A Unique Multilingual Media Platform

The AIDEM

Articles Cinema Culture Kerala Society

ജനാധിപത്യത്തിലേക്കുള്ള ഡ്രൈവാണ് കാതല്‍ (The Core)

  • November 30, 2023
  • 1 min read
ജനാധിപത്യത്തിലേക്കുള്ള ഡ്രൈവാണ് കാതല്‍ (The Core)

ജിയോ ബേബി സംവിധാനം ചെയ്ത കാതൽ എന്ന ചിത്രം ഇതിനകം കേരളത്തിലാകെ ചർച്ചയായിട്ടുണ്ട്. പ്രമേയ സ്വീകരണത്തിലും ആഖ്യാന രീതിയിലും വേറിട്ട് നിൽക്കുന്ന ഈ ചിത്രം മലയാളികൾക് ഇടയിൽ വൻ സ്വീകാര്യതയാണ് നേടിയിട്ടുള്ളത്. സോഷ്യൽ മീഡിയയിലും ഈ ചിത്രത്തെക്കുറിച്ചു സജീവമായ ചർച്ചകൾ നടന്നു വരികയാണ്.

ഇന്റിമേറ്റ് സീനില്ലാത്ത സ്വവർഗ്ഗാനുരാഗം വല്ലാത്ത കോമ്പ്രമൈസായിപോയി/മമ്മൂട്ടിയുടെ ഇമേജ് സംരക്ഷിക്കുവാനുള്ള സംവിധായകന്റെ കോമ്പ്രമൈസ് തുടങ്ങിയ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. കാതൽ ദി കോർ ഉയർത്തിയ സംവാദങ്ങളിൽ ഏറ്റവും അതിശയകരമായി തോന്നിയത് ഇത്തരം കമന്റുകളാണ്. ചിത്രം മുന്നോട്ട് വെച്ച പ്രമേയം ഇന്റിമേറ്റ് സീനികളില്ലാത്തതുകൊണ്ട് അനുഭവിക്കാനായില്ല എന്നത് സമൂഹമെന്ന നിലയിൽ നമ്മുടെ ശീലവും പരാജയവുമാണ്. കാരണം സമൂഹം അടിച്ചേൽപ്പിച്ച അസ്വാതന്ത്ര്യങ്ങളും നിസ്സഹായതയും അതിജീവനവുമാണ് സിനിമ. അവിടെ അവർ ഉമ്മ വെച്ചില്ലല്ലോ കെട്ടിപ്പിടിച്ചില്ലല്ലോ തുടങ്ങിയ വാദങ്ങൾ അപ്രസക്തമാണ്. വ്യക്തിയുടെ അന്തസ്സും സ്വാതന്ത്ര്യവുമാണ് ഒരു ജനാധിപത്യ സമൂഹത്തിന്റെ അടിത്തറ. നിങ്ങൾ ഇങ്ങനെ ജീവിക്കണം എന്ന ശാസനകളും പൊതു ധാരണകളും വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമാണ്. തന്റെ ഐഡന്റിറ്റിയും അഭിരുചിയും തിരിച്ചറിഞ്ഞിട്ടും അത് മറച്ച് വെച്ച് ജീവിക്കുന്നത് മറ്റൊരു വ്യക്തിയുടെയോ വ്യക്തികളുടെയോ സ്വാതന്ത്ര്യ ലംഘനമാണ്. ചിത്രത്തിൽ ഓമന അനുഭവിക്കുന്നതും അത് തന്നെ. ഈ അസ്വാതന്ത്ര്യ സമൂഹത്തിലാണ് മാത്യുവും തങ്കൻ ചേട്ടനും ജീവിക്കുന്നത്. അവിടെ തെളിവുണ്ടോ എന്ന കോടതിയുടെ ചോദ്യം പ്രേക്ഷകർക്കു കൂടിയുള്ളതാണ്.

കാതൽ സിനിമയുടെ സ്വിച്ച് ഓൺ ചടങ്ങ്/ MammoottyKampany (X)

തെളിവുണ്ട് അതാണ് ഓമനയുടെ സാക്ഷ്യം. ചാച്ചന്റെ നിസംഗതയും കണ്ണുനീരും, മാത്യുവിന്റെ നിസ്സഹായതയും എന്റെ ദൈവമേ എന്ന വിലാപവും അവർ അകപ്പെട്ടിരിക്കുന്ന മനുഷ്യാവസ്ഥയുടെ നിസ്സഹായതയാണ്. മാത്യു വേദനിക്കുന്നു എന്നറിയുന്ന നിമിഷം തങ്കൻ ഫോണെടുത്ത് ഡയൽ ചെയ്യാനൊരുങ്ങുകയും അപ്പോൾ തന്നെ കട്ട് ചെയ്യുകയും ചെയ്യുന്ന വാചാലതയും എല്ലാം നമുക്ക് മുന്നിൽ തുറന്ന് വെച്ച തെളിവുകളാണ്. നമ്മൾ ഇവരോട് നീതി ചെയ്തുവോ എന്ന് ഓരോ പ്രേക്ഷകനും ഈ തെളിവുകൾ നിരത്തി സ്വയം വിചാരണ ചെയ്യാം. സ്വയം വിധിക്കാം. ആ വിധിയാണ് മാത്യുവിന്റെ മൂന്നാം വാർഡിലെ ജനാധിപത്യ സമൂഹത്തിലെ ചരിത്ര വിജയം. ആ വിജയം അത്ര എളുപ്പമല്ല. പക്ഷെ അവസാന സീനിൽ ആ കാർ മുന്നോട്ട് പോകുമ്പോൾ എഴുനേറ്റ് നിന്ന് കൈയ്യടിച്ചിട്ടുണ്ടെങ്കിൽ കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിൽ അത് മതി ചരിത്ര വിജയം എന്ന വലിയ പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്റിന് അടിവരയിടാൻ. സിനിമ അതുൾകൊള്ളുന്ന വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ചെറിയ ചലനങ്ങൾക്ക് കാരണമാകുന്നു എന്നതിന്റെ തെളിവുകൂടിയാണ് സാമൂഹിക മാധ്യമങ്ങളിലെ ചർച്ചകൾ.

സംവിധായകൻ ജിയോ ബേബി/ YouTube

മമ്മൂട്ടിയുടെ താരപരിവേഷവും ജ്യോതികയുടെ ജനപ്രീതിയും ഇത്രയും കാതലായ ഒരു പ്രമേയത്തെ കുടുംബങ്ങളിലേക്കെത്തിക്കുന്നതിന് എളുപ്പമാക്കിയിട്ടുണ്ട് എന്നത് കാണാതിരുന്നുകൂട. മമ്മൂട്ടിയുടെ അസാധാരണ ധൈര്യമെന്ന് വിമർശകർപോലും കൈയ്യടിക്കുന്ന കഥാപാത്രമാണ് മാത്യു. എന്നാൽ അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ സത്യസന്ധതയാണ്. ഒരു നടൻ പൂർണ്ണതയിലെത്തുന്നത് അത്തരം നിലപാടുകളിലൂടെയാണ്. “ഡോക്ടർ ചാച്ചനോട് എല്ലാം പറഞ്ഞതല്ലെ, എന്നിട്ടും” വിവാഹത്തിന് നിർബന്ധിച്ചതിനെ കുറിച്ച്  മാത്യു ചോദിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞാൽ എല്ലാം ശരിയാകുമെന്ന് വിചാരിച്ചുപോയി എന്നാണ് മറുപടി. ഈ വിചാരം തകർത്ത എത്ര എത്ര ജീവിതങ്ങളാണ് നമുക്ക് ചുറ്റും. നിനക്ക് എന്തിന്റെ കുറവാണ് എന്ന് ആവർത്തിച്ച് കേൾക്കാത്ത സ്ത്രീകൾ കുറവായിരിക്കും. അവർക്ക് “എന്റെ കൂടെ നിൽക്കണം” എന്ന് അപേക്ഷിക്കുവാനേ പറ്റൂ. അത് സ്വന്തം സഹോദരനോടായാലും കോടതിയോടായാലും ചാച്ചനോടായാലും. മാത്യുവിനും ഒരു ജീവിതം വേണ്ടെ എന്ന വല്ലാത്ത തിരിച്ചറിവും ഓമനയിലൂടെ ഈ ചിത്രം മുന്നോട്ട് വെക്കുന്നു.

കാതൽ സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം/ MammoottyKampany (YouTube)

ജീവിതാനുഭവങ്ങളിലൂടെ ആർജ്ജിച്ചെടുത്ത തന്റേടമുണ്ട് ഓമനയ്ക്ക്. ഇനിയും സഹിക്കുന്നത് തന്നോട് തന്നെയുള്ള നീതികേടാകും എന്ന തന്റേടം. സ്ത്രീയുടെ ഈ തന്റേടത്തെ പുരുഷാധിപത്യ സമൂഹത്തിന് ഇപ്പോഴും വേണ്ടത്ര മനസ്സിലായിട്ടില്ല. എന്നാൽ എനിക്ക് അച്ഛനോട് വിരോധമില്ലെന്ന് പറയുന്ന പെൺകുട്ടി പുതിയകാലത്തിന്റെ പ്രതീകമാണ്. പുതുതലമുറ മനുഷ്യരുടെ സെക്ഷ്വാലിറ്റിയെ അതിന്റെ സമഗ്രതയിൽ തിരിച്ചറിയുവാൻ തുടങ്ങിയിരിക്കുന്നു.

കാതൽ സിനിമയിലെ ഒരു രംഗം/ MammoottyKampany (YouTube)

പള്ളിയും കോടതിയും മനുഷ്യൻ നീതി തേടി പോകുന്ന രണ്ടിടങ്ങളാണെന്ന് ജിയോ ബേബി ഒരഭിമുഖത്തിൽ പറയുന്നുണ്ട്. സമൂഹം, വിശ്വാസം, രാഷ്ട്രീയം എല്ലാം സൂക്ഷ്മമായി വിചാരണ ചെയ്യപ്പെടുന്നുണ്ട്. ചാച്ചൻ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കുന്നിടത്ത് മുൻപിൽ പുണ്യാളനും പുറകിൽ മാത്യുവിന്റെ തിരഞ്ഞെടുപ്പ് ബോർഡും വരുന്ന ബ്രില്യന്റ് ഷോട്ട് വിശ്വാസത്തിനും യാഥാർത്ഥ്യത്തിനും ഇടയിൽ പെട്ട് പോകുന്ന ചാച്ചനെ എത്ര ഗംഭീരമായിട്ടാണ് കാണിച്ചു തരുന്നത്. എത്ര എത്ര പുരുഷൻമാരുടെ ചങ്കിൽ എന്റെ ദൈവമെ എന്ന വിളി കുരുങ്ങി കിടക്കുന്നുണ്ടാകും. കുഞ്ഞ് എന്റെ ആവശ്യമായിരുന്നു. ഞാൻ ചോദിച്ച് വാങ്ങിയതാണ് എന്ന തുറന്ന് പറച്ചിലിൽ തല താഴ്ന്ന് പോയിട്ടുണ്ടാകും. ആ കോടതി മുറിയിലെ മാത്യുവിന്റെ നിൽപ്പുണ്ടല്ലോ ഇനി എന്ത് പുരസ്‌ക്കാരം തന്നാണ് പ്രിയപ്പെട്ട മമ്മൂട്ടി താങ്കളെ ഈ നാട് ആദരിക്കുക. അത്രയും തീവ്രമായിരുന്നു ആ അനുഭവം.

സ്വവർഗ്ഗരതി നിയമവിധേയമാക്കിയ 2018ലെ കോടതി വിധി എത്ര മനുഷ്യരുടെ ജീവിതത്തെയാണ് വൈകാരികമായും സാമൂഹികമായും സ്വതന്ത്രമാക്കിയത്. അതിന് മുൻപ് സ്വവർഗ്ഗരതി ക്രിമിനൽ കുറ്റമായിരുന്നു. എന്നാൽ തന്റെ ഭർത്താവ് ക്രിമിനലല്ല എന്ന് ഓമനക്കറിയാം ഇത് കോടതിയെ ബോധിപ്പിക്കുന്നിടത്ത് എന്തുകൊണ്ട് ഇത്രകാലം സർവ്വംസഹയായി എന്ന ചോദ്യത്തിന് ഉത്തരമുണ്ട്. അത് ലൈംഗികത മാത്രമല്ല. മാത്യു ഒരു ഘട്ടത്തിലും ഓമനയെ ഇമോഷണലി സ്പർശിച്ചിട്ടില്ല. കൂടെ നിന്നിട്ടുപോലുമില്ല. എല്ലാം യാന്ത്രികമാകുന്നതിന്റെ നിസ്സംഗതയുണ്ടല്ലോ. അത് ഓമനയുടെ മുഖത്തുണ്ട്.

കാതൽ സിനിമയിലെ ഒരു രംഗം/ MammoottyKampany (YouTube)

സുധിയുടെ തങ്കൻ ചേട്ടൻ ഒരു പ്രിവിലേജുമില്ലാത്ത മനുഷ്യനാണ്. അയാൾക്ക് ആൾക്കൂട്ടത്തിനിടയിൽ മാത്യു അപരിചിതനാണ്. അതേസമയം  അയാളുടെ ലോകത്ത് മാത്യുവിനോടുള്ള പ്രണയത്തിൽ ലയിച്ച് ചേരുന്നുണ്ട്. മഴയത്ത് മാത്യുവിന്റെ തെരഞ്ഞെടുപ്പ് പോസ്റ്റർ കൈവിടാതെയുള്ള ആ ഡ്രൈവിങ്ങിൽ പൊതുസമൂഹത്തിന് അത്രയൊന്നും പരിചിതമല്ലാത്ത തീവ്രപ്രണയമുണ്ട്. ആ ഡ്രൈവിങ്ങിന്റെ തുടർച്ചതന്നെയാണ് സിനിമയുടെ ക്ലൈമാക്സും.

ഈ സമൂഹം വ്യക്തി സ്വാതന്ത്ര്യത്തെ അംഗീകരിച്ച് ഇങ്ങനെയൊക്കെ മാറുമോ? അങ്ങനെ ജനാധിപത്യം വിജയിക്കുന്ന ഒരു കാലമുണ്ടാകുമോ? ഉണ്ടങ്കിൽ അന്ന് മാത്യുവും തങ്കനും ചേർന്ന ഇന്റിമേറ്റ് സീനുണ്ടാകും. അവർക്കിടയിലെ സന്തോഷങ്ങളും സങ്കടങ്ങളും സിനിമയിലും സാഹിത്യത്തിലുമെല്ലാം കൂടുതൽ ഇടം നേടും അതിലേക്കുള്ള ഡ്രൈവാണ് കാതൽ ദി കോർ.

ചാച്ചനായി അഭിനയിച്ച ആർ. എസ് പണിക്കർ/ MammoottyKampany (YouTube)

ഇടതുപക്ഷത്തിനേ ആ പ്രതീക്ഷയിലേക്ക് സമൂഹത്തെ നയിക്കുവാൻ കഴിയൂ എന്ന് ചിത്രം നേരിട്ട് തന്നെ പറയുന്നുണ്ട്. നന്ദി, മികച്ച തിരക്കഥയൊരുക്കിയ ആദർശ് സുകുമാരനും പോൾ സ്‌കറിയക്കും. ചാച്ചനായി ജീവിച്ച ആർ. എസ് പണിക്കർ ആദ്യ സിനിമയിലൂടെ തന്റെ എഴുപതാം വയസിൽ വരവറിയിച്ചു. ക്യാമറയും പശ്ചാത്തല സംഗീതവും ഗംഭീരം.

About Author

ശ്യാംകൃഷ്ണൻ പി.കെ

ഇന്ത്യാ വിഷൻ, ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാ വൺ എന്നീ ചാനലുകളിൽ മാദ്ധ്യമ പ്രവർത്തകനായിരുന്നു. മാദ്ധ്യമ രംഗത്തെ പ്രവർത്തനത്തിന് നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. തിര പോലൊരാൾ എന്ന ഡോക്കുമെന്ററിയുടെ സംവിധായകൻ.

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Latha
Latha
5 months ago

Correct observation

VELAYUDHAN K P
VELAYUDHAN K P
5 months ago

വളരെ ഗൗരവമുള്ള, എന്നാൽ പൊതുസമൂഹം ചർ ച്ച ചെയ്യപ്പെടേണ്ടതില്ലാത്ത വിഷയമെന്ന് പൊതു മലയാളി സമൂഹം കരുതിയിരുന്ന ഒരു വിഷയത്തെ പ്രമേയമാക്കി എടുത്തിട്ടുള്ള “കാതൽ “ലിനെക്കുറിച്ച് വിലയിരുത്തുന്ന ശ്യാമിന്റെ എഴുത്ത് ഗംഭീരമായിട്ടുണ്ട് ,ഈ എഴുത്ത് കൂടുതൽ മലയാളികളെ സിനിമയിലേക്ക് ആകർഷിക്കാൻ ഉതകുന്നതും മലയാളിയുടെ തെറ്റായ വിശ്വാസങ്ങളെ പൊളിച്ചെഴുതാൻ പ്രേരിപ്പിക്കുന്നതുമാണ്

അഭിനന്ദനങ്ങൾ സിനിമാ പ്രവർത്തകർക്കും ഒപ്പം നന്നായി പരിചയപ്പെടുത്തിയ ശ്യാമിനും