോമസ് കോളേജിലെ ഫിസിക്സ് ക്ലാസ്സിൽ പഠിക്കുകയാണ്. ഇതൊക്കെ പെട്ടെന്ന് പിൻവലിക്കും എന്നൊക്കെയാണ് കരുതിയതെങ്കിലും, ഇതൊന്നുമല്ല, ഇത് സ്ഥിരമായ കാര്യമാണ് എന്ന് തോന്നിയപ്പോഴാണ് വീണ്ടും എന്റെ സ്നേഹിതനായ ഇപ്പൊ നമ്മളോടൊപ്പം ഇല്ലാത്ത ടി. എ പ്രസാദിന്റെ മുറിയിൽ പോയി ഞാൻ മെമ്പർഷിപ്പും കൂപ്പണും ഒക്കെ വാങ്ങി പഴയത് പോലെ എസ്.എഫ്.ഐയുടെ പ്രവർത്തനം പുനരാരംഭിക്കുന്നത്. എനിക്കത് സംഘടനയിലേക്കുള്ള പുതിയൊരു വരവായിരുന്നു, പുതിയ കോളേജിലാണല്ലോ ഞാൻ പഠിക്കുന്നത്. എല്ലാവരും ചോദിച്ചു, എല്ലാരും അടിയന്തരാവസ്ഥ കാലത്ത് അൽപ്പം പുറകോട്ട് നിൽക്കുമ്പോൾ നിങ്ങളെന്തിനാണ് മുൻപോട്ട് പോകുന്നത്. എനിക്കല്ലാതെ വയ്യ! അടിയന്തരാവസ്ഥയെ എതിർത്തില്ലെങ്കിൽ അത് നമ്മളുടെ യൗവനത്തോട് ചെയ്യുന്ന ഒരു പാതകമായിരിക്കും എന്ന് എനിക്ക് അന്ന് തോന്നിയിരുന്നു. ഇപ്പോഴും എനിക്ക് ജീവിതത്തിലെ ഇളംപ്രായത്തിലെടുത്ത ഒരു ശരിയായ തീരുമാനം ആയിട്ട് തന്നെയാണ് തോന്നുന്നത്. പക്ഷെ ഇന്ന് ഖാർഗെ പറഞ്ഞത് ഒരു ലോഡഡ് സ്റ്റെമെന്റ്റ് ആണ്. അതിലൊന്നാമത്തെ കാര്യം, ഖാർഗെ എന്ന ഐ.എൻ. സി പ്രസിഡന്റ് അടിയന്തരാവസ്ഥ ശരിയാണെന്ന് വാദിക്കുന്നില്ല. രണ്ട്, അടിയന്തരാവസ്ഥകളെ അദ്ദേഹം എതിർക്കുന്നു. നവ അടിയന്തരാവസ്ഥയുടെ ഒരു മണിനാദമാണ് ഈ കഴിഞ്ഞ രണ്ടാം മോദി ഗവൺമെന്റിൽ നമ്മൾ കേട്ടതെന്നും അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലവിലുണ്ടെന്നും പറയുമ്പോഴും കോൺഗ്രസ് ഫലത്തിൽ അടിയന്തരാവസ്ഥയെ തള്ളിക്കളഞ്ഞു എന്നതാണ് അതിൽ നിന്ന് വായിച്ചെടുക്കേണ്ട രണ്ടാമത്തെ കാര്യം. രാഹുൽഗാന്ധി തന്നെ നമ്മളെയൊക്കെ അത്ഭുതപ്പെടുത്തുന്ന തരത്തിൽ അടിയന്തരാവസ്ഥ തെറ്റായിരുന്നു എന്ന് ഒരു ഘട്ടത്തിൽ പറഞ്ഞിട്ടുണ്ട്.ഇനി ഇന്ദിരാഗാന്ധിയിലേക്ക് തിരിച്ചുപോയാൽ തന്നെ 1977 ൽ അത്ഭുതകരമായ തരത്തിൽ വലിയ പരാജയമേറ്റുവാങ്ങിയ ശേഷം ഏകാധിപത്യത്തിൻറെ പാതയിൽ പോയവർ ആരും തന്നെ എന്ന് പറയാം ജനാധിപത്യത്തിന്റെ വഴികളിലൂടെ തിരിച്ചുവന്നതായി നമ്മളുടെ ഓർമകളിലില്ല. പക്ഷെ ജനാധിപത്ഥ്യത്തിന്റെ വഴികളിൽ ഇന്ദിരാഗാന്ധി തിരിച്ചുവന്നു. പ്രതിപക്ഷത്തിന്റെ ഇടയിലുള്ള ഭിന്നിപ്പുകൾ അവർ സമർത്ഥമായി ഉപയോഗിച്ചു. അതിനുശേഷം അവർ കൊല്ലപ്പെടുന്നത് വരെ അടിയന്തരാവസ്ഥയെ കുറിച്ച് പ്രകീർത്തിക്കാനോ ആ ചെയ്തതെല്ലാം ശരിയായിരുന്നു എന്ന് പറയാനോ അവർ അധികം മെനക്കെട്ടിട്ടില്ല എന്ന കാര്യം ഞങ്ങളൊക്കെ അന്ന് വളരെ സജീവമായി നിൽക്കുന്ന ആളുകൾ എന്ന നിലക്ക് എനിക്ക് വ്യക്തതമായിട്ടുള്ള ഓർമയുണ്ട്. അതുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപനം കോൺഗ്രസ് മറക്കാനാഗ്രഹിക്കുന്ന ഒരു അധ്യായമാണ്. ഇന്ന് നിലവിലുള്ള ഒരു നവ അടിയന്തരാവസ്ഥ അന്ന് അടിയന്തരാവസ്ഥയെ എതിർത്തു എന്ന് മേനിയടിക്കുന്ന ബി ജെ പി യാണ് ഇപ്പൊ നടപ്പാക്കുന്നത് എന്നും മനസ്സിലാക്കേണ്ടതുണ്ട്. അതിലേറ്റവും നല്ല സൂചകം ജയിലിൽ കിടക്കുന്ന (ഡൽഹി മുഖ്യമന്ത്രി) കെജ്രിവാളാണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. അന്ന് മുഖ്യമന്ത്രിമാരാരും ജയിലിൽ കിടന്നില്ല, വലിയ വലിയ നേതാക്കന്മാർ കിടന്നു. നമുക്കറിയാം ജയപ്രകാശ് നാരായണനെ പോലെ അശോക് മേത്ത, മൊറാർജി ദേശായി, എ.കെ. ഗോപാലൻ അങ്ങനെയുള്ള നിരവധിയാളുകൾ… ഇ എം എസ്. എനിക്കോർമയുണ്ട് കഴുത്തിലൊരു കോളറൊക്കെ വെച്ച് കൊണ്ട് പലപ്പോഴും മൈക്ക് പെർമിഷൻ ഇല്ലാതെ കേരളത്തിലുടനീളം പ്രവർത്തിക്കാനും പ്രസംഗിക്കാനും പോവുകയും അവസാനനിമിഷം ഒരു മൈക്കിന് പെർമിഷൻ കിട്ടുകയും ചെയ്ത ആ നിമിഷം ഞങ്ങൾക്കെല്ലാം ഓർമയുണ്ട്. അപ്പൊ അതുകൊണ്ട്, അതുപോലെതന്നെ കേരളത്തിലുണ്ടായ കൊലകൾ, രാജൻ സംഭവം മാത്രമല്ല, എത്രെയോപേര് മരിച്ചു, അതിനെതിരെ ഫൈറ്റ് ചെയ്തുകൊണ്ട് എത്രയോ ആളുകൾ രക്തസാക്ഷികളായി. അതിൽ തീവ്രചിന്താഗതിക്കാരായിട്ടുള്ള ആളുകളുമുണ്ട്. വിജയനെ പോലുള്ള ആളുകൾ, രാജനെ പോലുള്ള ആളുകൾ ഒക്കെ വഹിച്ചിട്ടുള്ള പങ്ക്, അതിന്റെ കൂടെ ആർ എസ് എസ്സും ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. അന്ന് തൃശ്ശൂരിൽ നിന്നാണ് കുരുക്ഷേത്രം ഇറക്കിയിരുന്നത്. എനിക്ക് പിന്നീടാണ് മനസ്സിലായത് പി. പി. മുകുന്ദന്റെ നേതൃത്വത്തിൽ, നമ്മുടെ കല്യാൺ സിൽക്സിന്റെ സ്വാമിയാണ് അത് അച്ചടിക്കുകയും അതിനുള്ള സഹായങ്ങളൊക്കെ ചെയ്ത്കൊടുത്തത്. ഈ കുരുക്ഷേത്രത്തിൽ പലപ്പോഴും എ.കെ.ജി യുടെ പ്രസംഗം ഒക്കെ ഉള്ളത്കൊണ്ട് ഞങ്ങളും ഈ കുരുക്ഷേത്രമൊക്കെ അങ്ങോട്ടുമിങ്ങോട്ടൊക്കെ കൈമാറുമായിരുന്നു. അന്ന് അതിനെക്കുറിച്ചൊക്കെ പറയുന്ന ആർ. എസ്. എസ്. ന് ഇപ്പോഴെന്താണ് പറയാൻ. ഇത്രെയും കടുത്ത നടപടിയെടുക്കുക, ഈ തിരഞ്ഞെടുപ്പിൽ വാസ്തവത്തിൽ ഇന്ന് സത്യപ്രതിജ്ഞാ നടക്കുന്നത് ഒരു വലിയ സംഭവം തന്നെയാണ്, വലിയൊരു ഓർമപ്പെടുത്തൽ കൂടിയാണ്. വാസ്തവത്തിൽ 400 സീറ്റ് കിട്ടിയിട്ടാണ്, 370 സീറ്റ് ബി ജെ പി ക്ക് ഒറ്റക്ക് കിട്ടിയിട്ടാണ് വന്നതെങ്കിൽ അടിയന്തരാവസ്ഥയെക്കാളും വലിയൊരു അവസ്ഥ, അതിലെന്താണ് പേരിടേണ്ടത് എന്നറിയില്ല, ഒരവസ്ഥ ഇന്ത്യയിൽ ഉണ്ടാകുമായിരുന്നു എന്ന കാര്യത്തിലും നമുക്ക് സംശയമില്ല! അതുകൊണ്ട് ഇന്ത്യയുടെ paradise regained (പറുദീസാ തിരിച്ചു കിട്ടൽ) എന്ന് മിൽട്ടൺ പറഞ്ഞത് പോലെയൊരു കോൺസ്റ്റിട്യൂഷൻ regained (ഭരണഘടനയെ തിരിച്ചുകിട്ടിയ) കാലമാണ്. അതിനെ അന്വർത്ഥമാക്കുന്ന തരത്തിൽ നമ്മളുടെ കോൺഗ്രസ് എം പിമാരെല്ലാം കോൺസ്റ്റിട്യൂഷൻ പിടിച്ച് കൊണ്ടാണ്, ക്രിസ്ത്യാനികൾ പള്ളിയിൽ പോകുമ്പോൾ ബൈബിൾ പിടിച്ച്കൊണ്ട് പോകുന്നത് പോലെ, പോകുന്നത്.

പ്രതിപക്ഷ എംപി മാർ ഭരണഘടനയുടെ കോപ്പിയുമായി പാർലമെൻ്റിന് മുൻപിൽ

42 ആം ഭേദഗതി, ഇതിനകം നടന്നിട്ടുള്ള എല്ലാ ഭരണഘടന ഭേദഗതിയെക്കാളും മോശപ്പെട്ട ഭരണഘടനാ ഭേദഗതിയാണ്. മൗലികാവകാശങ്ങൾ ഇല്ല എന്ന് ഗവണ്മെന്റ് സുപ്രീം കോടതിയിൽ പറഞ്ഞത് എപ്പോഴും അരുൺ ജെയ്റ്റിലി ആവർത്തിക്കാറുണ്ടായിരുന്നു. അതിന് ശേഷം വീണ്ടും അടിയന്തരാവസ്ഥയെ എതിർത്തവർ തന്നെ അതിന്റെ പ്രയോക്താക്കളും വാക്താക്കളുമായി വരികയും അവർ വർഗീയത കൂടി കൂട്ടിച്ചേർക്കുകയും ചെയ്തു. ഇന്ദിരാഗാന്ധിയെ എതിർക്കുന്ന ആരും അവർക്ക് വർഗീയത ഉണ്ടെന്ന് പറയില്ല! അവർ വാസ്തവത്തിൽ രക്തസാക്ഷിയാവുന്നത് തന്നെ മതനിരപേക്ഷതയോടുള്ള ഒരുതരം പ്രതിബദ്ധത കൊണ്ടാണ്. സിഖ്‌ക്കാരെ അംഗരക്ഷകസ്ഥാനത്തുനിന്ന് മാറ്റാൻ പറഞ്ഞപ്പോൾ സിഖ്‌ക്കാരെ ആ കാരണം (മതതീവ്രവാദ ഭീഷണി കാരണം) കൊണ്ട് മാറ്റില്ല എന്ന് ഉറച്ച നിലപാടെടുത്തത് കൊണ്ട് മാത്രമാണ് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത് എന്ന് നമുക്കറിയാം. അത്കൊണ്ട് വർഗീയതയുടെ നിഴൽപോലും വീഴാത്ത ഒരു മഹതിയായിരു ന്നു ഇന്ദിരാഗാന്ധി എങ്കിലും, ഏകാധിപത്യത്തിന്റെ സ്വരം അവർ കടുപ്പിക്കുകയും അതിന്റെ ഭാഗമായി അവരുടെ ചരിത്രത്തിൽ അവർക്ക് തിരിച്ചടികൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

എസ് ഗോപാലകൃഷ്ണൻ: ജോൺ, ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ Constitution Regained (ഭരണഘടന തിരിച്ചുകിട്ടി) എന്ന് പറഞ്ഞു. ആ വിഷയത്തിലേക്ക് വരുന്നതിന് മുൻപ് എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. ഈ അടിയന്തരാവസ്ഥ, നാമിത് സംസാരിച്ചിരിക്കുമ്പോൾ ദില്ലി ദാലിയുടെ ശ്രോതാക്കളിൽ ഒരു വലിയ വിഭാഗം ആളുകൾ അടിയന്തരാവസ്ഥക്കാലത്ത് ജീവിച്ചവരല്ല, അതിന് ശേഷം ജനിച്ചവരാണ്. അടിയന്തരാവസ്ഥക്ക് 50 വർഷമായി എന്ന് പറഞ്ഞാൽ ഇപ്പോൾ 40 വയസ്സും 30, 35, 25, വയസ്സുമുള്ളവരെ സംബന്ധിച്ചിടത്തോളം നമ്മളിതെന്താ പറഞ്ഞുക്കൊണ്ടിരിക്കുന്നത് എന്നവർ ചിന്തിക്കും. അവർക്കിത് കേട്ടറിവ് മാത്രമേയുള്ളു. പക്ഷെ ഞാൻ ചോദിക്കുന്നൊരു ചോദ്യം, ഞാനെപ്പോഴും വിചാരിക്കുന്നത് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ ഇന്ത്യയിലെ രണ്ടുകൊല്ലത്തെ സോവിയറ്റ് പരീക്ഷണമായിരുന്നു എന്നാണ്. അതവിടെ നിക്കട്ടെ. പക്ഷെ ആഗോളസാഹചര്യത്തിൽ നിന്ന്കൊണ്ട് ഒരാഭ്യന്തരനിലപാട് ഇന്ദിരാഗാന്ധി എടുക്കുകയായിരുന്നോ?

സി.പി. ജോൺ: അതൊരു relevant (പ്രസക്തമായ) ആയിട്ടുള്ളൊരു ചോദ്യമാണ്. വളരെ സങ്കീർണ്ണമായിട്ടുള്ള ചോദ്യമാണ്. കാരണം നവസ്വതന്ത്രരാഷ്ട്രങ്ങൾ, കോളിനിയലിസത്തെ വലിച്ചെറിഞ്ഞ രാഷ്ട്രങ്ങളിലെല്ലാം, നിരവധി അസ്വസ്ഥകളും നിരവധി ഫ്യൂഡൽ വലതുപക്ഷ ശക്തികളുടെ തിരിച്ചുവരവുമെല്ലാം നമ്മൾ കണ്ടതാണ്. അത് നമുക്കറിയാം. 1961ൽ പാട്രിസ് ലുമുമ്പ, അദ്ദേഹത്തെ ആഫ്രിക്കയിലെ വളരെ പുരോഗമനവാദിയായിട്ടാണല്ലോ നാം കണക്കാക്കുന്നത്. അറുപതുകളിൽ തന്നെ അദ്ദേഹത്തെപോലുള്ള ആളുകളെ കൊന്നു.

പാട്രിസ് ലുമുമ്പ

അതുപോലെ അടിയന്തരാവസ്ഥയ്ക്ക് തൊട്ടുമുമ്പ് ആണല്ലോ ചിലെയിൽ സാൽവദോർ അലൻ്റെയെ കൊന്നത്. ഷോട്ട് ഡെഡ് എന്നാണ് പറയുക, അത് സൂയിസൈഡ് ആണ് എന്ന് ചിലർ പറയുന്നു. എന്തായാലും അലൻ്റെ ചിലിയിലെ പ്രസിഡന്റ് ആയിരുന്നു, മാർക്സിസ്റ്റ് ആയിരുന്നു. നമുക്കറിയാം നെരൂദയെ പോലെയുള്ള കവികൾ ചിലിയിൽ നിന്നാണല്ലോ. അതേപോലെതന്നെ ആ സമയത്തോരു അവധൂതനെ പോലെ – ഒരുപക്ഷേ അങ്ങനെ പറയുന്നത് തെറ്റായിരിക്കാം – ഈ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ പാഞ്ഞുനടന്ന് വിപ്ലവത്തിൻറെ തീപ്പൊരി പായിച്ചിട്ടുള്ള ചെഗുവേര ആ കാലത്ത് ജീവിച്ചിരുന്നു. അദ്ദേഹം ആ കാലത്തു ഇന്ത്യയിലേക്ക് വരുന്നത് ക്യൂബയുടെ മന്ത്രി എന്ന നിലയിലാണ്, അതിന് ശേഷം ഈ മന്ത്രി കുപ്പായമെല്ലാം ഊരിവെച്ചു തോക്കെടുത്ത് ആഫ്രിക്കയിലേക്ക് പോകുന്നു, പലരാജ്യങ്ങളിലേക്ക് പോകുന്നു, അദ്ദേഹം വിപ്ലവത്തിന്റെ ചിന്ഹമായി മാറുകയാണ്. അദ്ദേഹത്തെയും വെടിവെച്ച് കൊല്ലുകയാണ് ഉണ്ടായത്. അതേപോലെതന്നെ ഇവരൊക്കെ അന്ന് കൊല്ലപ്പെടുന്ന കാലമാണ്. നമുക്ക് ഇത്തിരി സമയം ഇങ്ങോട്ട് മാറ്റിയാൽ ഇറാനിൽ നടന്നിട്ടുള്ള ഇസ്ലാമിക് റെവല്യൂഷനിൽ ഷാ ഇതുപോലൊരു ആളല്ല! ഷാ, നമ്മുടെ സാങ്കേതിക ഭാഷ ഉപയോഗിക്കുകയാണെങ്കിൽ ഒരു ബൂർഷ്വാ നേതാവായിരുന്നു. ആ ഷാ യെ അമേരിക്കൻ ഏജൻറ് എന്നാണ് നമ്മൾ വിളിച്ചിരുന്നത്. എനിയ്ക്കിപ്പോഴും ഓർമയുണ്ട്, നമ്മുടെ ഡൽഹിയിലെ ജയപ്രകാശ് ഷാ യുടെ കാറിന് മുകളിലേക്ക് ചാടിക്കേറുകയും ‘ അമേരിക്കൻ ഏജൻറ് ഇറാനിലെ ഷാ തുലയട്ടെ എന്ന് മുദ്രാവാക്യം വിളിച്ചതും. അതായിരുന്നു അന്നത്തെ മുദ്രാവാക്യം! അയാൾ അമേരിക്കൻ പക്ഷപാതിയായിരുന്നു എന്ന് നമുക്കറിയാം. അദ്ദേഹവും അവിടെ അട്ടിമറിക്കപ്പെടുകയായിരുന്നു എന്ന് നമുക്കറിയാം. അട്ടിമറിക്കപ്പെട്ടതിന് ശേഷം വന്ന ഇസ്‌ലാമിക ഭരണകൂടം ഇപ്പോഴും തുടരുകയാണ് എന്നതും ഒരു യാഥാർഥ്യമാണ്. അക്കാലത്ത് സംഭവിച്ച മറ്റൊരു കാര്യമാണ് പാക്കിസ്ഥാൻ വിഭജനം. പാകിസ്ഥാനും നമ്മളെപ്പോലെ സ്വാതന്ത്രമായെങ്കിലും പാക്കിസ്ഥാനൊരു പട്ടാളരാജ്യമായി മാറുകയും ബംഗ്ലാദേശിൽ വലിയ അടിച്ചമർത്തലുകൾ പാക്കിസ്ഥാൻ ഭരണകൂടം നടത്തിയപ്പോൾ അതിനെതിരെ ഇന്ദിരാഗാന്ധി പടനയിച്ചു. ഇതിന്റെ ഭാഗമായി 1971 ൽ ഇൻഡോ – സോവിയറ്റ് കരാർ ഒപ്പിട്ടു. അത് വലിയൊരു മാറ്റമായിരുന്നു. അത് ലോകസംഭവമാണ്, 1971 ഓഗസ്റ്റിൽ ഒപ്പിട്ടിട്ടുള്ള ഇൻഡോ -സോവിയറ്റ് കരാർ. അതേപോലെതന്നെ ശ്രീലങ്ക.

ശ്രീലങ്ക ഒരുപാട് പ്രതിസന്ധികളിലൂടെ കടന്ന്പോയി. മ്യാന്മാർ എന്ന് പറയുന്നത് പഴയ ബർമ, അവിടെ പട്ടാളഭരണമാണ് ഇന്നും. അവിടുണ്ടായിരുന്ന ആളുകളെയെല്ലാം വെടിവെച്ച് കൊന്നതും.. ഞാൻ ചരിത്രത്തിലേക്ക് പോകുന്നില്ല. അപ്പൊ ചുരുക്കിപ്പറഞ്ഞാൽ, ഈ നവസ്വതന്ത്രരാഷ്ട്രങ്ങളിലെ ഭരണാധികാരികളെയൊക്കെ തന്നെ അമേരിക്കൻ സാമ്രാജ്യത്ത്വത്തിന്റെ ഏജന്റുകൾ അട്ടിമറിക്കുന്നു. അല്ലെങ്കിൽ ജനാധിപത്യവാദികളായ ഷാ യെ പോലുള്ളയാളുകളെ തന്നെ അവിടുത്തെ ഫണ്ടമെന്റലിസ്റ്റുകൾ അട്ടിമറിക്കുന്നു എന്നൊക്കെയുള്ള ഒരു പൊതുചിത്രം അടിയന്തരാവസ്ഥയ്ക്ക് ശേഷമാണെങ്കിലും നിലവിൽ നിൽക്കുന്ന സന്ദർഭത്തിൽ സോവിയറ്റ് യൂണിയന്റെ ഒരു ട്യൂട്ടറിങ് അതിലുണ്ടായിരുന്നു.

എനിക്കതിനെക്കുറിച്ച് അറിയാൻ കഴിയുന്നത് ഡാങ്കെയുടെ ഏറ്റവും അടുത്ത സഹപ്രവർത്തകൻ ആയിട്ടുള്ള മൊഹിത് സെന്നുമായിട്ടുള്ള എന്റെ അടുത്ത ശിഷ്യത്വം കൊണ്ടാണ്. ആ കാലഘട്ടത്തിന്റെ മാറ്റങ്ങളെ അദ്ദേഹം, ‘റോഡ് ആൻഡ് ദി ട്രാവലർ’ എന്ന അദ്ദേഹത്തിന്റെ ആത്മകഥയിൽ വളരെ വിശദമായി എഴുതിയിട്ടുണ്ട്. അടിയന്തരാവസ്ഥയെ ന്യായീകരിക്കുന്ന ഒരാളാണ്.

ഇന്നും അദ്ദേഹം ജീവിച്ചിരിന്നിരുന്നെങ്കിൽ അടിയന്തരാവസ്ഥയെ ന്യായീകരിക്കുമായിരുന്നു. അപ്പൊ അവിടെ ജെ പി യെയും (ജയപ്രകാശ് നാരായണൻ) മൊറാർജിയെയും അല്ലെങ്കിൽ റെയിൽവേ സമരത്തെയും ജോർജ് ഫെർണാണ്ടസിനെയും എല്ലാം, അതും അല്ലെങ്കിൽ എ കെ ജിയേയും ഒക്കെ സോവിയറ്റ് യൂണിയൻ കൺസീവ് ചെയ്തത് പോലെ, മുദ്രകുത്തിയത് പോലെ, അമേരിക്കൻ ഏജന്റുമാരായാണ് കാണുക.. പാറ്റ്നയിൽ ഒരു ഫാസിസ്റ്റു വിരുദ്ധ റാലി/ കൺവെൻഷൻ ഈ അടിയന്തരാവസ്ഥ കാലത്ത് നടന്നത് ഗോപാലകൃഷ്ണൻ ഓർക്കുന്നുണ്ടോ എന്നെനിക്കറിയില്ല.

എസ് ഗോപാലകൃഷ്ണൻ: ഓർക്കുന്നുണ്ട്.

ജയപ്രകാശ് നാരായണൻ

സി.പി. ജോൺ: അതുകൊണ്ട്, പാറ്റ്ന അന്ന് സി.പി.ഐ യുടെ തട്ടകമാണ്. ഇവിടെ അച്ച്യുതമേനോൻ ഭരിക്കുന്നു. അപ്പൊ സോവിയറ്റ് യൂണിയന്റെ ഒരു ട്യൂട്ടറിങ്, ഇത് ലോകത്ത് ഇങ്ങനെയൊക്കെ നടക്കുന്ന സാഹചര്യത്തിൽ നിങ്ങളുടെ നാട്ടിലും വലത്പക്ഷങ്ങൾ മുഴുവൻ അട്ടിമറിക്കാൻ പോവുകയാണ്, അപ്പൊ അട്ടിമറിക്കുന്നവരെ അട്ടിമറിക്കുക. ‘കിൽ ദി കില്ലർ’ (കൊലയാളിയെ കൊല്ലുക) എന്നത് ലോകഡിപ്ലോമസിയിൽ പറഞ്ഞിട്ടുള്ളൊരു കാര്യമാണ്.

പണ്ടൊരു പോലീസ് ഓഫീസർ സ്കോട്ലൻഡ് യാർഡിൽ ഒരാളോട് ചോദിക്കുന്നുണ്ട് നിങ്ങൾ എന്തിനാണ് അയാളെ കൊന്നത് എന്ന്. അപ്പൊ അദ്ദേഹം ഓഫീസറോട് പറയുന്നുണ്ട് ഈ ചോദ്യം നിങ്ങൾ അയാളോട് ചോദിക്കാതിരിക്കാനാണ് എന്നതൊരു പ്രസിദ്ധമായ മറുപടിയാണ്. അതുകൊണ്ട് ഫാസിസ്റ്റുകൾ വരുന്നു, അതുകൊണ്ട് വലതുപക്ഷം ശക്തമാകുന്നു. അതുകൊണ്ട് അവരെ തടയാൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു. എല്ലാ തെറ്റുകളും ഒരു ശരിയുടെ പശ്ചാത്തലത്തിലാണല്ലോ ചെയ്യുക. പക്ഷെ ഇന്ത്യൻ പൊളിറ്റിയിലെ ഡെമോക്രാറ്റിക്‌ പാരമ്പര്യം മനസ്സിലാക്കുന്നതിൽ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയോ അവരുടെ കൂടെയുണ്ടായിരുന്ന സി പി ഐ യോ, സി പി ഐ യ്യിൽ ഉണ്ടായിരുന്നത് ചെറിയ ആളുകളല്ല! ഡാങ്കെയെപോലുള്ള ആളുകൾ, മൊഹിത്ത് സെന്നിനെ പോലെയുള്ള ആളുകൾ, രാജേശ്വർ റാവുവിനെ പോലെ പോലുള്ള ആളുകൾ, സ്റ്റാലിനുമായി നേരിട്ട് സംസാരിച്ച ആളുകൾ.. ഒരു galaxy ഓഫ് ലീഡേഴ്‌സ്, ഞാൻ പേരെടുത്ത് പറയുന്നില്ല, ഇവർക്ക് മനസ്സിലായത് ഇതൊരു വലതുപക്ഷ മുന്നേറ്റമാണ് എന്നതാണ്. അപ്പൊ സാങ്കേതികമായി ഞാൻ നേരത്തെ പറഞ്ഞതുപോലെ ഇവിടുത്തെ ഒരു കൺസർവേറ്റീവ്സ് ആയിട്ടുള്ള ആളുകൾ, മൊറാർജിയെ പോലെയുള്ള ആളുകൾ ഇന്ദിരാഗാന്ധിയെ എതിർത്തിരുന്നു.

ഇന്ദിരാഗാന്ധിയാവട്ടെ ബാങ്ക് ദേശവത്കരണം കൊണ്ടുവന്നു, ബംഗ്ലാദേശ് പ്രശ്നത്തിൽ ഇടപെട്ടു, സോവിയറ്റ് കരാറിൽ ഒപ്പിട്ടു അതേപോലെ പ്രിവി പേഴ്സ് നിർത്തലാക്കി, പട്ടികജാതി, പട്ടികവിഭാഗത്തിലുവർക്ക് ഭൂമി കൊടുക്കൽ നടപടി നടപ്പിലാക്കി. അപ്പോൾ ഇന്ദിരാഗാന്ധി ഒരു പ്രോഗ്രസ്സിവ് ഐക്കൺ ആണ്. അവരെ എതിര്കുന്നവരെല്ലാം reactionaries ഉം വലത്പക്ഷവുമാണ് എന്ന തെറ്റായ വഴിയിലേക്കാണ് സോവിയറ്റ് യൂണിയൻ കടന്നുപോയത്.

എസ് ഗോപാലകൃഷ്ണൻ: ഇന്ദിരാഗാന്ധിയും അത് വിശ്വസിച്ചു!

സി.പി. ജോൺ: അല്ല അവർ കോംപ്ലിമെന്റിങ് ഈച്ച് അദർ (പരസ്പരം സഹായിച്ചു )എന്നെ പറയാൻ പറ്റുകയുള്ളു! ഞങ്ങൾ ചെയ്തത് ശരിയാണ്, വി ആർ കില്ലിംഗ് ദി കില്ലർ, ഈ ചോദ്യം എന്നോട് ചോദിക്കാതിരിക്കാനാണ് ഞാനിത് ചെയ്തത്. ഇന്ത്യൻ വലത്പക്ഷത്തിനെതിരായ ഒരു നീക്കമാണ് എന്നാണ് മൊഹിത് സെൻ ഒക്കെ ഞങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത്. ഞങ്ങൾക്കൊക്കെ ബോധ്യപ്പെടാതിരുന്നതും. ഇവിടെയാണ് സോവിയറ്റ് സാംസ്കാരിക ഭൂമികയിൽ അവർക്ക് എന്താണീ പറയുന്ന ഡെമോക്രസി എന്നറിയില്ല, ചൈനക്കാർക്കും ഡെമോക്രസി അറിയില്ല.

ഇന്ദിരാഗാന്ധിയും അവരുടെ രാഷ്ട്രീയ എതിരാളി മൊറാർജി ദേശായിയും

ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ വിജയിച്ച രാജ്യങ്ങളിലെ ഒരു വലിയ പ്രശ്നം അവർക്ക് ജനാധിപത്യം പരിചയിച്ചിട്ടില്ല എന്നതാണ്. ജനാധിപത്യത്തിന്റെ രുചി അറിയാത്തവരാണ് തൊഴിലാളിവർഗ്ഗ സർവാധിപത്യം എന്നു കൂടി പറഞ്ഞ് പുറപ്പെട്ടത്. അതുകൊണ്ടാണ് റോസാ ലക്സംബർഗ് അയച്ച ദീർഘമായ കത്ത്, ലെനിന് അയച്ച കത്ത് പ്രസക്തമാകുന്നത്., അവർ ജർമനിയിൽ ആയിരുന്നല്ലോ, അവർ അവർ പറഞ്ഞു,’പാർലമെന്റും മീഡിയയും ഇല്ലാത്ത ഒരു സോഷ്യലിസമാണ് നിങ്ങൾ കെട്ടിപ്പെടുത്തുന്നതെങ്കിൽ, സഖാവ് ലെനിൻ, എനിക്ക് വിയോജിപ്പുണ്ടെന്ന്’. അവർ 1918ൽ തന്നെ അവർ അത് പറയുകയുണ്ടായി. അതുകൊണ്ട് അവിടെ ജനാധിപത്യമില്ലാത്ത സോഷ്യലിസ്റ്റ് ലോകം, ഇവിടെ ജനാധിപത്യം തകരാൻ പോകുന്നു എന്നുള്ള ഒരു ഭയം. പക്ഷെ വാസ്തവത്തിൽ ഇന്ത്യൻ ജനാധിപത്യം ഈ കഴിഞ്ഞ തിരഞ്ഞെടുപ്പോടുകൂടി ആവർത്തിച്ചു തെളിയിക്കുകയാണ്, ഇന്ത്യക്ക് ലോകജനാധിപത്യക്രമത്തിൽ, ലോകജനധിപത്യചരിത്രത്തിൽ വലിയസ്ഥാനമുണ്ട്.

ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്ന് മാത്രം പഠിച്ചതൊന്നുമല്ല. അതാണ് അംബേദ്‌കർ പറഞ്ഞത്, നമ്മുടെ പൗരാണിക ഇന്ത്യയെക്കുറിച്ച അദ്ദേഹം പറഞ്ഞത്, അംബേദ്‌കറിന്റെ ഒരു പ്രധാനപ്പെട്ട പേപ്പർ ഉണ്ട്, ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ചരിത്രത്തെക്കുറിച്ച് അദ്ദേഹം എഴുതുമ്പോൾ പറഞ്ഞിട്ടുണ്ട്, ഇന്ത്യയുടെ പലപ്രദേശങ്ങളിലും ഇന്നത്തേത് പോലെയുള്ള പാർലമെന്റുകൾ ഉണ്ടായിരുന്നെന്നും കേവലമായ പഞ്ചായത്തുകളല്ല, ആ പാർലമെന്റുകളെന്ന് അദ്ദേഹം എടുത്ത്പറയുന്നത്. ഇരിപ്പിടങ്ങൾ ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഓരോ മെമ്പർക്കും ഇരിപ്പിടങ്ങൾ ഉണ്ടായിരുന്നു എന്നുള്ളതാണ്. അതിലുപരി എങ്ങനെയാണിപ്പോ പോയിന്റ് ഓഫ് ഓർഡർ ഉന്നയിക്കേണ്ടത്,അല്ലെങ്കിൽ എങ്ങനെയാണ് സംസാരിക്കേണ്ടത് എന്തൊക്കെയാണ് അൺപാർലമെൻററി ആയ കാര്യങ്ങൾ, അങ്ങനെ ചെറുതും വലുതുമായ നിയമങ്ങൾ, അതിന്റെ യോഗനടത്തിപ്പിനെക്കുറിച്ച് പോലും കൃത്യമായ നടപടികൾ പ്രാചീനകാലത്ത് ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് ഇന്ത്യയുടെ ജനാധിപത്യത്തെ വെസ്റ്റ് മിനിസ്റ്റർ സമ്പ്രദായത്തിന്റെ കുഴികളിൽ പോയി തോണ്ടിയെടുക്കേണ്ടതായിട്ടില്ല എന്നും അദ്ദേഹം പറയുന്നുണ്ട്. പക്ഷെ തീർച്ചയായും വെസ്റ്റ് മിനിസ്റ്ററിന്റെ ശീലങ്ങൾ, അവരുടെ സമ്പ്രദായങ്ങൾ നമ്മൾ അതേപടി കോപ്പി ചെയ്തിട്ടുണ്ട്. അവർക്ക് ഭരണഘടന ഇല്ല എന്നത് ശരിയാണ്. എങ്കിലും അവരുടെ പ്രൊസീജറും കാര്യങ്ങളും കോപ്പി ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ഭരണഘടന എഴുതപെട്ട ഏറ്റവും നല്ല ഭരണഘടനകളിൽ ഒന്നാണ് എന്നുള്ള കാര്യത്തിലും സംശയമില്ല. അപ്പോൾ നമ്മുടെ ഭരണഘടനയുടെ ഒരു സ്ട്രക്ച്ചറൽ ആയിട്ടുള്ള സ്ട്രെങ്ത്, (ഘടനാപരമായ ശക്തി), അതിൻറെ ചരിത്രപരമായ ആഴം അന്ന് ഇന്ദിരാഗാന്ധിക്ക് തകർക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഇന്ന് നരേന്ദ്രമോദിക്കും പറ്റിയിട്ടില്ല.

എസ് ഗോപാലകൃഷ്ണൻ: അത് തന്നെ. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതായത് അൻപത് കൊല്ലങ്ങൾക്ക് മുൻപ് ഇന്ദിരാഗാന്ധി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകർക്കാൻ ശ്രമിച്ചിട്ട് പരാജയപ്പെടുകയും ഒന്നാമത്തെയും രണ്ടാമത്തെയും മോദി സർക്കാരുകളും ഭരണഘടനയെ തകർക്കാൻ ശ്രമിച്ചിട്ടും തകരാതെ ഇന്ത്യൻ ഭരണഘടന ഇരിക്കുന്നു എന്നുള്ളതിലാണ് എന്റെ അവസാനത്തെ ചോദ്യം. കോൺഗ്രസ് രാഷ്ട്രീയത്തിലെ ഗൃഹാതുരത്ത്വം വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ അപകടമാണ് എന്ന് തെളിഞ്ഞതിൻറെ ഭാഗമാണ് ഇന്ന് നാം കാണുന്ന പ്രതിപക്ഷ ഇന്ത്യ ബ്ലോക്ക്. കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയം ഉപേക്ഷിക്കുകയും ഈ പുതിയ സാഹചര്യത്തിൽ ഭരണഘടനയെയും ഇന്ത്യൻ ജനാധിപത്യമൂല്യങ്ങളെയും നിലനിർത്താനുള്ള ഇന്ത്യ ബ്ലോക്ക് പോലെയുള്ളൊരു സംയോഗം ആവശ്യമാണ് എന്ന പേരിലാണ് ഈ ബ്ലോക്ക് ഉണ്ടാവുന്നത്. ഇതേപോലെയുള്ളൊരു സാഹചര്യത്തിലാണ് അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള വലിയൊരു ജനമുന്നേറ്റവും ഉണ്ടാവുന്നത്. എന്നാൽ അതുപോലൊന്ന് ഉണ്ടാക്കുവാൻ ഇന്ത്യ ബ്ലോക്കിന് കഴിഞ്ഞില്ല എന്നും വ്യക്തമാണ്. അതുകൊണ്ടല്ലേ വീണ്ടും മൂന്നാം മോദി സർക്കാർ ഉണ്ടായിരിക്കുന്നത്. ഒരു പക്ഷെ ഇന്ത്യൻ ഭരണഘടനയെയും ഇന്ത്യൻ ജനാധിപത്ത്യമൂല്യങ്ങളെയും സംരക്ഷിക്കാനുള്ള അവസാനത്തെ അവസരവും നഷ്ടപ്പെട്ട് പോയി എന്ന് നമുക്ക് വിഷമിക്കേണ്ടിവരുമോ?

സി.പി. ജോൺ: നീണ്ട ചോദ്യമാണ് ചോദിച്ചിരിക്കുന്നത്. ഞാനതിനെ 1, 2, 3 ആയി ഡിസക്ട് (വിഭജിച്ച്) ചെയ്ത് പറയാം. അതിന്റെ ആദ്യത്തെ ഭാഗം എന്ന് പറയുന്നത് കോൺഗ്രസ് വിരുദ്ധരാഷ്ട്രീയം ആണ്. കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയം എന്ന് പറയുന്നത് ഇല്ലാതായിട്ട് വാസ്തവത്തിൽ എത്രയോ കാലമായി. പക്ഷെ അത് ഉണ്ട് എന്ന് കേരളത്തിലെ ഇടതുപക്ഷം ഇന്നും പറയുന്നു. അപ്പോൾ അതിൽ ഉരിത്തിരിഞ്ഞിരിക്കുന്ന ഒരു കാര്യം കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയവും കാലഹരണപ്പെട്ടു കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയവും കാലഹരണപ്പെട്ടു. അപ്പോൾ കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയവുമുണ്ടായിരുന്നു, അത് മറക്കരുത്. വിമോചന സമരം കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയമായിരുന്നു. അത് നെഹ്റു തന്നെ ശങ്കറിന് അയച്ച കത്തിൽ പറയുന്നുണ്ട്. ഈ കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയം കാലഹരണപ്പെട്ടു. ശങ്കറാണല്ലോ അതിൻറെ ആൾ, ശങ്കർ എത്രയോ മഹാനായ മനുഷ്യനായിരുന്നെങ്കിലും അദ്ദേഹം നെഹ്റു അയച്ച കത്ത് ജുബ്ബയുടെ പോക്കറ്റിൽ നിന്നും പുറത്തെടുത്തില്ല എന്ന് അദ്ദേഹത്തിൻറെ ജീവചരിത്രകാരനായ കുമാരൻ പറയുന്നുണ്ട്. അതിലേക്ക് ഞാൻ പോവുകയല്ല എന്തായാലും ഇരു വിരുദ്ധ രാഷ്ട്രീയവും അപ്രസക്തമായി അല്ലെങ്കിൽ പരാജയപ്പെട്ടു. കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയം അപ്രസക്തമായി അതുപോലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയവും അപ്രസക്തമായി. കേരളം ഒഴികെ മൊത്തം ഇന്ത്യയിൽ അതാണ് സ്ഥിതി. ഇപ്പോൾ രാജസ്ഥാനിലെ (സി.പി ഐഎം നേതാവും കോൺഗ്രസ് പിന്തുണയോടെ ലോകസഭ അംഗവുമായ) അമ്രറാം വലിയ ഒരു സൂചകമാണ്.

അമ്രറാം

നമുക്ക് കാശ്മീരിൽ ഉണ്ടായിരുന്നു സി.പി എമ്മിന്റെ നേതാവ് താരിഗാമി ഒരു എക്സപ്ഷനായിരുന്നു (ഒറ്റപ്പെട്ട സംഭവമായിരുന്നു). പക്ഷേ അമ്ര റാം ഒരു റൂൾ (പൊതു നിയമത്തിന്റെ ഭാഗം) ആണ്, അദ്ദേഹം അവിടുത്തെ സംസ്ഥാന സെക്രട്ടറിയാണ്, അദ്ദേഹത്തിന് പത്തു നാൽപതിനായിരം വോട്ട് സ്വന്തമായി പാർട്ടിയുടേതായി ഉണ്ട്, നാലുലക്ഷത്തോളം വോട്ട് കോൺഗ്രസ് കൊടുക്കുന്നു, സി.പി എമ്മിന്റെ സംസ്ഥാന സെക്രട്ടറി അവിടെ നിന്ന് എം.പിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു കാണുമല്ലോ. മറ്റൊന്ന് ബിഹാറിൽ നിന്ന് പഴയ നക്സലേറ്റ് ആയിട്ടുള്ള ലോകസഭാംഗമാണ്, അതാരും വേണ്ടത്ര എടുത്തു കാണിക്കുന്നില്ല, ഇന്ത്യയുടെ പാർലമെൻററി ചരിത്രത്തിലാദ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് ലെനിനിസ്റ്റ് എന്ന പാർട്ടിയുടെ രണ്ട് എംപിമാർ ഉണ്ടായിരിക്കുകയാണ്. ആ രണ്ട് എംപിമാരും ജയിച്ചത് അമ്ര റാമും തമിഴ്നാട്ടിലെ സി.പി എം സി.പി ഐ എംപിമാരും ജയിച്ചതുപോലെയും അല്ല. ആ രണ്ട് സി.പി ഐ എംഎൽ എംപിമാരും കൂടുതലും അവരുടെ സ്വന്തം ശക്തിയിൽ അല്ലെങ്കിൽ സ്വന്തം പാർട്ടിയുടെ ശക്തിയിൽ തന്നെയാണ് ജയിച്ചത്. ആർജെഡിയുടെയും കോൺഗ്രസിന്റെയും സഹായമുണ്ടെങ്കിലും അവരുടെ രാഷ്ട്രീയവും സംഘടനാപരവുമായ അടിത്തറ മെച്ചപ്പെട്ടതായിരുന്നു. ഇനി ബംഗാളിലേക്ക് വന്നാലോ, ഇവിടെ സി.പി ഐഎം, പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം മുർഷിദാബാദ് മണ്ഡലത്തിൽ മത്സരിച്ച് ഒരു ലക്ഷത്തി അറുപത്തി നാലായിരം വോട്ടിന് തോറ്റെങ്കിൽ പോലും രണ്ടാം സ്ഥാനത്തേക്ക് വന്നു, കോൺഗ്രസുമായി പെർഫെക്ട് അണ്ടർസ്റ്റാൻഡിങ്ങ് ആയിരുന്നു. ഞാൻ അവിടുത്തെ കോൺഗ്രസ് നേതാവിനെ അദ്ദേഹത്തിൻറെ വീട്ടിൽ പോയി സന്ദർശിച്ചു, പ്രമോദ് ഭട്ടാചാര്യ. അദ്ദേഹം 70കളിൽ അവിടത്തെ കോൺഗ്രസ് മന്ത്രിസഭയിൽ ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരനാണ് കേരളത്തെ നന്നായിട്ട് അറിയാം. അതുകൊണ്ടാണ് അദ്ദേഹത്തിൻറെ വീട്ടിൽ പോയത്.

മുഹമ്മദ് സലീം

അപ്പോൾ അദ്ദേഹം പറഞ്ഞത് ഇത്തവണത്തെ സി.പി എം കോൺഗ്രസ് ഐക്യം ഒരു വർക്കിംഗ് കോയലീഷൻ ആണ് അവർ ജയിച്ചോ ഇല്ലേ എന്നുള്ളതല്ല. ത്രിപുരയിലും കോൺഗ്രസ് സി.പി ഐഎം സഖ്യം ഉണ്ട്. എന്നാലും ബിജെപിക്കു അവിടെ 70% വോട്ടാണ്, എങ്കിലും അവിടെയും കോൺഗ്രസും സി.പി എമ്മും ഒരുമിച്ചാണ് നിന്നത്. തമിഴ്നാട്ടിൽ അങ്ങനെയാണ് നിന്നിട്ടുള്ളത്. ഇന്ത്യയിൽ പലഭാഗങ്ങളിലും അങ്ങനെയാണ് നിന്നിട്ടുള്ളതു. മറ്റൊരു ലിസ്റ്റ് കൂടെ കാണാൻ കഴിയുന്നുണ്ട്, നമ്മുടെ ബിജു കൃഷ്ണനും കൃഷ്ണപ്രസാദും കർഷകപ്രസ്ഥാനങ്ങളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും തലത്തിലുണ്ട്. ചുരുക്കി പറഞ്ഞാൽ ഇപ്പോൾ നിങ്ങൾ കേരളത്തിൽ മാത്രമേ ഇങ്ങനെ തട്ടിത്തട്ടി നിൽക്കുന്നുള്ളൂ. നമ്മൾ രണ്ടര ശതമാനം ജനസംഖ്യയെ ഉള്ളൂ എന്ന കാര്യം പലപ്പോഴും ഓർക്കാറില്ല, ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേറ്റ് ആണ് കേരളം എന്ന നിലയിലാണ് നമ്മുടെയൊക്കെ ചിന്താഗതി. അവസാനമായി ചോദിച്ച ചോദ്യം ഏറ്റവും പ്രസക്തമാണ്,  എന്തുകൊണ്ട് അടിയന്തരാവസ്ഥക്കെതിരെ നടന്നതുപോലെ ഉള്ളവലിയ സമരങ്ങൾ നടന്നില്ല എന്ന ചോദ്യം. ഞാനത് അങ്ങനെയല്ല കാണുന്നത്. അവിടെയാണ് പുതിയ പുതിയ ആളുകളെ നമ്മൾ കാണുന്നത്, അവിടെയാണ് നമുക്ക് യോഗേന്ദ്ര യാദവിനെ കാണാൻ കഴിയുന്നത്. അദ്ദേഹത്തിൻറെ ഭാരത് ജോഡോ അഭിയാനുമായിട്ട് ഞങ്ങൾ വളരെയധികം ഒന്നിച്ച് പ്രവർത്തിച്ചു, കഴിഞ്ഞ സെപ്റ്റംബറിൽ ഒരു കൺവെൻഷൻ ഒക്കെ നടത്തി, വളരെ ക്ലോസ് ആണ്. അവർ ഒരു രാസത്വരകമായി പ്രവർത്തിച്ചു. അവർക്ക് ഒരു പാർട്ടിയൊക്കെ ഉണ്ട് പക്ഷേ പാർട്ടിയല്ല പ്രശ്നം എത്രയോ വ്യക്തികളും, ഗ്രൂപ്പുകളും, ബുദ്ധിജീവികളും, യാദവിന്റെ കയ്യില് ഉണ്ട്. ഏതാണ്ട് പത്തിരുനൂറ്റമ്പത് സംഘടനകൾ ഉണ്ട് അവരുടെ കയ്യിൽ. ഇത് കേവലമായിട്ടു ഉണ്ടായിട്ടുള്ളതല്ല അതിനു മുഴുവൻ രാഹുൽഗാന്ധി സ്പോൺസർ ചെയ്തു എന്നുള്ളതാണ്. അപ്പോൾ കേവലമായ ഇന്ത്യ മുന്നണി അത് അതിൻറെ നടുക്ക് നിൽക്കുകയാണ് അതാണ് അതിന്റെ പൊളിറ്റിക്കൽ ജോമട്രി. ഇന്ത്യ മുന്നണി നടുക്ക് നിൽക്കുന്നു അതിന് ചുറ്റും ചെറു കക്ഷികൾ നിൽക്കുന്നു. സി എം പി യിലുള്ള ഞങ്ങളൊക്കെ, അതുപോലെയുള്ള പാർട്ടികളൊക്കെ, ചെറുതും വലുതുമായ രീതിയിൽ. തമാശയായിട്ട് പറഞ്ഞല്ലോ ഞങ്ങൾക്ക് ഒരു എംപി ഉണ്ട് പക്ഷേ ഞങ്ങളുടെ എംപി അടൂർ പ്രകാശ് മാത്രമാണെന്ന് പറഞ്ഞു, മനസ്സിലായില്ലേ 650 വോട്ടിന്റെ ഭൂരിപക്ഷമേ ഉള്ളൂ. അതുകൊണ്ടുതന്നെ ചെറിയ കക്ഷികളെയും ചെറിയ ഭൂരിപക്ഷമുള്ളവരെയൊക്കെ അവർക്ക് വലിയ ഇഷ്ടമാണ് (ചിരിക്കുന്നു).

എസ് ഗോപാലകൃഷ്ണൻ: നമുക്ക് ഇനി അഞ്ച് മിനിറ്റ് കൂടെ ഉള്ളൂ.

സി.പി ജോൺ: അഞ്ചു മിനിറ്റിന്റെ ആവശ്യമില്ല, യോഗേന്ദ്ര യാദവ് രാഹുൽഗാന്ധി കോമ്പിനേഷൻ അത് നമ്മൾ കാണാതെ പോകരുത്. അടിയന്തരാവസ്ഥയിൽ നടന്ന സമരങ്ങൾ എന്നു പറയുന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യങ്ങളായിരുന്നു. എന്നാൽ ഇന്നോ, നടക്കുകയാണ് ചെയ്തത്. ഗാന്ധിജി ചെയ്തതിനേക്കാളും വലിയ നടത്തമല്ലേ രാഹുൽ ഗാന്ധി നടന്നത്. അദ്ദേഹം ഗാന്ധിയിലേക്ക് നടക്കുന്നു എന്ന് പറയാനാണ് എനിക്ക് തോന്നിയത്. വിനോബാ ഭാവേ ഒരുപക്ഷേ ഇതിൽ കൂടുതൽ നടന്നിട്ടുണ്ടാകാം. പക്ഷേ ഇതുപോലെയുള്ള നടത്തം അല്ല. രണ്ടാം വട്ടം അദ്ദേഹം മണിപ്പൂരിലേക്ക് ആണ് പോകുന്നത്. മണിപ്പൂരിൽ നിന്ന് പിന്നെ ബോംബെയിലേക്ക് വരികയാണ് കിഴക്ക് പടിഞ്ഞാറായിട്ട്. അപ്പോൾ ഇതൊരു നടത്തവും ഓട്ടവും ഇളക്കിമറിക്കലും, ചർണിങ്ങ് (churning) എന്ന് നമ്മൾ ഇംഗ്ലീഷിൽ പറയാറില്ലേ. അങ്ങനെ, ഒരു വലിയ ചർണിങ് പ്രോസസ് ഇന്ത്യയിൽ നടന്നിട്ടുണ്ട്. അതാണ് ഇന്ത്യയിൽ വീണ്ടും അടിയന്തരാവസ്ഥ ഉണ്ടാവാതിരിക്കാനുള്ള ഗ്യാരണ്ടി എന്നാണ് ഞാൻ കരുതുന്നത്.

മണിപ്പൂരിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം

എസ്‌ ഗോപാലകൃഷ്ണൻ: എന്റെ അവസാനത്തെ ചോദ്യം, അത് ജോൺ വളരെ ചുരുക്കി മറുപടി പറയണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. യോഗേന്ദ്ര യാദവ് ഈ തെരെഞ്ഞെടുപ്പിന്റെ റിസൾട്ട് വന്നതിനു ശേഷം ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ ഒരു യോഗത്തിനു വന്നപ്പോൾ ഞാൻ പോയിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞത് ഈ പാർലമെന്റിൽ അല്ല, പാർലമെന്റിൽ സർക്കാരിനെതിരെ നടക്കുന്ന സമരത്തിലോ അല്ല പ്രധാനപ്പെട്ട പോയിന്റ്, മറിച്ചു ബഹുജന സമരങ്ങളിലായിരിക്കും എന്നാണ്. ബഹുജന സമരങ്ങൾ ഇന്ത്യയിൽ ഉണ്ടാവാൻ പോവുകയാണ്, അതിനുള്ള പ്രേരണയാണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്ന് അദ്ദേഹം പറഞ്ഞു.

സി.പി ജോൺ: നൂറു ശതമാനം ശരിയായിട്ടുള്ള വിശകലനമാണ്‌. അത് കൊണ്ട് ഇതൊരു വിജയമല്ല, വിജയത്തിന്റെ ചവിട്ടു പടി മാത്രമാണ്. അതിൽ നയങ്ങളാണ് ജയിക്കേണ്ടത് വ്യക്തികളല്ല. അതിൽ പാവപ്പെട്ടവരുടെ ജീവിക്കാനുള്ള അവസരങ്ങൾ, അതേ പോലെ തന്നെ കൃഷിക്കാരുടെ ഭൂമി, അത് പോലെ തന്നെ പാരിസ്ഥിതിക അഭയാർഥിത്വം എന്ന് പറയുന്ന- 50 വര്ഷം മുൻപ് ഇല്ലാതിരുന്ന ഒരു കാര്യം. വാസ്തവത്തിൽ ഇന്ദിരാഗാന്ധിയാണല്ലോ കോപ്പൻ ഹേഗനിൽ നടത്തിയ മീറ്റിങ്ങിൽ അവരാണല്ലോ, സൈലന്റ് വാലിയൊക്കെ പരാമർശിച്ചത്. പിന്നീട് അങ്ങനെയാണല്ലോ വരുന്നതും. പരിസ്ഥിതിക്ക്‌ വേണ്ടി സംസാരിച്ച ലോക നേതാവ് ഇന്ദിര ഗാന്ധിയാണ്, പക്ഷെ ഇന്ന് 50 കൊല്ലത്തിനു ശേഷം പാരിസ്ഥിതിക അഭയാർഥിത്വം നഗ്ന യാഥാർഥ്യമായിട്ട് നിൽക്കുകയാണ്. നമ്മുടെ കുട്ടനാട്ടിലുള്ള ആൾക്കാർ പോലും ഓടി പോകുകയാണ്. കടപ്പുറത്തുള്ള ആൾക്കാർ കിഴക്കോട്ടു വരുകയാണ്. കുട്ടനാട്ടിലുള്ള ആൾക്കാർ ചങ്ങനാശ്ശേരി വരികയാണ് നമ്മുടെ നാട്ടിൽ. അപ്പോൾ അങ്ങനെ ഹിമാലയ പർവതത്തിന്റെ മുകൾ മുതൽ കന്യാകുമാരിയുടെ അറ്റം വരെ ഒരു പുതിയ പ്രോസസ്സ് ഉണ്ടാവുന്നുണ്ട്. ഇതിനോടെല്ലാം ഭരണകൂടത്തിന്റെ പ്രതികരണം വളരെ തണുപ്പനാണ്, അവരിപ്പോഴും പ്രോഫിറ്റ്’ന്റെ കള്ളിയിൽ മാത്രം നിൽക്കുകയാണ്. ഇൻവെസ്റ്റ്മെന്റ് ആൻഡ് പ്രോഫിറ്റ് എന്ന അറുപഴഞ്ചൻ മുദ്രാവാക്യത്തിൽ കുടുങ്ങി കിടക്കുകയാണ്, ഒരു വാക്ക് കൂടെ ചേർക്കാൻ പറ്റും- ഇൻഫ്രാസ്ട്രക്ച്ചർ. ഇപ്പോൾ ബി.ജെ.പി’യുടെ ഇൻഫ്രാ പുഷ് എന്ന് ഞാൻ വിളിക്കാൻ ആഗ്രഹിക്കുന്ന ഇൻഫ്രാ പുഷ്. അതിന്റെ ഭാഗമായിട്ട് പോലും നിരവധി ജീവിതങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോൾ കേരളത്തിലെ ഹൈ വേ- വളരെ സന്തോഷകരമായ ഒരു കാര്യമായിട്ട് നമുക്ക് തോന്നും, ശരിയാണ് നമ്മൾ അതിൽ പോവുന്നുണ്ട്. പക്ഷെ ഇരുവശങ്ങളിലുമുണ്ടായിരുന്ന ചെറുകിട വ്യാപാരങ്ങളും ചെറുതായിട്ടുള്ള ബിസിനസുകളും, പ്രഭാത് പട്നായിക്കിന്റെ ഭാഷയിൽ പറഞ്ഞാൽ – പെറ്റി ബിസിനസുകളെല്ലാം- ഏതാണ്ട് ഒരു അമ്പതിനായിരം ബിസിനസ് സ്ഥാപനങ്ങൾ, ബിസിനസ് എന്ന് ഞാൻ പറയുന്നത് ചിലപ്പോൾ തട്ട് കടകൾ ആയിരിക്കും, ഇല്ലാതായിട്ടുണ്ട്.

സി.പി ജോണും എസ് ഗോപാലകൃഷ്ണനും തമ്മിലുള്ള സംഭാഷണം

എസ്‌ ഗോപാലകൃഷ്ണൻ: നമുക്ക് ഈ ചർച്ച വീണ്ടും മുന്നോട്ടു കൊണ്ട് പോകേണ്ടതുണ്ട് പക്ഷെ, വളരെ സമഗ്രമായി, ഒരു ആഗോള സാഹചര്യത്തിൽ, ചരിത്രപരമായ സാഹചര്യത്തിൽ നിന്ന് കൊണ്ട്, 50 കൊല്ലത്തെ അടിയന്തിരാവസ്ഥ ഉണ്ടായ സാഹചര്യം മുതൽ ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ വരെ വളരെ വിശദമായി സംസാരിച്ചതിന് നന്ദി.

സി.പി ജോൺ: എന്നെ ക്ഷണിച്ചതിനു ശ്രീ ഗോപാലകൃഷ്ണനു വളരെയധികം നന്ദി. ദില്ലി ദാലിക്ക് അഭിനന്ദനങ്ങൾ.


ഈ സംഭാഷണം വീഡിയോ രൂപത്തിൽ കാണുവാൻ ദില്ലി ദാലി ചാനൽ സന്ദർശിക്കുക.

About Author

എസ്. ഗോപാലകൃഷ്ണൻ

കോളമിസ്റ്റും, എഴുത്തുകാരനും, ഗാന്ധി പഠനങ്ങളിൽ പ്രഗത്ഭനും, സംഗീതവിഞ്ജാനകാരനും, ബ്രോഡ്‌കാസ്റ്ററുമാണ് എസ്. ഗോപാലകൃഷ്ണൻ. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ്. അദ്ദേഹത്തിന്റെ ദില്ലി ദാലി എന്ന പോഡ്‌കാസ്റ്റ് ഇതിനകം വളരെ ശ്രദ്ധ നേടിക്കഴിഞ്ഞു. 'ഗാന്ധി - ഒരു അർത്ഥനഗ്നവായന, 'ജലരേഖകൾ', 'മനുഷ്യനുമായുള്ള ഉടമ്പടികൾ', 'പാട്ടും കാലവും', 'കഥ പോലെ ചിലതു സംഭവിക്കുമ്പോൾ' എന്നിവയാണ് പ്രധാനപ്പെട്ട പുസ്തകങ്ങൾ.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x